x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 1:1-2, ഉപോദ്ഘാതം

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 1:1-2, ഉപോദ്ഘാതം

യവനശൈലിയിലെ കത്തുകളുടെ മാതൃകയില്‍ എഴുത്തുകാരനെയും സ്വീകര്‍ത്താക്കളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് പത്രോസിന്‍റെ ഒന്നാംലേഖനം ആരംഭിക്കുന്നത്.

1:1, ലേഖനകര്‍ത്താവ് തന്നെത്തന്നെ അപ്പസ്തോല പ്രമുഖനായ പത്രോസായി പരിചയപ്പെടുത്തിക്കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ശിമയോന്‍ പത്രോസിനെക്കുറിച്ച് ഇതര പുതിയനിയമ ഗ്രന്ഥങ്ങള്‍ നല്‍കുന്ന വിവരണങ്ങള്‍ ഈ വാക്യത്തിന്‍റെ പിന്നാമ്പുറത്ത് വിവക്ഷിക്കപ്പെടുന്നുണ്ട്.

പത്രോസ് പുതിയനിയമത്തില്‍: യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒന്നാമനായിരുന്നു പത്രോസ്. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് ശിമയോന്‍ എന്നായിരുന്നു (മര്‍ക്കോ 1:16; ലൂക്കാ 5:3). ഇദ്ദേഹം ഗലീലിക്കാരനായ യോനായുടെ പുത്രനും (മത്താ 16:17) (യോഹ 1:42; 21:15-17  ഇവിടെ യോനായുടെ പുത്രന്‍ എന്നതിനുപകരം യോഹന്നാന്‍റെ പുത്രന്‍ എന്നാണ് എഴുതിയിരിക്കുന്നത്), അന്ത്രയോസിന്‍റെ സഹോദരനുമാണ് (മര്‍ക്കോ 1:16). ഈ സഹോദരന്മാര്‍ ബേത്സയ്ദായില്‍ നിന്നുള്ളവരും സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാരുമായിരുന്നു (യോഹ 1:35-42; 1:44). ഇദ്ദേഹം വിവാഹിതനാണെന്നും ഇദ്ദേഹത്തിന് കഫര്‍ണാമില്‍ ഒരു വീടുണ്ടായിരുന്നെന്നും മര്‍ക്കോസ് സുവിശേഷകന്‍ എഴുതിയിട്ടുണ്ട്  (മര്‍ക്കോ 1:21; 29-31).

പത്രോസ് എന്ന പേര് പാറ എന്ന് അര്‍ത്ഥം വരുന്ന പെത്രാ എന്ന ഗ്രീക്കുവാക്കില്‍നിന്നും വരുന്നതാണ്. അരമായ ഭാഷയില്‍ കേപ്പാ എന്നുംപറയും. യേശുവാണ് ഈ പേര് ശിമയോനിട്ടത് (മത്താ 16:18; യോഹ 1:42). സമാന്തരസുവിശേഷങ്ങളില്‍ യേശു പത്രോസിനെ വിളിക്കുന്നത് ഗലീലിയാക്കടലിന്‍റെ തീരത്തുവച്ച് അദ്ദേഹത്തിന്‍റെ സഹോദരനോടൊപ്പമാണ്. യേശുവിനാല്‍ ആകര്‍ഷിക്കപ്പെട്ടവനായി തന്‍റെ വളളവും വലയും ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ച പത്രോസ് പിന്നീട് ശിഷ്യരില്‍ ഒന്നാമനായി അറിയപ്പെടുവാന്‍ തുടങ്ങി (മത്താ 10:2; മര്‍ക്കോ 3:16; ലൂക്കാ 6:14; അപ്പ 1:13). യേശുവിന്‍റെ ദൈവീകാസ്തിത്വം ഏറ്റുപറഞ്ഞതും (മത്താ 16:16; മര്‍ക്കോ 8:30; ലൂക്കാ 9:20) മറ്റ് ശിഷ്യന്മാര്‍ക്കുവേണ്ടി സംസാരിച്ചതുമൊക്കെ പത്രോസ് ശ്ലീഹായായിരുന്നു (അപ്പ 1:15; 2:14). ഇതൊക്കെ ശിഷ്യരില്‍ പ്രഥമസ്ഥാനം പത്രോസിനായിരുന്നു എന്നു വെളിവാക്കുന്നു. യേശുവിന്‍റെ മഹത്ത്വീകരണസമയത്തും (മത്താ 17:1; മര്‍ക്കോ 9:2; ലൂക്കാ 9:28), ജായ്റോസിന്‍റെ മകളെ സുഖപ്പെടുത്തിയപ്പോഴും (മര്‍ക്കോ 5:37 ലൂക്കാ 8:51), ഗത്സമേനിലെ പ്രാര്‍ത്ഥനയുടെ സമയത്തും സെബദീപുത്രന്മാരോടൊപ്പം പത്രോസിനെയും യേശു കൊണ്ടുപോകുന്നു. അടിസ്ഥാനപരമായ ചില തത്ത്വങ്ങള്‍ യേശു വിശദീകരിക്കുന്നത് പത്രോസ് ശ്ലീഹായുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് (മത്താ 15:15; മര്‍ക്കോ 10:28; ലൂക്കാ 18:28). ഇവിടെയും പത്രോസ് ശിഷ്യന്മാരുടെ പ്രതിനിധിയായിട്ടാണ് ചോദിക്കുന്നത്.

എല്ലാവരും ഉപേക്ഷിച്ചുപോയപ്പോള്‍ യേശുവിനെ ഏറ്റുപറഞ്ഞതും (യോഹ 6:68) തള്ളിപ്പറഞ്ഞതും (മത്താ 26:69) പത്രോസാണ്. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ പരിപൂര്‍ണ്ണ മാനസാന്തരത്തിനു കാരണമായി (യോഹ 18:15-18; 25-27; ലൂക്കാ 22:54-62). ശിഷ്യന്മാരില്‍ യേശുവിന്‍റെ ഉത്ഥാനത്തെപ്പറ്റി ആദ്യം അറിഞ്ഞത് പത്രോസാണ് (മര്‍ക്കോ 16:7; ലൂക്കാ 24:34).

യേശുവിനുശേഷം ആദിമക്രൈസ്തവസഭയെ നയിച്ചത് പത്രോസാണ്. പൗലോസുള്‍പ്പെടെ എല്ലാവരും പത്രോസിന്‍റെ പ്രഥമസ്ഥാനത്തെ അംഗീകരിക്കുന്നുണ്ട് (ഗലാ 1:18-19). ശിഷ്യസമൂഹത്തിലേക്ക് യൂദാസിനു പകരം ഒരാളെ തിരഞ്ഞെടുത്തതും (അപ്പ 1:15-26), ശിഷ്യന്മാരുടെ പ്രതിനിധി എന്ന നിലയില്‍ സംസാരിച്ചതും (അപ്പ 2:14-36; 3:11-26), മുടന്തനെ സുഖപ്പെടുത്തിയതും (അപ്പ 3:1-10) ഇദ്ദേഹമാണ്. ഒരു സ്വര്‍ഗ്ഗീയ ദര്‍ശനത്തിന്‍റെ ഫലമായി വിജാതീയരോട് ആദ്യമായി സുവിശേഷം പ്രസംഗിക്കുകയും അവരെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്യുന്നത് പത്രോസാണ് (അപ്പ 10). പരിച്ഛേദനത്തെപറ്റി തര്‍ക്കം ഉണ്ടായപ്പോള്‍ ജറുസലേം കൗണ്‍സില്‍ വിളിച്ചുകൂട്ടി വ്യക്തമായ തീരുമാനം എടുത്തതും പത്രോസാണ് (അപ്പ 15:6-11). റോമില്‍വച്ച് രക്തസാക്ഷിയായി മരിച്ചു എന്നാണ് പാരമ്പര്യം.

പത്രോസിനെക്കുറിച്ചുള്ള ഈ വിശദീകരണത്തില്‍നിന്നും ആദിമസഭയില്‍ പത്രോസിനുണ്ടായിരുന്ന പ്രാമുഖ്യം വ്യക്തമാണല്ലോ. സഭയുടെ പൊതുനേതാവ് എന്ന നിലയില്‍ പത്രോസ് ഏഷ്യാമൈനറിലെ പീഡിതസഭയെ വിശ്വാസത്തില്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലേഖനം രചിച്ചത് എന്ന് ശീര്‍ഷകത്തില്‍നിന്നും അനുമാനിക്കാം.

അപ്പസ്തോലന്‍: ലേഖനകര്‍ത്താവ് തന്നെത്തന്നെ അപ്പസ്തോലനായി ചിത്രീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അപ്പസ്തോലാസ് (apostolos) എന്ന ഗ്രീക്കു വാക്കിന് ദൗത്യവാഹകന്‍, അയയ്ക്കപ്പെടുന്നവന്‍, സ്ഥാനപതി എന്നൊക്കെയാണര്‍ത്ഥം. പലസ്തീനായ്ക്കു പുറത്തുളള യഹൂദരുടെ പക്കല്‍നിന്ന് റബ്ബിമാര്‍ക്കുളള ഓഹരി പിരിച്ചെടുക്കാനായി  ജറുസലേമില്‍നിന്ന് അയയ്ക്കപ്പെടുന്ന കാര്യസ്ഥന്‍മാര്‍  'അപ്പസ്തോലന്‍മാര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് (Theodotian code XVI.viii,14). ഹീബ്രുവിലെ  'ഷാലിയാഹ്' എന്ന പദത്തെ സപ്തതി ബൈബിള്‍ അപ്പോസ്തൊളോസ് എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത് (1 രാജാ 14:6). സ്ഥാനപതി, പ്രതിനിധി എന്നൊക്കെയാണ് ഷാലിയാഹിന്‍റെ അര്‍ത്ഥം. ചുരുക്കത്തില്‍ യഹൂദ പാരമ്പര്യത്തില്‍ അപ്പസ്തോലന്‍ എന്ന വാക്കിന് "മറ്റൊരു വ്യക്തിയുടെ ആജ്ഞാനുസരണം  പ്രവര്‍ത്തിക്കുന്നവന്‍" എന്നാണര്‍ത്ഥമെങ്കിലും മതപരമെന്നതിനേക്കാള്‍, നിയമപരമായ അര്‍ത്ഥമുള്‍ക്കൊളളുന്ന പദമാണിത്.

പുതിയനിയമത്തില്‍ തന്‍റെ ദൗത്യം തുടരുന്നതിനായി യേശു തിരഞ്ഞെടുത്ത 12 ശിഷ്യന്‍മാരാണ് സുവിശേഷങ്ങളില്‍ അപ്പ സ്തോലന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത് (മര്‍ക്കോ 3:14-15; മത്താ 10:1; ലൂക്കാ 6:12-16). പിതാവിനാല്‍ അയക്കപ്പെടുന്നവനായിട്ടാണ്  (അപ്പസ്തോലന്‍) യേശു തന്നെത്തന്നെ മനസ്സിലാക്കിയത്. ഈ അവബോധത്തില്‍ നിന്നാണ് തന്‍റെ ദൗത്യവാഹകരായി യേശു അപ്പസ്തോലന്‍മാരെ അയയ്ക്കുന്നത് (മര്‍ക്കോ 9:37; യോഹ 20:21). യഹൂദവീക്ഷണത്തിനു വിരുദ്ധമായി, പൂര്‍ണ്ണമായും മതപരമായ അര്‍ത്ഥത്തിലാണ് യേശു ഈ പദം ഉപയോഗിക്കുന്നത്. 

പന്ത്രണ്ടുപേരില്‍ ഒരുവനല്ലാതിരുന്നിട്ടും  അപ്പസ്തോലന്‍ എന്നാണ് പൗലോസ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. കാരണം, സുവിശേഷം പ്രസംഗിക്കാനുളള ദൗത്യം യേശു പന്ത്രണ്ടു ശിഷ്യന്മാര്‍ക്കു നല്‍കിയതുപോലെ (മത്താ 28:19-20; ലൂക്കാ 24:48; യോഹ 20:21-23; അപ്പ 1:8) തനിക്കും നല്‍കി എന്നു പൗലോസ് വിശ്വസിച്ചിരുന്നു (റോമാ 1:1; കോറി 9:1-12; 15:9; 2 കോറി 11:4-5). തനിക്ക് ലഭിച്ച ദൗത്യം വിജാതീയരോട് സുവിശേഷം പ്രസംഗിക്കുക എന്നതാണെന്നും പൗലോസ് വിശ്വസിച്ചിരുന്നു (റോമാ 11:13; ഗലാ 1:15-19). അപ്പസ്തോലന്‍മാര്‍ സഭയുടെ തലവന്‍മാരും സുവിശേഷവരം സിദ്ധിച്ചിട്ടുള്ളവരുമാണെന്ന് പൗലോസ് കരുതി (1 കോറി 12:28; 2 കോറി 12:12; എഫേ 4:11). ബാര്‍ണബാസിനെയും അപ്പസ്തോലനായിട്ടാണ് പൗലോസ് പരിഗണിച്ചത് (1 കോറി 9:6). തന്‍റെ അപ്പസ്തോലാധികാരത്തെ  എതിര്‍ത്തവരെ വ്യാജഅപ്പസ്തോലര്‍ എന്നാണ് പൗലോസ് വിളിക്കുന്നത്  (2 കോറി 11:13; 12-11). സഭകളുടെ സന്ദേശവാഹകരെ സൂചിപ്പിക്കാനും ഇതേപദം തന്നെയാണ് പൗലോസ് ഉപയോഗിക്കുന്നത് (2 കോറി 8:23; ഫിലി 2:25). ചുരുക്കിപ്പറഞ്ഞാല്‍, അപ്പസ്തോലന്‍ എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങള്‍ പൗലോസ് കല്‍പ്പിക്കുന്നുണ്ട്. പത്രോസിന്‍റെ ഒന്നാംലേഖനം അപ്പസ്തോലന്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍ മേല്‍പറഞ്ഞ അര്‍ത്ഥതലങ്ങളെല്ലാം വിവക്ഷിക്കുന്നുണ്ട്.

പ്രവാസികള്‍: പത്രോസിന്‍റെ ഒന്നാം ലേഖനത്തിന്‍റെ സ്വീകര്‍ത്താക്കളായി വിവക്ഷിക്കുന്നത് "പ്രവാസികളായ" (= പാരെപ്പിദേമോസ്) ക്രൈസ്തവരെയാണ്. പ്രവാസം എന്ന പദം ഇസ്രായേലിന്‍റെ മതാത്മകതയുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. യൂദയായിലെയും ജറുസലേമിലെയും ജനങ്ങള്‍ സ്വന്തം നാടും നഗരവും ഉപേക്ഷിച്ച് ബാബിലോണില്‍ പോയിത്താമസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട കാലഘട്ടത്തെയാണ് ഇസ്രായേലിന്‍റെ വിപ്രവാസഘട്ടം എന്നുവിളിക്കുക. യൂദയായുടെ ചരിത്രത്തില്‍ മൂന്നുതവണ ജനത്തെ ബന്ദികളായി ബാബിലോണിലേക്കു നാടുകടത്തിയിട്ടുണ്ട്. ബി.സി. 598-ലും (എസ്തേ 2:6) 587-ലും 582-ലും (ജറെ 52:30). ബി.സി. 587 മുതല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ് കല്‍പ്പന പുറപ്പെടുവിച്ച ബി.സി. 538 വരെയുള്ള കാലത്തെയാണ് സാധാരണയായി വിപ്രവാസകാലമായി കണക്കാക്കുന്നത്. ചിലരാകട്ടെ ബാബിലോണ്‍കാര്‍ നശിപ്പിച്ചുകളഞ്ഞ ദേവാലയം പുനരുദ്ധരിക്കപ്പെട്ട ബി.സി. 515 വരെയുള്ള കാലത്തെയും പ്രവാസകാലമായി കണക്കാക്കുന്നു. സ്വന്തം നാട്ടില്‍നിന്നു ബലമായി അന്യനാട്ടിലേക്കു കൊണ്ടുപോകപ്പെടുന്ന അവസ്ഥയെ സൂചിപ്പിക്കാനും ചിലപ്പോള്‍ ഈ വാക്കുപയോഗിക്കാറുണ്ട് (ആമോ 1:15). സ്വന്തം ഭവനത്തില്‍നിന്നു നിഷ്കാസിതനായ ഒരു വ്യക്തിയുടെ അവസ്ഥയുമാകാമിത് (2 സാമു 15:13; ജറെ 20:3; ആമോ 7:17). ആലങ്കാരികമായി ഈലോകജീവിതത്തെ വിശേഷിപ്പിക്കാന്‍ പുതിയനിയമത്തില്‍ 'വിപ്രവാസം' എന്ന പദമുപയോഗിച്ചിട്ടുണ്ട് (ഹെബ്രാ 11:13).

പ്രവാസാനുഭവം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം മര്‍മ്മപ്രധാനമായിരുന്നു. ദൈവത്തിന്‍റെ കരം ഈ ശിക്ഷയില്‍ ദര്‍ശിക്കാന്‍ പ്രവാചകന്മാര്‍ അവരെ പഠിപ്പിച്ചു. പ്രവാസത്തിനു തൊട്ടുമുമ്പ് ജറെമിയ വരാന്‍ പോകുന്ന ശിക്ഷയെപ്പറ്റി ജനത്തിനു താക്കീത് നല്‍കിയതാണ്. ശിക്ഷ വന്നുഭവിച്ചപ്പോള്‍ അവരെ ആശ്വസിപ്പിക്കുവാനും പ്രതീക്ഷ പകര്‍ന്നുകൊടുക്കുവാനുമായി രണ്ടാം ഏശയ്യായും (ഏശ 40-45) എസെക്കിയേലും അവരോടൊപ്പം ബാബിലോണിലുണ്ടായിരുന്നു. എളിമയോടുകൂടെ തെറ്റേറ്റുപറഞ്ഞ് യഹോവയിലേക്കു തിരിച്ചുവരുവാനും ശിക്ഷാവിധി മാനസാന്തരത്തിനുള്ള ഉപാധിയാക്കുവാനും അവര്‍ ജനത്തെ ഉപദേശിച്ചു (ഏശ 54:9-10; ജറെ 31:2-3). ഈ ദു:ഖാനുഭവങ്ങളുടെ അന്ത്യത്തില്‍ യഹോവ സന്തോഷകരമായ ഒരു ഭാവി അവര്‍ക്കായി ഒരുക്കുന്ന കാര്യം പ്രവാചകന്മാര്‍ അവരെ അനുസ്മരിപ്പിച്ചു (ജറെ 31:31-34; എസെ 36:26). ഇസ്രായേലിനു ലോകംമുഴുവനും വേണ്ടിയുള്ള ഒരു ദൗത്യമുണ്ടെന്ന് അവര്‍ ജനത്തെ ഓര്‍മ്മപ്പെടുത്തി (ഏശ 43:10). ഹബക്കുക്ക് പ്രവാചകനും പ്രവാസത്തെ വിശ്വാസത്തിന്‍റെ അരൂപിയില്‍ കാണാന്‍ പഠിപ്പിച്ചു (1:12-2:4). പ്രവാസകാലത്തെ ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു കൊണ്ടും പ്രത്യാശ കൈവിടാതെ  യഹോവയെ ആശ്രയിക്കുവാന്‍ ഉദ്ബോധിപ്പിച്ചുകൊണ്ടും മനോഹരമായ കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ് (നിയ 32; സങ്കീ 137:1-6; ഏശ 13-14; 21:63; വിലാപങ്ങള്‍). ബാബിലോണില്‍ വച്ചാണ് വൈദികപാരമ്പര്യം യഹോവയെ ആരാധിക്കേണ്ട സുപ്രധാന നിയമങ്ങള്‍ക്കു രൂപം നല്‍കിയത് (ലേവ്യ 17:26; എസെ 40:48). യഹൂദവിശ്വാസം ഒരു മതമെന്നനിലയില്‍ രൂപംകൊണ്ടത് വിപ്രവാസകാലഘട്ടത്തിലാണ്.

ദൈവത്തിന്‍റെ നീതിയുടെയും വെളിപ്പെടുത്തലിന്‍റെയും പരമമായ ഒരു പ്രകടനമായിട്ടാണ് പ്രവാസത്തെ ബൈബിള്‍ കാണുക. ഇസ്രായേലിന്‍റെ വിശ്വാസത്തെ ഉരുക്കി ശുദ്ധമാക്കുന്ന ഉലയായിരുന്നു പ്രവാസാനുഭവം. കുരിശിനെയും വേദനയെയും സംബന്ധിക്കുന്ന ഏതൊരു സത്യവും മനസ്സിലാക്കണമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ ബാബിലോണിയന്‍ അടിമത്തംകൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

പത്രോസിന്‍റെ ഒന്നാംലേഖനത്തില്‍ ക്രൈസ്തവര്‍ പ്രവാസത്തിലായിരുന്നു എന്നതിന് പല അര്‍ത്ഥതലങ്ങള്‍ സാധ്യമാണ്. ഒന്നാമതായി, ക്രൈസ്തവര്‍ ഏഷ്യാമൈനറില്‍ സ്വദേശത്തുനിന്നു ബഹിഷ്കൃതരായി ജീവിക്കേണ്ടിവന്നു എന്ന അര്‍ത്ഥമാണ് ഇവിടെ വിവക്ഷിക്കുന്നത് എന്ന് അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. രണ്ടാമതായി, പ്രവാസത്തെ പ്രതീകാത്മകമായി വ്യാഖ്യാനിക്കുന്നവരുണ്ട്. ചുറ്റുമുള്ള ജനവിഭാഗങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടും ഒറ്റപ്പെട്ടും പീഡിപ്പിക്കപ്പെട്ടും കഴിയുന്ന ക്രൈസ്തവരുടെ അവസ്ഥയെ പ്രതീകാത്മകമായി സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചത് എന്ന് ഇക്കൂട്ടര്‍ കരുതുന്നു. ശത്രുക്കള്‍ മൃഗീയ ഭൂരിപക്ഷമായിരിക്കുന്ന ഒരു സമൂഹത്തിലെ ജീവിതം ശരിക്കും പ്രവാസതുല്യമായിരിക്കുമെന്ന് അനുമാനിക്കാമല്ലോ. ഉല്‍പ 23:4 ല്‍ വിവരിക്കപ്പെടുന്ന അബ്രാഹത്തിന്‍റെ അവസ്ഥയ്ക്കു സമാനമാണിത്. അബ്രാഹം സ്വന്തം ജനത്തെ ഉപേക്ഷിച്ചു ദൈവം നിര്‍ദ്ദേശിച്ച സ്ഥലത്തേക്കു പോയതുപോലെ ക്രിസ്ത്യാനികളും തങ്ങളുടെ പൂര്‍വ്വ മതങ്ങളും ബന്ധങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവിന്‍റെ പക്ഷത്തേക്ക് പോന്നു.

ഏഷ്യാമൈനറിലെ പ്രവിശ്യകളെ ലക്ഷ്യമാക്കിയാണ് ഈ എഴുത്ത് എഴുതുന്നത് പോന്തൂസ്, ഗലാത്തിയാ, കപ്പദോസിയാ, ബിഥീനിയ എന്നിവയാണ് ഏഷ്യാമൈനറിലെ പ്രവിശ്യകള്‍.

ഗലാത്തിയ: മധ്യ ഏഷ്യാമൈനറിലെ ഒരു പ്രദേശമാണ് ഗലാത്തിയ. മധ്യഅനത്തോലിയായില്‍ പോന്തൂസിനും ബിഥിനിയായ്ക്കും ലൈക്കോണിയായ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു ഉയര്‍ന്ന പ്രദേശമാണിത്. ബി.സി. മൂന്നാം നൂറ്റാണ്ടോടുകൂടി ഇവിടെ കുടിയേറിപ്പാര്‍ത്ത 'ഗൗള്‍' എന്ന ഇന്‍ഡോ-യൂറോപ്യന്‍ കെല്‍റ്റിക് വംശജരില്‍നിന്നാണ് ഈ പ്രദേശത്തിന് ഗലാത്തിയ എന്ന നാമം ഉണ്ടായത്. യൂറോപ്പില്‍ നിന്ന് ഏഷ്യാമൈനറിലേക്ക് കുടിയേറിയ അവര്‍ക്ക് ബിഥിനിയാ രാജാവായ നിക്കോമേദസ് ഒന്നാമനില്‍നിന്നും ശക്തമായ ആക്രമണം നേരിടേണ്ടിവന്നു. ബി.സി. 280 നോടടുത്ത് ഇവര്‍ മാസിഡോണിയായും ഗ്രീസും ഏഷ്യാമൈനറും കീഴ്പ്പെടുത്തുകയും അനത്തോലിയായില്‍ താമസമാക്കുകയും അവിടെ തങ്ങളുടേതായ ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇത് ഗലാത്തിയ എന്ന് അറിയപ്പെട്ടു. ബി.സി. 64 വരെ മൂന്ന് ഗൗള്‍ വംശജരില്‍ നിന്നുള്ള പന്ത്രണ്ട് അംഗങ്ങള്‍ ചേര്‍ന്ന ഒരു സമിതിയായിരുന്നു ഇതിന്‍റെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. ബി.സി. 64-നു ശേഷം ഗലാത്തിയ റോമാ സാമ്രാജ്യവുമായി ഉറ്റബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവിടെ രാജഭരണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഗലാത്തിയ അയല്‍നാടുകളെ കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ നാടിനെ വിസ്തൃതമാക്കിക്കൊണ്ടിരുന്നു.

ഒരു റോമന്‍ പ്രവിശ്യയും ഗലാത്തിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഗലാത്തിയായിലെ അവസാനത്തെ രാജാവായ അമിനാത്തന്‍റെ മരണശേഷം ബി.സി. 25 ലാണ് ഇതൊരു റോമന്‍ പ്രവിശ്യയായി മാറിയത്. ഈ പ്രവിശ്യ ഗലാത്തിയായുടെയും പിസീദിയായുടെയും പാംഫിലിയായുടെയും ലൈക്കോണിയായുടെയും ഫിര്‍ജിയായുടെയും ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു. പെര്‍ഗാ, ലിസ്ത്രാ, ഇക്കോണിയാ, പിസീദിയായിലെ അന്ത്യോക്യ തുടങ്ങിയ പട്ടണങ്ങള്‍ ഈ പ്രവിശ്യയില്‍ ഉള്‍പ്പെട്ടിരുന്നു. പൗലോസ് അപ്പസ്തോലന്‍ തന്‍റെ ആദ്യത്തെ പ്രേഷിതയാത്രയില്‍ ഈ പട്ടണങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി (അപ്പ 13-14). അദ്ദേഹം തന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേഷിത യാത്രയില്‍ ഗലാത്തിയ സന്ദര്‍ശിച്ചു (അപ്പ 16:6; 18:23). ഗലാത്തിയായിലെ സഭ ജറുസലേമിലെ ജനങ്ങള്‍ക്കുവേണ്ടി ഉദാരമായി സംഭാവനകള്‍ നല്‍കി (1 കോറി 16:1). ക്രെസ്കെസ് ഗലാത്തിയായില്‍ പ്രേഷിതവേല ചെയ്തു (2 തിമോ 4:10). പത്രോസ് ശ്ലീഹായുടെ ലേഖനം ഗലാത്തിയാക്കാരെക്കൂടി ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ് (1 പത്രോ 1:2).

ഈ രണ്ടു ഗലാത്തിയാകളില്‍ ഏതാണ് വി. ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന 'ഗലാത്തിയ' (16:6; 18:23) ഗലാത്തിയാ രാജ്യത്തെയും 1 തിമോ 4:10; 1 പത്രോ 3 എന്നിവിടങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയ റോമന്‍ പ്രവിശ്യയെയുമാണ് ഉദ്ദേശിക്കുന്നത് എന്നാണ് പണ്ഡിതന്മാരുടെ പൊതുവായ അഭിപ്രായം.

പോന്തൂസ്: ഏഷ്യാമൈനറിലെ കരിങ്കടലിന്‍റെ തീരത്തുള്ള ഒരു പ്രവിശ്യയാണ് പോന്തൂസ്. ഇവിടെനിന്ന് യഹൂദര്‍ പന്തക്കുസ്താ തിരുനാളിനു ജറുസലേമില്‍ വന്നിരുന്നു (അപ്പ 2:9) പൗലോസിനെ അനുഗമിച്ച അക്വീലാ ഈ നാട്ടുകാരനായിരുന്നു (അപ്പ 18:2). ഇവിടെ ചിതറിക്കഴിഞ്ഞ പ്രവാസികള്‍ക്കു വേണ്ടിയാണ് പത്രോസിന്‍റെ ഒന്നാം ലേഖനം എഴുതപ്പെട്ടത് (1 പത്രോ 1:2).

കപ്പദോസിയ: താര്‍സൂസിന് വടക്കും ഹാലിസിന് കിഴക്കുമായി സ്ഥിതിചെയ്യുന്ന ഏഷ്യാമൈനറിലെ ഒരു സ്ഥലമാണ് കപ്പദോസിയ. ഏ.ഡി. 17-ല്‍ റോമാക്കാര്‍ കീഴടക്കുംവരെ ഇത് പോന്തൂസ്സിന്‍റെ ഭാഗമായിരുന്നു. കപ്പദോസിയായിലെ ജനങ്ങള്‍ പന്തക്കുസ്താദിനത്തില്‍ പത്രോസിന്‍റെ പ്രസംഗം കേള്‍ക്കാന്‍ വന്നിരുന്നു (അപ്പ 2:9). പത്രോസ് തന്‍റെ ലേഖനത്തില്‍ കപ്പദോസിയായിലെ വിശ്വാസികളെ അഭിസംബോധനചെയ്യുന്നു (1 പത്രോ 1:2).

ബിഥീനിയ: വടക്കുപടിഞ്ഞാറന്‍ ഏഷ്യാമൈനറിലുള്ള ഒരു റോമന്‍ പ്രവിശ്യയാണ് ബിഥീനിയ. പത്രോസിന്‍റെ ഒന്നാം ലേഖനം എഴുതപ്പെട്ടപ്പോഴേക്കും ഇവിടെ ക്രിസ്തീയ സമൂഹങ്ങള്‍ രൂപപ്പെട്ടിരുന്നു. പൗലോസും കൂട്ടരും അവിടേക്കുപോകാന്‍ ആഗ്രഹിച്ചെങ്കിലും യേശുവിന്‍റെ ആത്മാവ് അതിനനുവദിച്ചില്ല (അപ്പ 16:7). ആദിമ പാരമ്പര്യകഥകള്‍ പറയുന്നത് പത്രോസോ, അന്ത്രയോസോ ആണ് അവിടെ സുവിശേഷം പ്രസംഗിച്ചതെന്നാണ്. ഏ.ഡി. 110 ആയപ്പോഴേക്കും ബൃഹത്തായ ക്രിസ്തീയ മുന്നേറ്റത്തിന് ബിഥീനിയ സാക്ഷ്യം വഹിച്ചു. സഭയുടെ രണ്ടു സാര്‍വത്രിക സൂനഹദോസുകള്‍ ബിഥീനിയായിലെ നിഖ്യായിലും (325) കല്‍ക്കദോനിയായിലും (451) വച്ചാണ് നടന്നത്.

1:2, വിശ്വാസികളുടെ സമൂഹം ഇപ്പോള്‍ അനുഭവിക്കുന്ന പ്രവാസാനുഭവം ദൈവത്താല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന സത്യമാണ് ഈ വാക്യങ്ങളില്‍ പ്രകടമാക്കുന്നത്. ദൈവം മുന്‍കൂട്ടി അറിയുന്നു (= പ്രോഗ്നോസിന്‍) എന്നതിനെ "വിധി"യായി തെറ്റിദ്ധരിച്ചാല്‍ ഈ വാക്യത്തിന്‍റെ അര്‍ത്ഥം ശരിയാകില്ല. ദൈവം അവരെ അറിഞ്ഞുകൊണ്ട് പീഡകള്‍ക്കു കൈവിട്ടു എന്ന അര്‍ത്ഥത്തിലല്ല; ദൈവം തന്‍റെ രക്ഷാകരപദ്ധതിയില്‍ എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നതാണ് സത്യം. രക്ഷാകരപദ്ധതിയില്‍ സംഭവിക്കുന്നതെല്ലാം രക്ഷയ്ക്കു വേണ്ടിയുള്ളതാണ്.

ദൈവത്തിന്‍റെ മുന്നറിവും പരിശുദ്ധാരൂപിയുടെ വിശുദ്ധീകരണവും ദൈവപുത്രന്‍റെ രക്തം ചിന്തലും തുല്യപ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഈ ശൈലി പുതിയനിയമത്തില്‍ അന്യത്ര ദൃശ്യമല്ല. പിതാവായ ദൈവം ഒരേസമയം യേശുവിന്‍റെ പിതാവും വിശ്വാസികളുടെ പിതാവുമാണ്. പരിശുദ്ധാത്മാവ് വിശുദ്ധീകരിക്കുമ്പോള്‍ ക്രിസ്തു "ബലിയര്‍പ്പണം വഴി പാപമോചനം നല്‍കുന്നു" (ലേവ്യ 16:16; ഹെബ്രാ 12:24).

ഗ്രീക്കുഭാഷയിലെ എഴുത്തുകളില്‍ സാധാരണ ആശംസാവാക്ക് "കായ്റേയ്ന്" എന്നാണ്. എന്നാല്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പുതിയനിയമത്തിലെ എഴുത്തുകളില്‍ പൊതുവേ "കൃപ?" എന്നര്‍ത്ഥമുള്ള "കാരിസ്" എന്ന പദമാണ് സാമാന്യേന ഉപയോഗിക്കുന്നത് (റോമ 1:7; 1 കോറി 1:3; 2 തെസ്സ 1:2). 

മനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ ബന്ധത്തെ സൂചിപ്പിക്കുന്ന പദമാണ് "കാരിസ.്" ഇവിടെ ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ പദം "സമാധാനം" എന്നതാണ്. ഈ പദങ്ങള്‍ വി. ഗ്രന്ഥവിജ്ഞാനീയത്തില്‍ ഏറെ അര്‍ത്ഥവ്യാപ്തിയുള്ളവയാണ്. ഇവയെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത പഠനം ചുവടെ ചേര്‍ക്കുന്നു:

കൃപ, സമാധാനം - വി. ഗ്രന്ഥദൃഷ്ടിയില്‍

ദൈവത്തിന്‍റെ കൃപയും സമാധാനവും ബൈബിളിലെ മുഖ്യപ്രമേയങ്ങളാണ്. ദൈവമനുഷ്യബന്ധത്തിന്‍റെ തീവ്രതയും ഊഷ്മളതയും ഈ രണ്ടു സംജ്ഞകളിലൂടെ പ്രകടമാക്കപ്പെടാറുണ്ട്. ദൈവം മനുഷ്യനോടു കാട്ടുന്ന കാരുണ്യത്തെ കൃപയായും ദൈവകൃപ ലഭിച്ച മനുഷ്യന്‍റെ അവസ്ഥയെ സമാധാനമായും സാമാന്യമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാവുന്നതാണ്. ബൈബിളിലെ വിവിധ ഗ്രന്ഥങ്ങളില്‍ ഈ സംജ്ഞകളുടെ അര്‍ത്ഥതലങ്ങള്‍ വ്യത്യസ്തമാണ്.

കൃപ

മനുഷ്യന്‍റെമേല്‍ ദൈവം ചൊരിയുന്ന അതുല്യമായ അനുഗ്രഹമാണ് കൃപ. പഴയനിയമത്തില്‍ ഉടമ്പടിയും പുതിയ നിയമത്തില്‍ യേശുക്രിസ്തുവുമാണ് കൃപാവരത്തിന്‍റെ മാധ്യമങ്ങള്‍.

മൂന്ന് ഹീബ്രുപദങ്ങളാണ് പഴയനിയമത്തില്‍ ഈ ആശയം സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്.

  1. ഹെന്‍ (Hen): രാജാക്കന്മാരും മറ്റും തങ്ങളുടെ അധീനതയിലുള്ളവരോട് കാണിക്കുന്ന ഔദാര്യപൂര്‍ണ്ണമായ അനുഭാവം (cfr. 1 സാമു 27:5; എസ്തേ 5:8). ദൈവകൃപയെ സൂചിപ്പിക്കാനും (ഉല്‍പ 6:8; പുറ 33:12ളള; ജറെ 31:2) ദൈവാനുഗ്രഹം നേടിത്തരുന്ന വൈയക്തികഗുണങ്ങളെ സൂചിപ്പിക്കാനും (സുഭാ 3:4; 3:34; 13:15) ഈ പദം ഉപയോഗിച്ചിട്ടുണ്ട്.                                                                                                                                   
  2. ഹനാന്‍ (Hanan): ആവശ്യനേരത്ത് ഒരുവനു നല്‍കുന്ന അനര്‍ഹമായ കാരുണ്യത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇതിന് പ്രേരകമായിട്ടുള്ളത് സ്നേഹമാണ് (നിയ 7:7-8). എന്നാല്‍, ഇത് അവകാശമല്ല (പുറ 33:19). ഏകാന്തതയിലും (സങ്കീ 25:16) വിശപ്പിലും (111:4-5) പാപത്തിലും (51:1) തങ്ങളോട് കരുണ കാട്ടണമെന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പശ്ചാത്തപിക്കുന്നവരോടും (ആമോ 5:15) തന്നെ കാത്തിരിക്കുന്നവരോടും (ഏശ 30:18) ദൈവം കാരുണ്യം കാണിക്കും. പ്രത്യാശിക്കുന്നവര്‍ക്കും (ഉല്‍പ 43:29; സംഖ്യ 6:25) ദൈവത്തെ സ്തുതിക്കുന്നവര്‍ക്കുമാണ് (സങ്കീ 67) അവിടുത്തെ കാരുണ്യം ലഭിക്കുന്നത്.            
  3. ഹെസെദ് (Hesed): അനുകമ്പ എന്നാണ് ഈ പദത്തിന്‍റെ സാമാന്യാര്‍ത്ഥം. ആദ്യ രണ്ടു പദങ്ങള്‍ ചില പ്രത്യേക അവസരങ്ങളില്‍ ദൈവം നല്‍കുന്ന കാരുണ്യത്തെ സൂചിപ്പിക്കുന്നതാണെങ്കില്‍ ഹെസദ് ദൈവത്തിന്‍റെ മാറ്റമില്ലാത്ത കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്.

ഈ മൂന്നു പദങ്ങളും പുറ 34-ല്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇസ്രായേലിനെ രക്ഷിക്കുകയും അവരുമായി ഉടമ്പടി ചെയ്യുകയും ചെയ്ത ദൈവം (വാ. 1,14) കാരുണ്യവാനും കൃപാനിധിയും (hen) ഉടമ്പടിയില്‍ വിശ്വസ്തനുമാണ് (hesed). കാരണം, അവിടുന്ന് ആയിരം തലമുറകളോളം തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കും (വാ. 6). ദൈവസ്തുതിപ്പായും (സങ്കീ 86:15; 103:8), പശ്ചാത്താപ സൂചകമായും (ജോയേ 2:13; മിക്കാ 7:18), ഉടമ്പടി നവീകരണത്തെ സൂചിപ്പിക്കാനായും (2 ദിന 30:4; നെഹെ 9:17) ഇതേ പദങ്ങള്‍ തന്നെ പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

കാരിസ് (charis) എന്ന ഗ്രീക്കുപദമാണ് കൃപയെ സൂചിപ്പിക്കാന്‍ പുതിയനിയമം ഉപയോഗിക്കുന്നത്. കാരിത്തൂന്‍ (charitun) എന്ന ക്രിയാരൂപം, കൃപ നല്‍കുന്നതിനെയാണ് സൂചിപ്പിക്കുന്നത് (എഫേ 1:6). കെക്കരിക്കോമെനേ (Kecharitomene) എന്ന പ്രത്യയരൂപമാകട്ടെ, സംബോധനാ രൂപത്തിലാണ് ഉപയോഗിച്ചിട്ടുള്ളത് (ലൂക്കാ 1:28). കരിസ്മ (charisma), കാരിസ് (charis) എന്നീപദങ്ങള്‍ സമാനാര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. കരിസ്മ എന്നത്, ഒരുവനോട് കാണിക്കുന്ന കാരുണ്യത്തെ സൂചിപ്പിക്കുമ്പോള്‍ (റോമാ 1:11; 1 കോറി 1:7) കാരുണ്യം കാണിക്കുന്നതിനു കാരണമായ മനോഭാവത്തെയാണ് കാരിസ് എന്ന പദം സൂചിപ്പിക്കുന്നത് (റോമാ 1:7; 16:20; 1 പത്രോ 1:2; 2 പത്രോ 1:2; 2 യോഹ 3; വെളി 1:4; 22:21).

സുവിശേഷങ്ങളില്‍: യേശുവിന്‍റെ പ്രവൃത്തികളിലും പ്രബോധനങ്ങളിലും 'കൃപ' എന്ന ആശയം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും, കൃപ എന്ന വാക്ക് വളരെ അപൂര്‍വ്വമായി മാത്രമേ സുവിശേഷങ്ങളില്‍ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍, ദൈവകൃപയെ പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്ന അനേകം ശൈലികള്‍ സുവിശേഷങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: "ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചു" (യേഹ 3:16).

"മനുഷ്യപുത്രന്‍ ശുശ്രൂഷിക്കാനാണ് വന്നത്" (മര്‍ക്കോ 10:45). കാണാതെപോയ ആടിനെ തിരയുന്ന കഥയിലൂടെയും (മത്താ 9:36; 10:6; ലൂക്കാ 15:5; യോഹ 10) പാവങ്ങളോടും (മത്താ 19:21) സമൂഹം ഭ്രഷ്ടു കല്‍പ്പിച്ചവരോടും (ലൂക്കാ 5:30-32) സ്ത്രീകളോടും (8:32) ശിശുക്കളോടും (മര്‍ക്കോ 10:14-15) കരുണ കാണിക്കുന്നതിലൂടെയും യേശുവിന്‍റെ കൃപയാണ് വെളിപ്പെടുന്നത്. തന്‍റെ പുത്രനെ കുരിശില്‍ ബലിയര്‍പ്പിച്ച് മനുഷ്യകുലത്തെ രക്ഷിക്കുന്നതിലൂടെ ദൈവത്തിന്‍റെ കൃപയുടെ പൂര്‍ണ്ണതയാണ് പുതിയ നിയമത്തില്‍ വെളിപ്പടുന്നത്. ഉത്ഥാനത്തിലൂടെ സകല സൃഷ്ടികളുടെയും കര്‍ത്താവായിത്തീര്‍ന്ന ക്രിസ്തു, കൃപയുടെ നവയുഗത്തിന് തുടക്കം കുറിച്ചു.

പൗലോസിന്‍റെ ലേഖനങ്ങളില്‍: പൗലോസിന്‍റെ വിചിന്തനങ്ങളുടെ കേന്ദ്രാശയം ദൈവകൃപയാണ്. യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം തന്നെയാണ് കൃപ (റോമാ 1:7; 1 കോറി 1:3). യേശുവിന്‍റെ രക്ഷാകരപ്രവൃത്തികളെ ദൈവകൃപയുടെ ആവിഷ്കരണങ്ങളായാണ് പൗലോസ് അവതരിപ്പിക്കുന്നത്. ഉദാ: സമ്പന്നനായിരുന്നിട്ടും അവിടുന്ന് ദരിദ്രനായി (2 കോറി 8:9); ദാസന്‍റെ രൂപം സ്വീകരിച്ചു (ഫിലി 2:7); നാം പാപികളായിരിക്കെ (റോമാ 5:8) ദൈവം നമ്മെ യേശുക്രിസ്തുവില്‍ അനുരഞ്ജിപ്പിച്ചു (2 കോറി 5:18-21).

യേശുക്രിസ്തുവിന്‍റെ കൃപ നമുക്ക് ലഭിക്കുന്നത് കുരിശിലൂടെയാണ് (റോമാ 5:9; ഗലാ 2:20; എഫേ 1:20). വിശ്വാസം വഴി കൃപയാലാണ് നാം നീതീകരിക്കപ്പെടുന്നത് (റോമാ 3:24-25; 5:1) കൃപ നിയമത്തിനും (ഗലാ 5:2-6) മാനുഷിക വിജ്ഞാനത്തിനും (2 കോറി 1:12) പാപത്തിനും (റോമാ 6:1) അതീതമാണ്. പാപത്തില്‍ മൃതരായ നമ്മെ കൃപാസമ്പന്നനായ ദൈവം യേശുക്രിസ്തുവിനോടു കൂടെ ജീവിപ്പിച്ചു (എഫേ 2:4-5).

വിശ്വാസം വഴിയാണ് കൃപ ലഭിക്കുന്നത് (എഫേ 2:8). കൃപയുടെ സമൃദ്ധി പ്രകടമാകുന്നതും വിശ്വാസത്തിലാണ് (റോമാ 5:17; എഫേ 1:7; 2:7) കൃപയെ അവഗണിക്കുന്നതും (1 കോറി 15:2; 2 കോറി 6:1) നിയമാനുഷ്ഠാനത്തില്‍ വ്യഗ്രതകാണിക്കുന്നതും (ഗലാ 2:21; 5:4) കൃപയെ നിഷ്ഫലമാക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിച്ച് ജീവിക്കുന്നവന്‍റെ ഏതു പാപവും ദൈവം തന്‍റെ കൃപയാല്‍ ക്ഷമിക്കും (1 തിമോ 1:15-16).

ദൈവകൃപ ലോകംമുഴുവന്‍ വ്യാപിക്കുന്നത് കൃപ സ്വീകരിച്ച ജനങ്ങളിലൂടെയാണ് (2 കോറി 4:15). വിജാതീയരോട് സുവിശേഷം പ്രസംഗിക്കാനുള്ള കൃപ (charisma) പൗലോസിന് നല്‍കിയത് ദൈവമാണ് (റോമാ 15:15; എഫേ 3:8; . അപ്പ 20:24). സഭയിലെ ദാനങ്ങളും സ്ഥാനങ്ങളും ദൈവകൃപയാല്‍ ലഭിക്കുന്നതാണ് (റോമാ 12:3-8; എഫേ 4:7,11-12). തന്‍റെ ലേഖനങ്ങളില്‍ അഭിവാദനങ്ങളും ആശംസകളും അര്‍പ്പിക്കാന്‍ പൗലോസ് കൃപ  എന്ന പദം ഉപയോഗിക്കുന്നുണ്ട് (റോമാ 16:20; ഗലാ 6:18; 1 കോറി 1:3; 16:23; 2 കോറി 1:2; 13:13; എഫേ 1:2; 6:24; ഫിലി 1:2; 4:23; കൊളോ 1:2; 4:18; 1 തെസ 1:1; 5:8).

മറ്റു ഗ്രന്ഥങ്ങളില്‍: വിശ്വാസികളുടെ ജീവിതത്തില്‍ പ്രവര്‍ത്തനനിരതമാകുന്ന രക്ഷയെ സൂചിപ്പിക്കാനാണ് നടപടി പുസ്തകം ഈ പദം ഉപയോഗിക്കുന്നത് (അപ്പ 11:23; 13:43). കൃപയും സുവിശേഷവും ഒന്നാണെന്ന പൗലോസിന്‍റെ  ദര്‍ശനവും ഈ ഗ്രന്ഥത്തിലുണ്ട് (15:40, 20:24).

ഹെന്‍ (hen) എന്ന ഹീബ്രുപദത്തിനു സമാന്തരമായ അര്‍ത്ഥത്തിലാണ് ഹെബ്രായ ലേഖനം ഈ പദം ഉപയോഗിക്കുന്നത് (4:16). ഇത് വിശ്വാസത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ (11:6). കൃപയെ അപമാനിക്കുന്നവരും (10:29) അവഗണിക്കുന്നവരും (12:15) ശിക്ഷിക്കപ്പെടും. തന്മൂലം, ഹൃദയത്തെ കൃപാവരത്താല്‍ ശക്തമാക്കാന്‍ ലേഖനകര്‍ത്താവ് ഉപദേശിക്കുന്നു (13:9).

വിശുദ്ധി പാലിച്ചുകൊണ്ടും (1:15), എളിമ അഭ്യസിച്ചുകൊണ്ടും (5:5), ആത്മീയ ദാനങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടും (4:10), ദൈവകൃപ പ്രാവര്‍ത്തികമാക്കാന്‍, പത്രോസ് തന്‍റെ പ്രഥമലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സഹനത്തിലൂടെയും കൃപ ലഭിക്കുമെന്ന് ലേഖനകര്‍ത്താവ് പറയുന്നു (5:10).

ആദിമുതല്‍ അന്ത്യംവരെ ബൈബിളില്‍ നിറഞ്ഞു നില്‍ക്കുന്ന ആശയമാണ് കൃപാവരം. ദൈവകൃപയുടെ മൂര്‍ത്തരൂപമാണ് യേശുക്രിസ്തു (യോഹ 1:16-17). അവിടുന്ന് എല്ലാ മനുഷ്യരിലും കൃപ വര്‍ഷിക്കുന്നത് കൃപ സ്വീകരിച്ചവര്‍ ദൈവത്തെ മഹത്വപ്പെടുത്താനാണ് (എഫേ 1:6).

സമാധാനം

 ഷലോം (shalom) എന്ന ഹീബ്രുപദമാണ് സമാധാനം എന്നു മലയാളത്തില്‍ ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നത്. ഹീബ്രുവില്‍ ഈ വാക്ക് ഒരു വ്യക്തിയുടെ പൂര്‍ണ്ണതയെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യവും ഐശ്വര്യവും സുരക്ഷിതത്വബോധവും ആത്മീയ സുസ്ഥിതിയും നിറയുമ്പോഴാണ് ഒരുവന് സമാധാനം കൈവരുന്നത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സമാധാനങ്ങള്‍ തമ്മില്‍ ഹെബ്രായ കാഴ്ചപ്പാടില്‍ വ്യത്യാസം ഒന്നുംതന്നെയില്ല.

ഷലോം എന്നത് ഹെബ്രായരുടെ ആശംസാവചനമായിരുന്നു. ഷലോം ദൈവത്തിന്‍റെ ദാനമായാണ് അവര്‍ കരുതിയിരുന്നത്. അതിനാലാണ് ഗിദയോന്‍റെ ബലിപീഠത്തിന് യാഹ്വെയുടെ സമാധാനം എന്ന പേരു ലഭിച്ചത് (ന്യായാ 6:24). യാഹ്വെയായിരുന്നു ഇസ്രായേലിന്‍റെ സമാധാനം. സമാധാനമെന്നത് പൂര്‍ണ്ണതയുടെ അവസ്ഥയായിരുന്നതിനാല്‍ അതു ദൈവികസ്വഭാവമായി കണക്കാക്കുക സ്വാഭാവികമാണല്ലോ. സമാധാനത്തിലായിരിക്കുന്ന വ്യക്തി പൂര്‍ണ്ണനാകയാല്‍ ദൈവവുമായി പരിപൂര്‍ണ്ണമായ ഐക്യത്തിലായിരിക്കും. അതിനാല്‍, മനുഷ്യന്‍റെ നന്മയാണ് സമാധാനത്തിലൂടെ സാധ്യമാകുന്നത്.

നീതിയുടെ ഫലമാണ് സമാധാനം (ഏശ 32:17). പഴയനിയമത്തിലുടനീളം നീതിയും സമാധാനവും ഒരുമിച്ചുപോകുന്നു (സങ്കീ 72:7; 85:10; ഏശ 48:18; 57:2; 60:17). വിശ്വസ്തത (2 സാമു 20:19), സത്യം (എസ്തേ 9:30; സഖ 8:19) എന്നിവയാണ് സമാധാനത്തിലേക്കു നയിക്കുന്നത്. അതിനാല്‍ തിന്മയും സമാധാനവും ഒരുമിച്ചുപോവുകയില്ല (സങ്കീ 31:14; സുഭാ 10:10; ഏശ 48:22).

ഉടമ്പടി ദൈവമനുഷ്യബന്ധത്തിന്‍റെ പരിപൂര്‍ണ്ണതയിലേക്കു നയിക്കുന്നതാകയാല്‍ അത് സമാധാനത്തിന്‍റെ ഉടമ്പടിയാണ് (എസെ 37:26). അത് മനുഷ്യനെ ദൈവസ്നേഹത്തിലേക്ക് അടുപ്പിക്കുന്നു (ഏശ 54:10). അതിനാല്‍ സമാധാനം ഇല്ലാതാക്കുകയെന്നാല്‍ ഉടമ്പടി പിന്‍വലിക്കുക എന്നാണര്‍ത്ഥം (ജറെ 16:5).

ദൈവമനുഷ്യബന്ധത്തിന്‍റെ പരിപൂര്‍ണ്ണതയിലാണ് ദൈവം അനുഗ്രഹം ചൊരിയുന്നത്. ശക്തി (സങ്കീ 29:11), പാപമോചനം (2 രാജാ 5:19), ആനന്ദം (ഏശ 55:12), പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നത് (ഉല്‍പ 41:16) എന്നിവയെല്ലാം സമാധാനത്തിന്‍റെ ഭാഗമായി ലഭിക്കുന്ന അനുഗ്രഹങ്ങളാണ്. ജറുസലേമിന്‍റെ നിലനില്‍പ്പിന് ദൈവത്തിന്‍റെ അനുഗ്രഹം കൂടിയേ തീരൂ (സങ്കീ 122:6-8; 125:5).

ദൈവത്തിന്‍റെ സമാധാനം രക്ഷാദായകമാണ് (ഏശ 52:7; നാഹും 1:15). ദൈവത്തില്‍ ശരണപ്പെടുന്നവര്‍ക്കും (ഏശ 26:3) രക്ഷയില്‍ പ്രത്യാശയര്‍പ്പിക്കുന്നവനും (സങ്കീ 119:165) സമാധാനമുണ്ട്. യുഗാന്ത്യത്തില്‍ തന്‍റെ സമാധാനം നല്‍കുമെന്ന് ദൈവം അരുള്‍ചെയ്യുന്നു (ഏശ 26:12).

ഭൗതികമായ അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. യുദ്ധാനന്തരം വിജയശ്രീലാളിതനായി തിരിച്ചെത്തുന്നവന്‍ ആരോഗ്യവാനായിരിക്കുന്നതിനാല്‍ സമാധാനമുള്ളവനാണ് (ജോഷ്വ 10:21; 1 രാജാ 22:17; 2 ദിന 19:1; സങ്കീ 55:18). അപകടകരമായ കൃത്യങ്ങള്‍ക്കായി പോകുന്നവന് ഇസ്രായേല്‍ക്കാര്‍ സമാധാനം ആശംസിച്ചിരുന്നു (പുറ 4:18; 2 സാമു 15:27). സാമ്പത്തികഭദ്രതയായും സമാധാനം മനസ്സിലാക്കപ്പെട്ടിരുന്നു (1 ദിന 4:40; 22:9; സങ്കീ 37:11; 147:14; ഏശ 54:13; 66:12; സഖ 8:12). രാഷ്ട്രീയഭദ്രതയും സമാധാനമാണ് (2 രാജാ 20:19; ഏശ 32:18; ഹഗ്ഗാ 2:9). രോഗങ്ങളും മുറിവുകളും സമാധാനം ഇല്ലാതാക്കുന്നു (ജറെ 6:14; 8:11; 14:19; എസെ 13:10,16).  ഇവ ഇല്ലാതാക്കുവാന്‍ യാഹ്വെയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ (ഏശ 57:19; ജറെ 33:6). യുദ്ധമില്ലാത്ത അവസ്ഥ സമാധാനകാലമാണ് (ന്യായാ 21:13; 1 സാമു 16:4-5; 29:7; 1 രാജാ 2:5; 4:24; സങ്കീ 120:7; ജറെ 14:13; 28:9). യുദ്ധാനന്തര ഉടമ്പടി സമാധാനത്തിലേക്കു നയിക്കുന്നതാണ് (നിയ 2:26; ജോഷ്വ 10:1; 11:19; ന്യായാ 4:17; 1 സാമു 7:14; 2 രാജാ 9:17-31; ഏശ 36:16; ദാനി 11:6). 'സമാധാനത്തിന്‍റെ രാജാവ്' (ഏശ 9:6) യുദ്ധത്തില്‍ വിജയിച്ച രാജാവിനെയാകണം സൂചിപ്പിക്കുന്നത്.

പഴയനിയമത്തിന്‍റെ ചുവടുപിടിച്ച് പുതിയനിയമത്തിലും സമാധാനം ഒരു ആശംസയായി നല്‍കപ്പെട്ടു. പൗലോസ്ശ്ലീഹായുടെ ലേഖനങ്ങളിലുടനീളം ഈ ആശയം കാണാം. മറ്റു അപ്പസ്തോലന്മാരും ഈ രീതി പിന്തുടരു ന്നുണ്ട് (1 പത്രോ 1:2; 2 യോഹ 3; യൂദാ 2; വെളി 1:4). ഈ സമാധാനം ദൈവത്തില്‍നിന്നാണ് വരുന്നത് (ഗലാ 1:3; എഫേ 1:2; വെളി 1:4). അതിനാലായിരിക്കണം 'ദൈവത്തിന്‍റെ സമാധാനം' എന്ന പദം പൗലോസ്ശ്ലീഹാ ഉപയോഗിക്കുന്നത് (ഫിലി 4:7; കൊളോ 3:15). ദൈവം സമാധാനത്തിന്‍റെ ദൈവമാണ് (റോമാ 15:33; 2 കോറി 13:11; ഫിലി 4:9; ഹെബ്രാ 13:20). യോഹന്നാന്‍റെ സുവിശേഷപ്രകാരം അത് ക്രിസ്തുവിന്‍റെ ദാനമാണ് (യോഹ 14:27; 16:33). ദൈവത്തില്‍നിന്നും അകറ്റപ്പെടുകയും (എഫേ 4:18; കൊളോ 1:21) ദൈവത്തിന്‍റെ ശത്രുവായിത്തീരുകയും (റോമാ 5:10; കൊളോ 1:21) ചെയ്ത മനുഷ്യന്‍ ദൈവവുമായി അനുരഞ്ജനപ്പെടുന്നത് ക്രിസ്തുവിലൂടെയാണ് (2 കോറി 5:19; കൊളോ 1:22). അതിനാല്‍, ക്രിസ്തുവിലൂടെ അവന്‍ ദൈവവുമായി സമാധാനത്തിലായി (റോമാ 5:1). കുരിശിലെ രക്തംവഴിയാണ് ദൈവം സമാധാനം സ്ഥാപിച്ചത് (കൊളോ 1:20). അതിനാല്‍, ക്രിസ്തുതന്നെയാണ് നമ്മുടെ സമാധാനം (എഫേ 2:14).

മനസ്സിന്‍റെ സമാധാനത്തെപ്പറ്റിയും പുതിയനിയമം പ്രതിപാദിക്കുന്നുണ്ട്. ആത്മാവിന്‍റെ ദാനമായ സമാധാനം (ഗലാ 5:22) ഇതാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുവില്‍ കാത്തുകൊള്ളുമെന്ന് ശ്ലീഹാ ഉറപ്പു നല്‍കുന്നു (ഫിലി 4:7). ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ (കൊളോ 3:15) എന്ന ആശംസയും അര്‍ത്ഥമാക്കുന്നത് ഇതുതന്നെ. യോഹ 14:27-ല്‍ അസ്വസ്ഥചിത്തരായ ശിഷ്യര്‍ക്ക് സമാധാനമാശംസിക്കുന്ന ഈശോ മനസ്സിന്‍റെ സമാധാനമായിരിക്കണം വിവക്ഷിച്ചത്.

യുദ്ധമില്ലാത്ത അവസ്ഥയെ സൂചിപ്പിക്കാനും ഈ പദം പുതിയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട് (ലൂക്കാ 14:32; അപ്പ 12:20). ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സമാധാനവും (1 കോറി 7:15) കുടുംബത്തിലെ സമാധാനവും (മത്താ 10:34; ലൂക്കാ 12:51) ബൈബിളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കണം (മര്‍ക്കോ 9:50; റോമാ 12:18; 2 കോറി 13:11; 1 തെസ 5:13). ഓരോ ക്രൈസ്തവന്‍റെയും പ്രയത്നം ഇതിനായിട്ടാകണം (റോമാ 14:19; എഫേ 4:3; ഹെബ്രാ 12:14; 1 പത്രോ 3:11). സമാധാനപ്രിയര്‍ക്കുള്ള അനുഗ്രഹം മലയിലെ പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്നുണ്ട് (മത്താ 5:9).

വി. ഗ്രന്ഥത്തില്‍ കൃപയെയും സമാധാനത്തെയുകുറിച്ചുള്ള മേല്‍വിവരിച്ച കാഴ്ചപ്പാടുകളുടെ പശ്ചാത്തലത്തിലാണ് 1 പത്രോ 1:1-2 നെ മനസ്സിലാക്കേണ്ടത്.

1 Peter 1: 1-2 preface peter articles of peter catholic malayalam bible peter's article in malayalam Mar. Joseph Pamplani Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message