x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 2:11-17, വിജാതീയ അധികാരികളോടുള്ള കടമ

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 2:11-17, വിജാതീയ അധികാരികളോടുള്ള കടമ

വിശ്വാസികളുടെ പെരുമാറ്റ മര്യാദകളെക്കുറിച്ചുള്ള ദീര്‍ഘമായ വിവരണം ആരംഭിക്കുന്ന വാക്യങ്ങളാണിവ. "പ്രിയപ്പെട്ടവരേ" എന്ന അഭിസംബോധനയും "ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു" എന്ന പ്രസ്താവനയും (വാ. 11) പുതിയൊരു വിവരണത്തിന്‍റെ തുടക്കത്തെയാണു സൂചിപ്പിക്കുന്നത്. "പ്രിയപ്പെട്ടവരേ" എന്ന അഭിസംബോധനയ്ക്ക് വിശ്വാസികള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണെന്നും (1:2) പരസ്പരം സ്നേഹമുള്ളവരാണെന്നും (1:22) അര്‍ത്ഥമുണ്ടാകാം. വിശ്വാസത്തിന്‍റെ ദൃഷ്ടിയില്‍ വിലയുള്ളവരും സ്നേഹഭാജനങ്ങളുമാണ് വിശ്വാസികള്‍. എന്നാല്‍ ലോകത്തിന്‍റെ ദൃഷ്ടിയില്‍ ക്രൈസ്തവരെ വിലയിരുത്തുന്ന അഭിസംബോധനയായി ഇതിനെ മനസ്സിലാക്കാം. 

2:11 ല്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ ആത്മാവിനെതിരായി പോരാടുന്ന ശക്തികളായി വിശേഷിപ്പിക്കുന്നത് ക്രൈസ്തവര്‍ക്കെതിരായി പോരാടു ന്ന വിജാതിയരെ അനുസ്മരിപ്പിക്കുന്നുണ്ട്. യേശുവില്‍ വിശ്വസി ക്കുന്ന വരെയാണ് അപ്പസ്തോലന്‍ ആത്മാ വിനാല്‍ നയിക്കപ്പെടുന്നവരായി വിലയിരുത്തുന്നത്; അല്ലാത്തവര്‍ ജഡത്തിന്‍റെ ദുരാശകളാല്‍ നയിക്കപ്പെടുന്നവരാണ്. തന്മൂലം "ജഡികാശകളില്‍നിന്ന് അകലം പാലി ക്കണം" എന്ന ആഹ്വാനത്തിലൂടെ വിശ്വാസ വിരുദ്ധമായവയില്‍നിന്ന് അകന്നുനില്‍ക്കാനുംകൂടി ശ്ലീഹാ അര്‍ത്ഥമാക്കുന്നുണ്ട്. വിശ്വാസികളും വിജാതീയരും തമ്മിലുള്ള സംഘര്‍ഷത്തെ നന്മയും തിന്മയും തമ്മിലുള്ള സംഘര്‍ഷവുമായും  ദൈവവും സാത്താനും തമ്മിലുള്ള സംഘര്‍ഷവുമായുമാണ് ലേഖന കര്‍ത്താവ് താരതമ്യം ചെയ്യുന്നത്. ജഡത്തില്‍ നിന്നുത്ഭവിക്കു ന്നതെല്ലാം പുല്ലുപോലെ വാടിപ്പോകും എന്ന സത്യം ഏശ 40:6-8 നെ ഉദ്ധരിച്ചുകൊണ്ട് 1:24-25 ല്‍ ലേഖനകര്‍ത്താവു സമര്‍ത്ഥിച്ചതിന്‍റെ തുടര്‍ച്ചയായി ഈ വാക്യങ്ങളെ മനസ്സിലാക്കാം. ജഡത്തിന്‍റെ വ്യാപാരങ്ങളെ തിന്മയുടെ പ്രവര്‍ത്തന മേഖലയായി ചിത്രീകരിക്കുന്ന പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടുതന്നെയാണ് (റോമാ 7:14-20; ഗലാ 5:16-20) 1 പത്രോ 2:11 ലും പ്രതിഫലിക്കുന്നത്.

2:12, ക്രൈസ്തവരും അവര്‍ അധിവസിക്കുന്ന ലോകവും തമ്മിലുള്ള അന്തരമാണ് ലേഖനകര്‍ത്താവ് ഈ വാക്യത്തില്‍ വിവരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരേ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവരുടെ സത് പ്രവൃത്തികള്‍കണ്ട് വിധിദിവസത്തില്‍ ദൈവത്തെ സ്തുതിക്കും എന്ന പ്രസ്താവന യഹൂദസങ്കല്പത്തില്‍നിന്നു കടമെടുത്തതാണ്. കര്‍ത്താവിന്‍റെ ദിനത്തില്‍ ഇസ്രായേലിന്‍റെ മഹത്വംകണ്ട് സകല വിജാതീയരും ദൈവത്തെ സ്തുതിക്കും എന്നതായിരുന്നു യഹൂദ വിശ്വാസം. ലേഖനകര്‍ത്താവ് ക്രൈസ്തവരെ ഇസ്രായേലിനോടും അക്രൈസ്തവരെ വിജാതീയരോടും താരതമ്യം ചെയ്താണ് ഈ വിവരണം നല്‍കുന്നത്. ക്രൈസ്തവര്‍ക്കെതിരേ വിജാതീയര്‍ ഉന്നയിച്ചിരുന്ന മുഖ്യ ആരോപണം അവര്‍ ശരീരത്തിന്‍റെ ആഗ്രഹ ങ്ങളെയും ലോകത്തെയും അവഗണിക്കുന്നു എന്നതായിരുന്നു. ടാസിറ്റസിന്‍റെയും സ്യൂട്ടോണിയൂസിന്‍റെയും  രചനകളില്‍ ഈ ആരോപണങ്ങള്‍ കാണാം. തന്മൂലം വിജാതീയരുടെ ജഡമോഹങ്ങ ള്‍ക്കു വിരുദ്ധമായ ക്രൈസ്തവജീവിതശൈലിയെയാണ് 2:12 ല്‍ "നിങ്ങളുടെ നല്ല പ്രവൃത്തികള്‍" എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് അനുമാനിക്കാം.

തങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സകല പീഡകള്‍ക്കുമുള്ള ശരിയായ ഉത്തരം ലഭിക്കുന്നത് യുഗാന്ത്യത്തിലായിരിക്കും എന്ന വ്യക്തമായ ആഹ്വാനമാണ് അപ്പസ്തോലന്‍ ഈ വാക്യങ്ങളില്‍ പ്രകടമാക്കുന്നത്. ക്രൈസ്ത വരുടെ നന്മപ്രവൃത്തികള്‍ കണ്ട് വിജാതീയര്‍ ദൈവത്തെ സ്തുതിക്കും എന്ന പ്രഖ്യാപനം ഗിരിപ്രഭാഷണത്തെ (മത്താ 5:16) അനു സ്മരിപ്പിക്കുന്നുണ്ട്. വിശ്വാസികളുടെ സത്പ്രവൃത്തികള്‍ വിശ്വാസികളെയല്ല ദൈവത്തെയാണു മഹത്വപ്പെടുത്തുന്നത് എന്നാണ് ഈ പ്രസ്താവനയുടെ അര്‍ത്ഥം.

2:13-14, ക്രൈസ്തവരുടെ "നല്ല പ്രവൃത്തികള്" എന്ന് 2:12 ല്‍ പറഞ്ഞ തിന്‍റെ വ്യാഖ്യാനമായി 2:22 വരെയുള്ള വാക്യങ്ങളെ മനസ്സിലാക്കാവുന്നതാണ്. മാനുഷികമായ എല്ലാ അധികാരങ്ങള്‍ക്കും കര്‍ത്താവിനെ പ്രതി വിധേയരായി ജീവിക്കാനുള്ള ആഹ്വാനം (വാ. 14) ഏറെ അര്‍ത്ഥ ക്ലിഷ്ടതയുളവാക്കു ന്നതാണ്. മാനുഷികമായ അധികാരികള്‍ വിശ്വാസം ഉപേക്ഷിക്കാന്‍ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നതാണല്ലോ മതമര്‍ദ്ദ നത്തിന്‍റെ യഥാര്‍ത്ഥ കാരണം. എന്നാല്‍, ശ്ലീഹാ ഇവിടെ ആവശ്യപ്പെടുന്നത് മാനുഷിക അധികാരികളെ അനുസരിക്കാനാണ് എന്നതാണ് ഈ വചനഭാഗം ഉയര്‍ത്തുന്ന പ്രശ്നം. എന്നാല്‍ തുടര്‍ന്നുവരുന്ന വിവരണങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസ വിഷയങ്ങളിലല്ല സാമൂഹികവും രാഷ്ട്രീയവുമായ പൗരധര്‍മ്മ ങ്ങളില്‍ മാത്രമാണ് അപ്പസ്തോലന്‍ ഊന്നല്‍ നല്‍കുന്നത് എന്ന് വ്യക്തമാകും. ക്രിസ്ത്യാനി ഒരു നല്ല പൗരനായിരിക്കണം എന്ന ആശയത്തിനാണ് ഇവിടെ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സമാനമായ ആശയങ്ങള്‍ പുതിയനിയമത്തില്‍ അന്യത്ര ദ്യശ്യമാണ് (റോമാ 13:1-7; തീത്തോ 3:1; 1 തിമോ 2:1-3). ക്രൈസ്തവരെ രാജ്യസ്നേഹമില്ലാത്തവരായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അവസരം കൊടുക്കരുത് എന്നാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്.

റോമന്‍ ചക്രവര്‍ത്തിമാരെയും ഗവര്‍ണര്‍മാരെയും രാഷ്ട്രീയഭരണാധികാരികള്‍ ആദരിക്കുക എന്നതിലൂടെ അവരുടെ നിലപാടുകളെയും തത്വങ്ങളെയും ദൈവികമായി കരുതി അനുസരിക്കണം എന്ന് അര്‍ത്ഥമാക്കുന്നില്ല. ദൈവം എല്ലാ അധികാരികളുടെയും സ്രഷ്ടാവാണ്. അധികാരിയുടെ തിന്മ ദൈവതിരുമുമ്പില്‍ വിധിക്കപ്പെടും.

2:15-16, മാതൃകാപരമായി പൗരധര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ തങ്ങളുടെ ശത്രുക്കളുടെ വായ അടപ്പിക്കാനാകും. സത്പ്രവൃത്തികള്‍ ചെയ്യുന്നതിന് രണ്ടു കാരണങ്ങളാണ് പത്രോസിന്‍റെ ഒന്നാം ലേഖനം ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്നത്: (1) തങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ലജ്ജിപ്പിക്കാനും (2) തങ്ങളെക്കുറിച്ചുള്ള ദൈവികപദ്ധതി നിറവേറ്റാനുമായിട്ടാണ് വിശ്വാസികള്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നത്. സമാനമായ വാദഗതി 1 തിമോ 2:1-3ല്‍ പൗലോസ് ശ്ലീഹാ അവതരിപ്പിക്കുന്നുണ്ട്.

എന്നാല്‍ അധികാരികളെ അനുസരിക്കുന്നതിന്‍റെ മറവില്‍ തിന്മയായതു പ്രവര്‍ത്തിക്കരുത് എന്ന വ്യക്തമായ മുന്നറിയിപ്പ് ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്. അധികാരികളില്‍ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുന്ന അവിവേക പ്രവൃത്തികളില്‍ ഏര്‍പ്പെടരുത് എന്നും ഈ വാക്യത്തെ (വാ.16) വ്യാഖ്യാനിക്കുന്നവരുണ്ട്. ക്രൈസ്തവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ ദാസരാകയാല്‍ ദൈവഹിതത്തിനു വിരുദ്ധമായതൊന്നും അധികാരികളോടുള്ള വിധേയത്വത്തിന്‍റെ പേരില്‍ ചെയ്യാന്‍ പാടില്ല. ക്രൈസ്തവന്‍റെ സ്വാതന്ത്ര്യം എന്നത് ദൈവതിരുമുമ്പില്‍ ശരിയായതു ചെയ്യാനുള്ള വഴിയാണ്. അധാര്‍മ്മികവും അധികാരികളെ ധിക്കരിക്കുന്നതുമായ പ്രവൃത്തികള്‍വഴി സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണം എന്നാണ് ഗ്രന്ഥകാരന്‍ ഉപദേശിക്കുന്നത്.

2:17, നിയതമായ സമാന്തരിക രീതിയിലാണ് ഈ വാക്യം ക്രമീകരിച്ചിരിക്കുന്നത്. A,B,B1,A1 ശൈലിയില്‍ ഈ വാക്യത്തിന്‍റെ ഘടന മനസ്സിലാക്കാം.

  1. എല്ലാവരെയും ബഹുമാനിക്കുക
  2. സഹോദരരെ സ്നേഹിക്കുക
  3. ദൈവത്തെ ഭയപ്പെടുക (=സ്നേഹിക്കുക)
  4. രാജാവിനെ ബഹുമാനിക്കുക

ക്രിസ്തീയ ജീവിതത്തിന്‍റെ മുഖമുദ്രയായ ദൈവസ്നേഹവും പരസ്നേഹവുമാണ് B,B1ല്‍ അവതരിപ്പിക്കുന്നത്. ദൈവത്തെയും രാജാവിനെയും ബഹുമാനിക്കണം എന്ന സുഭാ 24:21 ലെ ഉപദേശത്തിന്‍റെ ആഖ്യാനമായും ഈ വാക്യത്തെ മനസ്സിലാക്കുന്നവരുണ്ട്. എന്നാല്‍ ലേഖനകര്‍ത്താവ് ദൈവത്തെ മാത്രം ഭയപ്പെടാനും രാജാവിനെമാനിക്കാനുമുള്ള ആഹ്വാനമാണ് നല്‍കുന്നത് എന്നതു ശ്രദ്ധേയമാണ്.

2,4 ല്‍ അവതരിപ്പിച്ചിരിക്കുന്നത് ക്രൈസ്തവര്‍ക്ക് വിജാതീയരോടും അധികാരികളോടുമുള്ള മനോഭാവമാണെങ്കില്‍  1,3 ല്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസജീവിതത്തിലും സഭാജീവിതത്തിലും പുലര്‍ത്തേണ്ട മനോഭാവമാണ് അവതരിപ്പിക്കുന്നത്.

വിചിന്തനങ്ങള്‍

  1. ക്രിസ്തീയ ജീവിതത്തെ പുതിയ ജനനമായി ആവര്‍ത്തിച്ച് അവതരിപ്പിക്കുന്ന ശൈലി ഈ ലേഖനത്തിലുടനീളമുണ്ട്. ക്രിസ്ത്യാനി ആയിരിക്കുക എന്നതില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ട്. അവിശ്വാസികളില്‍നിന്നും വിജാതീയരില്‍നിന്നും കാഴ്ചപ്പാടുകളിലും ധാര്‍മ്മികതയിലും യഥാര്‍ത്ഥമായ വ്യത്യാസം ക്രൈസ്തവര്‍ക്കുണ്ടാകണം. ഈ അന്തരത്തെയാണ് വീണ്ടും ജനനം എന്നു വിവക്ഷിക്കുന്നത്. എന്നാല്‍ ഇന്ന് ക്രൈസ്തവരും ഇതരമതസ്തരും തമ്മില്‍ ധാര്‍മ്മിക നിലവാരത്തിലോ കാഴ്ചപ്പാടുകളിലോ പ്രകടമായ യാതൊരു മാറ്റവുമില്ലാതായിരിക്കുന്നു. വീണ്ടും ജനിക്കാന്‍ മടിക്കുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നത് ശ്രദ്ധാര്‍ഹമാണ്.                                                                                                                                                        
  2. ഭൂരിപക്ഷസമൂഹത്തിനു മുന്നില്‍ വിഘടിതവിഭാഗവും അവഗണിക്കത്തക്കവിധത്തില്‍ ന്യൂനപക്ഷവുമായ ഒരു ക്രൈസ്തവസമൂഹത്തോടാണ് ലേഖനകര്‍ത്താവു സംവദിക്കുന്നത്. ഭാരതത്തിന്‍റെ പലഭാഗങ്ങളിലും സമാനമായ അവസ്ഥകളെയാണ് സഭ അഭീമുഖീകരിക്കുന്നത്. ഒറീസ്സായിലും ഗുജറാത്തിലും കര്‍ണ്ണാടകയിലും ന്യൂനപക്ഷപീഡനങ്ങള്‍ നടന്നതിന്‍റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, അവഗണിക്കപ്പടുന്നു തുടങ്ങിയ ന്യായങ്ങള്‍ ഉന്നയിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരു ന്യൂനപക്ഷ വിശ്വാസിക്കും അവകാശമില്ല എന്ന ലേഖനകര്‍ത്താവിന്‍റെ അസന്ദിഗ്ദ്ധമായ കല്പനയ്ക്ക് ഏറെ കാലിക പ്രസക്തിയുണ്ട്. ഒരു നല്ല വിശ്വാസി നല്ല പൗരന്‍ കൂടിയായിരിക്കും എന്നാണ് ഗ്രന്ഥകര്‍ത്താവ് വിവക്ഷിക്കുന്നത്.                                                                                                                        
  3. ദൈവത്തെയും രാഷ്ട്രത്തെയും ഒരുപോലെ മാനിച്ചു ജീവിക്കുന്നതിനിടയില്‍ സംഭവിക്കാനിടയുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചും ലേഖന കര്‍ത്താവു മുന്നറിയിപ്പു തരുന്നുണ്ട്. ചില സന്ദര്‍ഭങ്ങള്‍ രാജാവിനെ ധിക്കരിക്കേണ്ടി വന്നെന്നിരിക്കാം. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തോടുള്ള വിയോജിപ്പ് വര്‍ഗ്ഗീയതയായി മാറാതെ നോക്കാന്‍ സകലരും ശ്രദ്ധിക്കണം. അതിനാണ് ലേഖനകര്‍ത്താവ് ദൈവസ്നേഹത്തോടൊപ്പം സഹോദരസ്നേഹത്തിനും ഊന്നല്‍ നല്‍കുന്നത്. ദൈവത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ നടത്തപ്പെടുന്ന വിശുദ്ധയുദ്ധങ്ങളില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും വധിക്കപ്പെടുന്നതും അന്യായവും അതിക്രമവുമാണ്. സഹോദരസ്നേഹം മറന്ന ദൈവസ്നേഹം കാപട്യമാണെന്നു മാത്രമല്ല ഭീകരമായ അപകടം കൂടിയാണത്.

1 Peter 2: 11-17 Duty to Gentile authorities articles of peter Mar. Joseph Pamplani bible catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message