x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിള്‍ വ്യാഖ്യാനം

Authored by : Rev. Dr. Joseph Pamplany On 16-May-2023

ബൈബിള്‍ വ്യാഖ്യാനം ആവശ്യമുള്ള ഗ്രന്ഥമാണ്. കാരണം 2950 വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള ഒരു ചരിത്രമാണ് ബൈബിള്‍ അനാവരണം ചെയ്യുന്നത്. ഇതിന്‍റെ രചന പൂര്‍ത്തിയാക്കാനാവട്ടെ 1100-ലേറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇതിന്‍റെ രചയിതാക്കള്‍ വ്യത്യസ്ത ഭാഷ സംസാരിച്ചിരുന്നവരും ഭിന്നങ്ങളായ സാംസ്കാരിക പശ്ചാത്തലമുള്ളവരുമായിരുന്നു. മതാത്മക വിശ്വാസത്തില്‍പോലും പഴയനിയമ പുതിയനിയമ ഗ്രന്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. വി. ഗ്രന്ഥശേഖരത്തില്‍ ചരിത്ര രചനകള്‍, ചരിത്രാഖ്യായികകള്‍, കഥകള്‍, നോവലുകള്‍, കവിതകള്‍, ആരാധനാ ഗീതങ്ങള്‍, നിയമസംഹിതകള്‍, വിജ്ഞാനസൂക്തങ്ങള്‍, പ്രവചനങ്ങള്‍, പ്രബോധനങ്ങള്‍, ഉപമകള്‍, ലേഖനങ്ങള്‍, വ്യക്തിപരമായ എഴുത്തുകള്‍, യാത്രാവിവരണങ്ങള്‍, വെളിപാടു സാഹിത്യം, ജീവചരിത്രം, നാള്‍വഴികള്‍, അതിസ്വാഭാവിക വിവരണങ്ങള്‍ മുതലായ അനേകം സാഹിത്യ രൂപങ്ങളുണ്ട്. ഒരു വചനഭാഗം വ്യാഖ്യാനിക്കും മുമ്പ് അത് ഏതു സാഹിത്യരൂപത്തില്‍ പെട്ടതാണ് എന്നു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ബൈബിള്‍വ്യാഖ്യാനത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ബൈബിളിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള ചില പ്രാരംഭചിന്തകള്‍ പങ്കുവയ്ക്കട്ടെ.

  1. ബൈബിള്‍ ഒരു ചരിത്രഗ്രന്ഥമാണ്. ഈ പ്രസ്താവന രണ്ട് അര്‍ത്ഥത്തില്‍ മനസ്സിലാക്കാം. ഒന്നാമതായി, ബൈബിളിന് ഒരു രൂപീകരണ ചരിത്രമുണ്ട്. ഉദാ: രചനാചരിത്രം, പാരമ്പര്യങ്ങള്‍, അവ പരിരക്ഷിക്കപ്പെട്ട ചരിത്രം ect. രണ്ടാമതായി, ബൈബിള്‍ ചരിത്രസംഭവങ്ങളെ അനാവരണം ചെയ്യുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. (ഉദാ: രാജവാഴ്ചയുടെ ചരിത്രം, പ്രവാസകാലം, പേര്‍ഷ്യന്‍-റോമന്‍ഭരണകാലങ്ങള്‍ etc.).                                                                                                           
  2. ഇപ്പോഴത്തെ വായനക്കാരന്‍റെ കൈവശം ഈ ഗ്രന്ഥമെത്തുന്നതിനു മുമ്പായി അനേകം പേര്‍ ഈ പുസ്തകം വായിച്ചിട്ടുണ്ട്. നമ്മുടെ കൈവശമുള്ള പുസ്തകത്തില്‍ ഇതിനു മുമ്പ് ചെറുതും വലുതുമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടാകാം. ഉദാഹരണമായി, മര്‍ക്കോസിന്‍റെ സുവിശേഷം 16:9-20 ഭാഗം ഇതര സമാന്തര സുവിശേഷങ്ങളിലെ ഉത്ഥാന വിവരണങ്ങളുടെ സംഗ്രഹമായി പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന വസ്തുത പണ്ഡിതലോകം അംഗീകരിക്കുന്നു. മര്‍ക്കോ 16:8 ല്‍ സുവിശേഷം അവസാനിക്കുമ്പോള്‍ അനുഭവപ്പെടുന്ന അസന്ദിഗ്ദ്ധതയെ അതിജീവിക്കാനായി സുവിശേഷത്തിന്‍റെ വായനക്കാരിലാരെങ്കിലും ഈ ഭാഗം കൂട്ടിച്ചേര്‍ത്തതാകാം.                                                                            
  3. ബൈബിള്‍ ഒരു സമൂഹത്തിന്‍റെ വിശ്വാസപ്രഖ്യാപനത്തിന്‍റെ ലിഖിതാവിഷ്ക്കാരമാണ്. പ്രസ്തുത ഗ്രന്ഥം രൂപംകൊണ്ട സമൂഹത്തിന്‍റെ വിശ്വാസബോധ്യങ്ങള്‍ മനസ്സിലാക്കുക മാത്രമല്ല വ്യക്തിപരമായി അനുഭവിക്കുക കൂടി ചെയ്യുമ്പോള്‍ മാത്രമേ അവയുടെ ആഴമേറിയ അര്‍ത്ഥതലങ്ങള്‍ വായനക്കാരനു ബോധ്യമാകൂ.                                                                          
  4. വി. ഗ്രന്ഥം ഒരു പുരാതന കൃതിയാകയാല്‍ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് തുലോം പരിമിതമാണ്. ചില ഗ്രന്ഥകര്‍ത്താക്കളുടെ പേരുപോലും നമുക്കു നിശ്ചയമില്ല. തന്മൂലം ഗ്രന്ഥകര്‍ത്താവും വായനക്കാരനും തമ്മിലുള്ള സംവേദന സാധ്യത വി.ഗ്രന്ഥ വായനയിലും വ്യാഖ്യാനത്തിലും ഇല്ല എന്നു തന്നെ പറയാം. പകരം പുസ്തകവും വായനക്കാരനും തമ്മിലുള്ള സംവേദനമാണ് നടക്കുന്നത്. മാനുഷിക ഗ്രന്ഥകര്‍ത്താവ് അപ്രസക്തമായിത്തീരുന്ന, "ഗ്രന്ഥകര്‍ത്താവിന്‍റെ മരണം" (Death of the author) എന്ന യാഥാര്‍ത്ഥ്യത്തിലാണ് ഓരോ വായനയും പുനര്‍വായനയും നടക്കുന്നത്. തന്മൂലം പുസ്തകം രൂപംകൊണ്ട സംസ്കാരം, വിശ്വാസബോധ്യങ്ങള്‍, ആരാധനാ ശൈലികള്‍ തുടങ്ങിയവ എഴുത്തുകാരന്‍റെ വ്യക്തിപരമായ ദൈവശാസ്ത്ര വീക്ഷണത്തേക്കാളും താല്പര്യങ്ങളേക്കാളും പ്രസക്തമാണ്.

ബൈബിള്‍ വ്യാഖ്യാനിക്കപ്പെടേണ്ട ഗ്രന്ഥമാണ് എന്നുപറയാന്‍ വിവിധ കാരണങ്ങളുണ്ട്.

  1. ഐതിഹ്യഭാഷാ സങ്കേതങ്ങള്‍ (Mythical apprpach)

ബൈബിളിന്‍റെ ഭാഷാ ശൈലിയില്‍ അനേകം സാങ്കല്‍പ്പിക സങ്കേതങ്ങള്‍ (Mythical apprpach) ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം സാങ്കല്‍പ്പിക സങ്കേതങ്ങളുടെ ഉപയോഗം പൗരാണിക കൃതികളില്‍ സര്‍വ്വസാധാരണമായിരുന്നു. തങ്ങള്‍ ഇടകലര്‍ന്നു ജീവിച്ച വ്യത്യസ്ത ജനസമൂഹങ്ങളുടെ ജീവിത ദര്‍ശനങ്ങളും സങ്കല്‍പ്പങ്ങളുമെല്ലാം ഇസ്രായേലിന്‍റെ ആരാധനക്രമത്തെയും ദൈവസങ്കല്‍പ്പത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇതരദേവന്മാരുടെയെല്ലാം അധിപനായി ദൈവം സ്വര്‍ഗ്ഗത്തില്‍ വാഴുന്നു (സങ്കീ 82); സ്വര്‍ഗ്ഗീയ സൈന്യാധിപനായ ദൈവം ഭൂമിയിലെ തന്‍റെ മനുഷ്യര്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നു (സങ്കീ 94); ദൈവം തന്‍റെ വിശുദ്ധ മലയായ സീയോനില്‍ വസിക്കുന്നു (സങ്കീ 46;48); കടലിലെ ഭീകരജീവികളെ യുദ്ധത്തില്‍ വധിക്കുന്ന ദൈവം (സങ്കീ 74; 89) തുടങ്ങിയ ബൈബിള്‍ വിവരണങ്ങളെല്ലാം ഇതര മതങ്ങളുടെ ഐതിഹ്യങ്ങളില്‍നിന്നും സങ്കല്‍പ്പങ്ങളില്‍നിന്നും കടമെടുത്തിട്ടുള്ളവയാണ്. ഇത്തരം ഐതിഹ്യങ്ങളെ വേര്‍തിരിച്ചുമനസ്സിലാക്കണമെങ്കില്‍ ബൈബിള്‍ ശാസ്ത്രീയമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. സങ്കീര്‍ത്തകന്മാരും പ്രവാചകരുമെല്ലാം ഇത്തരം സാങ്കല്‍പ്പിക സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ബൈബിളില്‍ ചരിത്രമേയില്ല കെട്ടുകഥകളേയുള്ളൂ എന്നുവാദിക്കുന്നത് ഭീമാബദ്ധമാണ്. ചരിത്രം അവതരിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം പലപ്പോഴും ഐതിഹ്യഭാഷാസങ്കേതങ്ങളാണെന്നു പറയുന്നതാണ് സത്യം. എല്ലാം സാങ്കല്‍പ്പികമോ സര്‍വ്വതും ചരിത്രമോ എന്നു പറയാനാവാത്ത ബൈബിളിന്‍റെ ഭാഷാശൈലിതന്നെയാണ് ബൈബിളിന്‍റെ വ്യാഖ്യാനം അനിവാര്യമാക്കുന്നത്.

  1. ആവര്‍ത്തനങ്ങളും വൈരുദ്ധ്യങ്ങളും

അനേകം ആവര്‍ത്തനങ്ങളും വൈരുദ്ധ്യങ്ങളും ബൈബിളില്‍ ദര്‍ശിക്കാനാവും.

1) പുരോഹിത പാരമ്പര്യത്തിന്‍റെ (P) രചനയായ ഉല്‍പ 1:1-2:4a വരെയുള്ള സൃഷ്ടിവിവരണവും യാഹ്‌വിസ്റ്റ് (J) പാരമ്പര്യത്തിലുള്ള 2: 4b 25 വരെയുള്ള സൃഷ്ടിവിവരണവും ആവര്‍ത്തനമാണെന്ന് മാത്രമല്ല, അവയുടെ വിവരണങ്ങളില്‍ വൈരുദ്ധ്യവുമുണ്ട്.  ആദ്യവിവരണത്തില്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടതായി വിവരിക്കുമ്പോള്‍ രണ്ടാം വിവരണത്തില്‍ പുരുഷന്‍ മണ്ണില്‍നിന്നും സ്ത്രീ വാരിയെല്ലില്‍നിന്നും സൃഷ്ടിക്കപ്പെട്ടതായി വിവരിക്കുന്നു. വ്യാഖ്യാനം കൂടാതെ ഈ വിവരണ വൈരുദ്ധ്യം ഗ്രഹിക്കുക ദുഷ്കരമാണ്.

2) ജലപ്രളയ കഥ വിവരിക്കുമ്പോള്‍ (ഉല്‍പ 7-9) ഒരേ സമയം രണ്ടുതരം നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടുന്നതായി കാണാം. ശുദ്ധ മൃഗങ്ങളുടെ ഏഴുജോഡിയെയും അശുദ്ധമൃഗങ്ങളുടെ ഒരു ജോഡിയെയും പെട്ടകത്തില്‍ കയറ്റാന്‍ ആവശ്യപ്പെടുന്ന (7:1-7) ദൈവം തന്നെ എല്ലാ മൃഗങ്ങളുടെയും ഓരോ ജോഡിയെ പെട്ടകത്തിനുള്ളില്‍ കയറ്റാന്‍ പറയുന്നു (7:8-9, 15). ജലപ്രളയം നാല്‍പതുദിവസം നീണ്ടുനിന്നു (7:12;8:6) എന്നുപറയുന്ന അതേ വിവരണത്തില്‍ തന്നെ ജലപ്രളയം 150 ദിവസം നീണ്ടുനിന്നതായും (8:3) രേഖപ്പെടുത്തുന്നു. ഒരേ വിവരണത്തിലെ ഈ വൈരുദ്ധ്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ അവ വ്യത്യസ്ത പാരമ്പര്യങ്ങളുടെ സംയോജനത്തിലൂടെ രൂപംകൊണ്ടതാണെന്ന സത്യം മനസ്സിലാക്കാതെ തരമില്ല.

3) ചില വിവരണങ്ങള്‍ നേരിയ വ്യത്യാസത്തോടെ ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. ഉദാ: സുന്ദരിയായ തന്‍റെ ഭാര്യയെ സഹോദരിയായി പരിചയപ്പെടുത്തുന്ന സംഭവം അബ്രാഹത്തിന്‍റെ ജീവിതത്തില്‍ രണ്ടുതവണയും (ഉല്‍പ 12:10-20 20:1-18) ഇസഹാക്കിന്‍റെ ജീവിതത്തില്‍ ഒരു തവണയും (ഉല്‍പ 26: 1-12) സംഭവിച്ചതായി ഉല്‍പത്തി പുസ്തകം വിവരിക്കുന്നു. ഒരേ സംഭവത്തിന്‍റെ വിവിധപാരമ്പര്യങ്ങളിലെ ഭിന്നമായ ആഖ്യാനങ്ങളാണോ ഈ വിവരണങ്ങള്‍ എന്നറിയാന്‍ വ്യാഖ്യാനം കൂടാതെ സാധ്യമല്ല.

4) പൂര്‍വ്വപിതാവായ യൗസേപ്പിനെ സഹോദരന്‍മാര്‍ ഇസ്മായേല്യര്‍ക്കു വിറ്റതായി ഒരു വിവരണം സാക്ഷ്യപ്പെടുത്തുമ്പോള്‍ (ഉല്‍പ 37:28) തൊട്ടടുത്ത വാചകങ്ങളില്‍ ജോസഫിനെ വിറ്റത് മിദിയാന്‍കാര്‍ക്കാണെന്ന് കണ്ടെത്താനാവും (ഉല്‍പ 37:36).

5) പഞ്ചഗ്രന്ഥിയില്‍തന്നെ പത്തുപ്രമാണങ്ങളുടെ രണ്ടു വ്യത്യസ്ത വിവരണങ്ങളുണ്ട് (പുറ 20: 1-17; നിയ 5:1-22). പുറപ്പാടു സംഭവത്തിലെ വിവരണങ്ങള്‍ സങ്കീര്‍ത്തകന്‍ പുന:രാഖ്യാനം ചെയ്യുമ്പോള്‍ അനേകം വ്യത്യാസങ്ങള്‍ വരുത്തിയിരിക്കുന്നതായി കാണാം (ഉദാ: പുറ 14-15; സങ്കീ 78;105 എന്നിവയും താരതമ്യം ചെയ്യുക).

6) കാനാന്‍ദേശം ഇസ്രായേല്‍ ജനം വളരെപ്പെട്ടെന്ന് കീഴടക്കി കൈവശമാക്കിയതായി ജോഷ്വായുടെ പുസ്തകം സാക്ഷ്യപ്പെടുത്തുമ്പോള്‍ (1-12) കാനാന്‍ സ്വന്തമാക്കാനായി ഇസ്രായേല്‍ക്കാര്‍ ദീര്‍ഘകാലം കഠിനാധ്വാനം ചെയ്തു കാത്തിരുന്നതായി ന്യായാധിപന്മാരുടെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (1:1-25).

7) യൂദാരാജാക്കന്മാരായ ഹെസെക്കിയാ, മനാസ്സെ, ജോസിയ എന്നിവരെക്കുറിച്ച് 2 രാജാ 18-23ലും 2 ദിന 29-35ലുമുള്ള വിവരണങ്ങളില്‍ പ്രകടമായ വ്യത്യാസം കണ്ടെത്താനാവും.

ദൈവനിവേശിതമായി എഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിലെ ഇത്തരം ആഖ്യാനവൈരുദ്ധ്യങ്ങള്‍ ശരിയാംവിധം വിശദീകരിക്കുന്നില്ലെങ്കില്‍ വി. ഗ്രന്ഥത്തിന്‍റെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. അതിനാല്‍ ബൈബിള്‍ വ്യാഖ്യാനം വിശ്വാസത്തിന്‍റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പഴയനിയമത്തില്‍ മാത്രമല്ല പുതിയനിയമത്തിലും ഇത്തരം വ്യത്യാസങ്ങള്‍ കാണാം. യേശു പറഞ്ഞ വചനങ്ങള്‍ ഉപമകള്‍ തുടങ്ങിയവ വ്യത്യസ്ത സുവിശേഷകന്മാര്‍ ഭിന്ന സാഹചര്യങ്ങളിലും രീതിയിലും അവതരിപ്പിക്കുന്നുണ്ട്. യേശുവിന്‍റെ പരസ്യജീവിതത്തിന്‍റെ കാലഗണനയില്‍ (Chronology) പോലും സുവിശേഷകന്മാര്‍ തമ്മില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. (ഉദാ: ദേവാലയശുദ്ധീകരണം പരസ്യജീവിതത്തിന്‍റെ ആരംഭത്തിലാണെന്ന് യോഹ 2: 13-22 ല്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ സമാന്തരസുവിശേഷങ്ങളില്‍ ദേവാലയ ശുദ്ധീകരണം പരസ്യജീവിതത്തിനു സമാപനം കുറിക്കുന്ന സംഭവമാണ്). വ്യാഖ്യാനത്തിലൂടെയല്ലാതെ ഇത്തരം വൈരുദ്ധ്യങ്ങളുടെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാനാവില്ല.

  1. മതാത്മക ഭാഷ

ബൈബിളില്‍ ഉപയോഗിക്കുന്നത് മതാത്മകഭാഷ (Religious Language) യാണ്. ഒരു ചരിത്രഗ്രന്ഥമായോ സാഹിത്യഗ്രന്ഥമായോ മാത്രം ബൈബിളിനെ സമീപിക്കുന്നവര്‍ക്ക് ബൈബിളിലെ പലഭാഗങ്ങളും അഗ്രാഹ്യങ്ങളായി നിലകൊള്ളും. ചരിത്രത്തോടൊപ്പം ചരിത്രാതീത സത്യങ്ങളും ഭൗതികതയോടൊപ്പം അതിഭൗതികമായവയും ബൈബിള്‍ അനാവരണം ചെയ്യുന്നു. ചരിത്രാതീതവും അതിഭൗതികവുമായവയെ മതാത്മകഭാഷയിലൂടെ മാത്രമേ അവതരിപ്പിക്കാനാവൂ. ഉദാഹരണമായി, മത്താ 24: 29-31ല്‍ വിവരിക്കുന്ന യുഗാന്ത്യത്തിലെ ഭീകരദുരിതങ്ങള്‍ (സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ അന്ധകാരമാകും, നക്ഷത്രങ്ങള്‍ ഭൂമിയിലേക്കു പതിക്കും) മതാത്മകഭാഷയിലാണ്. ഇവയുടെ ചരിത്രപരതയേക്കാള്‍ ഇവ പ്രതിനിധാനം ചെയ്യുന്ന മതാത്മക സത്യത്തിനാണ് (യുഗാന്ത്യത്തിനായി ഒരുക്കമുള്ളവരാക്കുക) പ്രാധാന്യം നല്‍കേണ്ടത്. ശരിയായ വ്യാഖ്യാനത്തിലൂടെയല്ലാതെ ബൈബിളിന്‍റെ മതാത്മക ഭാഷ ഗ്രഹിക്കുക ദുഷ്കരമാണ്.

ഭാഷ സ്വഭാവേന ഭൗതികതയെ പ്രതിനിധാനം ചെയ്യുന്നതാണ്. സാഹിത്യേതരവും അതിഭൗതികവുമായ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കാന്‍ ഭാഷയ്ക്കു കഴിവില്ലാത്തതിനാല്‍ ഇത്തരം സാഹചര്യങ്ങളെ ദ്യോതിപ്പിക്കാന്‍ അതിഭൗതികാര്‍ത്ഥം ഉള്‍കൊള്ളുന്ന പ്രതീകങ്ങളെ ഭാഷ ഉപയോഗപ്പെടുത്തുന്നു. ഉദാ: ദൈവത്തിന്‍റെ കുഞ്ഞാട്, സമാധാനത്തിന്‍റെ രാജാവ്, ജീവജലം, സ്വര്‍ഗ്ഗീയമന്ന, ആദിയും അന്ത്യവും തുടങ്ങിയ സംജ്ഞകളിലൂടെ ക്രിസ്തുവിനെ അവതരിപ്പിക്കുമ്പോള്‍ പുതിയനിയമം മതാത്മക ഭാഷയാണ് പ്രയോജനപ്പെടുത്തുന്നത്. ഇത്തരം മതാത്മകഭാഷാശൈലിയില്‍ വാക്കുകളുടെ വാച്യാര്‍ത്ഥത്തിനുപരിയായി ദൈവികമായ അതീന്ദ്രിയ സത്യങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. ഇവ വ്യാഖ്യാനത്തിലൂടെ മാത്രമേ മനസ്സിലാകൂ.

  1. ബൈബിളിലെ ദുര്‍ഗ്രഹ വചനങ്ങള്‍

ചില വചനഭാഗങ്ങള്‍ ദുര്‍ഗ്രഹമാണെന്നും വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാനാവില്ലെന്നും ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജറെമിയായുടെ പ്രവചനങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ദീര്‍ഘനാള്‍ ദാനിയേല്‍ ധ്യാനിച്ചതായി വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (ദാനി 4:2). ഏശ 53:7-8 വായിച്ചശേഷം വ്യാഖ്യാനിക്കാന്‍ ആരുമില്ലാത്തതിനാല്‍ അര്‍ത്ഥമറിയാതെ ഉഴറുന്ന എത്യോപ്യക്കാരന്‍ ഷണ്ഡന്‍റെ കഥ നടപടിഗ്രന്ഥം വിവരിക്കുന്നുണ്ട് (അപ്പ 8: 26-35). വിശുദ്ധ ഗ്രന്ഥത്തിലെ  പ്രവചനങ്ങള്‍ ആരും തന്നിഷ്ടം പോലെ വ്യാഖ്യാനിക്കരുതെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും (2 പത്രോ 1: 20- 21) പൗലോസിന്‍റെ ലേഖനങ്ങളിലെ ദുര്‍ഗ്രഹമായവയെ ചിലര്‍ തന്നിഷ്ടംപോലെ വ്യാഖ്യാനിക്കുന്നതിനെ വിമര്‍ശിക്കുമ്പോഴും (2 പത്രോ 3:16) ലേഖന കര്‍ത്താവ് വചനവ്യാഖ്യാനത്തിന്‍റെ ആവശ്യകതമാത്രമല്ല വ്യാഖ്യാനത്തില്‍ അവശ്യം വേണ്ട ആധികാരികതയെക്കുറിച്ചുകൂടിയാണ് സാക്ഷ്യം നല്‍കുന്നത്.

  1. വചനവ്യാഖ്യാനത്തിലെ ആഭിമുഖ്യങ്ങള്‍

തന്നെ മനസ്സിലാക്കാനുള്ള മനുഷ്യബുദ്ധിയുടെ പരിമിതി മനസ്സിലാക്കിയ ദൈവംതന്നെ മനുഷ്യമക്കള്‍ക്കു വെളിപ്പെടുത്തിയതിന്‍റെ ലിഖിതരൂപമാണ് ബൈബിള്‍.  ഒരു സഹസ്രാബ്ദത്തിലേറെ കാലഘട്ടംകൊണ്ട് രൂപംകൊണ്ടതാകയാല്‍ ചരിത്രവും സംസ്കാരവും ഈ ദൈവാവിഷ്കരണത്തില്‍ സങ്കീര്‍ണ്ണമായി ഇഴ ചേര്‍ന്നിട്ടുണ്ട്. ഈ സങ്കീര്‍ണ്ണതകളെ സമഗ്രമായി മനസ്സിലാക്കുന്നതിലൂടെമാത്രമേ വി. ഗ്രന്ഥത്തെ യഥോചിതം വ്യാഖ്യാനിക്കാനാവൂ. വി.ഗ്രന്ഥ വ്യാഖ്യാനത്തിലുള്ള വ്യത്യാസം ക്രൈസ്തവ സഭകളില്‍ വിഭാഗീയതയ്ക്ക് കാരണമായിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളുടെയിടയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന പല വിഭാഗീയ ചിന്താഗതിക്കാരും (sects) വി. ഗ്രന്ഥത്തിന്‍റെ സ്വയംകൃത വ്യാഖ്യാനശൈലിയിലൂടെയാണ് ഞങ്ങളുടെ വാദഗതികള്‍ക്കും ആചാരരീതികള്‍ക്കും അടിത്തറ കണ്ടെത്താന്‍ ശ്രമിക്കുന്നത്.  വി. ഗ്രന്ഥത്തോട് വിശ്വാസികളുടെ ഇടയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന താല്പര്യത്തെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം വിഭാഗങ്ങള്‍ വേരുറപ്പിക്കുന്നത്.

നവോത്ഥാന കാലഘട്ടം  (Enlightment) വരെ വി. ഗ്രന്ഥവ്യാഖ്യാനം പൂര്‍ണ്ണമായും വിശ്വാസത്തിന്‍റെ വെളിച്ചത്തിലായിരുന്നു. മനുഷ്യബുദ്ധികൊണ്ടു തെളിയിക്കാന്‍ (Rationalism) കഴിയാത്തവയും മാനുഷിക ഇന്ദ്രിയങ്ങള്‍ക്ക് (Empiricicm) വിഷയീഭവിക്കാത്തവയും സങ്കല്പങ്ങളെന്ന വാദഗതി ശക്തിപ്പെട്ടപ്പോള്‍ വി. ഗ്രന്ഥത്തിന്‍റെ അപ്രമാദിത്വസ്വഭാവം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. മറ്റേതൊരു ഗ്രന്ഥത്തെയുംപോലെ വി. ഗ്രന്ഥത്തെയും വിശകലനവിധേയമാക്കേണ്ടതുണ്ട് എന്ന ചിന്തയുടെ ഫലമായി, സ്വതന്ത്ര പ്രൊട്ടസ്റ്റെന്‍റു വിഭാഗങ്ങളുടെ ഇടയില്‍ രൂപം കൊണ്ട ബൈബിള്‍ വ്യാഖ്യാനരീതിയാണ് ചരിത്രവിശകലന രീതി (Historical Critical Method). വി. ഗ്രന്ഥത്തിന്‍റെ  ഉത്ഭവത്തെയും വി. ഗ്രന്ഥത്തിലെ സാംസ്കാരിക സ്വാധീനങ്ങളെയും വസ്തുതാപരമായി അപഗ്രഥിക്കാന്‍ കഴിവുള്ള ശൈലി എന്ന നിലയില്‍ ഈ രീതി കാലാന്തരത്തില്‍ സാര്‍വ്വത്രിക അംഗീകാരം നേടി. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ Divino Afflante Spiritu എന്ന തിരുവെഴുത്തിലൂടെ കത്തോലിക്കാ സഭയും വി. ഗ്രന്ഥവ്യാഖ്യാനത്തിന് ആധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. വി. ഗ്രന്ഥപഠനത്തിന് ശാസ്ത്രീയവും ബൗദ്ധികവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ദൈവനിവേശിതമായ വി. ഗ്രന്ഥത്തെ വിശ്വാസത്തിന്‍റെ തലത്തില്‍നിന്ന് വേര്‍പെടുത്തുകയാണ് ചെയ്യുന്നത് എന്ന ചിന്താഗതി ദീര്‍ഘകാലമായി പല വിഭാഗങ്ങളിലും ശക്തമാണ്. വി. ഗ്രന്ഥം ദൈവാവിഷ്കരണമാകയാല്‍ അക്ഷരം പ്രതി അംഗീകരിക്കേണ്ടതുമാണ് എന്നതാണ് ഇക്കൂട്ടരുടെ വാദം. പക്ഷേ അപ്രമാദമായ ദൈവാവിഷ്കരണത്തെ പരിമിതമായ മനുഷ്യഭാഷയിലും സംസ്കാരത്തിലും രേഖപ്പെടുത്തിയിരിക്കുന്നതാണ് ബൈബിള്‍ എന്ന സത്യം ഇവര്‍ വിസ്മരിക്കുന്നു.  

പത്രോസിനോട് കടലിനുമീതെ നടന്നുവരാന്‍ ആവശ്യപ്പെട്ടത് ഈശോതന്നെയാണ് എന്നത് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. കര്‍ത്താവില്‍ വിശ്വസിക്കുകയും പത്രോസിന്‍റെ ശ്ലൈഹിക പിന്തുടര്‍ച്ചയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന കത്തോലിക്കര്‍ക്ക് എന്തുകൊണ്ട് വെള്ളത്തിനു മീതെ നടക്കാന്‍ കഴിയുന്നില്ല എന്ന് ചോദിക്കുന്നവരുമുണ്ട്.  വെള്ളത്തിനുമീതെ നടക്കാന്‍ പത്രോസിന് നല്‍കപ്പെട്ട അധികാരത്തില്‍ പങ്കുചേരാന്‍ കഴിയാത്ത കത്തോലിക്കര്‍ക്ക് പത്രോസിന് നല്‍കിയ പാപമോചനാധികാരത്തില്‍ പങ്കുചേരാന്‍ എങ്ങനെ കഴിയുന്നു എന്ന് ഇക്കൂട്ടര്‍ അധിക്ഷേപിക്കുന്നു. പ്രത്യക്ഷത്തില്‍ യുക്തിസഹം എന്നു തോന്നുന്ന ഇത്തരം വാദഗതികളില്‍ ആകൃഷ്ടരായി സത്യവിശ്വാസം ഉപേക്ഷിക്കാന്‍ പ്രേരിതരാവുന്ന കത്തോലിക്കരുണ്ട്.  വി. ഗ്രന്ഥത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം വിശ്വാസജീവിതത്തിലുയര്‍ത്താനിടയുള്ള വെല്ലുവിളികളെക്കുറിച്ച്  വിശ്വാസികള്‍ക്ക് അവബോധമുണ്ടാവേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

ദൈവവചനത്തെ സൂചിപ്പിക്കാന്‍ പുതിയനിയമഭാഷയായ ഗ്രീക്കില്‍ രണ്ടു പദങ്ങള്‍ ഉപയോഗിക്കാറുണ്ട്.  ലോഗോസ്, റേമ എന്നിവയാണവ. ദൈവവചനത്തിന്‍റെ സമഗ്രതയെ സൂചിപ്പിക്കുന്നതാണ് ലോഗോസ് എന്ന പദം.  "വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു" എന്ന് വി.യോഹന്നാന്‍ (1:14) പറയുമ്പോള്‍ ഉപയോഗിക്കുന്നത് ലോഗോസ് എന്ന ഗ്രീക്കുപദമാണ്. പ്രത്യേക സാഹചര്യത്തിനും സന്ദര്‍ഭത്തിനുമായി നല്‍പ്പെടുന്ന ദൈവവചനമാണ് റേമാ. "മനുഷ്യന്‍ ജീവിക്കേണ്ടത് അപ്പം കൊണ്ടുമാത്രമല്ല ദൈവത്തിന്‍റെ വചനം കൊണ്ടുകൂടിയാണ്" (മത്താ 4:4) എന്നു പറയുമ്പോള്‍ വി.മത്തായി ഉപയോഗിക്കുന്നത് റേമ എന്നാണ്.  ബൈബിളിലെ എല്ലാ ലിഖിത വചനങ്ങളും അവയുടെ അക്ഷരാര്‍ത്ഥത്തില്‍ എല്ലാ മനുഷ്യര്‍ക്കുമായി നല്‍കപ്പെട്ടതല്ല എന്നത് വ്യക്തമാണ്.  അല്ലായിരുന്നെങ്കില്‍ "കിടക്കയുമെടുത്തു നടക്കുക", "നീ സീലോഹായില്‍ കുളത്തില്‍ പോയി കഴുകുക" തുടങ്ങിയ കല്പനകള്‍ നാമും അനുസരിക്കേണ്ടതായി വരുമായിരുന്നു.  എന്നാല്‍ അവ നിശ്ചിതവ്യക്തികള്‍ക്ക് നിശ്ചിത സാഹചര്യത്തില്‍ നല്കപ്പെട്ട ദൈവവചന (റേമാ) മാണ്.  അവയെ സാര്‍വ്വത്രികവല്ക്കരിക്കുമ്പോള്‍ നാം അബദ്ധങ്ങളില്‍ ചെന്നുചേരാന്‍ സാധ്യതയുണ്ട്. പത്രോസിനോട് വെള്ളത്തിന് മീതെ നടക്കാന്‍ പറഞ്ഞത് പത്രോസിനായി മാത്രം നല്‍കപ്പെട്ട ദൈവവചന (റേമാ) മാണ്. എന്നാല്‍  പത്രോസിനും തുടര്‍ന്ന് അപ്പസ്തോലഗണത്തിനു മുഴുവനായി നല്‍കപ്പെടുന്ന പാപമോചനാധികാരത്തെ സംബന്ധിക്കുന്ന വചനം ലോഗോസ് ആണ്. വചന വിവരണത്തിന്‍റെ സന്ദര്‍ഭവും നല്‍കപ്പെടുന്ന വചനത്തന്‍റെ ഉള്ളടക്കവും (content) ആധാരമാക്കിയാണ് ഈ വ്യത്യാസം ഗ്രഹിക്കാന്‍ കഴിയുന്നത്. വചനവ്യാഖ്യാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ടതിനാണ് ഈ വേര്‍തിരിവ്.  ദൈവവചന വ്യാഖ്യാനത്തിലെ അടിസ്ഥാനപരമായ മറ്റൊരു പ്രത്യേകത അതിന്‍റെ സഭാത്മകമായ പാരമ്പര്യസ്വഭാവമാണ്.  വി. ഗ്രന്ഥത്തിലെ ലിഖിത വചനങ്ങളുടെ വ്യാഖ്യാനത്തിന് ഒരു പാരമ്പര്യമുണ്ട്.  ദൈവം നേരിട്ട് ബൈബിള്‍ രചിച്ച് മനുഷ്യന് നല്‍കിയതല്ല. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് സമൂഹ (ecclesia) ത്തിനാണ്. ബൈബിളല്ല മറിച്ച് ദൈവിക വെളിപാട് അനുസരിച്ച് രൂപീകരിക്കപ്പെട്ട സഭയാണ്  ആദ്യമുണ്ടായത്.  തങ്ങള്‍ക്ക് ലഭിച്ച ദൈവിക വെളിപാടുകളെ വിശ്വാസികളുടെ സമൂഹങ്ങള്‍ മനസ്സിലാക്കിയതിന്‍റെ ദൈവനിവേശിതമായ ലിഖിതാവിഷ്കാരമാണ് വി. ഗ്രന്ഥം.  ലിഖിതമായ ദൈവവചനങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാനായി അവ എഴുതപ്പെട്ടപ്പോള്‍ പ്രാഥമികമായി ലക്ഷ്യമാക്കിയിരുന്ന ആദിമവിശ്വാസിസമൂഹം അവയെ എപ്രകാരം മനസ്സിലാക്കി എന്നു ഗ്രഹിക്കാന്‍  ശ്രമിക്കണം.  ഉദാഹരണമായി, ഈശോ ശിഷ്യന്മാര്‍ക്ക് പാപം മോചിക്കാന്‍ അധികാരം നല്‍കുന്ന വചനഭാഗത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് കത്തോലിക്കരും ചില അകത്തോലിക്കാ വിഭാഗങ്ങളും തമ്മില്‍ അഭിപ്രായാന്തരമുണ്ട്. കത്തോലിക്കാ സഭ പ്രസ്തുത വചനഭാഗത്തെ കുമ്പസാരമെന്ന കൂദാശയുടെ അടിസ്ഥാനവചനമായാണ് സ്വീകരിക്കുന്നത്. മറ്റു ചില വിഭാഗങ്ങളാകട്ടെ കുമ്പസാരവും പ്രസ്തുത വചനവും തമ്മിലുള്ള ബന്ധത്തെ പാടേ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമാവേണ്ടത് പ്രസ്തുത വചനത്തെ ആദിമ ക്രൈസ്തവ സമൂഹം എപ്രകാരം മനസ്സിലാക്കി എന്നതാണ്. ഇതിനായി ബൈബിളിന് പുറത്തേക്കും നമ്മുടെ അന്വേഷണം വ്യാപിപ്പിക്കേണ്ടിവരും. ആദിമസഭയിലെ Didascalia Apostolorum എന്ന പുസ്തകത്തില്‍ ഈ വചനഭാഗത്തെ ആദിമ സഭ എപ്രകാരം മനസ്സിലാക്കി എന്നതിന് വ്യക്തമായ തെളിവുണ്ട്: "അല്ലയോ മെത്രാന്‍മാരേ... പാപമായവയെ ആധികാരികമായി വിധിക്കണം. കാരണം സുവിശേഷം അസന്ദിഗ്ദ്ധമായി പറയുന്ന പാപം മോചിക്കാനുള്ള അധികാരം നിങ്ങള്‍ക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ഭൂമിയില്‍ ബന്ധിക്കുന്നത് സ്വര്‍ഗ്ഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും എന്ന വാഗ്ദാനം നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതിനാല്‍ മെത്രാന്‍മാരായ നിങ്ങള്‍ പാപങ്ങള്‍ മോചിപ്പിക്കണം" (cfr. DA 40, 55, 96). ശ്ലൈഹികാധികാരത്തിലൂടെ പാപമോചനം നല്‍കുന്ന പതിവ് ആദിമസഭയിലുണ്ടായിരുന്നു എന്നും, പ്രസ്തുത പതിവിന് ആധാരമായി നിലകൊള്ളുന്നത് സുവിശേഷദത്തമായ 'കെട്ടാനും അഴിക്കാനുമുള്ള' അധികാരമാണെന്നും ഇതില്‍നിന്നു വ്യക്തമാണല്ലോ. വചനവ്യാഖ്യാനത്തിനായി ബൈബിളിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് എന്നത് ഈ ഉദാഹരണത്തില്‍നിന്ന് വ്യക്തമാണല്ലോ. ഒരു വചനഭാഗം രൂപംകൊണ്ട സമൂഹത്തിന്‍റെ ചരിത്രവും സംസ്കാരവും ആരാധനാക്രമരീതികളും വിശ്വാസസംഹിതികളും പ്രസ്തുത സമൂഹം അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികളുമെല്ലാം സമഗ്രതയില്‍ ഗ്രഹിക്കുമ്പോള്‍ മാത്രമേ വചനവ്യാഖ്യാനം പൂര്‍ണ്ണമാവുകയുള്ളൂ. 

ഒരു പദത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട് എന്നത് സുവിദിതമാണല്ലോ. ഇത്തരം നാനാര്‍ത്ഥങ്ങള്‍ക്കുപരിയായി ഒരു ഗ്രന്ഥം രചിക്കപ്പെടുന്ന സാമൂഹികചുറ്റുപാടുകളില്‍നിന്ന് തികച്ചും നൂതനമായ ഒരു അര്‍ത്ഥം ചില പദങ്ങള്‍ ആര്‍ജ്ജിക്കാറുണ്ട്. ഉദാഹരണമായി 'നായ' എന്ന പദത്തിന് ഒരു മൃഗം എന്ന സാമാന്യാര്‍ത്ഥത്തിനു പുറമേ, തിന്മ പ്രവര്‍ത്തിക്കുന്നവന്‍(ള്‍) വിശിഷ്യാ, സ്വവര്‍ഗ്ഗഭോഗി എന്ന ആര്‍ജ്ജിതാര്‍ത്ഥം കൂടി ചില വചനഭാഗങ്ങളില്‍ കാണാം (ഫിലി 3:2; വെളി 22:15). ഇത്തരം ആര്‍ജ്ജിതാര്‍ത്ഥങ്ങള്‍ സംസ്കാരവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.  ഇതു മനസ്സിലാക്കാത്തവര്‍ "നായ്ക്കള്‍ സ്വര്‍ഗ്ഗീയ ജറുസലേമില്‍ പ്രവേശിക്കില്ല" (വെളി 22:15) എന്ന വചനഭാഗത്തെ അടിസ്ഥാനമാക്കി, വി. ഗ്രന്ഥത്തില്‍ 'ജന്തുവിരോധം' ഉണ്ടെന്നും ബൈബിള്‍ പരിസ്ഥിതിവാദത്തിനു ഭീഷണിയാണെന്നും സമര്‍ത്ഥിക്കും.

ദൈവവചനത്തിലുപയോഗിക്കുന്ന പദങ്ങളുടെ വാച്യാര്‍ത്ഥ്യവും വ്യംഗ്യാര്‍ത്ഥവും (ദൈവശാസ്ത്രപരമായ അര്‍ത്ഥം) പരസ്പരാശ്രിതവും പരസ്പരബന്ധിതവുമാണ്. പ്രത്യക്ഷത്തില്‍ വാച്യാര്‍ത്ഥമാണു വിവക്ഷിക്കുന്നതെന്നു തോന്നാമെങ്കിലും അന്തിമ വിശകലനത്തില്‍ ദൈവശാസ്ത്രപരമായ അര്‍ത്ഥത്തിനാണ് പ്രാമാണ്യം കൈവരുന്നത്. "നിങ്ങള്‍ ഈ ദൈവാലയം തകര്‍ക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിത് പണിതുയര്‍ത്തും" (യോഹ 2:19) എന്ന ഈശോയുടെ വെല്ലുവിളി ദൈവാലയനാശം എന്ന ചരിത്രസംഭവത്തിലേക്ക് വിരല്‍ചൂണ്ടുന്നതോടൊപ്പം, തന്‍റെ ശരീരമാണ് (അഥവാ താന്‍ തന്നെയാണ്) ഇനിമേല്‍ യഥാര്‍ത്ഥ ദൈവാലയം എന്ന സത്യത്തെ അസന്ദിഗ്ദമായി പ്രഘോഷിക്കുന്നു.  ജറുസലേമിന്‍റെ നാശം എന്ന ചരിത്രസംഭവത്തെക്കുറിച്ച് അറിവുള്ളവനു മാത്രമേ, ദൈവശാസ്ത്രപരമായ അര്‍ത്ഥത്തെ വ്യവച്ഛേദിക്കാനാവൂ. അതുകൊണ്ടുതന്നെ വചനവ്യാഖ്യാനം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നവര്‍, വിശേഷിച്ചും വചനപ്രഘോഷകര്‍ അതിനായി ശരിയായ ഗൃഹപാഠം ചെയ്യാത്തതിന്‍റെ കുറവാണ് പലപ്പോഴും വചനപ്രഘോഷങ്ങളെ അബദ്ധപ്രബോധനങ്ങളാക്കി തരംതാഴ്ത്തുന്നത്.

 

ഡോ. ജോസഫ് പാംപ്ലാനി

Bible Interpretation Rev. Dr. Joseph Pamplany catholic malayalam bible ബൈബിള്‍ വ്യാഖ്യാനശാസ്ത്രം ബുക്ക് no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message