x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 4:12-19, സഹനമെന്ന സമസ്യ

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 4:12-19, സഹനമെന്ന സമസ്യ

പത്രോസിന്‍റെ ഒന്നാം ലേഖനം 4:11 വരെ മാമ്മോദീസാര്‍ത്ഥിക്കുള്ള ഉപദേശമായി മനസ്സിലാക്കാമെങ്കില്‍ 4:12-5:11 നെ വിശ്വാസത്തില്‍ സ്ഥിരതയോടെ നിലകൊള്ളാനുള്ള ഉപദേശങ്ങളായി മനസ്സിലാക്കാവുന്നതാണ്. ഇതിലെ ആദ്യഭാഗം (4:12-19) സഹനങ്ങളില്‍ സ്ഥിരതയോടെ നില്‍ക്കാനുള്ള ആഹ്വാനമാണ്.

4:12-16, ക്രിസ്തീയ ജീവിതത്തിലെ വേദനകളെ ക്രിസ്തുവിന്‍റെ സഹനത്തിലുള്ള പങ്കാളിത്തമായി മനസ്സിലാക്കണം എന്നാണ് അപ്പസ്തോലന്‍ ഉപദേശിക്കുന്നത്. സമാഗതമായ വിധിയെക്കുറിച്ച് 4:7 ല്‍ നല്‍കുന്ന സൂചനയുടെ വെളിച്ചത്തിലാണ് ഈ വചനഭാഗം വായിക്കേണ്ടത്. ഏതെങ്കിലും പ്രത്യേകമായ പീഡനസന്ദര്‍ഭമോ തത്തുല്യമായ സാഹചര്യങ്ങളോ സംജാതമായതുകൊണ്ടാണോ ഇപ്രകാരമൊരു ആഖ്യാനമാറ്റം എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ ഏതു സാഹചര്യത്തിലും പ്രതീക്ഷിക്കാവുന്ന മതമര്‍ദ്ദനത്തിന്‍റെ പശ്ചാത്തലം ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കള്‍ക്കു മുന്നിലെ  ഒരു സജീവ യാഥാര്‍ത്ഥ്യമായിരുന്നതിനാല്‍ ഈ ഉപദേശങ്ങളെ മതമര്‍ദ്ദനങ്ങളെ മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളായി മനസ്സിലാക്കുന്നതാണ് കൂടുതല്‍ കരണീയം.

"പ്രിയപ്പെട്ടവരെ" എന്ന സംബോധന 2:11 ലേതിനു സമാനമാണ്. രണ്ടുസന്ദര്‍ഭങ്ങളിലും പുതിയൊരു വിവരണം തുടങ്ങുന്നതിനെയാണ് ഈ സംബോധന ദ്യോതിപ്പിക്കുന്നത്. ലേഖനകര്‍ത്താവിനും ദൈവത്തിനും യേശുക്രിസ്തുവിനും പ്രിയപ്പെട്ടവര്‍ (1:3-4, 9-10) എന്ന അര്‍ത്ഥത്തില്‍ ഈ പദത്തെ മനസ്സിലാക്കാം. പരിഭ്രമിക്കരുത് (= ക്സെനിസ്സേസ്തേ ) എന്ന ഉപദേശം 4:4 ല്‍ വിജാതീയരുടെ മനോഭാവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. കാര്യമറിയാത്ത വിജാതീയര്‍ പരിഭ്രമം പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ സത്യമറിയാവുന്ന ക്രൈസ്തവര്‍ കഷ്ടതകള്‍ക്കു മുന്നില്‍ പരിഭ്രമിക്കേണ്ടതില്ല.

സഹനത്തെ വിശ്വാസത്തിന്‍റെ പരീക്ഷണമായി കരുതുന്ന സമീപനം 1:6-7 ല്‍ ലേഖനകര്‍ത്താവ് ഇതിനോടകം അനുവര്‍ത്തിച്ചതാണ്. സഹനങ്ങളെ സ്ഫുടം ചെയ്യുന്ന അഗ്നിയോടാണ് അപ്പസ്തോലന്‍ ഉപമിക്കുന്നത് (1:7 = 4:12). ക്രിസ്തുവിന്‍റെ സഹനത്തെ വിശ്വാസികളുടെ സഹനത്തിന്‍റെ മാതൃകയും രക്ഷയുടെ ഉറവിടവുമായാണ് ലേഖന കര്‍ത്താവ് അവതരിപ്പിക്കുന്നത് (2:21-25; 3:8). ക്രിസ്തുവിന്‍റെ സഹനങ്ങളിലുള്ള കൂട്ടായ്മ (= കൊയ്നോണിയ) എന്ന പദമാണ് ഇവിടെ ഉപയോഗിക്കുന്നത്. കര്‍ത്താവിന്‍റെ അത്താഴത്തിലെ പങ്കാളിത്തം എന്ന് പൗലോസ് നടത്തുന്ന പരാമര്‍ശത്തിനു സമാനമാണ് ഈ പദപ്രയോഗം (1 കോറി 10:16).

രക്ഷയുടെ വര്‍ത്തമാനകാലവും ഭാവിമാനവും തമ്മിലുള്ള വൈരുധ്യാത്മകത (already....but not yet) ലേഖനകര്‍ത്താവ് ആവര്‍ത്തിച്ചു സൂചിപ്പിക്കുന്നുണ്ട്. സഹനത്തിലൂടെ ക്രിസ്തുവിന്‍റെ മഹത്വത്തില്‍ പങ്കാളിത്തം കിട്ടിയ ക്രൈസ്തവര്‍ക്ക്   യുഗാന്ത്യത്തില്‍ അവന്‍റെ മഹത്വം വെളിപ്പെടുത്തുമ്പോള്‍ സമ്പൂര്‍ണ്ണമായ ആനന്ദം സംജാതമാകും. ക്രിസ്തുവിന്‍റെ സഹനം ഉത്ഥാനത്തിലൂടെ മഹത്വീകരിക്കപ്പെടുന്നതുപോലെ ക്രിസ്തീയ സഹനങ്ങള്‍ യുഗാന്ത്യത്തിലാണ് പൂര്‍ണ്ണ മഹത്വത്തിലെത്തുന്നത്.

ക്രിസ്തുവിന്‍റെ മഹത്വത്തില്‍ പങ്കുചേര്‍ന്നുള്ള ജീവിതത്തെ ആത്മാവിന്‍റെ ശക്തിയാലുള്ള വിശ്വാസമായാണ് അപ്പസ്തോലന്‍ അവതരിപ്പിക്കുന്നത് (വാ. 14-16). പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈ ലേഖനത്തിലുടനീളമുള്ള പരാമര്‍ശങ്ങള്‍ക്ക് (3:18; 4:6) പൗലോസ് ശ്ലീഹാ, സഭയില്‍ ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങളോടു സാമ്യമുണ്ട് (2 കോറി 3:18; 4:17; കൊളോ 3:4). അന്തിമ മഹത്വം കാത്തിരിക്കുന്ന വിശ്വാസികളുടെയുള്ളില്‍ മഹത്വത്തിന്‍റെ ആത്മാവായ പിരിശുദ്ധാരൂപി വസിക്കുന്നുണ്ട് (4:13-14) യേശുവിന്‍റെ നാമത്തെപ്രതി പീഡിതരാകുന്നവര്‍ അനുഗ്രഹിക്കപ്പെടുന്നതിന്‍റെ കാരണം അവരുടെയുള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവാണ്. 3:14 ല്‍ എന്നതുപോലെ ഇവിടെയും "അനുഗൃഹീതര്" (= മക്കാരിയോയി) എന്ന വിശേഷണം യുഗാന്ത്യമാനമുള്‍ക്കൊള്ളുന്നതാണ്. ഈലോക പീഡനങ്ങള്‍ക്കുള്ള യഥാര്‍ത്ഥ അനുഗ്രഹം യുഗാന്ത്യത്തിലാണു ലഭിക്കുന്നത് എന്ന് അപ്പസ്തോലന്‍ വ്യക്തമാക്കുകയാണിവിടെ. യേശുവിന്‍റെ നാമത്തില്‍ സഹിക്കുക എന്ന ആശയം ഗിരിപ്രഭാഷണത്തില്‍ യേശു നടത്തുന്ന പരാമര്‍ശങ്ങളുമായി ഏറെ സാമ്യമുള്ളതാണ് (മത്താ 5:11-12). അടിമകള്‍ക്കും (2:20) ക്രൈസ്തവ സമൂഹത്തിനു മുഴുവനായും നല്‍കിയ ഉപദേശത്തിന്‍റെ ചുവടുപിടിച്ച് തിന്മയെ നന്മകൊണ്ടു നേരിടാനുള്ള ഉപദേശത്തിനാണ് ഇവിടെ പ്രാമുഖ്യം.

4:16 ല്‍ ഉപയോഗിക്കുന്ന ക്രിസ്ത്യാനി എന്ന പേര് ആദിമസഭയിലെ വിശ്വാസികള്‍ തങ്ങളെത്തന്നെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നില്ല. അപ്പ 11:26 ലും 26:28 ലും ഈ പദം ഉപയോഗിക്കുന്നുണ്ടെങ്കിലും അവ വിജാതീയര്‍ ക്രൈസ്തവ വിശ്വാസികളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളാണ്. വിജാതീയരില്‍ നിന്നുള്ള പീഡനങ്ങളെക്കുറിച്ചു പറയുന്നതിനിടയില്‍ ലേഖനകര്‍ത്താവ് "ക്രിസ്ത്യാനി" എന്ന പദം ഉപയോഗിക്കുന്നതും വിജാതീയ വീക്ഷണത്തെ സൂചിപ്പിക്കാനായിരിക്കാം. ഈ പദം ക്രൈസ്തവര്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്‍റെ ഒടുവിലായതിനാല്‍ ഈ ലേഖനത്തിന്‍റെ രചനാകാലത്തെ പ്രസ്തുത കാലഘട്ടത്തോടനുബന്ധിച്ച് നിരൂപിക്കുന്നവരുണ്ട്.

വിജാതീയരായ അയല്‍ക്കാരില്‍നിന്ന് നേരിടേണ്ടിവരുന്ന അപമാനങ്ങളെയും പരിഹാസങ്ങളെയുംകുറിച്ചു മാത്രമല്ല ഭരണനേതാക്കളുടെ വിവേചനങ്ങളും പീഡനങ്ങളും അപ്പസ്തോലന്‍ ഇവിടെ വിവക്ഷിക്കുന്നുണ്ട്. ഏഷ്യാമൈനറിലെ ഗവര്‍ണറായിരുന്ന പ്ലീനി ക്രൈസ്തവരെക്കുറിച്ച് ട്രാജന്‍ ചക്രവര്‍ത്തിക്ക് എഴുതിയ കത്തില്‍ (Pliny Letters, X. 96) ക്രൈസ്തവര്‍ക്കെതിരായി വര്‍ദ്ധിച്ചു വരുന്ന ജനരോഷത്തെക്കുറിച്ചും ജനപ്രീതിനേടാന്‍ ഭരണാധികാരികള്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും സൂചനകളുണ്ട്.

4:17-19, യുഗാന്ത്യത്തിലെ ശിക്ഷാവിധിയുടെ കാഠിന്യമാണ് 4:17-19 ലെ പ്രമേയം. യുഗാന്ത്യസമയത്തെ സൂചിപ്പിക്കുന്ന "കായ്റോസ്" എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സമയത്തെ സൂചിപ്പിക്കുന്ന "ക്രോണോസ്" എന്ന പദമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട സമയത്തെയാണ് (= കായ്റോസ് ) ഗ്രന്ഥകാരന്‍ ഇവിടെ വിവക്ഷിക്കുന്നത് എന്ന് അനുമാനിക്കാം (മര്‍ക്കോ 1:15). ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനങ്ങള്‍ യുഗാന്ത്യവിധിയുടെ ഭാഗമായി കരുതാനാണ് ലേഖനകര്‍ത്താവ് മുന്നറിയിപ്പ് നല്‍കുന്നത്.

ദൈവത്തിന്‍റെ വിധി ആരംഭിക്കുന്നത് "ദൈവഭവന" ത്തിലാണ് എന്ന മുന്നറിയിപ്പും ശ്രദ്ധേയമാണ്. സഭയെ സൂചിപ്പിക്കാനാണ് "ദൈവഭവനം"എന്ന പദം സാധാരണഗതിയില്‍ ഉപയോഗിച്ചിരിക്കുന്നത് (2:5). ക്രിസ്തുവാകുന്ന മൂലക്കല്ലിന്‍മേല്‍ പണിയപ്പെട്ട സഭ ദൈവത്തിന്‍റെ "രാജകീയ"പുരോഹിതരും വിശുദ്ധ ജനപദവുമാണ്. ലോകത്തിലെ ഇതര ജനവിഭാഗങ്ങളില്‍നിന്നും സഭയെ വേര്‍തിരിക്കുന്നതിനാണ് 2:5 ല്‍ "ദൈവഭവനം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. സമാനമായ അര്‍ത്ഥത്തിലാണ് 4:17-19 ലും ഈ സംജ്ഞ ഉപയോഗിച്ചിരിക്കുന്നത് എന്ന അനുമാനിക്കാം. 4:18 ലെ പഴയനിയമ ഉദ്ധരണി (സുഭാ 11:31) ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. സഭയിലുള്ളവരും (വിശ്വാസികളും) സഭയ്ക്കു വെളിയിലുള്ളവരും (ദുഷ്ടന്മാരും) തമ്മിലുള്ള വൈരുദ്ധ്യം അവതരിപ്പിക്കുന്നതിന്‍റെ ലക്ഷ്യമിതാണ്. സഭയ്ക്കു പുറമെയുള്ളവര്‍ (മതമര്‍ദ്ദകര്‍) യുഗാന്ത്യത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഠിന ശിക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ മൂലം തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ തുലോം നിസ്സാരമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുകയാണ്.

4:19 ന്‍റെ പ്രാരംഭത്തിലെ "ആകയാല്" എന്ന സംയോജന പ്രയോഗത്തിലൂടെ 4:12 മുതലുള്ള വിവരണത്തിന്‍റെ ഉപസംഹാരമാണ് ഈ വാക്യം എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന മതമര്‍ദ്ദനങ്ങളും സമീപഭാവിയില്‍ സംഭവിക്കാനുള്ള വിധിയെയും പരിഗണിച്ച് ക്രൈസ്തവര്‍ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ലേഖനകര്‍ത്താവ് നിര്‍ദ്ദേശിക്കുന്നുണ്ട്: ഒന്നാമതായി, സകലതിനെയും നീതിയോടും കാരുണ്യത്തോടുംകൂടി പരിപാലിക്കുന്ന സര്‍വ്വശക്തനില്‍ അടിയുറച്ചു വിശ്വസിക്കണം. ദൈവത്തെ ڇവിശ്വസ്തനായ സ്രഷ്ടാവ്ڈ എന്നാണ് വിശേഷിപ്പിക്കുന്നത് (വാ. 19). രണ്ടാമതായി, ദൈവത്തിന്‍റെ നീതിയിലും കാരുണ്യത്തിലും വിശ്വസിക്കുന്നവര്‍ നന്മചെയ്യുന്നതില്‍ വീഴ്ച വരുത്താതെ ജീവിക്കണം. 2:14-15,20; 3:6,17 എന്നീ വാക്യങ്ങളില്‍ സമാനമായ ആശയം കാണാം. സഹിക്കുന്നത് ദൈവഹിതമാണ് എന്ന വീക്ഷണം ഗ്രന്ഥകര്‍ത്താവിനില്ല; എന്നാല്‍, സഹനത്തെ നേരിടേണ്ടത് ദൈവഹിതാനുസൃതമായിരിക്കണം എന്നാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്.

വിചിന്തനങ്ങള്‍

  1. സകല സഹനങ്ങള്‍ക്കുമുള്ള ഉത്തരം യുഗാന്ത്യവുമായി ബന്ധപ്പെടുത്താതെ പറയാനാകില്ല എന്ന ലേഖനകര്‍ത്താവിന്‍റെ നിലപാട് ശ്രദ്ധേയമാണ്. സഹനങ്ങള്‍ക്ക് ഈ ലോകത്തിന്‍റെ പരിമിതിക്കുള്ളില്‍നിന്നു കണ്ടെത്തുന്ന ഉത്തരങ്ങളെല്ലാം അപൂര്‍ണ്ണങ്ങളായിരിക്കും. സഹനത്തെ പാപത്തിന്‍റെ ശിക്ഷയായും ദൈവത്തിന്‍റെ ശാപമായും പൂര്‍വ്വികരുടെ സ്വാധീനമായുമൊക്കെ വ്യാഖ്യാനിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നതിന്‍റെ കാരണം സഹനത്തിന്‍റെ യുഗാന്ത്യമാനം അവഗണിക്കുന്നതാണ്.                                    
  2. നീതിമാന്‍റെ സഹനം എന്നത് ആത്മീയതയില്‍ എക്കാലത്തെയും ഉത്തരം കിട്ടാത്ത സമസ്യയാണ്. വിശുദ്ധഗ്രന്ഥം ഈ സമസ്യയെ അനാവരണം ചെയ്യാന്‍ പലവുരു പരിശ്രമിക്കുന്നുണ്ട്. ജോബിന്‍റെ പുസ്തകം മുഴുവന്‍ ഈ ഒരു പരിശ്രമത്തിന്‍റെ ഭാഗമാണ്. പത്രോസിന്‍റെ ഒന്നാം ലേഖനവും ഈ സമസ്യയ്ക്കുള്ള ഉത്തരം തേടുന്നുണ്ട്. പ്രധാനമായും മൂന്ന്, ഉത്തരങ്ങളാണ് ലേഖനകര്‍ത്താവ് നല്‍കുന്നത്. ഒന്നാമതായി, സഹിക്കുന്ന മനുഷ്യന്‍ ക്രിസ്തുവിന്‍റെ കുരിശിലെ സഹനത്തോടു ചേര്‍ന്ന് ദൈവഹിതത്തിനു കീഴ്വഴങ്ങി ജീവിക്കുന്ന വ്യക്തിയാണ്. രണ്ടാമതായി, ഈ ഭൂമിയിലെ സഹനം എന്നത് യുഗാന്ത്യത്തിലെ ശിക്ഷാവിധിയില്‍ നിന്നുള്ള വിടുതലാണ്. മൂന്നാമതായി, മനുഷ്യന്‍റെ സഹനവും പീഡനവും ദൈവഹിതമല്ല; എന്നാല്‍ സഹനത്തെ നേരിടുന്നതിലും സഹനത്തിനു കാരണമായവരോടുള്ള പ്രതികരണത്തിലും നാം ദൈവഹിതമനുസരിച്ചു ജീവിക്കണം.

1 Peter 4: 12-19 The problem of endurance Mar. Joseph Pamplani articles of saint peter bible catholic malayalam diocese of mananthavady Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message