x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 3:8-12; വിശ്വസ്തരുടെ സഹനങ്ങള്‍

Authored by : Mar. Joseph Pamplani On 03-Feb-2021

 1 പത്രോസ് 3:8-12; വിശ്വസ്തരുടെ സഹനങ്ങള്‍

ക്രൈസ്തവര്‍ സമൂഹത്തിലെ ഇതരമതസ്തരോടും വിജാതീയരോടും എപ്രകാരം വര്‍ത്തിക്കണം എന്ന ഉപദേശമാണ് ഈ വചനഭാഗത്തിന്‍റെ ഉള്ളടക്കം. വിശ്വാസത്തോടുള്ള വിശ്വസ്തത ഒരുവനെ സഹനത്തിന്‍റെ ദുരിതപര്‍വ്വങ്ങളിലേക്കു നയിക്കും എന്ന മുന്നറിയിപ്പാണ് ഇവിടെ നല്‍കുന്നത്. മതമര്‍ദ്ദനത്തെ അഭിമുഖീകരിക്കുന്ന സഭാംഗങ്ങളെ സധൈര്യരാക്കുക എന്ന ലക്ഷ്യമാണ് ഗ്രന്ഥകാരന്‍ ഇവിടെ നിര്‍വ്വഹിക്കുന്നത്.

3:8-9, ക്രിസ്തീയ വിശ്വാസികളായ സകലരും (ഉടമകളും അടിമകളും ഭര്‍ത്താവും ഭാര്യയും മാതാപിതാക്കളും മക്കളും) അനുഷ്ഠിക്കേണ്ട പുണ്യങ്ങളുടെ വിവരണമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കൂട്ടായ്മ, സഹിഷ്ണത, സഹോദരസ്നേഹം, ദീനാനുകമ്പ, സ്നേഹം തുടങ്ങിയ പുണ്യങ്ങളാണ് ഇവിടെ വിവക്ഷിക്കുന്നത്. 1 കോറി 13ല്‍ പൗലോസ് നടത്തുന്ന സ്നേഹകീര്‍ത്തനത്തിനു സമാനമായ ഉപദേശമായി ഈ വചനഭാഗത്തെ മനസ്സിലാക്കാം.

ക്രൈസ്തവര്‍ തമ്മില്‍ മാത്രമല്ല തങ്ങളെ ശത്രുതാമനോഭാവത്തോടെ വീക്ഷിക്കുന്ന സമൂഹത്തിലെ ഇതരവിഭാഗങ്ങളോടും ക്രിസ്തീയ പുണ്യപൂര്‍ണ്ണതയില്‍ തന്നെ വര്‍ത്തിക്കണം എന്ന ഉപദേശമാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത് (വാ. 9). അനുസരണവും കാരുണ്യവും കൈവിടാതെ വ്യാപരിക്കുമ്പോഴാണ് സ്നേഹത്തിന്‍റെ ഈ സാമൂഹികക്രമം സാധ്യമാകുന്നത്. തിന്മയ്ക്കെതിരായി പ്രതികാരത്തിനു മുതിരരുത് എന്ന് നിര്‍ദ്ദേശിക്കുന്ന ഇതര വചനഭാഗങ്ങളുടെ അനുരണനങ്ങള്‍ ഈ വചനത്തില്‍ ദര്‍ശിക്കാം (മത്താ 5:38-42; ലൂക്കാ 6:29-31; റോമാ 12:19-21).

ശത്രുക്കളെ അനുഗ്രഹിക്കുന്നതിലൂടെ ദൈവാനുഗ്രഹത്തിന് സ്വയം അര്‍ഹരാകുക എന്ന ഉപദേശം ആദിമസഭയുടെ ആഴമേറിയ ആധ്യാത്മിക ചിന്തകളിലൊന്നായിരുന്നു: ക്ഷമിക്കാതെ ദൈവത്തിന്‍റെ ക്ഷമ അനുഭവിക്കാനാവില്ല എന്ന കര്‍തൃപ്രാര്‍ത്ഥനയുടെ അര്‍ത്ഥവും (മത്താ 6:14-15; ലൂക്കാ 6:35) സമാനമായ അര്‍ത്ഥത്തിലുള്ളതാണ്. ശത്രുവിനെ അനുഗ്രഹിക്കുന്നതിലൂടെ അനുഗ്രഹം പ്രാപിക്കാനുള്ള ആഹ്വാനം ഈ ലേഖനത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് (1:15; 2:9-21; 5:10).

3:10-12, സങ്കീ 34:12-16 ഉദ്ധരിച്ചുകൊണ്ട് ക്രിസ്തീയ ജീവിതശൈലിക്ക് ഉപോദ്ബലകമായ തത്ത്വമാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. 2 പത്രോസ് 2:3ലും ഈ സങ്കീര്‍ത്തനവാക്യം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന "ജീവിതവും നല്ല ദിവസങ്ങളും" യുഗാന്ത്യദിനങ്ങളെയാണ് വിവക്ഷിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും തിന്മ പ്രവര്‍ത്തിക്കുന്നവര്‍ ശത്രുക്കള്‍ക്കു മുന്നിലും തിന്മയായതൊന്നും പറയാതെയും പ്രവര്‍ത്തിക്കാതെയും നിലകൊള്ളണമെന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. സകലതിന്മകള്‍ക്കും അനീതിയ്ക്കും മുന്നില്‍ നന്മമാത്രം പ്രവര്‍ത്തിച്ച ക്രിസ്തുവാണ് വിശ്വാസിയുടെ സനാതനമായ മാതൃക (2:21). നിത്യജീവിതത്തിലുള്ള അചഞ്ചലമായ പ്രത്യാശയെയാണ് സഹനങ്ങളെയും തിന്മകളെയും നേരിടാനുള്ള യഥാര്‍ത്ഥ ശക്തിയായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.

3:11 ല്‍ "സമാധാനം അന്വേഷിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം 2:18-3:7 ല്‍ നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പാലിച്ചു ജീവിക്കുക എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. കുടുംബത്തിലും സമൂഹത്തിലും അന്യായം പ്രവര്‍ത്തിക്കുന്നവരുടെ പ്രാര്‍ത്ഥനയ്ക്ക് കര്‍ത്താവ് ഉത്തരം നല്‍കുകയില്ല എന്നാണ് ഗ്രന്ഥകര്‍ത്താവ് അര്‍ത്ഥമാക്കുന്നത്. സങ്കീ 34:12-16നെ മേല്‍പറഞ്ഞ ഉപദേശങ്ങള്‍ക്ക് അനുയോജ്യമായ ഉപസംഹാരം എന്ന നിലയിലാണ് ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നത് എന്ന് അനുമാനിക്കാം.

1 Peter 3: 8-12 The sufferings of the faithful Mar. Joseph Pamplani peter bible articles of saint peter catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message