We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ് 1:3-15, ക്രിസ്തീയ ജീവിതം
ലേഖനത്തിന്‍റെ ഉള്ളടക്കവും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദീകരിക്കുന്ന വചനഭാഗമാണ് 1:3-15. ഇതിന്‍റെ ആദ്യഭാഗം (1:3-11) വിശ്വാസികളെ തങ്ങളുടെ മഹത്തായ പാരമ്പര്യങ്ങള്‍ അനുസ്മരിപ്പിക്കാനും രണ്ടാംഭാഗം (വാ. 12-15) അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുമാണ് എഴുതപ്പെടുന്നത് എന്ന് ലേഖനകര്‍ത്താവ് വ്യക്തമാക്കുന്നുണ്ട്. 1:3-11 ല്‍ വിവരിക്കുന്ന കാര്യങ്ങള്‍ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളുടെ ഉള്ളടക്കമായി പരമ്പരാഗതമായി നല്‍കിയിരുന്ന കാര്യങ്ങളുടെ സംഗൃഹീത രൂപമാണ്.
1:3-4, രക്ഷാകരചരിത്രത്തില്‍ ഇടപെട്ട് ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അനുസ്മരണമാണ് ഈ വചനങ്ങളുടെ പ്രതിപാദ്യം. ദൈവവുമായി യേശു പങ്കുവയ്ക്കുന്ന തന്‍റെ ശക്തിയാല്‍ "ദൈവികതയില്‍" (= എവുസേബിയാ) ജീവിക്കാനാവശ്യമായ സകലകൃപയും വിശ്വാസികള്‍ക്കു ലഭിക്കുമെന്ന് ലേഖനകര്‍ത്താവ് വ്യക്തമാക്കുന്നുണ്ട്. ക്രിസ്തീയമൂല്യങ്ങളിലധിഷ്ഠിതമായ പരിപക്വമായ ജീവിതമാണ് ഒരുവന്‍ ക്രിസ്തുവിനാല്‍ വിളിക്കപ്പെട്ടവനും തിരഞ്ഞെടുക്കപ്പെട്ടവനുമാണോ എന്നു തിരിച്ചറിയാനുള്ള മാനദണ്ഡം. പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും കറയോ ചുളിവോ ഇല്ലാത്തവര്‍ക്കു മാത്രമാണ് പ്രവേശനമുള്ളത് (3:11-14) എന്നതിനാല്‍ ദൈവികത സ്വന്തമാക്കുക എന്നത് സകലവിശ്വാസികളുടെയും ആവശ്യകതയാണ്. ഈ ദൈവികതയില്‍ പ്രവേശിക്കാനുള്ള ഏകമാര്‍ഗ്ഗം യേശുവിനെക്കുറിച്ചുള്ള അറിവാണ്. യേശുവിലുള്ള വിശ്വാസം സ്വീകരിച്ച് മാനസാന്തരപ്പെടുന്നതിനും ഈ ലോകമാലിന്യങ്ങളില്‍നിന്നു വിമുക്തരായി ജീവിക്കാന്‍ നമ്മെ പര്യാപ്തരാക്കുന്നതും യേശുവിലുള്ള ജ്ഞാനമാണ് (1:2-4; 2:20; 3:18).
ദൈവികതയില്‍ ജീവിക്കാന്‍ ക്രിസ്തു നല്‍കുന്ന രക്ഷാകരമായ കൃപയോടു സഹകരിച്ചവരില്‍ ക്രിസ്തു തന്‍റെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ലേഖന കര്‍ത്താവ് ഉറപ്പു നല്‍കുന്നുണ്ട്. വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തെ യുഗാന്ത്യവുമായി ബന്ധപ്പെടുത്തിയാണ് ലേഖനകര്‍ത്താവ് അന്യത്ര പരാമര്‍ശിക്കുന്നത് (3:4,9,13). ഈ ലോകത്തിന്‍റെ മലിനതകളില്‍നിന്നും ദുരാശകളില്‍നിന്നും രക്ഷപ്പെടുന്നതായുള്ള പരാമര്‍ശത്തെ (1:3) യുഗാന്ത്യവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്. ഈ ലോകജീവിതത്തിലെ പാപമുക്തമായ ജീവിതത്തെയോ മരണസമയത്ത് ദൈവവുമായുണ്ടാകുന്ന സമാഗമത്തെയോ അല്ല യുഗാന്ത്യത്തില്‍ ക്രിസ്തുവില്‍ ഒന്നുചേരുന്ന രക്ഷയുടെ പൂര്‍ത്തീകരണത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ദുരാശകളില്‍നിന്നുള്ള വിടുതല്‍ (2:10,18-19) ദൈവസ്വഭാവത്തിനും അക്ഷയത്വത്തിനും നമ്മെ അര്‍ഹരാക്കുന്നു. ദൈവസ്വഭാവവും അക്ഷയത്വവും തമ്മിലുള്ള പാരസ്പര്യം ബൈബിളില്‍ അന്യത്ര പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് (ജ്ഞാനം 2:23; റോമാ 8:18-25; 1 കോറി 15:42-57) മരണത്തെ ജയിച്ച് അക്ഷയനായിത്തീര്‍ന്ന ക്രിസ്തുവിനോടുള്ള ഐക്യം ക്രൈസ്തവരെ ലോകത്തിന്‍റെ വിനാശങ്ങളില്‍നിന്ന് കാത്തുരക്ഷിക്കുന്നു.
1:5-7, വിശ്വാസത്തിലൂടെ ദൈവം ക്രൈസ്തവര്‍ക്കു നല്‍കിയിരിക്കുന്ന കൃപാദാനങ്ങളാലാണ് ദൈവികസ്വഭാവത്തിന് അനുഗുണമായ ജീവിതം നയിക്കാന്‍ അവര്‍ പ്രാപ്തരാകുന്നത്. എന്നാല്‍ കൃപയുടെ ജീവിതമോ അതുവഴി ലഭിക്കുന്ന അനശ്വരതയോ യാന്ത്രികമായി ലഭിക്കുന്നതല്ല. അവ നേടുന്നതിനായി വിശ്വാസികള്‍ ധാര്‍മ്മികതയുടെ ജീവിതം വിശ്വസ്തതയോടെ നയിക്കണം എന്ന് അപ്പസ്തോലന്‍ ആവശ്യപ്പെടുന്നുണ്ട് (1:5,10; 3:14). ധാര്‍മ്മികമൂല്യങ്ങളില്‍ ഏഴെണ്ണം ലേഖനകര്‍ത്താവ് ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സമാനമായ പുണ്യപാപങ്ങളുടെ പട്ടിക പുതിയനിയമത്തില്‍ അന്യത്രദൃശ്യമാണ് (ഗലാ 5:19-23). പടിപടിയായി മുന്നേറുന്ന പുണ്യപാപങ്ങളുടെ പട്ടിക യവനധാര്‍മ്മിക ശാസ്ത്രത്തില്‍ സര്‍വ്വസാധാരണമായിരുന്നു (റോമാ 5:3-5). സമാനമായ ശൈലിയാണ് ഇവിടെയും അനുവര്‍ത്തിച്ചിരിക്കുന്നത്.
പുണ്യങ്ങളുടെ ഈ ശ്രേണിയില്‍ പ്രഥമസ്ഥാനം വിശ്വാസത്തിനാണ് നല്‍കിയിരിക്കുന്നത്. സകലപുണ്യങ്ങളുടെയും അടിത്തറയായി വര്‍ത്തിക്കുന്നത് വിശ്വാസമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്. വിശ്വാസത്തെ പോഷിപ്പിക്കുന്നവയുടെ ഗണത്തിലാണ് പുണ്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവസാനത്തേതും ഏറ്റവും പൂര്‍ണ്ണതയുള്ളതുമായ പുണ്യമായി അവതരിപ്പിക്കുന്നത് സ്നേഹത്തെയാണ് (= അഗാപ്പേ). വിശ്വാസത്തില്‍ ആരംഭിച്ച് സ്നേഹത്തില്‍ അവസാനിക്കുന്ന ഈ പുണ്യപ്പട്ടികയില്‍ സകല ക്രിസ്തീയ പുണ്യങ്ങളും വിവക്ഷിക്കപ്പെടുന്നുണ്ട് എന്ന് അനുമാനിക്കാം.
ഈ പട്ടികയില്‍ പരാമര്‍ശിക്കുന്ന ഇതര പുണ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
സുകൃതം (= അരേത്തേ) - ധാര്‍മ്മിക മൂല്യങ്ങളുടെ സമഗ്രതയെ സൂചിപ്പിക്കുന്നു.
അറിവ് (= ഗ്നോസിസ്) - ക്രിസ്തുമാര്‍ഗ്ഗത്തില്‍ ജീവിക്കുന്നതിലൂടെ ലഭിക്കുന്ന ജ്ഞാനം
ആത്മനിയന്ത്രണം (= എക്ക്രാത്തേയിയ) - ഭൗതികമോഹങ്ങളുടെയും ലൈംഗികമോഹങ്ങളുടെയും മേലുള്ള നിയന്ത്രണം
ക്ഷമ (= ഹുപ്പോമൊനേ) - തിന്മയുടെയും സഹനത്തിന്‍റെയും പ്രലേഭനങ്ങളുടെയും മുന്നില്‍ ശരിയായവ മാത്രം തുടരാനുള്ള കഴിവ്
ഭക്തി (= എവുസെബേയിയ) - ദൈവത്തി ന്‍റെ മഹത്വവും അധികാരവും അംഗീകരിക്കുന്ന മനോഭാവം.
സഹോദരസ്നേഹം (= ഫിലാദെല്‍ഫിയ) - സഹോദരങ്ങളോടുള്ള കരുണാമസൃണമായ പെരുമാറ്റം.
ഇവയെല്ലാം വിശ്വാസത്തില്‍നിന്നുത്ഭവിക്കുന്നതും സ്നേഹത്തിലേക്കു നയിക്കുന്നവയുമായ പുണ്യങ്ങളാണെന്ന് ലേഖനകര്‍ത്താവു സമര്‍ത്ഥിക്കുന്നുണ്ട്.
1:8-9, മേല്‍വിവരിച്ച പുണ്യങ്ങള്‍ അഭ്യസിക്കുന്നതിന്‍റെ പ്രയോജനങ്ങളാണ് ഈ വചനഭാഗത്ത് പ്രതിപാദിക്കുന്നത്. വിശ്വാസത്തെ പുണ്യങ്ങള്‍കൊണ്ട് വളര്‍ത്തുന്നവര്‍ ഫലശൂന്യരായി മാറില്ല. സമാനമായ ഉപദേശങ്ങള്‍ ഗലാ 5:22-23; കൊളോ 1:9-10; തീത്തോ 3:14; യാക്കോ 2:20 എന്നീ വചനഭാഗങ്ങളില്‍ കാണാം. പുണ്യങ്ങളഭ്യസിക്കാത്ത വിശ്വാസി ദീര്‍ ഘവീക്ഷണമില്ലാത്തവനും അന്ധനുമായി സത്യത്തെ ഗ്രഹിക്കാന്‍ കഴിവില്ലാത്തവനായി മാറുന്നു (1 യോഹ 2:11; വെളി 3:17). വിശ്വാസത്തെ പുണ്യംകൊണ്ടു പിന്തുണയ്ക്കാത്തവന്‍ പഴയ പാപാവസ്ഥയിലേക്കു പിന്തിരിയും (ഹെബ്രാ 6:4; 10:32).
1:10, പുണ്യങ്ങളുടെ പട്ടികയുടെ ഉപസംഹാരവാക്യമായി ഈ വചനഭാഗത്തെ മനസ്സിലാക്കാം. 1:5 ല്‍ പരാമര്‍ശിച്ച ആശയംതന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. ക്രിസ്തീയജീവിതത്തില്‍ എപ്രകാരം പക്വത പ്രാപിക്കാനാകും എന്ന ആശയമാണ് ഇവിടെ വിവരിക്കപ്പെടുന്നത്. തങ്ങള്‍ക്കുലഭിച്ച വിളിയിലും തിരഞ്ഞെടുപ്പിലും കൂടുതല്‍ ജാഗ്രതയും ഉത്സാഹവുമുള്ളവരാകുവാനുള്ള ആഹ്വാനമാണ് ഇവിടെ നല്‍കപ്പെടുന്നത്. വിളി (= ക്ലേസിസ്), തിരഞ്ഞെടുപ്പ് (= എക്ലോഗേ) എന്നീ വാക്കുകള്‍ക്ക് സമാനാര്‍ത്ഥങ്ങളാണ്. മാനസാന്തരപ്പെടാനും അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കാനുമുള്ള യേശുവിന്‍റെ ആഹ്വാനമാണ് ആത്യന്തികമായി എല്ലാ വിളിയുടെയും പിന്നിലുള്ളത്. വിളി നഷ്ടപ്പെടുത്തരുത് എന്നതിന് രക്ഷ നഷ്ടപ്പെടുത്തരുത് എന്ന അര്‍ത്ഥംകൂടിയുണ്ട് (യൂദാ 24).
1:11, യുഗാന്ത്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രത്യാശയുടെ പ്രകരണമായി ഈ വാക്യത്തെ മനസ്സിലാക്കാം. ക്രൈസ്തവര്‍ പുണ്യങ്ങളഭ്യസിക്കുന്നതിന്‍റെയും വിശ്വസിക്കുന്നതിന്‍റെയും ആത്യന്തികമായ ലക്ഷ്യം കേവലം ഭൗതികമായ ഏതെങ്കിലും നേട്ടമല്ല മറിച്ച്, സ്വര്‍ഗ്ഗം എന്ന പരമമായ ലക്ഷ്യമാണ്. സ്വര്‍ഗ്ഗരാജ്യത്തിലെ പ്രവേശനം എന്ന പരമമായ നന്മയാണ് ഭൗമിക നന്മകളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം.
1:12-15, ലേഖനത്തിന്‍റെ ഉള്ളടക്കത്തിലേക്കുള്ള പ്രവേശിക എന്ന നിലയിലാണ് ഈ വചനഭാഗത്തെ മനസ്സിലാക്കേണ്ടത്. ഗ്രന്ഥകാരനും വായനക്കാരും ഒരുപോലെ പങ്കുചേരുന്ന സത്യവിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ അവതരിപ്പിക്കുക എന്നതാണ് ലേഖനത്തിന്‍റെ ലക്ഷ്യം. സത്യവിശ്വാസം വരുംതലമുറയ്ക്കായി അവികലമായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഗ്രന്ഥകാരന്‍ അനുസ്മരിപ്പിക്കുന്നുണ്ട്.
പത്രോസിന്‍റെ ശ്ലൈഹികമായ അധികാരത്തെ മുന്‍നിര്‍ത്തിയാണ് ഗ്രന്ഥകാരന്‍ തന്‍റെ പ്രബോധനങ്ങള്‍ക്ക് ആധികാരികത നല്‍കുന്നത്. പത്രോസ്ശ്ലീഹാതന്നെ വ്യാജപ്രബോധകരോടു സംസാരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഈ വചനഭാഗം അവതരിപ്പിക്കുന്നത്. തങ്ങളുടെ വിശ്വാസപൈതൃകത്തെ (വാ. 12) ആവര്‍ത്തിച്ചുവായിച്ചുറപ്പിക്കണം എന്നതാണ് ഗ്രന്ഥകാരന്‍റെ നിര്‍ദ്ദേശം (വാ. 15). അപ്പസ്തോലിക അധികാരത്തോടെയുള്ള പ്രബോധനം എന്ന ആശയത്തിന് ലേഖനകര്‍ത്താവ് ഏറെ ഊന്നല്‍ നല്‍കുന്നുണ്ട് (1:15; 3:1-2).
1:3-11 ല്‍ അവതരിപ്പിച്ച ക്രിസ്തീയ വിശ്വാസത്തെ "സത്യം" എന്ന ഒറ്റവാക്കിലാണ് 1:12 ല്‍ വിശേഷിപ്പിക്കുന്നത്. പൗലോസും (3:15-16) പത്രോസും (3:1) ഇതര അപ്പസ്തോലന്മാരും (1:16-18) നല്‍കിയ പ്രബോധനങ്ങളുടെയെല്ലാം ഉള്ളടക്കം ഈ ڇസത്യڈമായിരുന്നു. സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഈ സത്യത്തിന്മേലാണ്. വായനക്കാരെ ഈ സത്യത്തില്‍ സ്ഥിരതയുള്ളവരാക്കുക എന്നതാണ് ലേഖന കര്‍ത്താവിന്‍റെ ലക്ഷ്യം.
താന്‍ വാര്‍ധക്യത്തിലെത്തി എന്ന സന്ദേശംകൂടി പത്രോസ്ശ്ലീഹാ ഈ ലേഖനത്തില്‍ നല്‍കുന്നുണ്ട്. ഇതിനെ സൂചിപ്പിക്കാന്‍ രണ്ടു പ്രതീകങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. "കൂടാരത്തില്‍നിന്നുള്ള വേര്‍പാട്" എന്ന പ്രതീകം ആത്മാവ് ശരീരത്തില്‍നിന്നു പിരിയുന്നതിന്‍റെ സൂചനയാണ് (1 കോറി 5:1-5). "ഭൂമിയില്‍നിന്നുള്ള പുറപ്പാട്" എന്നതാണ് രണ്ടാമത്തെ പ്രതീകം (വാ. 15). ഈ പുറപ്പാടാകട്ടെ നിത്യജീവനിലേക്കുള്ള പ്രവേശനത്തിനായുള്ളതാണ് (വാ. 11). ലേഖനകര്‍ത്താവ് സമീപസ്ഥമായ തന്‍റെ മരണത്തെ മുന്നില്‍ കണ്ട് എഴുതുന്ന വരികളായി ഈ വചനത്തെ മനസ്സിലാക്കാം.
വിചിന്തനങ്ങള്‍
2 Peter 1: 3-15 Christian life Dr. Theres Nadupadavil articles of saint peter peter articles of saint peter in malayaam catholic malayalam mananthavady diocese Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206