x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

2 പത്രോസ് 3:8-13, യുഗാന്ത്യം

Authored by : Dr. Theres Nadupadavil On 03-Feb-2021

2 പത്രോസ് 3:8-13, യുഗാന്ത്യം

ആസന്നമാണെന്നു വിശ്വസിച്ച കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനം വൈകുന്നതിനെക്കുറിച്ചുള്ള ആദിമസഭയുടെ ഉല്‍കണ്ഠ അവ്യക്തമെങ്കിലും ഇവിടെ സൂചിതമാണ്. അതിനോടു പ്രതികരിക്കുന്ന ശ്ലീഹായുടെ വിശ്വാസ ദാര്‍ഢ്യം അവരുടെ വിശ്വാസത്തിന്‍റെ ദൃഢതയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. 

3:8-9, കാലത്തിനതീതനായ കര്‍ത്താവ്: ആദിയുമന്തവും ഇല്ലാത്തവനായ ദൈവത്തെ കാലത്തിനതീതനായി മനസ്സിലാക്കുന്ന ലേഖനകര്‍ത്താവ് അതു മനോഹരമായി അവതരിപ്പിക്കുന്നതാണ് 8-ാം വാക്യത്തില്‍ കാണുന്നത്. അവിടുത്തെമുമ്പില്‍ ആയിരം വര്‍ഷവും ഒരു ദിവസവും തുല്യമാണ്.  അവിടുത്തെ പദ്ധതിയില്‍ കാലവിളംബം എന്ന പ്രതിഭാസം ഇല്ല. തന്‍റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കാലതാമസം വരുത്തുന്നു എന്നതല്ല, അവിടുത്തെ പ്രത്യാഗമനത്തില്‍ എല്ലാവരും രക്ഷിക്കപ്പെടേണ്ടതിന് അവിടുന്നു ദീര്‍ഘക്ഷമ കാണിക്കുന്നു എന്നതാണ് പ്രത്യാഗമനം വൈകുന്നതിന്‍റെ കാരണം.

വിശുദ്ധമായ ജീവിതം കര്‍ത്താവിന്‍റെ പ്രത്യാഗമനത്തെ ത്വരിതപ്പെടുത്തും എന്ന യഹൂദവിശ്വാസവും ഗ്രന്ഥകര്‍ത്താവിനെ സ്വാധീനിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം.  മിശിഹായുടെ വരവിനെ സംബന്ധിച്ച് "ജനത്തിന്‍റെ പാപം മിശിഹായുടെ വരവിനെ തടസ്സപ്പെടുത്തുന്നു" എന്നും, "ഒരുദിവസം മാത്രമെങ്കിലും യഥാര്‍ത്ഥത്തില്‍ അനുതപിച്ചിരുന്നെങ്കില്‍ മിശിഹാ പണ്ടേവരുമായിരുന്നു" എന്നും അവര്‍ "ഒരു ദിവസത്തേക്കു മാത്രമെങ്കിലും നിയമങ്ങള്‍ കാത്തു ജീവിച്ചിരുന്നെങ്കില്‍ മിശിഹാ അവതരിക്കുമായിരുന്നു" എന്നും യഹൂദ റബ്ബിമാര്‍ പഠിപ്പിച്ചിരുന്നു. 

എല്ലാവരെയും രക്ഷിക്കുകയാണ് യേശുവിന്‍റെ പ്രത്യാഗമന ലക്ഷ്യമെങ്കില്‍ അനുതപിക്കുന്ന ഒരു ജനം അഥവാ വിശുദ്ധമായ ജീവിതം നയിക്കുന്ന ഒരു ജനം ഈ പ്രത്യാഗമനത്തെ ത്വരിതപ്പെടുത്തും. ഇക്കാര്യമാണ് അടുത്ത വാക്യങ്ങളില്‍ വിശദമാക്കുന്നത്.

3:10-13, കള്ളനെപ്പോലെ വരുന്ന കര്‍ത്താവിന്‍റെ ദിനം: നാലു വാക്യങ്ങളില്‍ ഒന്നും മൂന്നും ഏറെക്കുറെ സമാനമാണ്. അവ യുഗാന്ത്യത്തില്‍ ആകാശവും ഭൂമിയും അഗ്നിക്കിരയാകും എന്ന വിശ്വാസം പ്രതിഫലിപ്പിക്കുന്നു. അതുപോലെ, രണ്ടും നാലും വാക്യങ്ങള്‍ യുഗാന്ത്യത്തെ പ്രതീക്ഷിച്ചുകൊണ്ട് ഉത്തമമായ ജീവിതം നയിക്കണമെന്നു ഉദ്ബോധിപ്പിക്കുന്നു.

എല്ലാവരും അനുതപിക്കുകയും വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ ശുഷ്ക്കാന്തിയുള്ളവരായിരിക്കുകയും പുതിയ ഭൂമിയും പുതിയ ആകാശവും കാത്തിരിക്കുകയും വേണം. ഇങ്ങനെയുള്ള ജീവിതം രക്ഷാകരമാകയാല്‍, വിധികര്‍ത്താവായി വീണ്ടുംവരുന്ന കര്‍ത്താവിന് എല്ലാവരെയും രക്ഷിക്കുകയെന്ന തന്‍റെ ദൗത്യം നിര്‍വഹിക്കുക എളുപ്പമാകും. മറ്റുവാക്കുകളില്‍, അങ്ങനെയുള്ള സമൂഹം അവിടുത്തെ ആഗമനത്തെ ആസന്നമാക്കും. അനുതാപം വ്യക്തികളെ നവമാക്കുന്നതുപോലെ, കര്‍ത്താവിന്‍റെ ആഗമനത്തില്‍ ഈലോകവും നവമാക്കപ്പെടും. പുതിയവ പഴയതില്‍നിന്നും വ്യത്യസ്തമാണ്. ഈ പുതിയ ക്രമത്തില്‍, മലിനമാക്കപ്പെട്ട ലോകമല്ല, മറിച്ച് നീതി നിവസിക്കുന്ന നവമായ ലോകമാണ് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കേണ്ടത്.

വിചിന്തനം:

അനുതപിക്കുന്ന പാപിയെ വിളിക്കാനാണു കര്‍ത്താവു വരുന്നത് എന്ന ചിന്തയോട് കര്‍ത്താവിന്‍റെ പ്രത്യാഗമനവും ചേര്‍ത്തു വയ്ക്കാം. ആരും നശിച്ചുപോകാതെ എല്ലാവരും രക്ഷിക്കപ്പെടണം എന്നതുകൊണ്ട് രക്ഷയുടെ കാലഘട്ടം നമ്മുടെ തലമുറയിലേക്കുകൂടി നീട്ടിയതായിരിക്കുമെന്നു നമുക്കു വിശ്വസിക്കാം. അതുകൊണ്ട്, കര്‍ത്താവിന്‍റെ ദീര്‍ഘക്ഷമയുടെ ഈ കാലഘട്ടം, നമ്മുടെ അനുതാപത്തിന്‍റെ കാലഘട്ടവും വിശുദ്ധീകരണത്തിന്‍റെ കാലഘട്ടവുമാകണം, കളങ്കമോ കറയോ ഇല്ലാത്ത ജീവിതത്തിന്‍റെ കാലഘട്ടമാകണം. അപ്പോള്‍ കര്‍ത്താവ് നമ്മോടു കൂടെയാണ്. അങ്ങനെയുള്ള ഈ ലോകജീവിതം കര്‍ത്താവിന്‍റെ പ്രത്യാഗമനദിവസത്തില്‍ കര്‍ത്താവിനോടുകൂടി എന്നേയ്ക്കു മുള്ള ജീവിതത്തിലേക്കു പ്രവേശിക്കും.

നമ്മുടെ കര്‍ത്താവായ ഈശോ 'പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും വിശ്വസിക്കുന്നു' എന്നു ദിവസവും ഏറ്റുപറയുന്ന നമുക്ക് "മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുന്ന" (മത്താ 25:31) വിധിയുടെ ദിനത്തിലേക്ക്, അവിടുത്തെ വലതുഭാഗത്തു നില്‍ക്കുവാന്‍ തക്കവിധം ഒരുങ്ങുവാന്‍ ഈ ലേഖനഭാഗം സഹായകമാകട്ടെ.

Dr. Theres Nadupadavil articles of saint peter in malayalam bible bible in malayalam catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message