We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 11-Feb-2021
വെളിപാടുഗ്രന്ഥത്തിൻറ്റെ പശ്ചാത്തലം
കാലത്തിനതീതമാണ് ദൈവത്തിന്‍റെ വചനം. എഴുതപ്പെട്ട ദൈവവചനമാണ് ബൈബിള്‍. ഏതുകാലത്ത് എഴുതപ്പെട്ടതാണെങ്കിലും ബൈബിള്‍ ഉള്‍ക്കൊള്ളുന്ന രക്ഷാകരസന്ദേശം സ്ഥലകാല പരിമിതികളെ മറികടന്ന് സാര്‍വ്വത്രികവും സനാതനവുമായി നിലകൊള്ളുന്നു. എന്നാല്‍ പുസ്തകം എഴുതപ്പെട്ട സാഹചര്യങ്ങള്‍ രചനയ്ക്കു സ്വീകരിച്ചിരിക്കുന്ന സാഹിത്യരൂപത്തെയും ഇതര ശൈലീവിശേഷങ്ങളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ ഗ്രന്ഥം രചിക്കപ്പെട്ട സ്ഥലകാല സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ് ആ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന സന്ദേശം ഗ്രഹിക്കാന്‍ സഹായകമാകും.
വെളിപാടു പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും അന്വര്‍ത്ഥമാണ്. അതിനാല്‍ ഗ്രന്ഥം രചിക്കപ്പെട്ട ചരിത്ര പശ്ചാത്തലം, ഗ്രന്ഥകാരന്‍റെ പ്രത്യേകതകള്‍, ഗ്രന്ഥരചനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സാഹിത്യരൂപങ്ങള്‍, ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങള്‍, ആശയങ്ങള്‍ അവതരിപ്പിക്കാനായി സ്വീകരിച്ചിരിക്കുന്ന ക്രമം അഥവാ പുസ്തകത്തിന്‍റെ ഘടന എന്നീ വിഷയങ്ങള്‍ ഈ ഭാഗത്തു ചര്‍ച്ച ചെയ്യുന്നു.
ഏ.ഡി. 95-ാം ആണ്ടോടടുത്താണ് വെളിപാടു പുസ്തകം എഴുതപ്പെട്ടത്. പുസ്തകത്തിലെതന്നെ പല പരാമര്‍ശങ്ങളും ആദിമ സഭാപിതാക്കന്മാരുടെ സാക്ഷ്യവും ഇതിനു തെളിവായുണ്ട്. വെളിപാടു പുസ്തകം രചിക്കപ്പെട്ട കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍ അപഗ്രഥിക്കാനാണ് ഈ അധ്യായത്തില്‍ ശ്രമിക്കുന്നത്.
റോമാസാമ്രാജ്യത്തിലുടനീളം ക്രിസ്ത്യാനികള്‍ ക്രൂരമായ മതപീഡനത്തെ നേരിടുന്ന അവസരമായിരുന്നു അത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മതമര്‍ദ്ദനം അപരിചിതമോ അപ്രതീക്ഷിതമോ ആയിരുന്നില്ല. രക്തത്തില്‍ കുതിര്‍ന്നതാണ് ആദിമസഭയുടെ ചരിത്രം. കുരിശില്‍ കുത്തിപ്പിളര്‍ക്കപ്പെട്ട നാഥന്‍റെ തിരുവിലാവില്‍നിന്നു പുറപ്പെട്ട സഭ പീഡനങ്ങള്‍ക്കു മധ്യേയാണ് വളര്‍ന്നത്. ക്രിസ്തുവിനെ ദൈവദൂഷകനും രാഷ്ട്രീയ കലാപകാരിയുമായി മുദ്രകുത്തി കുരിശില്‍ തറച്ചവര്‍ അവന്‍റെ അനുയായികളെയും വെറുതെ വിട്ടില്ല. ഗുരുവിനു ലഭിച്ച സ്വീകരണംതന്നെ ശിഷ്യന്മാര്‍ക്കും ലഭിച്ചു. യഹൂദനേതാക്കള്‍ ജറുസലെമില്‍ തുടങ്ങിയ എതിര്‍പ്പും പീഡനവും രക്തച്ചൊരിച്ചിലും പലസ്തീനായ്ക്കു പുറത്തേക്കും വ്യാപിച്ചു. അപ്പസ്തോലന്മാരും ക്രിസ്തീയ പ്രേഷിതരും ചെന്നിടത്തെല്ലാം യഹൂദതീവ്രവാദികളുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. വി. പൗലോസിന്‍റെ അനുഭവങ്ങള്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ വിശദീകരിക്കുന്നതില്‍നിന്ന് ഇതു വ്യക്തമാണ്. യഹൂദമതത്തില്‍നിന്നുത്ഭവിച്ച ഒരു പാഷണ്ഡതയായിട്ടാണ് യഹൂദനേതാക്കള്‍ ആദ്യമാദ്യം ക്രിസ്തുമതത്തെ കണ്ടത്. സര്‍വ്വശക്തിയും ഉപയോഗിച്ച് ഇതിനെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ പീഡിപ്പിക്കുന്തോറും കരുത്താര്‍ജ്ജിച്ചു വരുകയായിരുന്നു ക്രിസ്തുവിന്‍റെ സഭ.
ക്രിസ്തുവിന്‍റെ മരണത്തിനുശേഷം ഏകദേശം ഇരുപതു വര്‍ഷമായപ്പോഴേക്കും റോമാസാമ്രാജ്യത്തിന്‍റെ എല്ലാഭാഗത്തും ക്രിസ്തീയസന്ദേശം വ്യാപിച്ചു കഴിഞ്ഞിരുന്നു. യഹൂദരും അതിലേറെ വിജാതീയരും ഈ പുതിയ സന്ദേശം സ്വീകരിക്കാന്‍ തയ്യാറായി. സ്വീകരിക്കാതെ മാറിനിന്നവര്‍ ക്രിസ്ത്യാനികളെ അവഹേളിക്കാനും ഒറ്റപ്പെടുത്താനും പലപ്പോഴും അടിച്ചമര്‍ത്താനും ശ്രമിച്ചു. എന്നാല്‍ ആദ്യമാദ്യം ഇത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. പെട്ടെന്നുണ്ടായ വികാരാവേശത്താല്‍ ജനക്കൂട്ടം പ്രേഷിതരെ പീഡിപ്പിക്കാന്‍ ഒരുമ്പെട്ട പല സാഹചര്യങ്ങളിലും റോമന്‍ അധികാരികള്‍ അവരുടെ സംരക്ഷണത്തിനെത്തിയിരുന്നു. എഫേസോസിലെ വെള്ളിപ്പണിക്കാര്‍ തങ്ങളുടെ വിഗ്രഹക്കച്ചവടത്തിനു കോട്ടം തട്ടിയതിന്‍റെ പേരില്‍ പൗലോസിനെയും കൂട്ടരെയും വധിക്കാന്‍ ശ്രമിച്ചപ്പോള്‍ റോമന്‍ ഭരണാധികാരിതന്നെയാണ് അവരുടെ രക്ഷയ്ക്കെത്തിയത്. ഇപ്രകാരമുള്ള റോമന്‍ സംരക്ഷണം പൗലോസിന്‍റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടതായി കാണാം. ഏ.ഡി. 50-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ക്ലാവുദീയൂസ് ക്രിസ്ത്യാനികളെ റോമില്‍നിന്നു പുറത്താക്കി (അപ്പ 18:2). പക്ഷേ, അതു ക്രിസ്തുമതത്തോട് എന്തെങ്കിലും പ്രത്യേക എതിര്‍പ്പുണ്ടായിരുന്നതുകൊണ്ടല്ല, ക്രിസ്തുവിന്‍റെ പേരില്‍ യഹൂദരും ക്രിസ്ത്യാനികളും തമ്മിലുണ്ടായ കലഹത്തിന്‍റെ പേരിലായിരുന്നു എന്ന് റോമന്‍ ചരിത്രകാരനായ സുവെത്തോണിയൂസ് രേഖപ്പെടുത്തിയിട്ടുണ്ട്.
റോമാസാമ്രാജ്യത്തോടും അതിന്‍റെ അധികാരികളോടും സൗമ്യവും വിധേയത്വപൂര്‍ണ്ണവുമായി ഒരു സമീപനമാണ് ആദിമ സഭ സ്വീകരിച്ചിരുന്നത്. നിരപരാധിയായ യേശുവിനെ വധശിക്ഷയ്ക്കു വിധിച്ച റോമായുടെ പ്രതിനിധി പീലാത്തോസിനെപ്പോലും കുറ്റത്തില്‍ നിന്നൊഴിവാക്കുന്ന വിധത്തിലുള്ളതാണ് സുവിശേഷത്തിലെ വിവരണങ്ങള്‍. യേശുവിനെ ജനകീയ വിചാരണയ്ക്കു വിധേയനാക്കുകയും അവസാനം ജനഹിതത്തെ മാനിക്കുകയും മാത്രമാണ് അയാള്‍ ചെയ്തത് എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഈ വിവരണങ്ങള്‍, ആരാച്ചാരായി കുരിശിന്‍ ചുവട്ടില്‍നിന്ന ശതാധിപന്‍ യേശുവിന്‍റെ നിരപരാധിത്വം ഏറ്റുപറയുന്നു. കഫര്‍ണാമിലെ ശതാധിപനും കേസറിയായിലെ കൊര്‍ണേലിയൂസും ഒക്കെ ക്രിസ്തുവിനെ ആദരിക്കുന്ന റോമന്‍ അധികാരികളാണ്.
അധികാരം ദൈവദത്തമാണെന്നും അതിനാല്‍ അധികാര സംവിധാനത്തെ എതിര്‍ക്കുന്നവര്‍ ദൈവത്തെയാണ് എതിര്‍ക്കുന്നതെന്നും നന്മ ചെയ്യുന്നവര്‍ അധികാരികളെ ഭയപ്പെടേണ്ടതില്ല എന്നും വി. പൗലോസ് പഠിപ്പിച്ചു (റോമാ 13:1-7). അവര്‍ നികുതി കൊടുക്കണം; എല്ലാ വിധത്തിലും അനുസരണയുള്ള പൗരന്മാരായി ജീവിക്കണം; രാജാക്കന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം (1 തിമോ 2:1-3 തീത്തോ 3:1). കര്‍ത്താവിനെ പ്രതി അവര്‍ എല്ലാ രാഷ്ട്രീയാധികാരികള്‍ക്കും വിധേയരായിരിക്കണം. (1 പത്രോ 2:13-14). തിന്മ ചെയ്യുന്നവനെതിരേ ദൈവത്തിന്‍റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണ് അധികാരി. ദൈവത്തിന്‍റെ ശിക്ഷാവിധി നടപ്പാക്കാന്‍വേണ്ടിയാണ് അവന്‍ വാള്‍ ധരിച്ചിരിക്കുന്നത് (റോമാ 13:4).
ഇതില്‍നിന്നു തികച്ചും വ്യത്യസ്തമായൊരു സമീപനമാണ് വെളിപാടു പുസ്തകത്തില്‍ കാണുന്നത്. സാമ്രാജ്യ ശക്തി ദൈവത്തിന്‍റെ ശുശ്രൂഷകനല്ല, വിശുദ്ധരുടെയും യേശുവിന്‍റെ സാക്ഷികളുടെയും രക്തം കുടിച്ച് ഉന്മത്തയായ മഹാവേശ്യയാണ് (വെളി 17:6). ബഹുമാനവും വിധേയത്വവുമല്ല, വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും സമൂലതിരസ്കരണവുമാണ് യോഹന്നാന്‍ വിശ്വാസികളില്‍നിന്നും ആവശ്യപ്പെടുന്നത്. ഇതുവരെ അനുവര്‍ത്തിച്ചുപോന്നതിനു കടകവിരുദ്ധമായ ഈ സമീപനത്തിന്‍റെ കാരണം എന്താണ്?
ഏ.ഡി. 64, ജൂലായ് 18-ാം തിയതി അര്‍ദ്ധരാത്രിയോടടുത്ത് ടൈബര്‍ നദിയുടെ തീരത്തുള്ള ചേരി പ്രദേശത്ത് അഗ്നിബാധയുണ്ടായി. വളരെ വേഗം റോമാപ്പട്ടണത്തിന്‍റെ മിക്കഭാഗങ്ങളിലേക്കും അതു കത്തിപ്പടര്‍ന്നു. ആറു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന അഗ്നിയുടെ സംഹാരതാണ്ഡവത്തില്‍ റോമാപ്പട്ടണത്തിന്‍റെ മുക്കാല്‍ ഭാഗവും കത്തിച്ചാമ്പലായി. പാവപ്പെട്ടവരുടെ ചേരികളും പ്രഭുക്കന്മാരുടെ മാളികകളും മാത്രമല്ല, റോമാക്കാര്‍ ഏറെ വിലമതിച്ചിരുന്ന പുരാതന ക്ഷേത്രങ്ങളും അമൂല്യമായ ശില്പകലാ നിക്ഷേപങ്ങളും എല്ലാം ചാരക്കൂനയായിത്തീര്‍ന്നു. ആരാണീ ഭീകരനാശത്തിനുത്തരവാദി? ഭ്രാന്തനായ നീറോ ചക്രവര്‍ത്തി തന്നെയാണ് നഗരത്തിന് തീ കൊളുത്തിയതെന്ന് പലരും അടക്കം പറഞ്ഞു. റോമിനെ നശിപ്പിച്ച തീപോലെ ഈ വാര്‍ത്തയും അതിവേഗം പ്രചരിച്ചു. സ്വന്തം ജീവന്‍ അപകടത്തിലാണെന്നു മനസ്സിലാക്കിയ നീറോ എളുപ്പമൊരു ബലിയാടിനെ കണ്ടുപിടിച്ചു - ക്രിസ്ത്യാനികള്‍.
പല കാരണങ്ങളാലും റോമില്‍ നോട്ടപ്പുള്ളികളായിത്തീര്‍ന്ന ഒരു ജനസമൂഹമായിരുന്നു ക്രിസ്ത്യാനികള്‍. അധികപങ്കും അടിമകളും ദരിദ്രരുമായിരുന്നു അവര്‍. ചുരുക്കം ചില പ്രഭു കുടുംബങ്ങളിലെ അംഗങ്ങളും അവരുടെ അണികളില്‍ ഉണ്ടായിരുന്നു. ജനജീവിതത്തിന്‍റെ പൊതുസരണികളില്‍നിന്ന് അവര്‍ മാറിനിന്നു. റോമാക്കാര്‍ വിലമതിച്ചതിനെയൊന്നും വിലപ്പെട്ടതായി അവര്‍ കരുതിയില്ല. റോമാക്കാരുടെ ക്ഷേത്രങ്ങളില്‍ പോയില്ല; ദേവന്മാരെ ആരാധിച്ചുമില്ല. വിരുന്നുകളിലും വിനോദങ്ങളിലും പങ്കെടുത്തില്ല. കാരണം, റോമാക്കാരുടെ വിരുന്നുകള്‍ മദിരോത്സവങ്ങളിലും വിനോദങ്ങള്‍ ക്രൂരമായ മനുഷ്യക്കുരുതികളിലുമാണ് കലാശിച്ചിരുന്നത്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച മാംസം ക്രിസ്ത്യാനികള്‍ കടകളില്‍നിന്നു വാങ്ങിയില്ല. സമ്പത്തും സുഖഭോഗങ്ങളും അവര്‍ ആഗ്രഹിച്ചില്ല. പട്ടണത്തിനു പുറത്ത്, നദീതീരങ്ങളിലും ഭൂഗര്‍ഭാലയങ്ങളിലും രാത്രികാലങ്ങളില്‍ അവര്‍ സമ്മേളിക്കും. പ്രഭാതംവരെ റോമാക്കാര്‍ക്കപരിചിതനായ ഒരു ദൈവത്തിന് സ്തോത്രങ്ങളാലപിക്കും. മത്സരത്തിനുപകരം സാഹോദര്യവും, ശത്രുതക്കുപകരം ക്ഷമിക്കുന്ന സ്നേഹവും, സമ്പത്തിനുപകരം ദാരിദ്ര്യാരൂപിയും, ആഡംബരങ്ങള്‍ക്കു പകരം മിതത്വവും അവര്‍ പാലിച്ചു.
പൊതുജനദൃഷ്ടിയില്‍ ക്രിസ്ത്യാനികള്‍ വിഡ്ഢികളായിരുന്നു: റോമാക്കാരുടെ ദൈവങ്ങളെ ആരാധിക്കാത്തതിനാല്‍ നിരീശ്വരന്മാരും, അവരുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍ അപകടകാരികളും. ക്രിസ്ത്യാനികളുടെ രഹസ്യസമ്മേളനങ്ങളെ സംശയദൃഷ്ടിയോടെയാണ് അവര്‍ വീക്ഷിച്ചിരുന്നത്. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് അനേകം കള്ളക്കഥകള്‍ പ്രചാരത്തില്‍ വന്നു. സമ്മേളനമധ്യേ ഒരു ശിശുവിനെ മാവില്‍പ്പൊതിഞ്ഞശേഷം അവരുടെ മൂപ്പന്‍ അതിന്‍റെ ഹൃദയം കുത്തിപ്പിളര്‍ക്കുമെന്നും എല്ലാവരും കൂടി കുഞ്ഞിന്‍റെ ശരീരം പച്ചയ്ക്കു തിന്നുമെന്നും ആയിരുന്നു ഒരു കഥ. ക്രിസ്ത്യാനികള്‍ക്കെതിരേ പറഞ്ഞു പരത്താത്ത നുണകളുണ്ടായിരുന്നില്ല.
ഇപ്രകാരം പൊതുജനത്തിന്‍റെ അവജ്ഞയ്ക്കും വെറുപ്പിനും ഇരയായിത്തീര്‍ന്ന ക്രിസ്ത്യാനികളെയാണ് നീറോ റോമിലെ അഗ്നിബാധയ്ക്ക് ഉത്തരവാദികളായി മുദ്ര കുത്തിയത്. ക്രിസ്ത്യാനികളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ ചക്രവര്‍ത്തി കല്പനയിറക്കി. പൊതുജനം പടയാളികളെ സഹായിച്ചു. ജനത്തിന്‍റെ സകല ക്രൂരതയും ക്രിസ്ത്യാനികള്‍ക്കെതിരേ അഴിച്ചുവിട്ടു. ഈ കാലത്താണ് അപ്പസ്തോലന്മാരായ പത്രോസും പൗലോസും കൊല്ലപ്പെട്ടത്. 68-ല്‍ നീറോ ആത്മഹത്യ ചെയ്യുന്നതുവരെ ഈ മതപീഡനം തുടര്‍ന്നു. റോമാ പട്ടണത്തില്‍ മാത്രമായിരുന്നു ഔദ്യോഗികമായ ഈ പീഡനം. പക്ഷേ, ക്രിസ്ത്യാനിയായിരിക്കുക എന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. പില്ക്കാലത്തെ മതമര്‍ദ്ദകരായ ചക്രവര്‍ത്തിമാര്‍ക്ക് നീറോയുടെ നിയമം ഒരു മാതൃകയും പ്രചോദനവുമായി. ക്രിസ്തുവിന്‍റെ സഭയും സാമ്രാജ്യശക്തിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഇത് നിര്‍ണ്ണായകമായി ബാധിച്ചു.
പട്ടാളവിപ്ലവത്തിനു നടുവിലാണ് നീറോ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഗാല്‍ബ, ഓത്തോ, വിത്തേള്ളിയൂസ് എന്നീ മൂന്നു സൈന്യാധിപന്മാര്‍ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ കയറി എതിരാളിയുടെ വാളിനിരയായി. ജറുസലെം നഗരത്തിന് ഉപരോധമേര്‍പ്പെടുത്തിയ റോമന്‍ സൈന്യത്തെ നയിച്ചിരുന്ന വെസ്പാസിയാന്‍ ആണ് ഈ ആഭ്യന്തരകലാപത്തിന് അറുതിവരുത്തിയത്. പത്തു വര്‍ഷത്തെ ഭരണത്തിനുശേഷം വെസ്പാസിയാന്‍ മരിച്ചപ്പോള്‍ (69-79) മകന്‍ ടൈറ്റസ് ചക്രവര്‍ത്തിയായി (79-81). ടൈറ്റസിന്‍റെ അകാല മരണത്തെ തുടര്‍ന്ന് അനുജന്‍ ഡൊമീഷ്യന്‍ ഭരണം ഏറ്റെടുത്തു.
നീറോ വ്യര്‍ത്ഥാഭിമാനം മുറ്റിയ ഒരു ഭ്രാന്തനായിരുന്നെങ്കില്‍ കുശാഗ്രബുദ്ധിയായ ഒരു പിശാചായിരുന്നു ഡൊമീഷ്യന്‍ എന്നാണ് ചരിത്രകാരന്മാര്‍ വിധിയെഴുതിയത്. അനേകം ജനതകളും രാജ്യങ്ങളും അടങ്ങുന്നതായിരുന്നു റോമാ സാമ്രാജ്യം. യൂഫ്രട്ടീസ് നദി മുതല്‍ അറ്റ്ലാന്‍റിക്ക് സമുദ്രംവരെയും ബ്രിട്ടണ്‍ മുതല്‍ എത്യോപ്യാവരെയും മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടന്ന, ലോകം അന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റം വിശാലമായ, സാമ്രാജ്യത്തെ ഒരുമിച്ചു നിര്‍ത്തുക എളുപ്പമായിരുന്നില്ല. മതവികാരം മറ്റേതു സാമൂഹിക വികാരത്തെയുംകാള്‍ ശക്തമാണെന്നു മനസ്സിലാക്കിയിരുന്ന ഡൊമീഷ്യന്‍ സാമ്രാജ്യത്തെ ഒരു മതാചാരത്തിന്‍റെ ചട്ടക്കൂട്ടില്‍ ഐക്യപ്പെടുത്താന്‍ ശ്രമിച്ചു. രാജാരാധനയാണ് ഇതിനായി കണ്ടുപിടിച്ച മാര്‍ഗ്ഗം.
ഡൊമീഷ്യന്‍റെ ഭാവനയില്‍ പൊടുന്നനേ പൊട്ടി വിടര്‍ന്നതല്ല ഈ ആശയം. ലോകം മുഴുവന്‍ കീഴടക്കി, സമാധാനവും നീതിയും സ്ഥാപിച്ച്, ഭരണം നടത്തുന്ന റോമാ സാമ്രാജ്യത്തോടുള്ള ഭക്തിയും ആദരവും ആയിട്ടാണ് ഇതാരംഭിച്ചത്. ഏഷ്യാ മൈനറിലായിരുന്നു ഇതിന്‍റെ തുടക്കം. സ്മിര്‍ണാ പട്ടണത്തില്‍ ബി.സി. 195-ല്‍ തന്നെ റോമാദേവതയ്ക്കുവേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ച് ആരാധനയാരംഭിച്ചിരുന്നു.
കാലക്രമത്തില്‍, റോമിനുള്ള ആരാധന ചക്രവര്‍ത്തിയ്ക്കുള്ള ആരാധനയായി രൂപാന്തരപ്പെട്ടു. ജൂലിയസ് സീസറെ മരണശേഷം റോമന്‍ സെനറ്റ് ദൈവമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ നാമത്തില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് ആരാധനയര്‍പ്പിച്ചു. സീസറിന്‍റെ വധത്തിനു ശേഷമുണ്ടായ ആഭ്യന്തര കലാപം ഒതുക്കി സാമ്രാജ്യത്തില്‍ സമാധാനം സ്ഥാപിച്ച ഒക്ടേവിയന് റോമന്‍ സെനറ്റ് അഗസ്റ്റസ് എന്ന പേരില്‍ ദൈവിക ബഹുമതി നല്കി. ഏഷ്യാ മൈനറിലെ പല പ്രവിശ്യകളിലും തന്‍റെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് ബലിയര്‍പ്പണം നടത്താന്‍ ചക്രവര്‍ത്തി തന്നെ അനുവാദം നല്കി. സാവധാനം രാജാരാധനയ്ക്ക് ഒരു മതത്തിന്‍റെ രൂപഭാവങ്ങള്‍ കൈവന്നു. ക്ഷേത്രങ്ങളും പുരോഹിതന്മാരും ആരാധനക്രമങ്ങളും നിലവില്‍ വന്നു.
അഗസ്റ്റസിനുശേഷം ചക്രവര്‍ത്തിയായ ടൈബീരിയസ് (ഏ.ഡി. 14-37) തനിക്ക് ആരാധന അര്‍പ്പിക്കാനോ തന്‍റെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനോ അനുവദിച്ചില്ല. തുടര്‍ന്ന് അധികാരമേറ്റ കലിഗുള (37-41) സാമ്രാജ്യത്തിലുള്ള എല്ലാവരും തന്നെ ദൈവമായി ആരാധിക്കണം എന്നു നിര്‍ബന്ധിച്ചു. ജറുസലെം ദേവാലയത്തില്‍ തന്‍റെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍പോലും അദ്ദേഹം ശ്രമിച്ചു. ക്ലോഡിയസ് (41-54) ഇതിനു കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. രാജാരാധന അദ്ദേഹം നിരോധിച്ചു. നീറോ (54-68) താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടില്ല. ആരാധന ആവശ്യപ്പെട്ടുമില്ല. വെസ്പാസിയാനും (69-79) ടൈറ്റസും (79-81) ആരാധന ആഗ്രഹിച്ചില്ല. എന്നാല്‍ ഡൊമീഷ്യന്‍ (81-96) രാജാരാധന നിര്‍ബന്ധമാക്കി.
ഇതുവരെയുണ്ടായിരുന്ന ചക്രവര്‍ത്തിമാര്‍ക്ക് റോമന്‍ സെനറ്റും ജനങ്ങളും ദൈവികപദവി നല്കിയപ്പോള്‍ ഡൊമീഷ്യന്‍ ആ ബഹുമതി സ്വയം ഏറ്റെടുക്കുകയായിരുന്നു. താന്‍ ദൈവമാണെന്ന് ഒരു കല്പനയിലൂടെ സാമ്രാജ്യത്തുടനീളം വിളംബരം ചെയ്തു. തന്നെ "ഞങ്ങളുടെ കര്‍ത്താവും ദൈവവും" എന്ന് എല്ലാവരും അഭിസംബോധന ചെയ്യണം എന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. രാജശാസനങ്ങളെല്ലാം "കര്‍ത്താവും ദൈവവുമായ ചക്രവര്‍ത്തി കല്പിക്കുന്നു" എന്ന ആമുഖത്തോടെ തുടങ്ങണം എന്നും നിയമമുണ്ടായി. രാജഭക്തിയുടെ പ്രകടനമായി ആണ്ടില്‍ ഒരിക്കല്‍ റോമാ സാമ്രാജ്യത്തിലെ എല്ലാ പൗരന്മാരും നഗരാധിപന്‍റെ മുമ്പില്‍വച്ച് രാജാവിന്‍റെ വിഗ്രഹത്തിന് ധൂപമര്‍പ്പിക്കുകയും "സീസര്‍ കര്‍ത്താവും ദൈവവുമാകുന്നു" എന്ന് ഏറ്റുപറയുകയും ചെയ്യണം എന്നു കല്പിച്ചു. ഇതിനു വിസമ്മതിക്കുന്നവര്‍ നിരീശ്വരന്മാരും രാജ്യദ്രോഹികളും ആയി പ്രഖ്യാപിക്കപ്പെട്ടു. അവര്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഏഷ്യാമൈനറിലാണ് ഈ നിയമം ഏറ്റവും ശക്തമായി നടപ്പിലാക്കപ്പെട്ടത്.
റോമാസാമ്രാജ്യത്തില്‍ നിലവിലിരുന്ന അനേകം മതങ്ങളെ ഉന്മൂലനം ചെയ്ത് പുതിയൊരു മതം സ്ഥാപിക്കുക ആയിരുന്നില്ല ഡൊമീഷ്യന്‍റെ ലക്ഷ്യം. സാമ്രാജ്യത്തിന്‍റെ ഐക്യദാര്‍ഢ്യമാണ് ചക്രവര്‍ത്തി ഉന്നംവച്ചത്. എല്ലാ ജനതകള്‍ക്കും താന്താങ്ങളുടെ മതവിശ്വാസമനുസരിച്ചു ജീവിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ചക്രവര്‍ത്തിയെയും ദൈവമായി ആരാധിക്കണം എന്നുമാത്രം. രാജഭക്തിയും സാമ്രാജ്യത്തോടുള്ള കൂറും പ്രഖ്യാപിക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ബഹുദൈവാരാധനക്കാരായ ഇതരമതസ്ഥര്‍ക്ക് ഇതൊരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണ്ണായക പ്രതിസന്ധിയായിത്തീര്‍ന്നു.
ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് രാജാവിന്‍റെ അവകാശവാദങ്ങളെ അംഗീകരിക്കാനോ ആരാധനയെ സംബന്ധിച്ച നിയമങ്ങള്‍ അനുസരിക്കാനോ സാധിക്കുമായിരുന്നില്ല. രാജാവിനെ ദൈവമായി ആരാധിക്കുക തങ്ങളുടെ കര്‍ത്താവും ദൈവവുമായ ക്രിസ്തുവിനെ തള്ളിപ്പറയുന്നതിനു തുല്യമായിരുന്നു; രാജാരാധനയ്ക്കു വഴങ്ങാതിരിക്കുക മരണാര്‍ഹമായ രാജദ്രോഹവും. രാജനിയമം നിഷ്ക്കരുണം നടപ്പിലാക്കപ്പെട്ടു. ക്രിസ്ത്യാനികളുടെ വസ്തുവകകള്‍ കണ്ടുകെട്ടി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും പോലും ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ഉറ്റവര്‍ വന്യമൃഗങ്ങള്‍ക്കിരയാവുന്നതു നോക്കിനില്ക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി, തങ്ങളുടെ ഊഴം വരുന്നതുവരെ. സഭാധികാരികളെ പ്രത്യേകം തിരഞ്ഞുപിടിച്ച് 'മാതൃകാപരമായി' ശിക്ഷിക്കാന്‍ രാജസേവകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ജയില്‍വാസം, പീഡനങ്ങള്‍, നാടുകടത്തല്‍, അടിമവേല, സര്‍ക്കസില്‍ വന്യമൃഗങ്ങള്‍ക്ക് ഇട്ടുകൊടുക്കല്‍ ഇങ്ങനെ വിവിധങ്ങളായ പീഡനമുറകള്‍ക്ക് ക്രൈസ്തവര്‍ ഇരയായി.
പീഡനങ്ങള്‍ ഉണ്ടാകുമെന്ന് യേശു മുന്‍കൂട്ടി അറിയിച്ചിരുന്നു; എന്നാല്‍ അത് ഇത്ര ക്രൂരമോ ദീര്‍ഘമോ ആയിരിക്കുമെന്ന് അധികമാരും കരുതിയില്ല. ഉത്ഥിതനായ നാഥന്‍ അധികം വൈകാതെ ശക്തി പ്രാഭവങ്ങളോടെ മടങ്ങിവരുമെന്നും പീഡനങ്ങള്‍ക്കറുതി വരുത്തി ദൈവരാജ്യം സ്ഥാപിക്കുമെന്നും ക്രൈസ്തവരില്‍ നല്ലൊരു പങ്ക് വിശ്വസിച്ചിരുന്നു. "മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ് നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല" (മത്താ 10:23). "ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്‍റെ ഹിതമെങ്കില്‍ നിനക്കെന്ത്? " (യോഹ 21:22). ഇങ്ങനെയുള്ള യേശുവചനങ്ങള്‍ ഈ വിശ്വാസത്തിനു പിന്‍ബലമായിരുന്നു. തന്‍റെ മരണത്തിനുമുമ്പ് കര്‍ത്താവു മടങ്ങിവരും എന്ന് വി. പൗലോസ് പോലും പ്രതീക്ഷിച്ചിരുന്നതായി തോന്നിപ്പിക്കുന്ന സൂചനകളുണ്ട്: "നാം എല്ലാം നിദ്ര പ്രാപിക്കുകയില്ല" (1 കോറി 15:52); "ജീവിച്ചിരിക്കുന്നവരായി നമ്മളില്‍ അവശേഷിക്കുന്നവര്‍ കര്‍ത്താവിനെ എതിരേല്ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും" (1 തെസ 4:17). ജറുസലെമിന്‍റെ നാശവും കര്‍ത്താവിന്‍റെ പുനരാഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു.
പ്രതീക്ഷിച്ചതുപോലെ കര്‍ത്താവു മടങ്ങിവന്നില്ല. തന്നെയുമല്ല, പീഡനങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്തു. കര്‍ത്താവും ദൈവവും താനാണെന്ന് അവകാശപ്പെടുന്ന റോമന്‍ ചക്രവര്‍ത്തി ക്രിസ്തുവിനേക്കാള്‍ കൂടുതല്‍ ശക്തനായി കാണപ്പെട്ടു. പീഡിപ്പിക്കപ്പെടുന്ന ശിഷ്യഗണത്തെ രക്ഷിക്കാന്‍ ക്രിസ്തു വരാതായപ്പോള്‍ തങ്ങള്‍ വലിയൊരു വഞ്ചനയ്ക്ക് ഇരയായോ എന്നു പലരിലും സംശയമുദിച്ചു. പീഡനം അറുതിയില്ലാത്തതും റോമാ അജയ്യവുമായി പലര്‍ക്കും അനുഭവപ്പെട്ടു. ചെറുത്തു നില്ക്കുക നിരര്‍ത്ഥകമായി കരുതിയ അനേകര്‍ ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ തുടങ്ങി.
ഇതൊടൊപ്പം മറ്റൊരു ചിന്താഗതിയും ഏഷ്യയിലെ പല ക്രൈസ്തവ സമൂഹങ്ങളിലും പൊന്തിവന്നു. വിഗ്രഹം വെറും കല്ലോ മണ്ണോ ആണെന്നും അതിനു യാതൊരു ശക്തിയുമില്ല എന്നും ബൈബിള്‍ ആവര്‍ ത്തിച്ചു പഠിപ്പിയ്ക്കുന്നുണ്ട്. ദൈവം ഒരുവന്‍ മാത്രമേയുള്ളൂ. അവന്‍ അദൃശ്യനാണ്. അപ്പോള്‍ താന്‍ ദൈവമാണെന്ന ചക്രവര്‍ത്തിയുടെ അവകാശവാദം മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. ചക്രവര്‍ത്തിതന്നെ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം നല്കുമ്പോള്‍, രാജഭക്തി പ്രകടിപ്പിക്കാനായി ആണ്ടിലൊരിക്കല്‍ ഒരു പ്രതിമയുടെ മുമ്പില്‍ ഒരു പിടി കുന്തുരുക്കം പുകയ്ക്കുന്നതില്‍ എന്താണ് തെറ്റ്? വിശ്വാസമാണ് പ്രധാനം. യേശുക്രിസ്തുവില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ രക്ഷപ്രാപിക്കും. തന്നെയുമല്ല, രാജാധികാരത്തെ മാനിക്കാനും അനുസരിക്കാനും അപ്പസ്തോലന്മാര്‍തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജകല്പനയ്ക്കു വഴങ്ങുകയും തങ്ങളുടെ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിക്കുകയുമാണ് ഉചിതം എന്നു പലരും കരുതി. ക്രിസ്തീയ വിശ്വാസവും രാജാരാധനയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു.
കര്‍ക്കശമായ ക്രിസ്തീയ ജീവിതശൈലി പല സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമായിക്കൊണ്ടിരുന്നു. വിവിധങ്ങളായ തൊഴില്‍-വ്യാപാര സംഘടനകളില്‍ ക്രിസ്ത്യാനികളും അംഗങ്ങളായിരുന്നു. ക്രിസ്തീയവിശ്വാസം സ്വീകരിച്ചതുകൊണ്ടു ജനജീവിതത്തിന്‍റെ മുഖ്യധാരയില്‍നിന്നു മാറിനില്ക്കുന്നതു ശരിയല്ലല്ലോ. അതിനാല്‍ സംഘടനാസമ്മേളനങ്ങളിലും സുഹൃത്തുക്കളുടെ വിരുന്നുകളിലും പങ്കെടുക്കുക ആവശ്യമാണ്. വിരുന്നുകളില്‍ വിളമ്പിയിരുന്നത് വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ച മാംസമായിരുന്നു. കാരണം, ചന്തയില്‍ വില്പനയ്ക്കുവന്ന മാംസം അധികപങ്കും വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചതായിരുന്നു. അതു ഭക്ഷിക്കാതിരിക്കുന്നത് ആതിഥ്യമര്യാദയ്ക്ക് ചേര്‍ന്നതല്ല. വിഗ്രഹങ്ങള്‍ ഒന്നുമല്ല എന്നും അവയ്ക്ക് അര്‍പ്പിച്ച മാംസത്തിനു പ്രത്യേകത ഒന്നുമില്ലെന്നും വി.പൗലോസ് പഠിപ്പിച്ചിട്ടുണ്ട് (1 കോറി 8:1-13). അതിനാല്‍ യാതൊരു മനശ്ചാഞ്ചല്യവും കൂടാതെ വിരുന്നുകളില്‍ പങ്കെടുക്കാം. രാജഭക്തി പരസ്യമായി കൊട്ടിഘോഷിക്കാന്‍ പ്രവിശ്യകളിലുള്ള അധികാരികളും സമ്പന്നരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിരുന്നുകളുടെ ആരംഭത്തില്‍ കര്‍ത്താവും ദൈവവുമായڈചക്രവര്‍ത്തിക്ക് ആദരവര്‍പ്പിക്കുക; ചക്രവര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം നൈവേദ്യം ഒഴുക്കുക ഇതൊക്കെ സാധാരണ ആചാരമായിത്തീര്‍ന്നു. പലരും ഇതില്‍ ഒരു തെറ്റും കണ്ടില്ല. ജീവിതത്തിന്‍റെ എല്ലാ തുറകളിലേക്കും കടന്നുവന്ന ഈ വിട്ടുവീഴ്ചാ മനോഭാവം ക്രിസ്തീയ വിശ്വാസത്തെ ഉള്ളില്‍നിന്നു കാര്‍ന്നു തിന്നുന്ന മാരകരോഗമായിത്തീര്‍ന്നു.
ഇപ്രകാരമൊരു പ്രതിസന്ധിയിലാണ് വെളിപാടു പുസ്തകം രചിക്കപ്പെട്ടത്. മതമര്‍ദ്ദനത്തില്‍ മനം തളരുന്ന വിശ്വാസികള്‍ക്കു ശക്തി പകരണം. കര്‍ത്താവു മടങ്ങിവന്ന് തിന്മയ്ക്കറുതി വരുത്തി തന്‍റെ ഭരണം സ്ഥാപിക്കുമെന്ന് ഉറപ്പു നല്കണം. രാജാവിനെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുന്നവര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ തള്ളിപ്പറയുകയാണെന്നും അവര്‍ക്കു ക്രിസ്തുവിന്‍റെ രാജ്യത്തില്‍ പങ്കുണ്ടാവുകയില്ല എന്നും ബോധ്യം നല്കണം. ഇങ്ങനെയുള്ള ലക്ഷ്യങ്ങളാണ് വെളിപാടു പുസ്തകത്തിന്‍റെ രചനയ്ക്കു പ്രേരകമായി നിന്നത്.
വെളിപാടു പുസ്തകംതന്നെ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് ചില പ്രധാന വിവരങ്ങള്‍ നല്കുന്നുണ്ട്. യോഹന്നാന്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര് (വെളി 1:1; 4:9; 22:8). ഏഷ്യയിലെ തന്‍റെ ക്രിസ്തീയ സഹോദരങ്ങളെപ്പോലെ വിശ്വാസത്തിന്‍റെ പേരില്‍ പീഡനമേല്ക്കുകയും പാത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ടവനാണ് അദ്ദേഹം. ഏഷ്യയിലെ ഏഴു സഭകള്‍ക്ക് എഴുതുന്ന ലേഖനങ്ങളില്‍നിന്ന് ആ സഭകളുടെമേല്‍ അധികാരമുള്ള ഒരു വ്യക്തിയായിരുന്നു യോഹന്നാന്‍ എന്നു ന്യായമായും അനുമാനിക്കാം. ഓരോ സഭയുടെയും ചരിത്രവും നേട്ടങ്ങളും കോട്ടങ്ങളും അവ നേരിടുന്ന പ്രതിസന്ധികളും വ്യക്തമായി അദ്ദേഹത്തിനറിയാം.
ആരാണ് ഈ യോഹന്നാന്‍ എന്ന കാര്യത്തില്‍ ബൈബിള്‍ പണ്ഡിതന്മാരുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. കത്തോലിക്കരില്‍ അധികപങ്കും യേശുവിന്‍റെ പ്രേഷ്ഠശിഷ്യനും യാക്കോബിന്‍റെ സഹോദരനുമായ അപ്പസ്തോലനാണ് വെളിപാടു കര്‍ത്താവായ യോഹന്നാന്‍ എന്നു കരുതുന്നു. നാലാം സുവിശേഷവും വെളിപാടുഗ്രന്ഥവും ഒരേ വ്യക്തിയുടെ രചനയായും കരുതപ്പെടുന്നു. ആദിമസഭാ പിതാക്കന്മാരുടെ സാക്ഷ്യവും ഈ നിഗമനത്തെയാണ് പിന്താങ്ങുന്നത്.
എന്നാല്‍ നാലാം സുവിശേഷവും വെളിപാടും തമ്മില്‍ ഭാഷാശൈലി, സാഹിത്യരൂപം, അവതരിപ്പിക്കുന്ന പ്രധാന ആശ്രയങ്ങള്‍ എന്നിവയില്‍ ഗണ്യമായ വ്യത്യാസമുള്ളതിനാല്‍ ഇരു ഗ്രന്ഥങ്ങളും ഒരേ കര്‍ത്താവിന്‍റെ കൃതികളാവാന്‍ സാധ്യതയില്ല എന്ന അഭിപ്രായത്തിന് കത്തോലിക്കാ പണ്ഡിതന്മാരുടെ ഇടയിലും ഇന്നു സ്വാധീനം വര്‍ദ്ധിച്ചുവരുന്നുണ്ട്. യോഹന്നാന്‍റെ പേരില്‍ അറിയപ്പെടുന്ന അഞ്ചു പുസ്തകങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഇവയെല്ലാം അപ്പസ്തോലന്‍ തന്നെ രചിച്ചതായിരിക്കണം എന്നില്ല. എഫേസോസ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന യോഹന്നാന്‍ അപ്പസ്തോലന് വലിയൊരു ശിഷ്യഗണമുണ്ടായിരുന്നു. തങ്ങളുടെ (School of John) ഗുരുവില്‍നിന്നു ലിഖിതമായും വാചികമായും ലഭിച്ചവയുടെ വെളിച്ചത്തില്‍, ശിഷ്യഗണത്തില്‍പ്പെട്ടവരാണ് ഈ അഞ്ചു ഗ്രന്ഥങ്ങളുടെയും അന്തിമ പ്രസാധനം നടത്തിയത് എന്ന നിഗമനത്തിലേക്കാണ് ഇന്ന് ബൈബിള്‍ പഠിതാക്കള്‍ നീങ്ങുന്നത്.
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് കത്തോലിക്കാ സഭ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. പുതിയ നിയമഗ്രന്ഥങ്ങള്‍ ഇന്നു നമുക്ക് ലഭിച്ചിരിക്കുന്ന വിധത്തില്‍ എഴുതി പ്രസിദ്ധീകരിച്ചത് ഒരു അപ്പസ്തോലനാണോ എന്നത് ഗ്രന്ഥത്തിന്‍റെ കാനോനികതയെ ബാധിക്കുന്നില്ല. മര്‍ക്കോസും ലൂക്കായും അപ്പസ്തോലന്മാരല്ലല്ലോ. യേശുവില്‍ നിന്നു ലഭിച്ചതും അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതുമായ വിശ്വാസസത്യം ഉള്‍ക്കൊള്ളുന്നതാണോ ഈ ഗ്രന്ഥം എന്നതാണ് കാനോനികതയുടെ മാനദണ്ഡമായി സഭ സ്വീകരിക്കുന്നത്. രണ്ടാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിമുതല്‍ വെളിപാടു പുസ്തകം ബൈബിളിന്‍റെ ഭാഗമായി കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുണ്ട്. സിറിയന്‍ സഭ ഇതിനൊരപവാദമായിരുന്നെങ്കിലും ഈ ഗ്രന്ഥത്തിന്‍റെ കാനോനികത ഇന്ന് ഒരു ക്രൈസ്തവസമൂഹവും ചോദ്യം ചെയ്യുന്നില്ല.
ഒരു ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന സന്ദേശം ഗ്രഹിക്കാന്‍ ഗ്രന്ഥകാരന്‍ ഉപയോഗിച്ചിരിക്കുന്ന സാഹിത്യരൂപം മനസ്സിലാക്കുക ആവശ്യമാണ്. നോവലിനെ ചരിത്രമായോ, കഥയെ സംഭവമായോ വ്യാഖ്യാനിച്ചാല്‍ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയാതെ പോകും. വെളിപാടു പുസ്തകത്തെ സംബന്ധിച്ച് ഇത് ഏറ്റം പ്രസക്തമാണ്. പീഡിതമായ സഭാസമൂഹങ്ങളില്‍ പരസ്യമായി വായിക്കുന്നതിനുവേണ്ടി എഴുതിയ ഈ ഗ്രന്ഥം ഒരു പ്രത്യേകവിധത്തില്‍ മനസ്സിലാക്കണം എന്ന് ഗ്രന്ഥകാരന്‍ തന്നെ നിര്‍ദ്ദേശിക്കുന്നതായി കാണാം. ബൈബിളിലെ മറ്റൊരു ഗ്രന്ഥത്തിനും ഇല്ലാത്ത പേരാണ് ഇതിനു നല്കിയിരിക്കുന്നത് - വെളിപാട്. അപ്പോകലിപ്സിസ് എന്ന ഗ്രീക്കു നാമമാണ് നാം വെളിപാട് എന്നു വിവര്‍ത്തനം ചെയ്യുന്നത്. നിഗൂഢമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുക എന്നാണ് ഈ വാക്കിന് അര്‍ത്ഥം. ഈ നാമത്തിന്‍റെ വിശേഷണരൂപമാണ് അപ്പോകലിപ്റ്റിക്. ഇതിനുപുറമേ പല സാഹിത്യരൂപങ്ങളുടെയും സ്വാധീനം വെളിപാടുപുസ്തകത്തില്‍ കാണാം. ഗ്രന്ഥകാരന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ഗ്രഹിക്കാന്‍ ഈ സാഹിത്യരൂപങ്ങളുടെ പ്രത്യേകത കണക്കിലെടുക്കേണ്ടതുണ്ട്.
അപ്പോകലിപ്റ്റിക് സാഹിത്യരൂപം
ബി.സി. 200-നും ഏ.ഡി. 100- നും മധ്യേ ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ഒരു സാഹിത്യരൂപമാണ് അപ്പോകലിപ്റ്റിക് എന്ന പേരില്‍ അറിയപ്പെടുന്നത്. വന്‍ സാമ്രാജ്യശക്തികളാല്‍ മര്‍ദ്ദിതമായ ഒരു ജനവിഭാഗത്തിന്‍റെ പ്രത്യാശകള്‍ അതിശക്തമായി അവതരിപ്പിക്കുന്ന സാഹിത്യരൂപമാണിത്. ഇതിന്‍റെ ഉത്ഭവം, പ്രത്യേകതകള്‍, വെളിപാടു പുസ്തകത്തില്‍ ഇതിന്‍റെ സ്വാധീനം എന്നിവയാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
a. ഉത്ഭവം: തങ്ങള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണെന്ന് ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നു. പുരോഹിതരാജ്യവും വിശുദ്ധജനവുമായ ഇസ്രായേല്‍ ലോകജനതകളുടെമേല്‍ ഭരണം നടത്തുന്ന ഒരു വലിയ സാമ്രാജ്യമായിത്തീരും എന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. ദാവീദിന്‍റെ കാലത്ത് രാജ്യം സുസ്ഥാപിതമായതോടെ ഈ പ്രതീക്ഷ ശക്തിപ്പെട്ടു. എന്നാല്‍ സോളമന്‍റെ മരണത്തോടെ (ബി.സി.931) രാജ്യം രണ്ടായി പിളര്‍ന്നു. രണ്ടു നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ (722) വടക്കന്‍ രാജ്യമായ ഇസ്രായേല്‍ അസ്സീറിയായ്ക്കു കീഴടങ്ങി, ചരിത്രത്തില്‍നിന്നപ്രത്യക്ഷയായി. ഏകദേശം ഒന്നരനൂറ്റാണ്ടുകൂടി തെക്കന്‍ രാജ്യമായ യൂദാ സ്വാതന്ത്ര്യം കാത്തു സൂക്ഷിച്ചെങ്കിലും 587-ല്‍ ബാബിലോണിന്‍റെ ആധിപത്യത്തിന്‍ കീഴിലായി. തുടര്‍ന്ന് പേര്‍ഷ്യയും, ഗ്രീസും ഇസ്രായേല്‍ ജനത്തിന്‍റെമേല്‍ ഭരണം നടത്തി. ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ ഇസ്രായേലിനു രാഷ്ട്രീയ പാരതന്ത്ര്യം മാത്രമല്ല, ക്രൂരമായ മതമര്‍ദ്ദനവും അനുഭവിക്കേണ്ടിവന്നു. സിറിയന്‍ രാജാവായ അന്തിയോക്കസ് നാലാമന്‍ ഇസ്രായേല്‍ക്കാരുടെ മതവിശ്വാസത്തെ നിശ്ശേഷം നശിപ്പിക്കാന്‍ ശ്രമിച്ചു. ഒരു സാമ്രാജ്യ ശക്തിയായി ലോകത്തെ അടക്കി വാഴുക സാധ്യമല്ലെന്നും തങ്ങളെ ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യം അതല്ലെന്നും ഇസ്രായേലിനു ബോധ്യമായി.
കഠിനമായ മതപീഡനങ്ങള്‍ക്കു മധ്യേ തങ്ങളുടെ ചരിത്രത്തെ വിലയിരുത്തിയവര്‍ക്ക് ദൈവത്തിന്‍റെ വിമോചനകൃത്യങ്ങളെ പുതിയൊരു വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ദൈവജനത്തെ അടിമകളാക്കി വച്ച ഈജിപ്തുകാര്‍ യാഹ്വേയുടെ കരത്തിന്‍റെ കരുത്തു കണ്ടു; അവരുടെ ശക്തമായ സൈന്യം ചെങ്കടലില്‍ ചത്തുപൊങ്ങി. സാമ്രാജ്യശക്തികളായ അസ്സീറിയായും ബാബിലോണും പേര്‍ഷ്യയും എല്ലാം ചരിത്രത്തിന്‍റെ പ്രയാണത്തില്‍ പിന്‍തള്ളപ്പെട്ടു. വിമോചകനായ യാഹ്വേയാണ് ചരിത്രത്തെ നയിക്കുന്നത്. അവന്‍റെ മുമ്പില്‍ ഒരു സാമ്രാജ്യ ശക്തിക്കും നിലനില്ക്കാനാവില്ല. ദൈവജനത്തെ പീഡിപ്പിക്കുന്ന അന്തിയോക്കസ് എപ്പിഫാനസും അയാളുടെ സാമ്രാജ്യവും താമസിയാതെ ഉന്മൂലനം ചെയ്യപ്പെടും എന്ന വിശ്വാസം മര്‍ദ്ദിതജനത്തിനു പ്രത്യാശ നല്കി. ഈ പ്രത്യാശയാണ് അപ്പോകലിപ്റ്റിക് എന്ന സാഹിത്യരൂപത്തിലൂടെ അവര്‍ പ്രകടിപ്പിച്ചത്.
സര്‍വ്വശക്തനായ ദൈവം ചരിത്രത്തില്‍ ഇടപെട്ട്, മര്‍ദ്ദകനെ നശിപ്പിച്ച്, മര്‍ദ്ദിതജനത്തിനു രക്ഷനല്കുന്ന നിമിഷം ആസന്നമായിരിക്കുന്നു എന്ന വിശ്വാസവും പ്രതീക്ഷയും ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന ഗ്രന്ഥങ്ങളാണ് അപ്പോകലിപ്റ്റിക് ഗ്രന്ഥങ്ങള്‍. മര്‍ദ്ദകശക്തിയുടെ അന്ത്യം വിളിച്ചറിയിക്കുന്ന ഈ ഗ്രന്ഥങ്ങള്‍ ജനത്തെ വിപ്ലവത്തിനു പ്രേരിപ്പിക്കുന്നവയായിരുന്നു. ഇവ ഭരണാധികാരികളുടെ കൈകളില്‍ ചെന്നുപെടുന്നത് തികച്ചും അപകടകരമായിരുന്നു. അതിനാല്‍ അവര്‍ക്കു മനസ്സിലാവാത്തതും എന്നാല്‍ തങ്ങളുടെ ജനത്തിനു സുഗ്രാഹ്യവുമായ ഒരു ശൈലി അവലംബിക്കേണ്ടി വന്നു. ദൈവം ഇസ്രായേലിനെ ശത്രുക്കളില്‍നിന്നു മോചിപ്പിച്ച് വീണ്ടും ഒരു ജനതയാക്കും എന്നു പഠിപ്പിക്കുന്ന പഴയനിയമ പ്രവാചകഗ്രന്ഥങ്ങളില്‍ ഈ ശൈലിയുടെ അവ്യക്തമായ തുടക്കം കാണാനാവും. ആമോ 5:18-20; ജറെ 4:23-26; എസെ 37:1-14 തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഏശയ്യായുടെ പുസ്തകത്തോടു പില്ക്കാലത്തു കൂട്ടിച്ചേര്‍ത്തതായി കരുതപ്പെടുന്ന 24-27 അധ്യായങ്ങള്‍ ഏശയ്യായുടെ ചെറിയ വെളിപാട് എന്ന പേരില്‍ അറിയപ്പെടുന്നു.
ദാനിയേലിന്‍റെ പുസ്തകത്തിലാണ് ഈ സാഹിത്യരൂപം അതിന്‍റെ തനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ബൈബിളിന്‍റെ ഭാഗമായി അംഗീകരിച്ചിട്ടില്ലാത്ത ഏനോക്ക്, പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ ഉടമ്പടി, സിബിലിന്‍റെ അരുളപ്പാടുകള്‍ (Sibillin Oracles), ഏശയ്യായുടെ സ്വര്‍ഗ്ഗാരോഹണം, മോശയുടെ സ്വര്‍ഗ്ഗാരോഹണം, ബാറൂക്കിന്‍റെ വെളിപാട്, നാലാം എസ്രാ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ ഈ സാഹിത്യരൂപത്തില്‍ രചിക്കപ്പെട്ടവയാണ്. ഖുമ്റാന്‍ സന്യാസികളുടെ ഇടയിലും ഈ സാഹിത്യരൂപം ഏറെ പ്രചാരത്തിലിരുന്നു. ഏശയ്യാ, ഹോസിയാ, മിക്കാ, നാഹും, ഹബക്കുക്ക്, സെഫാനിയാ എന്നീ പ്രവാചക ഗ്രന്ഥങ്ങളുടെ വ്യാഖ്യാനം, അന്തിമയുദ്ധനിയമം, സമൂഹനിയമസംഹിത തുടങ്ങി അവരുടെ അനേകം ഗ്രന്ഥങ്ങള്‍ അപ്പോകലിപ്റ്റിക് ശൈലിയില്‍ രചിക്കപ്പെട്ടവയാണ്. പുതിയ നിയമത്തിലെ പല ഗ്രന്ഥങ്ങളിലും ഈ ശൈലിയുടെ സ്വാധീനം കാണാം. മര്‍ക്കോ 13; 1 കോറി 15; 2 പത്രോ 3:8-13 തുടങ്ങിയവ ഉദാഹരണങ്ങളാണ്.
വ്യാജനാമങ്ങള്‍ സ്വീകരിക്കുന്നതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. മര്‍ദ്ദകഭരണം നടത്തുന്ന രാജാക്കന്മാരുടെ അന്ത്യം വിളിച്ചറിയിക്കുന്ന ഈ ഗ്രന്ഥങ്ങളുടെ പൊരുള്‍ അവരില്‍ നിന്നു മറച്ചുവയ്ക്കാന്‍ ഈ മാര്‍ഗ്ഗം സഹായിച്ചു. പണ്ടെങ്ങോ ജീവിച്ചിരുന്ന ഒരാള്‍ എഴുതിയ പുസ്തകമാണെങ്കില്‍ അത് ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് ഭീഷണിയാവില്ലല്ലോ.
വെളിപാടു പുസ്തകം രചിച്ചിരിക്കുന്നത് മുഖ്യമായും അപ്പോകലിപ്റ്റിക് സാഹിത്യരൂപത്തിലാണെങ്കിലും മറ്റു സാഹിത്യരൂപങ്ങളുടെയും സ്വാധീനം ഈ ഗ്രന്ഥത്തില്‍ കാണാം.
യേശുക്രിസ്തുവില്‍നിന്നു ലഭിച്ച വെളിപാട് എന്ന് പുസ്തകത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും താന്‍ എഴുതിയിരിക്കുന്നത് ഒരു പ്രവാചകഗ്രന്ഥമാണെന്ന് ഗ്രന്ഥകാരന്‍തന്നെ പുസ്തകത്തിന്‍റെ ആരംഭത്തിലും (1:3) അവസാനത്തിലും (22:18) എടുത്തുപറയുന്നുണ്ട്. അന്നു പ്രചാരത്തിലിരുന്ന അപ്പോകലിപ്റ്റിക് സാഹിത്യരൂപത്തിന്‍റെ മാത്രം വെളിച്ചത്തില്‍ ഈ പുസ്തകത്തെ മനസ്സിലാക്കിയാല്‍ പോരാ എന്ന് ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നു.
പ്രവാചകന്മാര്‍ക്കുശേഷമാണ് അപ്പോകലിപ്റ്റിക് ഗ്രന്ഥകാരന്മാര്‍ ഇസ്രായേലില്‍ രംഗപ്രവേശനം ചെയ്തത് എന്നു നാം കണ്ടുകഴിഞ്ഞു. വെളിപാടുപുസ്തകത്തിലാകട്ടെ ഈ രണ്ടു സാഹിത്യരൂപങ്ങളും സമന്വയിപ്പിച്ചിരിക്കുന്നതായി കാണാം. എന്താണ് പ്രവാചകഗ്രന്ഥങ്ങളുടെ പ്രത്യേകതകള്‍?
പ്രവാചകന്മാര്‍ പൊതുവേ എഴുത്തുകാരായിരുന്നില്ല, സംസാരിക്കുന്നവരായിരുന്നു. പ്രവാചകന്മാര്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍തലമുറയ്ക്കായി എഴുതി സൂക്ഷിച്ചത് പ്രവാചകശിഷ്യന്മാരായിരുന്നു. സമകാലികരോടു നേരിട്ടു സംസാരിക്കുന്നവരാണ് പ്രവാചകന്മാര്‍. ദൈവത്തിന്‍റെ ദൃഷ്ടിയിലൂടെ സീനായ് ഉടമ്പടിയുടെ വെളിച്ചത്തില്‍ ലോകചരിത്രത്തെയും ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതത്തെയും അവര്‍ നോക്കിക്കാണുന്നു. മറ്റുള്ളവര്‍ സമൃദ്ധിയും സുഭിക്ഷതയും വലിയ പ്രതീക്ഷകളും കാണുന്നിടത്ത് പ്രവാചകന്മാര്‍ അനീതിയും അവിശ്വസ്തതയും ആസന്നമായിരിക്കുന്ന നാശവുമാണ് കാണുക. മര്‍ദ്ദനത്തിലും ചൂഷണത്തിലും അധികാരം കയ്യടക്കിയവരുടെ സുഖഭോഗങ്ങളിലും അടിയുറച്ച സമൂഹത്തിനെതിരേ ദൈവത്തിന്‍റെ ശിക്ഷാവിധി ആസന്നമായിരിക്കുന്നു എന്ന് അവര്‍ വിളിച്ചറിയിക്കും. അതേസമയം, പ്രത്യാശയറ്റ മര്‍ദ്ദിതര്‍ക്കു ദൈവം നല്കാന്‍ പോകുന്ന മോചനത്തിന്‍റെ വക്താക്കളുമാണവര്‍. ദൈവത്തോടും അവിടുത്തെ ഉടമ്പടിയോടുമുള്ള വിശ്വസ്തതയ്ക്ക് അവര്‍ പരമപ്രാധാന്യം കല്പിക്കുന്നു. യുഗാന്തനവീകരണത്തേക്കാള്‍ ഇന്നു നടത്തേണ്ട ജീവിതനവീകരണത്തിനാണ് അവര്‍ ഊന്നല്‍ നല്കുന്നത്.
വെളിപാടു പുസ്തകത്തില്‍ പ്രവാചകശബ്ദം മുഴങ്ങി കേള്‍ക്കാം. ശാസനയും വിമര്‍ശനവും കുറ്റാരോപണവും ശിക്ഷയുടെ മുന്നറിയിപ്പും സാന്ത്വനവും രക്ഷയുടെ വാഗ്ദാനവും എല്ലാം വെളിപാടു ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നുണ്ട്. ജീവന്‍ ത്യജിച്ചും കര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്താനുള്ള ആഹ്വാനവും, മരണംവരെ വിശ്വസ്തത പാലിക്കുന്നവര്‍ക്ക് ലഭിക്കാനിരിക്കുന്ന മഹത്വവും ജീവസ്സുറ്റ നിറങ്ങളില്‍ യോഹന്നാന്‍ വരച്ചു കാട്ടുന്നു. പ്രവചനവും വെളിപാടും ഈ പുസ്തകത്തില്‍ സമ്മേളിക്കുന്നു. വേറേയും ചില സാഹിത്യരൂപങ്ങളുടെ സ്വാധീനം ഇതില്‍ കാണാം.
പുതിയനിയമത്തിലെ ഇരുപത്തൊന്നു പുസ്തകങ്ങള്‍ ലേഖനങ്ങള്‍ڈഎന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതെങ്കിലും പ്രാദേശികസഭയ്ക്ക് എഴുതിയ ലേഖനങ്ങളുണ്ട്, ആഗോളസഭയ്ക്കായി എഴുതപ്പെട്ട ലേഖനങ്ങളുമുണ്ട്. സഭയുടെ ആനുകാലിക പ്രശ്നങ്ങളെ കണക്കിലെടുത്തുകൊണ്ട് വിശ്വാസസത്യങ്ങള്‍ വിശദീകരിക്കുകയും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ പ്രശ്നങ്ങളെ നേരിടാന്‍ പ്രചോദനം നല്കുകയുമാണ് ലേഖനങ്ങള്‍ ചെയ്യുക. അഭിസംബോധന, ആശംസകള്‍, പ്രശംസകള്‍, ഉപദേശങ്ങള്‍, താക്കീതുകള്‍, സമാപനാശംസ, ആശീര്‍വ്വാദം, എന്നിവയാണ് ലേഖനങ്ങളില്‍ പൊതുവേ കാണുക. ലേഖന കര്‍ത്താവിന്‍റെ അവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ലേഖനം സ്വീകരിക്കുന്നവരെക്കുറിച്ചുള്ള ഉല്‍കണ്ഠകളും ഇവയില്‍ കാണാം.
ഏഷ്യയിലെ ഏഴു സഭകള്‍ക്കുള്ള ലേഖനമായിട്ടാണ് വെളിപാടു പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. ആ സഭകളുമായി അടുത്ത ബന്ധവും സഭകളുടെമേല്‍ അധികാരവും ഉള്ള ആളാണ് യോഹന്നാന്‍ എന്ന് പുസ്തകത്തില്‍നിന്നു വ്യക്തമാകും. ഓരോ സഭയുടെയും പ്രത്യേക അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിനറിവുണ്ട്. ഓരോ സഭയ്ക്കുംവേണ്ട പ്രത്യേക നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്കുന്നു. യേശുക്രിസ്തുവിന്‍റെ അധികാരത്തോടെയാണ് ലേഖകന്‍ എഴുതുന്നത്. ആദ്യത്തെ മൂന്ന് അധ്യായങ്ങളിലും അവസാനത്തെ അധ്യായത്തിലും മാത്രമേ ഇടയലേഖനത്തിന്‍റെ ശൈലി സ്വീകരിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമത്രേ. തന്നെയുമല്ല, ഏഴ് എന്നത് പൂര്‍ണ്ണതയെ സൂചിപ്പിക്കുന്ന സംഖ്യ ആയതിനാല്‍ പീഡനത്തിനു വിധേയമാകുന്ന ആഗോളസഭയെ ലക്ഷ്യം വച്ചുകൊണ്ടാണ് വെളിപാടു പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് എന്നു മനസ്സിലാക്കാം
ലിറ്റര്‍ജിയുമായി ബന്ധപ്പെട്ട പല പ്രതീകങ്ങളും ശൈലീവിശേഷങ്ങളും വെളിപാടു പുസ്തകത്തില്‍ കാണാം. കൊല്ലപ്പെട്ടതായി തോന്നുന്ന കുഞ്ഞാട്, ബലിപീഠം, അഗ്നി, ധൂപം മുതലായവ ആരാധനയുമായി ബന്ധപ്പെട്ട പ്രതീകങ്ങളാണ്. സ്വര്‍ഗ്ഗീയ സിംഹാസനത്തിനുമുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്ന ശ്രേഷ്ഠന്മാര്‍, ദൈവത്തിനു സ്തുതി പാടുന്ന ജീവികള്‍, കീര്‍ത്തനങ്ങളാലപിക്കുന്ന വിശുദ്ധര്‍, പലതവണ ആവര്‍ത്തിക്കപ്പെടുന്ന ദൈവസ്തുതികള്‍ (doxology) ഇവയെല്ലാം ഒരു ആരാധനക്രമത്തിന്‍റെ പ്രതീതിയാണു നല്കുക. ജറുസലെം ദേവാലയത്തില്‍ നടന്നിരുന്ന ആരാധനക്രമത്തിന്‍റെയോ അല്ലെങ്കില്‍ ക്രിസ്തീയസമൂഹങ്ങളിലെ പെസഹാഘോഷത്തിന്‍റെയോ ചുവടുപിടിച്ചാണ് വെളിപാടു പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത് എന്നു കരുതുന്നവരുണ്ട്.
പ്രതീകങ്ങളും യാചനാ-സ്തുതി-പ്രാര്‍ത്ഥനകളും ഏറെയുണ്ടെങ്കിലും പുസ്തകം മുഴുവന്‍ ഒരു ലിറ്റര്‍ജിയാണെന്നു പറയാനാവില്ല. അതേസമയം ലിറ്റര്‍ജിയുടെ സ്വാധീനം അംഗീകരിക്കുകയും വേണം. സ്വര്‍ഗ്ഗീയ ലിറ്റര്‍ജിയാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമത്രേ. ഭൂവാസികളായ മനുഷ്യര്‍ക്ക് അതില്‍ പങ്കുചേരാനാവില്ല. സ്വര്‍ഗ്ഗത്തില്‍ തുറന്ന ഒരു വാതിലിലൂടെ കാണാന്‍ മാത്രമേ ഗ്രന്ഥകാരനും വായനക്കാര്‍ക്കും കഴിയുന്നുളളൂ. ഭൂവാസികളുടെ പ്രാര്‍ത്ഥനകള്‍ ദൈവദൂതന്മാരാണ് സ്വര്‍ഗ്ഗീയ സിംഹാസനത്തിനുമുമ്പില്‍ സമര്‍പ്പിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സന്ദേശങ്ങളും അവര്‍തന്നെ മനുഷ്യന് എത്തിച്ചുകൊടുക്കുന്നു. മരണത്തിലൂടെ മരണത്തിന്മേല്‍ വിജയം വരിച്ചവര്‍ക്കു മാത്രമേ ഈ സ്വര്‍ഗ്ഗീയാരാധനയില്‍ പങ്കുചേരാന്‍ കഴിയൂ.
റോമാചക്രവര്‍ത്തി നിര്‍ബന്ധമാക്കിയ രാജാരാധനയില്‍ പങ്കുചരാത്തവര്‍ക്ക് ഈ സ്വര്‍ഗ്ഗീയാരാധനയില്‍ പങ്കുചേരാന്‍ കഴിയും. ദൈവത്തിന്‍റെ വസതിയും അവിടെ അവിരാമം നടക്കുന്ന സ്വര്‍ഗ്ഗീയാരാധനയുമായി തുലനം ചെയ്യുമ്പോള്‍ റോമാചക്രവര്‍ത്തിയുടെ കൊട്ടാരവും സദസ്സും ആരാധനയും ഒക്കെ എത്ര നിഷ്പ്രഭമാണെന്ന് വിശ്വാസികളെ ഗ്രന്ഥകാരന്‍ ബോധ്യപ്പെടുത്തുന്നു. വിശ്വാസത്തിനുവേണ്ടി പീഡനമേല്ക്കാനും മരിക്കാനും ക്രിസ്ത്യാനികളെ സന്നദ്ധരാക്കുന്നതിനുവേണ്ടിയാണ് ഈ സാഹിത്യരൂപം ഉപയോഗിക്കുന്നത് എന്നു കരുതാം.
വെളിപാടു പുസ്തകം മുഴുവന്‍ ഒരു വലിയ നാടകത്തിന്‍റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും കരുതുന്നവരുണ്ട്. പ്രപഞ്ചമാണ് വേദി; നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. ദൈവവും കുഞ്ഞാടും മാലാഖമാരും ക്രിസ്തുവിന്‍റെ സഭയും ഒരു വശത്ത്; സാത്താനും അവന്‍റെ സേവകരായ പിശാചുക്കളും ഉപകരണങ്ങളായ സാമ്രാജ്യശക്തികളും മറുവശത്ത്. വിഭാവനം ചെയ്യാവുന്നതില്‍ ഏറ്റം വിശാലമായ വേദിയും ഇതിവൃത്തവും പാത്രങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്. ഏഴ് അങ്കങ്ങളും ഓരോ അങ്കത്തിലും ഏഴു രംഗങ്ങളും ഉള്ള ഒരു വലിയ നാടകമായി ചില ബൈബിള്‍ പണ്ഡിതന്മാര്‍ വെളിപാടു പുസ്തകത്തെ കാണുന്നു.
നാടകം എന്ന സാഹിത്യരൂപത്തിന്‍റെ സ്വാധീനവും ഗ്രന്ഥത്തിലുണ്ട് എന്ന് അംഗീകരിക്കണം. വൈവിധ്യമാര്‍ന്ന രംഗങ്ങള്‍, കഥാപാത്രങ്ങള്‍, സംഘര്‍ഷങ്ങള്‍, വീര്‍പ്പുമുട്ടിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇവയെല്ലാം വെളിപാടു പുസ്തകത്തിന്‍റെ പ്രത്യേകതകള്‍ തന്നെ. തിന്മയുടെ ഉന്മൂലനവും നന്മയുടെ സമ്പൂര്‍ണ്ണ സംസ്ഥാപനവും എന്ന അന്ത്യത്തിലേക്കാണ് ഗ്രന്ഥം വളരെ വേഗം നീങ്ങുന്നത്. ഉത്ഥിതനായ മനുഷ്യപുത്രന്‍റെ ദര്‍ശനത്തോടെ ആരംഭിക്കുന്ന സംഭവപരമ്പര സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങി വരുന്നതോടെയാണ് പരിസമാപ്തിയിലെത്തുക. എന്നാലും നാടകം എന്ന നിലയില്‍ മാത്രം വെളിപാടു പുസ്തകത്തെ കാണാനാവില്ല.
മേല്‍വിവരിച്ച എല്ലാ സാഹിത്യരൂപങ്ങളുടെയും സ്വാധീനം ഈ ഗ്രന്ഥത്തിലുണ്ട്. അവയില്‍ ഏറ്റം പ്രധാനപ്പെട്ടത് അപ്പോകലിപ്റ്റിക് സാഹിത്യരൂപമാണെന്നു സമ്മതിച്ചേ മതിയാവൂ. പുസ്തകം വ്യാഖ്യാനിക്കുമ്പോള്‍ വിവിധ സാഹിത്യരൂപങ്ങളുടെ സ്വാധീനം കണക്കിലെടുക്കാതെ എല്ലാം വാച്യാര്‍ത്ഥത്തില്‍ എടുത്താല്‍ ഗ്രന്ഥകാരന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥവും ഗ്രന്ഥം നല്‍കുന്ന രക്ഷാകരസന്ദേശവും ഗ്രഹിക്കാന്‍ കഴിയാതെ പോകും.
ഈ ലോകത്തിന്‍റെ അധികാരിയായ സാത്താനെതിരേ ദൈവം നടപ്പാക്കുന്ന ശിക്ഷാവിധിയുടെ ചിത്രമാണ് വെളിപാടു പുസ്തകം വരച്ചു കാട്ടുന്നത്. സാത്താനും അവന്‍റെ അനുയായികളും ദൈവത്തിനും അവിടുത്തെ ജനത്തിനും എതിരേ നടത്തുന്ന യുദ്ധമായി മതപീഡനങ്ങളെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. രണ്ടു രാജ്യങ്ങള്‍ പരസ്പരം ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നന്മയും തിന്മയും തമ്മിലുള്ള ഈ യുദ്ധം പ്രപഞ്ചത്തെ മുഴുവന്‍ ഗ്രസിക്കുന്നതാണ്. പ്രതീകങ്ങളിലൂടെ മാത്രമേ ഇതിനെ വിവരിക്കാന്‍ കഴിയൂ. പഴയനിയമത്തിലും വെളിപാടു സാഹിത്യകൃതികളിലും പൊതുവേ ഉപയോഗിക്കപ്പെട്ടിരുന്ന ഈ പ്രതീകങ്ങള്‍ അന്നത്തെ വായനക്കാര്‍ക്കു സുപരിചിതങ്ങളായിരുന്നെങ്കിലും ഇന്ന് അവയില്‍ പലതിന്‍റെയും അര്‍ത്ഥം ഗ്രഹിക്കുക എളുപ്പമല്ല. അതിനാല്‍ വെളിപാടു പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന പ്രതീകങ്ങളും അവയുടെ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള അര്‍ത്ഥവുമാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
വെളിപാടു പുസ്തകത്തിലെ പ്രതീകങ്ങളെ പൊതുവേ ആറു ഭാഗങ്ങളായി തിരിക്കാം. 1. സംഖ്യകള്‍ 2. നിറങ്ങള്‍ 3. വ്യക്തികള്‍ 4. വസ്തുക്കള്‍ 5. ശരീരാവയവങ്ങള്‍ 6.പ്രപഞ്ചം.
മൂന്ന് ദൈവികപൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. ഒരേ കാര്യം മൂന്നു തവണ ആവര്‍ത്തിക്കുമ്പോള്‍ അത്യുത്തമം എന്ന അര്‍ത്ഥം ലഭിക്കുന്നു. ദൈവത്തെ പരിശുദ്ധന്‍ എന്നു മൂന്നു തവണ പ്രകീര്‍ത്തിക്കുമ്പോള്‍ ദൈവം പരമപരിശുദ്ധനാണ് എന്ന് ഏറ്റു പറയുന്നു.
നാല്. ഭൂമിക്കു നാലുകോണുകളുള്ളതായാണ് സങ്കല്പം. അതിനാല്‍ നാല് എന്ന സംഖ്യ ഭൂമി മുഴുവനെയും മാത്രമല്ല സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു.
ഏഴ് പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. ഏഷ്യയിലെ ഏഴു സഭകള്‍ക്ക് എന്ന വിധത്തിലാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഈ ഏഴു സഭകളും സാങ്കല്പികങ്ങളല്ല, യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നവയാണ്. എന്നാലും ഏഴ് എന്ന സംഖ്യ, ക്രിസ്തുവിന്‍റെ സഭ മുഴുവനെയും ലക്ഷ്യമാക്കി എഴുതപ്പെട്ടതാണ് ഈ പുസ്തകം എന്നു സൂചിപ്പിക്കുന്നു.
പത്ത് പൂര്‍ണ്ണതയെ സൂചിപ്പിക്കുന്ന മറ്റൊരു സംഖ്യയാണ്. ഇതിന്‍റെ ഗുണിതങ്ങള്‍ 10 ഃ 10 ഃ 10 = 1000 വലിയൊരു സംഖ്യയെ സൂചിപ്പിക്കുന്നു. ആയിരം വര്‍ഷങ്ങള്‍ ദീര്‍ഘവും എന്നാല്‍ പരിമിതവുമായ കാലയളവിനെയാണ് സൂചിപ്പിക്കുക. 10,000 ഃ 10,000 അസംഖ്യം എന്നര്‍ത്ഥം.
പന്ത്രണ്ട് ബൈബിളില്‍ ഉടനീളം വളരെ പ്രാധാന്യമുള്ള ഒരു സംഖ്യയാണ്. ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സ്ഥാനത്ത് യേശു പന്ത്രണ്ട് അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത് തന്‍റെ സഭ സ്ഥാപിച്ചു. ദൈവജനത്തെയാണ് ഈ സംഖ്യ സൂചിപ്പിക്കുക. 12 ഃ 12 ഃ 1000 = 144,000 ദൈവജനത്തെ മുഴുവനെയും സൂചിപ്പിക്കുന്നു.
ڇڈ ڇڈ ഭാഗികമാണ്. ഭൂമിയുടെ നാലിലൊന്നിന്‍മേല്‍ അധികാരം ലഭിച്ചു (6:8); ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു (8:7). ഭൂമി മുഴുവനുമല്ല, ഒരു ഭാഗത്തെ മാത്രമേ ബാധിക്കുന്നുള്ളു.
മൂന്നര പൂര്‍ണ്ണ സംഖ്യയായ ഏഴിന്‍റെ പകുതി ദിവസം, വര്‍ഷം - ഹ്രസ്വമായൊരു കാലയളവ്; അതു പീഡനത്തിന്‍റെയും ക്ലേശങ്ങളുടെയും കാലമായിരിക്കും.
ആറ് പൂര്‍ണ്ണസംഖ്യയായ ഏഴില്‍ ഒന്നു കുറവ് - അപൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. ആറ് മൂന്നു തവണ ആവര്‍ത്തിച്ചാല്‍ ലഭിക്കുന്ന ڇ666ڈ അപൂര്‍ണ്ണയുടെ പൂര്‍ണ്ണതയെയാണ് സൂചിപ്പിക്കുന്നത്. പൂര്‍ണ്ണത ദൈവികതയിലുള്ള പങ്കുചേരലാണെങ്കില്‍ തികഞ്ഞ അപൂര്‍ണ്ണതയുടെ പ്രതീകമായ ڇ666ڈ തിന്മയുടെ ശക്തിയായ സാത്താനിലുള്ള പങ്കുചേരലാണ്. വെളി 13:18 ല്‍ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ തിന്മയുടെ ശക്തിയുടെ മൂര്‍ത്തരൂപത്തെ സൂചിപ്പിക്കുന്നു.
വെള്ള വിജയത്തില്‍ സന്തോഷം, നിര്‍മ്മലത എന്നിവയെ സൂചിപ്പിക്കുന്നു. വെള്ളവസ്ത്രധാരികള്‍ തങ്ങളുടെ നൈര്‍മ്മല്യം കാത്തുസൂക്ഷിച്ചവരും പീഡനങ്ങളുടെ മേല്‍ വിജയം വരിച്ചവരുമാണ്. (3:5; 7:9).
ചുവപ്പ് തീക്കനലിന്‍റെ നിറം, വിപ്ലവം, യുദ്ധം രക്തച്ചൊരിച്ചില്‍ (6:4) എന്നിവയെ സൂചിപ്പിക്കുന്നു.
കറുപ്പ് മരണത്തെ, മുഖ്യമായും പട്ടിണിമരണത്തെ, സൂചിപ്പിക്കുന്നു. (6:5).
വിളറിയനിറം (മഞ്ഞ) പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടാകുന്ന മരണം (6:7-8).
ധൂമ്രം രാജകീയനിറം. മുഖ്യമായും സീമാതീതമായ സുഖഭോഗങ്ങളെ സൂചിപ്പിക്കുന്നു (17:4).
സ്വര്‍ണ്ണം രാജകീയ മഹത്വം. ഇതു നന്മയോ തിന്മയോ ആകാം. മനുഷ്യപുത്രന്‍ സ്വര്‍ണ്ണംകൊണ്ടുള്ള ഇടക്കച്ച ധരിച്ചിരിക്കുന്നത് രാജകീയാധികാരത്തെയാണു സൂചിപ്പിക്കുക. എന്നാല്‍ ധൂമ്രവസ്ത്രം ധരിച്ച സ്ത്രീ സ്വര്‍ണ്ണം അണിഞ്ഞിരിക്കുന്നത് സാമ്രാജ്യശക്തിയുടെ സൂചനയാണ്.
മനുഷ്യപുത്രന്‍ - മരണത്തിലൂടെ തിന്മയുടെമേല്‍ വിജയം വരിച്ച ഉത്ഥിതനായ ക്രിസ്തു.
ദൈവദൂതന്‍ - ദൈവഹിതം മനുഷ്യരെ അറിയിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ സേവകന്‍.
കുഞ്ഞാടിന്‍റെ മണവാട്ടി - ക്രിസ്തുവിന്‍റെ സഭ - ക്രിസ്തുവിശ്വാസികളുടെ സമൂഹം.
ശ്രേഷ്ഠന്മാര്‍ - മഹത്വീകരിക്കപ്പെട്ട ദൈവജനത്തിന്‍റെ പ്രതിനിധികളും പ്രതീകവും, ഇസ്രായേലും സഭയും അടങ്ങുന്ന ദൈവജനത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നു.
സ്ത്രീ - ദൈവജനത്തിന്‍റെ പ്രതീകം.
വേശ്യ - ബാബിലോണ്‍ - ദൈവജനത്തെ പീഡിപ്പിക്കുന്ന സാമ്രാജ്യശക്തി; സാത്താന്‍റെ ജനം.
നാലു ജീവികള്‍ - ദൈവമഹത്വം പ്രകടമാക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന സൃഷ്ടപ്രപഞ്ചം.
കുഞ്ഞാട് - പാപമോചനത്തിനായി സ്വയം ബലിയര്‍പ്പിച്ച ക്രിസ്തുവിന്‍റെ പ്രതീകം.
മൃഗം - സാമ്രാജ്യശക്തി. കടലില്‍ നിന്നു കയറിവന്ന മൃഗം (13:1) ശക്തമായ നാവികസേനവഴി കടലിന്മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്ന റോമാ സാമ്രാജ്യത്തെ സൂചിപ്പിക്കുന്നു. ഭൂമിക്കടിയില്‍നിന്നു കയറിവന്ന മൃഗം (13:11) റോമന്‍ പ്രവിശ്യകളുടെ അധിപന്മാരും സാമന്ത രാജാക്കന്മാരും.
സര്‍പ്പം - തിന്മയുടെ ശക്തിയും ദൈവത്തിന്‍റെയും ദൈവജനത്തിന്‍റെയും ശത്രുവുമായ സാത്താന്‍ (12:3; 20:2).
തവളകള്‍ - നുണപ്രചരണം
കിരീടം - രാജകീയാധികാരം
സിംഹാസനം - രാജകീയാധികാരം
രത്നങ്ങള്‍ - മനോഹാരിത, സമ്പത്ത്
വാള്‍ - ദൈവവചനം (1:16) ദൈവം നടപ്പിലാക്കുന്ന ശിക്ഷാവിധി (19:15); നാശം (6:4)
കാഹളം - ദൈവത്തിന്‍റെ ആജ്ഞാസ്വരം (1:11)
നീണ്ട അങ്കി - പൗരോഹിത്യം (1:13)
കുരുത്തോല - വിജയം
തല - അധികാരത്തെയും അധികാരമുള്ളവനെയും സൂചിപ്പിക്കുന്നു. പലപ്പോഴും രാജാക്കന്മാരെ സൂചിപ്പിക്കാനാണ് ഈ പ്രതീകം ഉപയോഗിക്കുന്നത്.
കൊമ്പ് - ശക്തി, രാജത്വം, രാജാവ്
കണ്ണ് - അറിവ്, ഏഴു കണ്ണുകള്‍ (5:6) - സര്‍വ്വജ്ഞാനം, സമ്പൂര്‍ണ്ണജ്ഞാനം.
ചിറക് - വേഗത
സ്വര്‍ഗ്ഗം - ദൈവിക മേഖല
ഭൂമി - മാനുഷിക മേഖല
ആകാശം - മനുഷ്യനും ദൈവത്തിനും മധ്യേയുള്ള ശക്തികളുടെ മേഖല
കടല്‍ - അപകടമേഖല
പാതാളം - ശിക്ഷയുടെ സ്ഥലം, സാത്താന്‍റെ അധിവാസസ്ഥലം
കൊയ്ത്ത് - രക്ഷാവിധി. വിശ്വസ്തത പാലിച്ച ദൈവജനത്തിനു യുഗാന്തത്തില്‍ ലഭിക്കുന്ന നിത്യരക്ഷ.
മുന്തിരി വിളവെടുപ്പ് - ശിക്ഷാവിധി. തിന്മയുടെ ശക്തിക്കു വഴങ്ങിയ അവിശ്വസ്തര്‍ക്കു ലഭിക്കുന്ന നിത്യശിക്ഷ.
പ്രപഞ്ചശക്തികളില്‍ വ്യതിയാനം - ഭൂമികുലുക്കം, ഇരുണ്ടുപോകുന്ന സൂര്യന്‍, രക്തവര്‍ണ്ണമാകുന്ന ചന്ദ്രന്‍, മുതലായവ പ്രപഞ്ചത്തിന്മേല്‍ വിധി നടപ്പാക്കാന്‍ വരുന്ന ദൈവത്തിന്‍റെ സാന്നിധ്യം സൂചിപ്പിക്കുന്നു; ഇവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുകയാണെങ്കില്‍ പ്രത്യക്ഷമാകുന്ന ദൈവികസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധമാണ് വായനക്കാരില്‍ ഉണ്ടാകേണ്ടത്. പാപത്തിനധീനമായ പ്രപഞ്ചത്തെ ദൈവം സമൂലമായി നവീകരിക്കും എന്ന സൂചനയാണ് ഇവ നല്കുക.
ഈ പ്രതീകങ്ങളെല്ലാം തന്നെ പഴയനിയമഗ്രന്ഥങ്ങളില്‍നിന്ന് എടുത്തവയാണ്. വ്യാഖ്യാനഭാഗത്ത് ഓരോന്നിന്‍റെയും പഴയനിയമത്തിലെ ഉറവിടങ്ങള്‍ എടുത്തു കാട്ടുന്നതായിരിക്കും. അതിമനോഹരവും അതിഭീകരവുമായ ചിത്രങ്ങളാണ് വെളിപാടു ഗ്രന്ഥകാരന്‍ വരച്ചു കാട്ടുന്നത്. മനോഹരവും ആകര്‍ഷകവുമായതെല്ലാം ദൈവത്തെയും ദൈവം നല്കുന്ന രക്ഷയെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. തിന്മയുടെ ശക്തിയെയും അവനും അനുയായികള്‍ക്കും ലഭിക്കാനിരിക്കുന്ന ശിക്ഷയെയും സൂചിപ്പിക്കാനാവട്ടെ ഭയാനകവും ബീഭത്സവുമായ ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്. മതമര്‍ദ്ദനത്തില്‍ മനം തകരാതെ, ദൈവത്തോടു വിശ്വസ്തത പുലര്‍ത്താന്‍ 22 സ്വര്‍ഗ്ഗഭാഗ്യത്തിന്‍റെ വാഗ്ദാനം പ്രചോദനം നല്കുന്നു. അതേസമയം അവിശ്വസ്തര്‍ക്കു ലഭിക്കാനിരിക്കുന്ന നിത്യശിക്ഷയുടെ ഭീകരചിത്രം താല്ക്കാലിക പീഡനങ്ങളെ ഭയന്ന് വിശ്വാസം ത്യജിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് കര്‍ശനമായ താക്കീതായിരിക്കും. ഓരോ പ്രതീകത്തിന്‍റെയും വിശദാംശങ്ങളില്‍ തങ്ങി നില്ക്കാതെ ഒരു സയന്‍സ് - ഫിക്ഷന്‍ ഫിലിമിലെന്നതുപോലെ, അവ കണ്‍മുന്നിലൂടെ കടന്നു പോകാന്‍ അനുവദിക്കുകയും അവയില്‍നിന്നു പൊതുവായി ലഭിക്കുന്ന പ്രതീതി അനുഭവിച്ചറിയാന്‍ ശ്രമിക്കുകയുമാണ് വെളിപാടു പുസ്തകം വായിക്കുമ്പോള്‍ ചെയ്യേണ്ടത്.
ഗ്രന്ഥകാരന്‍ വിനിമയം ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദേശം ഗ്രഹിക്കാന്‍ അയാള്‍ ഉപയോഗിച്ചിരിക്കുന്ന സാഹിത്യരൂപം എന്ത് എന്നറിയുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അവലംബിച്ചിരിക്കുന്ന ക്രമം എന്ത് എന്നറിയുന്നതും. പുസ്തകത്തിന്‍റെ പൊതുവായ ഘടനയെക്കുറിച്ചു വ്യക്തത ലഭിച്ചെങ്കിലേ അതില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയം മനസ്സിലാക്കാന്‍ കഴിയൂ. എന്നാല്‍ വെളിപാടു പുസ്തകത്തിന്‍റെ ഘടനയെക്കുറിച്ച് വ്യാഖ്യാതാക്കളുടെ ഇടയില്‍ ഇന്നും ഭിന്നാഭിപ്രായങ്ങളാണുള്ളത്.
ദര്‍ശനങ്ങള്‍, ശ്രവണങ്ങള്‍, പ്രവചനങ്ങള്‍, ഉപദേശങ്ങള്‍, സ്തുതിപ്പുകള്‍, എന്നിങ്ങനെ അനേകം ഘടകങ്ങളുടെ ഒരു സമാഹാരമാണ് വെളിപാടു പുസ്തകം. ഈ ഘടകങ്ങളെ എല്ലാം വേര്‍തിരിച്ച് അവയുടെ ഉറവിടങ്ങള്‍ കണ്ടുപിടിച്ചു വിശദീകരിക്കാനുള്ള ഒരു ശ്രമം, പ്രത്യേകിച്ചും ജര്‍മ്മന്‍ ബൈബിള്‍ പണ്ഡിതന്മാരുടെ ഇടയില്‍ നടന്നിരുന്നു. എന്നാല്‍ ഇപ്രകാരമുള്ള ശിഥിലീകരണ വ്യാഖ്യാനം പുസ്തകത്തിന്‍റെ ഉള്ളടക്കം ഗ്രഹിക്കാന്‍ സഹായിക്കുന്നില്ല എന്നു മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇവയെ എല്ലാംകൂടി ഒരുമിച്ചു കാണാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇന്നു നമുക്ക് ലഭിച്ചിരിക്കുന്ന വിധത്തില്‍ രൂപപ്പെടുത്തുന്നതിനുമുമ്പ് മുഖ്യമായും രണ്ടു വ്യത്യസ്ത ഗ്രന്ഥങ്ങളായി ഇതു നിലനിന്നെന്നും ഈ രണ്ടു ലിഖിതപാരമ്പര്യങ്ങളെ യോഹന്നാന്‍ എന്ന ക്രിസ്തീയ പ്രവാചകനാണ് സംയോജിപ്പിച്ചതെന്നും കരുതുന്നവരുണ്ട്. ഈ പാരമ്പര്യങ്ങളില്‍ ഒന്ന് ഒരു യഹൂദ അപ്പോകലിപ്റ്റിക് ഗ്രന്ഥവും മറ്റൊന്ന് സ്നാപക ശിഷ്യന്മാര്‍ രൂപം കൊടുത്ത ഗ്രന്ഥവും ആയിരുന്നു എന്നും ചിലര്‍ കരുതുന്നു. പാരമ്പര്യങ്ങളുടെ വേരുകള്‍ തേടിയുള്ള അമ്പേഷണം പുസ്തകത്തിന്‍റെ സന്ദേശത്തില്‍ നിന്നകന്നു വഴിമുട്ടുന്നതിനാല്‍ പുസ്തകത്തെ ഇന്നു ലഭിച്ചിരിക്കുന്ന വിധത്തില്‍ത്തന്നെ മനസ്സിലാക്കാനാണ് ബൈബിള്‍ പഠിതാക്കള്‍ അധികപങ്കും ശ്രമിക്കുന്നത്.
രക്ഷാചരിത്രത്തെ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുകയാണ് വെളിപാടു ഗ്രന്ഥകാരന്‍റെ ലക്ഷ്യമെന്നു കരുതി ചിലര്‍ പുസ്തകത്തെ മൂന്നുഭാഗമായി തിരിക്കാറുണ്ട്. 4-11 അധ്യായങ്ങള്‍ ഇസ്രായേല്‍ ചരിത്രം; 12-20 സഭാചരിത്രം; 21-22 ഭാവിമഹത്വം എന്നിവ വിവരിക്കുന്നതായി ഇക്കൂട്ടര്‍ കരുതുന്നു. 1-3 അധ്യായങ്ങള്‍ പൊതുവായ ആമുഖമായിട്ടാണ് അവര്‍ പരിഗണിക്കുക. ഏറെ പ്രചാരം ലഭിച്ചിട്ടുള്ള വിഭജനമാണിതെങ്കിലും പുസ്തകത്തിന്‍റെ ഉള്ളടക്കത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ ഇതിനു കഴിയുകയില്ല. ഇസ്രായേല്‍ ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന ഭാഗത്ത് ക്രിസ്തുവിന്‍റെ വ്യക്തമായ പ്രവര്‍ത്തനങ്ങളും ഭാവി മഹത്വത്തെക്കുറിച്ചുള്ള പല സൂചനകളുമുണ്ട്. സഭയുടെ ചരിത്രമായി കരുതപ്പെടുന്ന ഭാഗത്ത് പഴയനിയമത്തില്‍ നിന്നുള്ള ധാരാളം പരാമര്‍ശങ്ങള്‍ കാണാം. അതിനാല്‍ കാലാനുക്രമമായ ഒരു ഘടനയല്ല ഗ്രന്ഥകാരന്‍ തന്‍റെ പുസ്തകത്തിന് നല്കിയിരിക്കുന്നത് എന്നു വ്യക്തം.
ഒരു പ്രത്യേകബിന്ദുവില്‍ നിന്നാരംഭിച്ച് ലക്ഷ്യത്തിലേക്കു ശരംപോലെ കുതിക്കുന്ന ഋജുരേഖാവീക്ഷണമല്ല ചരിത്രത്തെ സംബന്ധിച്ചിടത്തോളം വെളിപാടു ഗ്രന്ഥത്തിനുള്ളത്. ഒരേ കാര്യങ്ങള്‍തന്നെ പലതവണ ആവര്‍ത്തിക്കുക ഈ പുസ്തകത്തിന്‍റെ ഒരു പ്രത്യേകതയാണ്. ڇഏഴ്ڈ എന്ന സംഖ്യയ്ക്കു ഗ്രന്ഥം വലിയ പ്രാധാന്യം നല്കുന്നുമുണ്ട്. അതിനാല്‍ രക്ഷാകര ചരിത്രത്തിന്‍റെ ഒരു ചാക്രിക വീക്ഷണം ഏഴു ചക്രങ്ങളായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത് എന്നു മറ്റു ചിലര്‍ കരുതുന്നു. ഒരേ പ്രമേയം തന്നെ ഏഴ് അങ്കങ്ങളിലായി അവതരിപ്പിക്കുന്ന ഒരു പ്രപഞ്ചനാടകമാണ് വെളിപാട് എന്നു കരുതുന്നവരുണ്ട്. ഈ ഏഴു ഭാഗങ്ങള്‍, അഥവാ ഏഴ് അങ്കങ്ങള്‍ ഓരോന്നും ഏഴ് ഉപവിഭാഗങ്ങള്‍ അഥവാ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും കരുതപ്പെടുന്നു. പ്രത്യക്ഷത്തില്‍ ആകര്‍ഷകവും സ്വീകാര്യവുമായി തോന്നാവുന്ന ഈ വിഭജനവും അടുത്തു പരിശോധിക്കുമ്പോള്‍ പൂര്‍ണ്ണമായും തൃപ്തികരമല്ല എന്നു കാണാം. ഏഴു ലേഖനങ്ങള്‍ (2-3) ഏഴു മുദ്രകള്‍ (6-7) ഏഴു കാഹളങ്ങള്‍ (8-9) ഏഴു പാത്രങ്ങള്‍ (16) എന്നീ നാലു സപ്തഗണങ്ങള്‍ വളരെ വ്യക്തമാണ്. എന്നാല്‍ ഈ വിഭജനക്രമം മറ്റു ഭാഗങ്ങളില്‍ വ്യക്തമല്ല. പുസ്തകഭാഗങ്ങളെ വലിച്ചു നീട്ടിയും വെട്ടിക്കുറച്ചും മാത്രമേ ഇപ്രകാരം ഒരു ഘടന വിശദീകരിക്കാനാവൂ. അതു പുറമേനിന്ന് അടിച്ചേല്പിക്കുന്ന വിഭജനമായിത്തീരും.
പറയാനുള്ള കാര്യങ്ങള്‍ യുക്തിഭദ്രവും കാലാനുക്രമവും ആയ വിധത്തില്‍ അടുക്കും ചിട്ടയുമായി അവതരിപ്പിക്കുന്ന രീതിയാണ് നമുക്കു പരിചയമുള്ളത്. അതിനാല്‍ വെളിപാടു ഗ്രന്ഥവും ഇപ്രകാരമൊരു ക്രമത്തില്‍ രചിക്കപ്പെട്ടതായിരിക്കണം എന്ന മുന്‍വിധി വിഭജനശ്രമത്തെ വഴിമുട്ടിക്കുന്നു. പുസ്തകത്തിന്‍റെ ഘടനയെക്കുറിച്ചു വ്യക്തത ലഭിക്കണമെങ്കില്‍ മുന്‍വിധികള്‍ മാറ്റിവച്ച് പുസ്തകരചനയില്‍ ഗ്രന്ഥകാരന്‍ ഉപയോഗിച്ചിരിക്കുന്ന വിവിധ സങ്കേതങ്ങള്‍ കണക്കിലെടുക്കണം.
വൈവിധ്യമാര്‍ന്ന ഘടകങ്ങളെ ഏകോപിപ്പിച്ച് ഒറ്റ ഗ്രന്ഥമായി നിര്‍ത്തുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ ഗ്രന്ഥകാരന്‍ സ്വീകരിച്ചിട്ടുണ്ട്.
വെളി 1:12-20 ല്‍ വിവരിക്കുന്ന മനുഷ്യപുത്രദര്‍ശനം ഇതിനുദാഹരണമാണ്. ദാനി 10:1-21 ല്‍ നിന്ന് എടുത്തതാണ് ഈ വിവരണം എങ്കിലും ദാനിയേലിന്‍റെ ദര്‍ശനം അതേപടി പകര്‍ത്തുകയല്ല യോഹന്നാന്‍ ചെയ്യുന്നത്. ദര്‍ശനത്തിന്‍റെ പൊതുഘടനയ്ക്കു പുറമേ, സ്വര്‍ണ്ണംകൊണ്ടുള്ള അരപ്പട്ട, പ്രകാശിക്കുന്ന മുഖം, ജ്വലിക്കുന്ന കണ്ണുകള്‍, ദര്‍ശനമാത്രയില്‍ ദാനിയേലിനുണ്ടായ ബോധക്ഷയം, വീണു കിടന്നവനെ സ്പര്‍ശിച്ചു ശക്തി പകര്‍ന്നത് - ഇത്രയും ഘടകങ്ങളാണ് ഈ ദര്‍ശനത്തില്‍നിന്നു യോഹന്നാന്‍ സ്വീകരിച്ചിരിക്കുന്നത്. മറ്റു വിശദാംശങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നെടുത്തതാണ് - മനുഷ്യപുത്രന്‍ ദാനി 7:13; വെണ്‍കമ്പിളിപോലെ ധവളമായ ശിരസും മുടിയും ദാനി 7:9; ഉലയില്‍ ചുട്ടുപഴുപ്പിച്ച് തിളങ്ങുന്ന പിച്ചളപോലുള്ള പാദങ്ങള്‍ - എസെ 1:7; പാദം വരെ നീണ്ടു കിടക്കുന്ന മേലങ്കി പുറ 28:31-32. ഏഴു പീഠങ്ങള്‍ ജറുസലെം ദേവാലയത്തില്‍ ഉണ്ടായിരുന്നതും, യഹൂദജനതയുടെ പ്രതീകവുമായ ഏഴു ശാഖകളുള്ള ദീപപീഠത്തെ അനുസ്മരിപ്പിക്കുന്നതാണ്.
പഴയനിയമത്തിലെ പ്രതീകങ്ങള്‍ സ്വന്തമാക്കി ഉപയോഗിക്കുന്നതിനാല്‍ ആ പ്രതീകങ്ങളുടെ പിന്‍ബലത്തില്‍ മാത്രം ആശ്രയിച്ച് വെളിപാടുപുസ്തകത്തിന്‍റെ ഘടന നിശ്ചയിക്കാനാവില്ല.
ഗര്‍ഭിണിയായ സ്ത്രീയുടെ മിത്ത് മിക്കവാറും എല്ലാ പുരാതനമതങ്ങളിലും പ്രചാരത്തിലിരുന്നു. മൂന്നു മുഖ്യ കഥാപാത്രങ്ങളാണ് ഇതിലുള്ളത് - സ്ത്രീ, ശിശു, സര്‍പ്പം. ഗര്‍ഭിണി പ്രസവിക്കുന്ന ശിശുവിനെ കൊല്ലാന്‍ സര്‍പ്പം കാത്തു നില്ക്കുന്നു. എന്നാല്‍ ജനിച്ചയുടനെ ശിശു സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെടുന്നു. സ്ത്രീയും ശിശുവും നന്മയുടെയും സര്‍പ്പം തിന്മയുടെയും പ്രതീകങ്ങളാണ്. ബാബിലോണില്‍ ഡംകിനാ - മര്‍ദുക് - തിയാമത് എന്ന പേരുകളിലാണ് ഈ മൂന്നു കഥാപാത്രങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഈജിപ്തിലാകട്ടെ ഈസിസ് - ഹോരസ് - തിഫോണ്‍ എന്നും ഗ്രീസില്‍ ലേത്തോ - അപ്പോളോ - പിഥോണ്‍ എന്നും ഇവര്‍ അറിയപ്പെട്ടിരുന്നു. ഭാരതീയ ചിന്തയില്‍ പ്രചാരത്തിലിരിക്കുന്ന യശോദര-കൃഷ്ണന്‍ -കംസന്‍ (കാളിയന്‍) സങ്കല്പവും ഇതേ മിത്തിന്‍റെ മറ്റൊരു രൂപമായി കരുതാവുന്നതാണ്. യഹൂദരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന സിയോണ്‍ കന്യക-മിശിഹാ-ലെവിയാത്തന്‍ (സാത്താന്‍ - സര്‍പ്പം) സങ്കല്പത്തില്‍ ഈ മിത്തിന്‍റെ സ്വാധീനമുണ്ട്. റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിക്കുന്നതിലും ഈ മിത്തിന്‍റെ സ്വാധീനം കാണാം. ദേവറാണിയായ റോമായുടെ മകനാണ് ദേവനായ ചക്രവര്‍ത്തി.
ഈ മിത്തിലെ ചില ഘടകങ്ങള്‍ സ്വന്തമായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് ലോകജനതകളും ഇസ്രായേല്‍ ജനവും പ്രതീക്ഷിച്ചിരുന്ന ദൈവികശിശു യേശുക്രിസ്തുവാണെന്നു യോഹന്നാന്‍ സ്ഥാപിക്കുന്നു. അതേസമയം, ദേവതയായി പരിഗണിക്കപ്പെട്ടിരുന്ന റോമാസാമ്രാജ്യം സര്‍പ്പത്തിന്‍റെ സ്ഥാനത്തേക്കു മാറ്റി നിര്‍ത്തപ്പെടുകയാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനവും തിന്മയുടെമേല്‍ നന്മയുടെ ആത്യന്തികമായ വിജയവും വെളിപാടു ഗ്രന്ഥത്തിന്‍റെ അടിസ്ഥാന പ്രമേയങ്ങളിലൊന്നാണ്.
വളരെ കണിശമായ ഒരു വിഭജനത്തിനു വെളിപാടു പുസ്തകം വഴങ്ങുകയില്ല എന്ന് മേല്‍ വിവരിച്ചവയുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നു. അതിനാലാണ് വ്യാഖ്യാതാക്കളുടെ ഇടയില്‍ ഘടനയെക്കുറിച്ച് അഭിപ്രായഭിന്നത നിലനില്ക്കുന്നത്. എന്നാലും ഘടനയെ സംബന്ധിച്ച് വളരെ സ്പഷ്ടമായ ചില സൂചനകള്‍ പുസ്തകത്തില്‍തന്നെ കാണാം.
വ്യക്തമായ ഒരാമുഖവും (1:1-8) ഉപസംഹാരവും (22:6-21) പുസ്തകത്തിനുണ്ട്. പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ ڇഇപ്പോള്‍ ഉള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുംڈ (1:19) എന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. 4:1-ല്‍ ڇഇനിയും സംഭവിക്കാനിരിക്കുന്നവയെ നിനക്കു കാണിച്ചു തരാംڈ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍നിന്ന് ഗ്രന്ഥകാരന്‍ പുസ്തകത്തെ വ്യക്തമായും രണ്ടു ഭാഗങ്ങളായി തിരിക്കുന്നതായി അനുമാനിക്കാം. 2-3 അധ്യായങ്ങള്‍ സഭയുടെ ഇപ്പോഴത്തെ അവസ്ഥയെയും 4-22 അധ്യായങ്ങള്‍ രക്ഷാകര പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തെയും വിവരിക്കുന്നു. മനുഷ്യപുത്രന്‍റെ ദര്‍ശനം (1:9-20) പുസ്തകത്തിനു മുഴുവന്‍ ആമുഖമായി നില്ക്കുന്നെങ്കിലും ഒന്നാംഭാഗത്തിന്‍റെ തുടക്കം എന്ന നിലയിലാണ് ഇതിനെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. രണ്ടാംഭാഗവും ഒരു സ്വര്‍ഗ്ഗീയ ദര്‍ശനത്തോടെ ആരംഭിക്കുന്നു (4-5). മുദ്രിതമായ ചുരുള്‍ നിവര്‍ത്തുന്നതിലൂടെ രക്ഷാചരിത്രം അതിന്‍റെ പരിസമാപ്തിയിലേക്കു കുതിക്കുന്നു. തിന്മയുടെമേലുള്ള വിജയം മൂന്നു സ്പതഗണങ്ങളായിട്ടാണ് (6:1-8:1; 8:2-11:19; 15:5-19:10) അവതരിപ്പിച്ചിരിക്കുന്നത്. 19:11-22:5 ശിക്ഷാവിധിയും സമ്പൂര്‍ണ്ണരക്ഷയും നടപ്പാക്കുന്നതിന്‍റെ ചിത്രം അവതരിപ്പിക്കുന്നു. ഈ നീക്കത്തിനു മധ്യേ തിരുകിവച്ച രീതിയിലാണ് 10:1-15:4 പ്രത്യക്ഷപ്പെടുന്നത്. ആരംഭത്തിലെ മനുഷ്യപുത്രദര്‍ശനത്തെ അനുസ്മരിപ്പിക്കുന്ന മറ്റൊരു ദര്‍ശനത്തോടെ (10:1) ഈ വിവരണം ആരംഭിക്കുന്നു. അതേസമയം രണ്ടാം ഭാഗത്ത് അവതരിപ്പിച്ച മുദ്രിതമായ ചുരുളിനു സമാനമായ ഒരു ചുരുള്‍ ഇവിടെയും അവതരിപ്പിക്കുന്നു (10:2). 5:1-ലെ ചുരുള്‍ മുദ്രിതമായിരുന്നെങ്കില്‍ ഇത് തുറന്നതും ചെറുതുമാണ്. ആദ്യദര്‍ശനത്തിലെന്നതുപോലെ ഈ ദര്‍ശനത്തിലും യോഹന്നാന് ഒരു ദൗത്യം ഏല്പിക്കപ്പെടുന്നു (10:11). ഇതില്‍ നിന്നെല്ലാം ലഭിക്കുന്ന സൂചന ഇവിടെ ഒരു പുതിയ ഭാഗം ആരംഭിക്കുന്നു എന്നതാണ്. തുറന്ന ചെറിയ ചുരുളും ദൗത്യവും (10:1-11) രണ്ടു സാക്ഷികള്‍ (11:1-19) സ്ത്രീയും സര്‍പ്പവും (12:1-18) രണ്ടു മൃഗങ്ങള്‍ (13:1-18) കുഞ്ഞാടും അനുയായികളും (14:1-5; 15:2-4) അന്തിമവിധി (14:6-20) ഇവയെല്ലാം ഒരുമിച്ചു നില്ക്കുന്നു. മുദ്രിതമായ ചുരുള്‍ നിവര്‍ത്തുന്നതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്ന രക്ഷാചരിത്രത്തെ റോമാ സാമ്രാജ്യത്തില്‍ പീഡിപ്പിക്കപ്പെടുന്ന സഭയുടെ അനുഭവങ്ങളിലൂടെ പ്രവചനശൈലിയില്‍ വ്യാഖ്യാനിക്കുകയാണ് ഈ ഭാഗത്ത് ചെയ്യുന്നത്.
മേല്‍വിവരിച്ച പരിമിതികളെ കണക്കിലെടുത്തുകൊണ്ടുതന്നെ വെളിപാടു പുസ്തകത്തെ താഴെകാണുംവിധം വിഭജിക്കാം. പഠനത്തിനുള്ള സൗകര്യത്തെ ഉദ്ദേശിച്ചാണ് ഈ വിഭജനം നിര്‍ദ്ദേശിക്കുന്നത്, മറ്റു വിഭജനസാധ്യതകള്‍ ഉണ്ടെന്നകാര്യം അവഗണിക്കുന്നില്ല.
ആമുഖം: 1:18
ഒന്നാം ഭാഗം : 1:9-3:22 ഏഴു സഭകള്‍ക്കു മനുഷ്യപുത്രന്‍റെ സന്ദേശം
രണ്ടാം ഭാഗം : 4:1-22:5 ചുരുളഴിയുന്ന രക്ഷാചരിത്രം
ഉപസംഹാരം 22:6-21
Background of the Book of Revelation catholic malayalam bible study Dr. Michael Karimattam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206