x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

2 പത്രോസ് 1:1-2, ആമുഖവും ആശംസയും

Authored by : Dr. Theres Nadupadavil On 03-Feb-2021

2 പത്രോസ് 1:1-2, ആമുഖവും ആശംസയും

പത്രോസിന്‍റെ രണ്ടാം ലേഖനം ആരംഭിക്കുന്നത് മൂന്നു ഘടകങ്ങള്‍ ഉള്‍ച്ചേരുന്ന ഒരു ശീര്‍ഷകത്തോടെയാണ്: ലേഖനകര്‍ത്താവിനെ പരിചയപ്പെടുത്തുന്നതാണ് ആദ്യഭാഗം. ശിമയോന്‍ പത്രോസ് എന്ന നാമവും ഈശോയുടെ ദാസനും അപ്പസ്തോലനും എന്ന അഭിധാനവും ഇവിടെ വിശദീകരിച്ചിട്ടുണ്ട്. ശിമയോന്‍ എന്നത് പാലസ്തീനിയന്‍ ക്രൈസ്തവ സമൂഹങ്ങള്‍ പത്രോസിനെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പേരാണ് (അപ്പ 15:14). യേശുക്രിസ്തുവിന്‍റെ ദാസന്‍ എന്നത് ക്രിസ്ത്യാനികള്‍ സ്വയം വിശേഷിപ്പിക്കുന്ന സാദാപദമായിരുന്നു (1 കോറി 7:22-23; എഫേ 6:6; 1 പത്രോ 2:16). പാപത്തിന്‍റെ അടിമത്തത്തിലായിരുന്നവരെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു വീണ്ടെടുത്തവനാകയാല്‍ യേശുവിന്‍റെ ദാസരായി സ്വയം പരിഗണിക്കുന്നത് അര്‍ത്ഥവത്താണെന്ന് ആദിമക്രൈസ്തവര്‍ കരുതിയിരുന്നു. ദാസന്‍ എന്നത് ക്രൈസ്തവനേതാക്കള്‍ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദമാണ് (ഫിലി 1:1; യാക്കോ 1:1; യൂദാ 1). ഇസ്രായേലിന്‍റെ മഹാരഥന്മാരായ നേതാക്കന്മാരെ "കര്‍ത്താവിന്‍റെ ദാസര്‍" എന്ന് അഭിസംബോധന ചെയ്തിരുന്നതിന്‍റെ ചുവടുപിടിച്ചാണ് (പുറ 32:13; നിയ 9:27; സങ്കീ 89:3) ക്രൈസ്തവ നേതാക്കളും ഈ അഭിധാനം സ്വീകരിച്ചത് എന്ന് അനുമാനിക്കാം. സ്വയം ദാസനെപ്പോലെ നേതൃശുശ്രൂഷ നിര്‍വ്വഹിച്ച ക്രിസ്തുവിനെ അനുകരിക്കുക എന്നതും ഈ പദത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍പെടുന്നുണ്ട്.

അപ്പസ്തോലന്‍ എന്ന പദവും നേതൃനിയോഗത്തെ സൂചിപ്പിക്കുന്നതാണ്. യേശുവിന്‍റെ പന്ത്രണ്ട് ശിഷ്യരെ വിളിക്കാന്‍ ആദിമസഭ ആദരവോടെ ഉപയോഗിച്ചിരുന്ന ഈ പദത്തിന് ശിമയോന്‍ പത്രോസ് തികച്ചും അര്‍ഹനായിരുന്നു. കാരണം അപ്പസ്തോല ഗണത്തിന്‍റെ നേതാവും വക്താവും ശിമയോനായിരുന്നു (മത്താ 16:18-19; മര്‍ക്കോ 3:13-16). താന്‍ ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടവനാണ് എന്ന തിരിച്ചറിവ് പ്രേഷിതന്‍റെ അനിവാര്യമായ തിരിച്ചറിവാണ്. ദാസന്‍ അപ്പസ്തോലന്‍ എന്നീ ദ്വന്ദ്വാഭിധാനങ്ങള്‍ പൗലോസ് ശ്ലീഹാ റോമാ 1:1 ല്‍ ഉപയോഗിക്കുന്നുണ്ട്.

ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കളെക്കുറിച്ചാണ് രണ്ടാമതായി പ്രതിപാദിക്കുന്നത്. യേശുക്രിസ്തുവിലുള്ള നീതീകരണംവഴി വിശ്വാസികളായിത്തീര്‍ന്നവരെ ലക്ഷ്യമാക്കിയാണ് ഈ ലേഖനം എഴുതപ്പെടുന്നത്. ഈ വാക്യത്തിന്‍റെ മൂലരൂപത്തെ രണ്ടുവിധത്തില്‍ വിവര്‍ത്തനം ചെയ്യാനാകും.

"നമ്മുടെ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും നീതിവഴി നിങ്ങള്‍ സ്വീകരിച്ച വിശ്വാസം..."

"നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ നീതിവഴി നിങ്ങള്‍ സ്വീകരിച്ച വിശ്വാസം..."

പി.ഒ.സി ബൈബിള്‍ ആദ്യവിവര്‍ത്തനമാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും രണ്ടാമത്തെ വിവര്‍ത്തനമാണ് മൂലഗ്രന്ഥത്തോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നത്. യേശുവിനെ ദൈവമായി അഭിസംബോധന ചെയ്യുന്ന അപൂര്‍വ്വം പുതിയനിയമഭാഗങ്ങളിലൊന്നായി (യോഹ 1:1-3; 20:28) ഈ വചനഭാഗത്തെ മനസ്സിലാക്കാം. വിശ്വാസത്തെ യേശുവിലുള്ള നീ തീകരണംവഴി ലഭിക്കുന്ന ദാനമായി വ്യാഖ്യാ നിക്കുന്ന പൗലോസിന്‍റെ ലേഖനങ്ങളിലെ ശൈലിയാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. വിശ്വാസം സ്വീകരിച്ചവര്‍ നീതീകരിക്കപ്പട്ട അവസ്ഥയില്‍തന്നെ നിലനില്‍ക്കണമെന്ന വിവക്ഷയും ഈ വാക്യങ്ങളിലുണ്ട്.

1:2 ലെ ആശംസാവാക്യം യേശുവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ പരിജ്ഞാനത്തെക്കുറിച്ച് (എപ്പിഗ്നോസിസ്) സൂചന നല്‍കുന്നുണ്ട് (1:2-3,8; 2:20). ഈ ജ്ഞാനം കേവലം ബൗദ്ധികമല്ല മാനസാന്തരപ്പെട്ട് യേശുവില്‍ വിശ്വസിക്കുന്നതിലൂടെ സംജാതമാകുന്നതാണ്. ഈശോയെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനമാണ് ഒരുവന്‍റെ ജീവിതത്തെ കൃപയിലും സമാധാനത്തിലും നിലനിര്‍ത്തുന്നത് എന്നു ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നുണ്ട്.

വിചിന്തനങ്ങള്‍

  1. ക്രിസ്തുവിലുള്ള വിശ്വാസം ഒരുവനു ലഭിക്കുന്നത് അവിടുന്ന് കുരിശിലെ ബലിയിലൂടെ നേടിത്തന്ന നീതീകരണം വഴിയായിട്ടാണ്. ഈ വിശ്വാസം സ്വീകരിക്കുന്നവന്‍റെ ജീവിതം ദൈവതിരുമുമ്പില്‍ സദാ നീതീകരിക്കപ്പെടുന്ന അവസ്ഥയിലായിരിക്കണം. വിശ്വാസം വൈയക്തികമായ നീതീകരണങ്ങള്‍ക്കുള്ള പ്രതിഫലമല്ല. എന്നാല്‍ വിശ്വാസിയുടെ ജീവിതം മുഴുവന്‍ വൈയക്തികവും സാമൂഹികവുമായ നീതീകരണത്തിന്‍റെ പാതയിലായിരിക്കും.
  2. കൃപയും സമാധാനവും ഈശോയെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനത്തിലൂടെയാണു ലഭിക്കുന്നത്. ഈശോയെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനത്തിന്‍റെ അഭാവമാണ് കൃപയും സമാധാനവും ആധുനിക ലോകത്തിന് അന്യമാകാന്‍ ഇടവരുത്തുന്നത്.

2 Peter 1: 1-2 Introduction and Greetings Dr. Theres Nadupadavil articles of saint peter in malayalam catholic malayalam peter bible Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message