x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 3:1-8 അടിമവ്യവസ്ഥിതി ബൈബിള്‍ വിവരണങ്ങളില്‍

Authored by : Mar. Joseph Pamplani On 03-Feb-2021

അടിമവ്യവസ്ഥിതി ബൈബിള്‍ വിവരണങ്ങളില്‍

അടിമ എന്ന വാക്കിന് സമാനമായ സുമേറിയന്‍ പദത്തിന്‍റെ മൂലാര്‍ത്ഥം 'വിദേശി' എന്നാണ്. അന്യനാട്ടുകാരാണ് അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്നത് എന്നതിനാലാണ് ഇപ്രകാരമൊരു പദം ഉണ്ടായത്. യുദ്ധത്തില്‍ പരാജയപ്പെടുന്നവരും, കടല്‍ക്കൊള്ളക്കാരാല്‍ കീഴടക്കപ്പെടുന്നവരുമാണ് സാധാരണഗതിയില്‍ അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്നത്.

അടിമക്കച്ചവടത്തെക്കുറിച്ച് ബൈബിളില്‍ ഒട്ടേറെ പരാമര്‍ശങ്ങളുണ്ട് (എസെ 27:13; ആമോ 1:6-9). തട്ടിക്കൊണ്ടുപോകല്‍ നിയമംമൂലം നിരോധിക്കപ്പെട്ടിരുന്നതിനാല്‍ (പുറ 21:16; നിയ 24:7) ബലപ്രയോഗത്തിലൂടെ ഇസ്രായേല്‍ക്കാര്‍ ആരെയും അടിമകളാക്കിയിരുന്നില്ല. മറിച്ച്, വിലകൊടുത്ത് വാങ്ങുകയായിരുന്നു. അടിമക്കച്ചവടത്തിന്‍റെ വ്യവസ്ഥകള്‍ പലതും ഹമുറാബിയുടെ നിയമസംഹിതയില്‍ (ANET 166, 221, 177) നിന്ന് രൂപംകൊണ്ടതാണ്. പണം കൊടുത്ത് വാങ്ങിയ അടിമയ്ക്ക് 30 ദിവസത്തിനകം അപസ്മാരം ബാധിച്ചാല്‍ അവന്‍ സ്വതന്ത്രനാകും. ഉടമസ്ഥന്‍ അടിമയ്ക്കായി മുടക്കിയ പണം തിരിച്ചു നല്‍കിയാല്‍ അടിമയ്ക്ക് സ്വതന്ത്രനാകാം. യഹൂദന്‍ ഒരിക്കലും മറ്റൊരു യഹൂദനെ അടിമയാക്കാന്‍ പാടില്ലായിരുന്നു (ലേവ്യ 25:35ff).

അടിമയായി  ഒരുവനു തന്നെത്തന്നെ വില്‍ക്കാം (ANET 220). പിതാവിന് സ്വന്തം പുത്രനെ അടിമയായി വില്‍ക്കാന്‍ അവകാശമുണ്ട്. ഭാരിച്ച ഋണബാദ്ധ്യതയും ഒരുവനെ അടിമയാക്കി മാറ്റാം (പുറ 21:1-6;  നിയ 15:12; 25:35ff). ഋണബാദ്ധ്യതമൂലമുള്ള അടിമത്തം ആറുവര്‍ഷത്തിലധികമാകരുതെന്ന് ഹീബ്രുനിയമം അനുശാസിക്കുന്നു (പുറ 21:1ff, നിയ 15:12ff). അടിമകള്‍ക്കുണ്ടാകുന്ന മക്കളും യജമാനന്‍റെ അടിമകള്‍തന്നെ.

അടിമകള്‍ക്ക് എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു (പുറ 21:3ff). അടിമകളെ തിരിച്ചറിയാന്‍ പ്രത്യേകം അടയാളമുണ്ടായിരുന്നു (ANET. 176). കണം കൈയില്‍ കെട്ടിയിരുന്ന ചരടായിരുന്നു സാധാരണമായ അടയാളം. ഒളിച്ചോടുന്ന അടിമകളുടെ ശരീരത്തില്‍ മായാത്ത അടയാളം പതിക്കുന്ന പതിവുണ്ടായിരുന്നു. സ്വതന്ത്രമനുഷ്യനും അടിമയ്ക്കും നിയമദൃഷ്ടിയില്‍പ്പോലും തുല്യതയുണ്ടായിരുന്നില്ല. അടിമയ്ക്ക് സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ഉടമയ്ക്കാണ് (ANET. 175). യഹൂദനിയമമനുസരിച്ച് ഉടമയ്ക്ക്  അടിമയെക്കൊല്ലാന്‍ അവകാശമില്ല (പുറ 21:20). മോഷ്ടിച്ച സാധനങ്ങള്‍ തിരികെകൊടുത്തില്ലെങ്കില്‍, മോഷ്ടാവ് ജീവിതകാലം മുഴുവന്‍ അടിമവേല ചെയ്യേണ്ടതുണ്ട്.

സ്ത്രീകളായ അടിമകള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു (പുറ 21:7-11; നിയ 21:10-14; ANET. 170-171). ഒരു അടിമയുടെ  മരണശേഷം അടിമയുടെ സ്വത്തിന് അയാളുടെ വിധവയായ ഭാര്യയ്ക്കും ഉടമയ്ക്കും തുല്യാവകാശമുണ്ട്.

ഒളിച്ചോടുന്ന അടിമകള്‍ക്ക് ക്രൂരമായ ശിക്ഷ ലഭിച്ചിരുന്നു. തന്‍റെ ഉടമയെ തള്ളിപ്പറയുന്നവന്‍റെ ചെവിമുറിച്ചുകളയും. ഒളിച്ചോടുന്ന അടിമയെ സഹായിക്കുന്ന അടിമയ്ക്ക് വധശിക്ഷ ഉറപ്പായിരുന്നു. എന്നാല്‍, ഹീബ്രുനിയമമനുസരിച്ച് അഭയം തേടിയെത്തുന്ന അടിമയ്ക്ക് സംരക്ഷണം നല്‍കാം (നിയ 23:15-16). ഒരു കാലത്ത് ഇസ്രായേലിന്‍റെ ജനസംഖ്യയില്‍ ഏഴിലൊന്നു ഭാഗം അടിമകളായിരുന്നു (നെഹെ 7:67).

സുവിശേഷങ്ങളില്‍ അടിമകളെക്കുറിച്ച് ആകസ്മിക പരാമര്‍ശങ്ങളേയുള്ളൂ (മത്താ 10:24ff : ലൂക്കാ 17:7-10; യോഹ 8:35). തന്‍റെ അനുയായികളില്‍ ഒന്നാമനാകേണ്ടവന്‍ എല്ലാവരുടേയും അടിമയായിരിക്കണമെന്ന് യേശു ആവശ്യപ്പെട്ടു (മത്താ 20:27; മര്‍ക്കോ 10:44). അപ്പസ്തോലന്‍മാര്‍ തങ്ങളെത്തന്നെ ക്രിസ്തുവിന്‍റെ അടിമകളായാണ് പരിഗണിച്ചിരുന്നത് (റോമാ 1:1; ഫിലി 1:1; തീത്തോ 1:1; യാക്കോ 1:1; യൂദാ 1:1). എന്നാല്‍, ദൈവ-മനുഷ്യബന്ധം അടിമ-ഉടമ ബന്ധമല്ലെന്ന് പുതിയനിയമം അസന്ദിഗ്ധമായി പഠിപ്പിക്കുന്നുണ്ട് (ഗലാ 4:1ളള). തന്‍റെ അനുയായികള്‍ അടിമകളല്ല, സുഹൃത്തുക്കളാണെന്ന് യേശു പഠിപ്പിച്ചു (യോഹ 15:15).  മനുഷ്യാവതാരത്തില്‍ യേശു തന്നെത്തന്നെ ശൂന്യനാക്കി സ്വയം അടിമയാക്കി (ഫിലി 2:7). സാമൂഹിക നീതിയെക്കുറിച്ച് നിരന്തരം പ്രബോധിപ്പിക്കുന്ന പുതിയനിയമം അടിമവ്യവസ്ഥിതിയെ അപലപിക്കുന്നില്ല എന്നത് അദ്ഭുതത്തിന് വക നല്‍കുന്നു. ഒരു പരിധിവരെ പുതിയനിയമം അടിമവ്യവസ്ഥിതിയെ അനുകൂലിക്കുകയാണ് (എഫേ 6:5-9; കൊളോ 3:22,4:1; 1 തിമോ 6:1ff; 1 പത്രോ 2:19). എന്നാല്‍, അടിമവ്യവസ്ഥിതിയെ നേരിട്ട് ആക്രമിക്കുന്നില്ലെങ്കിലും സാമൂഹ്യനീതിയെയും മനുഷ്യമഹത്ത്വത്തെയുംകുറിച്ച് പ്രഘോഷിക്കുമ്പോള്‍, പുതിയനിയമം പരോക്ഷമായി അടിമത്തത്തെ അപലപിക്കുന്നുണ്ട്. അടിമ സ്വാതന്ത്ര്യത്തിനായ് ശ്രമിക്കേണ്ട; കാരണം അവന്‍ കര്‍ത്താവില്‍ സ്വതന്ത്രനാണ് (1 കൊളോ 7:21-23). അടിമയും ഉടമയും യേശുക്രിസ്തുവില്‍ ഒന്നാണ് (1 കോറി 12:13; ഗലാ 3:28; കൊളോ 3:11). ക്രൈസ്തവ സ്നേഹമാണ് അടിമവ്യവസ്ഥിതിക്കെതിരേ പുതിയനിയമം നിര്‍ദ്ദേശിക്കുന്നത്. ചരിത്രത്തില്‍ അടിമവ്യവസ്ഥിതിക്ക് ഏറ്റവും ഫലപ്രദമായ അന്ത്യം കുറിച്ചത് ക്രിസ്തുമതമാണ്.

പത്രോസിന്‍റെ ഒന്നാംലേഖനം അടിമകളെ ദൈവത്തിന്‍റെ അടിമകളായിട്ടാണ് മനസ്സിലാക്കുന്നത്. അവരുടെ യജമാനന്മാരും ദൈവത്തിന്‍റെ അടിമകളാകയാല്‍ അടിമത്തത്തെ ഒരു സാമൂഹിക പ്രശ്നം എന്ന നിലയിലാണ് ലേഖന കര്‍ത്താവ് സമീപിക്കുന്നത്. തങ്ങളുടെ വേദനകളെ അഭിമുഖീകരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ലേഖനകര്‍ത്താവ് അടിമകള്‍ക്ക് ഉപദേശിച്ചു നല്‍കുന്നുണ്ട്:

(1) ദൈവചിന്തയോടെ (= സുനേയ്ദേസിസ് = ഈ വാക്കിന്‍റെ സാധാരണ അര്‍ത്ഥം മനസ്സാക്ഷി എന്നാണ്) സഹനങ്ങളെ നേരിടണം. നീതിമാന്‍റെ സഹനം ദൈവതിരുമുമ്പില്‍ വിലയുള്ളതാകയാല്‍ പീഡകരോട് വെറുപ്പും വിദ്വേഷവും വെടിഞ്ഞ് വ്യാപരിക്കണം

(2) സ്രഷ്ടപ്രപഞ്ചം സ്രഷ്ടാവിനു കീഴ്പ്പെട്ടിരിക്കുന്നതിന്‍റെ പ്രതീകമായി തങ്ങളുടെ അടിമത്തത്തെ അവര്‍ മനസ്സിലാക്കണം. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭൗമീക യജമാനന്‍റെയല്ല ദൈവത്തിന്‍റെ ദാസനാണ് എന്ന ചിന്തയിലേക്കു വളരാന്‍ ഇത് അവരെ സഹായിക്കുന്നു.

(3) അന്യായമായുള്ള എല്ലാ സഹനങ്ങളും ക്രിസ്തുവിന്‍റെ സഹനത്തിലുള്ള പങ്കുചേരലാകയാല്‍ തങ്ങളുടെ സഹനങ്ങളെ ഈശോയുടെ രക്ഷാകരബലിയുടെ ഭാഗമായി മനസ്സിലാക്കണം. ഏശ 53:4,7,9 വാക്യങ്ങളിലെ സഹനദാസ കീര്‍ത്തനത്തിലെ ചിന്തകള്‍ 1 പത്രോ 2:18-28 ല്‍ പ്രതിഫലിക്കുന്നുണ്ട്.

(4) ലോകമാസകലം സഹനമനുഭവിക്കുന്ന മുഴുവന്‍ വിശ്വാസികളുടെയും സഹനങ്ങളില്‍ പങ്കുചേരാനുള്ള വിളിയുടെ ഭാഗമായി അടിമവ്യവസ്ഥിതിയെ മനസ്സിലാക്കാം.

3:1-6, വിശ്വാസികളും കുടുംബിനിമാരുമായ സ്ത്രീകള്‍ക്കുള്ള ഉപദേശമായിട്ടാണ് അപ്പസ്തോലന്‍ ഈ വാക്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഇനിയും വിശ്വാസത്തിലേക്കു കടന്നുവന്നിട്ടില്ലാത്ത വിജാതീയ ഭര്‍ത്താക്കന്മാരുള്ള ഭാര്യമാരോട് തങ്ങളുടെ സന്മാതൃകയിലൂടെ ഭര്‍ത്താവിനെ വിശ്വാസത്തിലേക്ക് ആനയിക്കാനാണ് പത്രോസ് ശ്ലീഹാ അനുസ്മരിപ്പിക്കുന്നത്. അടിമകള്‍ യജമാനന്മാരെ അനുസരിക്കുന്നതിനു സമാനമായ അനുസരണവും വിധേയത്വവുമാണ് അപ്പസ്തോലന്‍ ഭര്‍ത്താക്കന്മാരുടെ മുന്നിലെ ഭാര്യന്മാരുടെ പെരുമാറ്റത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2:18-28ല്‍ അടിമകളോട് അപമര്യാദയായി പെരുമാറുന്ന യജമാനന്‍മാരെപോലെ ഭാര്യമാരോട് പെരുമാറുന്ന ഭര്‍ത്താക്കന്‍മാരുള്ളതായി ശ്ലീഹാ പ്രസ്താവിക്കുന്നില്ല. തന്മൂലം ഭാര്യ-ഭര്‍തൃ ബന്ധത്തെ അടിമ - ഉടമ ബന്ധത്തോട് അപ്പസ്തോലന്‍ ഉപമിച്ചതായി കരുതാനാവില്ല. വിധേയത്വത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് ഈ ദൃഷ്ടാന്തവത്ക്കരണം എന്നു കരുതുന്നതാണ് കൂടുതല്‍ അര്‍ത്ഥവത്തായിട്ടുള്ളത്.

സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യവും അലങ്കാരവും എന്തായിരിക്കണമെന്ന് അപ്പസ്തോലന്‍ വ്യക്തമാക്കുകയാണ് ഇവിടെ (വാ.3). സത്ഗുണസമ്പന്നവും വരപ്രസാദപൂര്‍ണ്ണവുമായ അനശ്വരമായ ആത്മാവാണ് സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം. ഈ സവിശേഷണങ്ങള്‍ ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെടുത്തി ഇതിനോടകം ലേഖനകര്‍ത്താവ് ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുള്ളതാണ്.

1:4 - അനശ്വരവും അക്ഷയവും ഒള്ളിമങ്ങാത്തതുമായ അവകാശത്തിലേക്ക്......

1:23 - അനശ്വരമായ ബീജത്തില്‍നിന്ന് ജനിച്ചവരാണ്....

3:4 - ആത്മാവാകുന്ന അനശ്വര രത്നം അണിഞ്ഞ.....

ഇവിടെ വിവക്ഷിക്കുന്ന ڇആത്മാവായ അനശ്വര രത്നംڈ എന്നത് മാമ്മോദീസായിലൂടെ ലഭിച്ച പരിശുദ്ധാത്മാവിനെയാണ് സൂചിപ്പിക്കുന്നത്.

അടിമകള്‍ തങ്ങളുടെ സഹനത്തില്‍ ക്രിസ്തുവിനെ മാതൃകയാക്കാന്‍ ഉപദേശിച്ച അപ്പസ്തോലന്‍ ഭാര്യമാര്‍ക്കു മാതൃകയായി നല്‍കുന്നത് പൂര്‍വ്വമാതാവായ സാറായെയാണ് (വാ.5). അബ്രാഹത്തെ തന്‍റെ നാഥനായി കരുതി അനുസരിച്ച സാറായാണ് സകല ക്രൈസ്തവഭാര്യമാരുടെയും മാതൃക. എന്നാല്‍ സാറാ അബ്രാഹത്തിന്‍റെ വിശ്വാസം പങ്കുവച്ചിരുന്നവളാണ്. ലേഖനകര്‍ത്താവാകട്ടെ അവിശ്വാസികളായ ഭര്‍ത്താക്കന്മാരെ സന്മാതൃകയിലൂടെ വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യന്മാരെ ആഹ്വാനം ചെയ്യുന്നുണ്ട് (വാ.1). അതിനാല്‍ സാറായുടെ മാതൃകയെ ഭര്‍തൃവിധേയത്വം എന്നതലത്തില്‍ മാത്രമാണ് ലേഖനകര്‍ത്താവു വിവക്ഷിക്കുന്നത് എന്ന് വ്യക്തമാണ്. സാറാ അബ്രാഹത്തെ നാഥാ എന്നു വിളിച്ചു എന്ന പ്രസ്താവന ഉല്‍പ 18:12നെ ആധാരമാക്കിയാണ്. തനിക്കു ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള ദൈവദൂതന്‍റെ അറിയിപ്പാണ് ഉല്‍പ 18:12  സന്ദര്‍ഭം. സകലക്രൈസ്തവരെയും അബ്രാഹത്തിന്‍റെ സന്തതികളായി പരിഗണിക്കുന്ന ആദിമ സഭാപാരമ്പര്യം (റോമാ 4:13-25) 1 പത്രോ 3:5-6 നു പശ്ചാത്തലമായി വര്‍ത്തിക്കുന്നുണ്ട്.

3:7, ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉപദേശം അടങ്ങുന്ന ഈ വാക്യം ഇതര ഉപദേശങ്ങളോടു (2:18-28; 3:1-6) താരതമ്യം ചെയ്യുമ്പോള്‍ വളരെ ഹ്രസ്വമാണ്. ഭാര്യമാരെ സ്നേഹിക്കണം എന്ന ആശയത്തിനാണ് ഇവിടെ പ്രാമുഖ്യം. എഫേ 5:22 ല്‍ പൗലോസ് ശ്ലീഹാ സൂചിപ്പിക്കുന്ന ദാമ്പത്യത്തിലെ പരസ്പരവിധേയത്വം എന്ന ആശയത്തിന് ഇവിടെ പ്രാധാന്യമില്ല. എന്നാല്‍ ദൈവകൃപയ്ക്ക് പുരുഷനു തുല്യമായ അവകാശം സ്ത്രീയ്ക്കുമുണ്ട് എന്ന പ്രസ്താവന സ്ത്രീയുടെ മഹത്വത്തെയും തുല്യതയെയും ഊന്നിപ്പറയുന്നുണ്ട്.

സ്ത്രീ "ബലഹീന പാത്ര"മാണ് എന്ന പ്രസ്താവന ഏറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്. എന്നാല്‍, അജപാലനലേഖനങ്ങളുടെ പൊതുപശ്ചാത്തലത്തില്‍ മാത്രമേ ഇവയെ മനസ്സിലാക്കാനാകുകയുള്ളൂ. ഒന്നാമതായി, "ബലഹീനപാത്രം" എന്ന പരാമര്‍ശം പുരുഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീക്കുള്ള ശാരീരിക ക്ഷമതയുടെയും കായബലത്തിന്‍റെയും കുറവിനെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി, അബദ്ധ പ്രബോധനങ്ങളിലേക്ക് എളുപ്പത്തില്‍ വഴുതി വീഴുന്നത് സ്ത്രീകളാണ് എന്നൊരു കാഴ്ചപ്പാട് അജപാലക ലേഖനങ്ങളില്‍ ദൃശ്യമാണ്. ഈ അര്‍ത്ഥത്തിലും സ്ത്രീകള്‍ ബലഹീന പാത്രങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു.

എന്നാല്‍, ഭര്‍ത്തക്കന്മാരേക്കാള്‍ ആഴമുള്ള സത്യവിശ്വാസം മുറകെപ്പിടിച്ചിരുന്ന വിശ്വാസിനികളായ ഭാര്യമാര്‍ ഏഷ്യാമൈനറില്‍ ഉണ്ടായിരുന്നതിനാല്‍ (3:1-2) സ്ത്രീകളെ മുഴുവനായും ബലഹീന പാത്രങ്ങളായി കരുതുന്ന നിലപാടാണ് ലേഖനകര്‍ത്താവിനുള്ളത് എന്നു കരുതാനാവില്ല. പുരുഷാധിപത്യത്തിന്‍റെ സംസ്കാരത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള ഒരു സാമാന്യധാരണയെ ലേഖനകര്‍ത്താവ് ഉദ്ധരിച്ചു എന്നു കരുതാനാണ് കൂടുതല്‍ ന്യായമുള്ളത്.

ദമ്പതികള്‍ പരസ്പരം ബഹുമാനിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് പ്രാര്‍ത്ഥനാ ജീവിതത്തിനു തടസ്സം സൃഷ്ടിക്കും എന്ന ലേഖനകര്‍ത്താവിന്‍റെ നിലപാട് ഏറെ ശ്രദ്ധേയമാണ്. ക്രിസ്തീയ പ്രാര്‍ത്ഥനയും ആധ്യാത്മികതയും സത്പ്രവൃത്തികളുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. തകര്‍ന്ന കുടുംബബന്ധങ്ങള്‍ പലപ്പോഴും തകര്‍ന്ന ആധ്യാത്മികതയുടെ ഭാഗമാകാം. (യാക്കോ 4:3). ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കു മാത്രമാണ് ഈ ലേഖനകര്‍ത്താവ് ഉപദേശങ്ങള്‍ നല്‍കുന്നത്. എഫേ 6:1-4 ലേതിനു സമാനമായി മക്കള്‍ക്കുള്ള ഉപദേശം അപ്പസ്തോലന്‍ നല്‍കുന്നില്ല എന്നതു ശ്രദ്ധേയമാണ്.

വിചിന്തനങ്ങള്‍

  1. സ്വാതന്ത്ര്യത്തെക്കുറിച്ച് ലേഖനകര്‍ത്താവു പുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ക്ക് കാലിക പ്രസക്തിയുണ്ട്. സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളിലെ അധിനിവേശശൈലികളെയോ അവയ്ക്കെതിരായ പോരാട്ടങ്ങളെയോ ലേഖന കര്‍ത്താവ് പ്രോത്സാഹിപ്പിക്കുന്നില്ല. സൃഷ്ടപ്രപഞ്ചവും സകല മനുഷ്യരും സ്രഷ്ടാവും പിതാവുമായ ദൈവത്തിന്‍റെ ദാസന്മാരാണ് എന്ന വിശാലമായ പശ്ചാത്തലത്തിലാണ് ലേഖനകര്‍ത്താവ് സമൂഹത്തെയും കുടുംബത്തെയും നോക്കിക്കാണുന്നത്. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ചെറുത്തുനില്‍പ്പുകളും അധിനിവേശത്തിനുള്ള ആവേശങ്ങളും അവയ്ക്കെതിരായ വര്‍ഗ്ഗസമരങ്ങളും സമൂഹത്തെ സ്വാധീനിക്കുന്നത് ദൈവവിരുദ്ധമായ ഒരു സംസ്കാരം വളരുന്നതിന്‍റെ ലക്ഷണമാണ്. സകല അനീതികളും അധിനിവേശങ്ങളും അവസാനിപ്പിക്കാനായി ദൈവമാണ് തങ്ങളുടെ ഏക ഉടയവന്‍ എന്ന ചിന്തയിലേക്ക് സമൂഹം വളരണം എന്നതാണ് ലേഖനകര്‍ത്താവിന്‍റെ നിലപാട്. സാമൂഹിക വിപ്ലവത്തിനുള്ള ഏറ്റവും ശക്തവും കുറ്റമറ്റതുമായ പടവാള്‍ വിശ്വാസത്തിന്‍റേതാണ് എന്ന സത്യമാണ് ഇവിടെ പ്രകടമാകുന്നത്.                                                                                                                          
  2. ആധുനിക കുടുംബസങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായി ജീവിക്കാനുള്ള ആഹ്വാനമാണ് ലേഖനകര്‍ത്താവ് ഭാര്യമാര്‍ക്കു നല്‍കുന്നത്. ദൈവകൃപയുടെ തുല്യ അവകാശികളാണ് ദമ്പതികള്‍ എന്ന ഉറച്ച ബോധ്യമുണ്ടായിട്ടും ഭര്‍ത്താവിനു വിധേയപ്പെടുന്ന ഭാര്യ എന്ന കാഴ്ചപ്പാടാണ് ശ്ലീഹാ അവതരിപ്പിക്കുന്നത്. സ്ത്രീ വിമോചന പ്രസ്താനങ്ങളും അവയുടെ അവകാശവാദങ്ങളും സാമൂഹികമായ ആവശ്യമാണെന്ന് അംഗീകരിക്കുമ്പോഴും ഭര്‍ത്താവിനു വിധേയയായ ഭാര്യ എന്ന കാഴ്ചപ്പാട് കുടുംബഭദ്രതയ്ക്ക് അനിവാര്യമാണ്. ഇപ്രകാരമുള്ള വിധേയത്വമില്ലാത്ത കുടുംബങ്ങള്‍ വിവാഹമോചനത്തിലേക്ക് നയിക്കപ്പെടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ വിധേയത്വത്തെ പുരുഷന്‍റെ അടിമയാണ് സ്ത്രീ എന്നു ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അന്യായമാണ്. പുത്രന്‍ തമ്പുരാന്‍ പിതാവായ ദൈവത്തിനു വിധേയനായിരിക്കുന്നതുപോലെ തിരുസ്സഭ ക്രിസ്തുവിനു വിധേയമായിരിക്കുന്നതുപോലെ സ്നേഹപൂര്‍ണ്ണമായ ആത്മസമര്‍പ്പണമാണ് ഈ വിധേയത്വം.                                       
  3. ശരിയായ ജീവിതവും ശരിയായ പ്രാര്‍ത്ഥനയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ നല്കുന്ന ഉപദേശങ്ങള്‍ വി. ഗ്രന്ഥത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. പ്രവാചകന്മാര്‍ ഈ സത്യം ഊന്നിപ്പറയുന്നുണ്ട് (ആമോ 5:21-24). ഗിരിപ്രഭാഷണത്തില്‍ സഹോദരസ്നേഹം മറന്ന് പ്രാര്‍ത്ഥിക്കാന്‍ വരരുത് എന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ട് (മത്താ 5:23-24). പരസ്പര സ്നേഹമില്ലാതെ കര്‍ത്താവിന്‍റെ മേശ പങ്കിടുന്നവന്‍ പാപം ചെയ്യുന്നു എന്ന് പൗലോസ് ശ്ലീഹാ അനുസ്മരിപ്പിക്കുന്നുണ്ട് (1 കോറി 11:29). സ്വാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ തിരസ്കരിക്കപ്പെടുമെന്നും (യാക്കോ 4:3) നീതിമാന്‍റെ പ്രാര്‍ത്ഥന ശക്തിയുള്ള ആയുധമാണെന്നും (യാക്കോ 5:16) യാക്കോബ് ശ്ലീഹാ അനുസ്മരിപ്പിക്കുന്നുണ്ട്.

Slavery in the Bible catholic malayalam bible Mar. Joseph Pamplani 1 Peter 3: 1-8 In the Bible account of slavery Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message