x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിള്‍: ദൈവനിവേശിത ഗ്രന്ഥം

Authored by : Rev. Dr. Joseph Pamplany On 23-May-2023

വി. ഗ്രന്ഥത്തിന്‍റെ ദൈവനിവേശിത സ്വഭാവത്തെക്കുറിച്ചാണ് ഈ അധ്യായത്തില്‍ നാം ചര്‍ച്ചചെയ്യുന്നത്. ഗ്രീക്കുഭാഷയില്‍ എപ്പിപ്നോയിയ (epipnoia) എന്നും ലത്തീന്‍ ഭാഷയില്‍ ഇന്‍സ്പിരാസിയോ (inspiratio) എന്നും (Eng-Inspiration) വിശേഷിപ്പിക്കുന്ന പദമാണ് "ദൈവനിവേശനം" എന്ന് മലയാളത്തില്‍ അറിയപ്പെടുന്നത്. മൂലഭാഷാപദവുമായി താരതമ്യം ചെയ്യുമ്പോള്‍ "ദൈവനിശ്വസനം" എന്ന പദവും ഈ ആശയത്തെ സൂചിപ്പിക്കാന്‍ മലയാളത്തില്‍ ഉപയോഗിക്കാറുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന പദമെന്ന നിലയില്‍ "ദൈവനിവേശനം" എന്ന പദംതന്നെയാണ് ഈ പുസ്തകത്തില്‍ ഉപയോഗിക്കുന്നത്. "ദൈവനിശ്വസനം" എന്ന പദം ഗ്രീക്കുഭാഷയിലെ എന്‍ഫുസാവോ (enphusao) എന്ന ക്രിയയുടെ നാമരൂപമാണ്. ആദിമനുഷ്യനായ ആദത്തിനു ജീവന്‍ നല്‍കാനായി ദൈവം അവന്‍റെ നാസാരന്ധ്രങ്ങളില്‍ ഊതുന്നതിനെ വിശേഷിപ്പിക്കാനാണ് ഈ ക്രിയാരൂപം പഴയനിയമത്തില്‍ ഉപയോഗിക്കുന്നത് (ഉല്‍പ 2:7). പുതിയനിയമത്തില്‍ പൗരോഹിത്യ സ്ഥാപനത്തെ സൂചിപ്പിക്കുന്ന യോഹ 20:22 ലും ഇതേ ക്രിയ തന്നെ ഉപയോഗിക്കുന്നുണ്ട്. ദൈവനിശ്വസനം എന്ന പദം മനുഷ്യസൃഷ്ടിയും പൗരോഹിത്യവുമായി ബന്ധപ്പെട്ടതാകയാലും വിശുദ്ധഗ്രന്ഥത്തിന്‍റെ ദൈവനിവേശിത സ്വഭാവം ഇവയില്‍നിന്ന് ആശയപരമായി വ്യത്യസ്തമാകയാലും ദൈവനിവേശനം എന്ന പദംതന്നെ ഈ പുസ്തകത്തില്‍ നിലനിര്‍ത്തുന്നു.

യഹൂദചരിത്രകാരനായ ഫ്ളാവിയൂസ് ജോസേഫൂസിന്‍റെ (AD 3795) രചനയിലാണ് ദൈവനിവേശനം എന്നര്‍ത്ഥമുള്ള എപിപ്നോയിയ (epipnoia) എന്ന പദം ആദ്യമായി നാം കാണുന്നത് (Contra Apion, I.8). യഹൂദ ബൈബിളിലെ 22 പുസ്തകങ്ങള്‍ രചിക്കപ്പെട്ട രീതിയെ വിശദീകരിക്കുമ്പോഴാണ് ജോസേഫൂസ് ഈ പദം ഉപയോഗിക്കുന്നത്. വി. ഗ്രന്ഥമെല്ലാം ദൈവനിവേശിതമാണ് (theopneustos) എന്ന യഹൂദവിശ്വാസം (2 തിമോ 2:16) പുതിയനിയമവും അനുസ്മരിക്കുന്നു (പത്രോ 1:20, 21).

വി. ഗ്രന്ഥമെല്ലാം ദൈവനിവേശിതമാണ് എന്നത് സഭയുടെ വിശ്വാസസത്യമാണ് (Denzinger, Enchiridion, n.1787, 1809).

വി. ഗ്രന്ഥരചയിതാക്കളെ തങ്ങളുടെ രചനയില്‍ ദൈവം സഹായിച്ച രീതിയെയാണ് ദൈവനിവേശനം (Divine Inspiration) എന്നു വിളിക്കുന്നത്. കത്തോലിക്കാ കാഴ്ചപ്പാടില്‍ ദൈവനിവേശനം എന്ന ആശയത്തില്‍ നാലു വസ്തുതകള്‍ അടങ്ങിയിരിക്കുന്നു.

  1. വി. ഗ്രന്ഥപുസ്തകങ്ങളുടെ രചനയില്‍ പരിശുദ്ധാത്മാവിന്‍റെ വ്യക്തമായ പ്രചോദനം രചയിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
  2. ദൈവാത്മാവിന്‍റെ പ്രചോദനത്താല്‍ എഴുതപ്പെട്ടതിനാല്‍ ദൈവം ആഗ്രഹിച്ചവ മാത്രമേ വി. ഗ്രന്ഥത്തിലുള്ളു.
  3. ദൈവികമായ വിഷയങ്ങളിലെ പ്രബോധനങ്ങളില്‍ വി. ഗ്രന്ഥത്തിനു തെറ്റുപറ്റുകയില്ല.
  4. വി. ഗ്രന്ഥരചയിതാക്കളുടെ തനതു ഭാഷാശൈലിയും ദൈവശാസ്ത്രവിചിന്തനങ്ങളും അവരുടെ രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്.

മേല്‍ പ്രസ്താവിച്ച വസ്തുതകളുടെ വെളിച്ചത്തില്‍, മാനുഷികമായ രീതിയിലും വാക്കുകളിലും, ദൈവാത്മാവിന്‍റെ പ്രചോദനത്താല്‍ എഴുതപ്പെടുകയും അപ്രകാരം എഴുതപ്പെട്ട തിരുലിഖിതങ്ങളെ ദൈവികവെളിപാടുകളുടെയെല്ലാം മാനദണ്ഡമാക്കി മാറ്റുകയും ചെയ്ത ദൈവിക പ്രവൃത്തിയാണ് ദൈവനിവേശനം. ഗ്രന്ഥകാരന്‍ എഴുതിയ മൂലകൃതിക്കാണ് ദൈവനിവേശനസ്വഭാവമുള്ളത്. പകര്‍ത്തിയെഴുതിയവയോ വിവര്‍ത്തനം ചെയ്യപ്പെട്ടവയോ ദൈവനിവേശിതമല്ല. അവയുടെ ആധികാരികതയ്ക്കുള്ള ഏക മാനദണ്ഡം മൂലകൃതിയോടുള്ള വിശ്വസ്തതയാണ്. മൂലകൃതിയോടു വിശ്വസ്തത പാലിച്ചിട്ടുള്ളതിനാല്‍ ഒരു വിവര്‍ത്തനം ആധികാരികമാണ് എന്ന സഭയുടെ അംഗീകാരം (Imprimatur) ലഭിച്ചിട്ടുള്ള വിവര്‍ത്തനങ്ങള്‍ മാത്രമേ ഔദ്യോഗിക വിവര്‍ത്തനങ്ങളായി പരിഗണിക്കാവൂ. തന്മൂലമാണ് സഭ അംഗീകരിച്ച വിവര്‍ത്തനങ്ങള്‍ മാത്രമേ വിശ്വാസികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നു പറയുന്നത്.

തിരുലിഖിതങ്ങളുടെ ദൈവനിവേശനം എന്ന കാഴ്ചപ്പാടിനു പിന്നിലെ യുക്തിയെ ഇപ്രകാരം വിശദീകരിക്കാം. ദൈവം സത്യവാനാണ് (ജറെ 10:10; യോഹ 1:14; 14:6; 17:3). അതിനാല്‍ അവിടുന്ന് സത്യമേ പറയൂ, വ്യാജം പറയില്ല (സംഖ്യ 23:19; 1 സാമു 15:29; തീത്തോ 1:2; റോമ 3:3-4). അതിനാല്‍ ദൈവനിവേശിതമായ വചനങ്ങളെല്ലാം സത്യമാണ് (യോഹ 17:14, 17; സങ്കീ 119:142, 151, 160; വെളി 21:5; 22:6).

ദൈവനിവേശനത്തെക്കുറിച്ച് ബൈബിള്‍

2 പത്രോ 1:21 ല്‍ ഇപ്രകാരം വായിക്കുന്നു: "പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയില്‍ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്". "പ്രചോദിതരായി" എന്ന അര്‍ത്ഥത്തില്‍ പി.ഒ.സി. ബൈബിള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഫറോ (Phero) എന്ന ക്രിയയാണ്. ഇതേ ക്രിയ അപ്പ 27:15-17 ല്‍ ഉപയോഗിച്ചിട്ടുണ്ട്. കൊടുങ്കാറ്റില്‍ പെട്ടുപോയ തങ്ങളുടെ കപ്പലിന്‍റെ യാത്രയെക്കുറിച്ച് പൗലോസ് പറയുന്നു: "കാറ്റിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല; ഞങ്ങള്‍ കാറ്റിനു വഴങ്ങി; അതിന്‍റെ ഗതിക്കു തന്നെ പോയി." കാറ്റിന്‍റെ ശക്തിക്കു കീഴ്വഴങ്ങി കാറ്റിന്‍റെ ഗതിയേ പോകുന്ന പ്രക്രിയ തന്നെയാണ് ദൈവനിവേശനത്തിലും സംഭവിക്കുന്നത്. കപ്പലിന്‍റെ അമരത്തിരിക്കുന്നത് നാവികരാണെങ്കിലും കപ്പലിന്‍റെ യഥാര്‍ത്ഥ നിയന്ത്രണം നിര്‍വ്വഹിച്ചത് കൊടുങ്കാറ്റായിരുന്നതുപോലെ മാനുഷികമായ എഴുത്തുകാരെ ദൈവം പ്രചോദിപ്പിച്ച് തന്‍റെ ഹിതാനുസൃതം എഴുതിക്കുന്നു എന്നാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്.

ദൈവനിവേശന സ്വഭാവത്തെക്കുറിച്ച്, പഴയനിയമത്തില്‍ നിന്നുള്ള ഏതാനും സൂചനകള്‍ ചുവടെ ചേര്‍ക്കുന്നു:

തന്നിലൂടെ സംസാരിച്ചത് പരിശുദ്ധാത്മാവാണ് എന്ന് സങ്കീര്‍ത്തകനായ ദാവീദ് ഏറ്റുപറയുന്നുണ്ട് (2 സാമു 23:2-3). പഴയനിയമവചനങ്ങളെ പരിശുദ്ധാത്മാവിന്‍റെ വചനങ്ങളായി പുതിയനിയമം പലവുരു അവതരിപ്പിക്കുന്നുണ്ട്:

*       സങ്കീര്‍ത്തകന്‍ പറഞ്ഞ വചനത്തെ (95:7) പരിശുദ്ധാത്മാവു പറഞ്ഞ വചനമായി ഹെബ്രായലേഖനകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നു (ഹെബ്രാ 3:7).

*      സങ്കീ 45:6 നെ ഹെബ്രാ 1:8 ലും സങ്കീ 102:25, 27 നെ ഹെബ്രാ 1:10-12 ലും പരിശുദ്ധാത്മാവിന്‍റെ വചനമായി അവതരിപ്പിക്കുന്നുണ്ട്.

*      ഏശയ്യായുടെ പ്രവചനത്തെ (7:14) പ്രവാചകനിലൂടെയുള്ള ദൈവത്തിന്‍റെ അരുളപ്പാടായാണ് വി. മത്തായി അവതരിപ്പിക്കുന്നത് (മത്താ 1:22-23). ഹോസി 11:1 നെ തന്‍റെ സുവിശേഷത്തില്‍ കര്‍ത്താവിന്‍റെ വചനമായാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത് (മത്താ 2:1).

*       ജോബ് 5:13 ലെ എലിഫാസിന്‍റെ വചനത്തെയും ദൈവവചനമായിട്ടാണ് പൗലോസ് അവതരിപ്പിക്കുന്നത് (1 കോറി 3:19).

*         യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെക്കുറിച്ചുള്ള പഴയനിയമ സൂചന (സങ്കീ 41:9) പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലുള്ള പ്രവചനമായിട്ടാണ് പുതിയനിയമം വ്യാഖ്യാനിക്കുന്നത് (അപ്പ 1:16).

തിമോത്തി 3:16: ദൈവനിവേശനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികപരാമര്‍ശമായിപരിഗണിക്കപ്പെടുന്ന വചനമാണിത്.

"വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു" (3:16). വിശുദ്ധ ഗ്രന്ഥമെല്ലാം എന്നതിലൂടെ പഴയനിയമഗ്രന്ഥങ്ങളെ മാത്രമാണ് വി.പൗലോസ് ദൈവനിവേശിത ഗ്രന്ഥങ്ങളായി കരുതുന്നത് എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ പുതിയനിയമഗ്രന്ഥങ്ങളെയും പൗലോസ് ഇവിടെ വിവക്ഷിക്കുന്നുണ്ടെന്നതിന് രണ്ടു തെളിവുകളെങ്കിലും നമുക്കു ചൂണ്ടിക്കാണിക്കാനാവും - ഒന്നാമതായി, വി. ലൂക്കായുടെ സുവിശേഷത്തിന്‍റെ പിന്നിലുള്ള ഒരു വാക്യം ഉദ്ധരിക്കുമ്പോള്‍ (ലൂക്കാ 10:7) അതിനെ വി. ലിഖിതമായാണ് പൗലോസ് വ്യാഖ്യാനിക്കുന്നത് (1 തിമോ 5:18). രണ്ടാമതായി, 2 പത്രോ 3:16 ല്‍ പൗലോസിന്‍റെ ലേഖനങ്ങളെ വി. ലിഖിതങ്ങളായി വ്യാഖ്യാനിക്കുന്നുണ്ട്. തന്മൂലം വി. ലിഖിതങ്ങള്‍ എന്ന് വി. പൗലോസ് പറയുമ്പോള്‍ പഴയനിയമഗ്രന്ഥങ്ങളോടൊപ്പം അതുവരെ എഴുതപ്പെട്ടിട്ടുള്ള പുതിയ നിയമഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്നതായി അനുമാനിക്കാം. പുതിയനിയമഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട് ഏറെകഴിയും മുമ്പേ അവ തിരുലിഖിതങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു എന്നു വ്യക്തം.

തന്‍റെ പ്രബോധനങ്ങള്‍ ദൈവാത്മാവിനാല്‍ പ്രചോദിതമായി നല്‍കപ്പെടുന്നതാണെന്ന് വി. പൗലോസ് ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്.

1 കോറി 2:13 -     മാനുഷികജ്ഞാനത്താലല്ല പരിശുദ്ധാത്മാവിന്‍റെ   പ്രബോധനത്താല്‍....

1 കോറി 14:37     - പ്രവാചകനാണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവന്‍ കര്‍ത്താവിന്‍റെ കല്‍പന അനുസരിച്ച് പ്രബോധിപ്പിക്കട്ടെ.             

1 തെസ്സ 2:13   -    ഞങ്ങള്‍ പറഞ്ഞ വചനങ്ങളെ ദൈവത്തിന്‍റെ സത്യവചനമായാണ് നിങ്ങള്‍ സ്വീകരിച്ചത്.

ഗലാ 1:8, 9       -   ഞാന്‍ പറഞ്ഞതിനു വിരുദ്ധമായ സുവിശേഷം പറയുന്നവന്‍ ശപിക്കപ്പെട്ടവനാണ്.

2 കോറി 13:3 -    ഞാനല്ല ക്രിസ്തുവാണ് സംസാരിക്കുന്നത്.

ഗലാ 1:12         -  മനുഷ്യരില്‍ നിന്നല്ല; ദൈവിക വെളിപാടിനാലാണ് ഞാന്‍ വചനം സ്വീകരിച്ചത്.

വി. ഗ്രന്ഥകാരന്മാര്‍ക്ക് തങ്ങള്‍ പറയുന്നവയും എഴുതുന്നവയും ദൈവത്തിന്‍റെ വചനമായിരുന്നു എന്ന ബോധ്യമുണ്ടായിരുന്നു എന്നു വ്യക്തമാക്കാനാണ് മേല്‍സൂചിപ്പിച്ച വചനങ്ങള്‍ ഉദാഹരിച്ചത്.

 

ദൈവനിവേശനത്തെ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങള്‍

സഭയുടെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ ദൈവനിവേശനത്തെ മനസ്സിലാക്കാന്‍ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പ്രസക്തമായ ഏതാനും സിദ്ധാന്തങ്ങള്‍ മാത്രം ചുവടെ ചേര്‍ക്കുന്നു:

  1. ദൈവാവേശന സിദ്ധാന്തം (Possession Theory)

അലക്സാണ്ട്രിയായിലെ ഫിലോ (BC 20 -AD 40) ആണ് ഈ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് (cf. Oxford Companion to the Bible, p.31). മനുഷ്യവ്യക്തിയില്‍ ദൈവം ആവേശിക്കുന്നതിന്‍റെ ഫലമായി വ്യക്തിയുടെ നൈസര്‍ഗ്ഗികമായ ചിന്തകളും ഭാവനകളും രചനാരീതികളും നഷ്ടമാവുകയും പകരം ദൈവികമായ ചിന്തകളും ഭാവനകളും പരിശുദ്ധാത്മ രചനാവൈഭവവും ലഭിക്കുകയും ചെയ്യുന്നു. വി. ലിഖിതങ്ങളുടെ രചനയില്‍ മാനുഷികമായവയ്ക്കൊന്നും സ്ഥാനമില്ലെന്നും അക്ഷരശ്ശഃ അവ ദൈവത്തിന്‍റെ രചനയാണെന്നും ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു. (De vita moysi 3.23) ഏറെക്കാലം സഭയില്‍ പ്രചാരത്തിലിരുന്നെങ്കിലും ഈ സിദ്ധാന്തം കാലാന്തരത്തില്‍ പിന്തള്ളപ്പെട്ടു.

  1. കേട്ടെഴുത്ത് സിദ്ധാന്തം (Dictation Theory)

തിരുലിഖിതത്തില്‍ രേഖപ്പെടുത്തേണ്ടവയെക്കുറിച്ച് എല്ലാം പരിശുദ്ധാത്മാവ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു എന്നും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ ദൈവാത്മാവ് മാനുഷികരചയിതാക്കള്‍ക്ക് അവ പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു എന്നും ഈ സിദ്ധാന്തം അനുമാനിക്കുന്നു. മേലുദ്യോഗസ്ഥന്‍ ഓഫീസ് സെക്രട്ടറിമാരെ തന്‍റെ എഴുത്തുകാരായി പ്രയോജനപ്പെടുത്തുന്നതുപോലെ പരിശുദ്ധാത്മാവ് മാനുഷികരചയിതാക്കളെ തിരുലിഖിതരചനയ്ക്ക് ഉപയോഗപ്പെടുത്തി എന്നതാണ് ഈ സിദ്ധാന്തം. വി. ഗ്രന്ഥത്തിലെ വള്ളിയും പുളളിയും കുത്തും കോമായും പോലും പരിശുദ്ധാത്മാവിന്‍റെ മുന്‍ നിശ്ചയപ്രകാരമാണെന്നും മാനുഷികതയുടെ അംശം അവയിലില്ലെന്നും അനുമാനിക്കുന്ന ഈ സിദ്ധാന്തം ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ (1868-1870) നിഗമനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട് (cfr. J. Ramsey, The Scripture Contains,Tx,P. 121).

ഈ വാദഗതിയും കാലാന്തരത്തില്‍ കാലഹരണപ്പെടുകയാണുണ്ടായത്. ഭാഷാശൈലിയിലും ദൈവശാസ്ത്രവിചിന്തനത്തിലും വ്യത്യസ്ത പുസ്തകങ്ങളില്‍ വൈവിധ്യമുള്ളതു തന്നെ ഈ സിദ്ധാന്തത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. ഉദാഹരണമായി, മൂലഭാഷയായ ഗ്രീക്കില്‍ വായിക്കുമ്പോള്‍ പൗലോസിന്‍റെ രചനകള്‍ ശക്തവും സാഹിത്യഭംഗിയുമുള്ളതുമായ ക്ലാസ്സിക്കല്‍ ഗ്രീക്കു ശൈലിയിലുള്ളതാണെങ്കില്‍ മര്‍ക്കോസിന്‍റെ രചനയാകട്ടെ ഹ്രസ്വമായ വാക്യങ്ങള്‍ ചേര്‍ത്തുവച്ച സാധാരണശൈലിയിലാണ്. രചയിതാക്കളുടെ വ്യക്തിപരമായ സാഹിത്യഗുണനിലവാരം അവരുടെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

  1. തെറ്റാവര സിദ്ധാന്തം (Negative Assistance Theory)

ഷാക് ബോനേഫര്‍ (1573-1642) ആവിഷ്കരിച്ച ഈ സിദ്ധാന്തം ആദ്യരണ്ടു സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമാണ്. ആദ്യ രണ്ടു സിദ്ധാന്തങ്ങളും രചനയുടെ ദൈവികമാനത്തിന് അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഈ സിദ്ധാന്തം മാനുഷിക രചയിതാക്കളുടെ ക്രിയാത്മകമായ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നു. ഈ സിദ്ധാന്തമനുസരിച്ച് വിശുദ്ധഗ്രന്ഥത്തിലുള്ളവയെല്ലാം മാനുഷികരചയിതാക്കളുടെ ചിന്തകളും ശൈലികളും വാക്കുകളുമാണ്. അവരുടെ ചിന്തകളും ആഖ്യാനങ്ങളും തെറ്റിപ്പോകാതിരിക്കാന്‍ പരിശുദ്ധാത്മാവ് അവരെ നിരന്തരം സഹായിച്ചിരുന്നു. ഈ സിദ്ധാന്തപ്രകാരം ദൈവനിവേശനം എന്നത് തെറ്റ് ഒഴിവാക്കുക എന്ന ഋണാത്മക (negative) അര്‍ത്ഥത്തില്‍ മാത്രമേയുള്ളു. നവീന യാഥാസ്ഥിതിക ദൈവനിവേശന സിദ്ധാന്തം (Neo-Orthodox theory of Inspiration) എന്ന പേരില്‍ ആധുനിക കാലഘട്ടത്തിലും ഈ സിദ്ധാന്തത്തിനു പ്രണേതാക്കളുണ്ട്.

  1. കത്തോലിക്കാസിദ്ധാന്തം

കത്തോലിക്കാസഭ ദൈവനിവേശന സ്വഭാവത്തെക്കുറിച്ച് കാലാകാലങ്ങളില്‍ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ദൈവികവെളിപാട് തെറ്റില്ലാതെ രേഖപ്പെടുത്തി എന്ന വിശ്വാസമാണ് ദൈവനിവേശനം എന്ന് സഭ പഠിപ്പിക്കുന്നു  (I Vatican,SessionIII,De fide, cap II, Denz.n. 1787). സര്‍വ്വപരിപാലകനായ ദൈവം (Providentissimus Deus) എന്ന ചാക്രികലേഖനത്തില്‍ ലെയോ XIII-ാം മാര്‍പാപ്പ ദൈവനിവേശനത്തെ നിര്‍വ്വചിക്കുന്നത് ഇപ്രകാരമാണ്.

"പരിശുദ്ധാത്മാവ് തന്‍റെ അതിസ്വാഭാവിക ശക്തിയാല്‍ വി. ഗ്രന്ഥരചയിതാക്കളെ പ്രചോദിപ്പിക്കുകയും പരിവര്‍ത്തനപ്പെടുത്തുകയും ദൈവാത്മാവിന്‍റെ നിയോഗങ്ങളെ കലര്‍പ്പില്ലാതെയും കുറവുകൂടാതെയും മനസ്സിലാക്കാനും രേഖപ്പെടുത്താനും സഹായിക്കുകയും ചെയ്തു. ഈ രേഖപ്പെടുത്തലാകട്ടെ ദൈവം ആഗ്രഹിച്ച വാക്കുകളിലും ശൈലിയിലുമായിരുന്നു. തന്മൂലം നിത്യസത്യങ്ങളടങ്ങിയ വി. ഗ്രന്ഥത്തിന്‍റെ രചയിതാവ് ദൈവമാണെന്ന് വ്യക്തമായും പറയാനാകും."

പരി. ത്രിത്വത്തിലെ പരിശുദ്ധാത്മാവായ ദൈവമാണ് ദൈവനിവേശനപ്രക്രിയയിലെ നിയതമായ കര്‍ത്താവ്. ദൈവനിവേശനത്തെക്കുറിച്ചുള്ള കത്തോലിക്കാകാഴ്ചപ്പാടിന്‍റെ പ്രത്യേകതകള്‍ ചുരുക്കി വിവരിക്കാം.

  1. വി. ഗ്രന്ഥരചയിതാവായി പരി. ആത്മാവ് തിരഞ്ഞെടുക്കുന്ന വ്യക്തികളെ ആത്മാവ് സ്വാധീനിക്കുന്നു. തല്‍ഫലമായി വ്യക്തിയുടെ ചിന്താശക്തി ആത്മാവിന്‍റെ പ്രചോദനങ്ങള്‍ക്ക് അനുരൂപമാകുന്നു. തന്മൂലം അവരുടെ ചിന്താശക്തിയുടെ ആത്യന്തിക ഉറവിടം തങ്ങളല്ല ദൈവാത്മാവാണ് എന്ന ഉള്‍ക്കാഴ്ച അവര്‍ക്കു ലഭിക്കുന്നു. (St.Augustine,De Gen.ad  litt. II-xvii-37; St. Thomas,ST.II-II Q.Clxxi, a.5; Q.cxxiii, a-4). എന്നാല്‍, ദൈവനിവേശനം എന്നത് അതീന്ദ്രിയ അനുഭവമോ (ecstacy) ദൈവാവേശനമോ (possession) അല്ല. അലക്സാണ്ട്രിയായിലെ ഫിലോയും സഭാപിതാക്കന്മാരായ അത്തനാഗോറസ്, അന്ത്യോക്യായിലെ തെയോഫിലോസ്, വി. ജസ്റ്റിന്‍ തുടങ്ങിയവര്‍ ദൈവനിവേശനത്തെ ദൈവം ആവേശിച്ച (possession) അനുഭവമായാണ് വിശദീകരിച്ചത്. മൊണ്ടാനിസ്റ്റ് പാഷണ്ഡത ഈ ആശയത്തെകൂട്ടുപിടിച്ച് വി. ഗ്രന്ഥരചയിതാക്കള്‍ക്ക് വി. ഗ്രന്ഥരചനയില്‍ ക്രിയാത്മകമായ യാതൊരു പങ്കാളിത്തവുമില്ലായിരുന്നു എന്നു വാദിച്ചു. ഈ വാദഗതിയെ കത്തോലിക്കാസഭ തള്ളിക്കളഞ്ഞു. പരിശുദ്ധാത്മപ്രചോദനം ലഭിക്കുന്ന അവസരത്തിലും പ്രസ്തുത രചയിതാക്കളുടെ ബുദ്ധിയും മറ്റു നൈസര്‍ഗ്ഗികകഴിവുകളും മാറ്റമില്ലാതെ തുടര്‍ന്നു എന്നും തങ്ങള്‍ എഴുതുന്നവയെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു എന്നും സഭ പഠിപ്പിക്കുന്നു.
  2. വി. ഗ്രന്ഥത്തിന്‍റെ മുഖ്യരചയിതാവ് (principal cause) ദൈവമാണ്. എന്നാല്‍ ദൈവനിവേശനം ലഭിച്ച മാനുഷികരചയിതാവിന് തന്‍റെ വ്യക്തിപരമായ ഗവേഷണവും വിചിന്തനവും ക്രമീകരണവും നടത്താനുള്ള അവകാശം ദൈവം അനുവദിച്ചിട്ടുണ്ട്. ലൂക്കാ 1:3-4 ല്‍ പറയുന്നതനുസരിച്ച്, "എല്ലാ കാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി." ദൈവനിവേശനം ലഭിച്ച വ്യക്തി കേവലം ദൈവകരങ്ങളിലെ പാവയോ പേനയോ മാത്രമല്ല എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ. തന്മൂലം രചനയിലെ പരാധീനതകള്‍ മാനുഷികരചയിതാവിന്‍റെ പരാധീനതകള്‍ തന്നെയായി അവശേഷിക്കുന്നു. ദൈവനിവേശനത്തിലൂടെ രചയിതാവിന് ദൈവിക ചിന്തയുടെ ദിശാബോധം ലഭിക്കുകയാണു ചെയ്യുന്നത്. ദൈവനിവേശനത്തെ "ബൗദ്ധികചലനത്തിനായുള്ള ദൈവികപ്രകാശനം" എന്ന് വി. അക്വിനാസ് വിശേഷിപ്പിക്കുന്നത് ഈ അര്‍ത്ഥത്തിലാണ് (ST II-II Q.clxxi, a.2). ബൗദ്ധികതലത്തില്‍ ദൈവപ്രചോദനം ലഭിച്ച വ്യക്തി ദൈവികവെളിപാടിന്‍റെ വിവിധതലങ്ങളെയും ഉറവിടങ്ങളെയും പാരമ്പര്യങ്ങളെയും വിലയിരുത്തി ദൈവാവിഷ്കാരത്തിന് ലിഖിത രൂപം നല്‍കുന്ന പ്രക്രിയയാണ് ദൈവനിവേശനം.
  3. ദൈവനിവേശിതമായി എഴുതപ്പെട്ട ഗ്രന്ഥത്തിന് സാര്‍വ്വത്രിക സഭയുടെ അംഗീകാരം ലഭിക്കുമ്പോഴാണ് ദൈവനിവേശനം പൂര്‍ണ്ണമാകുന്നത്. വി. ഗ്രന്ഥ രചനയ്ക്കായി വ്യക്തിയെ പ്രചോദിപ്പിച്ച ദൈവാത്മാവുതന്നെ പ്രസ്തുത രചനയിലെ ദൈവനിവേശിത സ്വഭാവത്തെ കണ്ടെത്താന്‍ പ്രസ്തുതഗ്രന്ഥം വായിക്കുന്ന വിശ്വാസികളുടെ സമൂഹത്തെ (സഭയെ) പ്രചോദിപ്പിക്കുന്നു. ദൈവനിവേശനത്തിന്‍റെ ഈ സഭാത്മകമാനം ഇല്ലെങ്കില്‍ ദൈവനിവേശിതഗ്രന്ഥങ്ങള്‍ കേവലം വ്യക്തിപരമായ വെളിപാടുകള്‍ മാത്രമായി നിലകൊള്ളുന്നു. ദൈവികപ്രചോദനമനുസരിച്ച് എഴുതപ്പെട്ടവയെന്ന് അവകാശപ്പെടുന്നവയും കരുതപ്പെടാവുന്നവയുമായ പല ഗ്രന്ഥങ്ങളും കാനോനികഗ്രന്ഥങ്ങളാകാത്തതിന്‍റെ കാരണം ദൈവനിവേശനത്തിന്‍റെ സഭാത്മകമാനത്തിന്‍റെ അഭാവമാണ്. സകലവിശ്വാസികള്‍ക്കും പ്രയോജനകരമെന്ന് ദൈവാത്മാവ് സഭയെ പ്രചോദിപ്പിക്കുമ്പോഴാണ് ദൈവനിവേശനം പൂര്‍ണ്ണവും കാനോനികവും സഭാത്മകവുമാകുന്നത്.
  4. ദൈവനിവേശനം വിശ്വാസം, സന്മാര്‍ഗ്ഗം എന്നീ വിഷയങ്ങളില്‍ മാത്രമേ ഉള്ളൂ എന്നും ചരിത്രം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ വി. ഗ്രന്ഥകാരനു ദൈവനിവേശനമില്ലെന്നും വാദിക്കുന്ന അനേകം ദൈവശാസ്ത്രജ്ഞന്മാരുണ്ട് (ഹോള്‍ഡന്‍, റോളിംഗ്, ലെനോര്‍മ, ദെ ബാര്‍ത്തോ). പാരീസിലെ കത്തോലിക്കാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റെക്ടറായിരുന്ന മോണ്‍. ദെ ഹുള്‍സ്റ്റ് 1893 ജനുവരി 25 ലെ Le Correspondant എന്ന പ്രസിദ്ധീകരണത്തില്‍ ഈ ആശയം പ്രസിദ്ധം ചെയ്തു. ഇതിനു മറുപടിയായി, അതേവര്‍ഷം പുറത്തിറങ്ങിയ ചാക്രികലേഖനത്തില്‍ (Providentissimus Deus) വി. ഗ്രന്ഥത്തിന്‍റെ ദൈവനിവേശനസ്വഭാവം സമഗ്രമാണെന്ന് സഭ പഠിപ്പിച്ചു:

"വി. ഗ്രന്ഥത്തിന്‍റെ നിയതമായ ചിലഭാഗങ്ങള്‍ക്കുമാത്രമേ ദൈവനിവേശന സ്വഭാവമുള്ളൂ എന്ന വാദം അബദ്ധമാണ്. വിശ്വാസം, സദാചാരം എന്നീ വിഷയങ്ങളില്‍ മാത്രമേ ദൈവനിവേശനമുള്ളൂ എന്നു പറയുന്നത് തെറ്റാണ്. കൂടാതെ ദൈവം പറഞ്ഞ വചനത്തിലല്ല പ്രസ്തുത വചനം പറയാന്‍ പ്രേരകമായ പ്രചോദനത്തിനാണ് ദൈവനിവേശനമുള്ളത് എന്നു പറയുന്നതും തെറ്റായ പ്രബോധനമാണ്" (Denz. 1950). വി. ലിഖിതങ്ങള്‍ ഒരേസമയം പൂര്‍ണ്ണമായും മനുഷ്യരചനയും പൂര്‍ണ്ണമായും ദൈവികരചനയുമാണ് എന്നുപറയുന്നതാണ് കൂടുതല്‍ അഭികാമ്യം. പൂര്‍ണ്ണദൈവമായ ക്രിസ്തു പൂര്‍ണ്ണമനുഷ്യനായിരിക്കുന്ന ദൈവികരഹസ്യത്തിനു (Hypostatic union) സമാനമായ ഒരു രഹസ്യമാണിത്. മാനുഷിക രചയിതാവ് ദൈവികരചയിതാവിന്‍റെ ക്രിയാത്മകമായ ഉപകരണമാണ്.

ദൈവനിവേശനം: പ്രൊട്ടസ്റ്റന്‍റു വീക്ഷണത്തില്‍

വിശ്വാസത്തിന്‍റെ ഏക മാനദണ്ഡം ബൈബിള്‍ മാത്രമാണെന്ന ചിന്ത (Sola Scriptura) പ്രൊട്ടസ്റ്റന്‍റു സഭകളുടെ മുഖമുദ്രയാണ്. ബൈബിളിനോടുള്ള ആദരവ് ഒരു തരം വി. ഗ്രന്ഥാരാധനയായി (Bibliolatory) പല സഭകളിലും രൂപമാറ്റം നേടി. കത്തോലിക്കാസഭ പാരമ്പര്യത്തിനു നല്‍കുന്ന പ്രാധാന്യത്തെ തമസ്കരിക്കാനായി ബൈബിള്‍ മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ നേരിട്ടുള്ള സംഭാഷണമാണെന്നും ബൈബിളില്‍ ഇല്ലാത്തവയെല്ലാം വിശ്വാസവിരുദ്ധമാണെന്നും ലൂഥര്‍ വാദിച്ചു.

ബൈബിളിനു പുറമേനിന്നുള്ള തെളിവുകള്‍

ദൈവനിവേശനം സത്യമാണ് എന്നതിന് ബൈബിളിനു വെളിയില്‍നിന്നുള്ള തെളിവുകള്‍ ചൂണ്ടിക്കാണിക്കാനാവും. ബൈബിളില്‍ എഴുതപ്പെട്ടവ ചരിത്രപരമായി സത്യമാണ് എന്നു സ്ഥാപിക്കുന്നതിലൂടെ ദൈവനിവേശനത്തിലൂടെ ബൈബിളിനുള്ള ആധികാരികത അടിസ്ഥാനമുള്ളതാണ് എന്നു സ്ഥാപിക്കുകയാണ് നാം ലക്ഷ്യമാക്കുന്നത്.

  1. താലോസ് എന്ന ചരിത്രകാരന്‍ AD 55 നോടടുത്ത് റോമന്‍ ചരിത്രം മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. സെക്സ്റ്റസ് ജൂലിയസിന്‍റെ (sextus Julius Africanus 160-240) കൃതികളിലും (History of the world - 200 AD) ബൈസന്‍റയിന്‍ ചരിത്രകാരനായ ജോര്‍ജ്ജിയൂസ് സിന്‍സെല്ലൂസിന്‍റെ കൃതിയിലും (Chronicle) താലോസിന്‍റെ രചനകള്‍ ഉദ്ധരിക്കുന്നുണ്ട്. ക്രിസ്തുമതവിരോധിയായിരുന്ന താലസ് യേശുവിന്‍റെ മരണസമയത്തുണ്ടായ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണെന്ന് സ്ഥാപിക്കാനായി തന്‍റെ ചരിത്രഗ്രന്ഥത്തിന്‍റെ മൂന്നാംവാല്യത്തില്‍ ദീര്‍ഘഭാഗം ചിലവഴിച്ചിട്ടുണ്ട്. യേശുവിന്‍റെ മരണസമയത്തെ സംബന്ധിച്ച സുവിശേഷ വിവരണങ്ങള്‍ ചരിത്രപരമായി സത്യമായിരുന്നു എന്നതിലേക്കാണ് ഈ വിവരണം വിരല്‍ചൂണ്ടുന്നത്. യേശുവിന്‍റെ മരണസമയത്ത് അന്ധകാരമുണ്ടായി എന്ന സുവിശേഷവിവരണം താലോസിന്‍റെ രചനയുടെ വെളിച്ചത്തില്‍ സത്യമാണെന്ന് വ്യക്തമാകുന്നു. അതിന്‍റെ കാരണം വിശദീകരിക്കുന്നതില്‍ താലോസിന്‍റെ നിലപാട് വ്യത്യസ്തമാണെന്നു മാത്രം.
  2. റോമന്‍ സെനറ്ററായിരുന്ന പ്ലീനി (AD 61-113) യുടെ രചനയിലും (Letters of Pliny, the Younger-X volumes) ക്രിസ്ത്യാനികളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട് (Letter,XCVI). താന്‍ ഗവര്‍ണ്ണറായി ഭരണം നടത്തിയിരുന്ന ബിത്തീനിയായില്‍ അനേകം ക്രിസ്ത്യാനികളുണ്ടായിരുന്നെന്നും അവര്‍ ജറുസലേമില്‍ കുരിശില്‍ മരിച്ച യേശുവിനെ ദൈവമായി ആരാധിക്കാനായി എല്ലാ പ്രഭാതത്തിലും ഒരുമിച്ചുകൂടിയിരുന്നു (Carmenque christo quasideo dicere secum invicem) എന്നും പ്ലീനി സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്ത്യാനികളുടെ ധാര്‍മ്മികനിലവാരം ഉന്നതമായിരുന്നു എന്ന് പ്ലീനി അഭിപ്രായപ്പെടുന്നുണ്ടെങ്കിലും മനുഷ്യനായ ക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്ന കുറ്റത്തിന് ക്രിസ്ത്യാനികള്‍ക്ക് താന്‍ മരണശിക്ഷ വിധിച്ചിരുന്നതായി പ്ലീനി സാക്ഷ്യപ്പെടുത്തുന്നു.
  3. റോമന്‍ പണ്ഡിതനായ ഗായിയൂസ് സുവെത്തോണിയൂസ് (AD 70-140)സീസര്‍മാരുടെ ചരിത്രമെഴുതിയപ്പോള്‍ ( De vita Caesarum) ക്ലാവുദിയൂസ് സീസറിന്‍റെ കാലത്ത് ക്രിസ്ത്യാനികളെ റോമില്‍നിന്നു പുറത്താക്കിയതായി സാക്ഷ്യപ്പെടുത്തുന്നു. AD 49 നും 50 നും ഇടയില്‍ നടന്ന ഈ പുറത്താക്കല്‍ നടപടിപുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
  4. റോമന്‍ ചരിത്രകാരനായ കൊര്‍ണേലിയൂസ് റ്റാസിറ്റസിന്‍റെ (AD 56-120) ചരിത്രഗ്രന്ഥത്തില്‍ (Annals), തിബേരിയൂസ് സീസറിന്‍റെ ഭരണകാലത്ത് യൂദാ ഗവര്‍ണറായിരുന്ന പന്തിയൂസ് പീലാത്തോസ് ക്രിസ്തുമതസ്ഥാപകനായ ക്രിസ്തുവിനെ കുരിശില്‍ തറച്ചുകൊന്നെങ്കിലും ക്രിസ്തുവിന്‍റെ അനുയായികള്‍ വര്‍ദ്ധിച്ചു വന്നതായി സാക്ഷ്യപ്പെടുത്തുന്നു. AD 64 ല്‍ റോമിലുണ്ടായ അഗ്നിബാധയുടെ ഉത്തരവാദിത്വം ആരോപിച്ച് നീറോ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതായും റ്റാസിറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട് (Annala,XIII-CVI).
  5. സെമിററിക്ക് വശംജനും ഗ്രീക്കുസാഹിത്യകാരനുമായ സമസോതായിലെ ലൂസിയാന്‍ (A.D. 115-200) രചിച്ച പെരെഗ്രീനൂസിന്‍റെ മരണം (The Death of Peregrinus, A.D. 165) എന്ന കൃതിയില്‍ ക്രിസതുവിന്‍റെ കുരിശുമരണത്തെക്കുറിച്ചും ക്രിസ്ത്യാനികളുടെ വിശ്വാസത്തെക്കുറിച്ചും ആക്ഷേപകരമായി പരാമര്‍ശിക്കുന്നുണ്ട് (Lician, Vol. 5LCI, cambridge, 1936).
  6. ചെല്‍സൂസ് (A.D. 130-205) എന്ന യഹൂദതത്വചിന്തകന്‍ ക്രിസ്തുമതത്തിന്‍റെ താത്വിക പാപ്പരത്തം അനാവരണം ചെയ്യാനായി എഴുതിയ കൃതിയില്‍ (True doctrine A.D. 175) യേശുവിന്‍റെ ജീവചരിത്രം പൂര്‍ണ്ണമായിത്തന്നെ വിവരിക്കുന്നുണ്ട്. ചെല്‍സൂസിന്‍റെ ആക്ഷേപങ്ങള്‍ക്ക് ഒറിജന്‍ തന്‍റെ ഗ്രന്ഥത്തിലൂടെ മറുപടിനല്‍കുന്നുണ്ട് (Contra Celsum). ജാരസന്തതിയായി ജനിച്ച് ആശാരിപ്പണിക്കായി ഈജിപ്തില്‍പോയ കാലത്ത് പഠിച്ച മാജിക് വിദ്യകള്‍കൊണ്ട് ആളുകളെ കബളിപ്പിച്ചാണ് ക്രിസ്തു അത്ഭുതം ചെയ്തതെന്നും ചെല്‍സൂസ് വാദിച്ചു (Contra celsum, celsm, 127.28). ക്രിസ്തുവിനെ ആക്ഷേപിച്ചെഴുതിയ ഈ കൃതിപോലും സുവിശേഷങ്ങളില്‍ വിവരിക്കുന്ന ക്രിസ്തു ചരിത്രത്തിന്‍റെ ആധികാരികതയെയാണ് വ്യക്തമാക്കുന്നത്.
  7. യഹൂദചരിത്രകാരനായ ജോസേഫൂസിന്‍റെ ചരിത്രഗ്രന്ഥത്തില്‍ (Jewish Antiquties) സുവിശേഷ വിവരണങ്ങള്‍ക്കുള്ള മൂന്നു വ്യക്തമായ സാക്ഷ്യങ്ങളുണ്ട്.

 സ്നാപക യോഹന്നാനെക്കുറിച്ചുള്ള സുവിശേഷ വിവരണത്തിനു സമാനമായ വിവരണം ജോസേഫൂസും നല്‍കുന്നു (Anti. 18,116-119). യേശു എന്നു വിളിക്കപ്പെടുന്ന ക്രിസ്തു (Isue tou Iegoumenou christou) വിന്‍റെ സഹോദരനായ യാക്കോബിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ജോസേഫൂസ് പ്രതിപാദിക്കുന്നുണ്ട് (Anti. 20.9.1). യേശുവിനെക്കുറിച്ച് വളരെ സ്പഷ്ടമായ വിവരണങ്ങള്‍ ജോസഫൂസ് നല്‍കുന്നുണ്ട്: "യേശു എന്ന ജ്ഞാനിയായ മനുഷ്യന്‍ തന്‍റെ പ്രബോധനത്താല്‍ അനേകരെ ആകര്‍ഷിച്ചു. യഹൂദ പുരോഹിതരുടെ നിര്‍ബന്ധത്തിന് വഴങ്ങി പീലാത്തോസ് യേശുവിനെ വധിച്ചു. മൂന്നാം നാള്‍ അവന്‍ ഉയര്‍ത്തെഴുന്നേറ്റ് ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി" (Ant 18.3.3 63.64).

അക്രൈസ്തവരും ക്രിസ്തുമത വിരോധികളുമായ ഈ ചരിത്രകാരന്മാരുടെ വിവരണങ്ങളില്‍ ക്രിസ്തുവിനെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ ക്രിസ്തുസംഭവത്തിന്‍റെ ആധികാരികതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ ചരിത്രകാരന്മാരില്‍ പലരും ക്രിസ്തുവില്‍ വിശ്വസിക്കുകയോ ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ അംഗീകരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും അവരുടെ വിവരണങ്ങള്‍ ക്രിസ്തു എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള വൈരുദ്ധ്യാത്മക സാക്ഷ്യമായി കരുതാം. അവയിലൂടെ വി. ഗ്രന്ഥ വിവരണത്തിന്‍റെ ദൈവനിവേശിതമായ ആധികാരികതകൂടി സാക്ഷ്യപ്പെടുന്നു.

 

ഡോ. ജോസഫ് പാംപ്ലാനി

The Bible: The Book of God CATHOLIC MALAYALAM bible Rev. Dr. Joseph Pamplany ബൈബിള്‍ വ്യാഖ്യാനശാസ്ത്രം ബുക്ക് no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message