We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplani On 03-Feb-2021
1 പത്രോസ് 5:1-11, ദൈവഭവനത്തിന്‍റെ കരുതല്‍
ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു എന്ന ശൈലി ലേഖനങ്ങളില്‍ പുതിയൊരു ഭാഗത്തിന്‍റെ തുടക്കം കുറിക്കുന്നതാണ് (റോമാ 15:30; 1 കോറി 16:15; ഹെബ്രാ 13:22). സഭയെക്കുറിച്ചാണ് (ദൈവഭവനം) ലേഖനകര്‍ത്താവ് ഈ ഉപദേശം നല്‍കുന്നത്.
5:1-5, "ശ്രേഷ്ഠന്മാര്‍" എന്നത് സഭയുടെ നേതൃനിരയെയായിരിക്കാം വിവക്ഷിക്കുന്നത്. "പ്രായമായ ക്രൈസ്തവര്‍" എന്നും ഇതിനര്‍ത്ഥമുണ്ടാകാം. ക്രിസ്തുവിനെ സകലത്തിലും മാതൃകാ പുരുഷനായി ചിത്രീകരിക്കുന്ന ഒരു ശൈലിയാണ് ഈ ലേഖനത്തിലുടനീളം ഗ്രന്ഥകര്‍ത്താവ് അനുധാവനം ചെയ്യുന്നത്. സഭാനേതാക്കളെ ക്രിസ്തുവിന്‍റെ സഹനേതാക്കളും ക്രിസ്തുവിന്‍റെ സഹനത്തില്‍ സഹകാരികളുമായിട്ടാണ് ലേഖനകര്‍ത്താവ് അവതരിപ്പിക്കുന്നത്. ഈ നേതാക്കന്മാര്‍ ക്രിസ്തുവിന്‍റെ സാക്ഷികളാകാന്‍ തയ്യാറുള്ളവരാണ്. ക്രിസ്തുവിന്‍റെ സാക്ഷിയാകുക എന്നതിന് "രക്തസാക്ഷിയാകുക" എന്ന അര്‍ത്ഥമാണ് ലേഖനമെഴുതുന്ന കാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഏഷ്യാമൈനറില്‍ വിശ്വാസത്തിനുവേണ്ടി രക്ഷസാക്ഷിത്വം വരിച്ചവരെക്കുറിച്ചുള്ള ചിന്തയോടെയാകാം ഗ്രന്ഥകാരന്‍ ഈ വചനം എഴുതുന്നത്.
സഭാനേതാക്കന്മാര്‍ക്കായി നല്‍കപ്പെടുന്ന ഈ ഉപദേശങ്ങള്‍ പുതിയനിയമത്തിലെ ഇതരഗ്രന്ഥങ്ങളിലെ വിവരണങ്ങളുമായി സാമ്യമുള്ളവയാണ് (അപ്പ 20:33-34; 1 തിമോ 3:1-7; തീത്തോ 1:5-9). "ആടുകളെ പരിപാലിക്കുന്നവന്" എന്നതിന് ആദിമസഭയില്‍ പത്രോസ് എന്നും (യോഹ 21:16) അര്‍ത്ഥവ്യത്യാസമുണ്ടെങ്കിലും ഇവിടെ വിവക്ഷിക്കുന്നത് ക്രിസ്തുവിനെത്തന്നെയാണെന്ന് സാഹചര്യങ്ങളില്‍ വ്യക്തമാണ്. അപ്പസ്തോലന്മാരുടെ മുന്‍ഗണനാപ്പട്ടികയെക്കുറിച്ചുള്ള സൂചനയായും ഈ വചനഭാഗത്തെ മനസ്സിലാക്കാം. ആദ്യം ക്രിസ്തു, തുടര്‍ന്നു പത്രോസ് തുടര്‍ന്ന് ഇതര അജപാലകര്‍ തുടങ്ങിയ ഒരു ക്രമമാണ് ശ്ലീഹാ ഇവിടെ വിവക്ഷിക്കുന്നത്.
ശ്രേഷ്ഠന്മാര്‍ക്കുള്ള ആദ്യനിര്‍ദ്ദേശം അവര്‍ ഭരമേറ്റിരിക്കുന്ന ആടുകള്‍ ദൈവത്തിന്‍റേതാണ് എന്ന സത്യമാണ്. തന്മൂലം അവര്‍ ആടുകളുടെ പരിപാലകര്‍ മാത്രമാണ് ഉടമകളല്ല. രണ്ടാമതായി, അവര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഭാരമായി കരുതാതെ സന്തോഷത്തോടെ ചെയ്യണം. മൂന്നാമതായി, ആധിപത്യമനോഭാവംവെടിഞ്ഞ് കൂട്ടായ്മയില്‍ ശുശ്രൂഷചെയ്യാന്‍ അജപാലകര്‍ക്കു കഴിയണം. ഈ ഉപദേശത്തിന് സുവിശേഷത്തില്‍ സമാനതകളുണ്ട് (മത്താ 20:25; ലൂക്കാ 10:42). ഈ കാര്യങ്ങളിലെല്ലാം "വിശ്വാസികള്‍ക്ക് മാതൃക ക്രിസ്തുവായിരുന്നു.
5:5, യുവാക്കള്‍ക്കുള്ള ഉപദേശമായിട്ടാണ് ഈ വാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ലേഖനത്തിന്‍റെ ആഖ്യാനപശ്ചാത്തലത്തില്‍ ഇവിടെ വിവക്ഷിക്കപ്പെടുന്നത് യുവാക്കളായ സഭാനേതാക്കളാണെന്നു വ്യക്തമാണ്. പ്രായവും അനുഭവപരിജ്ഞാനവുമുള്ള നേതാക്കള്‍ക്കു വിധേയരായി യുവാക്കളായ സഭാശുശ്രൂഷകര്‍ പ്രവര്‍ത്തിക്കണം എന്നാണ് ലേഖനകര്‍ത്താവ് ഉപദേശിക്കുന്നത്. എന്നാല്‍ പരസ്പരസ്നേഹവും എളിമയും യുവാക്കള്‍ക്കു മാത്രമല്ല സകല ശുശ്രൂഷകര്‍ക്കും അനിവാര്യമാണെന്നു പഠിപ്പിക്കാനും ഗ്രന്ഥകാരന്‍ ശ്രദ്ധിക്കുന്നുണ്ട് (വാ. 5യ). 3:8 ല്‍ എന്നതുപോലെ, വിനയത്തിന്‍റെ ആവശ്യകത സകലക്രൈസ്തവര്‍ക്കും ബാധകമാണെന്ന നിലപാടാണ് ലേഖനകര്‍ത്താവ് സ്വീകരിക്കുന്നത്. അഹങ്കാരികള്‍ക്കെതിരായ നിലപാടായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് സുഭാ 3:34 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. 1 പത്രോ 4:17 ല്‍ വിധിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനു സമാനമായാണ് ഈ വാക്യവും അവതരിപ്പിച്ചിരിക്കുന്നത്. 4:17 നെ 5:5 നോടു താരതമ്യം ചെയ്യുമ്പോള്‍ വിനയമുള്ളവര്‍ എന്നത് കര്‍ത്താവിന്‍റെ ഭവനത്തിലെ (സഭയിലെ) അംഗങ്ങളെ സൂചിപ്പിക്കുന്നതായും അഹങ്കാരികള്‍ എന്നത് സഭയ്ക്കുവെളിയിലുള്ളവരെ സൂചിപ്പിക്കുന്നതായും മനസ്സിലാക്കാം. ചുരുക്കത്തില്‍ സഭയിലെ അംഗങ്ങള്‍ക്ക് (വിശ്വാസികള്‍ക്ക്) വിനയം അനിവാര്യമാണെന്ന് അപ്പസ്തോലന്‍ സമര്‍ത്ഥിക്കുകയാണിവിടെ.
5:6, യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഉപദേശങ്ങളെ ഉപസംഹരിച്ചുകൊണ്ട് സഹനങ്ങളില്‍ ദൈവാശ്രയബോധം നഷ്ടപ്പെടുത്താതെ നിലകൊള്ളാനുള്ള ആഹ്വാനം നല്‍കുന്ന വാക്യമാണിത്. എളിമയെക്കുറിച്ച് 5:5 ല്‍ നല്‍കിയ പ്രബോധനത്തിന്‍റെ തുടര്‍ച്ചയായി ഈ വാക്യത്തെ മനസ്സിലാക്കാം. ഒരുവന്‍ യഥാര്‍ത്ഥത്തില്‍ എളിമപ്പെടേണ്ടത് ദൈവതിരുമുമ്പിലാണ്. ദൈവതിരുമുമ്പില്‍ എളിമപ്പെടാനുള്ള അവസരമായാണ് ലേഖനകര്‍ത്താവ് സഹനത്തെ മനസ്സിലാക്കുന്നത്. അപ്രകാരം എളിമയോടെ സഹിക്കുന്നവരെ ദൈവം അതിശയകരമായി ഉയര്‍ത്തും (മഹത്വപ്പെടുത്തും) എന്ന ആശ്വാസമാണ് ഗ്രന്ഥകര്‍ത്താവ് പ്രകടമാക്കുന്നത്.
5:7-8, തങ്ങളെ സഹനത്തിലൂടെ എളിമപ്പെടുത്തുന്ന ദൈവം തങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ് എന്ന ഉറച്ചബോധ്യം സ്വന്തമാക്കാന്‍ ലേഖനകര്‍ത്താവ് ഈ വാക്യങ്ങളിലൂടെ തന്‍റെ അനുവാചകരെ ആഹ്വാനം ചെയ്യുകയാണ്. സകല ആകുലതകളും കര്‍ത്താവിനെ ഭരമേല്പിച്ച് സമചിത്തതയോടെ ഉണര്‍ന്നിരിക്കാനാണ് ആഹ്വാനം (1:13; 4:7).
5:8 ല്‍ "അലറുന്ന സിംഹത്തെപ്പോലെ" മനുഷ്യനെതേടിയെത്തുന്ന സാത്താനെക്കുറിച്ചുള്ള മുന്നറിപ്പാണുള്ളത്. 7 -ാം വാക്യത്തിലെ ജാഗ്രതാമുന്നറിയിപ്പിന്‍റെ കാരണം സാത്താന്‍റെ ഈ ആഗമനമാണ്. യാതൊരുവിധ ജാഗ്രതയുമില്ലാതെ വ്യാപരിച്ചിരുന്ന തങ്ങളുടെ പൂര്‍വ്വകാലത്തിന്‍റെ മനോഭാവത്തിന് (4:3-4) വിരുദ്ധമായ മനോഭാവം ആര്‍ജ്ജിക്കാനുള്ള ആഹ്വാനമാണ് ഈ വാക്യങ്ങളിലുള്ളത്. ഇപ്രകാരമുള്ള ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ യുഗാന്ത്യ പ്രബോധനങ്ങളുടെ ഭാഗമായി പുതിയനിയമത്തില്‍ അന്യത്രദൃശ്യമാണ് (മര്‍ക്കോ 13:34; 1 തെസ്സ 5:6).
സിംഹം എന്ന പ്രതീകത്തെ സഹനകാരണമായി അവതരിപ്പിക്കുന്ന ശൈലി സങ്കീ 22:13 ല്‍ ദൃശ്യമാണ്. സിംഹം മനുഷ്യനെ ശത്രുവായി കരുതുന്നു എന്നതാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഇവിടെ സാത്താന്‍ നേരിട്ടുനടത്തുന്ന ആക്രമണങ്ങളെയല്ല; മതമര്‍ദ്ദകരും സഭാദ്വേഷികളുമായ വ്യക്തികളിലൂടെ പ്രവര്‍ത്തനനിരതമാകുന്ന തിന്മയുടെ ദുരന്തങ്ങളെയാണ് ലേഖനകര്‍ത്താവ് ലക്ഷ്യമാക്കുന്നത്.
5:9-11, 5:7 ലെ ജാഗ്രതാനിര്‍ദ്ദേശത്തിനു കാരണമായ മറ്റൊരു വസ്തുതയാണ് 5:9 ലെ പ്രമേയം. ലോകമാസകലമുള്ള വിശ്വാസികള്‍ ക്രിസ്തുവിനെപ്രതി സഹിക്കുന്നു എന്നതിനാല്‍ തങ്ങളുടെ സഹനത്തെ സഭയുടെ മുഴുവന്‍ സഹനത്തിന്‍റെ ഭാഗമായി മനസ്സിലാക്കാനാണ് ലേഖനകര്‍ത്താവ് ആവശ്യപ്പെടുന്നത്. സഭയൊന്നാകെ സഹിക്കുന്നതിന്‍റെ ഭാഗമാണ് തങ്ങളുടെ സഹനം എന്ന തിരിച്ചറിവിലൂടെ സഹനത്തെ കൂട്ടായ്മയുടെ ശുശ്രൂഷയായി മനസ്സിലാക്കാനാകും.
5:10-11 ല്‍ സഹനത്തില്‍നിന്നുള്ള വിടുതലും ആശ്വാസവുമാണ് പ്രഘോഷിക്കപ്പെടുന്നത്. സമാഗതമാകുന്ന യുഗാന്ത്യത്തില്‍ സകലദുഃഖങ്ങളും പീഡനങ്ങളും ആനന്ദമായി മാറും. ഇതിനുള്ള തെളിവായി ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവുമാണ് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നത്. ദൈവത്തിന്‍റെ ലക്ഷണങ്ങളായി ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളുടെ സമാഹാരമായി ഈ വാക്യങ്ങളെ മനസ്സിലാക്കാം.
- ദൈവം കൃപാദായകനാണ് (1:2,10,13; 2:9,21; 3:9).
- മഹത്വപൂര്‍ണ്ണനായ ദൈവം തന്‍റെ മഹത്വത്തിലേക്കു വിശ്വാസികളെക്ഷണിക്കുന്നു (1:7,11,21; 4:11, 13-14; 5:1,4).
ദൈവം ഇപ്രകാരമുള്ള തന്‍റെ രക്ഷാകര പ്രവൃത്തികളെല്ലാം ചെയ്യുന്നത് തന്‍റെ പുത്രനായ ഈശോമിശിഹായിലൂടെയാണ്. ഈശോ തന്‍റെ സഹനത്തിലൂടെ സാത്താന്‍റെമേല്‍ നേടിയ വിജയത്തിന്‍റെ പൂര്‍ണ്ണത വിശ്വാസികള്‍ക്കു സംലഭ്യമാകുന്ന യുഗാന്ത്യംവരെയുള്ള ഇടവേളയുടെ സവിശേഷതയായി ഇപ്പോള്‍ അനുഭവിക്കേണ്ടിവരുന്ന സഹനങ്ങളെ മനസ്സിലാക്കാനാണ് ഗ്രന്ഥകാരന്‍ ആഹ്വാനംചെയ്യുന്നത്. സാത്താനെയും അവന്‍റെ വക്താക്കളായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മതമര്‍ദ്ദകരെയും ദൈവം അന്തിമമായി പരാജയപ്പെടുത്തും എന്നതിനാല്‍ വിശ്വാസികള്‍ നഷ്ട ധൈര്യരാകാതെ നിലകൊള്ളണം.
വിചിന്തനങ്ങള്‍
1 Peter 5: 1-11 Preservation of the house of God Mar. Joseph Pamplani articles of saint peter peter bible catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206