x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബൈബിള്‍ വ്യാഖ്യാനത്തിലെ ത്രിമാനതത്വങ്ങള്‍

Authored by : Mar Joseph Pamplany On 24-Aug-2020

 1. ദൈവവചനവ്യാഖ്യാനത്തിന് സഭ എക്കാലവും പ്രാധാന്യം നല്‍കിയിരുന്നു. വചനവ്യാഖ്യാനത്തിനായി നാളിതുവരെ നല്‍കിയിട്ടുള്ള തത്വങ്ങളുടെ  സംഗ്രഹമായി കര്‍ത്താവിന്‍റെ വചനം (Verbum Domini) എന്ന പ്രബോധനരേഖയിലെ മുന്നൂറ്റിനാല്പത്തിയൊന്നാം ഖണ്ഡികയെ മനസ്സിലാക്കാം.
ഏത് അരൂപിയിലാണോ ഗ്രന്ഥം രചിക്കപ്പെട്ടത് ആ അരൂപിയില്‍ത്തന്നെ വിശുദ്ധലിഖിതം വ്യാഖ്യാനിക്കപ്പെടണം. ഇതിന് പ്രബോധനരേഖ മൂന്ന്  അടിസ്ഥാന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ബൈബിളിന്‍റെ ദൈവികമായ മാനം ശരിക്കും വിവേചിച്ചറിയുന്നതിനാണ് ഇവ നല്‍കിയിരിക്കുന്നത്.

  1.  വിശുദ്ധലിഖിതങ്ങളെ ഒന്നാകെ കണ്ടുകൊണ്ട്, അവയുടെ ഐക്യത്തില്‍ ശ്രദ്ധപതിച്ചുകൊണ്ട് വചനഭാഗം വ്യാഖ്യാനിക്കണം. ഇപ്പോള്‍ ഈ സമീപനം കാനോനിക്കല്‍ എക്സജേസിസ്സ് എന്നാണ് അറിയപ്പെടുന്നത്.
  2. മുഴുവന്‍ സഭയുടെയും സജീവമായ പാരമ്പര്യം കണക്കിലെടുക്കണം.
  3. അവസാനമായി, വിശ്വാസത്തിന്‍റെ സാധര്‍മ്മ്യത്തോട് (analogy) ആദരവ് പുലര്‍ത്തണം. രീതിശാസ്ത്രപരമായ (methodological) തലത്തോടും ചരിത്രത്തിന്‍റെയും നിരൂപണത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും  തലങ്ങളോടും ആദരവ് പുലര്‍ത്തിക്കൊണ്ട് മാത്രമേ ദൈവശാസ്ത്രപരമായ വിശുദ്ധലിഖിത വ്യാഖ്യാനത്തെപ്പറ്റി സംസാരിക്കാന്‍ കഴിയുകയുള്ളൂ.

2. ഈ മൂന്നുതത്വങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ സഭയുടെ തനതുസവിശേഷതയല്ല. ഈ വ്യാഖ്യാനതത്വങ്ങള്‍ പ്രബോധനരേഖ രണ്ടാംവത്തിക്കാന്‍  കൗണ്‍സിലിന്‍റെ "ദൈവാവിഷ്കരണം" എന്ന പ്രമാണഖേയില്‍നിന്നു കടമെടുക്കുന്നതാണ്.ഇവയ്ക്കെല്ലാംപുറമേ വി.ലിഖിതങ്ങള്‍         പരിശുദ്ധാത്മാവിനാല്‍ എഴുതപ്പെട്ടിരിക്കയാല്‍ അതേ ആത്മാവില്‍ത്തന്നെ വായിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യണം. അതിലെ വാക്യങ്ങളുടെ ശരിയായ അര്‍ത്ഥം കണക്കിലെടുക്കണം. ഇതു ചെയ്യുന്നത് സഭ മുഴുവനിലും ജീവിക്കുന്ന പാരമ്പര്യവും വിശ്വാസസത്യങ്ങള്‍ തമ്മിലുള്ള പൊരുത്തവും പരിഗണിച്ചുകൊണ്ടാണ് (DV, 12). വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയെ വിശദീകരിച്ചുകൊണ്ട് സഭയുടെ സാര്‍വ്വത്രിക മതബോധനഗ്രന്ഥവും ഈ ത്രിമാന തത്ത്വത്തെ സവിശേഷ ശ്രദ്ധയോടെ അവതരിപ്പിക്കുന്നുണ്ട്.

112 1. "വിശുദ്ധ ഗ്രന്ഥം മുഴുവന്‍റെയും ഉള്ളടക്കത്തിലും ഏകതാനതയിലും വളരെയേറെ ശ്രദ്ധ പതിപ്പിക്കുക;" കാരണം ബൈബിളിലെ  പുസ്തകങ്ങള്‍  തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബൈബിളിന്‍റെ പ്രതിപാദനത്തില്‍ ഐക്യം കാണാന്‍കഴിയും. വി.ഗ്രന്ഥത്തിന്‍റെ ഈ ഐക്യത്തിനാധാരം ദൈവിക പദ്ധതിയുടെ ഐക്യമാണ്.  
113 2. "സഭ മുഴുവന്‍റെയും സജീവപാരമ്പര്യത്തില്‍" ബൈബിള്‍ വായിക്കണം. സഭാപിതാക്കന്മാരുടെ അഭിപ്രായമനുസരിച്ചു വി.ഗ്രന്ഥം എഴുതപ്പെട്ടതു  മുഖ്യമായും സഭയുടെ ഹൃദയത്തില്‍ ആണ്, അല്ലാതെ കടലാസുരേഖകളിലല്ല. കാരണം, സഭ അവളുടെ പാരമ്പര്യത്തില്‍ ദൈവവചനത്തിന്‍റെ ജീവത്സമരണ പുലര്‍ത്തുന്നു. വിശുദ്ധഗ്രന്ഥത്തിന്‍റെ ആധ്യാത്മികവ്യാഖ്യാനം സഭയ്ക്കു നല്‍കുന്നതു പരിശുദ്ധാത്മാവാണ്.        
114 3. ക്രൈസ്തവവിശ്വാസത്തിന്‍റെ സാധര്‍മ്യത്തില്‍ ശ്രദ്ധപതിപ്പിക്കണം. "വിശ്വാസസാധര്‍മ്യം" കൊണ്ടു നാം അര്‍ഥമാക്കുന്നതു വിശ്വാസസത്യങ്ങള്‍ക്ക്, തമ്മില്‍ത്തമ്മിലും അവയ്ക്ക് ദൈവാവിഷ്കരണപദ്ധതി മുഴുവനോടുമുള്ള സമന്വയമാണ്.


3. ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ചുള്ള സഭയുടെ ആധികാരിക പ്രബോധനരേഖകളിലെല്ലാം പ്രാധാന്യം നേടുന്ന ഈ ത്രിമാനതത്വത്തിന്‍റെ ഉറവിടം  അന്വേഷിക്കുന്നത് ഇതിന്‍റെ അര്‍ത്ഥവ്യാഖ്യാനത്തിന് സഹായകമാണ്. ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ പിതാവായി കരുതപ്പെടുന്ന വി.ജറോമാണ് ബൈബിള്‍ വ്യാഖ്യാനത്തിനുള്ള ഈ ത്രിമാനതത്വം ആദ്യമായി അവതരിപ്പിച്ചത്. ഏശയ്യായുടെ പുസ്തകത്തിനു വ്യാഖ്യാനം രചിക്കുമ്പോഴും പരിശുദ്ധ മറിയത്തിന്‍റെ നിത്യകന്യാത്വത്തെ നിഷേധിച്ച എവോദിയന്‍ പാഷണ്ഡികള്‍ക്കെതിരേ സംസാരിക്കുമ്പോഴും ഈ ത്രിമാനതത്വത്തെ ജറോം ഊന്നിപ്പറയുന്നുണ്ട്. വി.ജറോമിന്‍റെ മരണത്തിന്‍റെ ആയിരത്തി അഞ്ഞൂറാം ആണ്ടില്‍ പ്രസിദ്ധീകരിച്ച സ്പിരിത്തുസ് പാരക്ലീത്തുസും (1920) തുടര്‍ന്ന് രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം പ്രസിദ്ധീകരിച്ച ഡിവിനോ അഫ്ളാന്തെ സ്പിരിത്തുസും ഈ ത്രിമാനതത്വത്തെ ബൈബിള്‍ വ്യാഖ്യാനത്തിന്‍റെ ആധാരശിലകളായി ചിത്രീകരിക്കുന്നുണ്ട്.


വി.ഗ്രന്ഥത്തിന്‍റെ സമഗ്രമായ ഏകത്വം (Canonical integrity)


4. വി.ഗ്രന്ഥത്തിലെ വെളിപാടിനെ സമഗ്രമായ ഏകതയില്‍ (integral Unity) യില്‍ മനസ്സിലാക്കണം എന്ന നിര്‍ദ്ദേശത്തിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്.
(1) ദൈവമാണ് പഴയനിയമത്തിന്‍റെയും പുതിയനിയമത്തിന്‍റെയും കര്‍ത്താവ് എന്ന അഞ്ചാംനൂറ്റാണ്ടിലെ വിശ്വാസപ്രമാണ വാക്യം(Statuta Ecclesiae Antiqua) ഈ തത്വത്തിന്‍റെ പരിപ്രേക്ഷ്യത്തിലുണ്ട്. ഈ വിശ്വാസം തുടര്‍ന്നുള്ള അനേകം വിശ്വാസപ്രമാണങ്ങളില്‍ പ്രതിഫലിച്ചിരുന്നു -ലെയോ ഒമ്പതാമന്റെ വിശ്വാസപ്രമാണം (1053) -വാല്‍ദെന്‍സിയാന്‍ വിഭാഗത്തിനുവേണ്ടിയുള്ള വിശ്വാസപ്രമാണം (1208)-ലിയോണ്‍സ് കൗണ്‍സില്‍ (പാലെയോ ലോഗൂസ്) 1274 -ഫ്ളോറന്‍സ് കൗണ്‍സില്‍ - യാക്കോബായര്‍ക്കുവേണ്ടി (1441) -ത്രെന്തോസ് സൂനഹദോസ് (നാലാം സെഷന്‍) 1546- ഒന്നാംവത്തിക്കാന്‍ കൗണ്‍സില്‍ (സെഷന്‍ XII - 1870) സര്‍വ്വപരിപാലകനായ ദൈവം (ലെയോ XIII - 1893) ലമന്താബിലി എന്ന പ്രമാണരേഖ (പീയൂസ് X - 1907) -രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ (DV-11-1965) സഭാപ്രബോധനങ്ങളിലുടനീളം ആവര്‍ത്തിക്കുന്ന ഈ വിശ്വാസസത്യം വി.ഗ്രന്ഥത്തിലെ വെളിപാടിന്‍റെ സമഗ്രതയെ വെളിപ്പെടുത്തുന്നു ഗ്രന്ഥകര്‍ത്താവ് ഒന്നാകയാല്‍ വി.ഗ്രന്ഥത്തെ അതിന്‍റെ സമഗ്രതയില്‍ വ്യാഖ്യാനിക്കണം. ഉദാ :- സഭാപ്രഭാഷകനെ ആധാരമാക്കി നിരീശ്വരവാദം സ്ഥാപിക്കരുത്. - അബ്രാഹത്തിന്‍റെയും ലോത്തിന്‍റെയും പ്രവൃത്തികളെ ധാര്‍മ്മികതയുടെ മാനദണ്ഡമായി സ്വീകരിക്കരുത്.
(2) വെളിപാടിന്‍റെ ക്രമാനുഗതമായ വളര്‍ച്ചയെയും കാലാനുസൃതമായ പൂര്‍ത്തീകരണത്തെയും ഈ തത്വം വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണമായി,കുഞ്ഞാട് എന്ന പദം വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ ഗ്രന്ഥങ്ങളില്‍ ഏതൊക്കെ അര്‍ത്ഥതലങ്ങളില്‍ ഉപയോഗിക്കുന്നു എന്നു ശ്രദ്ധിക്കാം.ഉല്‍പത്തി -  വസ്ത്രം നിര്‍മ്മിക്കാന്‍ രോമവും തോലും തരുന്ന മൃഗം (32:21) മനുഷ്യനു പകരം ദൈവത്തിനുള്ള ബലിവസ്തു (22:1-19) 

പുറപ്പാട് - കട്ടിളപ്പടിയില്‍ കുഞ്ഞാടിന്‍റെ രക്തം പുറപ്പാട് രാത്രിയില്‍ ഇസ്രായേലിന്‍റെ രക്ഷയുടെ അടയാളമായി (12:13)
ലേവ്യര്‍  -  വിശുദ്ധീകരണത്തിന്‍റെ അടയാളം (14:10,9)
ഏശയ്യാ  -  കുഞ്ഞാടിനെ മനുഷ്യവ്യക്തിയായി ചിത്രീകരിക്കുന്നു (53:5-12)
യോഹന്നാന്‍ - കുഞ്ഞാടായി യേശുവിനെ ചൂണ്ടിക്കാണിക്കുന്നു (1:29)
സമാന്തര സുവിശേഷങ്ങള്‍ -  ക്രൂശിതനായ കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കുന്നു. പാപമോചനത്തിനായി ചിന്തപ്പെടുന്ന രക്തം... (മത്താ 6:28; ലൂക്കാ 22:20)
ലേഖനങ്ങള്‍ -  ക്രിസ്തുവിനെ പെസഹാക്കുഞ്ഞാടായി പ്രതീകവല്‍ക്കരിക്കുന്നു (1 കോറി 5:7; 1 പത്രോ 1:18-19).
വെളിപാടു ഗ്രന്ഥം -  കുഞ്ഞാടിനെ ആരാധനയ്ക്ക് അര്‍ഹനായി അവതരിപ്പിക്കുന്നു (22:3)
വി. ഗ്രന്ഥത്തിലെ കുഞ്ഞാട് എന്ന പദത്തിന്‍റെ അര്‍ത്ഥവ്യാപ്തി വെളിപാടിന്‍റെ സമഗ്രതയുമായി ബന്ധപ്പെട്ടതാണെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. 
(3) രക്ഷാകര പദ്ധതിയുടെ ഏകത്വവും ഏകതാനതയും പരിരക്ഷിക്കാനും പഴയനിയമവും പുതിയനിയമവും തമ്മിലുള്ള പാരസ്പര്യം ഗ്രഹിക്കാനും വെളിപാടിന്‍റെ സമഗ്രത സഹായകമാണ്. ഉദാഹരണമായി പരിശുദ്ധ ത്രിത്വം എന്ന ആശയം പഴയനിയമ - പുതിയനിയമ പാരസ്പര്യത്തിലേ വ്യാഖ്യാനിക്കാനാകൂ.
ഉല്‍പ 1:1-2 - സൃഷ്ടിയില്‍ വെളിപ്പെടുത്തുന്ന ത്രിത്വം ഉല്‍പ 1:26 - നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും......പുറ 23:21   - എന്‍റെ നാമം അവനില്‍ ഉണ്ട് (ദൈവം അയയ്ക്കുന്ന ദൂതനില്‍) ഏശ 7:14  - കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും ഏശ 9:6   - അവന്‍ ശക്തനായ ദൈവം, നിത്യനായ പിതാവ്....മത്തായി 1:23 - യേശു കന്യാസുതനായ ദൈവപുത്രന്‍ യോഹ 1:18   - യേശു ദൈവത്തിന്‍റെ ഏകജാതന്‍ മത്താ 3:16-17 - ത്രിത്വൈക വെളിപാട് വെളി 5:13-14  - പിതാവിനോടൊപ്പം ആരാധിക്കപ്പെടുന്ന പുത്രന്‍
(4) എല്ലാ വെളിപാടുകളും യേശുവിനെ ലക്ഷ്യമാക്കിയുള്ളവയാണ് എന്ന ക്രൈസ്തവ കാഴ്ചപ്പാടില്‍ (യഹൂദ വ്യാഖ്യാനത്തില്‍ പഴയനിയമ വെളിപാടിന് ക്രിസ്തുരഹിത സമ്പൂര്‍ണ്ണതയുണ്ട്) വി. ഗ്രന്ഥത്തിലെ സകല വെളിപാടുകളുടെയും സംഗമബിന്ദു ക്രിസ്തുവാണ്. ക്രിസ്തുവിലൂടെ സാക്ഷാത്കരിക്കപ്പെടുന്ന രക്ഷാകര പദ്ധതിയാണ് വി. ഗ്രന്ഥത്തിന്‍റെ ഇതിവൃത്തം എന്നതിനാല്‍ വെളിപാടിന്‍റെ സമഗ്രതക്ക് ക്രിസ്തു എന്ന ഏകത്വം അനിവാര്യമാകുന്നു. 
(5) രക്ഷാകര പദ്ധതിയെ ക്രിസ്തുവിലൂടെ മുന്നോട്ടു നയിച്ച പരിശുദ്ധാത്മാവു തന്നെയാണ് വിശുദ്ധ ഗ്രന്ഥ രചയിതാക്കളായി ദൈവം തെരഞ്ഞെടുത്ത മാനുഷിക വ്യക്തികളുടെ ദൈവനിവേശനത്തിന് ആധാരമാകുന്നതും. വ്യാഖ്യാതാവിന്‍റെയും വായനക്കാരന്‍റെയും ഹൃദയത്തെ ദൈവാവിഷ്കരണ രഹസ്യത്തിലേക്ക് ആനയിക്കുന്നതും ഇതേ പരിശുദ്ധാത്മാവു തന്നെയാണ് (DV 12; ccc 112; VD 34). 
(6) വിശ്വാസം, സന്മാര്‍ഗ്ഗം എന്നീ വിഷയങ്ങളില്‍ മാത്രമല്ല ദൈവീക വെളിപാട് വിശുദ്ധഗ്രന്ഥത്തിന്‍റെ സകല വിവരണങ്ങളിലും ദൃശ്യമാണ് എന്ന സഭാപ്രബോധനം വെളിപാടിന്‍റെ സമഗ്രതയേയാണ് വെളിപ്പെടുത്തുന്നത് (ND 226, 230, 238).
ചുരുക്കത്തില്‍ ഗ്രന്ഥ കര്‍തൃത്വത്തിലും ഉള്ളടക്കത്തിലും ലക്ഷ്യത്തിലും വ്യാഖ്യാനത്തിലും വി. ഗ്രന്ഥത്തിന്‍റെ സമഗ്രത ഏകമായ  വെളിപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ചില വ്യാഖ്യാന തത്വങ്ങള്‍ നമുക്ക് ആവിഷ്കരിക്കാവുന്നതാണ്. 
* പില്‍ക്കാല വെളിപാടുകള്‍ മുന്‍കാല വെളിപാടിനെ വ്യാഖ്യാനിക്കുന്നു: പുതിയനിയമം പഴയനിയമത്തെയും ലേഖനങ്ങള്‍ സുവിശേഷത്തെയും.
* പില്‍ക്കാലവെളിപാടുകളുടെ വെളിച്ചത്തില്‍ ആദ്യകാല വെളിപാടുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി ലഭിക്കുന്നുണ്ടെങ്കിലും  ആദ്യകാല വെളിപാടുകളെ അവയുടെ കാലഘട്ടത്തില്‍ മനസ്സിലാക്കാന്‍  ശ്രമിക്കണം. 
* ഒറ്റപ്പെട്ടതോ, ഐതിഹ്യപരമോ, പ്രതീകാത്മകമോ ആയ വചനഭാഗങ്ങളെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ സമഗ്രദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കണം. 

പാരമ്പര്യം (Tradition)


5. സഭയുടെ സജീവ പാരമ്പര്യത്തോടുചേര്‍ന്നുനില്‍ക്കാതെ ദൈവവചനത്തിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാനം അസാദ്ധ്യമാണ്. ദൈവിക വെളിപാടുകളുടെ    ആകെത്തുകയാണ് സഭയുടെ വി. പാരമ്പര്യമായി അറിയപ്പെടുന്നത്. ദൈവജനത്തിനു കാലാകാലങ്ങളായി ലഭിച്ച വെളിപാടുകളില്‍ ഏതാനും  ഭാഗം മാത്രമേ ലിഖിതവും കാനോനികവുമായ രൂപത്തില്‍ ബൈബിളില്‍ ഇടം നേടിയിട്ടുള്ളൂ. ശേഷിക്കുന്ന ദൈവിക വെളിപാടുകളുടെ  ശേഖരം സഭയുടെ സജീവവും വിശുദ്ധവുമായ പാരമ്പര്യത്തിലാണുള്ളത്. ദൈവിക വെളിപാട് ലിഖിത വചനത്തിലും സഭയുടെ വിശുദ്ധ പാരമ്പര്യത്തിലും ഒരുപോലെ സജീവമായതിനാല്‍ അവയുടെ പാരസ്പര്യം ഗ്രഹിക്കേണ്ടത് ബൈബിള്‍ വ്യാഖ്യാനത്തില്‍ പരമമായ പ്രാധാന്യം അര്‍ഹിക്കുന്നു. പാരമ്പര്യം എന്നതിന്‍റെ അര്‍ത്ഥ വ്യാപ്തിവലുതാണ്.

(a) ക്രിസ്തുവിലൂടെ ലഭിച്ച വെളിപാടിനെ സാര്‍വ്വത്രിക സൂനഹദോസുകള്‍ എപ്രകാരം വ്യാഖ്യാനിച്ചു എന്നു മനസ്സിലാക്കുന്നതാണ് പാരമ്പര്യത്തിന്‍റെ മര്‍മ്മം എന്ന് രണ്ടാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സിലും (533) ലാറ്ററന്‍ കൗണ്‍സിലും (649) നിര്‍വ്വചിച്ചിട്ടുണ്ട് (ND 204, 205). 
(b ) അപ്പസ്തോലന്മാര്‍ അപ്പസ്തോലിക പിതാക്കന്മാര്‍ തുടങ്ങിയവര്‍ എപ്രകാരം ഒരുവചനത്തെ വ്യാഖ്യാനിച്ചു എന്നു കണ്ടെത്തുന്നത്  വചനവ്യാഖ്യാനത്തിന് അനുപേക്ഷണീയമാണ്.  വ്യാഖ്യാന ചരിത്രം  (Wirkungsgeschichte) വചനവ്യാഖ്യാനത്തിന് സഹായകമാണ്. പാരമ്പര്യത്തിലധിഷ്ഠിതവ്യാഖ്യാനം എന്നതിന് സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളോടും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്ന വ്യാഖ്യാനം എന്നാണ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നല്‍കുന്ന നിര്‍വ്വചനം. സഭാപിതാക്കന്മാര്‍ ഏകാഭിപ്രായത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ള വചനങ്ങളെക്കുറിച്ച് ആധുനിക വ്യാഖ്യാതാക്കള്‍ വിപരീത നിലപാട് സ്വീകരിക്കുന്നത് പാരമ്പര്യത്തിന് നിരക്കുന്നതല്ല. എന്നാല്‍, സഭാപിതാക്കന്മാര്‍ പല വചനങ്ങളുടെയും വ്യാഖ്യാനത്തില്‍ ഏകാഭിപ്രായമുള്ളവരായിരുന്നില്ല എന്നത് ആധുനിക വ്യാഖ്യാതാവിന്‍റെ സ്വാതന്ത്ര്യത്തെ വര്‍ദ്ധമാനമാക്കുന്നുണ്ട്.
(c) വെളിപാടിനെ ദൈവം ഭരമേല്പിച്ചത് സഭയെയാണ്. വെളിപാടിനെ സ്വജീവിതം കൊണ്ട് സജീവമാക്കുന്ന സഭ വെളിപാടിന്‍റെ ലിഖിതരൂപങ്ങളെ വിവേചിച്ചറിയുകയും ആധികാരികത നല്‍കി പ്രഘോഷിക്കുകയും ചെയ്യുന്നു. വി. ആഗസ്തീനോസ് പഠിപ്പിച്ചതുപോലെ "പരി.  കത്തോലിക്കാസഭയുടെ ആധികാരികത സാക്ഷ്യപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ സുവിശേഷം വിശ്വസിക്കുമായിരുന്നില്ല."
(d) വിശുദ്ധ ഗ്രന്ഥം ഒരു തത്വസംഹിതയോ ആശയസമാഹാരമോ അല്ല. ദൈവ-മനുഷ്യബന്ധത്തിന്‍റെ സജീവമായ സാക്ഷാത്കാരമാണ്. വിശുദ്ധ  ഗ്രന്ഥം വിഭാവനം ചെയ്യുന്ന ജീവിതചര്യ അനുദിന ജീവിതത്തിന്‍റെ  മാര്‍ഗ്ഗരേഖയായി സ്വീകരിച്ച ദൈവജനമാണ് ലിഖിത വചനത്തിനു മുന്‍പേ സംജാതമായത്. പ്രസ്തുത ദൈവജനത്തിന്‍റെ ദൈവാഭിമുഖ്യ ജീവിതമാണ് വി.ഗ്രന്ഥ രചനക്കും വ്യാഖ്യാനത്തിനും അടിസ്ഥാനം. പാരമ്പര്യം എന്നത്  പഴമയിലേക്കുള്ള പുറംതിരിയലായി നിസ്സാരവല്‍ക്കരിക്കപ്പെടരുത്. ജീവിതയാഥാര്‍ത്ഥ്യത്തിന്‍റെ നടുമുറ്റത്തു വചനത്തെ പ്രതിഷ്ഠിക്കുന്ന  ഫലവത്തായ മാര്‍ഗ്ഗമാണ് പാരമ്പര്യം. 
(e) പാരമ്പര്യത്തോടുള്ള വിശ്വസ്തത വ്യാഖ്യാന സമഗ്രതയുടെ ഏകത്വവും (unity) തുടര്‍ച്ചയും (continuity) ഉറപ്പു വരുത്തുന്നു. 
പ്രൊട്ടസ്റ്റന്‍റു വിപ്ലവത്തിലെ പാരമ്പര്യ നിഷേധത്തെ പ്രതിരോധിക്കാന്‍ ത്രെന്തോസ് സൂനഹദോസ് പാരമ്പര്യത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു  (ND 210). പാരമ്പര്യത്തെക്കുറിച്ചുള്ള ത്രെന്തോസ് സൂനഹദോസിന്‍റെ വീക്ഷണത്തെ വെല്ലുവിളിക്കുന്ന ചില താത്വിക നിലപാടുകളുടെ പശ്ചാത്തലത്തിലാണ് പാരമ്പര്യത്തെക്കുറിച്ചുള്ള സഭയുടെ ആധുനിക വീക്ഷണം രൂപം കൊണ്ടത്. 

- ദൈവികവെളിപാട് പ്രകൃതി നിയമങ്ങളുടെ പുനരാവിഷ്കാരം മാത്രമാണ്. തന്മൂലം യുക്തിക്കു നിരക്കാത്തവയെ പാരമ്പര്യമായി     സ്വീകരിക്കാനാവില്ല എന്ന് Deism വാദിച്ചു. 
- ഇമ്മാനുവല്‍ കാന്‍റിന്‍റെ നേതൃത്വത്തിലുള്ള യുക്തിവാദം(rationalism) വെളിപാടിനെയും പാരമ്പര്യത്തെയും നിഷേധിച്ചില്ലെങ്കിലും അവയ്ക്ക്  പ്രായോഗിക യുക്തിയില്‍ (practical reason)  അല്ലാതെ യഥാര്‍ത്ഥ യുക്തിയില്‍ (pure reason) പ്രസക്തിയില്ല എന്നു വാദിച്ചു.  
- ഷൈര്‍ മാഹര്‍ (1768-1834) നേതൃത്വം നല്‍കിയ വൈകാരികവാദം (sentimentalism) മനുഷ്യന്‍റെ പ്രത്യക്ഷ ദൈവാവബോധത്തെ ഊന്നിപ്പറയാന്‍,  നിര്‍വ്വചിക്കപ്പെട്ട വിശ്വാസസത്യങ്ങള്‍ (dogmas) അപ്രസക്തമാണെന്നു വാദിച്ചു. - വിശ്വാസ വാദത്തിന്‍റെ വകഭേദമായ  പാരമ്പര്യവാദം(traditionalism) ദൈവം നല്‍കിയ ആദിമവെളിപാടിനെ അക്ഷരശ്ശഃ അഭംഗുരം പരിരക്ഷിക്കുന്നതാണ് പാരമ്പര്യം എന്നു വാദിച്ചു. തന്മൂലം വെളിപാടിന് കാലാകാലങ്ങളില്‍ സഭ  നല്‍കുന്ന വ്യാഖ്യാനങ്ങളെ അവര്‍ നിഷേധിച്ചു. ഒന്‍പതാം പീയൂസ് മാര്‍പാപ്പ Syllabus of Errors (1864)ല്‍ മേല്‍ പറഞ്ഞ സകല നിലപാടുകളെയും നിഷേധിച്ചു (ND 112/39).


6. പാരമ്പര്യത്തെ അംഗീകരിക്കുകയും സഭയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ദര്‍ശനം മനുഷ്യയുക്തിയുടെ ആധികാരികതയുടെ നിദര്‍ശനമായി      അവതരിപ്പിക്കുകയും ചെയ്യുന്ന ആധുനിക വാദം (modernism) പാരമ്പര്യത്തിന്‍റെ അതിഭൗതിക (supernatural) മാനത്തെ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത് (A. Loisy, Tyrell) ലമെന്താബിലി (1907) എന്ന പ്രമാണ രേഖയും  ജമരെലിറശ എന്ന ചാക്രിക ലേഖനവും (1907) Sacrorum Antistum (1910) എന്ന പ്രബോധനവും ആധുനിക വാദത്തെ നിഷേധിക്കുകയും പാരമ്പര്യത്തിന്‍റെ ദൈവിക മാനത്തെ ഊന്നിപ്പറയുകയും ചെയ്യ്തു.  ചുരുക്കത്തില്‍ പാരമ്പര്യം എന്നതിലൂടെ ദൈവിക വെളിപാടിന്‍റെ അതിഭൗതികതലവും പ്രസ്തുത വെളിപാട് സ്വീകരിക്കുകയും ജീവിക്കുകയും ചെയ്യുന്ന സഭയുടെ തലവും ഒരുപോലെ പ്രസക്തമാണ്. പാരമ്പര്യാനുസൃത വ്യാഖ്യാനം എന്നതിന് സകല വചനങ്ങളെയും സഭ ഔദ്യോഗികമായി വ്യാഖ്യാനിച്ചിട്ടുണ്ടെന്നോ നൂതന വ്യാഖ്യാനങ്ങള്‍ അസാധ്യമാണെന്ന അര്‍ത്ഥത്തിലോ മനസ്സിലാക്കേണ്ടതില്ല. 
   

സാധര്‍മ്യം (Analogy)


7. സാധര്‍മ്മ്യം (Analogy) എന്നതിലൂടെ പ്രഥമത ലക്ഷ്യമാക്കുന്നത് സഭയുടെ പ്രഖ്യാപിത വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായി ദൈവവചനം  വ്യാഖ്യാനിക്കാന്‍ പാടില്ല എന്ന വസ്തുതയാണ്. ത്രെന്തോസ് സൂനഹദോസ് ഏഴു വചനങ്ങളെ മാത്രമേ നിയതമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളൂ. യോഹ 3:5 - ജലത്താലും ആത്മാവിനാലും ജനിക്കുക = മാമ്മോദീസ
1 കോറി 11:24; ലൂക്ക 22:19 - അപ്പസ്തോലന്മാര്‍ക്ക് പൗരോഹിത്യപദവി ലഭിച്ചു. 
മത്താ 18:18; യോഹ 20:22:23 - അപ്പസ്തോലന്മാരുടെ പാപമോചന അധികാരവും കുമ്പസാരമെന്ന കൂദാശയും
റോമ 5:12 - ഉത്ഭവ പാപം
യാക്കോ 5:14 - മൂപ്പന്മാര്‍ കേവലം ജനനേതാക്കളല്ല അഭിഷിക്തരായ പുരോഹിതരാണ്
ഈ വചന വ്യാഖ്യാനങ്ങള്‍ വിശ്വാസസത്യത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഈ വചനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ ത്രെന്തോസ് കൗണ്‍സിലിന്‍റെ നിലപാടിനു വിരുദ്ധമായ ഒരു നിലപാട് വ്യാഖ്യാതാക്കള്‍ സ്വീകരിക്കാന്‍ പാടില്ല.


8.  വിശ്വാസസത്യത്തിനു വിരുദ്ധമായി ബൈബിള്‍ വ്യാഖ്യാനിക്കരുത് എന്ന നിബന്ധനയെ വിശ്വാസസത്യവും ബൈബിളും തമ്മില്‍ വൈരുധ്യമുണ്ട്  എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പാടില്ല. വിശുദ്ധ ഗ്രന്ഥത്തെ ദൈവനിവേശിതമായി ലിഖിതരൂപത്തിലാക്കിയ അതേ പരിശുദ്ധാത്മാവുതന്നെയാണ് സഭയുടെ വിശ്വാസസത്യങ്ങളുടെയും പിന്നിലെ പ്രചോദനശക്തി എന്നതിനാല്‍ അവ തമ്മില്‍ വൈരുധ്യങ്ങള്‍  ഉണ്ടാവുക അസാധ്യമാണ്. തന്മൂലം വിശ്വാസസത്യത്തിന് അനുകൂലമായി വചനം വ്യാഖ്യാനിക്കുമ്പോള്‍ മാത്രമേ വചനവ്യാഖ്യാനം ശരിയായ  വ്യാഖ്യാനമാകുന്നുള്ളൂ. ഉദാ:- മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം, അമലോത്ഭവം എന്നിവ ബൈബിള്‍ അധിഷ്ഠിതമല്ല എന്ന വ്യാഖ്യാനം ശരിയല്ല.
- കൂദാശകള്‍ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതല്ല; പില്‍ക്കാലത്ത് രൂപംകൊണ്ടതാണ് എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. 


9. സാധര്‍മ്മ്യം എന്നതിലൂടെ ബൈബിളിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം (fuller sense) കണ്ടെത്താന്‍ കഴിയും. ഒരു വചന ഭാഗത്തിന് ദൈവം ഉദ്ദേശിച്ച ആഴമേറിയ അര്‍ത്ഥമാണ് പൂര്‍ണ്ണമായ അര്‍ത്ഥം (fuller sense - sensus plenior) എന്ന പേരില്‍ അറിയപ്പെടുന്നത്. വി. ഗ്രന്ഥത്തിലൂടെ ക്രമാനുഗതമായി വെളിപ്പെടുത്തുന്ന ദൈവിക വെളിപാടുകളുടെ സമഗ്രതയില്‍ നിശ്ചിത വചനഭാഗത്തെ വ്യാഖ്യാനിക്കുമ്പോഴാണ് പൂര്‍ണ്ണമായ  അര്‍ത്ഥം ലഭിക്കുന്നത്. പൂര്‍ണ്ണമായ അര്‍ത്ഥം (sensus plenior) എന്ന പദം ആദ്യമായി ഉപയോഗിച്ചത്, പഴയനിയമ പൂര്‍ത്തീകരണം പുതിയ  നിയമത്തില്‍ സംഭവിച്ചു എന്ന ആശയത്തെ സൂചിപ്പിക്കുവാനായി ആന്ദ്രേ ഫെര്‍ണാണ്ടസ് എന്ന വി. ഗ്രന്ഥ വിശാരദനാണ് (1925). വി. ഗ്രന്ഥത്തിന്‍റെ രചന ദൈവവും മനുഷ്യനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ദൈവം വി. ഗ്രന്ഥത്തിന്‍റെ പ്രധാന കാരണവും (principal efficient cause) മനുഷ്യവ്യക്തി വി. ഗ്രന്ഥത്തിന്‍റെ രചനയിലെ ഉപകരണ കാരണവും (instrumental efficient cause) ആണ്. മാനുഷിക രചയിതാവ് തന്‍റെ രചനയ്ക്കു നിരൂപിച്ച അര്‍ത്ഥത്തെ പൂര്‍ണ്ണമായ അര്‍ത്ഥം എന്നും വിളിക്കാനാകില്ല.
ഒരു വചനത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം വെളിപാടിന്‍റെ ഉയര്‍ന്ന തലങ്ങളിലേ വ്യക്തമാവുകയുള്ളൂ എന്നതിനാല്‍ വി. ഗ്രന്ഥം രചിച്ച മാനുഷിക  രചയിതാവിന് അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രാഹ്യമായിരുന്നു എന്നു കരുതേണ്ടതില്ല'പൂര്‍ണ്ണാര്‍ത്ഥം (sensus plenior) എന്ന ആശയം  വിശ്വാസസത്യങ്ങള്‍ക്ക് ആധാരമായ വി. ഗ്രന്ഥഭാഗങ്ങളെ ഗ്രഹിക്കാന്‍ സഹായകമാണ്. വി. ഗ്രന്ഥം എഴുതപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് പല  വിശ്വാസസത്യങ്ങളും സഭയുടെ സൂനഹദോസുകള്‍ പ്രഖ്യാപിക്കുന്നത്. ഇപ്രകാരം പ്രഖ്യാപിക്കപ്പെടുന്ന വിശ്വാസ സത്യങ്ങളെല്ലാം ദൈവിക  വെളിപാടിലും വി. ഗ്രന്ഥത്തിലും അധിഷ്ഠിതമാണ് എന്നതാണ് സഭയുടെ വിശ്വാസം. എന്നാല്‍, പ്രസ്തുത വചനങ്ങള്‍ എഴുതിയ ഗ്രന്ഥകാരന്മാര്‍  ഇപ്രകാരമൊരു അര്‍ത്ഥം ആ വചനങ്ങള്‍ക്കു നല്‍കിയിരുന്നോ എന്നതും ഇല്ലെങ്കില്‍ സഭ പ്രഖ്യാപിക്കുന്ന വിശ്വാസസത്യങ്ങള്‍ക്ക് ആധാരമായി  പ്രസ്തുത വചനങ്ങള്‍ ഉപയോഗിക്കാനാവുമോ എന്നതുമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഉദാഹരണമായി, ത്രെന്തോസ് സൂനഹദോസ് ആദത്തിന്‍റെ പാപത്തെ ഉത്ഭവപാപമായി വ്യാഖ്യാനിച്ചുകൊണ്ട് വിശ്വാസസത്യം പ്രഖ്യാപിച്ചു. ഇതിന് ആധാരമായി സ്വീകരിച്ച വചനഭാഗം റോമാ 5:12-21 ആണ്.  ആദത്തിന്‍റെ പാപംമൂലം മനുഷ്യകുലം പാപത്തിന് അധീനമായിത്തീര്‍ന്നെന്നും മിശിഹായിലൂടെ മനുഷ്യകുലം പാപവിമോചിതരായിത്തീര്‍ന്നു  എന്ന പൗലോസിന്‍റെ കാഴ്ചപ്പാടും ഉത്ഭവ പാപത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനവും അന്തസത്തയില്‍ ഒന്നുതന്നെയാണ്. എന്നാല്‍, പൗലോസ്  റോമാക്കാര്‍ക്കുള്ള ലേഖനമെഴുതുമ്പോള്‍ ഉത്ഭവപാപം എന്ന ആശയം അദ്ദേഹത്തിന്‍റെ ചിന്തയിലുണ്ടായിരുന്നു എന്നു കരുതേണ്ടതില്ല. ദൈവനിവേശിതമായി പൗലോസ് എഴുതിയ ഈ ലേഖനത്തില്‍ ദൈവം നിഗൂഢമായി ഉത്ഭവ പാപത്തെക്കുറിച്ചുള്ള ആശയം ഉള്‍ച്ചേര്‍ത്തു എന്നും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ തന്‍റെ സഭയിലൂടെ അവിടുന്നു വെളിപ്പെടുത്തി എന്നുമാണ് നാം മനസ്സിലാക്കേണ്ടത്.


10. വചനവ്യാഖ്യാനത്തിന് ശാസ്ത്രീയവും തത്വചിന്താപരവുമായ സകല മാര്‍ഗ്ഗങ്ങളെയും സ്വീകരിക്കാം. എന്നാല്‍ അവയുടെ ആന്തരിക ചൈതന്യം വെളിപാടിന്‍റെ സമഗ്രതയോട് ചേര്‍ന്നുപോകുന്നതാണോ എന്ന ചോദ്യം പ്രസക്തമാണ്.  - വര്‍ഗ്ഗസമരത്തിലധിഷ്ഠിതമായ മാര്‍ക്സിസത്തെ അവലംബമാക്കി, രക്ഷാകരപദ്ധതിയെ വ്യാഖ്യാനിക്കുന്ന ശൈലി. - ഇന്ത്യന്‍ തത്വചിന്തയെ അവലംബമാക്കി, രക്ഷാകരപദ്ധതിയില്‍ ക്രിസ്തുവിന്‍റെ ഏകതാനതയെ വിസ്മരിച്ച് രക്ഷാകരപദ്ധതിയിലെ അവതാരങ്ങളിലൊന്നായി ക്രിസ്തുവിനെ ചിത്രീകരിക്കുന്ന ചില ഇന്ത്യന്‍  ദൈവശാസ്ത്രജ്ഞന്മാരുടെ വ്യാഖ്യാനം.- ഡാര്‍വ്വിന്‍റെ പരിണാമസിദ്ധാന്തത്തെ ഉപയോഗിച്ച് ഉത്പത്തിയിലെ സൃഷ്ടിവിവരണം വ്യാഖ്യാനിക്കുന്നത്.


 11. സാധര്‍മ്യം ഗ്രഹിക്കുന്നതിന് വി.ഗ്രന്ഥവിവരണങ്ങളിലെ വിവിധ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. വചനത്തിന്‍റെ വാച്യാര്‍ത്ഥം\ യാഥാര്‍ത്ഥ്യം വെളിവാക്കുന്നു; രൂപകാര്‍ത്ഥം വിശ്വസിക്കേണ്ടതെന്തെന്നും ധാര്‍മ്മികാര്‍ത്ഥം എന്തു ചെയ്യണമെന്നും യുഗാന്ത്യോന്മുഖ അര്‍ത്ഥം എന്തിനുവേണ്ടി ശ്രമിക്കണമെന്നും അന്തിമ ലക്ഷ്യമെന്തെന്നും വ്യക്തമാക്കുന്നു.നാല് അര്‍ത്ഥതലങ്ങള്‍ വിശദീകരിക്കാന്‍ ജറുസലേം എന്ന  ബൈബിള്‍ സംജ്ഞയെ ഉദാഹരണമായെടുക്കാം.
വാച്യാര്‍ത്ഥം (Storia) - ദാവീദു രാജാവ് പണികഴിപ്പിച്ചതും ഇസ്രായേലിന്‍റെയും പിന്നീട് യൂദയായുടെയും തലസ്ഥാനമായിരുന്ന ചരിത്രനഗരം
രൂപകാത്മക അര്‍ത്ഥം (allegoria) ജറുസലേം നഗരം സഭയുടെ പ്രതീകമാണ്. ജറുസലേം ദൈവത്തിന്‍റെ വാസസ്ഥലമായ                  പട്ടണമായിരുന്നതുപോലെ പുതിയ ജറുസലേമായ സഭയിലാണ് ദൈവം വസിക്കുന്നത്.
ധാര്‍മ്മിക അര്‍ത്ഥം (topologia) ജറുസലേം എന്നത് മനുഷ്യാത്മാവിന്‍റെ പ്രതീകമാണ്. തിന്മകളാല്‍ അശുദ്ധമാക്കപ്പെട്ട നഗരം അഗ്നിക്കും പ്രവാസത്തിനും ഇരയായതുപോലെ പാപത്തില്‍ നിവസിക്കുന്ന ആത്മാക്കളും നാശത്തിന് ഇരയായിത്തീരും.
യുഗാന്ത്യോന്മുഖ അര്‍ത്ഥം (anagogia)-ജറുസലേം സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമാണ്. സ്വര്‍ഗ്ഗീയ ജറുസലേമിനെ ലക്ഷ്യമാക്കിയാണ് വിശ്വാസി ജീവിതം നയിക്കേണ്ടത്.
മേല്‍പറഞ്ഞ നാല് അര്‍ത്ഥതലങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും അടിസ്ഥാനപരമായതും വാച്യാര്‍ത്ഥമാണെന്ന് വി. തോമസ്  അക്വീനാസ് വാദിച്ചു. മറ്റെല്ലാ അര്‍ത്ഥതലങ്ങളും വാച്യാര്‍ത്ഥത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയാണെന്നും അവയെ അവഗണിക്കാവുന്നതാണെന്നും  അക്വീനാസ് സമര്‍ത്ഥിച്ചു. 
വാച്യാര്‍ത്ഥം എന്നതിലൂടെ ഗ്രന്ഥകര്‍ത്താവിന്‍റെ വാക്കുകള്‍ (literale verba) പകരുന്ന അര്‍ത്ഥം എന്നാണ് വിവക്ഷിക്കുന്നത്. മറ്റൊരു ഭാഷയില്‍  പറഞ്ഞാല്‍, ഗ്രന്ഥകര്‍ത്താവ് കൈമാറാനാഗ്രഹിച്ച അര്‍ത്ഥമെന്തോ അതിനെയാണ് വാച്യാര്‍ത്ഥം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില ഗ്രന്ഥങ്ങളുടെ രചനയില്‍ അനേകം രചയിതാക്കളോ, സംശോധകരോ ഇടപെട്ടിട്ടുണ്ട്. ഉദാഹരണമായി, ഏശയ്യാ എന്ന പേരിലുള്ള  കാനോനിക ഗ്രന്ഥത്തിന്‍റെ രചനയ്ക്കു പിന്നില്‍ അനേകരുടെ കരങ്ങളും ഇരുനൂറിലേറെ വര്‍ഷങ്ങളുമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രചയിതാവും സംശോധകനും ഉദ്ദേശിച്ച അര്‍ത്ഥങ്ങള്‍ വ്യതിരിക്തമായി തന്നെ ഗ്രഹിക്കുമ്പോഴേ പ്രസ്തുത രചനകളുടെ  വാച്യാര്‍ത്ഥം പൂര്‍ണ്ണമാവുകയുള്ളൂ.  ഓരോ എഴുത്തുകാരനും ഒരു വചന ഭാഗം ഏതൊരു സമൂഹത്തെ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയോ         പ്രസ്തുത സമൂഹം ആ വചനഭാഗം എപ്രകാരം ഗ്രഹിക്കണമെന്ന് കരുതി എന്നതാണ് വാച്യാര്‍ത്ഥത്തിന്‍റെ അന്ത:സ്സത്ത. ഉദാഹരണമായി, യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സുവിശേഷവചനത്തിന്‍റെ വാച്യാര്‍ത്ഥം എന്നത് യേശു ഏത് അര്‍ത്ഥത്തില്‍ പ്രസ്തുത വചനം പറഞ്ഞു എന്ന് അത് രേഖപ്പെടുത്തിയ സുവിശേഷകന്‍ മനസ്സില്‍ കരുതുന്നുവോ അതാണ്.

principles of interpretation tradition of the church canonical integrity sacraments divine inspiration Analogy Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message