x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിള്‍ വ്യാഖ്യാനം: കത്തോലിക്കാ വീക്ഷണത്തില്‍

Authored by : Rev. Dr. Joseph Pamplany On 27-May-2023

ത്തോലിക്കാസഭയുടെ വചനവ്യാഖ്യാനത്തില്‍ മൂന്നു സത്യങ്ങള്‍ പരമപ്രധാനമാണ്. ദൈവവചനം (വി. ഗ്രന്ഥം), തിരുസ്സഭ, സഭയുടെ വിശുദ്ധ പാരമ്പര്യങ്ങള്‍. പരസ്പരപൂരകങ്ങളായ ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഖ്യാനമാണ് കത്തോലിക്കാ കാഴ്ചപ്പാടിലെ ബൈബിള്‍ വ്യാഖ്യാനം. ത്രെന്തോസ് സൂനഹദോസ് (1545-1563) വൈയക്തികവും സ്വതന്ത്രവുമായ ബൈബിള്‍ വ്യാഖ്യാനങ്ങളെ തിരസ്കരിച്ചിരുന്നു. ബൈബിള്‍ സഭയുടെ ഗ്രന്ഥമാകയാല്‍ സഭയോടുചേര്‍ന്നും സഭയുടെ പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായും വ്യാഖ്യാനിക്കപ്പെടേണ്ട ഗ്രന്ഥമാണെന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. ബൈബിള്‍ മാത്രം മതി (sola Scriptura) എന്ന പ്രൊട്ടസ്റ്റന്‍റ് ആശയത്തിനു വിരുദ്ധമായി വചനം സഭയിലും സഭയിലൂടെയും സഭയോടൊത്തും മാത്രമേ മനസ്സിലാക്കാനാവൂ എന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിച്ചത്.

ബൈബിള്‍ വ്യാഖ്യാനം സഭാചരിത്രത്തില്‍

ദൈവവചന ഗ്രന്ഥത്തെ രൂപീകരിക്കുകയും വിശ്വാസ ജീവിതത്തിന്‍റെ മാനദണ്ഡമായി നിര്‍ദ്ദേശിക്കുകയും ചെയ്ത സഭ ദൈവവചന വ്യാഖ്യാനത്തിന് നിര്‍ണ്ണായക സ്ഥാനം എല്ലാ കാലഘട്ടത്തിലും നല്‍കിയിരുന്നു എന്നുപറയാന്‍ തരമില്ല. ദൈവവചനത്തെ സംബന്ധിച്ച് റോമില്‍ നിന്നിറക്കിയ മാര്‍ഗ്ഗരേഖയെക്കുറിച്ചുള്ള 2007 ജൂലൈ മാസത്തിലെ സെമിനാറില്‍ ഡോ. ജേക്കബ്ബ് പ്രസാദ് സഭയിലെ ബൈബിള്‍ വ്യാഖ്യാനചരിത്രത്തെക്കുറിച്ചു നടത്തിയ ഏതാനും നിരീക്ഷണങ്ങള്‍ വസ്തുനിഷ്ഠമാകയാല്‍ ചുവടെ ചേര്‍ക്കുന്നു.

"യഥാര്‍ത്ഥത്തില്‍ ആദ്യകാലസഭയില്‍ സഭയുടെ അനുദിനജീവിതത്തിലും ദൈവശാസ്ത്രവിചിന്തനപ്രക്രിയയിലും ദൈവവചനത്തിനു വളരെ വലുതും അതുല്യവുമായ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. അനുദിനമുള്ള ജീവിതത്തില്‍ അതിന് നിര്‍ണ്ണായകമായ സ്ഥാനം ഉണ്ടാകണമെന്നതുകൊണ്ടുതന്നെയാണല്ലോ തികച്ചും സാധാരണക്കാരന്‍റെ ഭാഷയായ 'കൊയിനേ'യില്‍ പുതിയനിയമം രചിക്കപ്പെട്ടത്. എല്ലാവര്‍ക്കും പ്രാപ്യമാക്കുവാനാണ് ഇപ്രകാരം ജനസാമാന്യത്തിന്‍റെ ഭാഷയില്‍ വിരചിതമായത്. ആ കാലഘട്ടത്തിലെ ദൈവശാസ്ത്രംതന്നെ പൂര്‍ണ്ണമായും വചനാത്മക ദൈവശാസ്ത്രമായിരുന്നു (a biblical theology). പിതാക്കന്മാരായ വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ അംബ്രോസ്, വിശുദ്ധ ലിയോ, വിശുദ്ധ എഫ്രേം എന്നിവരുടെയെല്ലാം ദൈവശാസ്ത്രവിചിന്തനങ്ങള്‍ മുഴുവന്‍ ബൈബിള്‍ വിജ്ഞാനീയം ആയിരുന്നുവെന്ന് നമുക്കറിയാമല്ലോ. മദ്ധ്യശതകങ്ങളോടുകൂടെയാണ് ദൈവശാസ്ത്രത്തില്‍ (biblical theology) നിന്നും വ്യത്യസ്തമായി പൂര്‍ണ്ണമായും മറ്റൊരു ശാഖയായി ബൈബിള്‍ വിജ്ഞാനീയം വളര്‍ന്നത്. അത് അന്ന് കൂടുതലായി തത്ത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലായി. വിശുദ്ധ തോമസ് അക്വിനാസിന്‍റെയും അദ്ദേഹത്തിന്‍റെ സമകാലിക സഭയുടെയും ദൈവശാസ്ത്രദര്‍ശനവും വിചിന്തനവും കൂടുതലും scholastic തത്ത്വചിന്തയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തുയര്‍ത്തപ്പെട്ട ഒന്നായി മാറി. ഭാഷാപരമായി ലത്തീന്‍ഭാഷയ്ക്കു പ്രാധാന്യം കൈവരുകയും ബൈബിള്‍തന്നെ ലത്തീന്‍ഭാഷയില്‍ വായിക്കപ്പെട്ടുവരുകയും  മൂലഭാഷയില്‍നിന്നും അകന്നുപോവുകയും ചെയ്തു. എന്നിരുന്നാലും അക്കാലത്ത് ഒറ്റപ്പെട്ട പ്രകാശഗോളങ്ങള്‍ ഇല്ലായിരുന്നു എന്നു പറയാനാവില്ല. പില്ക്കാലത്ത് മാര്‍ട്ടിന്‍ ലൂഥറിന്‍റെ പ്രചോദകനായ ലീറായിലെ നിക്കോളാസ് അവരില്‍ ഒരാള്‍ മാത്രം. Protestant reformation പിന്നെയും സഭാജീവിതത്തിന്‍റെയും ദൈവശാസ്ത്രവിചിന്തനത്തിന്‍റെയും നെറുകയില്‍ വീണ്ടും ദൈവവചനത്തെ (ബൈബിളിനെ) പ്രതിഷ്ഠിച്ചു എന്നു പറയാം. വിശുദ്ധ പൗലോസ് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ വ്യാഖ്യാനമാണല്ലോ ലൂഥര്‍ തന്‍റെ ദൈവശാസ്ത്രത്തിന്‍റെ ആധാരമായി നിരത്തിയത്. ലൂഥര്‍ കാനനില്‍ത്തന്നെ മറ്റൊരു കാനന്‍ (canon within a canon) അവരോധിച്ചപ്പോള്‍ കത്തോലിക്കാസഭ counter reformation പ്രക്രിയയുടെ ഭാഗമായി ത്രെന്തോസ് സൂനഹദോസില്‍ വച്ച് 1546-ല്‍ ബൈബിളിന്‍റെ കാനന്‍ അവിതര്‍ക്കിതമായ രീതിയില്‍ പ്രഖ്യാപിച്ചു. കൂദാശകള്‍ക്കും സഭയിലെ മറ്റെല്ലാ ആചാരങ്ങള്‍ക്കും നടപടികള്‍ക്കും ത്രെന്തോസ് സൂനഹദോസ് ദൈവവചനത്തില്‍ ആധാരം കണ്ടെത്തി. അതേസമയം മൂലഭാഷാ പതിപ്പല്ലായിരുന്ന ലത്തീന്‍ പരിഭാഷയായ വുള്‍ഗാത്തായ്ക്ക് ത്രെന്തോസ് കൗണ്‍സില്‍ ആധികാരികത നല്കി. പരസ്യമായ വായനയ്ക്കും തര്‍ക്കങ്ങള്‍ക്കും പ്രസംഗത്തിനും വിശദീകരണത്തിനും ആധികാരികമായിട്ട് ഉപയോഗിക്കപ്പെടുത്തേണ്ടത് വുള്‍ഗാത്ത ആണെന്ന് വിധിതീര്‍പ്പുണ്ടായി". ആദിമസഭയില്‍ ദൈവവചനത്തിനുണ്ടായിരുന്ന പ്രാധാന്യം കാലാന്തരത്തില്‍ കൈമോശം വന്നതാണ് സഭയുടെ വിശ്വാസപ്രതിസന്ധിക്ക് കാരണമായത് എന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

ത്രെന്തോസ് സൂനഹദോസിനെ തുടര്‍ന്നുവന്ന രണ്ട് നൂറ്റാണ്ടുകളില്‍ ബൈബിളിനെ സംബന്ധിച്ച് നിശ്ശബ്ദതയാണ് ഉണ്ടായത്. പ്രസ്തുത കാലഘട്ടത്തില്‍ ബൈബിള്‍ നന്നായി പഠിക്കപ്പെടുകയോ നേരിട്ടു വായിക്കപ്പെടുകയോ ചെയ്തില്ല. വായിച്ചതെല്ലാം ബൈബിളിനെ സംബന്ധിച്ച പുസ്തകങ്ങള്‍ (secondary literature) മാത്രമായിരുന്നു എന്നു പറയാം. അതേസമയം പ്രൊട്ടസ്റ്റന്‍റ് സഭകള്‍ ബൈബിള്‍ നിരൂപണ, ഗവേഷണ രംഗത്ത് വളരെയേറെ മുന്നോട്ടു പോയിരുന്നു. സാംസ്കാരിക നവോത്ഥാനത്തിന്‍റെയും (Renaissance) ജ്ഞാനോദയത്തിന്‍റെയും (Enlightenment) പശ്ചാത്തലത്തിലാണ് ഇപ്രകാരമുള്ള മുന്നേറ്റം നടന്നത്. കത്തോലിക്കാസഭയിലാകട്ടെ ഈ രംഗത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടായില്ല. 19-ാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളിലാണ് സഭയില്‍ ഇപ്രകാരമുള്ള ദുരവസ്ഥയില്‍നിന്ന് കരകേറ്റമുണ്ടായിത്തുടങ്ങിയത്. 1892 സെപ്തംബര്‍ 17-ാം തീയതി ലിയോ 13-ാമന്‍ മാര്‍പാപ്പ ജെറുസലേമിലെ ബൈബിള്‍ ഉന്നതപഠന പാഠശാലയ്ക്ക് ( Ecole Bibligue de Jerusalem) അംഗീകാരം നല്കി. ഈ മാര്‍പാപ്പാ തന്നെ 1893-ല്‍ സഭയില്‍ ബൈബിളിന്‍റെ സ്ഥാനത്തെക്കുറിച്ചും അതിന്‍റെ പഠനത്തെക്കുറിച്ചും ആധുനികകാലത്തെ ബൈബിളിനെ സംബന്ധിക്കുന്ന പ്രഥമ ചാക്രികലേഖനം പുറപ്പെടുവിച്ചു: Providentissimus (സര്‍വപരിപാലകനായ ദൈവം). സഭയിലെ ബൈബിള്‍ പഠനം പ്രോത്സാഹിപ്പിക്കുക, ബൈബിളിനെതിരായി ഉയര്‍ന്നുവന്നിരുന്ന ആക്രമണങ്ങള്‍ തടയുക എന്നിവയായിരുന്നു ഈ ചാക്രികലേഖനത്തിന്‍റെ ലക്ഷ്യം. കുറച്ചൊക്കെ നേടി എന്നുവേണം പറയാന്‍.  വിശുദ്ധ ലിഖിതങ്ങളുടെ ഉപയോഗം ദൈവശാസ്ത്രപഠനത്തെ അടക്കി ഭരിക്കേണ്ടതും അത് ദൈവശാസ്ത്രത്തിന്‍റെ ആത്മാവായി വര്‍ത്തിക്കേണ്ടതുമാണെന്ന മാര്‍പാപ്പായുടെ പഠനം ശ്രദ്ധേയമായി.

1909-ല്‍ പത്താം പീയൂസ് മാര്‍പാപ്പ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ദൈവവചന പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മോഡേണിസം പോലുള്ള തെറ്റായ പഠനങ്ങളെ ചെറുക്കുന്നതിനും വേണ്ടിയാണ് ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത്. പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും സഭയില്‍ വചനപഠനവും വ്യാഖ്യാനവും ശക്തിപ്പെട്ടുവന്നു.

ലിയോ പതിമൂന്നാമന്‍റെ ചാക്രികലേഖനത്തിനുശേഷം 1920-ല്‍ വേദപണ്ഡിതനായിരുന്ന വി. ജെറോമിന്‍റെ 1500-മത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബെനഡിക്ട് 15-ാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ചാക്രികലേഖനമാണ് (Spiritus Paraclitus) സഹായകനായ ആത്മാവ്. ബൈബിളിന്‍റെ അടിസ്ഥാന ഗ്രന്ഥകര്‍ത്താവ് (auctor) ദൈവമാണെന്നും മാനുഷിക ഗ്രന്ഥകര്‍ത്താക്കള്‍ അവരുടെ സ്വഭാവവും കഴിവുകളും സ്വതന്ത്രമായി ദൈവാരൂപിയുടെ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുത്തു എന്നുമുള്ള വി. ജെറോമിന്‍റെ പഠനത്തെ ഈ ചാക്രികലേഖനം ഓര്‍മ്മപ്പെടുത്തുന്നു. ദൈവനിവേശിതത്വം എന്നു പറയുന്നതു വിശുദ്ധലിഖിതങ്ങളിലെ മതാത്മക ഭാഗത്തിനുമാത്രമാണെന്നും മതാത്മകമല്ലാത്ത ഭാഗങ്ങളില്‍ അക്കാരണത്താല്‍ തെറ്റുകള്‍ ഉണ്ടാകുവാന്‍ സാധ്യത ഉണ്ടെന്നുമുള്ള ചിന്തയെ ഖണ്ഡിക്കുകയും ചെയ്യുന്നു ഈ ചാക്രികലേഖനം. ദൈവനിവേശിതത്വത്തെ സംബന്ധിച്ചു വളര്‍ന്നു വികസിച്ചുവന്ന ചിന്തയുടെ പാശ്ചാത്തലത്തില്‍വേണം മാര്‍പാപ്പായുടെ ഇപ്രകാരമുള്ളൊരു പരിചിന്തനത്തെ വീക്ഷിക്കുവാന്‍.

തുടര്‍ന്ന് 1943-ല്‍ ലിയോ 13-ാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനത്തിന്‍റെ 50-ാം വര്‍ഷം, പീയൂസ് 12-ാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച "ഡിവിനോ അഫ്ളാന്തേ സ്പിരിത്തു" (Divino afflante spiritu) (ദിവ്യാത്മാവിനാല്‍ ചലിപ്പിക്കപ്പെട്ട്) എന്ന ചാക്രികലേഖനമാണ് ബൈബിള്‍ പഠനത്തിനും ഈ രംഗത്തെ ഗവേഷണത്തിനും ആവേശകരമായ പ്രോത്സാഹനം നല്കിയത്. ബൈബിളിന്‍റെ മൂലഭാഷാ പതിപ്പുകളിലേക്കു തിരിയേണ്ടതിന്‍റെ ആവശ്യകതയെ പന്ത്രണ്ടാം പീയൂസ് ഊന്നിപ്പറഞ്ഞു. അതുവഴിയാണ് ദൈവനിവേശിതനായി രചന നടത്തിയ യഥാര്‍ത്ഥ ഗ്രന്ഥകര്‍ത്താവുമായി നമുക്കു സംഗമിക്കുവാന്‍ കഴിയുന്നത്. വ്യാഖ്യാന പ്രക്രിയവഴി കണ്ടെത്തേണ്ടത് വേദഭാഗങ്ങളുടെ അക്ഷരവാദപരമായ അര്‍ത്ഥമല്ല (literalist sense), പ്രത്യുത യഥാര്‍ത്ഥ വാചിക അര്‍ത്ഥമാണെന്ന് (literal sense) മാര്‍പാപ്പാ പഠിപ്പിച്ചു. 1943-നു ശേഷം വചനാധിഷ്ഠിത ദൈവശാസ്ത്രത്തി (Biblical Theology) ലുണ്ടായ വലിയ പുരോഗതിയുടെ കാരണം വാചികാര്‍ത്ഥം (literal sense) കണ്ടെത്തണം എന്നുള്ള നിഷ്കര്‍ഷയാണ്. അതേസമയം വാചികാര്‍ത്ഥം കണ്ടെത്തണമെന്നുള്ള നിര്‍ബന്ധം ആത്മീയ അര്‍ത്ഥത്തെ (Spiritual sense) നിഷേധിച്ചു കൊണ്ടായിരുന്നില്ല. വാചികാര്‍ത്ഥത്തോടൊപ്പം ആത്മീയാര്‍ത്ഥത്തെയും ഒരേ പാഠഭാഗത്ത് ദൈവംതന്നെയാണ് പ്രതിഷ്ഠിച്ചത്. ആകയാല്‍ അതും കണ്ടെത്തണം. എല്ലാറ്റിനും ഉപരിയായി വ്യാഖ്യാനത്തിലെ പരമപ്രധാനമായ നിയമം ഗ്രന്ഥകാരന്‍ എന്താണു പറയുവാന്‍ ആഗ്രഹിച്ചതെന്ന് കണ്ടുപിടിക്കുകയും ഉറപ്പിക്കുകയുമാണ്. ഇക്കാര്യത്തിന് പാഠഭാഗത്തിന്‍റെ വ്യാകരണഭാഷാശാസ്ത്രപരമായ  അപഗ്രഥനമോ സന്ദര്‍ഭാവലോകനമോ മാത്രം പോരാ. മാര്‍പാപ്പയുടെ ഭാഷയില്‍ പൗരസ്ത്യദേശങ്ങളിലെ ആ പഴയ നൂറ്റാണ്ടുകളിലേക്ക് വ്യാഖ്യാതാവ് ആത്മനാ തിരികെ പോകണം. അങ്ങനെ ചരിത്രത്തിന്‍റെയും (history) പുരാവസ്തു ഗവേഷണശാസ്ത്രത്തിന്‍റെയും (archeology) നരവംശശാസ്ത്രത്തിന്‍റെയും (enthology) സഹായത്തോടെ ആ കാലഘട്ടത്തിലെ ഗ്രന്ഥകാരന്മാര്‍ ഏതുതരം സാഹിത്യരൂപങ്ങളാണ് (litergray generes) ഉപയോഗിച്ചതെന്ന് കണ്ടുപിടിക്കണം. ഈ വിധം പഠിപ്പിക്കുകവഴിയായി ചരിത്രാത്മക വിമര്‍ശനരീതിയെ (historical-critical method) അംഗീകരിക്കുകയായിരുന്നു മാര്‍പാപ്പ. അങ്ങനെ ബൈബിള്‍ വായനയ്ക്കും പഠനത്തിനും വ്യാഖ്യാനത്തിനും മാര്‍പാപ്പ ശക്തമായ പിന്‍ബലവും പ്രോത്സാഹനവും വളരെയേറെ തുറവിയോടെ നല്കുകയുണ്ടായി.

രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദൈവാവിഷ്കരണം എന്ന പ്രമാണരേഖ മുമ്പേപോയ ദൈവവചനസംബന്ധമായ എല്ലാ ചാക്രിക ലേഖനങ്ങളുടെയും പഠനങ്ങളെ വികാസപരിണാമത്തിലേക്കെത്തിക്കുകയും ദൈവവചനത്തെ സംബന്ധിച്ച സഭയുടെ പഠനത്തെ സാഘോഷം അവതരിപ്പിക്കുകയും ചെയ്തു. ആറ് അദ്ധ്യായങ്ങളിലൂടെയാണ് ദൈവാവിഷ്കരണത്തിലെ ചര്‍ച്ച അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ അദ്ധ്യായം വെളിപാടിനെക്കുറിച്ചാണ്. ദൈവം സ്വയം വെളിപ്പെടുത്തുവാന്‍ തയ്യാറായി. മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയാണ് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവം ചരിത്രത്തില്‍ സ്വയം വെളിപ്പെടുത്തുവാന്‍ തയ്യാറായത്. ചരിത്രത്തിലെ ദൈവത്തിന്‍റെ സ്വയാവിഷ്കരണത്തിന്‍റെ ഉച്ചസ്ഥിതിയും (climax) പൂര്‍ണ്ണിമയും (fullness) മാംസം ധരിച്ച ദൈവത്തിന്‍റെ പുത്രനും ദൈവത്തിന്‍റെ വചനവുമായ യേശുക്രിസ്തുവില്‍ സംഭവിച്ചു. അവന്‍ പിതാവ് നിശ്ചയിച്ച രക്ഷയുടെ പദ്ധതി പൂര്‍ത്തീകരിച്ചു. യേശുവിന്‍റെ ദാനമായ പരിശുദ്ധാത്മാവിന്‍റെ  ആന്തരികപ്രവര്‍ത്തനംവഴി വിശ്വാസികള്‍ക്ക് ഈ സത്യം നാള്‍ക്കുനാള്‍ സുഗ്രാഹ്യമായി വരുന്നു.

രണ്ടാമദ്ധ്യായം ദൈവവെളിപാടിന്‍റെ കൈമാറ്റത്തെക്കുറിച്ചാണ്. രക്ഷയുടെ ഈ സന്ദേശം അതിന്‍റെ തനിമയിലും പൂര്‍ണ്ണതയിലും പ്രചരിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്നതിനായി ദൈവം നടത്തിയ ക്രമീകരണത്തെക്കുറിച്ചാണ് ചിന്ത. "ആകയാല്‍ അപ്പസ്തോലന്മാരുടെ പ്രബോധനം/പ്രസംഗം (preaching), ദൈവനിവേശിതഗ്രന്ഥങ്ങളില്‍ പ്രത്യേകവിധം രേഖപ്പെടുത്തിയിട്ടുള്ള അത്, ലോകാവസാനംവരെ, തുടരെയുള്ള പിന്തുടര്‍ച്ചവഴി (success) അഭംഗുരം നിലനിര്‍ത്തുക ഒരാവശ്യമായിരുന്നു".

ഈ പശ്ചാത്തലത്തില്‍ വിശുദ്ധ ലിഖിതവും (Scripture) പാരമ്പര്യവും (tradition) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രമാണരേഖ പ്രതിപാദിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണിത്. ഈ വിഷയം സവിശേഷമാംവിധം ഗുരുതരമായിമാറി Reformation കാലത്തും Reformation-ന് തുടര്‍ന്നുവന്ന ചര്‍ച്ചകളിലും. ലൂഥര്‍ "ലിഖിതം മാത്രം" (sola Scripture) എന്ന തത്വം മുറുകെ പിടിച്ചു. എന്നാല്‍ കത്തോലിക്കാസഭ മറിയത്തിന്‍റെ അമലോത്ഭവവും സ്വര്‍ഗ്ഗാരോപണവും വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ പ്രസ്തുതവിഷയത്തെ കൈകാര്യം ചെയ്യുവാന്‍ ശ്രമിച്ചത് വെളിപാടിന്‍റെ അന്ത:സത്ത എന്താണ് എന്നുള്ള ചോദ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. വെളിപാടിലൂടെ ദൈവം വെളിപ്പെടുത്തുവാനുദ്ദേശിച്ചത് തത്ത്വങ്ങളെയല്ല പ്രത്യുത ഒരു വ്യക്തിയെ ആണ്. ആകയാല്‍ വെളിപാടിന്‍റെ ഉറവിടങ്ങള്‍ രചിക്കപ്പെട്ട പാഠങ്ങളും പ്രസ്താവനകളുമല്ല, പ്രത്യുത വെളിപാടിന്‍റെ പൂര്‍ണിമയായ യേശുക്രിസ്തുവാണെന്നുള്ള ധാരണയിലേക്കു പ്രമാണരേഖ നീങ്ങി. ഈ നൂതന സമീപനം വെളിപാടിന്‍റെ രണ്ട് സ്രോതസ്സുകളാണ് ലിഖിതവും പാരമ്പര്യങ്ങളും എന്ന Reformation-നു ശേഷം കത്തോലിക്കാസഭയില്‍ നിലനിന്ന ചിന്താധാരയില്‍നിന്നുമുള്ള വളര്‍ച്ചയാണ്. കാരണം, രണ്ടു സ്രോതസ്സുകളെന്ന ചിന്ത പ്രശ്നത്തെ പരിഹരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്. അതേസമയം ഏകസ്രോതസ്സില്‍നിന്നുള്ള ലിഖിതവും പാരമ്പര്യവും എപ്രകാരം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിഷയത്തിലേക്ക് കടക്കാതെ അത് ദൈവശാസ്ത്ര വിചിന്തനത്തിനായി കൗണ്‍സില്‍ വിട്ടുകൊടുക്കുകയാണുണ്ടായത്. എന്നു പറഞ്ഞാല്‍ ലിഖിതവും (Scripture) പാരമ്പര്യവും (Tradition) തമ്മിലുള്ള ബന്ധം ഇനിയും പൂര്‍ണ്ണമായി നിര്‍വചിക്കപ്പെടാതെ നില്ക്കുന്നു എന്നുവേണം കരുതുവാന്‍. Lineamenta യുടെ ആമുഖത്തില്‍ പറയുന്നത് Dei verbum ന്‍റെ ഒരു അജപാലനോന്മുഖ പുനര്‍വായന (re-reading) ക്കുള്ള ശ്രമമാണ് അതു നടത്തുന്നത് എന്നാണ്. അങ്ങനെയെങ്കില്‍ ലിഖിതവും പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കുവാനും അത് നിര്‍വചിക്കപ്പെടുവാനുമുള്ള സമയം സിനഡിലൂടെ ആഗതമായിരിക്കുന്നു എന്നു കരുതാനാവും.

Dei verbum ന്‍റെ മൂന്നാമത്തെ അദ്ധ്യായത്തില്‍ വിശുദ്ധ ലിഖിതങ്ങളുടെ ദൈവനിവേശിതത്വത്തെക്കുറിച്ചും വ്യാഖ്യാനത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. (2 തിമോ 3,16) എന്ന് പ്രഖ്യാപിക്കുന്ന രേഖ, അതിന്‍റെ അര്‍ത്ഥം തേടുമ്പോള്‍ ഗ്രന്ഥകര്‍ത്താക്കള്‍ ഉപയോഗിച്ച സാഹിത്യരൂപങ്ങള്‍ മാത്രം കണ്ടെത്തിയാല്‍ പോരാ, പ്രത്യുത സഭയുടെ സജീവ പാരമ്പര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പഠിപ്പിക്കുന്നു. നാലാമദ്ധ്യായത്തില്‍ പഴയനിയമത്തെ അധികരിച്ച് ക്രിസ്തീയത എന്താണെന്ന് മനസ്സിലാക്കുന്നതിന് അത് അനിവാര്യമാണെന്ന് കൗണ്‍സില്‍ ആവര്‍ത്തിക്കുന്നു. അഞ്ചാമദ്ധ്യായത്തില്‍, എപ്രകാരം രക്ഷയുടെ ശക്തിയായ ദൈവവചനം പുതിയനിയമത്തില്‍ പ്രകാശിതമായിരിക്കുന്നു എന്ന് വിവരിക്കുന്നു. ആറാമദ്ധ്യായം സഭാജീവിതത്തില്‍ വിശുദ്ധ ലിഖിതങ്ങള്‍ക്കുള്ള ഒഴിച്ചുകൂടാനാവാത്ത സ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. അങ്ങനെ സഭയില്‍ ദൈവവചനത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിലാണ്.

കൗണ്‍സില്‍ നല്കിയ കാഴ്ചപ്പാട് സഭയില്‍ വചനവായനയ്ക്കും വിചിന്തനത്തിനും വ്യാഖ്യാനത്തിനും ആവേശകരമായ പ്രോത്സാഹനം നല്കി. അതിന്‍റെ പാശ്ചാത്തലത്തിലാണ് Providentissimus എന്ന ചാക്രികലേഖനത്തിന്‍റെ 100-ാം വര്‍ഷത്തില്‍ 1993-ല്‍ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ സഭയില്‍ ബൈബിള്‍ വ്യാഖ്യാനം (The Interpretation of Bible in the Church) എന്ന സുപ്രധാന രേഖ പുറപ്പെടുവിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അനുമതിയോടും അനുഗ്രഹാശിസുകളോടുമാണ് അത് പുറപ്പെടുവിക്കപ്പെട്ടത്. ബൈബിള്‍ വ്യാഖ്യാനത്തില്‍ ചരിത്രാത്മകവിമര്‍ശനരീതി (Historical Critical Method) അനിവാര്യമാണെന്ന് പ്രസ്തുത രേഖ ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാല്‍ അതോടൊപ്പം ഈ കാലഘട്ടത്തിലുണ്ടായിട്ടുള്ള ഇതരവ്യാഖ്യാനരീതികളും സമീപനങ്ങളും ചേര്‍ക്കപ്പെടണം. ഓരോ രീതിയുടെയും സമീപനത്തിന്‍റെയും ഗുണദോഷങ്ങള്‍ പ്രസ്തുത രേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. അകത്തോലിക്കാ സഭകള്‍ വളരെ വിലമതിച്ച ഒരു രേഖയാണിത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ (1962-65) ദൈവാവിഷ്കരണത്തെക്കുറിച്ചുള്ള പ്രമാണ രേഖയില്‍ (Dei verbum) ദൈവവചന വ്യാഖ്യാനത്തിന്‍റെ ആവശ്യകതയെ ഊന്നിപ്പറയുന്നുണ്ട്. വചനവ്യാഖ്യാനത്തിനായി ഏഴ് തത്വങ്ങളാണ് പ്രധാനമായും പ്രമാണരേഖ മുന്നോട്ടു വയ്ക്കുന്നത്.

  1. മാനുഷിക ഭാഷയിലുള്ള ദൈവവചനമാണ് ബൈബിളിലുള്ളത് എന്നതിനാല്‍, ബൈബിള്‍ വായനയിലും വ്യാഖ്യാനത്തിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ആവശ്യമാണ്.                                                                                           
  2. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികഗ്രന്ഥം ബൈബിളാണ്. ബൈബിളിലൂടെ ദൈവം നല്കിയ അടിസ്ഥാന വെളിപാടിനെ (normative revelution) ആധാരമാക്കിയാണ് വ്യക്തിപരമായ വെളിപാടിനെ വ്യാഖ്യാനിക്കേണ്ടത്.                                                 
  3. ബൈബിള്‍ എന്നത് ആധികാരികമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള കാനോനിക ഗ്രന്ഥങ്ങളുടെ സമാഹാരമാണ്. അതിനാല്‍ ബൈബിളിലെ ഓരോ വചനത്തെയും മുഴുവന്‍ ബൈബിളിന്‍റെയും സമഗ്രതയില്‍ വ്യാഖ്യാനിക്കണം. ഒരു വചനമോ ഭാഗമോ മാത്രം വേര്‍തിരിച്ച് വ്യാഖ്യാനിക്കുന്നത് ദൈവിക വെളിവാടിന്‍റെ സമഗ്രതയെ നിഷേധിക്കലാണ്.                                      
  4. മനുഷ്യന്‍റെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കും ആവശ്യമായ സത്യങ്ങളാണ് ബൈബിളിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അടിസ്ഥാനലക്ഷ്യം മറന്നുകൊണ്ടുള്ള വ്യാഖ്യാനം സ്വീകരിക്കരുത്.                                          
  5. വി. ഗ്രന്ഥരചനയില്‍ ഗ്രന്ഥകര്‍ത്താവിനെ പ്രചോദിപ്പിച്ച പരിശുദ്ധാത്മാവുതന്നെ വചനത്തിന്‍റെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാന്‍ വചന വ്യാഖ്യാനം നടത്തുന്ന വിശ്വാസികളുടെ സമൂഹത്തെ (സഭയെ) പ്രചോദിപ്പിക്കുന്നുണ്ട്.                                     
  6. ബൈബിളിലൂടെ ദൈവം എല്ലാ തലമുറകളോടും തന്‍റെ വചനം അറിയിക്കുന്നു. അതിനാല്‍ വചനവായനയും വ്യാഖ്യാനവും കേവലം ഗതകാല സംഭവങ്ങളുടെ അനുസ്മരണമല്ല, മറിച്ച്, സജീവമായ ദൈവസ്വരം നേരിട്ടു ശ്രവിക്കുന്നതാണ്.                                                                            
  7. സഭയുടെ സജീവ പാരമ്പര്യത്തോടുചേര്‍ന്നുനില്‍ക്കാതെ ദൈവവചനത്തിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാനം അസാദ്ധ്യമാണ്. ദൈവിക വെളിപാടുകളുടെ ആകെത്തുകയാണ് സഭയുടെ വി. പാരമ്പര്യമായി അറിയപ്പെടുന്നത്. ദൈവജനത്തിനു കാലാകാലങ്ങളായി ലഭിച്ച വെളിപാടുകളില്‍ ഏതാനും ഭാഗം മാത്രമേ ലിഖിതവും കാനോനികവുമായ രൂപത്തില്‍ ബൈബിളില്‍ ഇടം നേടിയിട്ടുള്ളൂ. ശേഷിക്കുന്ന ദൈവിക വെളിപാടുകളുടെ ശേഖരം സഭയുടെ സജീവവും വിശുദ്ധവുമായ പാരമ്പര്യത്തിലാണുള്ളത്.

 

ഡോ. ജോസഫ് പാംപ്ലാനി

Bible Interpretation: From a Catholic point of view catholic malayalam bible interpretations Rev. Dr. Joseph Pamplany ബൈബിള്‍ വ്യാഖ്യാനശാസ്ത്രം ബുക്ക് no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message