x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

മാനവശാസ്ത്ര സമീപനങ്ങള്‍

Authored by : Dr. Jose Vadakkedam On 08-Feb-2021

നുഷ്യസമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യരിലൂടെ രൂപപ്പെട്ട ഗ്രന്ഥമെന്ന നിലയില്‍ ബൈബിള്‍ വ്യാഖ്യാനത്തില്‍ മാനവശാസ്ത്രങ്ങള്‍ക്ക് അവയുടേതായ പങ്ക് വഹിക്കാനുണ്ട്. സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം എന്നിവ ഇക്കാര്യത്തില്‍ പ്രധാനപ്പെട്ടവയാണ്. ഇവ തമ്മില്‍ വീക്ഷണങ്ങളില്‍ വ്യത്യാസമുണ്ട്. ഈ മേഖലകളിലെ ഗവേഷണങ്ങള്‍ ധാരാളം നേട്ടങ്ങള്‍ വ്യാഖ്യാനരംഗത്തു ഉണ്ടാക്കിയിട്ടുണ്ട്.

  1. സാമൂഹ്യശാസ്ത്ര സമീപനം

മതപരമായ ഗ്രന്ഥങ്ങള്‍ക്കു അതു രൂപപ്പെട്ട സമൂഹത്തോടും ആ സമൂഹങ്ങള്‍ക്ക് ഇത്തരം ഗ്രന്ഥങ്ങളോടും ഒരു പരസ്പര ബന്ധമുണ്ട്. വി. ഗ്രന്ഥം സമൂഹത്തില്‍ രൂപപ്പെട്ടതാണ്. സമൂഹത്തെക്കുറിച്ചുള്ള അറിവ് ബൈബിള്‍ പഠനത്തെ സഹായിക്കുന്നു. നേരേതിരിച്ച്, ബൈബിള്‍ ആഴത്തില്‍ പഠിക്കുമ്പോള്‍ വിവിധ കാലഘട്ടങ്ങളിലെ സാമൂഹ്യസ്ഥിതിയെപ്പറ്റിയുള്ള അറിവും ലഭിക്കുന്നു. ഇങ്ങനെ ഒരു സമൂഹത്തെക്കുറിച്ച് ലഭിക്കുന്ന അറിവ് സാമൂഹ്യശാസ്ത്ര സങ്കേതങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുമ്പോള്‍ വിവിധ പ്രതികരണങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

വി. ഗ്രന്ഥവ്യാഖ്യാനത്തില്‍ സാമൂഹ്യശാസ്ത്രസമീപനം ഏറെക്കാലം സ്വാധീനം ചെലുത്തിയിരിക്കുന്നു. സാഹിത്യരൂപ വിശകലനത്തില്‍ സാമൂഹ്യസ്ഥിതിയുടെ വിശകലനവും ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ് ഈ രംഗത്തെ ആദ്യനീക്കം. ബൈബിള്‍ പാരമ്പര്യങ്ങള്‍ക്കുമേല്‍ അതാതുകാലത്തെ സമൂഹത്തിന്‍റെ മുദ്ര പതിഞ്ഞിരിക്കുന്നുവെന്ന് സാഹിത്യരൂപ വിശകലനം കണ്ടെത്തിയിരുന്നല്ലോ. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ചിക്കാഗോ പണ്ഡിതസദസ്സ് ആദിമസഭയുടെ സാമൂഹ്യാവസ്ഥയെ ആഴത്തില്‍ പഠിച്ചു. ഇക്കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലാകട്ടെ (1970-2000) സാമൂഹ്യശാസ്ത്രസമീപനം വി. ഗ്രന്ഥവ്യാഖ്യാനത്തിന്‍റെ അവിഭാജ്യഘടകമായിത്തീര്‍ന്നിട്ടുണ്ട്.

ഈ സങ്കേതമുപയോഗിച്ച് പഴയനിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഇസ്രായേലില്‍ നിലനിന്ന വിവിധ മതസംവിധാനങ്ങളും സാമൂഹ്യസംവിധാനങ്ങളും ഏവയെന്നാണ് നമ്മുടെ അന്വേഷണ വിഷയമെന്നു കരുതുക. അപ്പോള്‍ ചോദ്യങ്ങള്‍ ഈ വഴിക്കായിരിക്കണം. ഇസ്രായേല്‍ കെട്ടുറപ്പുള്ള ഒരു രാഷ്ട്രമായിത്തീരുന്നതിനുമുമ്പ് അവര്‍ നയിക്കാനൊരാളില്ലാതെ വംശീയമായി വിഭിന്ന ഗണത്തില്‍പ്പെട്ടവരായിരുന്നുവെന്നാണോ? അങ്ങനെയെങ്കില്‍ ഈ പന്ത്രണ്ടു ഗോത്രങ്ങള്‍ എങ്ങനെ  രാജഭരണത്തിന്‍കീഴ് ഒരൊറ്റ രാഷ്ട്രമായിത്തീര്‍ന്നു? പിന്നീടൊരുകാലത്ത് ആ രാജഭരണം അവസാനിക്കുമ്പോഴും ഒരൊറ്റ മതം, ഒരൊറ്റ പൂര്‍വ്വ പിതാവ് എന്നീ രണ്ടു ചരടുകള്‍കൊണ്ട് അത്ഭുതകരമാംവിധം ദൃഢതയില്‍ അവരെങ്ങനെ കോര്‍ത്തിണക്കപ്പെട്ടു? ഒരു രാജാവിന്‍റെ കീഴില്‍ അണിനിരക്കാന്‍ ഈ ഗോത്രങ്ങളെ പ്രേരിപ്പിച്ച സാമ്പത്തിക നിലയും സൈനിക സംവിധാനങ്ങളും എന്തായിരുന്നിരിക്കും? ഇസ്രായേലിലും ചുറ്റുമുള്ള ദേശങ്ങളിലും നിലനിന്നിരുന്ന രാഷ്ട്രനിയമങ്ങളും ഇന്നു വിശ്വാസികള്‍ അടിസ്ഥാനപ്രമാണങ്ങളായി കണക്കാക്കുന്ന പത്തുകല്‍പനകളും തമ്മിലുള്ള ബന്ധമെന്താണ്? ഇങ്ങനെ ചോദ്യങ്ങളുടെ ഒരു നിരതന്നെ പഴയനിയമ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഉയരുന്നു.

പുതിയനിയമ വ്യാഖ്യാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഏതാനുമെണ്ണം ഇങ്ങനെയായിരിക്കും. യേശുവിന്‍റെ ഉത്ഥാനത്തിനു മുമ്പ് അവരുടെ ജീവിതശൈലി എന്തായിരുന്നു? അക്കാലത്ത് സ്വന്തമായി ഒരു വീടില്ലാതെ, കുടുംബമില്ലാതെ, കരുതല്‍ ധനമില്ലാതെ, കൈവശമൊരു വസ്തുവില്ലാതെ ജീവിച്ചു പോന്ന നാടോടി സംഘങ്ങളുണ്ടായിരുന്നുവെന്നും അത്തരമൊന്നില്‍പ്പെടുന്നു ഗുരുവും പന്ത്രണ്ടുപേരും എന്നെല്ലാമുള്ള സിദ്ധാന്തം ശരിയാണോ?  യേശുവിന്‍റെ പിന്നാലെ ചെല്ലാന്‍ വിളിക്കപ്പെട്ടവര്‍ എല്ലാം ഉപേക്ഷിച്ചുപോയതും ഉത്ഥാനാനന്തരം ആദിമസഭ ഈ വിളിയെ വിലയിരുത്തി ശിഷ്യത്വത്തെ നിര്‍വ്വചിച്ചതും ഒരേതരത്തിലായിരുന്നോ? പൗലോസ്ശ്ലീഹ സ്ഥാപിച്ച സമൂഹങ്ങളില്‍ നഗരസംസ്കാരം പ്രബലമായിരുന്നതിന്‍റെ വെളിച്ചത്തില്‍ ആ സമൂഹങ്ങളുടെ ഘടന എന്തായിരുന്നു?

ചുരുക്കത്തില്‍, സാമൂഹ്യശാസ്ത്രസമീപനം വ്യാഖ്യാന ദൗത്യത്തെ വിശാലചക്രവാളങ്ങളിലേക്ക് തുറന്നുവയ്ക്കുകയും വ്യാഖ്യാനത്തെ വളര്‍ത്തുകയും ചെയ്യുന്നു. ചരിത്ര വിമര്‍ശനത്തിന്‍റെ അവിഭാജ്യഘടകം തന്നെയാണ് സാമൂഹ്യശാസ്ത്രജ്ഞാനം. ആദിമസഭാസമൂഹത്തിന്‍റെ ജീവിതരീതിയെക്കുറിച്ച് വി. ഗ്രന്ഥത്തില്‍നിന്ന് കിട്ടുന്ന ചിത്രവും അവരുടെ സാമൂഹ്യ ജീവിതവും തമ്മിലുണ്ടായിരുന്ന അടുപ്പം കണ്ടെത്തുമ്പോഴാണ് അവരുടെ വിശ്വാസത്തിന്‍റെ ആഴങ്ങളിലേക്ക് നാമെത്തുന്നത്. സാമൂഹ്യശാസ്ത്രത്തിലെ മാതൃകകള്‍ ബൈബിള്‍ പഠനത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ബൈബിള്‍ രംഗത്തെ ചരിത്രപഠനം സമൂലം നവീകരിക്കപ്പെടുന്നു.

സാമൂഹ്യശാസ്ത്ര സമീപനത്തിലെ ചില ബുദ്ധിമുട്ടുകള്‍ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാലത്തെ ഒരു സമൂഹത്തെ പഠിക്കുന്ന രീതികള്‍തന്നെ പുരാതനസമൂഹങ്ങളെ മനസ്സിലാക്കുന്നതിന് പ്രയോഗിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളാണ് ഒന്ന്. ബൈബിളോ മറ്റു പുരാതനരേഖകളോ വരച്ചുചേര്‍ത്തിരിക്കുന്ന സമൂഹത്തിന്‍റെ ചിത്രം പൂര്‍ണ്ണമല്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇനിയും, സാമൂഹ്യശാസ്ത്രം മതപരവും വ്യക്തിപരവുമായ വശത്തേക്കാള്‍ സാമ്പത്തിക, സംസ്ഥാപനവശങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നുവെന്നതും ഒരു പോരായ്മയാണ്.

  1. നരവംശ ശാസ്ത്രസമീപനം

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണ് നരവംശ ശാസ്ത്രം. ഇവ തമ്മിലുള്ള വ്യത്യാസം യാഥാര്‍ത്ഥ്യത്തെ വിലയിരുത്തുന്നതിലെ ദര്‍ശന വ്യതിയാനങ്ങള്‍, വിലയിരുത്തുന്നതിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍, വിലയിരുത്തപ്പെടുന്ന വിഷയങ്ങള്‍ എന്നിവയിലെല്ലാം കാണാം. സാമൂഹ്യ ശാസ്ത്രം പ്രധാനമായി ഒരു സമൂഹത്തിന്‍റെ സാമ്പത്തിക, സ്ഥാപനാത്മക സവിശേഷതകളെ പരിഗണിക്കുമ്പോള്‍ നരവംശശാസ്ത്രം, മതം, ഭാഷ, കല എന്നിവയോടു ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറമേ ആടയാഭരണങ്ങള്‍, ആഘോഷങ്ങള്‍, ഐതിഹ്യങ്ങള്‍ തുടങ്ങി എല്ലാ വംശീയ പ്രത്യേകതകളെയും പഠിക്കുന്നു.

ചുരുക്കത്തില്‍, നരവംശശാസ്ത്രം ഓരോ സാമൂഹ്യപശ്ചാത്തലത്തിന്‍റെയും അടിസ്ഥാനത്തില്‍ ഓരോതരം ആളുകളുടെയും സവിശേഷതകളെ എണ്ണിനിരത്തുന്നു. ഉദാഹരണത്തിന് മദ്ധ്യപൂര്‍വ്വേഷ്യക്കാര്‍ എന്നതില്‍ ആ പ്രദേശത്തെ മൂല്യങ്ങളുടെ നിഴലുണ്ട്. അവരുടെ തനതായ ആചാര മര്യാദകള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസം, പാരമ്പര്യം, അഭ്യാസരീതികള്‍ എന്നിവയെപ്പറ്റിയുള്ള സൂചനകളുണ്ട്. സാമൂഹ്യനിയന്ത്രണമാര്‍ഗ്ഗങ്ങള്‍, കുടുംബം, വീട്, ബന്ധുക്കള്‍ തുടങ്ങിയ ആശയങ്ങള്‍, സ്ത്രീകളുടെ അവസ്ഥ, ഇരട്ടവ്യവസ്ഥിതികള്‍ (ഉടമ-കുടിയാന്‍, അടിമ-സ്വതന്ത്രന്‍), നല്ലവയും നികൃഷ്ടങ്ങളും, ഒരു ജീവിതാവസ്ഥയില്‍നിന്നു മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോഴുള്ള അനുഷ്ഠാനങ്ങള്‍, സമ്പദ്വ്യവസ്ഥ, ഭരണസംവിധാനം, വാര്‍ത്താവിനിമയശ്യംഖല എന്നിവയെല്ലാം. ഇത്തരം ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ ചില നിയതചിത്രങ്ങള്‍ രൂപപ്പെടുത്തുകയും സംസ്ക്കാരങ്ങളെ ഇതിനൊത്തവിധം നിര്‍വ്വചിക്കുകയും ചെയ്യുന്നു.

നരവംശശാസ്ത്രസമീപനം ബൈബിള്‍ വ്യാഖ്യാനത്തില്‍ ഉപകാരപ്രദമാണ്; സംശയമില്ല. പഴയനിയമത്തിലെ കുടുംബബന്ധങ്ങള്‍ ഇസ്രായേലില്‍ സ്ത്രീകളുടെ അവസ്ഥ, കര്‍ഷകര്‍ക്കിടയിലെ നാട്ടുനടപ്പുകള്‍ തുടങ്ങിയവ മനസിലാക്കാന്‍ ഇതു സഹായിക്കുന്നു. സുവിശേഷങ്ങളിലെ ഉപമകള്‍ വിശദീകരിക്കുവാന്‍ ഇവ സഹായകമാണ്. അടിസ്ഥാനപരമായ പല ആശയങ്ങളും, ഉദാഹരണത്തിന് ദൈവരാജ്യം (രാജഭരണത്തിന്‍റെ അടിസ്ഥാനത്തില്‍), രക്ഷാകരചരിത്രം (കാലം കണക്കു കൂട്ടുന്നതിന്‍റെ അടിസ്ഥാനത്തില്‍), ആദിമ ക്രിസ്തീയ സമൂഹങ്ങള്‍ രൂപപ്പെട്ട സാംസ്ക്കാരിക സാഹചര്യങ്ങള്‍ തുടങ്ങിയവ ഇപ്രകാരം മനസിലാക്കാന്‍ കഴിയും. മനുഷ്യ പ്രകൃതിയുടെ അടിസ്ഥാനത്തില്‍ ബൈബിളിലെ സാര്‍വ്വത്രിക സന്ദേശങ്ങളെയും സാംസ്ക്കാരിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ അത്രതന്നെ സ്ഥിരമില്ലാത്ത വിഷയങ്ങളെയും വേര്‍തിരിച്ചറിയാന്‍ നരവംശശാസ്ത്ര സമീപനം ആവശ്യമാണ്.ഇതൊക്കെയാണങ്കിലും ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുപല സമീപനങ്ങളുമെന്നതുപോലെ ഇതും ദൈവികവെളിപാടിനെ പൂര്‍ണ്ണമായി വിശദീകരിക്കുവാന്‍ ഒറ്റയ്ക്കു പര്യാപ്തമല്ല.

  1. മനശാസ്ത്ര സമീപനം

മനശാസ്ത്രവും ദൈവശാസ്ത്രവും ബന്ധപ്പെട്ടിരിക്കുന്നു. ഉപബോധമനസ്സിനെക്കുറിച്ചുള്ള സിദ്ധാന്തമാണ് ബൈബിള്‍ വ്യാഖ്യാനത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്ന്. ബൈബിള്‍ വ്യാഖ്യാനത്തില്‍ മനശ്ശാസ്ത്രവിശകലന സങ്കേതങ്ങളുപയോഗിക്കുന്നതിനെക്കുറിച്ച് ഊര്‍ജ്ജിത ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

പ്രസ്തുത ശാസ്ത്രശാഖ വി. ഗ്രന്ഥവ്യാഖ്യാനത്തെ സമ്പന്നമാക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. ജീവിതാനുഭവങ്ങളുടെയും പെരുമാറ്റശൈലികളുടെയും സഹായത്തോടെ ഒരു ഗ്രന്ഥത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാമെന്നതുതന്നെ കാരണം. മനുഷ്യനിലെ അബോധതലവും മതവിശ്വാസവും എക്കാലവും എതിര്‍ചേരികളിലാണ്. മാനുഷിക പ്രവണതകള്‍ക്ക് എങ്ങനെ ദിശാബോധം നല്‍കാമെന്ന് മനശാസ്ത്രത്തിന്‍റെ സഹായത്താല്‍ നാമറിയുന്നു. ചരിത്ര വിമര്‍ശന രീതിയെ പൂര്‍ണ്ണമാക്കുന്ന ഒന്നാണ് മനശാസ്ത്രസമീപനം.

പ്രതീകങ്ങളെ പ്രത്യേകമായൊരു വെളിച്ചത്തില്‍ അവതരിപ്പിക്കുന്നു, മനശാസ്ത്രവും മനോവിശകലന ശാസ്ത്രവും. ബുദ്ധിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ദൈവാനുഭവങ്ങളെ സാധാരണക്കാരിലെത്തിക്കാന്‍ പ്രതീകങ്ങള്‍ക്കു കഴിയും. ഇക്കാരണത്താല്‍ ബൈബിള്‍ പണ്ഡിതരും മനശാസ്ത്രജ്ഞരും ഒരുമിച്ചു നടത്തുന്ന പഠനങ്ങള്‍ പലതരത്തിലും പ്രയോജനപ്രദമാണ്; പ്രത്യേകിച്ച്, അജപാലന രംഗത്ത്.

ഇത്തരമൊരു സഹകരണം ആവശ്യമാണെന്നു വ്യക്തമാക്കുന്ന ഏതാനും സന്ദര്‍ഭങ്ങളാണ് ആരാധനാനുഷ്ഠാനങ്ങള്‍, ബലിയര്‍പ്പണം തുടങ്ങിയവ. അത്ഭുതങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുക, പ്രതീകഭാഷയെ വിശദീകരിക്കുക തുടങ്ങിയവയ്ക്കും ഇതു സഹായകമാണ്. സര്‍വ്വാതിശായിയായ ദൈവം മനുഷ്യവ്യക്തിയോട് സംസര്‍ഗ്ഗം പുലര്‍ത്തുന്ന അത്ഭുതപ്രതിഭാസത്തെ മനസ്സിലാക്കുകയാണ് ഇവിടുത്തെ ലക്ഷ്യം.

പരസ്പരമുളള ഈ സഹകരണം വിമര്‍ശനാത്മകമായി സമീപിക്കപ്പെടണം. ഇരുശാസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നവര്‍ അവയുടെ അതിര്‍വരമ്പുകളെക്കുറിച്ച് ബോധ്യമുളളവരായിരിക്കണം. നിരീശ്വരവാദസ്വഭാവത്തിലൂന്നിയ ഏതൊരു മനശാസ്ത്രവും ബൈബിള്‍ വ്യാഖ്യാനത്തിന് സഹായകമാകാന്‍ പോന്നതല്ല. മനുഷ്യന്‍റെ ഉത്തരവാദിത്വത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ പാപം, രക്ഷ എന്നീ തലങ്ങളെ മനഃശാസ്ത്രജ്ഞന്‍ വിസ്മരിച്ചുകൂടാ. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവോന്മുഖതയെയും വി.ഗ്രന്ഥത്തിലെ ദൈവികവെളിപാടിനെയും കൂട്ടിക്കുഴയ്ക്കുവാന്‍ പാടില്ല. രക്ഷാകരസംഭവങ്ങളുടെ വ്യതിരിക്തതയെ അവഗണിക്കാനും പാടില്ല.

മനോവിശകലനവ്യാഖ്യാനം എന്ന ഒറ്റപേരിലൊതുക്കാവുന്നവയല്ല മനഃശാസ്ത്ര ശൈലികള്‍. മനഃശാസ്ത്രത്തില്‍ത്തന്നെ പല ചിന്താധാരകളും മണ്ഡലങ്ങളുമുണ്ട്. ഇവയെല്ലാം ബൈബിളിന്‍റെ ദൈവശാസ്ത്ര - മാനുഷിക വിശകലനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. അതിനാല്‍ ഏതെങ്കിലുമൊരു ചിന്താശാഖയോട് മാത്രം ഒട്ടിച്ചേരുന്നത് ബൈബിള്‍ വ്യാഖ്യാനത്തില്‍ ഗുണത്തേക്കാള്‍ ദോഷത്തിനു കാരണമാകും.

ഇനിയും പല മാനവശാസ്ത്രശാഖകളുണ്ട്. അവയും പ്രയോജന പ്രദങ്ങളാണ്. അവയിലെല്ലാം കഴിവുറ്റവരുടെ സഹായം തേടണം. കാരണം, ഒരേസമയം ബൈബിള്‍ വ്യാഖ്യാനത്തിലും മാനവ ശാസ്ത്രങ്ങളിലും ഗണ്യമായ പ്രാഗത്ഭ്യം നേടുക അത്ര എളുപ്പമോ സാധാരണമോ അല്ല.

 

ഡോ. ജോസ് വടക്കേടം

Anthropological approaches catholic malayalam bible interpretations Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message