x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 5:12-14, സമാപനാശംസകള്‍

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 5:12-14, സമാപനാശംസകള്‍

ഈ ലേഖനത്തിന്‍റെ "എഴുത്തുകാരന്‍"  സില്‍വാനോസാണെന്ന് ആമുഖത്തില്‍ സൂചിപ്പിച്ച സത്യം തന്നെയാണ് സമാപനത്തിലും ആവര്‍ത്തിക്കുന്നത് (വാ. 12). "സില്‍വാനോസുവഴി" എന്നതില്‍ നിന്ന് ഈ ലേഖനത്തിന്‍റെ വാഹകനായി സില്‍വാനോസിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വ്യാഖ്യാതാക്കളുണ്ട്. എന്നാല്‍, "സില്‍വാനോസുവഴി താന്‍ എഴുതി നല്‍കുന്ന ലേഖനം" എന്ന അര്‍ത്ഥത്തില്‍ ഈ പ്രയോഗത്തെ വ്യാഖ്യാനിക്കാവുന്നതാണ്.

5:12യ യില്‍ ലേഖനത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് വ്യക്തമാക്കുന്നത്. പീഡനങ്ങളുടെയും മതമര്‍ദ്ദനങ്ങളുടെയും പശ്ചാത്തലത്തില്‍ മനസ്സു പതറുന്ന വിശ്വാസികളെ നഷ്ട ധൈര്യരാകാതെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുക എന്നതായിരുന്നു ലേഖനകര്‍ത്താവിന്‍റെ ലക്ഷ്യം. സഹിക്കുന്ന സകല വിശ്വാസികളും ക്രിസ്തുവിനോടൊത്താണ് സഹിക്കുന്നത് എന്നതിനാല്‍ അവിടുത്തെ മഹത്വത്തിന് അര്‍ഹരാകും എന്ന സന്ദേശമാണ് ആത്യന്തികമായി ലേഖനകര്‍ത്താവിനു നല്‍കാനുള്ളത്.

"ബാബിലോണിലെ സഭ" എന്നത് (വാ. 13) റോമിലെ സഭയെക്കുറിച്ചുള്ള സൂചനയാണ്. റോമിനെ സൂചിപ്പിക്കാന്‍ ആദിമ ക്രൈസ്തവരും യഹൂദരും ഉപയോഗിച്ചിരുന്ന രഹസ്യസംജ്ഞയാണ് ബാബിലോണ്‍ എന്നത് (വെളി 14:8; 16:19; 17:5,18; 2 ബാറൂക്ക് 11:1-2; 4 എസ്രാ 3:1-2). ക്രൈസ്തവരെ സൂചിപ്പിക്കാന്‍ ബാബിലോണ്‍ എന്ന പദം തിരഞ്ഞെടുത്തതിനു പിന്നില്‍ പ്രത്യേകമായ അര്‍ത്ഥമുണ്ട്. ബാബിലോണ്‍ യൂദയായുടെ പ്രവാസഭൂമിയായിരുന്നു. മതമര്‍ദ്ദനമനുഭവിക്കുന്ന ക്രൈസ്തവര്‍ പ്രവാസകാലത്തിനു സമാനമായ പീഡനങ്ങളിലൂടെയാണു കടന്നുപോകുന്നത് എന്ന സന്ദേശമാണ് ഇവിടെ നല്‍കുന്നത്. ബാബിലോണ്‍ പ്രവാസം അരനൂറ്റാണ്ടിനുള്ളില്‍ അവസാനിച്ചതുപോലെ തങ്ങളുടെ പീഡനങ്ങളും അവസാനിക്കും എന്ന പ്രത്യാശ ഈ പദപ്രയോഗത്തിനു പിന്നിലുണ്ട്.

5:13 ല്‍ പരാമര്‍ശിക്കുന്ന മര്‍ക്കോസ് സുവിശേഷകനായ മര്‍ക്കോസ് തന്നെയായിരിക്കാനാണു സാധ്യത. പൗലോസിന്‍റെ സഹപ്രവര്‍ത്തകനായ മര്‍ക്കോസ് പിന്നീട് പത്രോസിന്‍റെ സഹപ്രവര്‍ത്തകനും എഴുത്തുകാരനുമായി മാറിയതായി സഭാപിതാവായ യൗസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് (HM 2.15.1). സില്‍വാനോസിനോടൊത്ത് ഈ ലേഖനത്തിന്‍റെ എഴുത്തു പണിയില്‍ സഹകരിച്ചതിനാലാകാം മര്‍ക്കോസിന്‍റെ പേര് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. അഥവാ ലേഖനത്തിന്‍റെ ആധികാരികതയ്ക്കുവേണ്ടി എഴുത്തുകാരന്‍ അദ്ദേഹത്തിന്‍റെ പേരുകൂടി ഉള്‍പ്പെടുത്തിയതാകാം.

സമാധാനം സകലര്‍ക്കും ആശംസിച്ചുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്. സഹനത്തെ ദൈവഹിതാനുസൃതം നേരിടുന്നതിലൂടെ സമൂഹത്തിലും ഹൃദയത്തിലും സംജാതമാകുന്ന സമാധാനത്തെയാണ് ലേഖനകര്‍ത്താവ് ഇവിടെ വിവക്ഷിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഈശോ കുരിശില്‍ സഹനത്തെ നേരിട്ട് ലോകത്തിനു നേടിത്തന്ന സമാധാനം ഈശോയെ അനുകരിച്ച് സ്വന്തമാക്കാനാണ് ലേഖനകര്‍ത്താവ് ഉപദേശിക്കുന്നത്.

 

ഡോ. ജോസഫ് പാംപ്ലാനി 

1 Peter 5: 12-14 Greetings Mar. Joseph Pamplani articles of saint peter peter bible catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message