We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
പരിശുദ്ധാത്മാവു വരുമ്പോള്‍ ഞാന്‍ പറഞ്ഞതെല്ലാം നിങ്ങളെ ഓര്‍മ്മിപ്പിക്കുമെന്ന (യോഹ 14,26) വാഗ്ദാനത്തില്‍ ആശ്രയിച്ച സഭ ബൈബിള്‍ വ്യാഖ്യാനത്തില്‍ പരിശുദ്ധാത്മാവിന് വലിയസ്ഥാനം കല്‍പിക്കുന്നു. ഇത് ആദ്യസഭയുടെ വികാരം ഉള്‍കൊള്ളുന്ന നടപടിയാണ്.
പരിശുദ്ധാത്മാവിലും പാരമ്പര്യത്തിലും ആശ്രയിച്ച് ഏതെല്ലാം പുസ്തകങ്ങളില്‍ ദൈവിക സന്ദേശം കലര്‍പ്പില്ലാതെ ചേര്‍ന്നിരിക്കുന്നുവെന്ന് സഭ കണ്ടെത്തി. ദൈവികമായി എഴുതപ്പെട്ട് സഭയ്ക്ക് ഏല്‍പ്പിച്ചുകൊടുക്കപ്പെട്ടതും നമ്മുടെ രക്ഷയ്ക്കാവശ്യമായ സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പുസ്തകങ്ങളെ വിവേചിച്ചറിഞ്ഞ്, അംഗീകരിച്ച് വി. ഗ്രന്ഥത്തിലുള്‍പ്പെടുത്തി. ഇത് ദീര്‍ഘകാലമെടുത്ത പ്രക്രിയയായിരുന്നു. വി. ഗ്രന്ഥത്തിലുള്‍പ്പെടുത്തിയവ പിന്നീട് ഒരിക്കലും എഴുതിയ ആളുടെ ആശയമല്ല. അവ ദൈവജനത്തിന്‍റെ സ്വന്തമായിത്തീരുന്നു.
സഭ പുതിയനിയമം രൂപപ്പെടുത്തിയത് അപ്പസ്തോലസാക്ഷ്യത്തിലൂന്നിയോ (ലൂക്കാ 1,2; 1 യോഹ 1,1-3) പരിശുദ്ധാത്മാവ് പഠിപ്പിച്ചതു വഴിയോ (1 പത്രോ 1,12) ആണ്. അപ്പസ്തോലന്മാരുടെ ഉപദേശവും പഠനങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ പുതിയനിയമം രൂപംകൊണ്ടു.
എന്തുകൊണ്ട് മേല്‍പ്പറഞ്ഞ രീതിയില്‍ ഏതാനും പുസ്തകങ്ങള്‍ അംഗീകൃത ഗ്രന്ഥമായിത്തീര്‍ന്നു? പല കാരണങ്ങളുണ്ട്. യേശുവും പിന്നീട് അപ്പസ്തോലന്മാരും പഴയനിയമത്തെ ദൈവനിവേശിത ഗ്രന്ഥമായും രക്ഷാകര രഹസ്യങ്ങള്‍ പ്രവചന പൂര്‍ത്തീകരണമായും അംഗീകരിച്ചുവെന്ന വസ്തുത, പുതിയനിയമ ഗ്രന്ഥങ്ങള്‍ അപ്പസ്തോല പ്രബോധനങ്ങളുടെ പകര്‍പ്പാണെന്ന ബോധ്യം, ഇവയിലെ ഉള്ളടക്കത്തിനു സഭാസമൂഹം തങ്ങളുടെ വിശ്വാസജീവിതത്തിലും ആരാധനയിലും കൊടുത്തസ്ഥാനം, സഭാജീവിതത്തോട് അവയ്ക്കുണ്ടായിരുന്ന ബന്ധം എന്നിങ്ങനെ പോകുന്നു ആ കാരണങ്ങള്‍. ഇങ്ങനെ അംഗീകരിക്കുന്നതിലൂടെ സഭ തന്‍റെ തനിമ മനസ്സിലാക്കുകയായിരുന്നു. കാലഘട്ടങ്ങളില്‍ സുവിശേഷത്തോട് അങ്ങനെ പ്രതികരിക്കണമെന്ന് ഈ ഗ്രന്ഥങ്ങളിലൂടെ സഭ മനസ്സിലാക്കുന്നു. ഇതാണ് വി. ഗ്രന്ഥത്തെ അക്കാലത്തെ മറ്റു ഗ്രന്ഥങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. മറ്റു പുസ്തകങ്ങള്‍ വിശ്വാസികളുടെ സമൂഹം എങ്ങനെ ഉണ്ടായിയെന്നതിന്‍റെ സൂചനകള്‍ നല്‍കാം. എന്നാല്‍ ഒരിക്കലും വിശ്വാസത്തെ മനസ്സിലാക്കാനോ ജീവിതനിയമമായി നില്‍ക്കാനുള്ള ആധികാരികത അവകാശപ്പെടാനോ മറ്റൊന്നിനും കഴിയുകയില്ല.
അംഗീകൃത ഗ്രന്ഥത്തിന്‍റെ രൂപീകരണത്തിലെന്നപോലെ അതിന്‍റെ വ്യാഖ്യാനത്തിലും പിതാക്കന്മാര്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. കാരണം അവര്‍ പാരമ്പര്യത്തിന്‍റെ പാലകരായിരുന്നു. ഇന്നോളമുള്ള ബൈബിള്‍ പഠനങ്ങളില്‍ പിതാക്കന്മാരുടെ വ്യാഖ്യാനത്തിന്‍റെ സ്ഥാനം അവര്‍ വി. ഗ്രന്ഥത്തെ ആത്മീയ പോഷണത്തിനുതകുന്ന രീതിയില്‍ വ്യാഖ്യാനിച്ചുവെന്നതിലാണ്. അതോടൊപ്പം വിശാലമായ വചനസാഗരത്തില്‍നിന്ന് അടിസ്ഥാന തത്വങ്ങളെ കണ്ടെത്തുകയും വിശ്വാസികളുടെ പ്രബോധനത്തിനും ആത്മീയ പോഷണത്തിനും കളമൊരുക്കുകയും ചെയ്തു. വി. ഗ്രന്ഥ വായനയ്ക്കും വ്യാഖ്യാനത്തിനും അവര്‍ പ്രാധാന്യം നല്‍കി. വായനയുടെ ഇടം സഭാസമൂഹത്തിലെ ആരാധനയായിരുന്നു. വ്യാഖ്യാനങ്ങളും വിശദീകരണ പ്രസംഗങ്ങളും അവര്‍ രചിച്ചു. പിതാക്കന്മാരുടെ അടിസ്ഥാന വീക്ഷണം "ബൈബിള്‍ ദൈവത്തിന്‍റെ പുസ്തകം, ഒരാളെഴുതിയ ഒറ്റ പുസ്തകം" എന്നതായിരുന്നു.എങ്കിലും മനുഷ്യന്‍റെ പങ്കിനെ ഇത് നിഷേധിക്കുന്നില്ല. ഒട്ടുമിക്ക പിതാക്കന്മാരും ബൈബിള്‍ വാക്യങ്ങളെ പശ്ചാത്തലത്തിനു പുറത്തെടുത്ത് യഥേഷ്ടം വ്യാഖ്യാനിക്കുന്നതില്‍ അപാകത കണ്ടിരുന്നില്ല എന്നത് ഇക്കാലത്തെ വ്യാഖ്യാന തത്വങ്ങള്‍ക്കൊത്തു പോകുന്നതല്ല എന്ന് വ്യക്തമാണ്. അതേസമയം രക്ഷയുടെ സന്ദേശം രേഖപ്പെടുത്താന്‍ മനുഷ്യനെ പ്രചോദിപ്പിച്ച അതേ പരിശുദ്ധാത്മാവു തന്നെ തിരുവചനം യഥാവിധി വ്യാഖ്യാനിക്കാനും എക്കാലവും തുടര്‍ച്ചയായി പിന്തുണച്ചിരുന്നു എന്നത് ആദ്യകാലം മുതല്‍ മനസ്സിലാക്കിയിരുന്നു എന്നതും വ്യക്തമാണ്.
സഹോദരങ്ങളോടുള്ള കൂട്ടായ്മയില്‍ ജീവിക്കാന്‍ ഉപകരിക്കുക എന്നതായിരുന്നു പിതാക്കന്മാരുടെ വ്യാഖ്യാനങ്ങളുടെ ലക്ഷ്യം. തങ്ങളുടെ സമൂഹത്തില്‍ ലഭ്യമായിരുന്ന ബൈബിള്‍ അവര്‍ പഠനത്തിനായി ഉപയോഗിച്ചു. മറ്റു പതിപ്പുകളുമായി ചേര്‍ത്തു വായിക്കുന്ന പതിവില്ലായിരുന്നു. വി. ജറോം ഇതിനൊരപവാദമായിരുന്നു. ഒറിജനാകട്ടെ യഹൂദരോട് സംവദിക്കുന്നതിന്‍റെ സൗകര്യത്തിനുവേണ്ടി ഹീബ്രു ബൈബിള്‍ പഠിച്ചിരുന്നു. പ്രതിരൂപാര്‍ത്ഥരീതിയാണ് സഭാപിതാക്കന്മാര്‍ പ്രധാനമായും പിന്തുടര്‍ന്നത്. ഈ വ്യാഖ്യാനശൈലി ഇന്നത്തെ ആളുകളില്‍ ഒരുപക്ഷേ അമ്പരപ്പ് സൃഷ്ടിച്ചേക്കാം. പക്ഷേ സഭയുടെ അനുഭവത്തില്‍ അത് നിത്യം ഉപയോഗപ്രദമായ സംഭാവനകള്‍ നല്‍കുന്നവയാണ്. സജീവമായ ഒരു പാരമ്പര്യത്തിനുള്ളില്‍നിന്ന് ക്രിസ്തീയ ബോധ്യത്തോടെ ദൈവശാസ്ത്ര കാഴ്ചപ്പാടില്‍ ബൈബിള്‍ വായിക്കാന്‍ സഭാപിതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുന്നു.
സഭയ്ക്കു നല്‍കപ്പെട്ടിരിക്കുന്ന വിശുദ്ധഗ്രന്ഥം ദൈവജനത്തിന്‍റെ മുഴുവന്‍ പൊതുസ്വത്താണ്. സാധാരണക്കാരുടെയിടയില്‍ ചരിത്രത്തിലെ ചില അവസരങ്ങളില്‍ വി.ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം കൂടുതലായിരുന്നിട്ടുണ്ട്. ചിലപ്പോള്‍ അത്രതന്നെയില്ല. എന്നാല്‍ സഭയില്‍ എപ്പോഴെങ്കിലും പൊതുനവീകരണമുണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ വി.ഗ്രന്ഥത്തിന്‍റെ സ്ഥാനം മുന്‍നിരയില്‍ത്തന്നെയായിരുന്നു. ഒരു കാലത്തെ സന്യാസനവീകരണംതൊട്ട് ഇക്കാലത്തെ വത്തിക്കാന്‍ സൂനഹദോസ്വരെ ഇതുശരി വയ്ക്കുന്നു.
സൂനഹദോസ് പഠിപ്പിക്കുന്നത്, വി. കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ തിരുവചനത്തിലും വിശ്വാസികള്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നുവെന്നാണ്. ദൈവാലയത്തില്‍, ആരാധനാ സമൂഹത്തില്‍ തിരുവചനം വായിക്കപ്പെടുമ്പോള്‍ അവിടുന്ന്തന്നെയാണ് സംസാരിക്കുന്നത്.
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തില്‍ ഏവര്‍ക്കും അവരുടേതായ പങ്കുണ്ട്. അജപാലനദൗത്യത്തില്‍ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളും ആദ്യ സാക്ഷികളും എന്ന നിലയില്‍ സജീവപാരമ്പര്യത്തിന്‍റെ കാത്തുസൂക്ഷിപ്പുകാര്‍ മെത്രാന്മാരാണ്. ഈ പാരമ്പര്യത്തിനുള്ളിലാണ് വി. ഗ്രന്ഥം എക്കാലവും വ്യാഖ്യാനിക്കപ്പെട്ടത്. മെത്രാന്മാരുടെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ വൈദികരുടെ ഒന്നാമത്തെ കടമ വചനപ്രഘോഷണമാണ്. തങ്ങളുടെ ആശയമല്ല ദൈവവചനമാണ്, സുവിശേഷ സത്യമാണ് ജീവിതത്തിന്‍റെ ഓരോ സാഹചര്യമനുസരിച്ച് അവര്‍ പകരേണ്ടത്. ഇത്തരത്തില്‍ വചനവ്യാഖ്യാനത്തിനുള്ള വിശേഷവരം ദൈവം അവര്‍ക്കു നല്‍കുന്നുണ്ട്. കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോള്‍ വചനപ്രഘോഷണവും കൂദാശയും തമ്മിലുള്ള ഐക്യം വൈദികരും ഡീക്കന്മാരും ഉറപ്പുവരുത്തേണ്ടതാണ്.
വി.കുര്‍ബാനയര്‍പ്പണ സമൂഹത്തിന്‍റെ നേതാക്കളും വിശ്വാസപ്രബോധകരുമായ വചനശുശ്രൂഷകര്‍ വെറുതെ ഉപദേശങ്ങള്‍ നല്‍കിയതു കൊണ്ടായില്ല; മറിച്ച്, ദൈവം തങ്ങളുടെ ഹൃദയങ്ങളില്‍ എന്തു സംസാരിക്കുന്നുവെന്ന് വിവേചിച്ചറിയാന്‍ വിശ്വാസികളെ സഹായിക്കുകയാണു വേണ്ടത്. ഇത് അവരുടെ മുഖ്യ ദൗത്യമാണ്. പഴയനിയമത്തിലെ ദൈവജനത്തെപ്പോലെ വിശ്വാസത്തോടെ, സ്നേഹത്തോടെ, ശാന്തതയോടെ, ആകാംക്ഷയോടെ വചനം ശ്രവിക്കുന്ന, ദൈവം തങ്ങളോടു സംസാരിക്കുന്നതു കേള്‍ക്കുന്ന സമൂഹമായി അപ്പോള്‍ പ്രാദേശിക സഭ രൂപാന്തരപ്പെടും. ആഗോളസഭയുടെ വിശ്വാസത്തോടും സ്നേഹത്തോടും ചേര്‍ന്നു നില്‍ക്കുമ്പോള്‍, ഇപ്രകാരം വചനം ശ്രവിക്കുന്ന സമൂഹങ്ങള്‍ അവയുടെ ജീവിതസാഹചര്യങ്ങളില്‍ ഉജ്ജ്വലമായ സുവിശേഷമറിയിക്കലിന്‍റെയും സാമൂഹിക മാറ്റത്തിന്‍റെയും ഉറവിടങ്ങളായി മാറും.
ഓരോ ക്രിസ്ത്യാനിക്കും പരിശുദ്ധാത്മാവിന്‍റെ വരം ലഭ്യമാണ്. വി. ഗ്രന്ഥമുപയോഗിച്ചു പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഉള്ളം ജ്വലിക്കുന്നു (ലൂക്ക 24,32). എന്നാല്‍ ഇത് വ്യക്തിഗത വ്യാഖ്യാനമല്ല. കാരണം ഓരോരുത്തരും വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും സഭയുടെ വിശ്വാസത്തില്‍നിന്നുകൊണ്ടാണ്. ഈ വായനയുടെ ഫലം പൊതുവായ വിശ്വാസ വളര്‍ച്ചക്കായി സമൂഹത്തിന് നല്‍കുകയും ചെയ്യുന്നു.
താഴ്ന്ന നിലയിലെന്ന് കരുതപ്പെട്ടവര്‍ക്കാണ് യേശുവിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ കൂടുതല്‍ ഭാഗ്യമുണ്ടായത്. വിജ്ഞാനികളില്‍നിന്ന് മറച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തുന്ന ദൈവികജ്ഞാനം ശിശുക്കളെപ്പോലെ ആകുന്നവര്‍ക്കുള്ളതാണ്. ദരിദ്രര്‍ക്കാണ് യേശു ദൈവരാജ്യം വാഗ്ദാനം ചെയ്തത്. ഇങ്ങനെ മറ്റെല്ലാ ആശ്രയവുമറ്റവര്‍ക്ക്, ദൈവത്തില്‍ മാത്രം ആലംബം കണ്ടെത്തുന്നവര്‍ക്ക് വചനം മനസിലാക്കാനുള്ള വരം അവിടുത്തെ കരുണയാല്‍ കിട്ടുന്നുവെന്ന് സഭ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സാമൂഹികമായ പ്രതികരണവും ഇത് ഉള്‍ക്കൊള്ളുന്നു.
പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ പലതാണ്. പ്രബോധത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും വരം ലഭിച്ചവരെ സഭയെ പടുത്തുയര്‍ത്താനുള്ള പ്രത്യേക ദൗത്യം ലഭിച്ചവരെന്ന നിലയില്‍ സഭ മതിപ്പോടെ കാണുന്നു. ഒരു കാലത്ത് നല്‍കപ്പെടാതിരുന്ന പരിഗണന വ്യാഖ്യാതാക്കള്‍ക്ക് നല്‍കുകയും അവര്‍ വലിയ പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. പുരാതനഭാഷകള്‍, ചരിത്രം, സംസ്കാരം, മൂലഗ്രന്ഥനിരൂപണം, സാഹിത്യവിമര്‍ശനരീതികള്‍ എന്നിവയിലുള്ള പാണ്ഡിത്യം തുടങ്ങി വ്യാഖ്യാനത്തിന്‍റെ വിവിധ സമീപനങ്ങളില്‍ സമര്‍ത്ഥരായവര്‍ തമ്മില്‍ ഒരുമിച്ചു ജോലി ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ഉണ്ട്. ദൈവജനത്തിന് ആത്മീയപോഷണം നല്‍കാന്‍ വചനശുശ്രൂഷകരുടെ സംഖ്യ എത്രയും വര്‍ദ്ധിച്ചിരുന്നെങ്കിലെന്ന് താല്‍പര്യപൂര്‍വ്വം ആഗ്രഹിക്കുന്നു. വനിതാവ്യാഖ്യാതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലും സഭയ്ക്ക് കൃതാര്‍ത്ഥതയുണ്ട്. ശ്രദ്ധിക്കപ്പെടാതിരുന്ന പല മേഖലകളിലും നവീന വെളിച്ചം തൂകാന്‍ അവര്‍ക്കു കഴിയുന്നു.
വചനത്തിന് എല്ലാവരും തുല്യഅവകാശികളാണെന്ന് മുകളില്‍ പറഞ്ഞുവല്ലോ. വ്യാഖ്യാനം വിശ്വസ്തമായിരിക്കാന്‍ എല്ലാവരും യത്നിക്കേണ്ടതുണ്ടെന്നുകൂടി ഇതു സൂചിപ്പിക്കുന്നു. എങ്കിലും വിശുദ്ധഗ്രന്ഥത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും വ്യാഖ്യാനത്തില്‍ അവസാന വാക്ക് സഭയുടെ പ്രബോധനാധികാരത്തിന്‍റേതാണ്. ഏതെങ്കിലും പ്രത്യേക വ്യാഖ്യാനം ആധികാരിക സുവിശേഷത്തിനെതിരായാല്‍ തിരുത്തേണ്ടത് സഭയുടെ പ്രബോധനാധികാരത്തിന്‍റെ കടമയാണ്. പണ്ഡിതരെയും വ്യാഖ്യാതാക്കളെയും ദൈവശാസ്ത്രജ്ഞരെയും ഉള്‍ച്ചേര്‍ത്ത് സഭാശരീരത്തിന്‍റെ കൂട്ടായ്മയില്‍ ഈ കടമ നിര്‍വഹിക്കപ്പെടുന്നു.
ഡോ. ജോസ് വടക്കേടം
interpretation in church tradition catholic malayalam bible interpretations Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206