x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

2 പത്രോസ് 2:10-22, വ്യാജപ്രവാചകരുടെ ഹീനത

Authored by : Dr. Theres Nadupadavil On 03-Feb-2021

2 പത്രോസ് 2:10-22, വ്യാജപ്രവാചകരുടെ ഹീനത

വ്യാജപ്രവാചകരുടെ ഹീനസ്വഭാവത്തെക്കുറിച്ച് വളരെ നീണ്ട വിവരണമാണ് ഗ്രന്ഥകര്‍ത്താവു ഇവിടെ നല്കുന്നത്. പ്രതീകങ്ങളും ഉപമകളുംകൊണ്ട് സമ്പന്നമാണീഭാഗം. അഭിലഷണീയമല്ലാത്ത മോഹങ്ങളുടെ അടിമകളും മറ്റുള്ളവര്‍ക്കു പ്രലോഭനഹേതുക്കളും ആയ അവരുടെ ജീവിതത്തിന്‍റെ വ്യര്‍ത്ഥതയെ ചിത്രീകരിച്ചുകൊണ്ട് അവരില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വിശ്വാസികള്‍ക്കു നല്കുന്ന ഒരു മുന്നറിയിപ്പാണിത്.

2:10-11, ദൂഷണം പറയുന്നവര്‍: യൂദാസിന്‍റെ ലേഖനത്തില്‍, "അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നവരാണ്" വ്യാജോപദേഷ്ടാക്കള്‍ എന്ന കുറ്റപ്പെടുത്തല്‍ കേള്‍ക്കാം (വാ. 8). ഈ ലേഖനവും ഇപ്രകാരം അവരെ കുറ്റപ്പെടുത്തുന്നുണ്ട്. "മഹിമയണിഞ്ഞവര്‍" (ദൊക്സായി) എന്നുദ്ദേശിക്കുന്നത് മാലാഖമാരെയാണ്.  ആരെയും ദൂഷണം പറയാന്‍ മടിക്കാത്ത വ്യാജപ്രവാചകരുടെ ദുഷ്ടസ്വഭാവത്തിന്‍റെ വ്യാപ്തിയെ സ്പഷ്ടമാക്കുന്നത്, ദൈവദൂതന്മാരുടെ സ്വഭാവത്തോടു താരതമ്യം ചെയ്തു കൊണ്ടാണ്: ". ദൂതന്മാര്‍പോലും കര്‍ത്താവിന്‍റെ സന്നിധിയില്‍ അവര്‍ക്കെതിരായി അപമാനകരമായ വിധിപറയുന്നില്ല". ഈ  പരാമര്‍ശത്തിനടിസ്ഥാനമായി നില്ക്കുന്നത് ഹെനോക്കിന്‍റെ പുസ്തകം എന്ന അപ്രമാണികഗ്രന്ഥത്തിലെ മിഖായേല്‍ദൂതനും പിശാചും തമ്മിലുള്ള വാഗ്വാദത്തിന്‍റെ വിവരണമാണ്. ശക്തിയിലും മഹിമയിലും പരിശുദ്ധിയിലും വിളങ്ങിനില്ക്കു ന്ന ദൂതന്മാര്‍ തിന്മയുടെ വക്താക്കളുടെമേല്‍പോലും വിധി പറയാതെ, വ്യക്തിബഹുമാനം കാത്തുസൂക്ഷിക്കുന്നു. ഈ സ്വഭാവമഹിമയാണ് വിശ്വാസികള്‍ക്ക് ഉചിതം.

2:12-14, സഹജവാസനയാല്‍ നയിക്കപ്പെടുന്നവര്‍: 2:2 ലെ പ്രമേയത്തിന്‍റെ വികസിത രൂപമാണിവിടെ കാണുന്നത്. 'ദൈവത്തെയോ മനുഷ്യരെയോ മാനിക്കാത്ത തന്നിഷ്ടത്തിന്‍റെ വഴി' (അസേല്‍ഗെയിയാ)  തേടുന്നവര്‍, സഹജവാസനയാല്‍ പോഷിപ്പിക്കപ്പെടുമ്പോള്‍, മ്ലേ ച്ഛമായ അഭിലാഷങ്ങള്‍ക്കു വശപ്പെടുന്നു. ജന്മവാസനയാല്‍ നയിക്കപ്പെടുന്നതു കൊണ്ടും മാത്രമല്ല, നാശത്തിലൊടുങ്ങുന്നതുകൊണ്ടും അവര്‍ മൃഗങ്ങള്‍ക്കു തുല്യരാണെന്നാണ് ലേഖനകര്‍ത്താവിന്‍റെ അഭിപ്രായം.  വിശേഷബുദ്ധിയില്ലാത്ത മൃഗതുല്യര്‍ (cf. യൂദാ 10), ദൂഷണം പറയുന്നവര്‍, മദ്യത്തിലും മദിരോത്സവത്തിലും മുഴുകുന്നവര്‍, കളങ്കവും വൈകല്യ വും വ്യഭിചാരാസക്തിയും നിറഞ്ഞവര്‍, പാപത്തില്‍നിന്നു വിരമിക്കാത്ത കണ്ണുകളുള്ളവര്‍, വശീകരിക്കുന്നവര്‍, അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ളവര്‍, ശാപത്തിന്‍റെ സന്തതികള്‍, എന്നൊ ക്കെയാണ് വ്യാജപ്രവാചകരെ ലേഖനം വിശേഷിപ്പിക്കുക. "നിങ്ങളോടൊത്തു ഭക്ഷണം കഴിക്കുമ്പോള്‍" എന്നുള്ളത് സഭാസമൂഹത്തിന്‍റെ പൊതുഭക്ഷണത്തെയാകാം ഉദ്ദേശിക്കുന്നത്.

ഏതുവഴി തിരഞ്ഞെടുക്കണം എന്നുള്ള വിവേചനമോ തീരുമാനമോ ഇല്ലാത്ത ദുഷ്ടര്‍ മൃഗങ്ങളെപ്പോലെ, ജന്മവാസനയാല്‍ നയിക്കപ്പെടുമ്പോള്‍ മൃഗങ്ങളില്‍നിന്ന് അവര്‍ വ്യത്യസ്തരായിരിക്കുന്നത് അവരുടെ ദുഷ്ടതയില്‍ മാത്രമാണ്. സ്വാര്‍ത്ഥപൂര്‍ത്തീകരണത്തിനായി ഏതു ദുഷ്ടതയും ചെയ്യാന്‍ മടിയില്ലാത്തവരാണവര്‍. വ്യാജപ്രവാചകരുടെ സ്വഭാവവും അവരുടെ നാശവും വ്യക്തമാക്കുന്ന ഈ വിശദീകരണം വിശ്വാസികള്‍ക്ക് അവരില്‍നിന്നു മാറിനില്ക്കാനുള്ള അതിശക്തമായ താക്കീതാണ്.

2:15-16, ബാലാമിന്‍റെ മാര്‍ഗം പിന്തുടരുന്നവര്‍: ഇതുവരെ പറഞ്ഞ വ്യാജപ്രവാചകരുടെ പാപത്തിന്‍റെ വഴികളെ, ബാലാമിന്‍റെ വഴിയോട് ഉപമിച്ചുകൊണ്ട് ഉപസംഹരിക്കുകയാണ് ഈ വാക്യങ്ങളില്‍. നേര്‍വഴിയില്‍നിന്നു മാറി തിന്മ ചെയ്യുന്ന അവരെ തിന്മയുടെ പ്രതിഫലത്തെ സ്നേഹിച്ച ബാലാമിനോടു തുല്യരാക്കുന്നു. 

"നേര്‍വഴി" എന്നത് 2:2ല്‍ പറഞ്ഞിരിക്കുന്ന "സത്യത്തിന്‍റെ മാര്‍ഗം" തന്നെയാണ്.  യഹൂദവിശ്വാസമനുസരിച്ച് ബാലാം വ്യാജപ്രവാചകരുടെ പ്രതിനിധിയാണ്. സംഖ്യയുടെ പുസ്തകത്തിലാണു ഈ കഥാപാത്ര ത്തെ കണ്ടുമുട്ടുക (സംഖ്യ 22-24). മൊവാബ്യരാജാവായ ബാലാക് ഇസ്രായേല്‍ക്കാര്‍ക്കെതിരായി പ്രവചിക്കാന്‍ ക്ഷണിച്ചതാണ് ബാലാമിനെ. വഴിയില്‍വച്ച് ബാലാമിനു തിരിച്ചറിയാന്‍ കഴിയാതിരുന്ന കര്‍ത്താവിന്‍റെ ദൂതനെ ബാലാമിന്‍റെ കഴുത കാണുകയും ബാലാമിനോട് സംസാരിക്കുകയും ചെയ്തു (22:21-30). എന്നാല്‍, ബാലാം ഇസ്രായേല്‍ക്കാര്‍ക്കനുകൂലമായി പ്രവചിച്ചു. "അത്യുന്നതന്‍റെ അറിവില്‍ പങ്കു ചേര്‍ന്ന" ബാലാമിന് ബാലാക്കില്‍നിന്നു പ്രതിഫലം ലഭിച്ചുമില്ല. എന്നാല്‍ മൊവാബ്യരുമായുള്ള കൂട്ടുകെട്ടില്‍ ഇസ്രായേല്‍ജനം ദൈവത്തിന്‍റെ കല്പനകള്‍ മറന്നു (cf. 25:1-3).  ബാലാമിന്‍റെ ജനത്തിന്‍റെ വഴിയിലേക്കു മാറി (cf. 31:16). അതുകൊണ്ട് മോശ അവരെ പരാജയപ്പെടുത്തി, ബെയോറിന്‍റെ മകനായ ബാലാമിനെ അവരുടെ രാജാക്കന്മാരോടൊപ്പം വധിച്ചു (സംഖ്യ 31:).

ബാലാമിന്‍റെ കഥയിലെ വിശദാംശങ്ങള്‍ ഇവിടെ കാണുന്നില്ലെങ്കിലും ബാലാംമൂലം ഇസ്രായേല്‍ നേര്‍വഴിയില്‍നിന്നു വ്യതിചലിച്ചു എന്ന് സംഖ്യയുടെ ഗ്രന്ഥം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ബാലാമിന്‍റെ വഴികള്‍ ഇസ്രായേല്‍ ജനത്തിന് സ്വീകാര്യമായതുപോലെ, വ്യാജ പ്രവാചകരുടെ വഴികള്‍ വിശ്വാസി സ്വീകാര്യമായി കരുതരുത് എന്ന മുന്നറിയിപ്പാണ് ലേഖനകര്‍ത്താവു നല്കുന്നത്.

2:17-19, നാശത്തിന്‍റെ അടിമകള്‍: ഈ ഭാഗത്ത് വ്യാജപ്രവാചകരെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളെല്ലാം നാശത്തെ സൂചിപ്പിക്കുന്നവയാണ്. "വെള്ളമില്ലാത്ത അരുവി", "കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞ്',' "അന്ധകാരത്തിന്‍റെ അധോലോകം" എന്നിവപോലെ ഇല്ലായ്മയാണ് അവരുടെ ജീവിതം. അവയെല്ലാം നിരാശാജനകമാണ്.  അതുപോലെ, സത്യമായ, ഉണ്മയുടെ വാക്കുകളല്ല, നാശകാരണവും ഇല്ലായ്മയു മായ വ്യര്‍ത്ഥവാക്ധോരണിയാണവരില്‍ നിന്നു വരുന്നത്. ഈ വാക്ധോരണിയില്‍ മയങ്ങുന്നവര്‍ വിശ്വാസത്തിലടിയുറച്ചവരോ സത്യത്തെ സ്നേഹിക്കുന്നവരോ അല്ല, മറിച്ച്, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടവരാണ്. അവര്‍ ബലഹീനരാണ്, പ്രത്യേകിച്ചും വിഷയാസക്തിയുടെ കാര്യത്തില്‍. അതുകൊണ്ട് വ്യാജപ്രവാചകര്‍ക്ക് അവരെ എളുപ്പത്തില്‍ നാശത്തിലേയ്ക്കു വശീകരിക്കുവാന്‍ കഴിയും. 19-ാം വാക്യം സ്വാതന്ത്ര്യത്തെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും സംസാരിക്കുന്നു. ദുഷിച്ച മാര്‍ഗത്തിലൂടെ നടക്കുന്ന വ്യാജപ്രവാചകര്‍ നാശത്തിലവസാനിക്കുമെന്നുറപ്പായിരിക്കേ അവര്‍ മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു എന്ന വൈരുദ്ധ്യവും ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.

'സ്വാതന്ത്ര്യം' (എലെവുത്തേരിയ) എന്ന പദം പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ കൂടെക്കൂടെ കാണുന്ന ഒന്നാണ്.  പരിശുദ്ധാത്മാവിന്‍റെ നിവേശനങ്ങളാല്‍ നയിക്കപ്പെടുന്നവനാണ് സ്വാതന്ത്ര്യമനുഭവിക്കുന്ന വ്യക്തി (ഗലാ 5:13-17) എന്നും ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി (ഗലാ 5:1) എന്നും ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.  ശ്ലീഹായുടെ പ്രബോധന ത്തെ വളച്ചൊടിക്കുന്നവര്‍ (3:16) സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹ ത്തിന്‍റെ പ്രബോധനത്തെയും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട് എന്നു കരുതാം. വ്യാജപ്രവാചകന്മാര്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്യം അധാര്‍മികതയ്ക്കുള്ള സ്വാതന്ത്ര്യമാണ്.

"ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ, അവന്‍ അതിന്‍റെ അടിമയാണ്" എന്ന ചൊല്ല്, "പാപം ചെയ്യുന്നവന്‍ പാപത്തിന്‍റെ അടിമയാണ്" (യോഹ 8:34) എന്ന യേശുവചനത്തെ അനുസ്മരിപ്പിക്കുന്നു.  അടിമകള്‍ രണ്ടു വിധത്തിലാണ്: "മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍റെ അടിമകള്‍; അല്ലെങ്കില്‍ നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍റെ അടിമകള്‍" (റോമാ 6:16). ഇവരില്‍ രണ്ടാമത്തെ കൂട്ടരുടേത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമാണ്, അത് പരിശുദ്ധാത്മാവു നല്കുന്ന സ്വാതന്ത്ര്യമാണ്.  ഈ സ്വാതന്ത്ര്യമാണ് വിശ്വാസികള്‍ അവ കാശമാക്കേണ്ടത്.

2:20-22, രക്ഷപ്രാപിച്ചശേഷം വീണ്ടും കുരുങ്ങുന്നവര്‍: വ്യാജ പ്രബോധകരുടെ വാക്ധോരണിയില്‍ കുരുങ്ങുന്നവരെക്കുറിച്ച് 18-ാം വാക്യം നല്കുന്ന സൂചനയുടെ വിപുലീകരണമാണ് ഈ മൂന്നു വാക്യങ്ങളിലുള്ളത്.

ലോകത്തിന്‍റെ മാലിന്യങ്ങളില്‍നിന്നു രക്ഷപ്രാപിച്ചവര്‍ വീണ്ടും അവയില്‍ കുരുങ്ങിയാല്‍ രക്ഷ അസാധ്യമാണെന്നാണ് 20-ാം വാക്യം ഓര്‍മിപ്പിക്കുക. അവര്‍ കഷ്ടിച്ചു രക്ഷപെട്ടവര്‍ (വാ. 18) ആയതുകൊണ്ട് രണ്ടാമതൊന്നുകൂടി ലോകത്തിന്‍റെ മാലിന്യത്തില്‍ നിപതിച്ചാല്‍ രക്ഷപെടുക കൂടുതല്‍ വിഷമകരമാണ്, ഒന്നുകൂടി പറഞ്ഞാല്‍, അസാധ്യമാണ്. "ലോകത്തിന്‍റെ മാലിന്യം" എന്നത് വ്യാജപ്രവാചകരെയോ അവരുടെ പ്രബോധനത്തെയോ ആകാം സൂചിപ്പിക്കുന്നത്. വ്യാജപ്രബോധനത്താല്‍ തോല്‍പിക്കപ്പെടുന്നവരുടെ സ്ഥിതിയെക്കുറിച്ചു പറയാനുപയോഗിക്കുന്ന "അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതിനേക്കാള്‍ മോശമായിരിക്കും" എന്ന പ്രയോഗം യേശുവിന്‍റെ വചനങ്ങളായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം (മത്താ 12:45, ലൂക്കാ 11:26). "കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തു വിനെക്കുറിച്ചുള്ള അറിവുമൂലം" (വാ. 19) എന്നും "തങ്ങള്‍ക്കു ലഭിച്ച വിശുദ്ധകല്‍പനയെ അറിഞ്ഞിട്ട്" എന്നും പറയുന്നതുകൊണ്ട് വിശ്വാസികളാണ് വ്യാജ പ്രബോധകരുടെ വചനങ്ങള്‍കേട്ടു വിശ്വാസ ത്യാഗത്തിനു മുതിരുന്നതെന്നും, അവരുടെ കുറ്റം കൂടുതല്‍ ഗൗരവതരമാണെന്നും സൂചന ലഭിക്കുന്നുണ്ട്.                   

വിചിന്തനം:

വിശ്വാസികള്‍, ദൈവത്തെയും കര്‍ത്താവായ യേശു ക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ ജ്ഞാനത്താല്‍ നിറഞ്ഞു സുകൃതസമ്പന്നമായ ജീവിതത്തിനു വിളിക്കപ്പെട്ടിരിക്കുന്നു. ജന്മവാസനകളെ വിശേഷ ബുദ്ധിയാല്‍ നിയന്ത്രിക്കുകയും ഉദാത്തമാക്കുകയും ചെയ്യുകയാണാവശ്യം. മൃഗങ്ങളുടെ നാശത്തിനു വിധിക്കപ്പെട്ടവരല്ല, ക്രിസ്തുവിന്‍റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍.

വിശ്വാസികളുടെ ജീവിതം ശൂന്യമായിത്തീരേണ്ട ഒന്നല്ല. "വെള്ളമില്ലാത്ത അരുവി" ആയിരിക്കാനോ "കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടേണ്ട മൂടല്‍മഞ്ഞാ"യിരിക്കാനോ അല്ല അവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്.  ജീവജലം നിറഞ്ഞൊഴുകുന്ന അരുവികളായി ലോകത്തെ മുഴുവന്‍ ജീവിപ്പിക്കാനുളള വിളി ലഭിച്ചിട്ടുള്ള ക്രിസ്തു അനുയായികള്‍ ആ വിളി മറന്നു ജീവിച്ചാല്‍ തന്നെത്തന്നെ മാത്രമല്ല, ലോകത്തെക്കൂടി നിത്യനാശത്തിലേക്കു നയിക്കുകയായിരിക്കും ചെയ്യുക. യേശുവിന്‍റെ പ്രത്യാഗമനമുണ്ടെന്നും ഈ ലോകം നശ്വരമാണെന്നും അന്ത്യവിധി ഉണ്ടാകുമെന്നുമുള്ള വിശ്വാസം ഏറ്റുപറയുന്നവരാണ് നാം. ഈ വിശ്വാസത്തിനനുസരിച്ച് നമുക്കു ജീവിക്കാന്‍ പരിശ്രമിക്കാം. അനശ്വരതയ്ക്കുവേണ്ടി സൃ ഷ്ടിക്കപ്പെട്ടവരായ നമുക്ക് ആ ലക്ഷ്യത്തോടെ മുന്നേറാം.     

2 Peter 2: 10-22 The wickedness of false prophets Dr. Theres Nadupadavil articles of saint peter in malayalam peter bible catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message