x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 1:3-12, ദൈവത്തിനു സ്തുതി

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 1:3-12, ദൈവത്തിനു സ്തുതി

പത്രോസിന്‍റെ ഒന്നാം ലേഖനം സമകാലീന ലേഖനങ്ങളുടെ ശൈലിയില്‍ കൃതജ്ഞതാസ്തോത്രത്തോടെയാണ് ആരംഭിക്കുന്നത്. സഹനത്തെയും പ്രത്യാശയെയും കുറിച്ചു പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ദൈവസ്തുതിയോടെ ആരംഭിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്.

1:3-5, പിതാവായ ദൈവത്തിന്‍റെ രക്ഷാപദ്ധതി പുത്രനിലൂടെ സാക്ഷാത്കരിക്കുകയും പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുകയും ചെയ്തതിനെപ്രതിയാണ് ശ്ലീഹാ കൃതജ്ഞതാസ്തോത്രം നടത്തുന്നത്. യേശുവിലുള്ള വിശ്വാസത്തിലേക്കു ദൈവജനത്തെ തിരഞ്ഞെടുത്തതിനെ ഓര്‍ത്ത് പിതാവിന് അര്‍പ്പിക്കപ്പെടുന്ന ഈ കൃതജ്ഞതാ സ്തോത്രം യഹൂദ കൃതജ്ഞതാസ്തോത്ര ശൈലിയിലാണ് (ഉല്‍പ 9:26; സങ്കീ 66:20; 68:20; 72:18; 1 രാജാ 1:48; 2 മക്ക 15:34). ക്രിസ്തീയ ജീവിതത്തെ "വീണ്ടും ജനനമായിട്ടാണ്" അപ്പസ്തോലന്‍ അവതരിപ്പിക്കുന്നത്. സമാനമായ ശൈലി പുതിയനിയമത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് (യോഹ 3:5,7; തീത്തോ 3:5; യാക്കോ 1:18). ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം യേശുവിന്‍റെ ഉത്ഥാനമാണ്. തന്‍റെ ഉത്ഥാനത്തിലൂടെ പാപത്തിന്‍റെ പരിണിതഫലമായ മരണത്തെയും അവിടുന്നു പരാജയപ്പെടുത്തിയതിനാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ പ്രത്യാശ അര്‍ത്ഥപൂര്‍ണ്ണമാണെന്ന് ലേഖന കര്‍ത്താവ് അനുസ്മരിപ്പിക്കുകയാണിവിടെ.

ക്രൈസ്തവരുടെ "വീണ്ടും ജനനത്തെ" യേശുവിന്‍റെ ഉത്ഥാനവുമായി ബന്ധിപ്പിക്കുന്ന ശൈലി അര്‍ത്ഥവത്താണ്. രണ്ടും മരണത്തില്‍നിന്നും ജീവനിലേക്കുള്ള കടന്നുപോകലാണ്. റോമാ 6:4-5 ല്‍ മാമ്മോദീസായുടെ ദൈവശാസ്ത്രം പൗലോസ് അപ്പസ്തോലന്‍ അവതരിപ്പിക്കുന്നതും സമാനമായ അര്‍ത്ഥത്തിലാണ്. ക്രൈസ്തവരുടെ മഹത്വം സ്വര്‍ഗ്ഗത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വാഗ്ദാനമാണ് (എഫേ 1:11-14; കൊളോ 1:5) എന്ന പൗലോസിന്‍റെ ആശയവും 1:4-5 ല്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഈ സ്വര്‍ഗ്ഗീയ വാഗ്ദാനം സത്യമായും നിറവേറുന്ന ഉറപ്പാണ്. എന്നാല്‍, അത് ഇനിയും പൂര്‍ണ്ണമായി നിറവേറ്റപ്പെട്ടിട്ടില്ലാത്തതിനാലാണ് ക്രൈസ്തവര്‍ ഇപ്പോഴും സഹിക്കേണ്ടിവരുന്നത്. ക്രൈസ്തവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ അവകാശമുണ്ട് എന്ന ആശയം റോമാ 8:17 ലും ഗലാ 4:7 ലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ഈ അവകാശം ഒളിമങ്ങാത്തതും ഒരിക്കലും നശിക്കാത്തതുമാണ് എന്ന കാര്യം വ്യക്തമാണ് (വാ. 5).

1:6-7, തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന മതമര്‍ദ്ദനങ്ങളെ ഓര്‍ത്ത് ആനന്ദിക്കാനുള്ള ആഹ്വാനമാണ് ഈ വാക്യങ്ങളിലെ പ്രമേയം. ക്രിസ്തുവിലൂടെ ദൈവം ഒരുക്കിയ രക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മതമര്‍ദ്ദനങ്ങള്‍ നിസ്സാരമാണെന്നും അതിനാല്‍ സഹനങ്ങളിലും ദൈവത്തെ സ്തുതിക്കണമെന്നുതന്നെയാണ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നത്. പീഡാനുഭവങ്ങളില്‍ നഷ്ടധൈര്യരായിത്തുടങ്ങിയ ഒരു സമൂഹത്തെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതുന്ന ലേഖനത്തിന് അനുയോജ്യമായ ആമുഖമാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.

വിശ്വാസികള്‍ അനുഭവിക്കേണ്ടിവരുന്ന പീഡാനുഭവങ്ങളുടെ നിയതരൂപം ലേഖനകര്‍ത്താവ് വിവരിക്കുന്നില്ല. തന്മൂലം പീഡനമേല്‍ക്കേണ്ടിവരുന്ന മുഴുവന്‍ സഭകളെയും സ്ഥലകാലങ്ങള്‍ക്കതീതമായി അഭിസംബോധനചെയ്യുന്നതാണ് ഈ ലേഖനം എന്ന് അനുമാനിക്കാം. പീഡകളെ യഥാര്‍ത്ഥ വിശ്വാസത്തെ പരീക്ഷിച്ചറിയാനുള്ള ഉപാധിയായാണ് ഗ്രന്ഥകാരന്‍ മനസ്സിലാക്കുന്നത്. അഗ്നിയില്‍ സ്വര്‍ണ്ണത്തിനെന്നതുപോലെ പീഡകള്‍ക്കു മുന്നില്‍ യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ മാറ്റുകൂടും. ഈ ഉപമ പഴയനിയമത്തിലും ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ് (സങ്കീ 66:10; മലാ 3:3). സകല സഹനങ്ങള്‍ക്കും യുഗാന്ത്യത്തെ മുന്‍നിര്‍ത്തിയുള്ള ഉത്തരമാണ് ലേഖനകര്‍ത്താവ് നല്‍കുന്നത് എന്നത് ശ്രദ്ധാര്‍ഹമാണ്.

1:8-9, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു കൈവരാനിരിക്കുന്ന മഹത്വം ഇനിയും പൂര്‍ണ്ണമായും വെളിപ്പെടുത്തപ്പെട്ടിട്ടില്ല എന്നതു സത്യമാണ്. എങ്കിലും സഹനങ്ങളെ നേരിടാന്‍ ക്രിസ്തു കാണിച്ചുതന്ന മാര്‍ഗ്ഗം വിശ്വാസികള്‍ക്കുമുന്നിലുണ്ട്. "അവനെ നിങ്ങള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും ..." എന്നതിന്‍റെ അര്‍ത്ഥം വിശ്വാസികള്‍ ഇനിയും യുഗാന്ത്യത്തെ അഭിമുഖീകരിച്ചിട്ടില്ല എന്നാണ്. "അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും..." എന്ന ആദ്യശൈലിയുടെ അര്‍ത്ഥം ലേഖനത്തിന്‍റെ വായനക്കാര്‍ ക്രിസ്തുസംഭവത്തിന്‍റെ ദൃക്സാക്ഷികളല്ല എന്ന സൂചനനല്‍കുന്നുണ്ട്. ക്രിസ്തു സംഭവത്തിനു ദൃക്സാക്ഷികളാണോ അല്ലയോ എന്നതല്ല യേശുവില്‍ വിശ്വസിക്കുന്നോ എന്നതാണ് പരമപ്രധാനമായ വിഷയം. "വിശ്വാസം," എന്ന നാമവും "വിശ്വസിക്കുക" എന്ന ക്രിയയും ആദ്യത്തെ 7 വാക്യങ്ങളില്‍ നാലുതവണവീതം അപ്പസ്തോലന്‍ ഉപയോഗിക്കുന്നതിന്‍റെ കാരണമിതാണ്.

യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന രക്ഷയില്‍, ചുരുങ്ങിയത് മൂന്നു കാര്യങ്ങളെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നുണ്ട്: (1) സ്വര്‍ഗ്ഗഭാഗ്യത്തിനുള്ള അവകാശം, (2) യുഗാന്ത്യത്തിലെ മഹത്വപൂര്‍ണ്ണമായ വിധിയില്‍ ലഭിക്കുന്ന അംഗീകാരം, (3) ഈ ലോകജീവിതത്തില്‍തന്നെ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ജീവിക്കാനുള്ള അവകാശം. "നിങ്ങളുടെ ആത്മാവിന്‍റെ രക്ഷ. . ." എന്ന 1:9 ലെ പരാമര്‍ശത്തെ ശരീരത്തില്‍നിന്നു വേര്‍പെട്ട ആത്മാവിന്‍റെ രക്ഷ എന്നല്ല ശരീരവും ആത്മാവുമുള്ള മനുഷ്യന്‍റെ (= പ്സൂക്കേ) സമഗ്രരക്ഷ എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.

1:10-12, സഹനത്തെ വിശ്വാസസ്ഥിരതയില്‍ നേരിടാന്‍ വിശ്വാസികളെ പ്രാപ്തരാക്കുന്ന സുവിശേഷത്തെ പൂര്‍വ്വപ്രവാചകരും സ്വര്‍ഗ്ഗീയമാലാഖാമാരും അസൂയയോടെയാണ് വീക്ഷിക്കുന്നതെന്ന് ലേഖനകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. സുവിശേഷത്തിന്‍റെ ജ്ഞാനം കരഗതമാകുന്നതുവരെയുള്ള സകലജ്ഞാനവും അപൂര്‍ണ്ണമായിരുന്നു എന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. സമാനമായ വീക്ഷണം ഹെബ്രാ 11:39-40 ല്‍ കാണാം. മാലാഖമാര്‍ മനുഷ്യരെക്കാളും തരംതാഴ്ന്നവരാണ് എന്നു സമര്‍ത്ഥിക്കാനല്ല; മാലാഖമാരെക്കാളും ശ്രേഷ്ഠമായ സ്ഥാനമാണ് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്നത് എന്നു സമര്‍ത്ഥിക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.

പ്രവാചകന്മാരെക്കുറിച്ചുള്ള സൂചനയെ (വാ. 10) രണ്ട് അര്‍ത്ഥത്തില്‍ മനസ്സിലാക്കാം. ഒന്നാമതായി, പഴയനിയമ പ്രവാചകന്മാരിലൂടെ സംസാരിച്ചത് ക്രിസ്തുവിന്‍റെ ആത്മാവാണ്. അതിനാല്‍ അവരുടെ പ്രവചനങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ അനുഭവിക്കാനിരിക്കുന്ന സഹനങ്ങളെക്കുറിച്ചു മുന്നറിയിപ്പുനല്‍കുന്നു. രണ്ടാമതായി, പ്രവാചന്മാരില്‍ പ്രവര്‍ത്തനനിരതമായിരുന്ന ക്രിസ്തുവിന്‍റെ ആത്മാവുതന്നെയാണ് സഭയില്‍ സുവിശേഷ പ്രഘോഷകന്മാരിലൂടെ പ്രവര്‍ത്തനനിരതമാകുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ പഴയനിയമപ്രവാചകന്മാര്‍ പറഞ്ഞവയെല്ലാം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരിലൂടെയാണ്. തങ്ങളുടെ പാരമ്പര്യങ്ങളുടെ പേരില്‍ യഹൂദര്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലേഖനകര്‍ത്താവിന്‍റെ ഈ പരാമര്‍ശത്തിന് ഏറെ അര്‍ത്ഥവ്യാപ്തിയുണ്ട്.

1:3-12 ലെ സ്തുതികീര്‍ത്തനത്തിന് മുഖ്യമായും രണ്ട് ഊന്നലുകളുണ്ടെന്ന് ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ മനസ്സിലാക്കാനാകും: (1) ഇത് ദൈവത്തോടുള്ള ഒരു പ്രാര്‍ത്ഥനയാണ്. (2) വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഉപദേശമായും ഇതിനെ മനസ്സിലാക്കാം.

വിചിന്തനങ്ങള്‍: നീതിമാന്‍റെ സഹനം എന്ന സമസ്യയെക്കുറിച്ചാണ് ലേഖനകര്‍ത്താവ് സമര്‍ത്ഥിക്കുന്നത്. നിരപരാധികളായ ക്രൈസ്തവവിശ്വാസികള്‍ എന്തുകൊണ്ടു പീഡിപ്പിക്കപ്പെടുന്നു എന്നതിന്‍റെ ഉത്തരമാണ് ലേഖന കര്‍ത്താവു തേടുന്നത്. ലേഖനത്തിലുടനീളം പരിശോധിച്ചാല്‍ ആറ് ഉത്തരങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നു കണ്ടെത്താനാകും:

  1. വിശ്വാസത്തെ ബലപ്പെടുത്താനും ശുദ്ധീകരിക്കാനും സഹനം കാരണമാകുന്നു (1:6-7).
  2. അന്യായമായി സഹിക്കുന്നവര്‍ ക്രിസ്തുവിനെ ഏറ്റവും അടുത്ത് അനുകരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ലോകരക്ഷക്കുവേണ്ടി രക്ഷകനോടൊത്തു ബലിയര്‍പ്പിക്കാനുള്ള വിളിയാണു സഹനം (2:21-25; 3:17-18; 4:13; 5:13).                                                                                                                                                             
  3. മനുഷ്യന്‍റെ ദുഷ്ടതകൊണ്ടുമാത്രമല്ല, ദൈവികപദ്ധതിയെ തകിടം മറിക്കുന്ന സാത്താന്‍റെ പ്രവൃത്തിയുടെ ഫലമായും സഹനം ഉണ്ടാകാം (5:8)                                                                                                                         
  4. സഹനത്തിനു കാരണമായവരുടെമേല്‍ ക്രിസ്തു വിജയം പ്രഖ്യാപിച്ചതിനാല്‍ (3:18-20) തങ്ങളുടെ പീഡകരുടെ പരാജയം സുനിശ്ചിതമാണെന്ന പ്രത്യാശയോടെ വിശ്വാസികള്‍ക്ക് സഹനത്തെ നേരിടാം.                    
  5. നീതിമാന്‍റെ പീഡനങ്ങള്‍ യുഗാന്ത്യം സമാഗതമായി എന്നതിന്‍റെ തെളിവാണ് (4:12-16).                                             
  6. ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനത്തില്‍ വിശ്വാസത്തിനുവേണ്ടി പീഡസഹിച്ചവര്‍ക്ക് നിത്യമായ മഹത്വം ലഭിക്കും. ഈ മഹത്വത്തിന്‍റെ ആദ്യഫലമായ പരിശുദ്ധാത്മാവിനെ ഈ ലോകജീവിതത്തില്‍തന്നെ അനുഭവിക്കാനുള്ള ഭാഗ്യവും സഹിക്കുന്ന മനുഷ്യര്‍ക്കു സംലഭ്യമാകുന്നു (1:7; 2:11; 4:13; 5:4; 10:11).

1 Peter 1: 3-12 Praise be to God peter's articles Mar. Joseph Pamplani bible catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message