x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 3:13-22, മതമര്‍ദ്ദനങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗം

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 3:13-22, മതമര്‍ദ്ദനങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗം

ഈ ലേഖനത്തിന്‍റെ ഹൃദയഭാഗം എന്നു വിശേഷിപ്പിക്കാവുന്ന വചനഭാഗമാണിത്. രണ്ടു വസ്തുതകള്‍ക്കാണ് ഈ വചനഭാഗത്തില്‍ ഊന്നല്‍ നല്‍കുന്നത്: (1) മതമര്‍ദ്ദനങ്ങളുടെ ഭീകരതയില്‍ പതറാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണം. (2) ശത്രുക്കളും അവിശ്വാസികളുമായ മതമര്‍ദ്ദകരോട് എപ്രകാരമാണ് ക്രിസ്തീയമായി പ്രതികരിക്കേണ്ടത്.

3:13-15, നന്മ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ളവര്‍ പീഡനങ്ങളെ നിസ്സാരമായി തള്ളിക്കളയാന്‍ കരുത്തുള്ളവരാകും എന്നാണ് ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നത്. എന്നാല്‍ അന്യായമായ സഹനങ്ങളെ ലേഖനകര്‍ത്താവ് ന്യായീകരിക്കുന്നില്ല എന്ന് 4:15ലെ മുന്നറിയിപ്പില്‍നിന്ന് ഗ്രഹിക്കാം. നന്മ ചെയ്തിട്ടും സഹിക്കേണ്ടിവരുന്നതിനെ "ഭാഗ്യം" എന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. 3:9ല്‍ തിന്മയെ തിന്മകൊണ്ടു നേരിടാത്തവര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹം (= എവൂളോഗിയ) തന്നെയാണ് ഇവിടെയും വിവക്ഷിക്കുന്നത്. എന്നാല്‍ 3:14ല്‍ ഉപയോഗിക്കുന്ന ഭാഗ്യവാന്‍ (= മക്കാറിയോസ്) എന്ന പദം അഷ്ടസൗഭാഗ്യങ്ങളില്‍ വിവരിക്കുന്ന ഭാഗ്യത്തിനു സമാനമാണ് (മത്താ 5:11-12....). മറ്റുള്ളവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്ന ഗിരിപ്രഭാഷകന്‍റെ വാക്കുകള്‍തന്നെയാണ് ലേഖനകര്‍ത്താവ് ഇവിടെ ഉദ്ധരിക്കുന്നത്.

"അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ട" എന്ന ഉപദേശം (വാ. 14) ഏശ 8:12-13 നെ ആധാരമാക്കിയുള്ള ഉദ്ധരണിയാണെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാല്‍ ഇവിടെ പി.ഓ.സി ബൈബിളിലെ വിവര്‍ത്തനം ശരിയല്ല. അവരുടെ ഭീഷണിയെ നിങ്ങള്‍ ഭയപ്പെടേണ്ട എന്നല്ല ڇഅവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടേണ്ടڈ എന്ന വിവര്‍ത്തനമാണ് ശരി. മറ്റുള്ളവര്‍ ഭയപ്പെടുന്നവയെ അല്ല ദൈവത്തെ മാത്രമാണ് വിശ്വാസികള്‍ ഭയപ്പെടേണ്ടത് എന്നാണ് ശ്ലീഹാ നല്‍കുന്ന ഉപദേശം. ഏശ 8:12-13 ല്‍ യഹോവയെക്കുറിച്ച് പ്രവാചകന്‍ നല്‍കുന്ന ഉപദേശം 1 പത്രോ 3:14ല്‍ ശ്ലീഹാ ക്രിസ്തുവിനെക്കുറിച്ചു നല്‍കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ക്രിസ്തുവിനോടുള്ള ആദരവും സ്നേഹവും വിശ്വാസികളുടെ ഹൃദയത്തെ വിശുദ്ധീകരിക്കാന്‍ (=ഹഗിയാസ്സോ ) പര്യാപ്തമാണ്. ഏശ 8:14 നെ 1 പത്രോ 2:8 ല്‍ ഇതിനോടകം ഉദ്ധരിച്ചിട്ടുള്ളതാണ്. ഏശയ്യാ 8-ാം അധ്യായവും 1 പത്രോസും തമ്മിലുള്ള ആഖ്യാനബന്ധം കേവലമായ ഉദ്ധരണികളുടേതല്ല ആശയപരമാണ് എന്നു മനസ്സിലാക്കാനാകും. ഏശയ്യാ യഹോവയെ ഇസ്രായേലിന്‍റെ പ്രത്യാശയുടെ പാറയായി അവതരിപ്പിക്കുന്നതുപോലെ ലേഖനകര്‍ത്താവ് ക്രിസ്തുവിനെ വിശ്വാസികളുടെ പ്രത്യാശയുടെ പാറയായി അവതരിപ്പിക്കുകയാണ്.

3:16, നന്മ ചെയ്യുമ്പോഴും തിന്മ മാത്രം പ്രതിഫലമായി ലഭിക്കുമ്പോള്‍ വിശ്വാസി എപ്രകാരം പ്രതികരിക്കണം എന്നതാണ് ഈ വാക്യത്തിലെ പ്രമേയം. തങ്ങളുടെ പ്രത്യാശയെ ചോദ്യം ചെയ്യുന്നവരോടു മറുപടി പറയാന്‍ അറിഞ്ഞിരിക്കണം എന്നാണ് ശ്ലീഹാ ഉപദേശിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേ നിയമനടപടികള്‍ക്കൊരുങ്ങുന്നവര്‍ക്ക് നിയമപരമായ മറുപടി പറയാന്‍ അറിഞ്ഞിരിക്കണം എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്  എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഇവിടെ വിവക്ഷിക്കുന്ന മറുപടി "തിന്മയെ നന്മകൊണ്ടു നേരിടുക " എന്നുതന്നെയാണ്. ക്രിസ്തീയവിശ്വാസത്തിന്‍റെ മുഴുവന്‍ സംഗ്രഹം എന്ന നിലയിലാണ് പത്രോസിന്‍റെ ഒന്നാം ലേഖനം "പ്രത്യാശ" എന്ന പദം ഉപയോഗിക്കുന്നത് (1:13, 13, 21; 2:12; 4:13; 5:4; 6:10). തങ്ങളോടു ശത്രുത പുലര്‍ത്തുന്ന വിജാതീയരോട് എളിമയോടും സൗമ്യതയോടുംകൂടി വര്‍ത്തിക്കാന്‍ പഠിക്കുന്നതിലൂടെയാണ് ക്രൈസ്തവര്‍ തങ്ങളുടെ "പ്രത്യാശയെ" അര്‍ത്ഥപൂര്‍ണ്ണമായി വ്യാഖ്യാനിക്കുന്നത്. തിന്മയ്ക്കുപകരമായി നന്മചെയ്യുന്നവന്‍ തിന്മപ്രവര്‍ത്തിക്കുന്നവനെ ലജ്ജിതനാക്കും എന്ന ഗ്രന്ഥകാരന്‍റെ വിശ്വാസം ക്രിസ്തീയ ജീവിതശൈലിയുടെ മര്‍മ്മമാണ് വ്യക്തമാക്കുന്നത്.

3:17-18, നന്മ പ്രവര്‍ത്തിക്കുന്നവന്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതയെക്കുറിച്ചാണ് ഈ വാക്യം പരാമര്‍ശിക്കുന്നത്. 3:14ലും 4:14ലും പരാമര്‍ശിക്കുന്ന ഭാഗ്യങ്ങളുടെ പരമ്പരയിലാണ് ഈ ഭാഗ്യത്തെയും മനസ്സിലാക്കേണ്ടത്. തിന്മക്കു പ്രതിഫലം സഹനമാണ് എന്ന സാമാന്യ തത്വത്തെയാണു ലേഖനകര്‍ത്താവ് ഇവിടെ തിരുത്തുന്നത്. സഹനത്തെ ഭാഗ്യമായികരുതുന്നതിന്‍റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കുംവിധം ഗ്രഹിക്കാം:

(1) തങ്ങള്‍ സഹിക്കുന്നത് തിന്മയ്ക്കുള്ള ശിക്ഷയായിട്ടല്ല എന്ന തിരിച്ചറിവുതന്നെ സഹനത്തെ സന്തോഷപൂര്‍വ്വം സമീപിക്കാന്‍ സഹായകമാണ്.

(2) തങ്ങളുടെ സഹനങ്ങള്‍ക്കു പിന്നില്‍ ദൈവകരമുണ്ടെന്ന തിരിച്ചറിവ് സഹനത്തെ സന്തോഷമാക്കിമാറ്റുന്നു.

(3) സഹനത്തിലൂടെയാണ് രക്ഷ എന്ന ക്രൈസ്തവദര്‍ശനം സാക്ഷാത്കരിക്കാനുള്ള ദൃഷ്ടാന്തമാണ് നീതിമാന്‍റെ സഹനം.

നീതിമാന്‍റെ സഹനത്തിന്‍റെ വിശദീകരണം എന്നനിലയില്‍ ക്രിസ്തുവിന്‍റെ മരണത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ 3:18 ല്‍ നടത്തിയിരിക്കുന്നത്. "ക്രിസ്തു പാപങ്ങള്‍ക്കുവേണ്ടി മരിച്ചു" എന്ന പി.ഓ.സി വിവര്‍ത്തനത്തേക്കാള്‍ "ക്രിസ്തു പാപങ്ങളെപ്രതി സഹിച്ചു" (=ക്രിസ്തോസ് പെറിഹമര്‍ത്തിയോന്‍ എപ്പാത്തേന്‍) എന്ന വിവര്‍ത്തനമാണ് കൂടുതല്‍ ശരിയായിട്ടുള്ളത്.

3:13-18 ല്‍ ആഖ്യാനശൈലി 2:18-25 ലെ വിവരണത്തിനു സമാനമായി രൂപപ്പെടുത്തിയിരിക്കുന്നതാണ് എന്നുകരുതാം. വിശ്വാസിയായ അടിമയ്ക്ക് അവിശ്വാസിയായ യജമാനനില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെ സകലവിശ്വാസികള്‍ക്കും അവിശ്വാസികളായ വിജാതീയ ഭരണകൂടങ്ങളില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളോടാണ് അപ്പസ്തോലന്‍ ഉപമിക്കുന്നത് (2:20 = 3:14; 2:21 = 3:18). ക്രിസ്തുവിനെ അനുകരിക്കുക എന്നതിന് ക്രിസ്തുവിന്‍റെ സഹനങ്ങളെ അനുകരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. ക്രിസ്തുവിന്‍റെ സഹനം ക്രിസ്ത്യാനിക്ക് ജീവിതമാതൃക മാത്രമല്ല; ക്രൈസ്തവന്‍റെ ജീവിതാസ്ഥിത്വങ്ങളെ മുഴുവന്‍ നിര്‍ണ്ണയിക്കുന്ന ആധാരശിലകൂടിയാണ്. സഹനങ്ങളിലൂടെ ക്രിസ്തുനേടിത്തന്ന രക്ഷയെയും മതമര്‍ദ്ദനങ്ങളെ അഭിമുഖീകരിച്ച് ക്രൈസ്തവര്‍ നേടുന്ന രക്ഷയും തമ്മിലുള്ള താത്പര്യമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ക്രിസ്തു എന്നേക്കുമായി ഒരിക്കല്‍ മാത്രം സഹിച്ചപ്പോള്‍ വിശ്വാസിയുടെ സഹനം ഒന്നിനുപിന്നാലെ ഒന്നായി തുടരുന്ന സഹനങ്ങളാണ്. ക്രിസ്തു നീതിമാനായിരിക്കേ സഹിച്ച് ശരീരത്തില്‍ മരിച്ചപ്പോള്‍ അവിടുന്ന് ആത്മാവില്‍ ശക്തനായതുപോലെ നീതിമാനായിരിക്കേ സഹിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ ആത്മാവിന്‍റെ ശക്തിലഭിക്കുന്നു.

ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവിക്കുക എന്നതിനെ ആദിമസഭയുടെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പശ്ചാത്തലത്തിലേ മനസ്സിലാക്കാനാകൂ (റോമാ 1:3; 1 തിമോ 3:16). ശരീരത്തെ ക്ഷയോന്മുഖമായ അവസ്ഥയുടെ പ്രതീകമായാണ് ലേഖനകര്‍ത്താവു വിവക്ഷിക്കുന്നത് (1:24; ഏശ 40:6-8). എന്നാല്‍ "ശരീരം" ക്രിസ്തുവിന്‍റെ മനുഷ്യാവതാരം ചെയ്ത അവസ്ഥയെ സൂചിപ്പിക്കുന്നതായും "ആത്മാവ്" ക്രിസ്തുവിന്‍റെ മഹത്വീകൃതമായ അവസ്ഥയെ സൂചിപ്പിക്കുന്നതായും കരുതുന്നതില്‍ തെറ്റില്ല. ശരീരം എന്നതിന് മനുഷ്യന്‍റെ ആഗ്രഹാഭിലാഷങ്ങള്‍ എന്ന അര്‍ത്ഥം കൂടിയുള്ളതിനാല്‍ വികാരങ്ങളെ നിയന്ത്രിക്കാത്തവന്‍ ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത് എന്ന അര്‍ത്ഥവും ഈ വചനഭാഗത്തിന് നല്കാനാകും.

3:19-21: "ആത്മാവോടു കൂടിച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്‍റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു."

യേശു പാതാളത്തില്‍ ബന്ധനസ്ഥരായി കഴിഞ്ഞ നരകവാസികളായ ആത്മാക്കളോട് വചനം പ്രസംഗിച്ച് അവരെ രക്ഷിച്ചു എന്ന അര്‍ത്ഥത്തിലാണ് സ്പിരിറ്റ് ഇന്‍ ജീസസ് ഈ വചനത്തെ വ്യാഖ്യാനിക്കുന്നത്. ഈ വചനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമെന്ത് എന്ന് നമുക്കു പരിശോധിക്കാം.

മതമര്‍ദ്ദനം അനുഭവിക്കുന്ന സമൂഹത്തെ സഹനത്തില്‍ ശക്തിപ്പെടുത്താനായി നല്‍കുന്ന ഉപദേശങ്ങളുടെ (3:13-22) ഭാഗമായിട്ടാണ് ഈ വചനം പ്രത്യക്ഷപ്പെടുന്നത്. സഹിക്കുന്ന വിശ്വാസികളെ ധൈര്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വചനം എഴുതപ്പെട്ടത് എന്ന് മനസ്സിലാക്കിക്കൊണ്ടുവേണം ഈ വചനം വ്യാഖ്യാനിക്കാന്‍. യഹൂദരുടെ ഇടയില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു കഥയെ അവലംബമാക്കിയാണ് ലേഖനകര്‍ത്താവ് തന്‍റെ ലക്ഷ്യം നിര്‍വ്വഹിക്കുന്നത്. പ്രസ്തുത കഥയുടെ രൂപരേഖ ചുവടെ ചേര്‍ക്കുന്നു (1 ഏനോക്ക് (6) 10-16;21;2 ബാറു 56:12 f; CD 2:18-21).

ദൈവകല്പന ലംഘിച്ച മാലാഖാമാര്‍ അനുസരണയില്ലാത്തവരായി എണ്ണപ്പെട്ടു (1 ഏനോക്ക് 21:6). വഴി തെറ്റിയ ഈ മാലാഖമാര്‍ മനുഷ്യരെ ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്ക് നയിച്ചു. തത്ഫലമായി മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായും (നോഹയുടെ കുടുംബത്തിലെ എട്ടുപേരെ ഒഴിച്ച്) ദൈവത്തിന് ജലപ്രളയത്തിലൂടെ നശിപ്പിക്കേണ്ടി വന്നു. മനുഷ്യരെ വഴിതെറ്റിച്ച മാലാഖമാരെ ദൈവം ഭൂമിക്കടിയില്‍ ബന്ധനസ്ഥരാക്കി (1 ഏനോക്ക് 21:10).അന്ത്യവിധിയുടെ നാള്‍ വരെയാണ് അവര്‍ അവിടെ കഴിയുന്നത്. എന്നാല്‍ ദൈവം ഏനോക്കിനെ അവരുടെ അടുക്കലേക്കയച്ച് അവരുടെ ശിക്ഷ നിത്യമാണെന്നും അന്ത്യവിധിയില്‍ അവര്‍ കാരുണ്യം പ്രതീക്ഷിക്കേണ്ടതില്ലെന്നും അറിയിച്ചു. ഈ കഥ യഹൂദരുടെ ഇടയില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള കഥയാണ് (ജൂബിലി 5:6, 1 ഏനോക്ക് 18:12-14; 2 ഏനോക്ക് 7:1-3ച ലേവിയുടെ ഉടമ്പടി 3:2). ഈ കഥയെ അവലംബമാക്കിക്കൊണ്ടാണ് ലേഖനകര്‍ത്താവ് തന്‍റെ സമൂഹം അഭിമുഖീകരിക്കുന്ന മതമര്‍ദ്ദനത്തിന്‍റെ സാഹചര്യത്തെ വിലയിരുത്തുന്നത്.

ആത്മാക്കള്‍  എന്ന ബഹുവചന രൂപം ഉപയോഗിക്കുമ്പോള്‍, പുതിയ നിയമത്തില്‍ വിശേഷിച്ചും, മാലാഖമാരെയോ ദുഷ്ടാരൂപികളെയോ ആണ് വിവക്ഷിക്കുന്നത് (നട 23:8; ഹെബ്രാ 1:14; 12:9, വെളി 1:4; 3:1; ദുഷ്ടാരൂപികളെ സൂചിപ്പിക്കുന്ന നിയതമായ അര്‍ത്ഥത്തില്‍ മര്‍ക്കോ 1:23, നട 19:15f; 16:16). പുതിയ നിയമത്തിന്‍റെ പൊതുവായുള്ള ഈ രീതി അനുസരിച്ച് "ആത്മാക്കള്‍" എന്ന് 1 പത്രോ 3:19 ല്‍ വിവക്ഷിക്കുന്നത് മരിച്ചുപോയവരുടെ ആത്മാക്കളെയല്ല മറിച്ച് മാലാഖമാരെയോ ദുഷ്ടാരൂപികളെയോ ആണെന്നു വ്യക്തമാണ്. ആരാണ് ഈ ആത്മാക്കള്‍ എന്നതിലേക്ക് സൂചന നല്‍കുന്നതാണ്  "നോഹയുടെ കാലത്തെ അനുസരണയില്ലാത്തവര്‍" എന്ന പദപ്രയോഗം. യഹൂദപാരമ്പര്യത്തില്‍ പരാമര്‍ശിക്കുന്ന, ദൈവത്തോടു മറുതലിച്ച് നിത്യശിക്ഷയില്‍പ്പെട്ടുപോയ, വഴിതെറ്റിയ മാലാഖാമാരെക്കുറിച്ചാണ് "ബന്ധനസ്ഥരായ ആത്മാക്കള്‍" എന്നു പറഞ്ഞിരിക്കുന്നത് എന്നു വ്യക്തമാകും.

ദുഷ്ടാരൂപികളായ ഈ ആത്മാക്കളുടെ ശിക്ഷയുടെ നിത്യതയെക്കുറിച്ച് ഏനോക്ക് ഓര്‍മ്മിപ്പിച്ചതുപോലെ ദൈവപുത്രനായ ക്രിസ്തുവും അവരുടെ ശിക്ഷയുടെ നിത്യതയെക്കുറിച്ചാണ് അവരോട് പ്രഖ്യാപിച്ചത്. "സുവിശേഷം" പ്രസംഗിച്ചു എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്ന "കെറുസ്സെയ്ന്"  എന്ന ക്രിയാപദത്തിന് പ്രഖ്യാപിച്ചു എന്നതാണ് നിയതമായ അര്‍ത്ഥം. ക്രിസ്തുവിലൂടെ കൈവരുന്ന രക്ഷയുടെ വിജയസന്ദേശം ദുഷ്ടാരൂപികളോട് പ്രഖ്യാപിച്ചു എന്ന അര്‍ത്ഥത്തിലാണ് ഈ വചനം മനസ്സിലാക്കേണ്ടത്. ക്രിസ്തുവിന്‍റെ വചനത്തിലൂടെ ദുഷ്ടാരൂപികളോ വഴിതെറ്റിയ മാലാഖമാരോ രക്ഷപ്രാപിച്ചതായി ബൈബിളില്‍ ഒരിടത്തും കാണുന്നില്ല. ഹെബ്രാ 2:16 ല്‍ സ്പഷ്ടമായി പറയുന്നതുപോലെ "എന്തെന്നാല്‍, അവന്‍ സ്വന്തമായി സ്വീകരിച്ചത് ദൈവദൂതന്‍മാരെയല്ല, അബ്രാഹത്തിന്‍റെ സന്തതികളെയാണ്." കൊളോ  1:20 ല്‍ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്ന് തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു". യേശുവിന്‍റെ ബലിയിലൂടെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സമസ്തവസ്തുക്കളും യേശുവില്‍ ദൈവത്തോട് അനുരഞ്ജനപ്പെട്ട് രക്ഷ പ്രാപിച്ചു. എന്നാല്‍ പാതാളത്തിലോ നരകത്തിലോ ഉള്ള ആരെങ്കിലും രക്ഷപ്രാപിക്കുന്നതായി വചനം പറയുന്നില്ല.

19-ാം വാക്യത്തിന്‍റെ ആരംഭത്തില്‍ "എന്‍ ഹോ കായി" എന്ന ഗ്രീക്ക് സംയോജനരൂപം (Conjunction) ഉപയോഗിച്ചിട്ടുണ്ട്. "എന്നിരുന്നാലും" "അതിനുസമാനമായി" "അതുപോലെ തന്നെ" എന്നൊക്കെയാണ് ഈ ശൈലി അര്‍ത്ഥമാക്കുന്നത്. 1 പത്രോ. 1:16 ലും ഇതേ ശൈലി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ (3:18-19) രണ്ടു കാര്യങ്ങളെയാണ് വിപരീതാര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നത്.

(1) തന്‍റെ മരണത്തിലൂടെ നീതിരഹിതമായ മനുഷ്യരെ ക്രിസ്തു ദൈവത്തിലെത്തിക്കുന്നു (വാ. 18).

(2) ബന്ധനസ്ഥരായ ആത്മാക്കളോട് (ദുഷ്ടാരൂപികളോട്) അവരുടെമേലുള്ള തന്‍റെ വിജയം യേശു പ്രഖ്യാപിക്കുന്നു (വാ. 19).

ഈ രണ്ടുകാര്യങ്ങളും ഒരേസമയം നടക്കുന്ന സത്യങ്ങളായാണ് സൂചിപ്പിക്കുന്നത്. നീതിരഹിതരായ മനുഷ്യരെ ദൈവത്തിലെത്തിക്കുന്നത് ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളിലൂടെയാണല്ലോ. അതുപോലെതന്നെ യേശുവിന്‍റെ മരണോത്ഥാനങ്ങളുടെ അനന്തരഫലമാണ് നരകവാസികളുടെമേലുള്ള വിജയപ്രഘോഷണവും. യേശു തന്‍റെ മരണത്തിനും ഉത്ഥാനത്തിനുമിടയില്‍ പാതാളത്തില്‍ പോയി സുവിശേഷം പ്രസംഗിച്ചു എന്നു വ്യാഖ്യാനിക്കാനുള്ള യാതൊരു സാധുതയും ഈ വചനഭാഗത്തില്ല.

യേശുവിന്‍റെ മരണത്തിലൂടെ രക്ഷയിലേക്കു വീണ്ടെടുക്കപ്പെട്ടവര്‍ (വാ. 18) പത്രോസിന്‍റെ സഭയിലെ വിശ്വാസികളാണ്. നോഹിന്‍റെ പെട്ടകം പ്രതിനിധാനം ചെയ്യുന്ന സഭയിലെ അംഗങ്ങളാണവര്‍. എന്നാല്‍ മതമര്‍ദ്ദകരായ എതിരാളികളാകട്ടെ നോഹയുടെ കാലത്തെ അനുസരണയില്ലാത്തവരെപ്പോലെയാണ്. അവരുടെ നിത്യനാശം യേശുവിന്‍റെ മരണത്തിലൂടെ ഉറപ്പിക്കപ്പെട്ടതാണെന്ന് ലേഖനകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. സഭയിലെ അംഗങ്ങളായിട്ടുള്ളവര്‍ക്ക് യേശുവിന്‍റെ കുരിശുമരണത്തിലൂടെ രക്ഷ എപ്രകാരം ഉറപ്പിക്കപ്പെട്ടിട്ടുണ്ടോ അതുപോലെതന്നെ മതമര്‍ദ്ദകര്‍ക്ക് നിത്യശിക്ഷയും ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഈ വചനത്തിന്‍റെ അര്‍ത്ഥം. തങ്ങളുടെ മര്‍ദ്ദകരുടെമേല്‍ അന്തിമവിജയം ക്രിസ്തുവിനാണ് എന്ന തിരിച്ചറിവ് വിശ്വാസിക്ക് പകര്‍ന്നു നല്‍കി ക്ലേശങ്ങളില്‍ അവരെ ശക്തിപ്പെടുത്താനാണ് ലേഖനകര്‍ത്താവ് ശ്രമിക്കുന്നത്.

ഇതിനു സമാനമായ ഒരു പ്രഖ്യാപനം 1 തിമോ 3:16 ലും കണ്ടെത്താനാവും. "ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതീകരിക്കപ്പെട്ടു ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെട്ടു." വചനം പ്രഘോഷിക്കപ്പെടുന്നതും രക്ഷിക്കപ്പെടുന്നതും ഈ ലോകത്തിലെ ജനപദങ്ങളാണ്. പാതാളത്തിലെ ദൂതന്മാര്‍ക്കാവട്ടെ അവന്‍ ദൃശ്യനാകുന്നതേയുള്ളൂ. അവരോട് വചനം പ്രഘോഷിക്കപ്പെടുന്നതായോ അവര്‍ രക്ഷിക്കപ്പെടുന്നതായോ ഉള്ള യാതൊരു സൂചനകളും ഈ വചനഭാഗങ്ങളിലൊന്നും ഇല്ല.

3:22, യേശുവിന്‍റെ സ്വര്‍ഗ്ഗപ്രവേശനത്തെ സൂചിപ്പിക്കുന്ന ഈ വാക്യം 1 തിമോ 3:16 ന്‍റെ ആവര്‍ത്തനമായി കരുതുന്നവരുണ്ട്. ക്രൈസ്തവ ജീവിതത്തിന്‍റെ (= മാമ്മോദീസായുടെ) ദൈവശാസ്ത്രത്തിന്‍റെ സാരാംശമായി ഈ വചനഭാഗത്തെ മനസ്സിലാക്കാം. ക്രിസ്തുവിനെപ്പോലെ ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവിക്കാനുള്ള നിയോഗമാണ് ക്രൈസ്തവനുള്ളത്. ഒരുവനെ രക്ഷിക്കുന്നത് മാമ്മോദീസായല്ല മറിച്ച് മാമ്മോദീസായിലൂടെ പ്രസ്തുത വ്യക്തി പങ്കുചേരുന്ന ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളാണ്.

വിചിന്തനങ്ങള്‍

  1. പ്രതികാര നിയമങ്ങളെ ജന്മാവകാശംപോലെ താലോലിച്ചു കൊണ്ടിരുന്ന യഹൂദ സംസ്കൃതിയിലാണ് ക്രിസ്തു ശത്രുസ്നേഹത്തിന്‍റെ ദിവ്യമായ പ്രബോധനം നല്‍കിയത്. ക്രിസ്തുമതത്തിന്‍റെ അനന്യതയ്ക്ക് അടിസ്ഥാനമായ ദര്‍ശനങ്ങളില്‍ ഏറ്റവും പ്രസക്തമായത് ശത്രുസ്നേഹമാണ്. ശത്രുവിനെ അനുഗ്രഹിക്കുമ്പോള്‍ ഒരുവന്‍ ദൈവാനുഗ്രഹത്തിന് അര്‍ഹനായിത്തീരും എന്ന സത്യമാണ് പത്രോസിന്‍റെ ഒന്നാം ലേഖനം ആവര്‍ത്തിച്ചു പഠിപ്പിക്കുന്നത്. അസമാധാനം നിറഞ്ഞ ഈ ലോകത്തിന് സമാധാനത്തിന്‍റെ വിഹായസ്സിലേക്കു പറന്നുയരാനുള്ള പാത ക്ഷമയും കരുണയും സ്നേഹവും ഒന്നുചേര്‍ന്ന ശത്രുസ്നേഹമാണ്. ശത്രുവിനോട് കാണിക്കാനാകുന്ന സ്നേഹത്തിന്‍റെ ആഴവും അവന്‍റെ ഉല്‍ക്കര്‍ഷത്തിലുള്ള ആത്മാര്‍ത്ഥമായ ആനന്ദവുമാണ് ഒരുവന്‍റെ ക്രിസ്തീയതയുടെ ആഴമറിയാനുള്ള അളവുകോല്‍.                                                                                                                                                                   
  2. തിന്മയുടെ ശക്തികളുടെമേല്‍ യേശുനടത്തുന്ന വിജയപ്രഘോഷണം (3:19-21) ഏറെ അര്‍ത്ഥവത്താണ്. തിന്മയുടെ വിജയങ്ങള്‍ താല്‍ക്കാലികമാണെന്നും തിന്മയെ പരാജയപ്പെടുത്തി ദൈവപുത്രന്‍ അന്തിമമായ വിജയപ്രഖ്യാപനം നടത്തും എന്ന തിരിച്ചറിവ് ആത്മീയതയിലെ ഏറ്റവും വലിയ ആശ്വാസമാണ്. തിന്മയുടെ ആകര്‍ഷണങ്ങളോടുള്ള നൈരന്തര്യമായ സംഘര്‍ഷത്തിലാണ് കാലയാപനം നടത്തുന്നത്. ഈ വൈരുദ്ധ്യാത്മക സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടെന്നും അവസാനവിജയം ദൈവപുത്രന്‍റേതായിരിക്കുമെന്നും തിരിച്ചറിയാന്‍ കഴിയുന്നവന്‍ സംഘര്‍ഷങ്ങളിലുടനീളം ദൈവികതയുടെ പക്ഷത്ത് അടിയുറച്ചു നിലകൊള്ളും.                                                                                              
  3. മറ്റുള്ളവര്‍ അമൂല്യമായി കരുതുന്നവയല്ല ദൈവത്തെയാണ് ക്രൈസ്തവര്‍ അമൂല്യമായി കരുതേണ്ടത് എന്ന ചിന്ത ലേഖനകര്‍ത്താവ് പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യന്‍റെ മൂല്യബോധങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സമ്പത്തും ശരീരവും കസേരകളും അവന്‍റെ മൂല്യശ്രേണിയില്‍ പ്രാമാണ്യങ്ങളാകാം. എന്നാല്‍ വിശ്വാസിക്ക് ദൈവം എന്ന മൂല്യത്തിനപ്പുറത്ത് മറ്റൊന്നും ഉണ്ടാകാന്‍ പാടില്ല.

1 Peter 3: 13-22 The way to deal with religious persecution articles of saint peter bible catholic malayalam Mar. Joseph Pampalani Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message