We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ് 3:1-7, വ്യാജപ്രബോധനം
ഒരേ കാര്യംതന്നെ ആവര്‍ത്തിക്കുന്നതില്‍ മടുപ്പുതോന്നാതെ വിശ്വാസത്തെ പ്രബലപ്പെടുത്തുന്ന ശൈലി ഗ്രന്ഥകര്‍ത്താവ് ഇവിടെ സ്വീകരിച്ചിരിക്കുന്നു. അങ്ങനെ പ്രത്യാഗമനത്തെ സംബന്ധിച്ചുള്ള അപ്പസ്തോലന്‍റെ പ്രബോധനം അദ്ദേഹം ആവര്‍ത്തിക്കുന്നതും അതിനെ നിരാകരിച്ചുകൊണ്ടുള്ള വ്യാജപ്രബോധകരുടെ പ്രതികരണവും മൂന്നാമധ്യായത്തിലെ ആദ്യ ഉപവിഭാഗത്തില്‍ നാം വായിക്കുന്നു.
3:1-2, പ്രവാചകവചനങ്ങളുടെയും കല്പനകളുടെയും മൂല്യം: വ്യാജപ്രബോധനത്തെക്കുറിച്ചു പറയുന്നതിനുമുമ്പ് സത്യവിശ്വാസത്തെക്കുറിച്ചു ഗ്രന്ഥകര്‍ത്താവ് പ്രബോധിപ്പിക്കുന്നതാണ് ഈ ഭാഗത്തെ ആദ്യവാക്യങ്ങളില്‍ കാണുന്നത്. വിശ്വാസികള്‍ സത്യത്തില്‍ ഉറച്ചുനില്ക്കുന്നവരാണെങ്കിലും അവരെ സത്യത്തെക്കുറിച്ച് വീണ്ടും വീണ്ടും അനുസ്മരിപ്പിക്കുക ആവശ്യമാണ് എന്ന് ശ്ലീഹാ നേരത്തെ പറഞ്ഞുവച്ചത് (1:12-15) അദ്ദേഹംതന്നെ ആവര്‍ത്തിക്കുന്നതാണ് ആദ്യത്തെ രണ്ടുവാക്യങ്ങളില്‍ നാം കേള്‍ക്കുക. വിശ്വാസികളെ ദൈവിക സത്യങ്ങള്‍ ആവര്‍ത്തിച്ചനുസ്മരിപ്പിക്കുക എന്നത് അപ്പസ്തോലിക ദൗത്യമാണ് എന്ന കാര്യത്തിലേക്കാണ് ലേഖനകര്‍ത്താവ് വിരല്‍ചൂണ്ടുന്നത്.
"ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്" എന്നു ഗ്രന്ഥകര്‍ത്താവു പറയുന്നുണ്ടെങ്കിലും നാം നേരത്തെ കണ്ടതു പോലെ, പത്രോസിന്‍റേതെന്നറിയപ്പെടുന്ന രണ്ടു ലേഖനങ്ങളും വ്യത്യസ്ത കരങ്ങളില്‍ രൂപപ്പെട്ടതാണ് എന്ന് അതിന്‍റെ ഉള്ളടക്കം, ശൈലി, പദപ്രയോഗം എന്നിവയില്‍നിന്നു മനസ്സിലാക്കാം. എങ്കിലും, ക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെക്കുറിച്ച് രണ്ടാം ലേഖനമെന്നപോലെ, ഒന്നാം ലേഖനവും പ്രാധാന്യം നല്കുന്നുണ്ട് (1:4-7; 4:5-7, 13, 18; 5:4, 10) എന്നത് ശ്രദ്ധേയമായിരിക്കുന്നു.
"നിങ്ങളുടെ നിഷ്ക്കളങ്കമനസ്സ്" എന്ന പ്രയോഗത്തിന് പാഷണ്ഡതകള്‍കൊണ്ട് കളങ്കിതമാകാത്തതും സത്യപ്രബോധനത്തെ സ്വീകരിച്ചിരിക്കുന്നതുമായ മനസ്സ് എന്ന അര്‍ത്ഥമാണുള്ളത്. ഈ നിഷ്ക്കളങ്ക മനസ്സിനെയാണ് പ്രവാചകവചനത്തെക്കുറിച്ചും അപ്പസ്തോലന്മാര്‍ക്ക് ലഭിച്ചിരിക്കുന്ന കര്‍ത്താവായ രക്ഷകന്‍റെ കല്പനയെക്കുറിച്ചും അനുസ്മരിപ്പിക്കുന്നത്. ഇവ അനുസ്മരിക്കുന്ന ഇത്തരം സുമനസ്സുകള്‍ വ്യാജ പ്രബോധനത്തിന്‍റെ ഭോഷത്തത്തെ തിരിച്ചറിയുമെന്നതിനാല്‍, തുടര്‍ന്ന് അതേക്കുറിച്ചു സംസാരിക്കുകയാണ് ലേഖനകര്‍ത്താവ്.
3:3-4, പരിഹാസകരുടെ ചോദ്യങ്ങള്‍: വ്യാജപ്രവാചകരുടെ ഹീനസ്വഭാവത്തെക്കുറിച്ചു നേരത്തെ പറഞ്ഞിരിക്കുന്നവ ആവര്‍ത്തി ച്ചുകൊണ്ട് (അധമവികാരങ്ങള്‍ക്കു അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍, വാ. 12-14) അവര്‍ പ്രത്യാഗമനത്തിനെതിരായി ഉന്നയിക്കുന്ന ചോദ്യം അവതരിപ്പിക്കുകയാണ് ഈ വാക്യങ്ങളില്‍. "അവന്‍റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനമെവിടെ?" എന്ന ചോദ്യമാണ് ക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെ നോക്കിപ്പാര്‍ത്തിരുന്ന ക്രൈസ്തവരോടു ചോദിക്കുന്നത്? അത് അവരില്‍ പലരുടെയും വിശ്വാസജീവിതത്തെ ഉലച്ചുവെന്നു ലേഖനത്തില്‍നിന്നു വ്യക്തമാണ്. ഈ പശ്ചാത്തലമാണ് അവരെ കഠിനമായി വിമര്‍ശിക്കുന്നതിനു ലേഖന കര്‍ത്താവിനെ പ്രേരിപ്പിച്ചതെന്നും സ്പഷ്ടം. അവരുടെ ചോദ്യത്തെ സാധൂകരിക്കുന്നതാണ് തുടര്‍ന്നുള്ള അഭിപ്രായം: "സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍തന്നെ തുടരുന്നല്ലോ". ക്രിസ്തുവിന്‍റെ രണ്ടാമാഗമനത്തോടു ചേര്‍ന്നുണ്ടാകുന്ന യുഗാന്ത്യ പ്രതിഭാസത്തെ ഉദ്ദേശിച്ചാണ് അവരുടെ ഈ സംസാരം. "പിതാക്കന്മാര്‍" സഭയുടെ അടിസ്ഥാനമായ അപ്പസ്തോലന്മാര്‍ ആണ്. ഗ്രന്ഥകര്‍ത്താവ് ഇതിനു നല്കുന്ന ഉത്തരമാണ് തുടര്‍ന്നു കാണുക.
3:5-7, വിധിദിനംവരെ സൂക്ഷിക്കപ്പെടുന്ന പ്രപഞ്ചം: കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചും അതിനുമുമ്പുണ്ടാകുന്ന ദുരിതകാല ഘട്ടത്തേക്കുറിച്ചും ലേഖനകര്‍ത്താവിനു ഉറപ്പുണ്ട്. കാരണം, ഇത് ക്രൈസ്തവ വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമായിക്കഴിഞ്ഞിരുന്നു (ഉദാ. മത്താ 10:23; 16:28; 24:3, 27-31, 34, 42; അപ്പ 1:11; 1 തെസ 4:16-17). യഹൂദരുടെ പ്രപഞ്ചവീക്ഷണമാണ് ഗ്രന്ഥകര്‍ത്താവിനുമുള്ളത്. വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരുന്നതിനാലാണ് നോഹയുടെ കാലത്ത് ഭൂമിയില്‍ പ്രളയമുണ്ടായത് എന്നവര്‍ വിശ്വസിച്ചു. ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരുന്നു എന്ന രീതിയിലുള്ള സങ്കല്പത്തില്‍നിന്നു കൊണ്ടാണ് വ്യാജപ്രവാചകരുടെ വാദങ്ങള്‍ക്കു ലേഖകന്‍ മറുപടി നല്കുന്നത്.
നോഹയുടെ കാലത്തെ ജനങ്ങള്‍ പ്രളയമുണ്ടാകുമെന്നു വിശ്വസിച്ചില്ല എന്നതുപോലെ ഇന്നും വ്യാജപ്രവാചകര്‍ കര്‍ത്താവിന്‍റെ പ്രത്യാ ഗമനത്തില്‍ ആകാശവും ഭൂമിയും അഗ്നിക്കിരയാകുമെന്ന അപ്പസ്തോല വചനങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നുമാത്രമല്ല, അവ സംഭവിക്കില്ലാ യെന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകകൂടി ചെയ്യുന്നു. ഇത്തരുണത്തില്‍ ഗ്രന്ഥകര്‍ത്താവ് ലോകാന്ത്യം വൈകുന്നതിന്‍റെ കാരണം എന്ത് എന്നു വിശദീകരിക്കുന്നുണ്ട്. വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്‍റെയും ദിനത്തിനുവേണ്ടി ആകാശവും ഭൂമിയും കാത്തുസൂക്ഷിക്കപ്പെടുന്നു എന്നതാണത്.
വിചിന്തനം:
അന്ത്യവിധിയെക്കുറിച്ചോ, ആത്മാവിന്‍റെ അനശ്വരതയെക്കുറിച്ചോ ചിന്തയില്ലാത്തവര്‍ ഈ ലോകത്തെയാണു വിലമതിക്കുക. അതിനനുസരിച്ചുള്ള വ്യാജപ്രസ്താവനകള്‍ അവര്‍ നടത്തുകയും ചെയ്യും. വിശ്വാസത്തില്‍ ബലമില്ലാത്തവര്‍ ഇത്തരം പ്രസ്താവനകളെ വിശ്വസിക്കുകയും തങ്ങളുടെ താല്പര്യങ്ങള്‍ക്കു ചേരുന്നതിനാല്‍ അതില്‍ നിലനില്ക്കുകയും ചെയ്യും.
എന്നാല്‍ "നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്" എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഈ ലോകത്തെ സ്വര്‍ഗത്തെക്കാള്‍ കൂടുതല്‍ കാമ്യമായി കണക്കാക്കാതിരിക്കാന്‍ നമ്മെ സഹായിക്കുന്നു. സ്വര്‍ഗത്തില്‍ നിത്യമായി ദൈവത്തോടൊത്തു തുടരേണ്ട ജീവിതമായതു കൊണ്ട് ഈ ലോകത്തിലും സ്വര്‍ഗത്തിനടുത്ത വിശുദ്ധിയില്‍ ജീവിക്കാനുള്ള വിളിയെ ഏറ്റവും പ്രധാനമായി കണ്ടുകൊണ്ട് മറ്റു പ്രബോധനങ്ങളെ പിഞ്ചെല്ലാതിരിക്കാനുള്ള പ്രചോദനം ഈ ലേഖനഭാഗം നമുക്കുതരുന്നു.
2 Peter 3: 1-7 false teaching Dr. Theres Nadupadavil articles of saint peter in malayalam st peter bible malayalam catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206