x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 4:1-11, രക്ഷയുടെ ജീവിതം

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 4:1-11, രക്ഷയുടെ ജീവിതം

ഏഷ്യാമൈനറിലെ ക്രൈസ്തവരെ വിശ്വാസത്തില്‍ സ്ഥിരതയുള്ളവരാകാന്‍ ഉപദേശിച്ച അപ്പസ്തോലന്‍ (3:8-17) പ്രസ്തുത വിശ്വാസസ്ഥിരതയുടെ ക്രിസ്തുവിജ്ഞാനീയപരമായ കാരണങ്ങളാണ് 4:1-11ല്‍ അവതരിപ്പിക്കുന്നത്. ക്രിസ്തീയ ധാര്‍മ്മികത വിശ്വാസത്താല്‍ പ്രേരിതമായ ധാര്‍മ്മികതയാണെന്ന വസ്തുതയാണ് അപ്പസ്തോലന്‍ വിവക്ഷിക്കുന്നത്.

4:1-2; ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളാണ് ക്രിസ്ത്യാനിയുടെ സഹനങ്ങള്‍ക്കു പിന്നിലെ നിത്യപ്രചോദനം എന്ന സത്യം ലേഖനകര്‍ത്താവ് ഇവിടെ സമര്‍ത്ഥിക്കുന്നു. ക്രിസ്തുവിന്‍റെ സഹനത്തില്‍ പങ്കുചേരുന്നവര്‍ ശരീരത്തിന്‍റെ ദുരാശകളെ അതിജീവിക്കുന്നവരാണ്. അതായത് ശാരീരിക വേദനകളും രോഗങ്ങളും അനുഭവിക്കുന്ന വ്യക്തി ശരീരത്തിന്‍റെ പാപകരമായ മോഹങ്ങളെ അതിജീവിക്കും. ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളെ തന്‍റെ ശരീരത്തിലെ സഹനങ്ങള്‍ മാത്രമായല്ല തന്‍റെ ശരീരത്തിന്‍റെ അഭിലാഷങ്ങള്‍ക്കുമേലുള്ള നിത്യമായ വിജയമായാണ് മനസ്സിലാക്കേണ്ടത്. ശരീരത്തിന്‍റെമേലുള്ള ആത്മാവിന്‍റെ വിജയമായിട്ടാണ് അപ്പസ്തോലന്‍ ക്രിസ്തുവിന്‍റെ മരണത്തെ അവതരിപ്പിക്കുന്നത്.

ആയുധം ധരിക്കാനുള്ള ആഹ്വാനത്തെ (വാ.1) തിന്മയ്ക്കെതിരായ സമരത്തിനായി സജ്ജമാകുക എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. യുദ്ധസന്നാഹത്തിന്‍റെ ഭാഷയില്‍ ഇവിടെ അവതരിപ്പിക്കുന്ന യുദ്ധം അലറുന്ന പിശാചിനെതിരേ നടത്തേണ്ട യഥാര്‍ത്ഥ യുദ്ധത്തിന്‍റെ (5:8) മുന്നൊരുക്കമായാണ് മനസ്സിലാക്കേണ്ടത്. ശരീരത്തിന്‍റെ ദുരാശകളെ പിശാചിന്‍റെ പ്രവര്‍ത്തനവേദിയായി ലേഖനകര്‍ത്താവ് മനസ്സിലാക്കുന്നു എന്ന് അനുമാനിക്കാം. തിന്മയ്ക്കെതിരായി ക്രിസ്തുവിനുണ്ടായിരുന്ന "അതേ മനോഭാവം" സകലവിശ്വാസികള്‍ക്കും ഉണ്ടായിരിക്കണം എന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ഫിലി 2:2ല്‍ "ക്രിസ്തുവിന്‍റെ അതേ സ്നേഹം" എന്ന് പൗലോസ് പറയുന്നതിന് സമാനമാണ് ഈ വാക്യം.

ശാരീരിക സഹനങ്ങളെ തിന്മയ്ക്കെതിരായ ഘോരസംഘര്‍ഷത്തിന്‍റെ അസ്വസ്ഥതകളായി മനസ്സിലാക്കണം എന്നാണ് ലേഖനകര്‍ത്താവ് അര്‍ത്ഥമാക്കുന്നത്. ശരീരത്തിന്‍റെ ദുരാശകള്‍ക്കും അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാത്താനും എതിരായുള്ള യുദ്ധത്തിന്‍റെ കെടുതികളായി ശാരീരിക വേദനകളെ മനസ്സിലാക്കുന്ന ഈ ചിന്താഗതി വി.ഗ്രന്ഥത്തില്‍  ഉള്‍പ്പെടുന്നുണ്ട്. തന്മൂലം വിശ്വാസികള്‍ വിട്ടുപേക്ഷിച്ച വിജാതീയ ജീവിതശൈലികളില്‍നിന്ന് അകലം സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും പരോക്ഷമായി ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. വിജാതീയര്‍ അനുഷ്ഠിച്ച തിന്മകള്‍ക്കായി നിങ്ങള്‍ "വേണ്ടതിലധികം സമയം" ചിലവഴിച്ചു എന്ന കുറ്റപ്പെടുത്തലും ലേഖനകര്‍ത്താവ് നല്‍കുന്നുണ്ട്. വിജാതീയരുടെ മനസ്സിനെ (= ബൗളൂമ ) യേശുവിന്‍റെ മനസ്സിനു വിരുദ്ധമായാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. വിജാതീയ വികാരങ്ങള്‍ക്ക് (= എപ്പിരൂമിയായ് ) അടിപ്പെട്ട ജീവിതത്തെ പാപങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്.

4:3 ല്‍ അവതരിപ്പിക്കുന്ന പാപങ്ങളുടെ പട്ടിക പുതിയനിയമത്തിലെ ഇതര പാപപ്പട്ടികകളുടെ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പാപങ്ങള്‍ ഏഷ്യാമൈനറിലെ വിശ്വാസികളുടെ പ്രത്യേകപാപങ്ങള്‍ എന്ന നിലയിലല്ല, വിശ്വാസജീവിതത്തില്‍ ഒഴിവാക്കേണ്ട തിന്മകളുടെ ഗണമായിട്ടാണ് ഗ്രഹിക്കേണ്ടത്. റോമാ 13:13-14; ഗലാ 5:19-21; 1 കോറി 6:9-11 എന്നിവയാണ് പുതിയനിയമത്തിലെ ശ്രദ്ധേയമായ പാപപ്പട്ടികകള്‍. എല്ലാ പട്ടികകളിലും വിഗ്രഹാരാധനയെയാണ് ഏറ്റവും ഗുരുതരമായ തിന്മയായി അവതരിപ്പിക്കുന്നത്. റോമാ 1:18-27ല്‍ വിഗ്രഹാരാധനയും അനുബന്ധതിന്മകളും തമ്മിലുള്ള പാരസ്പര്യം പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്.

വിജാതീയര്‍ എന്തുകൊണ്ടാണ് ക്രൈസ്തവരെ അധിക്ഷേപിക്കുന്നത് എന്നതിന്‍റെ വിശദീകരണമാണ് തുടര്‍ന്ന് ലേഖനകര്‍ത്താവു നല്‍കുന്നത്. ഒരു കാലത്ത് തങ്ങളോടൊത്ത് തിന്മകളിലും മ്ലേച്ഛതകളിലും മുഴുകിയിരുന്നവര്‍ ക്രിസ്തീയവിശ്വാസം സ്വീകരിച്ചതോടെ തിന്മയുടെ മാര്‍ഗ്ഗം വെടിഞ്ഞത് വിജാതീയര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഇതിലുള്ള അസൂയയും കോപവുമാണ് വിജാതീയരെ ക്രൈസ്തവര്‍ക്കെതിരായി തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്.

വിജാതീയരുടെ ആരോപണങ്ങള്‍ ക്രൈസ്തവരെ വ്യക്തിപരമായി അപമാനിക്കുന്നവയാണെന്നു മാത്രമല്ല അവ ദൈവദൂഷണപരവുമാണ് (2:12; 3:9-16). ഇത്തരം അപമാനങ്ങള്‍ ക്രിസ്തുവും സഹിച്ചതാണ് (2:22-23). യേശുവില്‍ വിശ്വസിക്കുന്നവരെ അപമാനിക്കുന്നതിലൂടെ വിജാതീയര്‍ യേശുവിനെയാണ് അപമാനിക്കുന്നതെന്നും ഇത് ദൈവദൂഷണപരമാണെന്നും ലേഖനകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നു. മര്‍ക്കോ 3:28-30 ല്‍ സൂചിപ്പിക്കുന്ന വ്യാജമായ ആരോപണങ്ങള്‍ക്കു സമാനമായ ദൈവദൂഷണമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഒരു വിശ്വാസി അപമാനിക്കപ്പെടുമ്പോള്‍ അവര്‍ ആരാധിക്കുന്ന ദൈവമാണ് അപമാനിക്കപ്പെടുന്നത് എന്ന ചിന്തയാണ് ലേഖനകര്‍ത്താവിനുള്ളത്.

4:5-6, വിജാതീയരും ക്രൈസ്തവരും തമ്മിലുള്ള വ്യത്യാസത്തിന് യുഗാന്ത്യപരമായ അര്‍ത്ഥമാണ് ലേഖനകര്‍ത്താവ് ഈ വചനഭാഗത്ത് നല്‍കുന്നത്. ഇപ്പോള്‍ ക്രൈ സ്തവരെ തെറ്റായി കുറ്റം വിധിക്കുന്ന വിജാതീയര്‍ യുഗാന്ത്യത്തില്‍ യഥാര്‍ത്ഥ വിധിയാളനായ ക്രിസ്തുവിനാല്‍ വിധിക്കപ്പെടും എന്ന സന്ദേശമാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്.

"വിജാതീയരുടെ ദുര്‍വൃത്തികളില്‍ ഇപ്പോള്‍ നിങ്ങള്‍ പങ്കു ചേരാത്തതുകൊണ്ട്, അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്നവന്‍റെ മുമ്പില്‍ അവര്‍ കണക്കുകൊടുക്കേണ്ടിവരും. എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്."

ഈ വചനഭാഗത്തെ പരേതാത്മാക്കളോട് വചനം പറയുന്നതിനും അവരെ സ്നാനപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാനമായി സ്പിരിറ്റ് ഇന്‍ ജീസസ് കരുതുന്നുണ്ട്. തന്മൂലം ഈ വചനഭാഗത്തെ സ്പഷ്ടമായി മനസ്സിലാക്കേണ്ടതുണ്ട്. ആദ്യമായിതന്നെ, ഈ വചനഭാഗത്തെ 3:18-21 ല്‍ വിവരിച്ചുതുടങ്ങിയ ആശയത്തിന്‍റെ തുടര്‍ച്ചയായി വേണം മനസ്സിലാക്കാന്‍. സമാന ആശയംതന്നെ രണ്ടുഭാഗത്തും ആവര്‍ത്തിക്കുന്നുണ്ട്.

3:18... ക്രിസ്തു ശരീരത്തില്‍ മരിച്ച്, ആത്മാവില്‍ ജീവിക്കുന്നു.

4:6.... ശരീരത്തില്‍ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നു.

ക്രിസ്തുവിന്‍റെ സഹനവുമായി വിശ്വാസികളുടെ സഹനത്തെ താരതമ്യം ചെയ്യുക എന്നതാണ് ലേഖനകര്‍ത്താവിന്‍റെ ലക്ഷ്യം. മുന്‍പ് 3:18-20 ന്‍റെ വചനവ്യാഖ്യാനത്തില്‍ സൂചിപ്പിച്ചതുപോലെ വിജാതീയരില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന മതമര്‍ദ്ദനങ്ങളുടെ പശ്ചാത്തലത്തില്‍വേണം ഈ വചനഭാഗത്തെയും മനസ്സിലാക്കാന്‍. ശരീരത്തില്‍ മരിച്ച ക്രിസ്തുവിനെപ്പോലെ മതമര്‍ദ്ദനംമൂലം അനേകം വിശ്വാസികള്‍ പത്രോസിന്‍റെ സഭയില്‍ മരിച്ചിട്ടുണ്ട്. രക്തസാക്ഷികളായ പ്രസ്തുതവിശ്വാസികളും ഉത്ഥിതനായ ക്രിസ്തുവിനെപ്പോലെ ദൈവത്തില്‍ ജീവിക്കും എന്ന പ്രത്യാശയുടെ സന്ദേശമാണ് ലേഖനകര്‍ത്താവ് നല്‍കുന്നത്.

 "മരിച്ചവരോട് സുവിശേഷം പ്രസംഗിക്കപ്പെട്ടു" എന്ന 6-ാം വാക്യത്തിന്‍റെ വ്യാഖ്യാനമാണ് വിവാദങ്ങള്‍ക്ക് നിദാനമാകുന്നത്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന "മരിച്ചവര്"  ആരാണ് എന്നതാണ് പ്രശ്നം. "ആത്മീയമായി മരിച്ചവര്‍" എന്ന അര്‍ത്ഥത്തിലാണ് 6-ാം വാക്യത്തെ മനസ്സിലാക്കേണ്ടത് എന്നാണ് സഭാപിതാവായ അലക്സാണ്ട്രിയായിലെ ക്ലെമെന്‍റ് അഭിപ്രായപ്പെടുന്നത് (Adumbr-ationes, ANF II,571572). ലൂക്കാ 9:59-60; യോഹ 5:25; എഫേ 2:1,5 എന്നീ വചനഭാഗങ്ങളെ ഇത്തരമൊരു വ്യാഖ്യാനത്തിന് ആധാരമായി ക്ലെമന്‍റ് അവതരിപ്പിക്കുന്നുണ്ട്. ലേഖനത്തിന്‍റെ മതമര്‍ദ്ദന പശ്ചാത്തലം കേവലം ആത്മീയമായ മരണം എന്ന ആശയത്തെ സാധൂകരിക്കുന്നില്ല. തന്നെയുമല്ല "പ്രസംഗിക്കപ്പെട്ടു" എന്ന ക്രിയ (എവംഗലിസ്തേ ) ഭൂതകാലത്തിലാകയാല്‍ (aorist) ആത്മീയമരണം എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയല്ല സൂചിപ്പിക്കുന്നത് എന്നു കരുതാം.

4:6 ലെ "മരിച്ചവര്‍" ആരാണ് എന്ന് മനസ്സിലാക്കാന്‍ 4:5 ലെ "ജീവിക്കുന്നവരെയും മരിച്ചവരെയും" എന്ന പദപ്രയോഗത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനം ഗ്രഹിക്കേണ്ടതുണ്ട് "ജീവിക്കുന്നവരെയും മരിച്ചവരെയും" (സോന്താസ് കായി നെക്രൂസ്) "വിധിക്കുന്നവന്" എന്ന പദപ്രയോഗം ആദിമസഭയില്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചിരുന്നു. 2 തിമോ 4:1; 1 തെസ്സ 4:13-17; ബാര്‍ണ്ണബാസിനുള്ള ലേഖനം 7:2 (ANF I, 129) എന്നീ രേഖകളില്‍ ഈ പദപ്രയോഗം സ്പഷ്ടമായി കാണപ്പെടുന്നുണ്ട്. "മരിച്ചവര്" എന്ന പദപ്രയോഗത്തിലൂടെ നരകത്തിലാണ്ടുപോയ, നിത്യശിക്ഷക്കു വിധിക്കപ്പെട്ട പരേതാത്മാക്കള്‍ എന്ന ആശയം മേല്‍പറഞ്ഞ രേഖകളിലൊന്നുമില്ല.

ഈ പദപ്രയോഗത്തിന്‍റെ അര്‍ത്ഥം വി. പൗലോസ് ശ്ലീഹാ വിശദമായി നല്‍കുന്നുണ്ട്. "അവസാന കാഹളം മുഴങ്ങുമ്പോള്‍ മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും (ജീവിച്ചിരിക്കുന്നവര്‍) രൂപാന്തരപ്പെടുകയും ചെയ്യും" (1 കോറി 15:52). മരിച്ചവരും ജീവിക്കുന്നവരും എന്ന പദപ്രയോഗം പ്രത്യക്ഷത്തില്‍ സകല വിശ്വാസികളും എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നുവ്യക്തമാണ്. ക്രിസ്തുവിന്‍റെ രണ്ടാം വരവിനുമുമ്പേ മരണമടയുന്ന വിശ്വാസികളുടെ ഭാവിയെക്കുറിച്ചുള്ള ആദിമ ക്രൈസ്തവരുടെ ആശങ്കയെ ദൂരീകരിക്കാനാണ് ഇത്തരമൊരു പദപ്രയോഗം ഉപയോഗിച്ചത്. അന്ത്യവിധിയില്‍ സൃഷ്ടപ്രപഞ്ചം മുഴുവനും (നാനാജാതി മനുഷ്യരും) അണിനിരക്കുന്നു എന്ന വിശ്വാസം വി. ഗ്രന്ഥത്തില്‍ ശക്തമാണെങ്കിലും "മരിച്ചവരെയും ജീവിക്കുന്നവരെയും" എന്ന പദപ്രയോഗം ക്രിസ്തുവില്‍ വിശ്വസിക്കുന്ന സകലരെയു (മരിച്ചവരും ജീവിക്കുന്നവരും) മാണ് സൂചിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ 4:6 ലെ മരിച്ചവര്‍ ആരെന്ന് വ്യക്തമാണ്. വചനപ്രഘോഷണം കേട്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും മതമര്‍ദ്ദകരാല്‍ വധിക്കപ്പെടുകയും ചെയ്ത രക്തസാക്ഷികളെയാണ്" മരിച്ചവരോടും (കായി നെക്രോയിസ്) എന്ന പദത്തിലൂടെ ലക്ഷ്യമാക്കുന്നത്. വിജാതീയരുടെ "ദുഷ്കര്‍മ്മത്തില്‍ പങ്കുചേരാത്തവര്" (വാ. 4), വിജാതീയരാല്‍ ദുഷിക്കപ്പെട്ടവര്‍, ശരീരത്തില്‍ വിധിക്കപ്പെട്ടവര്‍ (വാ. 5), ദൈവത്തെപ്പോലെ ജീവിക്കുന്നവര്‍ (വാ. 6), എന്നീ വിശേഷണങ്ങളെല്ലാം "രക്തസാക്ഷികളായ വിശ്വാസികള്‍" എന്ന അര്‍ത്ഥവുമായി തികച്ചും ഒത്തുപോകുന്നുണ്ട്.

ആരാണ് മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. 4:6 ലെ "പ്രഘോഷിക്കപ്പെട്ടു" (എവംഗലിസ്തേ) എന്ന കര്‍മ്മിണിപ്രയോഗത്തിലുള്ള ക്രിയയുടെ കര്‍മ്മമായാണ് "മരിച്ചവര്‍" എന്ന പദം ഉപയോഗിക്കുന്നത്. ഇതാകട്ടെ  സംയോജികാവിഭക്തി (dative case)യിലാണുതാനും (നെക്രോയിസ്). 1 പത്രോ 1:25 ല്‍ ഇതേ ക്രിയയുടെ കര്‍മ്മം പ്രതിഗ്രാഹികാവിഭക്തി (accusative) യിലാണ് (എവംഗലിസ്തേന്‍ എയ്സ് ഹുമാസ് ). സാധാരണഗതിയില്‍ പുതിയ നിയമത്തില്‍ ഈ ക്രിയയുടെ കര്‍ത്താവായി നിര്‍ദ്ദേശികാവിഭക്തി (nominative case)യിലുള്ള നാമങ്ങളാണ് ഉപയോഗിക്കുന്നത് (ഉദാ. മത്താ 11:5; ലൂക്കാ 7:22; ഹെബ്രാ 4:2,6) 4:6 ലെ പ്രഘോഷിക്കപ്പെട്ടു (എവംഗലിസ്തേ) എന്ന സകര്‍മ്മകക്രിയയുടെ കര്‍ത്താവ് ആരാണെന്ന് വചനഭാഗത്തുനിന്ന് സ്പഷ്ടമല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ "മരിച്ചവരോട്" സുവിശേഷം പ്രസംഗിച്ചതാരാണ് എന്ന് 4:6-ല്‍ നിന്നു വ്യക്തമല്ല. ക്രിസ്തു തന്നെയാണ് മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചത് എന്നു കരുതാന്‍ പോരുന്ന സാന്ദര്‍ഭികമോ (contextual) വ്യാകരണപരമോ (grammatical) ആശയപരമോ (semantic) ആയ യാതൊരു അടിസ്ഥാനവും 4:6ല്‍ ഇല്ല. പിന്നെ ആരാണ് മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചത്? പത്രോസിന്‍റെ ഒന്നാം ലേഖനം തന്നെ ഇതിന് ഉത്തരം തരുന്നുണ്ട്. താഴെപ്പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക.

1:12 സ്വര്‍ഗ്ഗത്തില്‍ നിന്നയയ്ക്കപ്പെട്ട പരിശുദ്ധാത്മാവുവഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ?

1:25 കര്‍ത്താവിന്‍റെ വചനം എന്നും നിലനില്ക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോട് പ്രഘോഷിക്കപ്പെട്ട വചനം.

ഈ രണ്ടു വാക്യങ്ങളുടെയും വെളിച്ചത്തില്‍, ലേഖനകര്‍ത്താവ് 4:6ല്‍ ഉദ്ദേശിക്കുന്ന  "മരിച്ചവരോട്" സുവിശേഷം പ്രഘോഷിച്ചവര്‍ പ്രസ്തുതസഭയിലെ വചനപ്രഘോഷകര്‍ തന്നെയാണെന്നു വ്യക്തമാകും. പ്രസ്തുത പ്രഘോഷകര്‍ പാതാളങ്ങളില്‍ ഇറങ്ങിച്ചെന്ന് നരകവാസികളോട് സുവിശേഷം പ്രസംഗിച്ച് മാനസാന്തരപ്പെടുത്തി എന്നു കരുതാന്‍ യാതൊരു ന്യായവുമില്ലല്ലോ. സഭയിലെ വചന പ്രഘോഷകരുടെ പ്രഭാഷണം കേട്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും പ്രസ്തുത വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മരിച്ചവരെയാണ് 4:6-ല്‍ വിവരിക്കുന്നത്.

ശരീരത്തില്‍ വിധിക്കപ്പെട്ടെങ്കിലും അവര്‍ ദൈവതിരുമുമ്പില്‍ ജീവിക്കുന്നു. ഈ ആശയം എഴുതുമ്പോള്‍ ലേഖനകര്‍ത്താവിന്‍റെ മനസ്സില്‍ ജ്ഞാനം 3:1-9; 5:15 എന്നീ വചനഭാഗങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്ന് അനുമാനിക്കാം. "നീതിമാന്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതുമെങ്കിലും ....അവരാകട്ടെ ശാന്തി അനുഭവിക്കുന്നു" (3:4) എന്ന ആശയം തന്നെയാണ് 1 പത്രോ 4:6 ലും വിശദീകരിക്കുന്നത്.

"പ്രഘോഷിക്കപ്പെട്ടത്" (എവംഗലിസ്തേ ) എന്ന ഭൂതകാലക്രിയ (aorist) ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രസ്തുതപ്രഘോഷണപ്രക്രിയ മരിച്ചവരുടെയിടയില്‍ നിത്യകാലം തുടരേണ്ട പ്രഘോഷണത്തെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് മരണത്തിനുമുമ്പ് പ്രഘോഷിക്കപ്പെട്ട സുവിശേഷത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്. മരിച്ചവരുടെ ആത്മാക്കളോട് വചനം പ്രഘോഷിക്കുന്നു എന്ന് അവകാശപ്പെടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ 1 പത്രോ 4:6 നെ ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാണല്ലോ.

യേശുവിന്‍റെ പാതാളസന്ദര്‍ശനത്തെ സൂചിപ്പിക്കുന്നതായി

കരുതപ്പെടുന്ന ഇതര പുതിയനിയമ ഭാഗങ്ങളുടെ വ്യാഖ്യാനം

യേശുവിന്‍റെ പാതാള സന്ദര്‍ശനത്തിനു തെളിവായി പല വിഘടിത വിഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നത് പുതിയ നിയമത്തിലെ ചില വചനഭാഗങ്ങളാണ്. യൂദായുടെ ലേഖനം ആറാംവാക്യം; എഫേ 4:8-10; യോഹ 5:26 എന്നിവയാണ് സാധാരണഗതിയില്‍ ഇക്കൂട്ടര്‍ ഉദാഹരിക്കുന്നത്. ഈ വചനഭാഗങ്ങളുടെ വ്യാഖ്യാനം ചുവടെ ചേര്‍ക്കുന്നു:

യൂദാ 6

"സ്വന്തം നിലമറന്ന് തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചു കളഞ്ഞ ദൂതന്മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് ഓര്‍ക്കുക."

സന്ദര്‍ഭം: അപ്പസ്തോലിക പ്രബോധനത്തിലൂടെ വിശ്വാസം സ്വീകരിച്ച തന്‍റെ സഭയിലെ അംഗങ്ങളുടെയിടയില്‍ വ്യാജപ്രബോധനങ്ങളുമായി ചില വിഭാഗീയ ചിന്താഗതിക്കാര്‍ രംഗപ്രവേശനം ചെയ്തപ്പോള്‍ അവരെ എതിര്‍ക്കുവാനായാണ് ഈ ലേഖനം രചിക്കപ്പെട്ടത്. വ്യാജ പ്രബോധകര്‍ സഭാനേതൃത്വത്തെ ധിക്കരിക്കുകയും (വാ. 8), സ്വന്തം അനുചരവൃന്ദത്തെ രൂപീകരിക്കുകയും (വാ. 19, 22,23) സാമ്പത്തിക നേട്ടം ലക്ഷ്യമാക്കുകയും (വാ. 11-12, 16) ചെയ്യുന്നവരായിരുന്നു (സ്പിരിറ്റ് ഇന്‍ ജീസസിന്‍റെ പ്രവര്‍ത്തനശൈലിക്ക് യൂദായുടെ സഭയിലെ വ്യാജപ്രബോധകരുടെ ശൈലിയുമായുള്ള സാധര്‍മ്മ്യം ശ്രദ്ധിക്കുക). ദൈവജനത്തെ വഴിതെറ്റിക്കുന്ന വ്യാജപ്രബോധകരെ രക്ഷാകര ചരിത്രത്തിലെ തീരാകളങ്കമായിത്തീര്‍ന്ന തിന്മകളുടെ ശിക്ഷാവിധികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ് വാ. 6 ന്‍റെ വചനസന്ദര്‍ഭം.

മൂന്നുതിന്മകളെയും അവയ്ക്കു ലഭിച്ച ശിക്ഷാവിധികളെയുംകുറിച്ചാണ് ലേഖനകര്‍ത്താവ് സംസാരിക്കുന്നത്.

  1. ഈജിപ്തില്‍നിന്നു രക്ഷിക്കപ്പെട്ട ഇസ്രായേല്‍ക്കാരില്‍ അവിശ്വാസികളായി ദൈവജനത്തിനിടയില്‍ കലാപമുണ്ടാക്കിയവരെ ദൈവം ശിക്ഷിച്ചു (വാ. 5). 11-ാം വാക്യത്തിന്‍റെ വെളിച്ചത്തില്‍ കോറഹിന്‍റെ നേതൃത്വത്തില്‍ മോശയ്ക്കെതിരേ നടന്ന കലാപമാണ് (സംഖ്യ 16:1-35; 26;9-10) ഇവിടുത്തെ വിവക്ഷ എന്നു വ്യക്തമാണ്.                                                                                                                                                               
  2. അഹങ്കാരംമൂലം ദൈവസന്നിധിയില്‍ നിന്നു പുറംതള്ളപ്പെട്ട മാലാഖമാര്‍ മനുഷ്യരുടെയിടയില്‍ പാപം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ (ഉല്‍പ 6:1-4) ജലപ്രളയകാലത്ത് അവരെ ബന്ധനസ്ഥരാക്കി ദൈവം പാതാളത്തിലടച്ചു (1 ഏനോക്ക് 88:1-3). ഈ കഥയുടെ പൂര്‍ണ്ണരൂപം 1 പത്രോ 3:18-21 ന്‍റെ വ്യാഖ്യാനത്തോടൊപ്പം ചേര്‍ത്തിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇപ്രകാരം ബന്ധനസ്ഥരായ ദൂതന്മാര്‍ അന്ത്യവിധിവരെ (കര്‍ത്താവിന്‍റെ ആഗമനദിവസംവരെ) പാതാളത്തില്‍ ബന്ധനത്തില്‍ കഴിയുകയും അന്ത്യവിധിദിനത്തില്‍ നിത്യാഗ്നിയിലേക്ക് എറിയപ്പെടുകയും ചെയ്യും എന്നതാണ് യഹൂദവിശ്വാസം. ഇപ്രകാരം ബന്ധനസ്ഥരായവര്‍ അന്ത്യദിനത്തിലോ അതിനു മുന്‍പോ സ്നാനപ്പെട്ട് സ്വര്‍ഗ്ഗത്തിലെത്തും എന്ന വിശ്വാസം യഹൂദപാരമ്പര്യത്തിലൊരിടത്തുമില്ല. തന്മൂലം സ്പിരിറ്റ് ഇന്‍ ജീസസിന്‍റെ പഠനങ്ങള്‍ക്ക് ഈ വചനഭാഗം യാതൊരുവിധ സാധൂകരണവും നല്‍കുന്നില്ല. ഏനോക്കിന്‍റെ പുസ്തകത്തില്‍ വിവരിക്കുന്ന കഥതന്നെയാണ് ലേഖന കര്‍ത്താവ് വിവക്ഷിക്കുന്നതെന്ന് വാ. 14 ല്‍ നിന്ന് വ്യക്തമാണ്.                                                                                                                                                                                                      
  3. തിന്മയുടെ അതിപ്രസരംമൂലം നാശം ക്ഷണിച്ചു വരുത്തിയ സോദോം ഗോമോറായുടെ പതനകഥയാണ് (ഉല്‍പ 19:1-29) മൂന്നാമത്തെ ഉദാഹരണം.

ഈ മൂന്നു കഥകളും ഒരുമിച്ച് പാപത്തിന്‍റെ അടിസ്ഥാനസ്വഭാവത്തെ സൂചിപ്പിക്കുന്ന കഥകളായി യഹൂദരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഈ മൂന്നു സംഭവങ്ങളെയുംകുറിച്ചുള്ള പരാമര്‍ശം സംയുക്തമായി യഹൂദ രചനകളില്‍ കാണാം. (പ്രഭാ 16:7-10; CD 2:17-3:12; 3 മക്ക 2:4-7). 2 പത്രോ 2:4-10 ലും ഈ മൂന്ന് ശിക്ഷാവിധികളെയും ഒരുമിച്ച് പരാമര്‍ശിക്കുന്നുണ്ട്. പ്രചാരത്തിലിരുന്ന ദൈവനിഷേധത്തിന്‍റെ മൂന്നുകഥകളെയാണ് ലേഖനകര്‍ത്താവ് ഇവിടെ വിവക്ഷിക്കുന്നത്. അന്ത്യദിനംവരെ ദൂതന്മാരെ അടച്ചിട്ടു എന്നതിന്‍റെ  അര്‍ത്ഥം അന്ത്യദിനത്തില്‍ അവരെ മാനസാന്തരപ്പെടുത്തി സ്വര്‍ഗ്ഗത്തിലെത്തിക്കും എന്നല്ല; മറിച്ച് അന്ത്യവിധിദിനത്തില്‍ അവര്‍ നിത്യാഗ്നിയിലേക്ക് എറിയപ്പെടും എന്നാണ് യഹൂദര്‍ വിശ്വസിച്ചിരുന്നത്. മരണശേഷം മാനസാന്തരം സാധ്യമല്ല എന്ന ആശയംതന്നെയാണ് ഈ മൂന്നു സംഭവങ്ങളും അടിവരയിട്ട് സമര്‍ത്ഥിക്കുന്നത്. ദൂതന്മാര്‍ക്കു ലഭിച്ച ശിക്ഷയെ (ബന്ധനാവസ്ഥയെ) തനതുവിധിയുമായി താരതമ്യം ചെയ്തു മനസ്സിലാക്കാവുന്നതാണ്. തനതുവിധിയിലൂടെ ലഭിക്കുന്ന ശിക്ഷാവിധി അന്ത്യവിധിയില്‍ മാറ്റപ്പെടുന്നില്ല എന്ന കത്തോലിക്കാ പഠനത്തിന്‍റെ അസന്ദിഗ്ദ്ധമായ സാക്ഷ്യം കൂടിയാണ് ഈ വിവരണം.

എഫേസൂസ് 4:8-10

 "അതിനാല്‍ ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെകൊണ്ടുപോയി, മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്തു എന്നതിന്‍റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നുകൂടി അല്ലേ. ഇറങ്ങിയവന്‍ തന്നെയാണ് എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കുമുപരി ആരോഹണം ചെയ്തത്."

സന്ദര്‍ഭം: വിശാസികള്‍ക്ക് ലഭിക്കുന്ന വരദാനങ്ങളെക്കുറിച്ചാണ് ലേഖനത്തിന്‍റെ ഈ ഭാഗത്ത് (4:7-11) പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത്. വരദാനങ്ങള്‍ ലഭിക്കാന്‍ വിശ്വാസിയെ യോഗ്യനാക്കുന്നത് ക്രിസ്തുസംഭവമാണ്; അതായത് ക്രിസ്തുവിന്‍റെ മനുഷ്യാവതാരവും മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും. ക്രിസ്തുസംഭവത്തെ സൂചിപ്പിക്കാനാണ് അവരോഹണ-ആരോഹണ പദശൈലി പൗലോസ് ഉപയോഗിക്കുന്നത്.

രണ്ടു പ്രശ്നങ്ങളാണ് ഈ വചനഭാഗത്ത് വിചിന്തനവിഷയമാകുന്നത്. (1) അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. (2) അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി. ഈ രണ്ടു വചനങ്ങളെയും ബന്ധിപ്പിച്ചു വ്യാഖ്യാനിക്കുന്നവരുണ്ട് (ഉദാ. സ്പിരിറ്റ് ഇന്‍ ജീസസ്). പ്രസ്തുതവ്യാഖ്യാനമനുസരിച്ച് ക്രിസ്തു മരണശേഷം ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് (പാതാളത്തിലേക്ക്) ഇറങ്ങി അനേകം തടവുകാരെ രക്ഷിച്ച് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. തന്മൂലം, വചനപ്രഘോഷണത്തിലൂടെ, നരകവാസികളായ ആത്മാക്കളെ രക്ഷിക്കാനാവും എന്നും ഇക്കൂട്ടര്‍ കരുതുന്നു. ഈ വ്യാഖ്യാനം അടിസ്ഥാനരഹിതമാണ്.

"അവന്‍ തടവുകാരെ കൂടെ കൊണ്ടു പോയി": യേശുവിന്‍റെ മഹത്വത്തിലേക്കുള്ള പ്രവേശനത്തെയാണ് അപ്പസ്തോലന്‍ ഇവിടെ വിവക്ഷിക്കുന്നത്. ഒരു പഴയനിയമഭാഗം ഉദ്ധരിച്ചുകൊണ്ട് അതിന് ആനുകാലികവ്യാഖ്യാനം നല്‍കുന്ന "പെഷേര്" ശൈലിയാണ് ഇവിടെ അപ്പസ്തോലന്‍ ഉപയോഗിക്കുന്നത്.

"ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു" എന്ന വാ. 8-ലെ പരാമര്‍ശം തുടര്‍ന്നുവരുന്ന ഭാഗം പഴയനിയമ ഉദ്ധരണിയാണ് എന്ന് വ്യക്തമാക്കുന്നു. സങ്കീ 68:18 ഉദ്ധരിച്ചുകൊണ്ട് (വാ. 8) പൗലോസ് തുടര്‍ന്നുള്ള വാചകത്തില്‍ അതിന്‍റെ അര്‍ത്ഥം വ്യാഖ്യാനിക്കുന്നുണ്ട്. "അവന്‍ ആരോഹണം ചെയ്തു എന്നതിന്‍റെ അര്‍ത്ഥം എന്താണ്?" എന്ന ചോദ്യം സങ്കീര്‍ ത്തനഭാഗത്തിന്‍റെ ക്രിസ്തുസംഭവവുമായി ബന്ധപ്പെട്ട അര്‍ത്ഥമാണ് തുടര്‍ന്നു പറയുന്നത് എന്ന് വ്യക്തമാക്കുന്നു. സങ്കീ 68:18-ല്‍ ദൈവത്തിന്‍റെ വിജയഘോഷയാത്രയെയാണ് വിവരിക്കുന്നത്. രാജാക്കന്മാര്‍ വിജയഘോഷയാത്രനടത്തുമ്പോള്‍ തങ്ങളുടെ മഹത്വം വെളിപ്പെടുത്താന്‍ തങ്ങള്‍ പരാജയപ്പെടുത്തിയ രാജ്യത്തിലെ പ്രജകളെ തടവുകാരായി കൂടെകൊണ്ടുപോകുന്ന പതിവുണ്ട്. ഈ രാഷ്ട്രീയ ഘോഷയാത്രാ സങ്കല്പമാണ് ഇവിടുത്തെ പരാമര്‍ശത്തിനാധാരം. എന്നാല്‍ ക്രിസ്തു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിന് തടവുകാരെയല്ല കൂടെ കൊണ്ടുപോയത്. മറിച്ച് അവിടുന്ന് തടവറയെ തന്നെയാണ് ബന്ധിതമാക്കിയത്. "ഏക്മലോ തെവുസെന്‍ ഐക് മലോസിയാന്‍" എന്ന 8-ാം വാക്യത്തെ തടവുകാരെ കൂടെകൊണ്ടുപോയി എന്ന അര്‍ത്ഥത്തിലുള്ള POC വിവര്‍ത്തനം ശരിയല്ല. ചില ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചതുകൊണ്ടാവാം POC വിവര്‍ത്തനത്തില്‍ ഇപ്രകാരമൊരു അബദ്ധം കടന്നുകൂടിയത്. NRSV ബൈബിള്‍ കൃത്യമായ അര്‍ത്ഥത്തില്‍ ഈ വാക്യംവിവര്‍ത്തനം ചെയ്തിട്ടുണ്ട്. "He made captivity itself acaptive" അവന്‍ ബന്ധനാവസ്ഥയെത്തന്നെ ബന്ധനസ്ഥമാക്കി എന്നാണ് 4:8 നെ വിവര്‍ത്തനം ചെയ്യേണ്ടത്. തിന്മയുടെ മൂലശക്തിയെത്തന്നെ ബന്ധിച്ചുകൊണ്ട് ക്രിസ്തു മനുഷ്യര്‍ക്കു ദാനങ്ങള്‍ നല്‍കി എന്നാണ് അപ്പസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആരോഹണത്തിലൂടെ തിന്മയുടെ (അടിമത്തത്തിന്‍റെ) ശക്തികള്‍ തോല്പിക്കപ്പെട്ടു. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗപ്രവേശനത്തെക്കുറിച്ചുള്ള ഇതര വചനഭാഗങ്ങളുമായി (യോഹ 3:13; നട 2:32-35; cf. സങ്കീ 110:1) ചേര്‍ന്നു പോകുന്നതാണ് മേല്‍പറഞ്ഞ വ്യാഖ്യാനം. തടവുകാരെ കൂടെ കൊണ്ടുപോയി എന്ന വിവര്‍ത്തനം തെറ്റാകയാല്‍ അതിനെ ആധാരമാക്കി സ്പിരിറ്റ് ഇന്‍ ജീസസ്സ് പടുത്തുയര്‍ത്തിയിട്ടുള്ള എല്ലാ അവകാശവാദങ്ങളും അടിസ്ഥാനമില്ലാത്തതായിതീരുന്നു.

രണ്ടാമതായി, ക്രിസ്തു "ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി" എന്ന വാക്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. എയിസ് താ കത്തോ തെറാ തേസ് ഗേസ് എന്ന ഗ്രീക്കു മൂലത്തെയാണ് ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത് എയ്സ് എന്നത് ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഗതി (preposition) ആണ്. "അതിലേക്ക്"(to) എന്നര്‍ത്ഥം. കത്തോതെറാ എന്നാല്‍ "അധോഭാഗം" എന്ന് അര്‍ത്ഥം ലഭിക്കുന്നു. ഗേ - ഗേസ് എന്നത് ഭൂമിയെ സൂചിപ്പിക്കുന്നു. ഈ വാചകത്തിന് വ്യാകരണമനുസരിച്ച് രണ്ടു വിധത്തില്‍ അര്‍ത്ഥം കല്പിക്കാം.

  1. അവന്‍ അധോഭാഗങ്ങളിലേക്ക്, അതായത്, ഭൂമിയിലേക്ക് ഇറങ്ങി (genitive aposition). ഭൂമിയില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തവനെ സംബന്ധിച്ചിടത്തോളം അധോഭാഗം എന്നത് ഭൂമിയാണെന്നു സ്പഷ്ടമാണല്ലോ. യഹൂദരുടെ പ്രപഞ്ചവീക്ഷണമനുസരിച്ച് ഉപരിമണ്ഡലം സ്വര്‍ഗ്ഗമാണ്. അധോമണ്ഡലമാകട്ടെ ആകാശത്തിനു കീഴിലുള്ള വായുവിതാനവും അതിനടിയിലുള്ള ഭൂമിയും ചേര്‍ന്നതാണ്. തന്മൂലം സ്വര്‍ഗ്ഗത്തില്‍നിന്ന് അധോ മണ്ഡലത്തിലേക്കിറങ്ങി എന്നതിന്‍റെ അര്‍ത്ഥം ഭൂമിയിലേക്കിറങ്ങി എന്നാണ്. ഈ വ്യാഖ്യാനമനുസരിച്ച് ക്രിസ്തുവിന്‍റെ പാതാളസന്ദര്‍ശനം എന്ന ആശയവുമായി ഈ വചനഭാഗത്തിന് ബന്ധമൊന്നുമില്ല. ക്രിസ്തുവിന്‍റെ പാതാള സന്ദര്‍ശനം എന്ന ആശയം പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ ഒരിക്കലും കാണപ്പെടുന്നുമില്ല. ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തെയാണ് ഭൂമിയിലേക്കുള്ള അവരോഹണമായി പൗലോസ് പറയുന്നത്.                                               
  2. അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് (പാതാളത്തിലേക്ക്) ഇറങ്ങി എന്ന വ്യാഖ്യാനവും വ്യാകരണമനുസരിച്ച് സാധ്യമാണ്. (proper genitive). മരണശേഷം ഭൂമിയുടെ അടിയില്‍ സംസ്ക്കരികപ്പെട്ട ഈശോ (1 കോറി 15:4) മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തു എന്ന അര്‍ത്ഥത്തിനാണ് ഇവിടെ പ്രാമുഖ്യം കൈവരുന്നത്. "എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കുമുപരി" (ഹുപ്പേറാനോന്‍ പാന്തോന്‍ തോന്‍ ഹുറാനോന്‍ ) എന്ന ശൈലിയുമായി (വാ. 10) പൂര്‍ണ്ണവൈരുദ്ധ്യം ലഭിക്കുന്നത് ഈ രണ്ടാമത്തെ വ്യാഖ്യാനത്തിലാണ്. എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നവന്‍ എല്ലാതലങ്ങള്‍ക്കും താഴെയുള്ള തലത്തിലേക്ക് (പാതാളത്തിലേക്ക്) ഇറങ്ങി എന്ന വ്യാഖ്യാനമാണ് ഇവിടെ കൂടുതല്‍ പൊരുത്തപ്പെടുക. ക്രിസ്തുവിന്‍റെ ശൂന്യവത്ക്കരണത്തെക്കുറിച്ചുള്ള (ക്രിസ്തു സംഭവത്തെക്കുറിച്ചുള്ള) മറ്റൊരു വീക്ഷണമായി ഈ വ്യാഖ്യാനത്തെ കാണാനാവും. പ്രപഞ്ചത്തിന്‍റെ സര്‍വ്വതലങ്ങളിലും വ്യാപിക്കുന്ന മഹത്വീകൃതനായ ക്രിസ്തുവിന്‍റെ അധികാരത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ രക്ഷാകരമായ അധികാരത്തിന്‍റെ അടിസ്ഥാനം, ലേഖനകര്‍ത്താവിന്‍റെ വീക്ഷണത്തില്‍, അവിടുത്തെ മരണവും (1:20, 2:16, 5:2,25) ഉത്ഥാനവും (1:20-23; 2:5) ആണ്. അവിടുത്തെ മരണത്തെ അധോമേഖലയിലേക്കുള്ള അവരോഹണമായും ഉത്ഥാനത്തെ എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും മേലുള്ള ആരോഹണമായും ലേഖന കര്‍ത്താവ് വിവരിക്കുകയാണിവിടെ.

മേല്‍വിവരിച്ച രണ്ടു വ്യാഖ്യാന സാധ്യതകളും ക്രിസ്തുസംഭവത്തിന്‍റെ രക്ഷാകരമാനത്തെയാണ് സൂചിപ്പിക്കുന്നത്. ഒന്നാമത്തെ വ്യാഖ്യാനം മനുഷ്യാവതാരത്തിനു പ്രാമുഖ്യം നല്‍കുമ്പോള്‍ രണ്ടാമത്തെ വ്യാഖ്യാനം ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നു. രണ്ടു വ്യാഖ്യാനങ്ങളിലും പാതാളങ്ങളിലിറങ്ങി മരിച്ചവരോടുള്ള ക്രിസ്തുവിന്‍റെ വചന പ്രഘോഷണത്തിനോ നരകവാസികളുടെ മോചനത്തിനോ യാതൊരു സ്ഥാനവുമില്ല എന്നു വ്യക്തമാണല്ലോ. 1:20-21 ലും 2:1-7 ലും ലേഖന കര്‍ത്താവ് വിവരിക്കുന്ന രക്ഷാകര രഹസ്യത്തിന്‍റെ വിശദീകരണം മാത്രമാണ് 4:8-10 ല്‍ ഉള്ളത്. 1:20-21 ലും 2:1-7 ലും ക്രിസ്തുവിനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിക്കുകയും സ്വര്‍ഗ്ഗത്തില്‍ മഹിമയുടെ വലതു ഭാഗത്തിരുത്തുകയും ചെയ്യുന്ന ദൈവികപ്രവൃത്തിയുടെ മഹനീയ ശക്തിയെയാണ് അവതരിപ്പിക്കുന്നത്. ഈ സത്യത്തിന്‍റെ വിശദമായ ആഖ്യാനമായി വേണം 4:8-10 നെ കാണാന്‍.

മരണശേഷം പാതാളത്തില്‍ ഇറങ്ങിച്ചെന്ന് ക്രിസ്തു പരേതാത്മാക്കളോട് വചനം പ്രസംഗിച്ച് അവരെ വീണ്ടെടുത്തു എന്നത് ജ്ഞാനവാദികളുടെ (gnostics) അബദ്ധ വ്യാഖ്യാനമാണ്. സ്വര്‍ഗ്ഗീയ രക്ഷകന്‍ (heavenly redeemer) ഭൂമിയുടെ അധോഭാഗങ്ങളിലൂടെ ജൈത്രയാത്ര ചെയ്ത് രക്ഷ നല്‍കുന്നു എന്ന ആശയം പൂര്‍ണ്ണമായും ജ്ഞാനവാദം എന്ന പാഷണ്ഡത പ്രചരിപ്പിച്ചവരുടെ വീക്ഷണമാണ് (cf. W. Bousset, Kyrios Christos, 32). ഈ വീക്ഷണത്തിന്‍റെ അഭിനവവക്താക്കളായ സ്പിരിറ്റ് ഇന്‍ ജീസസ്സും പാഷണ്ഡതയുടെ കെണിയിലാണെന്ന് വ്യക്തമാണല്ലോ.

യോഹന്നാന്‍ 5:25

"എന്‍റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി   ഉണ്ടാകുന്നില്ല.......... മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു അല്ല, അതു വന്നുകഴിഞ്ഞു."

ഈ വചനത്തെ സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ രംഗപ്രവേശനത്തെ സൂചിപ്പിക്കുന്ന വചനമായി അവര്‍ വ്യാഖ്യാനിക്കാറുണ്ട്. ക്രിസ്തുവിന്‍റെ ഈ വചനം സാക്ഷാത്കരിക്കപ്പെട്ടത് സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ പരേതാത്മാക്കളോടുള്ള വചനപ്രഘോഷണത്തിലൂടെയാണ് എന്നാണ് ഇക്കൂട്ടരുടെ അവകാശവാദം. എന്നാല്‍, യോഹന്നാന്‍റെ സുവിശേഷത്തിലെ രക്ഷയെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമുള്ള വീക്ഷണം ഗ്രഹിക്കാത്തവരാണ് മരിച്ചവര്‍ സുവിശേഷം ശ്രവിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഈ വചന ഭാഗത്തെ വ്യാഖ്യാനിക്കുന്നത്. യോഹന്നാന്‍റെ വീക്ഷണത്തില്‍ യേശുവിന്‍റെ വരവോടെ യുഗാന്ത്യം ആരംഭിച്ചുകഴിഞ്ഞു (realised eschatology). യേശുവിനോടുള്ള ഒരുവന്‍റെ വ്യക്തിപരമായ മനോഭാവമാണ് അവന്‍റെ രക്ഷയെ സാധിതമാക്കുന്നത്. യേശുവിനെ സ്വീകരിക്കുന്നവന് രക്ഷയും സ്വീകരിക്കാത്തവന് ശിക്ഷാവിധിയും നല്‍കപ്പെടുന്നു. (3:18-21, 31:36). യേശുവിന്‍റെ വചനം കേള്‍ക്കുകയും അതില്‍ നിലനില്‍ക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. (17:3-4). പുത്രനില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് നിത്യജീവന്‍റെ അവകാശികള്‍ (3:36).

പുത്രനില്‍ വിശ്വസിക്കാതെ അവിശ്വാസത്തില്‍ കഴിയുന്ന സകലരും മൃതരാണ്. കാരണം, പുത്രനെ സ്വീകരിക്കാത്ത സകലരും ശിക്ഷാവിധിക്ക് വിധേയരാണ് (3:20). നിത്യജീവന്‍റെ വിപരീതപദമാണ് ശിക്ഷാവിധി; തന്മൂലം ശിക്ഷാവിധിയെന്നാല്‍ യോഹന്നാന്‍റെ ഭാഷ്യത്തില്‍ മരണമാണ്.

ഈ ദൈവശാസ്ത്ര പശ്ചാത്തലത്തിലാണ് 5:24-25 വ്യാഖ്യാനിക്കേണ്ടത്. 24-ാം വാക്യവും 25-ാം വാക്യവും ഒരേ പോലെയാണ് ആരംഭിക്കുന്നത്: "ആമ്മേന്‍, ആമ്മേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു.." ഇപ്രകാരമുള്ള ശൈലീസാദൃശ്യം ഉള്ളടക്കത്തിന്‍റെ സാദൃശ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

യേശുവിന്‍റെ വചനം കേള്‍ക്കുന്നവനും യേശുവിനെ അയച്ച പിതാവില്‍ വിശ്വസിക്കുന്നവനും നിത്യജീവന്‍ (സോവേന്‍ അയോണിയോന്‍) ഉണ്ട്. മരണം (തനാത്തോസ്), ജീവന്‍ (സൊവേ) എന്നിവയെ പ്രതീകാത്മകമായാണ് 24-ാം വാക്യത്തില്‍ അവതരിപ്പിക്കുന്നത്. യേശുവില്‍ വിശ്വസിക്കുന്നവര്‍ മരണത്തില്‍നിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നത് മരണശേഷമുള്ള ജീവനല്ല മറിച്ച് ഈ ലോകത്തില്‍തന്നെയുള്ള ജീവനാണെന്ന് വ്യക്തമാണല്ലോ. വീണ്ടും ജനിച്ചവന്‍റെ ജീവിതമാണത് (3:5). 25-ാം വാക്യമാകട്ടെ മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം കേള്‍ക്കുന്നതിനെക്കുറിച്ചു പറയുന്നു. ഇവിടെ പരാമര്‍ശിക്കുന്ന "മരിച്ചവര് യേശുവില്‍ വിശ്വസിക്കാത്തവരാണ്. "ദൈവപുത്രന്‍റെ സ്വരം കേട്ടു കഴിഞ്ഞു" എന്ന പരാമര്‍ശം തൊട്ടുമുമ്പുള്ള അധ്യായങ്ങളില്‍ വചനം കേട്ട് യേശുവിലുള്ള വിശ്വാസത്തിലേക്കു കടന്നുവരുന്നവരെ സൂചിപ്പിക്കുന്നതാണ്. നിക്കോദേമൂസ് (3:1-11), സമരിയാക്കാരി സ്ത്രീ (4:7-24), സിക്കാര്‍ പട്ടണവാസികള്‍ (4:39-42), ശതാധിപന്‍റെ കുടുംബം (4:46-54) തുടങ്ങിയവരെല്ലാം മൃതരായിരുന്നു. എന്നാല്‍ യേശുവിന്‍റെ വചനം കേട്ടതിലൂടെ അവര്‍ ജീവനിലേക്കു പ്രവേശിച്ചു തുടങ്ങി. ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന "മരിച്ചവര്" യഥാര്‍ത്ഥത്തില്‍ ഭൗതികമായി ജീവിച്ചിരിക്കുന്നവരാകയാല്‍ പരേതാത്മാക്കളോട് സുവിശേഷം പ്രസംഗിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ്സിന്‍റെ പ്രവൃത്തിയുമായി ഈ വചനത്തിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണല്ലോ.

യുഗാന്ത്യം യേശുവിന്‍റെ വരവോടെ ആരംഭിച്ചുകഴിഞ്ഞതാണെങ്കിലും അന്ത്യവിധി എന്ന പുതിയനിയമ ആശയത്തെ യോഹന്നാന്‍ മുറുകെ പിടിക്കുന്നുണ്ട്. യോഹ 5:28-29 ല്‍ "കല്ലറയിലുള്ളവരെല്ലാം അവന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും". ഇവിടെ കല്ലറയിലുള്ളവര്‍ എന്നതിലൂടെ ശാരീരികമായും മരിച്ചവരെയാണ് വിവക്ഷിക്കുന്നത്. നന്മ ചെയ്തവര്‍ എന്നതിലൂടെ യേശുവില്‍ വിശ്വസിച്ചവര്‍ എന്നും തിന്മ ചെയ്തവര്‍ എന്നതിലൂടെ യേശുവിനെ അവിശ്വസിച്ചവര്‍ എന്നുമാണ് യോഹന്നാന്‍ അര്‍ത്ഥമാക്കുന്നത്. യേശുവില്‍ വിശ്വസിക്കുന്നവര്‍ ജീവനിലേക്കു പ്രവേശിച്ചുകഴിഞ്ഞു എന്ന 24-ാം വാക്യത്തിലെ ആശയത്തിന്‍റെ തുടര്‍ച്ചയായിവേണം നന്മചെയ്തവരുടെ "ജീവന്‍റെ ഉയിര്‍പ്പ് " എന്ന ആശയത്തെ മനസ്സിലാക്കാന്‍. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ യേശുവിനെ അവിശ്വസിച്ചവരാകട്ടെ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായി (നിത്യമരണത്തിനായി) പുറത്തു വരും. ശാരീരിക മരണശേഷം മാനസാന്തരത്തിനുള്ള അവസരമില്ല എന്നുകൂടി ഈ വചനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

4:7, യുഗാന്ത്യവും അന്ത്യവിധിയും ആസന്നമായിരിക്കുന്നതിനാല്‍ ക്രൈസ്തവര്‍ തങ്ങള്‍ക്കു ലഭിച്ച വിശ്വാസജീവിതത്തില്‍ വിശ്വസ്തതയോടെ വ്യാപരിക്കണം എന്ന ചിന്തയാണ് ലേഖന കര്‍ത്താവ് പങ്കുവയ്ക്കുന്നത്. പടിവാതില്‍ക്കലെത്തിയ വിധിക്ക് ഒരുങ്ങുവായി "ബുദ്ധിപൂര്‍വ്വം ചിന്തിക്കാനും" (= സൊഫ്രോണേവോ) "മിതത്വമുള്ളവരാ കാനും" (= നേഫോ) ലേഖന കര്‍ത്താവ് ഉപദേശിക്കുന്നുണ്ട്. 1:13 ലും 5:8 ലും പരാമര്‍ശിക്കുന്ന "മിതത്വത്തിന്‍റെ" പശ്ചാത്തല ത്തിലാണ് 4:7 ലെ നിര്‍ദ്ദേശത്തെയും ഗ്രഹിക്കേണ്ടത്. ശരിയായ ജ്ഞാനവും മിതത്വവും പ്രാര്‍ത്ഥനയ്ക്കുള്ള മുന്നൊരുക്കങ്ങളാണെന്ന സൂചനയും ഈ വാക്യത്തിലുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ ശരിയായ പ്രാര്‍ത്ഥനയിലൂടെയാണ് യഥാര്‍ത്ഥ ജ്ഞാനവും മിതത്വവും ആര്‍ജ്ജിക്കുന്നത് എന്നും ഈ വചനത്തെ മനസ്സിലാക്കാം.

4:8, പുണ്യങ്ങളുടെ മാതാവായി സ്നേഹത്തെ പ്രതിഷ്ഠിക്കുന്ന പരമ്പരാഗത ക്രിസ്ത്യന്‍ ശൈലിയില്‍ ഈ വാക്യത്തെ മനസ്സിലാക്കാം. എന്നാല്‍ "സ്നേഹം ഒരുപാടു പാപങ്ങളെ മറയ്ക്കുന്നു" എന്ന പ്രസ്താവന ഏറെ ആഖ്യാനക്ലേശം സൃഷ്ടിക്കുന്നുണ്ട്. യാക്കോ 5:20ല്‍ സമാനമായ ശൈലി കാണാനാകും. സത്യവിശ്വാസത്തില്‍നിന്ന് അകന്ന ഒരുവനെ സ്നേഹപൂര്‍വ്വം തിരികെകൊണ്ടുവരുന്നതിനെക്കുറിച്ചാണ് യാക്കോബ് ശ്ലീഹാ പരാമര്‍ശിക്കുന്നത്. ഈ വാക്യം ആദിമസഭയില്‍ നിലനിന്നിരുന്ന പഴഞ്ചൊല്ലുകളില്‍ ഒന്നായിരുന്നു എന്നു കരുതുന്നവരുണ്ട്. സുഭാ 10:12ന്‍റെ ആഖ്യാനമായി ഈ പഴഞ്ചൊല്ലിനെ മനസ്സിലാക്കാം. ഈ വാക്യത്തിന്‍റെ വിവിധ വ്യാഖ്യാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

(1) യഥാര്‍ത്ഥ സ്നേഹം അവിശ്വാസികളുടെയും ശത്രുക്കളുടെയും പാപത്തിനു പരിഹാരമാകുന്നു.

(2) പാപത്തെ സ്നേഹം നിസ്സാരവല്‍ക്കരിക്കും എന്ന അര്‍ത്ഥത്തില്‍ ഈ വാക്യം വ്യാഖ്യാനിക്കുന്നത് ലേഖനത്തിന്‍റെ പ്രമേയത്തെ നിഷേധിക്കുന്നതാണ്.

(3) പാപം ദൈവത്തിന്‍റെ വിധിക്കു വിധേയമാകുന്നതും വിശ്വാസികള്‍ ഒഴിവാക്കേണ്ട തലവുമാകയാല്‍ (4:2-4) ശത്രുക്കളുടെ പാപം എന്നതിനേക്കാള്‍ വിശ്വാസികള്‍ക്കിടയിലുള്ള പാപങ്ങളാകാം സ്നേഹത്തിലൂടെ മറയ്ക്കപ്പെടുന്നത്.

(4) സഹനം പാപത്തെ നിര്‍വീര്യമാക്കുന്നതുപോലെ (4:1-2) സ്നേഹവും പാപകരമായ വഴികളെ വിട്ടുപേക്ഷിച്ച് വിശ്വാസമാര്‍ഗ്ഗം സ്വീകരിക്കാനുള്ള പ്രേരണ നല്‍കുന്നു എന്നാകാം ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്.

(5) സ്നേഹം ഒരു ശാരീരികപ്രവൃത്തിയല്ല, മറിച്ച് ആത്മാവിന്‍റെ പ്രവൃത്തിയാണ്. അതിനാല്‍ പാപത്തെ ഇല്ലാതാക്കുന്നത് പരിശുദ്ധാത്മാവാണ് എന്ന അര്‍ത്ഥത്തിലും ഈ വചനം വ്യാഖ്യാനിക്കാനാകും.

4:9-11, ആതിഥേയത്വത്തിന്‍റെ പ്രാധാന്യമാണ് ഈ വാക്യങ്ങളില്‍ വ്യക്തമാകുന്നത്. ആതിഥേയത്വത്തെ ആദിമസഭ വലിയൊരു പുണ്യമായാണ് മനസ്സിലാക്കിയിരുന്നത്. വിശ്വാസികള്‍ പരസ്പരം നല്‍കുന്ന ആതിഥേയത്വവും പ്രാദേശിക സഭകള്‍ വചനപ്രഘോഷകരായി ദേശാടനം നടത്തുന്ന പ്രവാചകര്‍ക്കും പ്രേഷിതര്‍ക്കും നല്‍കുന്ന ആതിഥ്യവും ഈ പുണ്യത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍ വിവക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 4:9-11ല്‍ സഹോദര വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാകേണ്ട സാഹോദര്യത്തെയും അതിഥ്യമര്യാദകളെയുംകുറിച്ചാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്. എല്ലാതലമുറകളിലുമുള്ള വിശ്വാസികള്‍ക്ക് അവശ്യംവേണ്ട പുണ്യമായാണ് ആതിഥ്യമര്യാദയെ അവതരിപ്പിക്കുന്നത്.

4:10-11 ലെ വരദാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം 1 കോറി 13-14ലും എഫേ 4ലും ഉള്ള വിവരണങ്ങള്‍ക്കു സമാനമാണ്. ക്രൈസ്തവര്‍ തങ്ങള്‍ക്കു "ദാനമായി ലഭിച്ച" വരദാനങ്ങളുടെ "കാര്യസ്ഥരും" അവയെ "ശുശ്രൂഷയ്ക്കായി" വിനിയോഗിക്കുന്നവരുമാണ് എന്ന വ്യാഖ്യാനമാണ് വരദാനങ്ങളെക്കുറിച്ച് ലേഖനകര്‍ത്താവിനുള്ളത്. വരദാനങ്ങള്‍ ദൈവദത്തമാകയാല്‍ അവയുടെമേല്‍ വിശ്വാസികള്‍ക്കല്ല ദൈവത്തിനാണ് അവകാശമുള്ളത്. തന്മൂലം ശുശ്രൂഷയ്ക്കായി വരദാനങ്ങള്‍ ഉത്തരവാദിത്വബോധത്തോടെ വിനിയോഗിക്കാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്. വരദാനങ്ങള്‍ അനവധിയാകയാല്‍ 4:11ല്‍ പരാമര്‍ശിക്കുന്ന സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള വരങ്ങള്‍ എന്ന സൂചന ക്രിസ്തീയ ജീവിതത്തിലെ മുഴുവന്‍ പുണ്യങ്ങളെയും വിവക്ഷിക്കുന്നുണ്ട്.

ക്രിസ്തീയ വിശ്വാസത്തിലെ വരദാനങ്ങളൊന്നും വിശ്വാസികളെ മറ്റുള്ളവരുടെമേല്‍ ആധിപത്യ സ്വഭാവമുള്ളതാക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ലെന്ന് ലേഖനകര്‍ത്താവ് സവിശേഷമായി ഇവിടെ ഊന്നിപ്പറയുന്നുണ്ട്. വരദാനങ്ങള്‍ ശുശ്രൂഷക്കുവേണ്ടിയുള്ളതാകയാല്‍ എളിമയുടെ മനസ്സില്ലാത്തവന് വരദാനങ്ങള്‍ ശുശ്രൂഷോപാധികളായി ഉപയോഗിക്കാനാവില്ല. വിശ്വാസികളെ വരദാനങ്ങളാല്‍ സമ്പന്നരാക്കുന്ന ദൈവത്തിനുള്ള സ്തുതിപ്പോടെയാണ് ഈ വചനഭാഗം അവസാനിക്കുന്നത്.

വിചിന്തനങ്ങള്‍

  1. അവിശ്വാസികള്‍ എന്നതിലൂടെ ദൈവഹിതത്തിനു വിരുദ്ധമായി സ്വന്തം ദുര്‍മോഹങ്ങളാല്‍ നയിക്കപ്പെടുന്നവര്‍ എന്നാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്. വിജാതീയര്‍, അവിശ്വാസികള്‍ എന്നതിന് മതസംഹിതകളുടെ അതിര്‍ത്തി വലയങ്ങളല്ല ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനമാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.                                                                                       
  2. സ്നേഹം ഒരുപാടു പാപങ്ങളെ മറയ്ക്കുന്നു എന്ന പ്രസ്താവനയിലൂടെ ധാര്‍മ്മിക മൂല്യങ്ങളുടെ മാതാവായി സ്നേഹത്തെയാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് (വാ.8). സ്നേഹിക്കുന്നവരുടെ അപരാധങ്ങളോടും വീഴ്ചകളോടും മൃദുസമീപനം സ്വീകരിക്കുന്നതും ശത്രുവിന്‍റെ നിസ്സാരവീഴ്ചകളെപ്പോലും പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് മനുഷ്യസഹജമാണല്ലോ. പാപത്തിന്‍റെ കാഠിന്യത്തെ നിര്‍വ്വീര്യമാക്കാന്‍ സ്നേഹത്തിനു കഴിയുമെന്ന കണ്ടെത്തലില്‍ ദൈവസ്നേഹവും പാപിയോടുള്ള അവിടുത്തെ കാരുണ്യവും തമ്മിലുള്ള പാരസ്പര്യം മനസ്സിലാക്കാനാകും.

1 Peter 4: 1-11 The life of salvation articles of saint peter peter bible catholic malayalam Mar. Joseph Pamplani Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message