x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. പൗലോസിന്‍റെ ലേഖനങ്ങള്‍, തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാംലേഖനം

Authored by : Dr. Freddie Ilavathungal On 08-Feb-2021

ആമുഖം

ഈശോയുടെ ഉത്ഥാനശേഷം വിശുദ്ധ പൗലോസും സില്‍വാനോസും തിമോത്തേയോസും തുടങ്ങിവച്ച പ്രേഷിതപ്രവര്‍ത്തനരംഗങ്ങളില്‍ തെസലോനിക്കയും ഉള്‍പ്പെടുന്നു. AD 49 ല്‍ തന്‍റെ രണ്ടാം പ്രേഷിതയാത്രയില്‍ പൗലോസ് തെസലോനിക്ക സന്ദര്‍ശിച്ച് പ്രഘോഷണം നടത്തുകയും സഭസ്ഥാപിക്കുകയും ചെയ്തു. ഒന്നാം ലേഖനത്തിന്‍റെ ആരംഭത്തില്‍ അവര്‍ 'മൂന്നുപേരും ചേര്‍ന്ന് എഴുതുന്നത്' എന്നും തുടര്‍ന്ന് 'ഞങ്ങളുടെ' 'ഞങ്ങള്‍' എന്നീ (പ്രഥമ പുരുഷന്‍) ബഹുവചന പ്രയോഗങ്ങളും മൂവരും ചേര്‍ന്നുനടത്തുന്ന പ്രേഷിതപ്രവര്‍ത്തനത്തിനു തെളിവാണ്.

പുതിയനിയമഗ്രന്ഥങ്ങളില്‍ ഏറ്റവും ആദ്യം, അതായത് AD 50-51 ല്‍ എഴുതപ്പെട്ടതാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതപ്പെട്ട ഒന്നാംലേഖനം എന്ന് കരുതപ്പെടുന്നു. ഈശോമിശിഹായുടെ മരണോത്ഥാനങ്ങള്‍ കഴിഞ്ഞ് പത്തിരുപതു കൊല്ലമേ ആയിട്ടുള്ളൂ; ക്രൈസ്തവ വിശ്വാസം യഹൂദേതര സമൂഹങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസം സ്വീകരിച്ച തെസലോനിക്കാക്കാരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നില്ല. അവിടെ സഭാസമൂഹത്തിനു അടിത്തറയിട്ട് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് മിഷനറിമാരും ചേര്‍ന്ന് പൗലോസ്, സില്‍വാനോസ്, തിമോത്തേയോസ് എഴുതി അയച്ച ലേഖനമാണിത്. ജറുസലേമിലെ സഭയിലും വിജാതീയ മിഷന്‍ രംഗങ്ങളിലും ആദ്യകാലത്ത് പാലിച്ചുപോന്ന അടിസ്ഥാന ക്രൈസ്തവപഠനങ്ങളാണ് ഈ കത്തുകളിലും കണ്ടെത്താന്‍ സാധിക്കുക.

ഒന്നും രണ്ടും തെസലോനിക്കാ ലേഖനങ്ങള്‍ കലര്‍പ്പില്ലാത്തവയാണെന്നും ആധികാരികമായി എഴുതപ്പെട്ടതാണെന്നുമുള്ള ധാരണയിലാണ് ഭാഷ്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഗ്രന്ഥകാരന്‍

തെസലോനിക്കായിലെ സഭക്ക് എഴുതപ്പെട്ട രണ്ട് ലേഖനങ്ങളാണ് പുതിയനിയമഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ നമുക്ക് ലഭിച്ചിട്ടുള്ളത്. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളുടെ കൂട്ടത്തില്‍ അവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ട് ലേഖനങ്ങളുടെയും ആരംഭത്തില്‍ "സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന്" എന്ന് വ്യക്തമാക്കിയിട്ടുണ്ട് (1 തെസ 1:1; 2 തെസ 1:1). പാരമ്പര്യമനുസരിച്ച് ഒന്നാം ലേഖനത്തിന്‍റെ (ഈ രണ്ടുലേഖനങ്ങളുടെയും) കര്‍ത്താവ് പൗലോസ് ശ്ലീഹായാണെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു. സഹപ്രവര്‍ത്തകരെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൗലോസ് ശ്ലീഹായാണ് ഇതെഴുതിയത് എന്നാണ് പണ്ഡിതമതം. അദ്ദേഹത്തിനാണ് പ്രഥമസ്ഥാനം (1 തെസ 1:1; 2:1-1; 2:18; 3:1).

സഹപ്രവര്‍ത്തകരായി സില്‍വാനോസും തിമോത്തേയോസും പൗലോസിന്‍റെ ആദ്യ തെസലോനിക്കാ സന്ദര്‍ശനത്തില്‍ കൂടെയുണ്ടായിരുന്നു എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു (17:1-9). തെസലോനിക്കയില്‍നിന്ന് പൗലോസ് പിന്‍മാറിയതിനുശേഷം കോറിന്തോസില്‍ മൂവരും ഒന്നിച്ചുവരുന്നു (അപ്പ 18:5; 2 കൊറി 1:19). അപ്രകാരം കോറിന്തോസില്‍ വച്ചായിരിക്കണം പൗലോസ് തെസലോനിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്.

കാലഘട്ടവും സന്ദര്‍ഭവും

വിശുദ്ധപൗലോസ് ശ്ലീഹാ ഏകദേശം 50-51 AD യിലാണ് തെസലോനിക്കാക്കാര്‍ക്കുള്ള ഒന്നാംലേഖനം എഴുതുന്നത്. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പട്ടാളമേധാവി (കസാന്‍ഡര്‍) BC 315ല്‍ സ്ഥാപിച്ചതാണ് തെസലോനിക്ക. മാസിഡോണിയ പ്രവിശ്യയുടെ തലസ്ഥാനമായി ക്രമേണ അതുവളര്‍ന്നു. വ്യാപാരബന്ധങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനം വഹിച്ച തുറമുഖപട്ടണമായ തെസലോനിക്കയില്‍ പൗലോസ്ശ്ലീഹാ തന്‍റെ രണ്ടാം പ്രേഷിതയാത്രക്കിടയിലാണ് സുവിശേഷമറിയിച്ചതും സഭ സ്ഥാപിച്ചതും (അപ്പ 17:1-15).

മൂന്നു സാബത്തില്‍ തെസലോനിക്കയിലെ സിനഗോഗില്‍ സുവിശേഷം പ്രഘോഷിച്ചതിന്‍റെ ഫലമായി പൗലോസ് ശ്ലീഹായ്ക്ക് വിജാതീയരെയും ദൈവഭക്തരായ കുറേപേരെയുംചേര്‍ത്ത് വിശ്വാസികളുടെ സമൂഹം കെട്ടിപ്പടുക്കുവാന്‍ സാധിച്ചു. അസൂയ തോന്നിയ യഹൂദര്‍ പൗലോസിനും സഹപ്രവര്‍ത്തകര്‍ക്കും എതിരേ തിരിഞ്ഞപ്പോള്‍ അവര്‍ക്ക് അവിടംവിട്ട് പോകേണ്ടിവന്നു. മിഷണറി യാത്രകള്‍ നടത്തി കോറിന്തോസിലെത്തിയ പൗലോസ് സ്വാഭാവികമായും താന്‍ സ്ഥാപിച്ച സമൂഹത്തിന്‍റെ നിജസ്ഥിതി അറിയാന്‍ ആഗ്രഹിച്ചു. തിമോത്തേയോസ് അവിടം സന്ദര്‍ശിച്ച് തിരിച്ചുവന്ന് നല്കിയ വിവരണത്തില്‍നിന്ന് (1 തെസെ 2:17-33) തെസലോനിക്കയിലെ സഭയുടെ വളര്‍ച്ചയെക്കുറിച്ചും അവര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും പൗലോസിന് മനസ്സിലായി. അവരെ നേരിട്ട് സന്ദര്‍ശിക്കുക അപ്പോള്‍ അസാദ്ധ്യമായിരുന്നു. അതിനാല്‍ ഒരു കത്തെഴുതിക്കൊണ്ട് തന്‍റെ താത്പര്യവും സ്നേഹവും അഭിനന്ദനങ്ങളും ഉപദേശങ്ങളും തെസലോനിക്കായിലെ സഭയെ അറിയിക്കാന്‍ പൗലോസ് നിശ്ചയിച്ചു. അതാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാംലേഖനം.

തെസലോനിക്കാസമൂഹത്തിന്‍റെ വിശ്വാസാനുഭവം

തിമോത്തേയോസ് തെസലോനിക്കാ സന്ദര്‍ശിച്ച് കൊണ്ടുവന്ന വര്‍ത്തമാനം എത്രമാത്രം ആനന്ദവും ആശ്വാസവും പകര്‍ന്നു എന്നു പറഞ്ഞറിയിക്കുക പ്രയാസം. ആ മൂന്ന് പ്രേഷിതരും ഉടനെതന്നെ കത്തുവഴി അത് പ്രകടിപ്പിക്കുന്നതാണ് തെസലോനിക്കാ സഭയ്ക്കെഴുതുന്ന ഒന്നാംലേഖനത്തിലെ പ്രധാനഭാഗം. പൗലോസിന്‍റെയും സഹപ്രവര്‍ത്തകരുടെയും പ്രഘോഷണംവഴി മനസ്സുതിരിഞ്ഞ് ഈശോയിലേക്ക് വന്നവര്‍ അപ്രതീക്ഷിതമായി നിരാലംബരായിത്തീര്‍ന്നു. പ്രേഷിതരെ യഹൂദര്‍ ഓടിച്ചുവിട്ട സ്ഥിതിക്ക് പുത്തന്‍ സമൂഹത്തെക്കുറിച്ച് ഉത്കണ്ഠയാണ് നിലനില്‍ക്കുന്നത്. പൗലോസിനാണെങ്കില്‍ ഉടനെതന്നെ അങ്ങോട്ട് പോകാനുള്ള സാഹചര്യവുമില്ല (അങ്ങനെയാണ് തിമോത്തേയോസിനെ പറഞ്ഞയക്കാന്‍ ഇടവന്നത്). വിശ്വാസത്തില്‍ തീക്ഷ്ണത കുറഞ്ഞവര്‍ക്ക് അതൊരു പരീക്ഷണം തന്നെയായിരിക്കണം - കുഴിയില്‍ ഇറക്കി ഏണിയെടുത്ത് മാറ്റുന്നപോലെ. എന്നാല്‍ തന്‍റെ സന്ദര്‍ശനത്തിനുശേഷം തിമോത്തേയോസ് കൊണ്ടുവന്ന വിവരങ്ങള്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടു. തെസലോനിക്കായിലെ പുത്തന്‍ വിശ്വാസിസമൂഹം തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ നിലനില്ക്കുന്നു എന്നുമാത്രമല്ല, വര്‍ദ്ധിച്ച ആവേശത്തോടെ ആ വിശ്വാസം പ്രചരിപ്പിക്കുവാന്‍ മുന്‍കൈയെടുക്കുകയും ചെയ്തുവരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ധൃതിയില്‍ സ്ഥലംവിട്ടതിനുശേഷം എന്താണ് പൗലോസ് തിരിഞ്ഞുനോക്കാത്തത് എന്ന് വിശദീകരിക്കുവാന്‍ അദ്ദേഹത്തിന് വലിയ താത്പര്യമുണ്ടായിരുന്നു. വിശ്വാസികള്‍ നേരിട്ട് ചോദ്യം ചെയ്യുന്നില്ലെങ്കിലും അവരുടെ ബന്ധുക്കളും അയല്‍വാസികളും കുറ്റപ്പെടുത്തുന്നുണ്ടാകണം. അക്കാരണത്താല്‍ വിശ്വാസിസമൂഹം മുഴുവനും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതാണല്ലോ നല്ലത്. മാത്രമല്ല, തെസലോനിക്കയില്‍ കഴിഞ്ഞ പ്രേഷിതരുടെ പെരുമാറ്റവും ജീവിതശൈലിയുംവരെ ആരോപണങ്ങള്‍ക്കു വിധേയമായത്രേ. സമൂഹത്തിലെ ഇത്തിക്കണ്ണികളാണെന്നും കച്ചവടക്കണ്ണാണ് അവര്‍ക്കുള്ളതെന്നും വിലയിരുത്തപ്പെട്ടുപോലും. അക്കാരണത്താല്‍ തെസലോനിക്കായിലെ വിശ്വാസിസമൂഹം യാഥാര്‍ത്ഥ്യം അറിയണം: പ്രേഷിതര്‍ മൂവരും ആരുടെയും ഔദാര്യത്തിലല്ല തെസലോനിക്കായില്‍ കഴിഞ്ഞത്; തങ്ങളുടെതന്നെ ശാരീരികാധ്വാനമാണ് അവര്‍ക്ക് അഷ്ടിക്കു വകനല്കിയത്. വിശ്വാസിസമൂഹത്തിലെ അംഗങ്ങളെ വാക്കുകൊണ്ടെന്നപോലെ മാതൃകകൊണ്ടും പ്രേഷിതര്‍ പഠിപ്പിക്കുകയായിരുന്നു.

തങ്ങള്‍ സ്വീകരിച്ച പുത്തന്‍ വിശ്വാസത്തിന്‍റെ പേരിലും ജീവിതശൈലിയുടെ പേരിലുമാണ് തെസലോനിക്കാക്കാര്‍ പീഡനം സഹിക്കുന്നത്. എന്നാല്‍, അവര്‍ ഒരു കാര്യം തിരിച്ചറിയണം. ഈശോയും ഈശോയുടെ കാലശേഷം ആദിമക്രൈസ്തവസമൂഹവും വേണ്ടത്ര സഹിച്ചിട്ടുണ്ട്. ഈശോയില്‍ വിശ്വാസം ഏറ്റുപറയുന്നതിനെപ്രതി സഹിക്കാന്‍ ഇടവന്ന ജറുസലെം സഭകളുടെ കുലീനപാരമ്പര്യത്തില്‍ തെസലോനിക്കാസഭയും പങ്കുചേരുകയാണ് ചെയ്യുന്നത്.

വിശ്വാസവും സ്നേഹവും പീഡനങ്ങളെ ചെറുത്തുനില്ക്കുന്ന ശൈലിയും മാത്രമല്ല തിമോത്തേയോസ് തെസലോനിക്കാ സഭാസമൂഹത്തെക്കുറിച്ച് അറിയിച്ചത്. അവരില്‍ ചിലരുടെ തെറ്റിദ്ധാരണകളും തിരുത്തേണ്ടതുണ്ടായിരുന്നു. ഈശോമിശിഹായുടെ സുവിശേഷം സ്വീകരിക്കുന്നതിന്‍റെ ഫലമായി ധാര്‍മ്മികജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് ഇനിയും ചിലര്‍ക്ക് വ്യക്തമല്ലായിരുന്നു. ശാരീരികബന്ധം വിവാഹംവഴി ഒന്നാകുന്ന ദമ്പതികള്‍ തമ്മില്‍ മാത്രമായി നിയന്ത്രിക്കണം. കര്‍ത്താവിന്‍റെ വഴി സ്വീകരിച്ച് അവിടുത്തെ ശുശ്രൂഷയില്‍ വ്യാപരിക്കുന്നവന്‍ ഒരിക്കലും വ്യഭിചാരത്തില്‍ വീഴാന്‍ പാടില്ല. വിശ്വാസിസമൂഹത്തിലെ ഒരംഗം മറ്റൊരംഗത്തിന്‍റെ കുടുംബാംഗങ്ങളോടോ, ബന്ധുക്കളോടോ ചേര്‍ന്ന് ശാരീരികബന്ധം പുലര്‍ത്തുന്നെങ്കില്‍ ക്രൈസ്തവസഹോദരങ്ങള്‍ തമ്മില്‍ത്തമ്മില്‍ നിലനില്‍ക്കേണ്ട സഹോദരസ്നേഹത്തിന് അത് എതിര്‍ സാക്ഷ്യമാകില്ലേ? ഈ രംഗത്ത് പലതരത്തിലുള്ള വീഴ്ചകള്‍ നിലനില്ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ പൗലോസ്ശ്ലീഹാ ലൈംഗിക ക്രമക്കേടുകള്‍ക്കെതിരേ മുന്നറിയിപ്പുനല്കാന്‍ മുന്നോട്ടുവന്നു (1 തെസ 4:3-7).

മിശിഹായുടെ രണ്ടാംവരവ് താമസിയാതെതന്നെ ഉണ്ടാകും എന്ന് കരുതിയിട്ടോ മറ്റോ ചിലര്‍ ജോലിചെയ്യുന്നത് നിര്‍ത്തി അലസരായിത്തീര്‍ന്നു. അവരെ തീറ്റിപ്പോറ്റുന്നത് മറ്റുള്ളവര്‍ക്ക് ഭാരമായിതീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ... അതാണ് ലേഖനത്തിലൂടെ മുന്നറിയിപ്പുനല്കുന്ന മറ്റൊരു സംഗതി. മാന്യമായി ജോലിചെയ്യാതെ പരസഹായംകൊണ്ട് ജീവിച്ചുപോരുന്നതും സഹോദരസ്നേഹത്തിന് എതിരുതന്നെയാണ്. മാത്രമല്ല, അക്രൈസ്തവരുടെയിടയില്‍ എന്തൊരു ദുര്‍മാതൃകയാണ്. അലസരായി കഴിയാതെ മാന്യമായി അധ്വാനിച്ച് ജീവസന്ധാരണം നടത്തുന്നതിന്‍റെ പ്രാധാന്യം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നതിന്‍റെ കാരണമതാണ് (1 തെസ 4:11).

തെസലോനിക്കാസമൂഹത്തിന്‍റെ യുഗാന്ത്യദര്‍ശനം

മോശയുടെ കാലഘട്ടം നിയമാനുഷ്ഠാനങ്ങള്‍വഴി ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ഘട്ടമായിരുന്നു. അതിന്‍റെ അവസാനത്തിലാണ് വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനായ ഈശോ ജനിച്ചത്. ഈശോയുടെ സഹനമരണോത്ഥാനങ്ങള്‍വഴി രക്ഷണീയ കാലഘട്ടത്തിന്‍റെ ആരംഭമായി. അങ്ങനെ യഹൂദരുടെ നിയമാനുഷ്ഠാനജീവിതത്തിന്‍റെ പൂര്‍ത്തീകരണം ഈശോമിശിഹാ എന്ന രക്ഷകനില്‍ ആദിമക്രൈസ്തവര്‍ കണ്ടെത്തി. ഉത്ഥാനത്തിന്‍റെ ശക്തി ഈ യുഗത്തെ അപ്പാടെ സ്വാധീനിച്ചു. ആദ്യഫലം ഉത്ഥിതനായ മിശിഹാ തന്നെ. പിതാവായ ദൈവം മരിച്ചവരെ മിശിഹായോടുകൂടെ ഉയിര്‍പ്പിക്കും (1 തെസ 4:16). ഇപ്പോഴുള്ള യുഗം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. പുതിയത് വന്നുകൊണ്ടിരിക്കുന്നു. രക്ഷലഭിച്ചവരില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവാണ് അതിന് ഗ്യാരണ്ടി (അറാബോണ്‍).

ഉത്ഥിതനായ ദൈവപുത്രന്‍റെ രണ്ടാം വരവിനെക്കുറിച്ച് തെസലോനിക്കാ സഭാസമൂഹത്തിന് ഒരു ഏകദേശ ധാരണ ലഭിച്ചിരുന്നു. രണ്ടാംവരവ് ഉണ്ടാകുമെന്നും അപ്പോള്‍ ദൈവനിന്ദകര്‍ക്ക് ലഭിക്കുന്ന ക്രോധത്തില്‍നിന്ന് ക്രിസ്തുവിശ്വാസികള്‍ രക്ഷിക്കപ്പെടുമെന്നും അവര്‍ക്ക് ബോധ്യമുണ്ട് (1 തെസ 1:9-10). ദൈവമഹത്വത്തിന്‍റെ രാജ്യത്തില്‍ അവര്‍ പങ്കുപറ്റുകയും ചെയ്യും (1 തെസ 2:12). യുഗാന്ത്യത്തെ സംബന്ധിക്കുന്ന പ്രബോധനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് പ്രേഷിതര്‍ക്ക് സ്ഥലം വിടേണ്ടിവന്നു. മനസ്സില്‍ ശേഷിച്ച ചോദ്യങ്ങളുമായി തെസലോനിക്കാവിശ്വാസികള്‍ കഴിഞ്ഞുപോന്നു. ഈശോയില്‍ നിദ്രപ്രാപിച്ചവരുടെ ഗതി ഈശോയുടെ രണ്ടാംവരവില്‍ എന്തായിരിക്കും? രണ്ടാംവരവിന്‍റെ സമയത്ത് ജീവിച്ചിരിക്കുന്നവരുടേതിനേക്കാള്‍ നിര്‍ഭാഗ്യകരമാകുമോ അവരുടെ അവസ്ഥ? പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന രീതിയില്‍ ദൈവത്തിനെതിരേ ഈ ലോകത്തിന്‍റെ ശക്തി ആത്യന്തികമായി യുദ്ധത്തിനിറങ്ങുമോ?ഈ ലോകത്തിന്‍റെ ശക്തി സകലവിധ പീഡനമുറകളോടെ പ്രത്യക്ഷപ്പെട്ടിട്ടുവേണ്ടേ ഉത്ഥിതനായ മിശിഹായുടെ ശക്തി അതിനെ കീഴ്പ്പെടുത്തുവാന്‍.

തന്‍റെ രണ്ടാംവരവില്‍ മിശിഹാ സ്വന്തം ജനത്തെ വിളിച്ചുകൂട്ടും; അവരുടെ വിശ്വസ്തതയ്ക്കു പ്രതിഫലവും സഹനങ്ങള്‍ക്ക് പ്രതിസമ്മാനവും നല്കും. അവര്‍ക്ക് മിശിഹായോടുള്ള കൂട്ടായ്മ അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കും. അവര്‍ എപ്പോഴും കര്‍ത്താവിനോടൊപ്പം ആയിരിക്കുകയും ചെയ്യും. അനുതപിക്കാത്ത പാപികളും വിശ്വാസത്യാഗികളും വിശ്വാസികളെ പീഡിപ്പിക്കുന്നവരും അവരര്‍ഹിക്കുന്ന ശിക്ഷയിലേക്കും നാശത്തിലേക്കും പ്രവേശിക്കും.

മിശിഹായുടെ രണ്ടാം വരവിനെ സൂചിപ്പിച്ചുകൊണ്ട് പരൂസിയ (Parousia) എന്ന പദം ആദ്യമായി ഉപയോഗിച്ചിട്ടുള്ളതും തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ലേഖനത്തിലാണ് പഴയനിയമപാരമ്പര്യങ്ങളില്‍ ദൈവം പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ വിവരിക്കുന്ന പദങ്ങള്‍ ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. കറകളഞ്ഞ ധാര്‍മ്മിക ജീവിതത്തിനാണ് ഇവിടെ ഊന്നല്‍ കൊടുത്തിട്ടുള്ളത്. ക്രൈസ്തവ വിശ്വാസത്തിലേക്ക് പുതുതായി വന്നുചേര്‍ന്ന തെസലോനിക്കാസമൂഹത്തിന്‍റെ ശ്രേഷ്ഠമായ ജീവിതശൈലി അവരില്‍ വിശ്വാസം പകര്‍ന്ന പ്രേഷിതരുടെ ശുശ്രൂഷയുടെ ഗുണമേന്മയായി നിലകൊള്ളുന്നു.

ദൈവത്തിന്‍റെ മുമ്പില്‍ നല്ല ജീവിതം നയിക്കാത്തവര്‍ക്കു പരൂസിയ - മിശിഹായുടെ രണ്ടാംവരവ് അപ്രതീക്ഷിതമായിരിക്കും (1 തെസ 5:2). എന്നാല്‍ ഉത്തമവിശ്വാസികള്‍ക്ക് അങ്ങനെയല്ല. കൃത്യം എപ്പോഴാണത് സംഭവിക്കുക എന്ന് ഒരുപക്ഷേ അവര്‍ക്കും അറിവില്ലായിരിക്കും. എന്നാല്‍, യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം നയിക്കുക എന്നതിന്‍റെ അര്‍ത്ഥം ആ മഹത്വത്തിന്‍റെ ദിനത്തിന് എന്നും ഒരുങ്ങിയിരിക്കുക എന്നാണ്.

തെസലോനിക്കാ ലേഖനങ്ങളിലെ ദൈവവിജ്ഞാനീയം

തെലസോനിക്കാക്കാര്‍ക്കുള്ള ലേഖനങ്ങളില്‍ ഉരുത്തിരിയുന്നത് ആദിമ ക്രൈസ്തവ സമൂഹത്തിലെ പ്രബോധനങ്ങളും പാരമ്പര്യങ്ങളുമാണ്. പുതിയനിയമഗ്രന്ഥങ്ങളില്‍ ആദ്യം എഴുതപ്പെട്ടതായതുകൊണ്ട് അവയ്ക്ക് അനന്യമായ സാംഗത്യമാണുള്ളത്. ആദിമസഭയുടെ കാലംമുതല്‍തന്നെ സഭാസമൂഹത്തില്‍ ഐക്യത്തോടൊപ്പം വൈവിധ്യവും നിലനിന്നിരുന്നു എന്ന് പൊതുവായി പറയാം. ദൈവസംജ്ഞ, ഈശോമിശിഹാ, ആത്മചൈതന്യം, അനുദിന ക്രൈസ്തവ ജീവിതം എന്നിങ്ങനെ ക്രൈസ്തവജീവിതത്തിന്‍റെ ദൈവവിജ്ഞാനീയഘടകങ്ങള്‍ തെസലോനിക്കാക്കാര്‍ക്കുള്ള ലേഖനങ്ങളില്‍ കണ്ടെത്തുവാനാണ് നാമിനി ശ്രമിക്കുക.

a). ദൈവം: തെസലോനിക്കാ വിശ്വാസി സമൂഹത്തിന്‍റെ ദൈവം "ജീവിക്കുന്ന സത്യദൈവമാണ്" (1 തെസ 1:9). വിഗ്രഹാരാധകരും പുറജാതികളും ഈ സജീവദൈവത്തിലേക്കാണ് മാനസാന്തരപ്പെട്ട് തിരിഞ്ഞുവന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇസ്രായേലിന്‍റെ ദൈവം തന്നെയാണത് എന്ന് മനസ്സിലാകും. എന്നാല്‍, യഹൂദര്‍ ജീവിക്കുന്ന സത്യദൈവമായി ആരാധിക്കുന്ന ദൈവം പൗലോസിന് "പിതാവായ ദൈവ"മാണ് (1 തെസ 1:1) (നമ്മുടെ പിതാവായ ദൈവം - 1 തെസ 1:10). അക്കാരണത്താല്‍ മിശിഹായില്‍ വിശ്വസിക്കുന്ന നാമേവരുടെയും പിതാവും അവിടുന്നത്രേ.

തന്‍റെ ജനത്തെ പിതാവായ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത് (1 തെസ 1:4). ആ ദൈവത്തിലാണ് തെസലോനിക്കാക്കാര്‍ വിശ്വാസം ഏറ്റുപറഞ്ഞിട്ടുള്ളത്. ആ സമൂഹത്തിനോട് സുവിശേഷം പ്രസംഗിക്കാനുള്ള ധൈര്യം പിതാവായ ദൈവംതന്നെയാണ് പ്രേഷിതര്‍ക്ക് നല്കിയത് (തെസ 2:2). കാരണം ദൈവമാണ് അവരെ സുവിശേഷം ഭരമേല്പിച്ചത് (1 തെസ 2:4). ദൈവത്തിന്‍റെ പ്രീതിയാണ് അവര്‍ അന്വേഷിക്കുക, അവിടുത്തേക്ക് സാക്ഷ്യമാകാനാണ് അവരുടെ ആത്മാര്‍ത്ഥമായ ശ്രമം (1 തെസ 2:5-10). ദൈവം അവരെ വിളിച്ചിരിക്കുന്നത് വിശുദ്ധജീവിതം നയിക്കാനാണ് (1 തെസ 4:7). ആ വിശുദ്ധിയുടെ പരിപൂര്‍ത്തിയിലേക്ക് ദൈവംതന്നെ അവരെ എത്തിച്ചുകൊള്ളും (1 തെസ 5:23). ഈശോയെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചവനും (1 തെസ 10) മരിച്ചവരെ ഈശോയോടൊപ്പം ഉയിര്‍പ്പിക്കുന്നവനു (1 തെസ 4:14) മായ ദൈവത്തിന് താന്‍ നല്കുന്ന രക്ഷ അതിന്‍റെ പരിപൂര്‍ത്തിയിലെത്തിക്കാനും സാധിക്കും (1 തെസ 5:9).

b). ഈശോമിശിഹാ: മറ്റ് ആദിമ ക്രൈസ്തവ എഴുത്തുകാരിലെന്നപോലെ തെസലോനിക്കാലേഖനകര്‍ത്താവിലും വ്യക്തമാകുന്ന ഒരു ബോദ്ധ്യമിതാണ്; പിതാവായ ദൈവത്തെപ്പോലെ പുത്രനായ ഈശോമിശിഹായും ദൈവികത മുഴുവനും ഉള്‍ക്കൊള്ളുന്നു. ആവര്‍ത്തിക്കപ്പെട്ടും സ്വതസിദ്ധമായും അക്കാര്യം പൗലോസ് പറഞ്ഞു വയ്ക്കുന്നുണ്ട്.

 i) സഭയുടെ അസ്തിത്വം പിതാവായ ദൈവത്തിലും കര്‍ത്താവായ ഈശോമിശിഹായിലുമാണ് (1 തെസ 1:1; 2 തെസ 1:1).

ii) കൃപയും സമാധാനവും സഭാസമൂഹത്തിനുവേണ്ടി യാചിക്കുന്നത് പിതാവിനോടും കര്‍ത്താവായ ഈശോമിശിഹായോടുമാണ് (2 തെസ 1:2; 2 തെസ 1:2).

iii) പ്രേഷിതര്‍ക്ക് അവര്‍ സ്വീകരിക്കേണ്ട വഴികാണിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോഴും അനുവാചകര്‍ക്ക് ആത്മീയ ശക്തിക്കുവേണ്ടി യാചിക്കുമ്പോഴും പ്രാര്‍ത്ഥനയര്‍പ്പിക്കുന്നത് പിതാവായ ദൈവത്തിനും ഒപ്പം കര്‍ത്താവായ ഈശോയ്ക്കും ആണ് (1 തെസ 3:11). അര്‍പ്പിക്കുന്ന ക്രമത്തിന് വ്യത്യാസം വരുത്തുന്നത് (ഉദാ 2 തെസ 2:16 - ആദ്യം കര്‍ത്താവായ ഈശോ, പിന്നീട്, പിതാവായ ദൈവം) ദൈവികതയില്‍ തുല്യത സൂചിപ്പിക്കാനുള്ള ഒരു മാര്‍ഗമായിക്കാണാം. പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ ഈശോമിശിഹായുടെയും ദൈവിക സ്വഭാവം എന്നും പൗലോസിന് തുല്യപ്രാധാന്യമുള്ളതാണ്. "സമാധാനത്തിന്‍റെ ദൈവം" എന്ന് 1 തെസ 5:23 ല്‍; "സമാധാനത്തിന്‍റെ കര്‍ത്താവ്" എന്ന് 2 തെസ 3:16 ല്‍. വിശ്വാസികള്‍ പിതാവായ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നതുപോലെതന്നെ കര്‍ത്താവായ ഈശോമിശിഹായാലും സ്നേഹിക്കപ്പെടുന്നു (1 തെസ 1:4; 2 തെസ 2:13). ദൈവപുത്രനെന്ന നിലയ്ക്ക് (1 തെസ 1:9-10) ഈശോയുടെ വചനം ആധികാരികമാണ് (1 തെസ 4:15). നാം അവിടുത്തോടൊന്നിച്ച് നിത്യം ജീവിക്കുന്നതിനുവേണ്ടിയാണ് ഈശോ നമുക്കുവേണ്ടി മരണം വരിച്ചത് (1 തെസ 5:10). സ്വര്‍ഗാരോഹണം ചെയ്ത ഈശോ പിതാവായ ദൈവത്തിന്‍റെയടുത്താണ് വസിക്കുന്നത്. ദൈവത്തിന്‍റെ വരാനിരിക്കുന്ന ക്രോധത്തില്‍നിന്ന് വിശ്വാസിസമൂഹത്തെ മോചിപ്പിക്കുന്നവനാണ് ഈശോ (1 തെസ 1:10). ദൈവമക്കള്‍ക്ക് അത് ആശ്വാസവും ആനന്ദവും നല്കുന്നു; ദൈവത്തിന്‍റെ വഴിയില്‍നിന്ന് അകന്നവര്‍ക്ക് അത് നാശത്തിലേക്കുള്ള നിത്യവിധിയുമാണ് (1 തെസ 5:9). ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുന്ന ന്യായാധിപനാണ് അവിടുന്ന് (അപ്പ 10:42).

  c). ആത്മചൈതന്യം (പരിശുദ്ധാത്മാവ്): പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ് ക്രൈസ്തവ ജീവിതം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. സുവിശേഷം ഫലവത്തായി പ്രഘോഷിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണ് (1 തെസ 1:5). ദൈവവചനം സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ആന്തരികാനന്ദം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനഫലമാണ് (1 തെസ 1:6). പിതാവായ ദൈവം തന്നെയാണ് പരിശുദ്ധാത്മാവിനെ നല്കുന്നത് (1 തെസ 4:3). വിശ്വാസികളിലെ വിശുദ്ധീകരണപ്രവര്‍ത്തനമാണ് പരിശുദ്ധാത്മാവ് ഏറ്റെടുക്കുക (2 തെസ 2:13). പ്രവാചക വചനങ്ങളിലൂടെ ദൈവേഷ്ടമെന്തെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതും പരിശുദ്ധാത്മാവാണ്. അത്തരം വചനങ്ങളെ അവഗണിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കലാണ് (1 തെസ 5:19).

d). അനുദിന ക്രൈസ്തവജീവിതം: സുവിശേഷം സ്വീകരിച്ചതുവഴി തെസലോനിക്കാസമൂഹത്തിന് പുതുജീവന്‍ കൈവന്നു; അതി ന്‍റെ ബാഹ്യപ്രകടനമാണ് മക്കെദോനിയായിലും അക്കായിയായിലും സമീപപ്രദേശങ്ങളിലും ചെന്നെത്തിയത് (1 തെസ 1:8). സുവിശേഷത്തിന് അനുരൂപരായി അവര്‍ ജീവിക്കാന്‍ തുടങ്ങി. "വിശ്വാസത്തിന്‍റെ പ്രവൃത്തിയും സ്നേഹത്തിന്‍റെ പ്രയത്നവും ഈശോമിശിഹായിലുള്ള ദൃഢമായ പ്രത്യാശയും അതിന്‍റെ അടയാളങ്ങളാണ് (1 തെസ 1:3). പരീക്ഷകളെ ക്ഷമയോടെ നേരിടുന്നു (1 തെസ 2:14; 2 തെസ 1:4); പരസ്പരം സ്നേഹിക്കുന്നു (1 തെസ 4:11; 2 തെസ 3:6-13); എല്ലാവരോടും നന്മചെയ്യുന്നു (1 തെസ 5:15) എന്നിങ്ങനെ ക്രൈസ്തവസമൂഹത്തില്‍ ധാര്‍മ്മിക ജീവിതത്തിന്‍റെ ഘടകങ്ങളെല്ലാംതന്നെ തെസലോനിക്കാ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഉള്ളടക്കം

part I : 1:2-3:13

പ്രേഷിതരും തെസലോനിക്കാസമൂഹവും തമ്മില്‍ ദൈവത്തിലും മിശിഹായിലുമുള്ളബന്ധം

  1. 1:2-2:16 പ്രേഷിതര്‍ തെസലോനിക്കാ സമൂഹത്തിനുവേണ്ടി ദൈവത്തിന് നന്ദിപറയുന്നു.
  2. 2:17-3:10 തിമോത്തേയോസിന്‍റെ പ്രേഷിതദൗത്യം; ദൈവത്തിനുനന്ദി
  3. 3:11-13 സമാപനം - ആശംസകള്‍

part II: 4:1-5:28

കര്‍ത്താവായ ഈശോയില്‍ അപ്പസ്തോലികപ്രബോധനങ്ങള്‍

  1. 4:1-12 ക്രിസ്തീയ ജീവിതത്തിന്‍റെ രണ്ട് അടിസ്ഥാനങ്ങള്‍ - വിശുദ്ധിയും സഹോദരസ്നേഹവും
  2. 1:2-2:16; 4:13-15:11 കര്‍ത്താവിന്‍റെ പ്രത്യാഗമനവും മരിച്ചവരുടെ ഉയിര്‍പ്പും; കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവിനെ കാത്തിരിക്കുക.
  3. 5:12-22 ക്രൈസ്തവസമൂഹ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങള്‍.
  4. 5:23-28 സമാപനാശംസകള്‍: കര്‍ത്താവിന്‍റെ ദിനത്തിനായി വിശു ദ്ധിയും സമഗ്രതയും ദൈവം പ്രദാനം ചെയ്യട്ടെ; ക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ.

 

 

 

ഡോ. ഫ്രെഡ്ഡി ഇലവത്തുങ്കല്‍

Epistles of Paul First Epistle to the Thessalonians catholic malayalam Dr. Freddie Ilavathungal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message