x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 1:13-25, വിശുദ്ധരായിരിക്കുക

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 1:13-25, വിശുദ്ധരായിരിക്കുക

ആമുഖത്തിനുശേഷം ഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തിലേക്കു നീങ്ങുമ്പോള്‍ ആ ഭാഗം (1:13-2:10) ദൈവജനത്തിന്‍റെ വിശുദ്ധിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദൈവം പരിശുദ്ധനാകയാല്‍ ദൈവജനവും പരിശുദ്ധരായിരിക്കണം എന്ന പഴയനിയമ ആഹ്വാനം (ലേവ്യ 11:44-45) തന്നെയാണ് ഇവിടെയും പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇവിടെ വിശുദ്ധീകരണത്തിന്‍റെ മാനദണ്ഡവും മാര്‍ഗ്ഗവും വ്യത്യസ്തമാണെന്നു മാത്രം. കറയില്ലാത്ത കുഞ്ഞാടിന്‍റെ രക്തവും (1:19) ദൈവഭവനത്തിന്‍റെ മൂലക്കല്ലായ ക്രിസ്തുവിന്‍റെ സാന്നിധ്യവുമാണ് പുതിയ ദൈവജനത്തെ വിശുദ്ധീകരിക്കുന്നത്.

1:13, ദൈവജനത്തിന് അവശ്യംവേണ്ട വിശുദ്ധിയെക്കുറിച്ചാണ് ഗ്രന്ഥകാരന്‍ ഇവിടെ പരാമര്‍ശിക്കുന്നത്. "മാനസികമായി ഒരുങ്ങി" എന്ന പി.ഓ.സി വിവര്‍ത്തനത്തെക്കാള്‍ "നിങ്ങളുടെ മനസ്സിന്‍റെ കെട്ടുകള്‍ മുറുക്കി" എന്ന അര്‍ത്ഥത്തിലാണ് മൂലകൃതിയിലെ ആഖ്യാനം. "സമചിത്തതയുള്ളവരാകുക" (= നെഫോ) എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്ന മൂലപദത്തെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ "ലഹരിവിമുക്തമായ" എന്ന അര്‍ത്ഥമാണുള്ളത്. ഒരു യാത്രയ്ക്കുള്ള മുന്നൊരുക്കത്തെ സൂചിപ്പിക്കുന്ന "അരമുറുക്കുക" "ലഹരിവെടിയുക" തുടങ്ങിയ പദപ്രയോഗങ്ങള്‍ മതമര്‍ദ്ദനത്തെ നേരിടുന്ന ശൈലികളോടു സാമ്യമുള്ളതാണ് (യോഹ 21:18; എഫേ 6:14). ലഹരി വിമുക്തനേ ശരിയായി വസ്ത്രം ധരിക്കൂ (1 തെസ്സ 5:8) എന്നതിനാല്‍ ഇതും യാത്രാക്രമീകരണത്തിന്‍റെ ഭാഗമായി മനസ്സിലാക്കാവുന്നതാണ്. 1:13 ല്‍ ഉപയോഗിച്ചിരിക്കുന്ന കൃപ (= കാരിസ്) എന്ന പദത്തിന് യുഗാന്ത്യത്തില്‍ ലഭിക്കുന്ന സമ്പൂര്‍ണ്ണ രക്ഷ എന്ന അര്‍ത്ഥമാണ് കൂടുതല്‍ യോജിക്കുന്നത്. കൃപ എന്ന പദത്തിന് ലേഖനത്തിലുടനീളമുള്ള അര്‍ത്ഥത്തില്‍നിന്ന് 1:13 ലെ അര്‍ത്ഥത്തിന് അനല്പമായ വ്യത്യാസമുണ്ടെന്നു സാരം.

1:14-16, മുന്‍കാലങ്ങളിലെ ജഡികാഭിലാഷങ്ങളില്‍നിന്നു വിമുക്തമായി ജീവിച്ചുകൊണ്ടാണ് ദൈവജനം വിശുദ്ധിപാലിക്കേണ്ടത് എന്ന ആശയമാണ് ഈ വാക്യങ്ങളില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞകാലജീവിതത്തിലെ തിന്മകളെക്കുറിച്ചുള്ള സൂചന 4:3 ലും കാണാം. കഴിഞ്ഞകാല ജീവിതത്തെ അജ്ഞതയുടെ ദുരാശകളാല്‍ നയിക്കപ്പെട്ട ജീവിതം എന്നാണ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത്. വിജാതീയജീവിതശൈലിയെ അജ്ഞതയുടെ ജീവിതമായി അവതരിപ്പിക്കുന്ന രീതി നടപടിപ്പുസ്തകത്തിലും (അപ്പ 17:23) പൗലോസിന്‍റെ ലേഖനങ്ങളിലും (എഫേ 4:18) കാണാം. കഴിഞ്ഞകാലതിന്മകളെ വിട്ടുപേക്ഷിച്ചാല്‍ മാത്രംപോരാ ക്രിസ്തീയ ജീവിതത്തിനിണങ്ങിയ വിശുദ്ധി അഭ്യസിക്കണമെന്നും ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നുണ്ട്.

പരിശുദ്ധരായി ജീവിക്കാനുള്ള ആഹ്വാനം മോശ ദൈവജനത്തിനു നല്‍കിയത് (ലേവ്യ 11:44-45; 20:7; 29:2) മരുഭൂമിയിലെ പ്രവാസകാലത്താണ്. സമാനമായ ഒരു പ്രവാസാനുഭവത്തിലൂടെയാണ് ആദിമസഭയും കടന്നുപോകുന്നത് എന്ന സൂചനകൂടി ഗ്രന്ഥകാരന്‍ ഈ ആഹ്വാനത്തിനു പിന്നില്‍ വിവക്ഷിക്കുന്നുണ്ടാകാം.

1:17, ഈ വാക്യത്തിന് പി.ഓ.സി ബൈബിള്‍ നല്‍കുന്ന വിവര്‍ത്തനം കൂടാതെ മറ്റൊരു വിവര്‍ത്തനം സാധ്യമാണ്: "നിങ്ങള്‍ പിതാവേ എന്നു മുന്‍കൂട്ടി വിളിക്കുന്നവന്‍ നിഷ്പക്ഷനായ വിധിയാളനാകയാല്‍ ഭൗമീകജീവിതത്തില്‍ ദൈവത്തിന്‍റെ വിധിയെക്കുറിച്ചു ഭയത്തോടെ ജീവിക്കുവിന്‍." സാഹചര്യവുമായി കൂടുതല്‍ ഇണങ്ങുന്നതും വ്യാകരണപരമായി കൂടുതല്‍ സാധുതയുള്ളതും ഈ വിവര്‍ത്തനത്തിനാണ്. എന്നാല്‍ ഈ വിവര്‍ത്തനം പി.ഓ.സി. വിവര്‍ത്തനത്തെ ഖണ്ഡിക്കുന്നില്ല. രണ്ടു വിവര്‍ത്തന സാധ്യതകളെയും പരസ്പര പൂരകങ്ങളായി മനസ്സിലാക്കുന്നതാണു നല്ലത്. ദൈവം   പിതാവാകയാല്‍ മക്കളായവര്‍ പൂര്‍ണ്ണ അനുസരണത്തോടെ വ്യാപരിച്ച് ശിക്ഷാവിധിയെ ഒഴിവാക്കാനുള്ള ആഹ്വാനമാണ് ഇവിടെ നല്‍കുന്നത്. അന്ത്യവിധിയെ ക്രിസ്തുവിന്‍റെ വെളിപ്പെടുത്തലിന്‍റെ സമയമായിട്ടാണ് പത്രോസ്ശ്ലീഹാ അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.

1:18-19, ക്രിസ്ത്യാനികളുടെ പ്രത്യാശയുടെ യഥാര്‍ത്ഥ മാനദണ്ഡമെന്താണ് എന്നതാണ് ഈ വാക്യങ്ങളിലെ മുഖ്യ പ്രമേയം. ക്രൈസ്തവന്‍റെ പ്രത്യാശ നശ്വരമായ ഭൗതിക വസ്തുക്കളിലല്ല. കാരണം അവന്‍ രക്ഷിക്കപ്പെട്ടത് ഭൗതിക വസ്തുക്കളായ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടല്ല; കുഞ്ഞാടിന്‍റെ അമൂല്യമായ തിരുരക്തത്താലാണ്. ക്രിസ്തു തന്‍റെ ജീവന്‍ കൊടുത്ത് മനുഷ്യകുലത്തെ വീണ്ടെടുത്തു എന്നതിനാല്‍ വിശ്വാസിയുടെ പ്രത്യാശ നീതിയുക്തവും അര്‍ത്ഥവത്തുമാണെന്ന് ശ്ലീഹാ സമര്‍ത്ഥിക്കുകയാണ്. അമൂല്യരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍ അമൂല്യമായ വിശ്വാസത്തിന്‍റെയും അതുല്യമായ വിശുദ്ധിയുടെയും ഉടമകളാകണം എന്നതാണ് ലേഖനകര്‍ത്താവ് വിവക്ഷിക്കുന്നത്. അമൂല്യവും അക്ഷയവുമായ ദാനങ്ങളെക്കുറിച്ച് ലേഖനകര്‍ത്താവ് ആവര്‍ത്തിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട് (1:23,25; 2:4, 6-7; 3:34; 5:4). ദൈവജനത്തെ കുഞ്ഞാടിന്‍റെ രക്തത്താല്‍ വിശുദ്ധീകരിക്കുന്ന പഴയനിയമ പാരമ്പര്യത്തെ (ലേവ്യ 22:21) അനുസ്മരിപ്പിച്ചുകൊണ്ട് ദിവ്യകുഞ്ഞാടായ മിശിഹായുടെ രക്തത്താലാണ് ക്രൈസ്തവര്‍ വിശുദ്ധീകരിക്കപ്പെടുന്നത്. മിശിഹായെ ബലിക്കുള്ള കുഞ്ഞാടായി പരിഗണിക്കുന്ന ഏശ 53:7 ലെ പാരമ്പര്യം 1 കോറി 5:7 ലും ഹെബ്രാ 9:5 ലും അനുസ്മരിക്കുന്നുണ്ട്. തന്നെത്തന്നെ ബലിയായി അര്‍പ്പിച്ചു വിശുദ്ധീകരണം സാധ്യമാക്കിയ ക്രിസ്തുവിനെ അനുകരിച്ച് വിശ്വാസികളും തങ്ങള്‍ക്കു ലഭിക്കുന്ന പീഡനങ്ങളെ നേരിട്ടു വിശുദ്ധരാകണം എന്നതാണ് ശ്ലീഹായുടെ വാദഗതി.

1:20-21, വിശ്വാസികളുടെ ജീവിതത്തില്‍ സമയത്തിന്‍റെ രക്ഷാകര പ്രാധാന്യത്തെക്കുറിച്ചാണ് ഈ വാക്യങ്ങള്‍ വിലയിരുത്തുന്നത്. വിശ്വാസികള്‍ ജീവിക്കുന്നത് അന്ത്യകാലഘട്ടത്തിലാണ്. തങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് പിതാവായ ദൈവത്തിന് അനാദിയിലേ കര്‍മ്മപദ്ധതിയുണ്ടായിരുന്നു. അവിടുന്ന് തന്‍റെ രക്ഷാകരപദ്ധതി സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ ക്രിസ്തുവില്‍ പൂര്‍ത്തീകരിച്ചതുപോലെ തങ്ങളുടെ ജീവിതത്തിലും പൂര്‍ത്തീകരിക്കും എന്ന വിശ്വാസമാണ് ക്രിസ്ത്യാനിയെ സഹനങ്ങളില്‍ മുന്നോട്ടു നയിക്കുന്നത്. ലോകത്തിന്‍റെ ആരംഭം മുതലേ ക്രിസ്തുവിനുള്ളവരെ ദൈവം തെരഞ്ഞെടുത്തതാണ്. അതിനാല്‍ ക്രൈസ്തവര്‍ പീഡാനുഭവങ്ങളില്‍ തളരരുത് എന്ന സന്ദേശമാണ് ലേഖനകര്‍ത്താവ് അനുവാചകര്‍ക്കു നല്‍കുന്നത്.

ദൈവം ക്രിസ്തുവില്‍ പ്രവര്‍ത്തിച്ച ഏറ്റവും മഹനീയമായ രക്ഷാകരകര്‍മ്മം അവിടുത്തെ ഉയിര്‍പ്പിച്ചു എന്നതാണ്. ക്രിസ്തുവിന്‍റെ മഹനീയമായ ഉയിര്‍പ്പാണ് ക്രിസ്ത്യാനികളുടെ വിശ്വാസത്തിനും പ്രത്യാശയ്ക്കും ആധാരമായി നിലകൊള്ളുന്നത്. വിശ്വാസംവഴി ഈ ലോകജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടാനും പ്രത്യാശവഴി യുഗാന്ത്യത്തെ ആനന്ദത്തോടെ കാത്തിരിക്കാനും വിശ്വാസിക്കു കഴിയുന്നു. ഇപ്രകാരം വിശ്വാസത്തിലും പ്രത്യാശയിലും അധിഷ്ഠിതമായ ജീവിതം ക്രിസ്ത്യാനികളെ ക്രിസ്തുവിന്‍റെ മഹത്വത്തിന് അര്‍ഹരാക്കുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡകള്‍ ദൈവത്താല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രവാസത്തിന്‍റെ ഭാഗമാണ്.

1:22-25, വിശ്വാസം പ്രവൃത്തിപഥത്തിലെത്തുന്നത് അനുസരണത്തിലൂടെയാണ് എന്ന വസ്തുതയ്ക്ക് ഈ ലേഖനത്തിലുടനീളം ഊന്നല്‍ നല്‍കുന്നുണ്ട്. അനുസരണത്തിന്‍റെ പ്രഥമ പ്രകാശനം സഹോദരസ്നേഹത്തിലാണ് പ്രകടമാകേണ്ടത്. തങ്ങളെത്തന്നെ മുന്നില്‍കണ്ടുകൊണ്ടാണ് ഈ ലേഖനം രചിക്കപ്പെടുന്നത് എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ സഹോദരസ്നേഹത്തിനു നല്‍കുന്ന ഊന്നല്‍ ഏറെ പ്രസക്തമാണ്. പീഡനങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം കൂട്ടായ്മയുടെ മാര്‍ഗ്ഗമാണ്.

സഭാംഗങ്ങള്‍ക്കിടയിലെ സ്നേഹത്തെ സൂചിപ്പിക്കാന്‍ "ഫിലാദെല്‍ഫിയ" (= സഹോദരസ്നേഹം), "അഗാപ്പെ" (= ഏറ്റവും ശ്രേഷ്ഠമായ സ്നേഹം) എന്നീപദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സ്നേഹത്തിന്‍റെ വിശേഷണമാകട്ടെ "നിഷ്കപടമായ" (= അനുപ്പോക്രിത്തേസ്) എന്നതാണ്. പരസ്പരം വഞ്ചിക്കുന്നതും കുതികാലുവെട്ടുന്നതുമായ ബന്ധം വിശ്വാസികള്‍ക്കിടയില്‍ പാടില്ല എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. സത്യത്തോടുള്ള തുറവിമൂലമാണ് ഇപ്രകാരമുള്ള സഹോദരസ്നേഹത്തിന് ക്രൈസ്തവര്‍ നിര്‍ബന്ധിതരാകുന്നത്.

ക്രിസ്തുവിലുള്ള വിശ്വാസത്തെ വീണ്ടും ജനനമായി അവതരിപ്പിച്ച (വാ.3) ആശയം 1:23 ല്‍ ആവര്‍ത്തിക്കുന്നുണ്ട്. വീണ്ടും ജനിക്കപ്പെട്ട അവസ്ഥയില്‍ നിത്യജീവന്‍റെ മുന്നാസ്വാദനത്തിനായി ദൈവം നല്‍കിയിരിക്കുന്ന അമൂല്യദാനം ദൈവവചനമാണ്. വിശ്വാസികള്‍ക്കു ജന്മം നല്‍കുന്ന "അനശ്വരബീജം" എന്ന വിശേഷണമാണ് ലേഖനകര്‍ത്താവ് ദൈവവചനത്തെ വിശേഷിപ്പിക്കുന്നത്. വചനത്തിന്‍റെ നിത്യതയെയും അചഞ്ചലതയെയും സൂചിപ്പിക്കാന്‍ ഏശ 40:6-8നെ ലേഖനകര്‍ത്താവ് ഉദ്ധരിക്കുന്നുണ്ട് (വാ. 24-25). നശ്വരമായ ബീജവും അനശ്വരമായ ബീജവും തമ്മിലുള്ള വ്യത്യാസം ക്രൈസ്തവരും വിജാതീയരും തമ്മിലുള്ള വ്യത്യാസമാണ്. ഏശയ്യായിലെന്നതുപോലെ ഈ വാക്യങ്ങള്‍ ദൈവമഹത്വം വെളിപ്പെടുത്തപ്പെടുന്നതിന്‍റെ ഭാഗമാണ്.

1:23 ല്‍ "വീണ്ടും ജനിക്കാന്‍" കൃപ നല്‍കിയ ദൈവത്തെ സ്തുതിക്കാനാണ് അപ്പസ്തോലന്‍ ഒരുമ്പെടുന്നത്. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ ഫലമായി വിശ്വാസികള്‍ക്കു ലഭിച്ച പരിശുദ്ധാന്മാവാണ് "വീണ്ടും ജനിക്കാന്‍" വിശ്വാസികളെ പ്രാപ്തരാക്കുന്നത്. അനശ്വരമായ വചനത്തെക്കുറിച്ച് ഇവിടെ നല്‍കപ്പെടുന്ന സൂചന മാമ്മോദീസാ ക്രമത്തിലെ വചന പ്രബോധനത്തിന്‍റെ ഭാഗമായുള്ള ഉപദേശമായി കരുതാവുന്നതാണ്. മാമ്മോദീസായില്‍ പരിശുദ്ധാത്മാവ് നല്‍കുന്ന പുതിയ ജന്മത്തെ സാധൂകരിക്കുന്നതും സാക്ഷാത്കരിക്കുന്നതും വചനമാണ് എന്ന വസ്തുതയെ ശ്ലീഹാ ഇവിടെ ഊന്നിപ്പറയുകയാണ്.

1:24-25 ല്‍ ഏശ 40:6-8 ഉദ്ധരിച്ചുകൊണ്ട് നശ്വരവും അനശ്വരവുമായ വചനങ്ങളുടെ വ്യത്യാസമാണ് അപ്പസ്തോലന്‍ ചൂണ്ടിക്കാട്ടുന്നത്. നശ്വരവചനം എന്നത് വിശ്വാസികള്‍ മാമ്മോദീസാ സ്വീകരിക്കുന്നതിനു മുമ്പ് നയിച്ച വിജാതീയ ജീവിതശൈലിയെയാണ് സൂചിപ്പിക്കുന്നത്. അനശ്വരവചനമാകട്ടെ ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ടതും മാമ്മോദീസായിലൂടെ വിശ്വാസികള്‍ സ്വീകരിച്ചതുമായ നിത്യരക്ഷയെയാണ് സൂചിപ്പിക്കുന്നത്. ഏശ 40:6-8 ലെ സുവിശേഷ പ്രഘോഷണവും കര്‍ത്താവിനു വഴിയൊരുക്കാനുള്ള ആഹ്വാനവും സ്നാപക യോഹന്നാനോടു ബന്ധപ്പെടുത്തിയാണ് സമാന്തര സുവിശേഷകന്മാര്‍ മനസ്സിലാക്കുന്നത് (മര്‍ക്കോ 1:1-3). എന്നാല്‍ പത്രോസിന്‍റെ ഒന്നാം ലേഖനമനുസരിച്ച് ഓരോ സുവിശേഷ പ്രഘോഷകനും സമാനമായ രീതിയില്‍ കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തിനായി വഴിയൊരുക്കുകയാണ്.

വിചിന്തനങ്ങള്‍: 1. വിശ്വാസിയുടെ അടിസ്ഥാന ലക്ഷണമായി അപ്പസ്തോലന്‍ ചൂണ്ടിക്കാട്ടുന്നത് വിശുദ്ധിയെയാണ്. ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ വിശ്വാസിയും പരിശുദ്ധനായിരിക്കണം എന്ന ചിന്തയ്ക്കാണ് ലേഖന കര്‍ത്താവ് ഊന്നല്‍ നല്‍കുന്നത്. വിശുദ്ധികൂടാതെ ദൈവസന്നിധിയില്‍ എത്താനാകില്ല. ആധുനികലോകം അശുദ്ധിയിലേക്ക് അമിതമായി ആകര്‍ഷിക്കപ്പെടുകയാണ്. പ്രായലിംഗഭേദമെന്യേ അശുദ്ധി സകലരിലും കൊടികുത്തി വാഴുന്നതിന്‍റെ കാരണം മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകലുന്നതാണ്. ദൈവത്തോട് അടുക്കുംതോറും മനുഷ്യന്‍ പരിശുദ്ധനാകുന്നു. അവിടുന്നില്‍നിന്ന് അകലും തോറും അശുദ്ധിയുടെ അന്ധകാരം വര്‍ദ്ധമാനമാകുന്നു.

  1. നശ്വരവും അനശ്വരവുമായ വഴികളെക്കുറിച്ച് ശ്ലീഹാ നല്‍കുന്ന മുന്നറിയിപ്പ് ഏറെ പ്രസക്തമാണ്. ഈ രണ്ടുവഴികളും ഏതൊരു മനുഷ്യന്‍റെയും മുന്നിലെ സാധ്യതയാണ്. നശ്വരമായവയില്‍ പ്രത്യാശയും ലക്ഷ്യവും വയ്ക്കുന്നവര്‍ അവയോടൊപ്പം നശിക്കുന്നു. അനശ്വരമായവയില്‍ (ക്രിസ്തുവിലൂടെ കൈവന്ന രക്ഷയില്‍) പ്രത്യാശവയ്ക്കുന്നവര്‍ നിത്യജീവന്‍ അവകാശമാക്കും. അനശ്വരതയുടെ പ്രകാശം മറച്ച് നശ്വരതയുടെ അന്ധകാരം ലോകത്തെ വിഴുങ്ങുന്നു എന്നതാണ് ആധുനികതയുടെ അപചയം.                                    
  2. ക്രിസ്തുവിന്‍റെ ഉത്ഥാനത്തെ സകല ദുഃഖങ്ങള്‍ക്കും പീഡകള്‍ക്കുമുള്ള നിത്യമായ ഉത്തരമായാണ് അപ്പസ്തോലന്‍ അവതരിപ്പിക്കുന്നത്. സഹനങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ഉത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ മാത്രമാണ്. ഉത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ മുറിവുകളെല്ലാം പ്രകാശം പരത്തുന്ന തിരുമുറിവുകളും രക്ഷയുടെ അടയാളങ്ങളുമായി മാറും. മറ്റൊരു ഭാഷയില്‍ ചിന്തിച്ചാല്‍, യുഗാന്ത്യത്തിലെ ഉത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമേ ഈലോക സഹനങ്ങളെ അര്‍ത്ഥപൂര്‍ണ്ണമായി നേരിടാന്‍ വിശ്വാസിക്കു സാധിക്കുകയുള്ളൂ. യുഗാന്ത്യമാനമില്ലാത്ത ജീവിതം അര്‍ത്ഥശൂന്യമായ ജീവിതമാണ്.

1 Peter 1: 13-25 be holy articles of peter bible catholic malayalam Mar. Joseph Pamplani Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message