We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplani On 03-Feb-2021
1 പത്രോസ് 2:1-10, ദൈവത്തിന്‍റെ സ്വന്തം ജനം
തങ്ങള്‍ക്കു ലഭിച്ച സുവിശേഷത്തിന്‍റെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാനുള്ള ആഹ്വാനമാണ് അനുവാചകര്‍ക്കായി 2:1-10 ല്‍ ലേഖനകര്‍ത്താവു നല്‍കുന്നത്.
2:1-3, കഴിഞ്ഞകാല ജീവിതത്തിലെ തിന്മയുടെ കാലുഷ്യങ്ങളെ ഉപേക്ഷിക്കാനുള്ള ശക്തമായ ആഹ്വാനമാണ് ഇവിടെ നല്‍കുന്നത്. മാമ്മോദീസായിലെ ഉപദേശങ്ങളില്‍ ഇപ്രകാരമുള്ള അനുശാസനം പൊതുവേ നല്‍കപ്പെട്ടിരുന്നു എന്നതിന് ഇതര പുതിയനിയമ സാക്ഷ്യങ്ങളുണ്ട് (റോമാ 13:12; എഫേ 4:22,25; കൊളോ 3:8; യാക്കോ 1:21). ഇവിടെ നല്‍കപ്പെടുന്ന പാപങ്ങളുടെ പട്ടികയ്ക്ക് ഗലാ 5:19-23 ലെയും 1 കോറി 6:9-10 ലെയും പട്ടികകളോടു സാമ്യമുണ്ട്. തങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ പഴയ ജീവിതശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അപ്പസ്തോലന്‍ അനുസ്മരിപ്പിക്കുന്നുണ്ട്. കാരണം വിശ്വാസികള്‍ വീണ്ടും ജനിച്ചവരാണ് (1:3,23).
പത്രോസിന്‍റെ ഒന്നാം ലേഖനത്തിന്‍റെ അനുവാചകര്‍ അടുത്തകാലത്തു മാത്രം വിശ്വാസം സ്വീകരിച്ചവരാണ് എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് "ആത്മീയമായ പാലിനുവേണ്ടി ദാഹിക്കുക," "ഇളം പൈതങ്ങള്‍" തുടങ്ങിയ പദപ്രയോഗങ്ങള്‍. 1 കോറി 3:2 ല്‍ സമാനമായ ശൈലി പൗലോസ് ശ്ലീഹാ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ശൈശവാവസ്ഥയില്‍ ലഭിക്കുന്ന പാല് പിന്നീടു ലഭിക്കുന്ന കട്ടിയാഹാരത്തേക്കാള്‍ തരംതാഴ്ന്നതാണെന്ന അര്‍ത്ഥത്തില്‍ ഈ വചനത്തെ മനസ്സിലാക്കരുത്. തിന്മയുടെ ശക്തികള്‍ ഇപ്പോഴും സജീവമായിരിക്കുന്നതും പാപപങ്കിലമായ ഗതകാലത്തിലേക്ക് ഇപ്പോഴും ചാഞ്ഞിരിക്കുന്നതുമായ (ഹെബ്രാ 5:13) അവസ്ഥയെയാണ് ഇവിടെ വിശ്വാസത്തിലെ ശൈശവാവസ്ഥ എന്നതിലൂടെ വിവക്ഷിക്കുന്നത്. "ആത്മീയമായ പാല്" എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നതിലെ നാമവിശേഷണത്തിന് (ആത്മീയമായ) "പ്നെവുമാ" (ആത്മാവ്) എന്ന മൂലപദമല്ല "ലോഗിക്കോസ്" (ശരിയായത്, അനുയോജ്യമായത്) എന്ന മൂലപദമാണ് ഉപയോഗിക്കുന്നത്. ലോഗിക്കോസ് എന്ന പദത്തിന് ആത്മീയമായത് എന്ന അര്‍ത്ഥം റോമാ 12:2 ലും പി.ഓ.സി വിവര്‍ത്തനം നല്‍കുന്നുണ്ട്. പ്രായത്തിന് അനുയോജ്യമായ ആധ്യാത്മിക ഭക്ഷണം എന്നതാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്. അമ്മയുടെ മുലപ്പാല്‍ ശിശുക്കളെ പോഷിപ്പിക്കുന്നതുപോലെ ആധ്യാത്മിക ഭക്ഷണം വിശ്വാസികളെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുകയും ആഴപ്പെടുത്തുകയും ചെയ്യും എന്ന സന്ദേശമാണ് ഇവിടെ നല്‍കപ്പെടുന്നത്. വിശ്വാസം സ്വീകരിച്ചവര്‍ക്ക് ലഭിക്കുന്ന എല്ലാത്തരം ആധ്യാത്മിക വരപ്രസാദങ്ങളെയും സൂചിപ്പിക്കാനാണ് ഇവിടെ "പാല്" എന്ന പ്രതീകം അവതരിപ്പിച്ചിരിക്കുന്നത്. തന്മൂലം 2:1 ല്‍ പരാമര്‍ശിക്കുന്ന തിന്മകളായ വഞ്ചന, കാപട്യം, അസൂയ, അപവാദം എന്നിവയ്ക്കു വിരുദ്ധമായ ആത്മീയ ജീവിതശൈലിയെയാണ് ഇവിടെ "പാല്" എന്ന സംജ്ഞയിലൂടെ പ്രതീകവല്‍ക്കരിച്ചിരിക്കുന്നത്.
സങ്കീ 34:8 ലെ "കര്‍ത്താവ് നല്ലവനാണ് എന്ന് നിങ്ങള്‍തന്നെ രുചിച്ചറിയുവിന്‍" എന്ന ആഹ്വാനത്തോടെയാണ് (വാ. 3) ഈ ഭാഗം അവസാനിക്കുന്നത്. പാലു കുടിക്കാനുള്ള ആഹ്വാനത്തിന്‍റെ തുടര്‍ച്ചയായി കര്‍ത്താവിനെ രുചിച്ചറിയുവാന്‍ ആവശ്യപ്പെടുന്നത് അര്‍ത്ഥവത്താണ്. മാമ്മോദീസായിലൂടെ ലഭിച്ച വരപ്രസാദത്തെ ഉജ്ജ്വലിപ്പിക്കുന്നത് കര്‍ത്താവിനെ രുചിച്ചറിയുന്ന വി. കുര്‍ബ്ബാന എന്ന കൂദാശയിലൂടെയാണ്. മാമ്മോദീസായിലാരംഭിക്കുന്ന കൗദാശിക ജീവിതം വി. കുര്‍ബ്ബാനയിലൂടെയാണു വളര്‍ന്നു പക്വത പ്രാപിക്കുന്നത് എന്ന സത്യമാണ് ഇവിടെ പ്രകടമാക്കപ്പെടുന്നത്.
2:4-8, പാല്‍, രുചി തുടങ്ങിയ പ്രതീകങ്ങളില്‍നിന്ന് ക്രിസ്തു "പാറയാണ്" എന്ന പ്രതീകത്തിലേക്കാണ് അപ്പസ്തോലന്‍ നീങ്ങുന്നത്. ഏശ 28:16; സങ്കീ 118:22 തുടങ്ങിയ വചനഭാഗങ്ങളെ ആധാരമാക്കിയുള്ള ഈ ആഖ്യാനത്തിലൂടെ സഭ ദൈവത്തിന്‍റെ ഭവനമാണ് എന്ന സത്യമാണ് ലേഖനകര്‍ത്താവ് അവതരിപ്പിക്കുന്നത്.
ക്രിസ്തു എന്ന ശിലയുടെ രണ്ടു വിശേഷണങ്ങള്‍ ലേഖനകര്‍ത്താവ് നല്‍കുന്നുണ്ട്: സജീവവും അമൂല്യവും. "സജീവം" എന്നത് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന പുതിയജന്മത്തെയും (1:3,23) "അമൂല്യം" എന്നത് ക്രൈസ്തവരുടെ മൂല്യശ്രേണിയിലെ നശ്വരവും അനശ്വരവും തമ്മിലുള്ള വ്യത്യാസത്തെയും (1:7) സൂചിപ്പിക്കുന്നു. സജീവവും അമൂല്യവുമായ ശിലയായ ക്രിസ്തുവിനോടു ചേരുന്നതിലൂടെ വിശ്വാസികള്‍ക്കു ലഭിക്കുന്ന പുതുജീവനും പുതിയ മൂല്യബോധവുമാണ് 2:4 ല്‍ പ്രതിപാദിക്കുന്നത്. ഈ പുതിയ മൂല്യ ബോധത്തിന്‍റെ ഭാഗമായി 1:16 ലെ വിശുദ്ധരാകാനുള്ള ആഹ്വാനത്തെ മനസ്സിലാക്കാം. ഇപ്രകാരം ക്രിസ്തുവിനോടു ചേരുന്നവര്‍ ഒരു "ആത്മീയ ഭവനമായി" തീരുന്നു (വാ. 5).
ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയായ ആത്മീയ ഭവനത്തിലെ വിശുദ്ധ പുരോഹിതരെയും സ്വീകാര്യമായ ബലികളെയുംകുറിച്ചുള്ള വിവരണമാണ് തുടര്‍ന്നു നല്‍കപ്പെടുന്നത് (2:5-6). ദൈവം ക്രിസ്തുവില്‍ ചെയ്തതെന്തെന്നും ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു കൈവരാനിരിക്കുന്ന നേട്ടങ്ങള്‍ എന്തെന്നും വിശദമാക്കുന്നതാണ് ഈ വാക്യം. ലോകദൃഷ്ടിയില്‍ ക്രൈസ്തവര്‍ അവഗണിക്കപ്പെട്ടവരും അശുദ്ധരുമായി കണക്കാക്കപ്പെടുമെങ്കിലും ദൈവദൃഷ്ടിയില്‍ അവര്‍ വിശുദ്ധ പുരോഹിതരും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്. വിശ്വാസികള്‍ ദൈവഭവനത്തില്‍ ആരാധന നടത്തുന്നു എന്ന അര്‍ത്ഥത്തിലല്ല; വിശ്വാസികള്‍ തന്നെ ദൈവഭവനമായി മാറിയിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ڇദൈവഭവനംڈ എന്ന പ്രതീകത്തെ മനസ്സിലാക്കേണ്ടത്.
ക്രിസ്തു സജീവ ശിലയായിരിക്കുന്നതുപോലെ (2:4) ക്രിസ്തുവില്‍ വിശ്വസിക്കുന്നവരും സജീവ ശിലകളായിത്തീര്‍ന്ന് ദൈവഭവനത്തിന്‍റെ ഭാഗമാകുന്നു. ഈ ഭവനത്തിന്‍റെ മൂലക്കല്ലും ആധാരശിലയും ക്രിസ്തുവാണ്. ക്രിസ്തുവില്ലാതെ സഭയില്ല. ഏശ 28:16 നെ ഉദ്ധരിച്ചുകൊണ്ടാണ് മൂലക്കല്ല് എന്ന പ്രതീകത്തെ അപ്പസ്തോലന്‍ വിശദമാക്കുന്നത്. ഈ കല്ലിന്‍റെ പ്രാധാന്യം തിരിച്ചറിയാന്‍ അനിവാര്യമായി വേണ്ടത് വിശ്വാസമാണ്. വിശ്വാസമില്ലാത്തവര്‍ക്ക് ഈ കല്ല് ഉപേക്ഷിക്കപ്പെടേണ്ട കല്ലാണ്. എന്നാല്‍ വിശ്വാസിക്ക് ഈ കല്ല് മൂലക്കല്ലാകുന്നു. അവര്‍ അതിന്മേല്‍ തങ്ങളുടെ നിത്യമായ ഭവനം പണിയുന്നു. എന്നാല്‍ അവിശ്വാസികള്‍ അവഗണിച്ചു തള്ളിക്കളഞ്ഞ "കല്ല്" യഥാര്‍ത്ഥത്തില്‍ അവിശ്വാസികളെയാണു തള്ളിക്കളഞ്ഞത്. തന്മൂലം ഈ കല്ല് അവര്‍ക്ക് ഇടര്‍ച്ചയുടെ പാറയാകുന്നു. അവരെ അതു തട്ടിവീഴ്ത്തുന്നു. തന്മൂലം സജീവശിലയായ ക്രിസ്തുവിശ്വാസിക്ക് നിത്യരക്ഷയുടെയും അവിശ്വാസിക്ക് ശിക്ഷാവിധിയുടെയും കാരണമാകുന്നു.
സീയോനില്‍ ദൈവം സ്ഥാപിച്ച കല്ല് ജറുസലേം ദേവാലയത്തിന്‍റെ പ്രതീകമാണ്. പ്രസ്തുത ദേവാലയത്തിനു പകരമായി സീയോനില്‍ സ്ഥാപിതമായ ദൈവഭവനം അവിടുത്തെ തിരുസ്സഭയാണ്. ഈ അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ സഭയുടെ പീഡകരെയും സഭയിലെ വിശ്വാസികളെയുമാണ് ലേഖനകര്‍ത്താവ് ഇവിടെ വിവക്ഷിക്കുന്നത് എന്നു മനസ്സിലാക്കാം. സഭയെ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അവിശ്വാസികളായ മതമര്‍ദ്ദകര്‍ക്ക് ക്രിസ്തുവും അവിടുത്തെ സഭയും ഇടര്‍ച്ചയുടെ പാറയാകുമെന്നും അന്തിമവിജയം വിശ്വാസികള്‍ക്കായിരിക്കുമെന്നും ലേഖനകര്‍ത്താവ് ഈ വാക്യങ്ങളിലൂടെ സമര്‍ത്ഥിക്കുകയാണ്.
2:9-10, അവിശ്വാസികളുടെ ദൃഷ്ടിയില്‍ ക്രൈസ്തവര്‍ അവഗണിക്കപ്പെട്ടവരും നിന്ദ്യരുമായി തോന്നാം. ക്രിസ്തുവും ഇപ്രകാരം വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ക്രിസ്തു മഹത്വീകൃതനായതുപോലെ വിശ്വാസികളും മഹത്വീകൃതരാകും. വിശ്വാസത്തിന്‍റെ കാഴ്ചപ്പാടും അവിശ്വാസത്തിന്‍റെ കാഴ്ചപ്പാടും തമ്മിലുള്ള അന്തരമാണ് ശ്ലീഹാ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. അവിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ സഭ നിന്ദിതയും പീഡിതയുമാണ്. എന്നാല്‍, വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ സഭ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനപദവുമാണ്.
ഏശ 43:20-21 വാക്യങ്ങളെ ആധാരമാക്കിയാണ് ലേഖനകര്‍ത്താവ് 2:9 ലെ ആഖ്യാനം നടത്തുന്നത്. ഏശയ്യാ 43:20-21 ല്‍ മരുഭൂമിയിലെ ജീവജാലങ്ങള്‍ക്കു ദൈവം ചെയ്ത നന്മകളെയും പ്രസ്തുത നന്മകളെപ്രതി അവര്‍ നടത്തുന്ന ദൈവസ്തുതികളെയുമാണ് വിവക്ഷിക്കുന്നത്. ആദിമക്രൈസ്തവരും സമാനമായ അവസ്ഥയില്‍ മരുഭൂമിയിലെ പ്രവാസത്തിലാണ്. "തിരഞ്ഞെടുക്കപ്പെട്ട ജനം," "ദൈവത്തിന്‍റെ ജനം," "ദൈവത്തെ സ്തുതിക്കുക" എന്നീ മൂന്നുപ്രയോഗങ്ങള്‍ ഏശ 43:20-21 ല്‍ നിന്നുള്ളതാണ്.
"രാജകീയ പുരോഹിതഗണവും വിശുദ്ധ ജനപദവും" എന്ന പദപ്രയോഗം പുറ 19:6 നെ ആധാരമാക്കിയുള്ളതാണ്. ലോകത്തിലെ സാമ്രാജ്യശക്തികളുടെ ദൃഷ്ടിയില്‍ പുറപ്പാടു ജനത അവഗണനാര്‍ഹരും നിന്ദ്യരുമായിരുന്നു. എന്നാല്‍, ദൈവം അവരെ തെരഞ്ഞെടുത്തതോടെ അവര്‍ ജനതകള്‍ക്കും ഉപരിയായ മഹത്വത്തിനു അര്‍ഹരായി എന്നാണ് പുറ 19:4-6 ല്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നത്. സമാനമായ അര്‍ത്ഥംതന്നെയാണ് 1 പത്രോ 2:9 ല്‍ ലേഖനകര്‍ത്താവും വിഭാവനം ചെയ്യുന്നത്. ഇവിടെ രണ്ടുതരം വ്യത്യാസങ്ങള്‍ക്ക് ലേഖന കര്‍ത്താവു പ്രാധാന്യം നല്‍കുന്നുണ്ട്: ഒന്നാമതായി, പുറമേയുള്ള ലോകവും വിശ്വാസികളും തമ്മിലുള്ള വ്യത്യാസമാണ്. പുറമേയുള്ളവര്‍ ശക്തരും അധികാരമുള്ളവരും വിശ്വാസികളെ പീഡിപ്പിക്കാന്‍ കഴിവുള്ളവരുമാണ്. എന്നാല്‍ ദൈവിക തെരഞ്ഞെടുപ്പിലൂടെ വിശ്വാസികള്‍ മഹത്വമുള്ളവരായി മാറി. രണ്ടാമതായി, മുന്‍കാല ഘട്ടവും വര്‍ത്തമാനകാലവും തമ്മിലുള്ള വ്യത്യാസമാണ്. മുന്‍കാലഘട്ടത്തില്‍ ഇസ്രായേല്‍ ഈജിപ്തിലായിരുന്നതുപോലെ വിശ്വാസികള്‍ വിജാതീയരുടെ ഇടയിലായിരുന്നു. ദൈവം ഇസ്രായേല്‍ക്കാരെ ചെങ്കടല്‍കടത്തി രക്ഷിച്ചതുപോലെ മാമ്മോദീസായിലൂടെ വിശ്വാസികളെ ദൈവീക ഭവനത്തിലെത്തിച്ചു. സ്ഥലകാലങ്ങളിലെ ഈ വ്യത്യാസങ്ങള്‍ ഗ്രഹിക്കുമ്പോള്‍ സഹനത്തെ സധൈര്യം നേരിടാന്‍ വിശ്വാസികള്‍ പ്രാപ്തരാകും എന്നതാണ് ലേഖനകര്‍ത്താവിന്‍റെ നിലപാട്. പൂര്‍വ്വകാലവും വര്‍ത്തമാന കാലവും തമ്മിലുള്ള അന്തരം അവതരിപ്പിക്കുന്ന ശൈലി പൗലോസിന്‍റെ ലേഖനങ്ങ ളിലും കാണാനാകും. (എഫേ 5:8; കൊളോ 1:12-13). ക്രൈസ്തവരുടെ മഹത്വം എന്നത് അവരുടെ വ്യക്തിപരമായ മഹത്വമല്ല. മറിച്ച്, ദൈവം അവരെ സ്വന്തം ജനപദമായി തിരഞ്ഞെടുത്തു എന്നതാണ്.
ദൈവം തന്‍റെ സ്വന്തമായി തങ്ങളെ തിരഞ്ഞെടുത്തതിനാല്‍ വിശ്വാസികള്‍ ദൈവപക്ഷത്ത് സജീവമായി നിലയുറപ്പിക്കണം. അതിനുള്ള യഥാര്‍ത്ഥവഴി ദൈവം വെളിപ്പെടുത്തിയ സത്യങ്ങളെ അനുസരിച്ചു ജീവിക്കുക എന്നതാണ്. 2:10 ല്‍ മുന്‍കാലവും ഇപ്പോഴത്തെകാലവും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് ലേഖനകര്‍ത്താവനുസ്മരിപ്പിക്കുന്നത്. ഈ വാക്യം ഹോസി 2:23 ന്‍റെ വെളിച്ചത്തിലുള്ള ഉദ്ധരണിയാണ്. കരുണ ലഭിക്കാതിരുന്നവര്‍ക്ക് ലഭിച്ച കാരുണ്യത്തെ ക്കുറിച്ച് ഹോസിയാ നടത്തുന്ന പ്രഖ്യാപനമാണ് ലേഖനകര്‍ത്താവ് ഇവിടെ അനുസ്മ രിക്കുന്നത്. പുതിയ ജനം, ദേശം, നാമം, കാരുണ്യം തുടങ്ങിയവയെല്ലാം മാമ്മോദീസായിലൂടെ വിശ്വാസികള്‍ക്കു കരഗതമാകുന്ന ആത്മീയ ഔന്നത്യത്തെയും പുതിയ ജീവിതശൈലിയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
വിചിന്തനങ്ങള്‍:
1 Peter 2: 1-10 God's own people Mar. Joseph Pamplani articles of peter peter catholic malayalam Mananthavady diocese Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206