We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany,Dr. Michael Karimattam, On 09-Feb-2021
നെഹെമിയായുടെ തിരിച്ചുവരവും
നഗരമതിലിന്‍റെ നിര്‍മ്മാണവും: നെഹെമിയാ 1:1-7:73
നെഹെ 1:1-11 ലെ ഉള്ളടക്കം നെഹെമിയായുടെ സഹായാഭ്യര്‍ത്ഥനകളാണ്. ജറുസലേമില്‍ നടക്കുന്ന നിയമവിരുദ്ധമായ നടപടികളെയും ജീവിതരീതികളെയുംകുറിച്ചു കേട്ട് (1:3-4) മനസ്സുമടുത്ത നെഹെമിയാ ദൈവതിരുമുമ്പില്‍ നടത്തുന്ന പ്രാര്‍ത്ഥനയാണിത്.
സഹായാഭ്യര്‍ത്ഥനകള്‍(1:1-11)
അര്‍ത്താര്‍ബര്‍ബസ് രാജാവിന്‍റെ മുന്നില്‍ താന്‍ നടത്താനിരിക്കുന്ന സഹായാഭ്യര്‍ത്ഥനയില്‍ തനിക്ക് അനുകൂലമായി രാജാവിന്‍റെ മനസ്സിനെ മാറ്റാനുള്ള നിയോഗവും ഈ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നുണ്ട്. ദൈവത്തെ അഭിസംബോധന ചെയ്ത് (വാ.-5), തന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനപേക്ഷിച്ച് (വാ.-6), ജനത്തിനുവേണ്ടി പാപങ്ങള്‍ ഏറ്റുപറഞ്ഞ് (വാ.-7), ദൈവത്തിന്‍റെ വാഗ്ദാനങ്ങളെയും (വി. 8-9) വാഗ്ദാനങ്ങളുടെ സ്വീകര്‍ത്താക്കള്‍ പ്രവാസാനന്തരസമൂഹമാണെന്ന സത്യത്തെയും (വാ.-10) ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നെഹെമിയാ ദൈവസഹായം പ്രാര്‍ത്ഥിക്കുന്നത്. (വാ.-11) നിയമാവര്‍ത്തനഗ്രന്ഥത്തിലെ അനേകം പദങ്ങളും ശൈലികളും ഈ പ്രാര്‍ത്ഥനയില്‍ ദൃശ്യമാണ്. ബൈബിളിലെ വിലാപകീര്‍ത്തനങ്ങളുമായി ഈ പ്രാര്‍ത്ഥനയ്ക്ക് പ്രകടമായ സാമ്യമുണ്ട്. ജനത്തിന്‍റെ പാപങ്ങളേറ്റെടുത്ത് അവയ്ക്കുവേണ്ടി ദൈവതിരുമുമ്പില്‍ മാപ്പുചോദിച്ചു പ്രാര്‍ത്ഥിക്കുന്ന ശൈലി (വാ.-6-7) ബൈബിളിലെ ഇതര പ്രാര്‍ത്ഥനകളിലും ദൃശ്യമാണ് (എസ്രാ 9:4-15; 9:4-19; ബാറൂ 1:15-3:8). നെഹെമിയായുടെ ഗ്രന്ഥത്തിലെ ഇതര പ്രാര്‍ത്ഥനകളുമായും (4:4-5; 4:9; 5:19; 6:9, 14) ഈ പ്രാര്‍ത്ഥനയ്ക്ക് സാമ്യമുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ പ്രതിപാദിക്കുന്ന വസ്തുതകളില്‍ പലതും നെഹെമിയായുടെ കാലഘട്ടവുമായി പ്രത്യക്ഷബന്ധമില്ലാത്തവയാണ്. പ്രവാസവും തിരിച്ചുവരവും ഈ പ്രാര്‍ത്ഥനയിലെ വിഷയങ്ങളാണ്. എന്നാല്‍ നെഹെമിയായുടെ കാലഘട്ടത്തില്‍ ഈ വിഷയങ്ങള്‍ അത്രമേല്‍ സജീവമായിരുന്നില്ല. തന്മൂലം ഈ പ്രാര്‍ത്ഥന പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നു വാദിക്കുന്നവരുണ്ട്. 1:4 ല്‍ ഏതാനും ദിവസങ്ങളില്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനയെക്കുറിച്ചാണ് സൂചനയെങ്കില്‍ 1:11 ല്‍ ഒരു ദിവസത്തെപ്രാര്‍ത്ഥനയാണ് വിവക്ഷിക്കപ്പെടുന്നത്. ഈ വൈരുധ്യവും പില്‍ക്കാല സംശോധനയുടെ തെളിവാകാം. 1:11 ല്‍ "ഈ മനുഷ്യന്‍" എന്ന പദപ്രയോഗം തികച്ചും വ്യാഖ്യാനഭംഗം വരുത്തുന്നതാണ് എന്ന വാദവും ഈ പ്രാര്‍ത്ഥനയുടെ മൂലരൂപം വ്യത്യസ്തമായിരുന്നു എന്ന നിഗമനത്തെ സാധൂകരിക്കുന്നുണ്ട്.
നെഹെമിയാ എന്ന ഹീബ്രു വാക്കിന് "ദൈവം ആശ്വസിപ്പിച്ചു" എന്നാണര്‍ത്ഥം. ഹക്കാലിയായുടെ പുത്രനായ നെഹെമിയാ (10:2) അര്‍ത്താക്സെര്‍ക്സസ് രണ്ടാമന്‍ രാജാവിന്‍റെ പാനപാത്രവാഹകനായിരുന്നു (1:11). പാനപാത്രവാഹകന്‍ എന്നത് രാജകൊട്ടാരത്തിലെ സുപ്രധാന തസ്തികയായിരുന്നു.
പാനപാത്രവാഹകന്‍ രാജാവിന് വീഞ്ഞ് പകര്‍ന്നു കൊടുക്കുന്ന പരിചാരകനാണ്. പുരാതന പൗരസ്ത്യദേശങ്ങളിലാണ് ഇതു കൂടുതലായി നിലവിലിരുന്നത്. രാജാക്കന്‍മാരുടെ പാനീയങ്ങളില്‍ വിഷം ചേര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വസ്തന്‍ എന്ന് ഉറപ്പുള്ളവരെ മാത്രമേ രാജാവ് ഈ ജോലിക്കായി നിയോഗിച്ചിരുന്നുള്ളൂ. രാജാവിന്‍റെ പാനപാത്രവാഹകനാകുക എന്നത് വലിയൊരു ബഹുമതിയായിരുന്നു.ഈജിപ്തിലെ ഫറവോരാജാവ് പല പാനപാത്രവാഹകരില്‍ നിന്നും ഒരു പ്രധാനപാനപാത്രവാഹകനെ (Butler) നിയമിച്ചിരുന്നു. ഫറവോയുടെ പ്രധാനപാനപാത്രവാഹകനുണ്ടായ സ്വപ്നമാണ് ജോസഫ് വ്യാഖ്യാനിച്ചുകൊടുത്തത് (ഉല്‍പ. 40). 1 രാജാ. 10:5ലും 2 ദിന. 9:4ലും ലഭിക്കുന്ന സൂചനയനുസരിച്ച് സോളമന്‍റെ കൊട്ടാരത്തിലെ പാനപാത്രവാഹകര്‍ കൊട്ടാരത്തിലെ പ്രൗഢിയുടെ ഭാഗംകൂടിയായിരുന്നു. അസ്സീറിയന്‍രാജാവായ സെന്നാക്കെരിബ് തന്‍റെ പാനപാത്രവാഹകനെ (റബ്ഷക്ക) രഹസ്യസന്ദേശവാഹകനായും കണക്കാക്കിയിരുന്നു (2 രാജാ. 18:17ള; ഏശ. 36:2).
പാനപാത്രവാഹകന്‍ (ഹീബ്രുവില്‍-മസ്കേഗ്) എന്നതിനു പകരം ചില വിവര്‍ത്തനങ്ങളില്‍ ഷണ്ഡന്‍ എന്നു വിവര്‍ത്തനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ വിവര്‍ത്തനമാണ്. മസ്കേഗ് എന്ന ഹീബ്രുപദവും (പാനപാത്രവാഹകന്‍) - സാറിസ് (ഷണ്ഡന്‍) എന്ന ഹീബ്രുപദവും തമ്മിലുള്ള അക്ഷരസാമ്യം മൂലം പകര്‍ത്തെഴുത്തുകാരന്‍ വരുത്തിയ തെറ്റാണ് ഇതിനു കാരണം എന്നു നിരൂപിക്കാം. നെഹെമിയാ കൊട്ടാരം അന്തപ്പുരത്തിന്‍റെ ചുമതലയുള്ള ഷണ്ഡനായിരുന്നെങ്കില്‍ ജറുസലേം ദേവാലയത്തിലെ അനുഷ്ഠാനങ്ങളിലും ബലികളിലും പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. ഷണ്ഡന്‍ എന്നര്‍ത്ഥമുള്ള "സാറിസ്" എന്ന ഹീബ്രുപദം അസ്സീറിയന്‍ ഭാഷയില്‍ നിന്നുത്ഭവിച്ചതാണ്. ഇതിന്‍റെ മൂലാര്‍ത്ഥം "രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥന്‍" എന്നാണ്. കൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥരെയെല്ലാം ഷണ്ഡന്മാരാക്കുന്ന പതിവ് പേര്‍ഷ്യയില്‍ ഉണ്ടായിരുന്നു എന്നും അഭിപ്രായാന്തരമുണ്ട്. ഗ്രീക്കു ചരിത്രകാരനായ ഹെരഡോട്ടസിന്‍റെ അഭിപ്രായത്തില്‍, പൗരസ്ത്യദേശങ്ങളില്‍ ഷണ്ഡന്‍മാര്‍ എല്ലാവിധത്തിലും വിശ്വസ്തരായി കണക്കാക്കപ്പെട്ടിരുന്നു. പഴയനിയമത്തിലെ, ഷണ്ഡന്‍ എന്ന പ്രയോഗത്തിന് ഈ രണ്ട് അര്‍ത്ഥങ്ങളും കല്‍പിക്കാമോ എന്നും വ്യക്തമല്ല. പൊത്തിഫാര്‍ (ഉല്‍പ. 39:1) വിവാഹിതനായിരുന്നതിനാല്‍ കൊട്ടാരഉദ്യോഗസ്ഥന്‍ എന്ന അര്‍ത്ഥമാണ് അഭികാമ്യം. എന്നാല്‍ ഏശ. 56:3-ല്‍ പ്രതിപാദിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഷണ്ഡന്‍ തന്നെ. 1 സാമു. 8: 15 (കിങ്കരന്‍); എസ്തേ. 2: 3; ജറെ. 38:7; ദാനി. 1:3 എന്നീ വാക്യങ്ങളിലും മേല്‍പ്പറഞ്ഞ അര്‍ത്ഥമാണ് വിവക്ഷിതം.
ഇസ്രായേലിന്‍റെ ആരാധനാസമൂഹത്തില്‍ നിന്നും ഷണ്ഡന്‍മാര്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു (ലേവ്യ. 22: 24; നിയ. 23:1). ഇസ്രായേല്‍ രാജാക്കന്‍മാര്‍ ഷണ്ഡന്‍മാരെ വിവിധജോലികള്‍ക്കായി ഉപയോഗിച്ചിരുന്നു (1 സാമു. 8:15; 1 രാജാ. 22:9; 1 ദിന. 28:1). നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ കര്‍ത്താവിനെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോ ചെയ്യാത്ത ഷണ്ഡന്‍ അനുഗൃഹീതനാണെന്ന് വിജ്ഞാനഗ്രന്ഥം സാക്ഷിക്കുന്നു (ജ്ഞാനം 3:14). എന്നാല്‍ പ്രഭാ. 20:24; 30:20 എന്നീ വാക്യങ്ങളില്‍ ഷണ്ഡന്‍ കഴിവില്ലാത്തവനായി ചിത്രീകരിക്കപ്പെടുന്നു. മേല്‍പറഞ്ഞ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ കൊട്ടാരം ഉദ്യോഗസ്ഥനായ പാനപാത്രവാഹകന്‍ എന്ന വിശേഷണമാണ് നെഹെമിയായ്ക്ക് യോജിക്കുന്നത് എന്നു മനസ്സിലാക്കാം.
പുസ്തകം ആരംഭിക്കുന്ന വാക്യങ്ങളില്‍ തന്നെ (1:1-3) ദൈവജനത്തോടും ദൈവിക പദ്ധതിയോടുമുള്ള നെഹെമിയായുടെ പ്രതിബദ്ധത വ്യക്തമാകുന്നുണ്ട്. ജറുസലേമില്‍ നിന്നും വന്നവരോട് നെഹെമിയ മുന്‍കൈയെടുത്ത് പ്രവാസികളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പേര്‍ഷ്യന്‍തലസ്ഥാനമായ സൂസായിലെ സുഖസൗകര്യങ്ങളും അധികാരവും ആസ്വദിച്ചു കഴിയാമായിരുന്നിട്ടും പ്രവാസികളുടെ ദുഃസ്ഥിതിയില്‍ മനസ്സുവേദനിക്കുന്ന നെഹെമിയായുടെ മനസ്സ് പുറപ്പാടു സംഭവത്തിനു തുടക്കം കുറിക്കുന്നു. ദൈവത്തിന്‍റെ മനസ്സിന്‍റെ വേദനയെ അനുസ്മരിപ്പിക്കുന്നു. പ്രവാസികളെക്കുറിച്ചു മാത്രമല്ല ദൈവനഗരമായ ജറുസലേമിനെക്കുറിച്ചും നെഹെമിയ അസ്വസ്ഥാനാകുന്നുണ്ട് (വാ.3). ദൈവത്തെ സ്നഹിക്കുന്നവന്‍ ദൈവനഗരത്തെയും ദേവാലത്തെയും സ്നേഹിക്കുന്നു എന്നത് സത്യമാണ്. ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യാം, ദൈവിക കൂദാശയിലോ സഭയിലോ വിശ്വാസമില്ല എന്നു പറയുന്ന ആധുനിക വിശ്വാസികള്‍ക്ക് നെഹെമിയായുടെ നിലാപാട് ദുര്‍ഗ്രഹമായി തോന്നാം. വിശ്വാസത്തെ അമൂര്‍ത്തമായ ആശയതലത്തില്‍ മാത്രം ഒതുക്കി നിര്‍ത്താനുള്ള ശ്രമം ആരോഗ്യകരമല്ല. ദൈവത്തെയും ദൈവികമായവയെയും തന്നേക്കാളും വിലയുള്ളതായി കരുതുമ്പോള്‍ മാത്രമേ ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ദൈവശുശ്രൂഷയ്ക്കു യോഗ്യനാകുന്നുള്ളൂ.
1:4-6 ല്‍ നെഹെമിയായുടെ ദൈവാശ്രയബോധമാണ് വെളിപ്പെടുന്നത് (ന്യായാ. 20:26; 1 സാമു 7:6; 1 ദിന. 10:12; എസ്തേര്‍ 4: 3; 9:31; സങ്കീ. 35: 13; ഏശ. 58:6-8; ജറെ 36:9; ദാനി 9:3). ജറുസലേമിലെ ദൈവജനത്തിന്‍റെയും നഗരത്തിന്‍റെയും കരളലിയിക്കുന്ന കഷ്ടതകള്‍ നെഹെമിയായെ ദൈവത്തിലേക്കു തിരിക്കുന്നു. കഷ്ടതകളുടെ കഥകള്‍ പലപ്പോഴും മനുഷ്യനെ നിരാശയിലേക്കും ദൈവനിഷേധത്തിലേക്കും നയിക്കുമ്പോള്‍ യഥാര്‍ത്ഥവിശ്വാസിയെ അവ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. തറയില്‍ വീണുള്ള പ്രാര്‍ത്ഥന നെഹെമിയായുടെ ആത്മാര്‍ത്ഥതയെയും കഷ്ടതയനുഭവിക്കുന്നവരോടുള്ള താദാത്മീകരണത്തെയും സൂചിപ്പിക്കുന്നു. നെഹെമിയായുടെ പ്രാര്‍ത്ഥന ത്യാഗം ചെയ്തുള്ള (ഉപവസിച്ചുള്ള) പ്രാര്‍ത്ഥനയായിരുന്നു. മധ്യസ്ഥപ്രാര്‍ത്ഥനകളുടെ ആത്മാര്‍ ത്ഥത അവയില്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിലൂടെയാണ് വെളിപ്പെടുന്നത്. നെഹെമിയായുടെ പ്രാര്‍ത്ഥന സ്ഥിരതയുള്ളതായിരുന്നു. കാരണം നെഹെമിയാ ദിവസങ്ങളോളം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന ഒരു വൈകാരിക പ്രതികരണമായിരുന്നില്ല ദൈവജനത്തോടുള്ള സ്ഥിരമായ സ്നേഹത്തിന്‍റെ പ്രതിഫലനമായിരുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു (വാ. 4). നെഹെമിയ "സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ" സന്നിധിയിലാണ് പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തിന്‍റെ സാര്‍വ്വലൗകികമായ അധികാരത്തെ സൂചിപ്പിക്കുന്ന പദമാണിത് (2 ദിന 20:6; യോന 1:9; ദാനി 2:19, 28; എബ്രാ 7:12, 21, 23). സ്വര്‍ഗ്ഗസ്ഥനായിരിക്കുന്നതോടൊപ്പം ദൈവം ഉടമ്പടിപാലിക്കുന്നവനാണ് (വാ. 5). സാര്‍വ്വലൗകികമായ അധികാരമുള്ളവനാണെങ്കിലും ഓരോ മനുഷ്യവ്യക്തിയോടും ഉടമ്പടിചെയ്തവനാണ് ദൈവം എന്ന വിശ്വസത്തിലൂടെ മനുഷ്യനോടുള്ള ദൈവത്തിന്‍റെ വ്യക്തിബന്ധത്തെയാണ് നെഹെമിയാ ഊന്നിപ്പറയുന്നത്.
ദൈവതിരുമുമ്പിലായിരിക്കുമ്പോള്‍ ഒരു വ്യക്തിയില്‍ അനുഭവപ്പെടുന്ന രണ്ട് അടിസ്ഥാന വികാരങ്ങള്‍ അനുതാപവും (66-7) നന്ദിയും (വാ. 8-10) ആണ്. ദൈവത്തിന്‍റെ പരിശുദ്ധിയെയും നന്മയെയും കുറിച്ചുള്ള അവബോധമാണ് മനുഷ്യനില്‍ പാപബോധവും അനുതാപവും ജനിപ്പിക്കുന്നത്. തന്‍റെ ജനത്തിന്‍റെ പാപത്തെ സ്വന്തം പാപമായി കരുതി അനുതപിക്കുകയും മാപ്പുചോദിക്കുകയും ചെയ്യുന്ന നെഹെമിയാ ഇസ്രായേലിന്‍റെ മതാത്മകതയുടെ നെടുംതൂണുകളായ അബ്രാഹത്തോടും മോശയോടും താദാത്മ്യപ്പെടുത്താവുന്ന വ്യക്തിത്വമായി മാറുകയാണിവിടെ. യഥാര്‍ത്ഥഅനുതാപവും ആത്മശോധനയും മനുഷ്യന്‍റെ ഹൃദയത്തെ കൃതജ്ഞതയുടെ വികാരത്താല്‍ നിറയ്ക്കുന്നു എന്നതിനുള്ള സാക്ഷ്യമാണ് 1:8-10 ലെ നെഹെമിയായുടെ കൃതജ്ഞതാപ്രകാശനം. ദൈവം മോശയിലൂടെ അരുളിചെയ്ത വാക്കുകളെപ്രതിയും (വാ. 8-9) അവിടുന്ന് തന്‍റെ കരബലത്താല്‍ ഇസ്രായേലിനുവേണ്ടി ചെയ്ത മഹത്കാര്യങ്ങളെപ്രതിയും (വാ. 10) നെഹെമിയാ ദൈവത്തെ സ്തുതിക്കുന്നു.
11-ാം വാക്യത്തില്‍ പ്രാര്‍ത്ഥന അവസാനിക്കുന്നത് ദൈവത്തിന്‍റെ കരുണയിലുള്ള വലിയ പ്രത്യാശയോടെയാണ്. ജനത്തിന്‍റെ കഷ്ടത കേട്ടയുടന്‍ നെഹെമിയാ രാജസന്നിധിയിലേക്ക് ഓടിയില്ല. പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും നാളുകള്‍ ചെലവഴിച്ച് ദൈവകാരുണ്യത്തില്‍ പ്രത്യാശവച്ചശേഷമാണ് അദ്ദേഹം രാജാവിന്‍റെ പക്കല്‍ ജറുസലേമിലേക്കു പോകാനുള്ള അനുവാദത്തിനായി സമീപിക്കുന്നത്. അസമയത്തും അസ്ഥാനത്തുമുള്ള വാക്കുകളും പ്രവൃത്തികളും ഒഴിവാക്കുന്നതിന് പ്രാര്‍ത്ഥന സഹായകമാണെന്ന് നെഹെമിയായുടെ അനുഭവം സാക്ഷ്യം നല്‍കുന്നു. ഗതകാലത്ത് ദൈവം തന്ന നന്മകളെ ഓര്‍ത്ത് നന്ദിപറയുന്ന നെഹെമിയാ (വാ.9-10) 11-ാം വാക്യത്തില്‍ ഇന്നിന്‍റെ ആവശ്യത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഇന്നിന്‍റെ പ്രശ്നങ്ങളും ആവശ്യങ്ങളും ഇന്നലെത്തേതില്‍ നിന്നു വ്യത്യസ്തമാണ്. പ്രാര്‍ത്ഥനയുടെ നൈരന്തര്യസ്വഭാവമാണ് ഇവിടെ വ്യക്തമാകുന്നത്.
അവിടുത്തെനാമം വണങ്ങുന്ന ഇതരദാസരോടു ചേര്‍ന്നാണ് നെഹെമിയാ പ്രാര്‍ത്ഥിക്കുന്നത് (വാ.11). ജറുസലേമിലെ പ്രവാസികള്‍ ആരേയുംതന്നെ നെഹെമിയാ വ്യക്തിപരമായി അറിയുകയില്ല. എന്നിട്ടും യാഹ്വെയിലുള്ള വിശ്വാസത്തെപ്രതി അവരെ സഹോദരരായാണ് നെഹെമിയാ കരുതുന്നത് (4:14, 23; 5:1, 8, 10; 10:29; 13:13). പേര്‍ഷ്യന്‍ രാജാവിനെയാകട്ടെ "ഈ മനുഷ്യന്" (വാ.11) എന്നാണ് നെഹെമിയാ വിശേഷിപ്പിക്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ സാര്‍വ്വലൗകികമായ അധികാരത്തിനു മുന്നില്‍ മാനുഷിക അധികാരങ്ങളെല്ലാം നിഷ്പ്രഭമാണെന്ന വലിയ തിരിച്ചറിവാണ് ഈ വാക്കുകളിലൂടെ സ്പഷ്ടമാകുന്നത്.
വിചിന്തനങ്ങള്‍
നെഹെമിയാ ജറുസലേമിലേക്ക് (2:1-10)
രാജാവിന്‍റെ പക്കല്‍ നിന്ന് ജറുസലേമിലേക്കു പോകാനുള്ള അനുവാദം നേടുന്നതാണ് 2:1-10 ന്‍റെ ഇതിവൃത്തം. അനുവാദം ലഭിച്ചെങ്കിലും പ്രവിശ്യാധികാരികള്‍ നെഹെമിയായ്ക്കെതിരേ തിരിയുന്നതാണ് 10-ാം വാക്യം നല്‍കുന്ന സൂചന. ആറാം അദ്ധ്യായംവരെ തുടര്‍ന്നു വരുന്ന എല്ലാ ഭാഗങ്ങളിലും നെഹെമിയായ്ക്കെതിരേയുള്ള എതിര്‍പ്പിന്‍റെ സൂചനകളുണ്ട്. 2:10 ലെ എതിര്‍പ്പ് തുടര്‍ന്നു വരാനിരിക്കുന്ന എതിര്‍പ്പിന്‍റെ പരമ്പരയിലെ ആദ്യസൂചനയാണെന്ന് ചുവടെ ചേര്‍ത്തിരിക്കുന്ന പട്ടിക വെളിപ്പെടുത്തുന്നു.
2:1-10 സ്വദേശത്തേയ്ക്കു മടങ്ങാനുള്ള അനുവാദം-സാന്‍ബല്ലാത്, തോബിയ എന്നീ അധികാരികളുടെ എതിര്‍പ്പ്.
2:11-20 ജറുസലേമിലെത്തി തകര്‍ന്ന മതിലുകള്‍ പരിശോധിക്കുന്നു. രാജാവിനോടു മത്സരിക്കുന്നതായി ആരോപണമുയരുന്നു.
3:1-4:5 നഗരമതിലുകളുടെ പുനരുദ്ധാരണം; സാന്‍ബല്ലാത്, തോബിയ എന്നിവരുടെ എതിര്‍പ്പ്.
4:6-9 നഗരമതിലിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. നെഹെമിയായ്ക്കെതിരേ ഗൂഢാലോചന.
6:1-9 നെഹെമിയാ കലാപമുണ്ടാക്കുന്നതായി ആരോപണം.
6:10-15 നെഹെമിയായെ കുടുക്കിലാക്കാന്‍ വ്യാജപ്രവാചകന്‍റെ കരുനീക്കങ്ങള്‍.
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിലുള്ള തന്‍റെ അചഞ്ചലമായ വിശ്വാസത്തിലൂടെ ഈ എതിര്‍പ്പുകളെല്ലാം നെഹെമിയാ തരണം ചെയ്തു.നീസാന്‍ മാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍) ജറുസലേമിലേക്കു തിരിച്ചു പോകാനുള്ള അനുവാദത്തിനായി നെഹെമിയാ രാജാവിനെ സമീപിക്കുന്നത്. അതായത് ജറുസലേമില്‍ നിന്നുള്ള ദുരിതവാര്‍ത്ത കേട്ടതിനു ശേഷം നാലുമാസക്കാലം പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും കഴിഞ്ഞതിനുശേഷമാണ് നെഹെമിയാ അനുവാദത്തിനായി രാജാവിനെ സമീപിക്കുന്നത്. രാജകീയവിരുന്നിനിടയിലാണ് നെഹെമിയാ തന്‍റെ അഭ്യര്‍ത്ഥന നടത്തുന്നത്. പേര്‍ഷ്യന്‍ രാജാക്കന്മാര്‍ വിരുന്നു നടത്തുന്നതില്‍ തല്പരരായിരുന്നുവെന്ന് ഇതര ബൈബിള്‍ വ്യഖ്യാനങ്ങളില്‍ നിന്നു വ്യക്തമാണ് (എസ്തേര്‍ 1:1-12; ദാനി 5:1-4; 1 എസ്ദ്രാ 3:1-3). ഇത്തരം വിരുന്നുകളില്‍ രാജാക്കന്‍മാര്‍ പൊതുവേ സന്തുഷ്ടചിത്തരായിരിക്കും എന്നതിനാല്‍ പല നിര്‍ണ്ണായകഅനുവാദങ്ങളും അനുചരന്മാര്‍ നേടിയെടുത്തിരുന്നത് ഈ അവസരത്തിലായിരുന്നു. പാനപാത്രവാഹകനും രാജാവിന്‍റെ വിശ്വസ്തനുമായ നെഹെമിയാ അതീവദുഃഖിതനായാണ് പാനപാത്രവുമായി രാജസമക്ഷമെത്തിയത്. ഇത് അപകടകരമായ ഒരു അഭിനയമായിരുന്നു. നെഹെമിയായുടെ ദുഃഖനടനം രാജാവിന് ഹിതകരമായില്ലെങ്കില്‍ കനത്തശിക്ഷ ലഭിക്കാനിടയുണ്ട്. രാജഹിതത്തിന് അനുഗുണമായി പ്രവര്‍ത്തിക്കാത്ത ദാസര്‍ക്ക് ശിക്ഷ ഉറപ്പാണ്. മുഖത്തെ ശോകഭാവം വിരുന്നുശാലയ്ക്ക് ചേരാത്ത വികാരമാണ്. എന്നാല്‍ ജറുസലേമിലെ തന്‍റെ ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി ജീവന്‍ അപകടപ്പെടുത്തുന്ന ദൗത്യം നെഹെമിയാ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ദുഃഖകാരണം തിരക്കിയ രാജാവിനോടുള്ള മറുപടിയിലും നെഹെമിയായുടെ നയതന്ത്രം വ്യക്തമാണ്. തന്‍റെ പിതാക്കന്മാരുടെ കബറിടം സ്ഥിതിചെയ്യുന്ന പട്ടണത്തിന്‍റെ നാശത്തെക്കുറിച്ചു മാത്രമാണ് നെഹെമിയാ പ്രതിപാദിക്കുന്നത്. ജറുസലേം എന്ന പേരുപോലും നെഹെമിയാ വെളിപ്പെടുത്തുന്നില്ല. അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ കാലത്ത് ജറുസലേംനഗരത്തിന്‍റെ മതിലുനിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ കല്പിച്ചിരുന്നതിനാല്‍ (എസ്രാ 4:12-23) ജറുസലേം എന്ന പേര് ആദ്യമേ പറയുന്നത് വിപരീതഫലം ചെയ്യാനിടയുണ്ടെന്ന് നെഹെമിയാ മനസ്സിലാക്കിയിരുന്നു. "എന്തു ചെയ്യണം ?" എന്ന രാജാവിന്‍റെ ചോദ്യത്തിനുള്ള (വാ.4) മറുപടിയിലും യൂദയായിലേക്കു പോകണം എന്നു മാത്രമേ നെഹെമിയാ പറയുന്നുള്ളൂ (വാ.5). ജറുസലേം എന്ന പേര് നെഹെമിയാ ഇവിടെയും ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു.
വാ. 6-7 ല്‍ രാജ്ഞിയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. പി. ഓ. സി. ബൈബിള്‍ രാജ്ഞി എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് "ഷെഗാള്‍" എന്ന ഹീബ്രുപദമാണ്. രാജ്ഞിയെ സൂചിപ്പിക്കുന്ന ഹീബ്രുപദം "മല്‍ക്കാഹ്" ആണ്. "ഷെഗാള്ڈ" എന്ന പദം അന്തപ്പുരത്തിലെ രാജാവിനു പ്രിയപ്പെട്ട സ്ത്രീകളെ വിശേഷിപ്പിക്കുന്ന പദമാണ്. ഇത്തരം സ്ത്രീകള്‍ രാജാവിനോടൊത്ത് പരസ്യമായി പ്രത്യക്ഷപ്പെടുന്ന പതിവ് ഇല്ലായിരുന്നെങ്കിലും അപൂര്‍വ്വമായി അവര്‍ രംഗത്തു വന്നിരുന്നു (എസ്തേര്‍. 1). ഈ സ്ത്രീ നെഹെമിയായ്ക്കു വേണ്ടി സംസാരിക്കുന്നതും അസാധാരണമായി തോന്നാം. ഒരുപക്ഷേ തനിക്കു വേണ്ടി വാദിക്കാന്‍ നെഹെമിയാ അവളെ മുന്‍കൂട്ടി ചട്ടം കെട്ടിയതുമാകാം. നെഹെമിയായ്ക്ക് ആവശ്യമുള്ള കാലപരിധി, രാജാവ് ചോദിച്ചതിന് നെഹെമിയാ മറുപടി പറഞ്ഞെങ്കിലും അത് എത്രകാലമാണെന്ന് വിവരണത്തില്‍ വ്യക്തമല്ല (വാ.6). നെഹെമിയാ പന്ത്രണ്ടുകൊല്ലം ജറുസലേമില്‍ വസിച്ചതായി തുടര്‍ന്നുള്ള വിവരണങ്ങളില്‍ നിന്നു വ്യക്തമാകും. എന്നാല്‍, നെഹെമിയാ രാജാവിനോടു പറഞ്ഞത് വളരെ ചുരുങ്ങിയ ഒരു കാലഘട്ടമായിരിക്കാനാണ് സാധ്യത.
പോകാനുള്ള അനുവാദം ലഭിച്ചതോടെ നെഹെമിയാ തന്‍റെ പദ്ധതിയുടെ നടത്തിപ്പിനായുള്ള രാജസഹായം ഉറപ്പുവരുത്താനുള്ള ശ്രമമാണ് നടത്തുന്നത് (വാ.7-8). യൂദായിലെ ഭരണാധികാരികള്‍ക്കുള്ള എഴുത്തും നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള തടി ലഭിക്കാനുള്ള കത്തും നെഹെമിയാ തരപ്പെടുത്തി. തടി ലഭിക്കാനുള്ള കത്ത് "ധനകാര്യ വിചാരകനായ" ആസാഫിനു നല്‍കി (വാ.7) എന്നാണ് പി. ഓ. സി വിവര്‍ത്തനത്തിലുള്ളത്. എന്നാല്‍ "പാര്‍ദെസ്" എന്ന ഹീബ്രുപദത്തെ ധനകാര്യ വിചാരകന്‍ എന്നല്ല "കൊട്ടാരംവക തോട്ടത്തിന്‍റെ കാര്യസ്ഥന്‍" എന്ന അര്‍ത്ഥത്തിലാണ് വിവര്‍ത്തനം ചെയ്യേണ്ടിയിരുന്നത്. തടി വാങ്ങുന്നത് തോട്ടം കാര്യസ്ഥനില്‍ നിന്നാണല്ലോ. സഭാ. 2:5 ലും ഉത്ത. 4:13 ലും ഈ പദം രാജാവിന്‍റെ ഉടമസ്ഥതയിലുള്ള ഉദ്യാനത്തെ (വനത്തെ) സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. രാജാവിന്‍റെ ഉടമസ്ഥതയിലുള്ള വനം ഷെഫാലായിലായിരുന്നു എന്നു കരുതപ്പെടുന്നു. (1 ദിന. 27:28)
ദേവാലയത്തിന്‍റെ കോട്ടവാതില്‍ (വാ.8) വടക്കുവശത്തുള്ള പ്രതിരോധവാതിലായിരുന്നു. വടക്കുവശത്തുള്ള ഹനാലേലിന്‍റെ കവാടവും ശതകവാടവും ഈ വാതിലിനടുത്തായിരുന്നു. കോട്ടവാതില്‍ നിന്നിരുന്ന സ്ഥലത്ത് മക്കബായരുടെ കാലത്ത് ഒരു പ്രതിരോധ കോട്ടതന്നെ നിര്‍മ്മിക്കുകയുണ്ടായി (1 മക്ക 13:52). തന്‍റെ ഭവനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള സൂചനയില്‍ നിന്ന് (വാ.8) നെഹെമിയാ ഒരു സമ്പന്നകുടുംബാംഗമായിരുന്നു എന്ന് നിരൂപിക്കാം. അദ്ദേഹത്തിന്‍റെ പൂര്‍വികന്മാരുടെ ശവകുടീരങ്ങള്‍ ജറുസലേമിലാണെന്ന പരാമര്‍ശവും (2:3) നെഹെമിയായുടെ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയെ വെളിപ്പെടുത്തുന്നുണ്ട്. കാരണം സമ്പന്നര്‍ക്കുമാത്രമേ ജറുസലേംനഗരത്തില്‍ വീടും ശവകുടീരവും അവകാശപ്പെടാനാകുമായിരുന്നുള്ളൂ.
ജറുസലേമിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള അര്‍ത്താക് സെര്‍ക്സസ് രാജാവിന്‍റെ കല്പന (എസ്രാ 4:21) ഉണ്ടായിരുന്നിട്ടും നെഹെമിയായ്ക്ക് എളുപ്പത്തില്‍ നിര്‍മ്മാണാനുമതി ലഭിച്ചത് നിസ്സാരകാര്യമല്ല. മാറ്റമില്ലാത്ത കല്പനകള്‍ക്ക് കേള്‍വികേട്ടവരായിരുന്നു പേര്‍ഷ്യന്‍ രാജാക്കന്മാര്‍ (എസ്തേര്‍ 1:9, 8:8 ദാനി 6:8). നെഹെമിയായോടൊത്തുള്ള സ്വര്‍ഗ്ഗസ്ഥനായദൈവത്തിന്‍റെ ശക്തിയുടെ അടയാളമായാണ് ഗ്രന്ഥകാരന്‍ ഈ അനുമതിയെ കാണുന്നത്. എന്നാല്‍, നെഹെമിയായുടെ അഭ്യര്‍ത്ഥനയ്ക്കുപിന്നില്‍ പേര്‍ഷ്യന്‍സാമ്രാജ്യത്തിനു ഗുണകരമായ ഒരു രാഷ്ട്രീയനേട്ടം കണ്ടതിനാലാവാം രാജാവ് നിര്‍മ്മാണാനുമതി വേഗത്തില്‍ നല്‍കിയത്. പേര്‍ഷ്യയും ഈജിപ്തും തമ്മിലുള്ള സംഘര്‍ഷം വളര്‍ന്നുവരുന്ന കാലമായിരുന്നു അത്. ഈജിപ്തില്‍ നിന്നുള്ള മുന്നേറ്റങ്ങളെ തടയുന്നതിന് ശക്തമായ ജറുസലേംനഗരം സഹായകമാണെന്ന രാജബുദ്ധിയാണ് നെഹെമിയായുടെ അപേക്ഷ എളുപ്പത്തില്‍ സ്വീകരിക്കാനിടയാക്കിയത്.
രാജകീയതീട്ടൂരങ്ങളും സുരക്ഷാഭടന്മാരുമായി ചെന്ന നെഹെമിയായ്ക്ക് പ്രവിശ്യാ ഗവര്‍ണര്‍മാരുടെ പക്കല്‍ നിന്ന് ഊഷ്മളമായ സ്വീകരണമൊന്നും ലഭിച്ചില്ല. സമരിയാ ഗവര്‍ണറായിരുന്ന സാന്‍ബല്ലായുടെ കാലത്തെ അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്ത് സാന്‍ബല്ലാത് യൂദായുടെമേലും അധികാരം കരസ്ഥമാക്കിയിരുന്നു (4:21). സാന്‍ബല്ലാത് എന്ന പേര് പേര്‍ഷ്യന്‍ ഉത്ഭവമാണെങ്കിലും അദ്ദേഹം യഹൂദനായിരിക്കാനാണ് സാധ്യത. കാരണം സാന്‍ബല്ലാതിന്‍റെ മകളെ ജറുസലേമിലെ പ്രധാനപുരോഹിതന്‍റെ ഭവനത്തിലെ അംഗവുമായി വിവാഹം കഴിപ്പിച്ചിരുന്നു (13:28). 'ഹൊറോണ്യന്‍' എന്ന വിശേഷണം (വാ.10) പരിഹാസരൂപത്തില്‍ നല്‍കിയതായിരിക്കാം. ഷെഫാലത്ത്നഗരത്തിന് അഞ്ചുമൈല്‍ വടക്കാണ് ബേത്- ഹോറോണ്‍ എന്ന ഗ്രാമം.
തോബിയായും ജറുസലേമില്‍ സ്വാധീനമുള്ള ഭരണാധികാരിയായിരുന്നു (6:7-19; 13:4). തോബിയായെ 'ദാസന്‍' എന്ന് നെഹെമിയായുടെ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് പരിഹാസരൂപേണയാണെന്നാണ് പണ്ഡിതമതം. അദ്ദേഹം അമ്മോന്‍ദേശത്തിന്‍റെ ഗവര്‍ണ്ണറായിരുന്നു. അതുകൊണ്ടായിരിക്കാം യഹൂദനായ തോബിയായെ അമ്മോന്യന്‍ എന്ന് വിശേഷിപ്പിക്കുന്നത് (വാ.10). ഇദ്ദേഹത്തിന്‍റെ പുത്രന്‍റെ പേര് 'യഹോഹന്നാന്‍' (6:18) എന്നത് തികച്ചും യഹൂദനാമമാണ്. പേര്‍ഷ്യന്‍രാജാക്കന്മാരെ പ്രീതിപ്പെടുത്തി സ്ഥാനമാനങ്ങള്‍ നേടാന്‍ യഹൂദര്‍ പ്രവാസകാലത്ത് പേര്‍ഷ്യന്‍ നാമങ്ങള്‍ സ്വീകരിക്കുക പതിവായിരുന്നതിനാല്‍ തോബിയാ യഹൂദനായിരുന്നു എന്ന വാദത്തോട് വിയോജിക്കേണ്ട കാര്യമില്ല. അമ്മോന്യരും ഇസ്രായേലും തമ്മിലുള്ള പരമ്പരാഗത വൈരാഗ്യത്തെ സൂചിപ്പിക്കുന്നതിന് വേണ്ടിയാകാം നെഹെമിയായുടെ ശത്രുവായിരുന്ന അമ്മോന്‍ ഗവര്‍ണറെ അമ്മോന്യനായി ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നത്. മൊവാബ്യരെയും അമ്മോന്യരെയും യഹൂദസമൂഹത്തിന് സമ്പര്‍ക്കം നിഷേധിക്കപ്പെട്ടവരായാണ് നിയമഗ്രന്ഥം കരുതുന്നത് (നിയ 23: 3-6). ജറുസലേമിലേക്കുള്ള നെഹെമിയായുടെ വരവില്‍ അധികാരികള്‍ പ്രകടിപ്പിക്കുന്ന അസന്തുഷ്ടി പില്‍ക്കാലത്ത് യേശുവിന്‍റെ ജനനത്തില്‍ ഹെറോദേസ്രാജാവ് പ്രകടിപ്പിക്കുന്ന അസന്തു ഷ്ടിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് (മത്താ 2:1-12). യേശു തന്‍റെ പിതാവിനാല്‍ സംരക്ഷിക്കപ്പെടുന്നതുപോലെ നെഹെമിയായും ശക്തനായ ദൈവത്തിന്‍റെ കരത്താല്‍ സംരക്ഷിക്കപ്പെട്ടു.
നെഹെമിയാ ജറുസലേമില്‍ (2:11-20)
നാലുമാസം നീണ്ട യാത്ര നെഹെമിയായെ തളര്‍ത്തിയിരുന്നു. തന്മൂലം മൂന്നുദിവസത്തെ വിശ്രമം അദ്ദേഹത്തിന് ആവശ്യമായിരുന്നു (വാ. 11). എസ്രായും ഇപ്രകാരം മൂന്നുനാള്‍ വിശ്രമിച്ചിരുന്നു (എസ്രാ 8:32). പ്രതിദിനം 14-15 കി.മീ. നടന്നെങ്കില്‍ മാത്രമേ നാലുമാസംകൊണ്ട് പേര്‍ഷ്യയിലെ സൂസായില്‍നിന്ന് ജറുസലേമിലെത്താന്‍ കഴിയുകയുള്ളൂ എന്നത് നെഹെമിയായുടെ യാത്രാക്ലേശത്തിന്‍റെ ആഴം വ്യക്തമാക്കുന്നുണ്ട്. എസ്രാ - നെഹെമിയാ എന്നിവരുടെ ദേവാലയനിര്‍മ്മാണത്തിനു മുമ്പുള്ള മൂന്നു നാളത്തെ വിശ്രമത്തെ പുതിയനിയമത്തിലെ യോഹാ 2:17 ന്‍റെ വെളിച്ചത്തില്‍ യേശുവിന്‍റെ കല്ലറയിലെ മൂന്നുനാളത്തെ വാസത്തോടും മത്സ്യത്തിന്‍റെ ഉദരത്തില്‍ മൂന്നുനാള്‍ വസിച്ച യോനായുടെ അനുഭവത്തോടും പ്രതീകവത്ക്കരിക്കുന്ന വ്യാഖ്യാതാക്കളുമുണ്ട്. എന്നാല്‍ ഈ വ്യാഖ്യാനം ഗ്രന്ഥകര്‍ത്താക്കള്‍ ലക്ഷ്യമാക്കിയിരുന്ന അര്‍ത്ഥമായിരുന്നു എന്ന് കരുതാനാവില്ല. ഏതാനും പേരോടൊത്ത് നെഹെമിയ രാത്രിയില്‍ നഗരത്തിന്‍റെ തകര്‍ന്ന കാഴ്ച്ച കാണാന്‍ പോയി. കൂടെയുള്ളവരോട് നെഹെമിയാ തന്‍റെ യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. കാരണം നെഹെമിയാ പ്രവര്‍ത്തിക്കുന്നത് ദൈവപ്രചോദനമനുസരിച്ചായിരുന്നു (വാ.12). തന്‍റെ യാത്രയുടെ ലക്ഷ്യം ആരോടും വെളിപ്പെടുത്താതിരുന്നത് ശത്രുക്കളുടെ (വാ.10) തെറ്റിദ്ധാരണ ഒഴിവാക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായിട്ടുമാവാം.
നെഹെമിയായുടെ കാലത്തെ ജറുസലേം നഗരത്തിന് ദേവാലയം സ്ഥിതിചെയ്യുന്ന മല, ഓഫേല്‍മല (ദാവീദിന്‍റെ നഗരം)എന്നീ പ്രധാന ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. താഴ്വരയിലെ കവാടം കടന്നാണ് (ഓഫേല്‍ മലയുടെ പടിഞ്ഞാറുഭാഗത്താണ് ഈ കവാടം) നെഹെമിയാ നഗരപരിശോധനയ്ക്കുപോയത്. ടൈറോപിയന്‍ താഴ്വരയിലേക്കു തിരിയുന്ന താഴ്വരയിലെ കവാടം കടന്ന നെഹെമിയാ തെക്കോട്ടുതിരിഞ്ഞ് താഴ്വരയിലെ നീരുറവ (Dragon's Spring) വഴി ഓഫേല്‍മലയുടെ തെക്കേ അറ്റത്തെത്തി ചവറ്റുവാതില്‍ (Dung gate) വരെ യാത്ര ചെയ്തു. താഴ്വരയിലെ കവാടത്തില്‍ നിന്ന് ചവറ്റുവാതില്‍ വരെ ഏകദേശം 400 മീറ്റര്‍ ദൂരമുണ്ട്. തുടര്‍ന്ന് വടക്കോട്ടു യാത്രചെയ്ത നെഹെമിയാ നഗരത്തിന്‍റെ തെക്കുകിഴക്കുള്ള ജലകവാടത്തിനും ഷേലാ കുളത്തിനുമിടയിലൂടെ (രാജവാപി) നടന്ന് താഴ്വരയിലെ കവാടം വഴി മടങ്ങുകയായിരുന്നു എന്ന് അനുമാനിക്കാം. നെഹെമിയാ തെരെഞ്ഞെടുക്കുന്ന വഴിയനുസരിച്ച് നഗരത്തിന്‍റെ വടക്കേമതില്‍ പരിശോധനാവിധേയമാക്കിയില്ല എന്ന് അനുമാനിക്കേണ്ടിവരും. നഗരത്തിന്‍റെ അധിപന്‍മാര്‍ക്കോ (ഹീബ്രുവില്‍ "സെഗാനിം") യഹൂദനേതാക്കള്‍ക്കോ (ഹീബ്രുവില്‍ "ഹോഗിം") നെഹെമിയായുടെ ആഗമനത്തിന്‍റെ ലക്ഷ്യം മനസിലായിരുന്നില്ല.
തന്‍റെ പരിശോധനയിലൂടെ ബാബിലോണില്‍ വച്ച് ജറുസലേമിന്‍റെ തകര്‍ച്ചയെക്കുറിച്ച് താന്‍ കേട്ട കാര്യങ്ങളത്രയും സത്യമായിരുന്നുവെന്ന് നെഹെമിയായ്ക്കു മനസിലായി. നഗരത്തിന്‍റെ സമുദ്ധാരണം അടിയന്തിരാവശ്യമാണെന്നും അതിനായി യഹൂദര്‍ ഒന്നടങ്കം പരിശ്രമിക്കണമെന്നും നെഹെമിയാ തന്‍റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. തന്‍റെ നിയോഗം ദൈവഹിതാനുസൃതമാണെന്ന ഉറച്ചബോധ്യം നെഹെമിയായ്ക്കുണ്ടായിരുന്നു (വാ.18). രാജാവിന്‍റെ അനുമതിയും അദ്ദേഹത്തിനുണ്ടായിരുന്നു. നെഹെമിയായുടെ നേതൃത്വത്തില്‍ ജനമൊന്നാകെ സംഘടിച്ച് മതിലുപണിയാന്‍ തീരുമാനമായി. ദൈവം-രാജാവ്-നെഹെമിയാ-ജനം എന്നിവരുടെ സംയുക്തസംരംഭമായാണ് മതിലുപണിയെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.മതിലുപണി ആരംഭിച്ചതോടെ ശത്രുക്കളുടെ എണ്ണവും കൂടിവന്നു. 10-ാം വാക്യത്തില്‍ പരാമര്‍ശിച്ച സാന്‍ബല്ലാത്, തോബിയ എന്നിവരോടുചേര്‍ന്ന് അറേബ്യനായ ഗഷേമും നെഹെമിയായ്ക്കെതിരേ തിരിഞ്ഞു. 6:12 ലും ഗഷേം നെഹെമിയായുടെ എതിരാളിയായി രംഗപ്രവേശം ചെയ്യുന്നുണ്ട്. ഈജിപ്തിലെ ടെല്‍ എല്‍ മഷ്കുത്തായില്‍ നിന്നു ലഭിച്ച അരമായലിഖിതങ്ങളില്‍ ഗഷേമിന്‍റെ ഈ ലിഖിതങ്ങളനുസരിച്ച് ഗഷേം കേദാറിലെ രാജാവാണ്. കേദാറുകാര്‍ എന്നത് ജോര്‍ദ്ദാന്‍റെ മറുകരയിലെ സമതലത്തിലും നൈല്‍നദിയുടെ തീരത്തും വസിച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരാണ്. ശത്രുക്കളോടുള്ള നെഹെമിയായുടെ തീരുമാനം ഉറച്ചതായിരുന്നു(വാ.20). സൂസായില്‍ വച്ചു താന്‍ പ്രാര്‍ത്ഥിച്ച സ്വര്‍ഗ്ഗസ്ഥനായ ദൈവം(1:5; 2:4) തന്‍റെ ദൗത്യം വിജയിപ്പിക്കുമെന്ന് നെഹെമിയാ എതിരാളികളോട് പ്രഖ്യാപിച്ചു. തന്നെയുമല്ല തന്നെ എതിര്‍ക്കുന്ന നഗരാധികാരികള്‍ ജറുസലേമില്‍ നിന്നു പുറത്താക്കപ്പെടുമെന്നും നെഹെമിയാ മുന്നറിയിപ്പു നല്‍കി. ജറുസലേമില്‍ ഇസ്രായേലിന്‍റെ ശത്രുക്കള്‍ക്ക് അവകാശമുണ്ടായിരിക്കില്ല എന്ന നിലപാട് ബൈബിളില്‍ അന്യത്ര ദൃശ്യമാണ്(2 സാമു 20:1; 1 രാജാ 12:16). പേര്‍ഷ്യന്‍ രാജാവിനെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹക്കുറ്റമായാണ് മതില്‍നിര്‍മ്മാണത്തെ നഗരധാരികള്‍ കരുതുന്നത് (വാ.19). എന്നാല്‍, നെഹെമിയായുടെ മറുപടിയില്‍ തനിക്ക് രാജാവില്‍ നിന്ന് അനുമതിപത്രം ലഭിച്ചകാര്യം പരാമര്‍ശിക്കുന്നില്ല. പകരം തന്നെ അധികാരപ്പെടുത്തിയത് സ്വര്‍ഗസ്ഥനായ ദൈവമാണെന്ന് നെഹെമിയാ സാക്ഷ്യപ്പെടുത്തുന്നു. ദൈവനിയോഗം രാജനിയോഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന നെഹെമിയായുടെ വിശ്വാസമാണ് ഇവിടെ പ്രകടമാകുന്നത്.
വിചിന്തനങ്ങള്‍
നെഹെമിയായുടെ സഹായികള്‍ (3:1-32)
മൂന്നാം അധ്യായം നെഹെമിയായുടെ ഭരണപാടവത്തിനും സംഘാടക വൈദഗ്ധ്യത്തിനും സാക്ഷ്യം നല്‍കുന്നു. അനുയോജ്യരായ വ്യക്തികളെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയമിക്കുക എന്നത് ഭരണപാടവത്തിന്‍റെ ലക്ഷണമാണ്. സമര്‍ത്ഥരായ വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചുനല്‍കിയതിലൂടെ നഗരമതിലിന്‍റെ നിര്‍മ്മാണം എന്ന ശ്രമകരമായ ദൗത്യം നെഹെമിയാ നിശ്ചിതസമയത്തുതന്നെ നിറവേറ്റി. കഴിവുള്ളവരുടെ സഹായം ആവശ്യസമയത്ത് തേടാനുള്ള പ്രായോഗികബുദ്ധിയുടെ കുറവുകൊണ്ട് സഭയിലും സമൂഹത്തിലും സംഭവിക്കുന്ന കഷ്ടനഷ്ടങ്ങളുടെ വേളയില്‍ അനുസ്മരിക്കാനും അനുകരിക്കാനും കഴിയുന്ന ദൃഷ്ടാന്തമായാണ് നെഹെമിയായെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.
ഈ അധ്യായത്തിലെ വിവരണങ്ങള്‍ നെഹെമിയായുടെ സ്വന്തരചന എന്ന നിലയിലുള്ള ആത്മകഥാശൈലിയിലല്ല നല്‍കിയിരിക്കുന്നത്. പുരുഷസര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നതും നെഹെമിയായെ "മേലാളന്‍"(വാ.5) എന്ന് വിശേഷിപ്പിക്കുന്നതും ഈ വിവരണം നെഹെമിയായുടെ രചനയല്ല എന്ന വസ്തുതയാണ് വെളിപ്പെടുത്തുന്നത്. തന്നെയുമല്ല "പ്രമുഖന്മാര്‍"(ഹിബ്രുവില്‍ അദീരിം) എന്നൊരു പുതിയ സാമൂഹികവിഭാഗത്തെക്കുറിച്ചും ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട് (വാ. 5) കൂടാതെ നഗരമതിലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുമുമ്പേ പ്രസ്തുത ജോലി പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കുന്നു എന്ന ആഖ്യാനഭംഗവും ഈ അധ്യായത്തിനുണ്ട്. നാലാം അധ്യായത്തില്‍ മതില്‍പണിക്കിടയില്‍ സംഭവിക്കുന്ന തടസ്സങ്ങളും പ്രതിസന്ധികളും വിവരിക്കുന്നുണ്ട്. 6:1 ലും 7:1 ലും കവാടങ്ങള്‍ ഇനിയും ഉറപ്പിച്ചിട്ടില്ല എന്ന വ്യക്തമായ പരാമര്‍ശങ്ങളുമുണ്ട്. തന്മൂലം പണിതീര്‍ത്തവരുടെ പട്ടിക എന്ന നിലയില്‍ മൂന്നാംഅധ്യായം നല്‍കുന്ന പേരുവിവരങ്ങള്‍ വിവരണഭംഗത്തിന് കാരണമാകുന്നുണ്ട്. മൂന്നാം അധ്യായം പിന്നീട് രചിക്കപ്പെട്ട് നെഹെമിയായുടെ ഗ്രന്ഥത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ് ഈ വസ്തുതകള്‍.
നഗരമതില്‍ നിര്‍മ്മാണത്തിന് അധികാരികളുടെയും ജറുസലേം നിവാസികളുടെയും നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്നു എന്നതിന് മൂന്നാം അധ്യായത്തിലെ വിവരണം സാക്ഷ്യമാണ്. വിവിധ പ്രവിശ്യകളുടെ അധിപന്മാര്‍ നഗരമതിലിന്‍റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. 9,12 വാക്യങ്ങളില്‍ ജറുസലേംപ്രവിശ്യയുടെ രണ്ട് അധികാരികളും 17,18 വാക്യങ്ങളില്‍ കേലാപ്രവിശ്യയുടെ രണ്ട് അധികാരികളും 14, 15, 16 വാക്യങ്ങളില്‍ യഥാക്രമം ബെത്ഹക്കേരം. മിസ്പാ, ബെത്സൂര്‍ എന്നീ പ്രവിശ്യകളുടെ (ഹീബ്രുവില്‍ "പെലക്") അധികാരികളും മതില്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി എന്നു കാണാം. നെഹെമിയായുടെ കാലത്തെ ഭരണകേന്ദ്രങ്ങളെക്കുറിച്ചും പ്രവിശ്യാഭരണതലവന്മാരെക്കുറിച്ചും ഈ വിവരണം വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഈ കാലഘട്ടത്തിലെ ആറു പ്രവിശ്യകള്‍ ജെറുസലേം, ബെത്സൂര്‍, കെല്ലാ, ബേത്ഹക്കാരെ, മിസ്പാ, ജറീക്കോ എന്നിവയായിരുന്നു. ഇവയെല്ലാം ചേര്‍ന്ന യഹൂദ്ദേശത്തിന് പ്രവാസത്തിനുമുന്‍പുണ്ടായിരുന്ന യൂദാരാജ്യത്തിന്‍റെ പകുതി വിസ്തീര്‍ണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നഗരമതിലുമായി ബന്ധപ്പെട്ട ജോലികളില്‍ രണ്ടു ക്രിയകളുടെ ഉപയോഗം ശ്രദ്ധേയമാണ്. "നിര്‍മ്മിച്ചു" എന്നര്‍ത്ഥമുള്ള "ബാന" എന്ന ഹീബ്രു ക്രിയാരൂപവും "കേടുപാടുകള്‍ പോക്കി" എന്നര്‍ത്ഥമുള്ള "ഹെഹെസിഖ്" എന്ന ഹിബ്രു ഹീഫില്‍ ക്രിയാരൂപവും. ഇവയില്‍ "ബാന" എന്ന ക്രിയ ഏഴുതവണയും (1-3, 13-15) "ഹെഹെസിഖ്" എന്ന ക്രിയ 35 തവണയും മൂന്നാം അധ്യായത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബി.സി. 587ലെ അസ്സീറിയന്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വടക്കുകിഴക്കന്‍ ഭാഗത്തെ മതിലുകള്‍ (2 രാജാ 25:4) നെഹെമിയാ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കുകയായിരുന്നുവെന്നും പടിഞ്ഞാറുഭാഗത്തും തെക്കുഭാഗത്തുമുള്ള മതിലുകളുടെ കേടുപാടുകള്‍ പോക്കിയതേ ഉള്ളുവെന്നും ഈ ക്രിയകളുടെ ഉപയോഗത്തില്‍ നിന്നും അനുമാനിക്കാം. പ്രവാസത്തിനുമുമ്പുണ്ടായിരുന്ന നഗരത്തിന്‍റെ കിഴക്കന്‍ഭാഗത്ത് മലയിടിച്ചില്‍ ഉണ്ടായതായി ഭൂഗര്‍ഭഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഒരു പക്ഷേ, കിഴക്കുഭാഗത്തെ മതില്‍ തകര്‍ന്നതിന് ഈ മലയിടിച്ചിലും കാരണമായിട്ടുണ്ടാകാം. കിഴക്കുഭാഗത്തെ മതില്‍ നിര്‍മ്മാണത്തിനായി 21 സംഘം ജോലിക്കാരെ നിയമിച്ചിരുന്നതില്‍ നിന്നും (വാ.14-32) കിഴക്കുഭാഗത്തെ മതില്‍നിര്‍മ്മാണം ശ്രമകരമായിരുന്നുവെന്ന് ഊഹിക്കാം. വടക്കുഭാഗത്ത് 8 സംഘങ്ങളെയും (വാ.1-5) പടിഞ്ഞാറ് 10 സംഘങ്ങളെയും (വാ.) രണ്ടുസംഘങ്ങളെയുമാണ് (വാ. 14-15) നിയമിച്ചിരുന്നത്. മതില്‍ നിര്‍മ്മാണത്തിനു നേതൃത്വം വഹിച്ചവരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.
TABLE 1
നഗരമതിലിലെ പത്തുകവാടങ്ങളെക്കുറിച്ച് മൂന്നാം അധ്യായം പരാമര്‍ശിക്കുന്നുണ്ട്. പ്രസ്തുത കവാടങ്ങള്‍ ജറുസലേം നഗരത്തിന്‍റെ ഭൂമിശാസ്ത്രം പഠിക്കുന്നതിന് ഏറെ സഹായകമായതിനാല്‍ അവയെക്കുറിച്ചുള്ള ലഘുവിവരണം ചുവടെ നല്‍കുന്നു:
IMAGE 1
അജകവാടം (3:1-12): എലിയാഷിബ് എന്ന പ്രധാനപുരോഹിതന്‍റെ നേതൃത്വത്തിലാണ് ഈ കവാടം നിര്‍മ്മിച്ചത് (3:1; 12:10; 13:28). ജറുസലേം നഗരഭിത്തിയുടെ വടക്കുവശത്ത് ഹമ്മെയായുടെ സ്തംഭത്തിനരികെയുള്ള കവാടമാണ് അജകവാടം. (നെഹെ. 3:32; 12:39). ബലിമൃഗങ്ങളെ ദേവാലയത്തിലേക്ക് കൊണ്ടുവന്നിരുന്നത് ഈ കവാടത്തിലൂടെയാണ്. ഇതിനടുത്തുള്ള ബേത്സഥാക്കുളത്തിലാണ് ബലിക്കുള്ള ആടുകളെ കുളിപ്പിച്ചിരുന്നത്. യോഹന്നാന്‍റെ സുവിശേഷ വിവരണപ്രകാരം (യോഹ. 5:2-4) മാറാരോഗികള്‍ സുഖപ്രാപ്തിക്കായി ജലമിളകുന്നതും കാത്തിരുന്ന കുളക്കര ഇതുതന്നെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
മത്സ്യകവാടം (3:3-5): ഹസേനായുടെ പുത്രന്മാരാണ് ഈ കവാടം പുനര്‍നിര്‍മ്മിച്ചത്. ജറുസലേം പട്ടണത്തിന്‍റെ വടക്കുവശത്തുള്ള മതിലിന്‍റെ കവാടമാണ് മത്സ്യകവാടം. ഈ കവാടം ആദ്യം പണിതത് ദാവീദ്രാജാവിന്‍റെ കാലത്താണ്. പിന്നീട് മനാസ്സെയുടെ കാലത്ത് നഗരത്തിനു പുറംമതിലുകള്‍ പണിതപ്പോള്‍ മത്സ്യകവാടം അതിന്‍റെ ഭാഗമായിതീര്‍ന്നു (2 ദിന. 33:14). കര്‍ത്താവിന്‍റെ ദിനത്തില്‍ മത്സ്യകവാടത്തില്‍ നിന്ന് വിലാപം ഉയരുമെന്ന് സെഫാനിയാപ്രവാചകന്‍ പറയുന്നുണ്ട് (സെഫാ. 1:10).
നഗരത്തില്‍ മത്സ്യം കൊണ്ടുവന്നിരുന്നത് ഈ കവാടത്തിലൂടെയായിരുന്നത് കൊണ്ടോ, നഗരത്തിലെ മീന്‍ചന്തയുടെ സമീപം ഈ കവാടം സ്ഥിതിചെയ്തിരുന്നത്കൊണ്ടോ ആകാം ഈ കവാടത്തിന് മത്സ്യകവാടം എന്ന് പേരുവന്നത്.
പ്രാചീനകവാടം (6-12): പടിഞ്ഞാറെമതിലിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ആദ്യസംഘത്തെ നയിച്ചത് പസേയായുടെ പുത്രന്‍ യോയാദായാണ്. ഇദ്ദേഹം എസ്രായോടൊപ്പം മടങ്ങിവന്ന ദേവാലയശുശ്രൂഷികളുടെ സന്തതിപരമ്പരയില്‍പെട്ടയാളാണ് (എസ്രാ. 2:49). പ്രാചീനകവാടം പുനരുദ്ധരിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. ദേവാലയത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള പ്രാചീനകവാടം നഗരത്തിന്‍റെ പ്രതിരോധമതിലായി സ്ഥിതിചെയ്യുന്നു (നെഹെ. 3:6; 12:39). ഈ പ്രാചീനകവാടത്തെ എഫ്രായിംകവാടവുമായി ബന്ധപ്പെടുത്തികാണാറുണ്ട് (നെഹെ. 3:7-8). കാരണം, നെഹെമിയായുടെ നവീകൃത നിയമഗ്രന്ഥത്തില്‍ എഫ്രായിംകവാടത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മാത്രമല്ല, പ്രാചീനകവാടത്തെ നിലനിര്‍ത്തിയിട്ടുമുണ്ട് (നെഹെ. 12:34).
വാ. 8 ല്‍ പരാമര്‍ശിക്കുന്ന വിശാലമതില്‍ പഴയജറുസലേംപട്ടണത്തിലെ പടിഞ്ഞാറേമതിലും പുതിയപട്ടണവും തമ്മില്‍ ചേരുന്ന ഭാഗമാണ്. 11-ാം വാക്യത്തിലെ ചൂളഗോപുരത്തിന്‍റെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബേക്കറി ആവശ്യത്തിനുള്ള വലിയ അടുപ്പോ (ജറെ 37:21 കാണുക) കുശവന്‍റെ ചൂളയോ ആകാം ഇവിടെ വിവക്ഷിക്കപ്പെടുന്നത്. 12-ാം വാക്യത്തില്‍ ഷല്ലുമിന്‍റെ പുത്രിമാരും മതില്‍ നിര്‍മ്മാണത്തില്‍ പങ്കുചേരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മതില്‍നിര്‍മ്മാണത്തിലെ വനിതാ പ്രാതിനിധ്യം ഇവരുടേത് മാത്രമായിരുന്നു.
താഴ്വരകവാടവും ചവറ്റുവാതിലും (13-14): ഹനൂനും സനോവാ നിവാസികളും ചേര്‍ന്നാണ് ആയിരം അടിയോളം ദൈര്‍ഘ്യമുള്ള ഈ മതില്‍ഭാഗം (താഴ്വരകവാടത്തിനും ചവറ്റുവാതിലിനും ഇടയിലുള്ള ഭാഗം) നിര്‍മ്മിച്ചത്. ഒരുപക്ഷേ ഈ ഭാഗത്ത് കാര്യമായ പണി ആവശ്യമായിരുന്നിട്ടുണ്ടാവില്ല.
ജറുസലേമിന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള കവാടമാണ് താഴ്വരകവാടം. ജറുസലേമിനെ സുരക്ഷിതമാക്കുവാന്‍ ഉസിയാ രാജാവ് താഴ്വരകവാടത്തിനു സമീപം വലിയ ഗോപുരങ്ങള്‍ പണിതു (2 ദിന. 26:9). ഈ കവാടത്തിലൂടെയാണ് നെഹെമിയാ ജറുസലേമിനെക്കുറിച്ചുള്ള തന്‍റെ പരിശോധനായാത്ര നടത്തിയത് (നെഹെ.2:13).
കേന്യവംശത്തില്‍പ്പെട്ട മല്‍ക്കിയായാണ് ചവറ്റുകവാടം പുനര്‍നിര്‍മ്മിച്ചത് (വാ.14). നഗരത്തിന്‍റെ തെക്കേയറ്റത്താണ് ഇതിന്‍റെ സ്ഥാനം (2:13; 12:31). 14-ാം വാക്യത്തിലെ ബത്ഹക്കേറം എന്ന നഗരം ഒരു പ്രവിശ്യാഭരണകേന്ദ്രമായിരുന്നു. ജറുസലേമിന് രണ്ടുമൈല്‍ തെക്കുള്ള റാമാത്ത് റാഹേല്‍ ആണ് ഈ പട്ടണം എന്നു കരുതപ്പെടുന്നു.
ഉറവവാതില്‍ (3:15-24): ജറുസലേമിന്‍റെ വടക്കുകിഴക്കുഭാഗത്തെ നഗരകവാടമാണ് ഉറവവാതില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. "രണ്ടു ചുവരുകള്‍ക്കിടയിലുള്ള വാതില്‍ " എന്ന പേരില്‍ അറിയപ്പെടുന്നതും (2 രാജാ 25:4; ജറെ 39:4; 52:7) ഈ വാതില്‍ തന്നെയാണ്. 2:14 ലും 12:37 ലും നെഹെമിയാ ഈ വാതിലിനെ പരാമര്‍ശിക്കുന്നുണ്ട്. കിഴക്കേമതില്‍ പുനര്‍നിര്‍മ്മിച്ചത് തകര്‍ക്കപ്പെട്ട പഴയമതില്‍ നിന്നിരുന്നതിനേക്കാളും ഉയര്‍ന്ന പ്രദേശത്തുകൂടെയായിരുന്നു. ദാവീദിന്‍റെ കുഴിമാടം (വാ.16) ഈ മതിലിനോടു ചേര്‍ന്നായിരുന്നു. രാജാവിനെ നഗരത്തിനുള്ളില്‍ സംസ്കരിക്കുന്ന പാരമ്പര്യത്തെ ഈ വിവരണം സാധൂകരിക്കുന്നു (1 രാജാ 2:10; 11:43; 14:31). ഷേലാ എന്ന കൃത്രിമക്കുളം (വാ.16) "രാജാവിന്‍റെ കുളം" എന്ന പേരില്‍ 2:14 ല്‍ പരാമര്‍ശിച്ച കുളം തന്നെയാണ്. ഉറവവാതിലിനു വടക്ക് നഗരമതിലിനുവെളിയിലാണ് ഇതിന്‍റെ സ്ഥാനം. ലേവായരും (വാ.17) പുരോഹിതരും (വാ.22) ഈ ഭാഗത്തെ മതിലിന്‍റെ നിര്‍മ്മാണത്തില്‍ പങ്കുചേരുന്നു എന്നത് ഈ മതിലിന്‍റെ സവിശേഷത വിളിച്ചോതുന്നു.
ജലകവാടം (3:25-27): ജറുസലേമിന്‍റെ കിഴക്കുഭാഗത്തായി നെഹെമിയാ പുതുക്കിപ്പണിത കവാടമാണ് (നെഹെ. 3:26; 12:37) ജലകവാടം എന്ന് അറിയപ്പെടുന്നത്. ഈ കവാടത്തില്‍ വരുന്ന ജനങ്ങളെ എസ്രാ നിയമം വായിച്ചുകേള്‍പ്പിക്കുമായിരുന്നു. ജലകവാടത്തിനരികെ കൂടാരത്തിരുനാളിനുവേണ്ടിയുള്ള കൂടാരങ്ങളും നിര്‍മ്മിച്ചിരുന്നു (നെഹെ.8:1; 3:16). ഗിഹോണ്‍ അരുവിക്കരികിലുള്ള കവാടമായതിനാലാകണം ജലകവാടം എന്ന പേര് ഇതിനു ലഭിച്ചത്. തെക്കോവാനിവാസികളാണ് ഈ കവാടം പുനര്‍നിര്‍മ്മിച്ചത് (വാ.27). വലിയഗോപുരം മുതല്‍ ഓഫേല്‍മതില്‍ വരെയാണ് അവര്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്. ഈ ഭാഗം യോഥാംരാജാവിന്‍റെ കാലത്ത് പണികഴിപ്പിച്ചിരുന്നതാണ് (2 ദിന 27:3).
അശ്വകവാടവും മതില്‍ തിരിയുന്നിടത്തെ കവാടവും (3:28-32) നഗരമതിലിലെ തെക്കുകിഴക്കുഭാഗത്തു സ്ഥിതിചെയ്യുന്ന അശ്വകവാടം ആധുനികനഗരത്തിലെ ഹരാം എഷ്-ഷരീഫ് നഗരത്തിലായിരുന്നു എന്ന് കരുതപ്പെടുന്നു. രാജകൊട്ടാരത്തിലെ കുതിരകള്‍ ഇതുവഴിയാണ് പ്രവേശിച്ചിരുന്നത് എന്നതിനാലാണ് ഇതിന് അശ്വകവാടം എന്ന പേരു ലഭിച്ചത്.
31-ാം വാക്യത്തില്‍ മതില്‍ തിരിയുന്നിടത്തെ കവാടം പരിശോധനാകവാടം എന്നറിയപ്പെടുന്ന കവാടമാണ്. ദേവാലയാങ്കണത്തിലെ ഒരു കവാടമോ അഥവാ നഗരമതിലിലെ ഒരു കവാടമോ ആകാം ഇത് (എസ്രാ 10:9). വടക്കേയറ്റത്തുള്ള ബഞ്ചമിന്‍കവാടം തന്നെയാണ് ഈ കവാടവുമെന്ന സമീപനവും ശക്തമാണ്.
മതില്‍ നിര്‍മ്മാണത്തിന് എതിര്‍പ്പ് (4:1-12:)
നാലാം അധ്യായത്തിന്‍റെ ആരംഭത്തെക്കുറിച്ച് ഹീബ്രു ബൈബിളും പി.ഒ.സി ബൈബിളും ഉള്‍പ്പെടെയുള്ള ആധുനിക വിവര്‍ത്തനങ്ങളും തമ്മില്‍ അഭിപ്രായാന്തരമുണ്ട്. പി.ഒ.സി. ബൈബിളില്‍ 4:7 ല്‍ നല്‍കിയിരിക്കുന്ന വാക്യമാണ് ഹീബ്രു ബൈബിളിലെ 4:1 ആയി നല്‍കിയിരിക്കുന്നത്; 4:1-6 വാക്യങ്ങളെ മൂന്നാം അധ്യായത്തിന്‍റെ ഭാഗമായാണ് ഹീബ്രുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആധുനികവിവര്‍ത്തനങ്ങളിലെ പാഠവിഭജനമാണ് കൂടുതല്‍ അര്‍ത്ഥവത്തായിട്ടുള്ളത്. 4:1 മുതലുള്ള ഭാഗങ്ങള്‍ നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകളുടെ തുടര്‍ച്ചയാണ്. 3:1-32ലെ ജോലിക്കാരുടെ പട്ടികയുടെ തുടര്‍ച്ചയായി അതിനെ കരുതാനാവില്ല. മൂന്നാം അധ്യായത്തിന്‍റെ വ്യാഖ്യാനത്തില്‍ സൂചിപ്പിച്ചതുപോലെ 3:1-32 നെഹെമിയായുടെ ഓര്‍മ്മക്കുറിപ്പുകള്‍ക്കിടയില്‍ പില്‍കാലത്ത് കൂട്ടി ചേര്‍ക്കപ്പെട്ടതാണ് എന്നു കരുതാനാണ് കൂടുതല്‍ ന്യായങ്ങളുള്ളത്. ഹീബ്രുമൂലകൃതി അധ്യായങ്ങളായി വേര്‍തിരിക്കപ്പെട്ടിരുന്നില്ല എന്നതിനാല്‍ പാഠവിഭജനത്തിന്‍റെ ആധികാരികതയെക്കുറിച്ച് ഏറെ വിചിന്തനം ആവശ്യമില്ല.
സാന്‍ബല്ലാതും തോബിയായുമാണ് മതില്‍ നിര്‍മ്മാണത്തെക്കുറിച്ചുള്ള എതിര്‍പ്പുമായി രംഗത്തുവന്നത്. ഈ വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 2:19 ന്‍റെ വ്യാഖ്യാനത്തില്‍ ലഭ്യമാണ്. യഹൂദരുടെ മതില്‍നിര്‍മ്മാണത്തെക്കുറിച്ച് പ്രധാനമായും പരിഹാസചോദ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ഷാന്‍ബല്ലാതിന്‍റെ നിരീക്ഷണങ്ങളെ ശരിവയ്ക്കുന്ന നിഗമനങ്ങളാണ് തോബിയായും നടത്തുന്നത്. ഒരു കുറുനരി കയറിയാല്‍ പൊളിയുന്നമതിലാണ് യഹൂദര്‍ നിര്‍മ്മിക്കുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം (വാ.3). നഗരത്തിന്‍റെ നാശനഷ്ടങ്ങള്‍ക്കിടയില്‍ സാധാരണ കാണപ്പെടുന്ന ജീവിയാണ് കുറുനരി (സങ്കീ. 63:10; വിലാ. 5:18). നെഹെമിയായുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നഗരമതിലിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് അതിന്‍റെ ഭൂഗര്‍ഭാവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് അത് നിലവാരം കുറഞ്ഞ നിര്‍മ്മാണമായിരുന്നുവെന്ന് കാത്ലിന്‍ കെന്യോന്‍ എന്ന പര്യവേക്ഷക കണ്ടെത്തിയിട്ടുണ്ട്. തോബിയാ സൂചിപ്പിക്കുന്നത് മതില്‍ നിര്‍മ്മാണത്തിലെ നിലവാരമില്ലായ്മയെക്കുറിച്ചാണ്. ഈ മതില്‍ ഏതു നിമിഷവും തകര്‍ത്തുകളയാവുന്നതേയുള്ളൂ എന്ന പരിഹാസ പ്രഖ്യാപനമായും ഈ വാക്യത്തെ മനസ്സിലാക്കാം.
നെഹെമിയായുടെ മറുപടിയാണ് തുടര്‍ന്നുള്ളത് (വാ.4-5). ശത്രുക്കളുടെ പരിഹാസത്തിന് മറുപടിയായി ദൈവസഹായം അഭ്യര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയാണ് ഈ വാക്യങ്ങള്‍. 6:4 ലും 13:29 ലും ഇതിനുസമാനമായ പ്രാര്‍ത്ഥനകള്‍ കാണാം. പ്രധാനമായും സങ്കീര്‍ത്തനങ്ങളുടെ ശൈലിയിലാണ് ഈ പ്രാര്‍ത്ഥന (10:15; 58:6-9; 59:5; 109:6-19). തങ്ങളുടെ ധിക്കാരമനോഭാവത്തിന് ശിക്ഷയായി യഹൂദജനത ബാബിലോണില്‍ അനുഭവിച്ച ദുരിതങ്ങള്‍ തന്നെ ഇപ്പോള്‍ തങ്ങള്‍ക്കെതിരേ ധിക്കാരം കാട്ടുന്നവര്‍ക്കും നല്‍കണമേ എന്നാണ് നെഹെമിയാ പ്രാര്‍ത്ഥിക്കുന്നത്. ശത്രുക്കളോടു ക്ഷമിക്കരുതേ (വാ.5) എന്ന പ്രാര്‍ത്ഥന ശ്രദ്ധാര്‍ഹമാണ് (ജറെ 18:23 കാണുക). ശത്രുക്കള്‍ ദൈവത്തെ നിന്ദിച്ചു എന്നത് (വാ.5) മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. മതില്‍നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരെല്ലാം ദൈവനിഷേധികളും ദൈവദൂഷകരുമാണ് എന്ന നിലപാടാണ് നെഹെമിയാ സ്വീകരിക്കുന്നത്. ശത്രുക്കളുടെ ആക്ഷേപം (വാ.2-3) മതില്‍നിര്‍മ്മാതാക്കളുടെ മുന്നില്‍ വച്ചായിരുന്നു എന്ന് വാ.5 ല്‍ നിന്ന് മനസിലാക്കാം. ശത്രുക്കളുടെ അധിക്ഷേപങ്ങള്‍ക്കൊന്നും മതില്‍നിര്‍മ്മാണത്തെ തടസ്സപ്പെടുത്താന്‍ കഴിഞ്ഞില്ല (വാ.6).
മതില്‍നിര്‍മ്മാണം വിജയകരമായി മുന്നേറുന്നു എന്ന വാര്‍ത്ത ശത്രുക്കളെ കൂടുതല്‍ പ്രകോപിതരാക്കി. നാലുദിക്കുകളില്‍ നിന്നും ശത്രുക്കള്‍ ഒരുമിച്ചുകൂടുന്നതിന്‍റെ വിവരണമാണ് 7-8 വാക്യങ്ങളിലുള്ളത്. വടക്കുവശത്തുനിന്ന് സാന്‍ബല്ലാതും തെക്കുനിന്ന് അറബികളും കിഴക്കുനിന്ന് ആമോന്യരും പടിഞ്ഞാറു നിന്ന് അഷ്ദോദ്യരും യൂദായ്ക്കെതിരേ കരുനീക്കുന്നതായി ഈ വിവരണത്തില്‍ നിന്ന് വ്യക്തമാണ്. (ബി.സി. 711 മുതല്‍ നിലവില്‍ വന്ന ഫിലിസ്ത്യരുടെ സ്വതന്ത്രപ്രവിശ്യയാണ് അഷ്ദോദ്. പേര്‍ഷ്യന്‍രാജാവായ സാര്‍ഗോന്‍ ഈ പ്രവിശ്യയെ തന്‍റെ അധീനതയിലാക്കിയിരുന്നു.). ജറുസലേം മതിലിന്‍റെ "വിടവുകള്‍ അടഞ്ഞു" എന്ന പദപ്രയോഗം ശ്രദ്ധേയമാണ്. ശരീരത്തിലെ മുറിവുകള്‍ കൂടിച്ചേരുന്നതിനെ സൂചിപ്പിക്കുന്ന "നാഥാം" എന്ന ക്രിയാരൂപമാണ് ഇവിടെ ഉപയോഗിക്കുന്നത്. ദൈവജനം വിശുദ്ധനഗരത്തെ സ്വന്തം ശരീരംപോലെ കരുതുന്നു എന്ന അര്‍ത്ഥത്തില്‍ ഈ പദപ്രയോഗത്തെ മനസ്സിലാക്കാം. കൂടാതെ മതില്‍ തകര്‍ന്നുപോകും എന്ന തോബിയായുടെ പരിഹാസത്തിനുള്ള (വാ.3) മറുപടികൂടിയാണിത്. ശരീരത്തിന്‍റെ കെട്ടുറപ്പുപോലെ മതില്‍ ഭദ്രമാണ് എന്ന സൂചനയും ഈ വാക്യം നല്‍കുന്നുണ്ട്.
ശത്രുക്കളുടെ സംഘാതമായ നീക്കത്തിനെതിരേ പ്രാര്‍ത്ഥനയും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച സമീപനമാണ് നെഹെമിയാ സ്വീകരിക്കുന്നത് (വാ.9). എന്നാല്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം യൂദായില്‍ ആഭ്യന്തരപ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി എന്നതാണ് 10-ാം വാക്യം നല്‍കുന്ന സൂചന. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ക്കും വിമതശബ്ദങ്ങള്‍ക്കും കൂടുതല്‍ കരുത്താര്‍ജ്ജിക്കാനാകുമെന്ന സാമാന്യ തത്വമാണ് ഇവിടെയും വെളിപ്പെടുന്നത്. 10-ാം വാക്യം കാവ്യരൂപത്തിലാണ് ഹീബ്രുബൈബിളില്‍ നല്‍കിയിരിക്കുന്നത്. ചുമട്ടുകാരെ സൂചിപ്പിക്കുന്ന "ഹസ്സബാല്‍" എന്ന പദവും "ഞങ്ങ ള്‍ക്കു കഴിയില്ല" എന്നര്‍ത്ഥമുള്ള "ലോനുക്കാല്‍" എന്ന പദവും ചേര്‍ന്ന് ഈ കവിതാശകലത്തില്‍ അന്ത്യപ്രാസമൊരുക്കുന്നുണ്ട്. 11-ാം വാക്യവും യഹൂദരുടെ മറ്റൊരു ആഭ്യന്തരപ്രശ്നമാണ് വെളിപ്പെടുത്തുന്നത്. യഹൂദര്‍ ശത്രുക്കളുടെ ആക്രമണത്തെക്കുറിച്ച് ജാഗ്രതയില്ലാതെയാണ് കഴിയുന്നതെന്ന ശത്രുക്കളുടെ നിരീക്ഷണം യഹൂദരുടെ അലസമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ ആഭ്യന്തരപ്രശ്നമാണ് 12-ാം വാക്യത്തില്‍ പ്രതിഫലിക്കുന്നത്. ശത്രുക്കളുടെയിടയില്‍ പാര്‍ത്തിരുന്ന യഹൂദര്‍ ജറുസലേമിലെ യഹൂദരോടു നടത്തുന്ന അഭ്യര്‍ത്ഥനയാണിത്. നിര്‍ഭാഗ്യവശാല്‍ ഈ വാക്യത്തിന്‍റെ പി.ഒ.സി വിവര്‍ത്തനം ശരിയല്ല. ഹീബ്രുബൈബിളിലെ വചനമനുസരിച്ച് "നിങ്ങള്‍ ഞങ്ങളെ തകര്‍ക്കുമോ? അവര്‍ എല്ലാ വശത്തുനിന്നും ഞങ്ങളെ തകര്‍ക്കും" എന്നാണ് ഈ വാക്യം അര്‍ത്ഥമാക്കുന്നത്. ശത്രുക്കളുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന തങ്ങളാണ് ശത്രുക്കളുടെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത് എന്നതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവച്ച് ശത്രുക്കളുമായി സൗഹൃദത്തിലാകാനുള്ള അഭ്യര്‍ത്ഥനയായിട്ടാണ് ഹീബ്രുബൈബിളില്‍ ഈ വാക്യത്തെ കാണുന്നത്. പത്തുപ്രാവശ്യം (ഹീബ്രുവില്‍ "എസേര്‍ പാം") എന്ന പ്രയോഗം ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത് (ഉല്‍പ 3:7; ലേവ്യ 26:26; സംഖ്യ 14:22).
നെഹെമിയായുടെ
ജാഗ്രതാ നടപടികള്‍ ( 4:13-23)
ബാഹ്യവും ആന്തരികവുമായ സമ്മര്‍ദ്ദങ്ങളില്‍ മതിലിന്‍റെ നിര്‍മ്മാണം മുടങ്ങും എന്ന ഘട്ടംവന്നപ്പോള്‍ യഥാര്‍ത്ഥ നേതൃഗുണത്തിന്‍റെ നലംതികഞ്ഞ മാതൃകയായി നെഹെമിയ മാറി. സാധ്യമായവിധത്തില്‍ ഒരു ചെറുസൈന്യത്തെ സജ്ജമാക്കി ആയുധധാരികളായി മതിലിനുപൊക്കം കുറഞ്ഞ സ്ഥലങ്ങളില്‍ ക്രമീകരിക്കുക എന്ന തന്ത്രമാണ് നെഹെമിയ സ്വീകരിക്കുന്നത്. എല്ലായിടത്തും സജ്ജീകരിക്കാന്‍ മാത്രം പടയാളികള്‍ ഇല്ലാത്തതിനാല്‍ മതിലിനു പൊക്കംകുറഞ്ഞ ഭാഗങ്ങളില്‍ മാത്രം സേനയെ വിന്യസിപ്പിക്കാനാണ് നെഹെമിയ തീരുമാനിച്ചത് (വാ.13). വെളിയില്‍ നിന്നു കാണാവുന്ന ഭാഗങ്ങളിലെല്ലാം (മതിലിനു പൊക്കം കുറഞ്ഞ ഭാഗങ്ങളില്‍) സൈന്യത്തെ നിര്‍ത്തുന്നതിലൂടെ നഗരം മുഴുവന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്നും അവരെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും ശത്രുക്കള്‍ കരുതാനിടയാകും എന്നതാണ് ഈ തന്ത്രത്തിന്‍റെ പൊരുള്‍. ഇതിനു സമാനമായ ഒരു യുദ്ധതന്ത്രം ന്യായാധിപനായ ഗിദയോന്‍ വിജയകരമായി പ്രയോഗിക്കുന്നത് ന്യായാധിപന്മാരുടെ പുസ്തകം 7:15-25 ല്‍ വിവരിക്കുന്നുണ്ട്.
തങ്ങളുടെ കരുനീക്കങ്ങള്‍ യഹൂദര്‍ അറിയില്ല എന്ന ശത്രുക്കളുടെ നിഗമനം (വാ.11) തെറ്റായിരുന്നുവെന്ന് നെഹെമിയായുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വെളിവാക്കി (വാ.14). നെഹെമിയാ ശ്രേഷ്ഠന്‍മാരോടായി നടത്തുന്ന പ്രഭാഷണം യഹൂദരുടെ വിശുദ്ധ യുദ്ധങ്ങളുടെ മുന്നൊരുക്കമായുള്ള പരമ്പരാഗതരീതിയിലുള്ളതാണ് (2 ദിന 13:2-20; 14:10-16; 20:1-30; 25:5-13; 32:1-23). കുടുംബക്രമത്തില്‍ അണിനിരക്കുന്ന യഹൂദയോദ്ധാക്കളോട്, എണ്ണത്തിലും ആയുധബലത്തിലും നിസ്സാരരായ തങ്ങള്‍ക്കുവേണ്ടി സൈന്യങ്ങളുടെ കര്‍ത്താവു പൊരുതുമെന്നും വിജയം സുനിശ്ചിതമാണെന്നുമുള്ള പ്രഖ്യാപനമാണ് വിശുദ്ധയുദ്ധാഹ്വാനത്തിന്‍റെ പരമ്പരാഗതരീതി. ഇസ്രായേലിന്‍റെ ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ചും പരസ്പരം ഭിന്നിപ്പിച്ചും ദൈവം പലതവണ ഇസ്രായേലിനു വിജയം നല്‍കിയിരുന്നു (പുറ 15:14-16; 23:27-28; നിയ. 2:25). ഇതിനു സമാനമായൊരു സംരക്ഷണമാണ് നെഹെമിയായും ജനത്തിന് ഉറപ്പുനല്‍കുന്നത്.
മൂന്നുതരത്തിലുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളാണ് നെഹെമിയാ സ്വീകരിക്കുന്നത്. ഒന്നാമതായി സേവകരില്‍ പകുതിപ്പേര്‍ ആയുധധാരികളായി കാവല്‍ നില്‍ക്കുമ്പോള്‍ ശേഷിക്കുന്നവര്‍ മതില്‍നിര്‍മ്മാണം തുടരുക (വാ.16). രണ്ടാമതായി ചുമട്ടുകാര്‍ ഒരു കയ്യില്‍ ഭാരവും മറുകയ്യില്‍ ആയുധവും വഹിച്ചു (വാ.17). 4:10ല്‍ തളര്‍ന്നു തുടങ്ങി എന്നു പരാതിപ്പെടുന്ന ചുമട്ടുകാര്‍ ഇപ്പോള്‍ ഇരട്ടിജോലി ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ആയുധം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഹീബ്രു വാക്ക് ڇഷാലാഹ്ڈ എന്നതാണ്. ശത്രുവിനുമേല്‍ എറിയാന്‍ സാധിക്കുന്നവയാണ് അവര്‍ വഹിച്ച ആയുധങ്ങള്‍ എന്ന് ഈ വാക്ക് സൂചനതരുന്നു. ഒരു പക്ഷേ നിര്‍മ്മാണ സാമഗ്രികളായ കല്ലോ, തടിയോ തന്നെ ആയുധമായും ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന അര്‍ത്ഥത്തില്‍ ഈ വാക്യത്തെ വ്യാഖ്യാനിക്കാം. മൂന്നാമതായി പണിക്കാര്‍ അരയില്‍ വാള്‍ ധരിക്കുകയും രാവും പകലും രണ്ട് ഗണമായി ജോലിയും കാവലും തുടരുകയും ചെയ്തു.
ശത്രുക്കളുടെ മിന്നല്‍ ആക്രമണമുണ്ടായാല്‍ സംയുക്തമായ പ്രത്യാക്രമണത്തിന് സകലരെയും സജ്ജമാക്കാന്‍ കാഹളം മുഴക്കുന്നവരെ നെഹെമിയാ പ്രത്യേകം നിയോഗിച്ചു എന്നു മാത്രമല്ല അവരെ നിരന്തരം തന്‍റെ ഒപ്പം നിര്‍ത്തുകയും ചെയ്തു (വാ. 19-21). ശരിക്കും ഒരു സൈന്യാധിപന്‍റെ ഭാഗധേയമാണ് നെഹെമിയാ ഇവിടെ നിര്‍വ്വഹിക്കുന്നത്. നേതാവായ നെഹെമിയായും കൂടെയുള്ള സഹോദരന്‍മാരും വസ്ത്രം പോലും മാറാതെ മുഴുവന്‍ സമയവും ജാഗരൂകരായി ചെലവഴിച്ച് മറ്റുള്ളവര്‍ക്ക് മാതൃക നല്‍കി (വാ. 22). നേതാവ് കല്‍പന പുറപ്പെടുവിക്കുന്നവന്‍ മാത്രമല്ല അണികളെക്കാള്‍ ആത്മാര്‍ത്ഥമായി അനുസരിച്ച് മാതൃകയാകേണ്ടവന്‍ കൂടിയാണെന്ന് നെഹെമിയായുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
വിചിന്തനങ്ങള്‍
സാമൂഹിക,
സാമ്പത്തിക പ്രശ്നങ്ങള്‍ (5:1-13)
അമ്പത്തിരണ്ടുദിവസം നീണ്ട മതില്‍ നിര്‍മ്മാണത്തിനായി യഹൂദരില്‍ ഭൂരിഭാഗവും ജറുസലേമില്‍ തന്നെ തങ്ങിയതിനാല്‍ കൃഷിഭൂമികളില്‍ യഥാസമയം കൃഷിയിറക്കാന്‍ കഴിഞ്ഞിരുന്നില്ല. മതില്‍ നിര്‍മ്മാണം പൂര്‍ണ്ണമായും സൗജന്യസേവന മായിരുന്നതിനാല്‍ ജോലിക്കാര്‍ക്ക് വേതനമൊന്നും ലഭിച്ചിരുന്നില്ല. ഇത് സമൂഹത്തില്‍ വിശിഷ്യാ ദരിദ്രരുടെയിടയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ആ നാളുകളില്‍ യൂദാദേശത്തുണ്ടായ വരള്‍ച്ചയും വിളനാശവും ദാരിദ്ര്യത്തിന്‍റെ ആക്കം കൂട്ടിയിരുന്നു (വാ.3). പേര്‍ഷ്യക്കാര്‍ക്കു നല്‍കേണ്ടിയിരുന്ന നികുതിയുടെ അധിഭാരവും ജനത്തെ സാമ്പത്തികമായി തളര്‍ത്തി. ഇതിനൊക്കെപ്പുറമേ യഹൂദരുടെയിടയില്‍ നിലനിന്നിരുന്ന കൊള്ളപ്പലിശയും അന്യായമായ സാമൂഹികവ്യവസ്ഥിതികളും ദരിദ്രരുടെ ജീവിതം ദുസ്സഹമാക്കിമാറ്റി. ഈ സാമ്പത്തികപ്രതിസന്ധിയും അതിന് നെഹെമിയാ നിര്‍ദേശിക്കുന്ന പരിഹാരവുമാണ് അഞ്ചാം അദ്ധ്യായത്തിന്‍റെ ഉള്ളടക്കം.
5:1-3 ല്‍ സ്ത്രീകളും ഭൂരഹിതരായ കര്‍ഷകരും ചേര്‍ന്നു നടത്തുന്ന പരിദേവനമാണ് പരാമര്‍ശവിഷയമാകുന്നത്. രണ്ടാം വാക്യത്തിന്‍റെ പി.ഓ.സി. വിവര്‍ത്തനം അര്‍ത്ഥ ക്ലിപ്തത നല്‍കുന്നില്ല. ഹീബ്രുമൂലം വിവര്‍ത്തനം ചെയ്താല്‍ "ജീവന്‍ നിലനിര്‍ത്താനുള്ള ധാന്യത്തിനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും പണയപ്പെടുത്തേണ്ടിവന്നു." എന്ന അര്‍ത്ഥമാണ് ലഭിക്കുക. മൂന്നാം വാക്യത്തിലെ പരാതിക്കാര്‍ തങ്ങളുടെ കൃഷിഭൂമികളും മുന്തിരിത്തോട്ടങ്ങളും വീടും പണയപ്പെടുത്തേണ്ടിവന്നവരാണ്. ക്ഷാമകാലത്ത് ഇത്തരം പണയപ്പെടുത്തലുകള്‍ സാധാരണമായിരുന്നു (ഹഗ്ഗാ 1:5 -6; 2:15-16; മലാ 3: 9-12; ജോയേല്‍ 1-2). പേര്‍ഷ്യന്‍ നികുതിയടക്കാനുള്ള വെള്ളി ലഭിക്കാനായി വീടും പറമ്പും പണയപ്പെടുത്തേണ്ടിവന്നവരുടെ സങ്കടമാണ് അടുത്തത് (വാ.4). പേര്‍ഷ്യന്‍ചക്രവര്‍ത്തിക്ക് കപ്പം നല്‍കാന്‍ യഹൂദര്‍ കടപ്പെട്ടിരുന്നു. നികുതി വെള്ളിയായിട്ടു നല്‍കണമെന്നായിരുന്നു നിയമം. യഹൂദരില്‍ നിന്ന് 350 താലന്ത് വെള്ളി നികുതിയായി പിരിച്ചിരുന്നതായി ഹെറോഡോട്ടസിന്‍റെ വിവരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (3.91).
ഇപ്രകാരം പണയം വാങ്ങി പണം നല്‍കിയിരുന്നത് യഹൂദര്‍ തന്നെയായിരുന്നു എന്നതാണ് സങ്കടകരമായ കാര്യം (വാ.5). സമ്പന്നരായ യഹൂദര്‍ ദരിദ്രരായ യഹൂദരെ അവരുടെ സാമ്പത്തികഞെരുക്കത്തില്‍ ക്രൂരമായി ചൂഷണം ചെയ്യുകയും കടംനല്‍കിയ പണത്തിന്‍റെ പേരില്‍ യഹൂദരെ അടിമകളാക്കുകയും ചെയ്തിരുന്നു. ഈ ദുഷ്ടസാമൂഹിക വ്യവസ്ഥിതിയിലെ ചൂഷണമനോഭാവമാണ് ഈ പരാതികളിലൂടെ വെളിപ്പെടുന്നത്. സമ്പത്തിന്‍റെ മുന്നില്‍ സാഹോദര്യവും മതവിശ്വാസവും രക്തബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെടുന്ന സാഹചര്യം അന്നും ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ഈ പരാതിപ്രളയം. ഉത്തമര്‍ണ്ണന്‍മാര്‍ കടക്കാരുടെ വസ്തുക്കള്‍ പിടിച്ചെടുക്കുകയും അവരെ അടിമകളാക്കുകയും ചെയ്യുന്നതിന്‍റെ നിരവധി സൂചനകള്‍ ബൈബിളിലുണ്ട് (പുറ 21: 2-11; 22: 25-27; ലേവ്യ 25; നിയ 15: 1-18; 24: 10-13). കടക്കാരുടെ പെണ്‍മക്കളെ സമ്പന്നര്‍ ലൈംഗികമായും ചൂഷണം ചെയ്തിരുന്നു (എസ്തേ 7:8).
സമൂഹത്തിലെ സമ്പന്നര്‍ നടത്തുന്ന ഈ ചൂഷണത്തോട് നിശിതമായ ഭാഷയിലാണ് നെഹെമിയാ പ്രതികരിച്ചത്(വാ. 5-7). പണയവസ്തുക്കള്‍ ഈടാക്കുന്നതിന് നിയമഗ്രന്ഥം നിശ്ചയിച്ച വ്യവസ്ഥകള്‍ ഒന്നുംതന്നെ (പുറ 22:36, നിയ 24:10) സമ്പന്നര്‍ പാലിച്ചിരുന്നില്ല. അവരുടെ അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ നെഹെമിയാ ഒരു പൗരസഭ വിളിച്ചുചേര്‍ത്തു (വാ.7). അടിമത്തത്തില്‍നിന്ന് ദൈവം വീണ്ടെടുത്തു കൊണ്ടുവന്ന ദൈവജനത്തെ യഹൂദര്‍ തന്നെ അടിമകളാക്കുന്നതിനുപിന്നിലെ ദൈവികനിന്ദയെക്കുറിച്ചാണ് നെഹെമിയാ സംസാരിക്കുന്നത്(വാ.8 10). ദൈവഭയംമൂലം (ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി) ഇത്തരം അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് നെഹെമിയാ ആവശ്യപ്പെട്ടു. നിയമഗ്രന്ഥം നല്‍കുന്ന അനുശാസനമാണ് നെഹെമിയാ പ്രയോജനപ്പെടുത്തുന്നത്(ലേവ്യ 25:17,36,43). നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമല്ല പലിശരഹിത വായ്പയും പണയരഹിതമായ മുതലും നല്‍കി നെഹെമിയാ മാതൃകകാട്ടുകയും ചെയ്തു (വാ.10). ഈടുവാങ്ങിയ വസ്തുക്കളും പലിശയീടാക്കിയിട്ടുള്ള പണവും തിരിച്ചു നല്‍കാനുള്ള ധാരണയായി. അക്കാലത്തെ പലിശയെക്കുറിച്ച് 11-ാം വാക്യം നല്‍കുന്ന സൂചന(ശതാംശം =1%) ശരിയാകാന്‍ ന്യായമില്ല. ഈ പ്രതിമാസപലിശനിരക്കനുസരിച്ച് വാര്‍ഷിക പലിശനിരക്ക് 12% മാത്രമാണ്. എന്നാല്‍ പേര്‍ഷ്യന്‍കാലഘട്ടത്തില്‍ 60% മുതല്‍ 100% വരെ പ്രതിമാസം പലിശ വാങ്ങിയിരുന്നതായി പുരാതനരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (AP 10; BMAP 11.3). ദരിദ്രരില്‍ നിന്ന് പലിശ ഈടാക്കുന്നത് നിയമഗ്രന്ഥം വിലക്കിയിരുന്നു.(പുറ 22:25; ലേവ്യ 25:25-37; നിയ23: 19-20). പൗരസഭയില്‍ നെഹെമിയായുടെ നേതൃത്വത്തിലെടുത്ത തീരുമാനം നടപ്പിലാക്കാന്‍ സമ്പന്നരും ഉത്തമര്‍ണ്ണരും ഒരുപോലെ പ്രതിജ്ഞ ചെയ്തു (വാ. 13).
നെഹെമിയായുടെ
വിശാലമനസ്കതയും കാരുണ്യവും ( 5:14-19)
നെഹെമിയാ ഗവര്‍ണറായി നിയമിക്കപ്പെട്ടിരുന്നു എന്ന വസ്തുത 5:14 ല്‍ ആണ് ഗ്രന്ഥകര്‍ത്താവ് ആദ്യമായി വെളിപ്പെടുത്തുന്നത്. അര്‍ത്താക്സെര്‍ക്സസ് ഒന്നാമന്‍ രാജാവിന്‍റെ ഭരണത്തിന്‍റെ 20-ാം വര്‍ഷം മുതല്‍ 32-ാം വര്‍ഷംവരെ 12 വര്‍ഷക്കാലം (ബി.സി.445-433) നെഹെമിയ ഗവര്‍ണറായാണ് ഭരണം നടത്തിയിരുന്നത്. യൂദയാ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ബൈബിള്‍ പരാമര്‍ശിക്കുന്ന അവസാനത്തെ പേര്‍ഷ്യന്‍ഗവര്‍ണര്‍ നെഹെമിയാ ആണ്. ഷേഷ് ബാസര്‍ (എസ്രാ 5:14), സെറുബാബേല്‍ (ഹഗ്ഗാ 1:1,14) എന്നീ പേര്‍ഷ്യന്‍ ഗവര്‍ണര്‍മാരുടെ പേര് ബൈബിളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരുടെ ഭരണകാലത്തിനിടയില്‍ എല്‍നാഥാന്‍, യഹോയേസര്‍, ആസായി എന്നീ ഗവര്‍ണര്‍മാര്‍ യൂദായില്‍ ഭരണം നടത്തിയിരുന്നതായി പൗരാണിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തന്‍റെ ഭരണകാലത്ത് തനിക്ക് അര്‍ഹതപ്പെട്ട ഭക്ഷണവേതനം നെഹെമിയാ സ്വീകരിച്ചിരുന്നില്ല (വാ.14). പ്രതിദിനം നാല്‍പ്പതു ഷെക്കല്‍ വീതം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു ചെലവഴിക്കാന്‍ പേര്‍ഷ്യന്‍നിയമം ഗവര്‍ണര്‍ക്ക് അനുവാദം നല്‍കിയിരുന്നു. നെഹെമിയാ ഈ ഭക്ഷണവേതനം ഉപേക്ഷിച്ചു എന്നു മാത്രമല്ല തന്നോടൊപ്പമുള്ള നൂറ്റിഅമ്പതിലധികം സഹപ്രവര്‍ത്തകരെയും അനേകം പരദേശികളെയും സമൃദ്ധമായി തീറ്റിപ്പോറ്റിയിരുന്നു. നെഹെമിയായുടെ വിരുന്നുമേശയുടെ സമൃദ്ധി 17-18 വാക്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍, സോളമന്‍രാജാവിന്‍റെ ഭക്ഷണമേശയുടെ സമൃദ്ധിയുമായി താരതമ്യം ചെയ്താല്‍ (1 രാജാ 4:22-23) നെഹെമിയായുടെ ഭക്ഷണക്രമം ലളിതമായിരുന്നു. അര്‍ഹമായിരുന്ന ഭക്ഷണവേതനം ഉപേക്ഷിക്കാന്‍ നെഹെമിയായെ പ്രേരിപ്പിച്ചത് രണ്ടുകാര്യങ്ങളാണ്; ദൈവഭയവും (വാ.15) ജനങ്ങളുടെ അമിതനികുതിഭാരവും (വാ.18). നികുതിഭാരവും അടിമത്തവും പട്ടിണിയും കൊണ്ടുവലഞ്ഞ ജനത്തിന്‍റെ അവസ്ഥ ഈജിപ്തിലെ അടിമത്തത്തെയും ബാബിലോണിലെ പ്രവാസത്തെയും അനുസ്മരിപ്പിക്കുന്നുണ്ട് ദൈവത്തോടുള്ള പ്രാര്‍ത്ഥനയോടെയാണ് നെഹെമിയ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് (വാ.19). സമാനമായ സമാപനപ്രാര്‍ത്ഥനകള്‍ ഈ ഗ്രന്ഥത്തില്‍ അന്യത്ര ദൃശ്യമാണ് (13:14,22,31).
വിചിന്തനങ്ങള്‍
നെഹമിയായ്ക്കെതിരേ ഗൂഢാലോചന (6:1-14)
നെഹെമിയായ്ക്കെതിരേ വ്യത്യസ്ത സാഹചര്യങ്ങളിലും വ്യക്തികളിലും നിന്നുയര്‍ന്ന ഭീഷണികളെയും ഗൂഢാലോചനകളെയും അദ്ദേഹം വിജയകരമായി അതിജീവിക്കുന്നതിന്‍റെ വിവരണമാണ് 6:1-19 ലെ ഉള്ളടക്കം. സാന്‍ബല്ലാതും ഗഷേമും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയും (വാ.1-9) സാന്‍ബല്ലാതും തോബിയായും ചേര്‍ന്നുള്ള എതിര്‍പ്പുകളും (വാ.15-14) യൂദാ പ്രഭുക്കന്മാരും തോബിയായും ചേര്‍ന്ന് നടത്തുന്ന ഗൂഢനീക്കങ്ങളും (വാ.15-19) നെഹെമിയായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും അദ്ദേഹം വിജയകരമായി മതില്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി.
നെഹെമിയായുടെ മതില്‍നിര്‍മ്മാണം വിജയകരമായി മുന്നേറുന്ന വാര്‍ത്തയറിഞ്ഞ സാന്‍ബല്ലാത്തും ഗഷേമും ചേര്‍ന്ന് നെഹെമിയായെ ഒരു കൂടിക്കാഴ്ച്ചയ്ക്കു ക്ഷണിച്ചു. ഓനോസമതലത്തിലെ കെഫിരിംഗ്രാമമാണ് കൂടിക്കാഴ്ച്ചയ്ക്കു വേദിയായി നിശ്ചയിക്കപ്പെട്ടത്. ജറുസലേമിന് ഇരുപതുമൈല്‍ വടക്കുപടിഞ്ഞാറാണ് ഓനോസമതലം. പ്രവാസത്തില്‍നിന്നു മടങ്ങിയ യഹൂദര്‍ ഇവിടെ താമസിച്ചിരുന്നു (എസ്രാ 2:3; നെഹെ. 7:37). പ്രത്യക്ഷത്തില്‍ സൗഹാര്‍ദ്ദപരമെന്നു തോന്നിച്ച ഈ ക്ഷണത്തിനു പിന്നിലെ ചതിയും അപകടവും മുന്‍കൂട്ടിക്കാണാന്‍ നെഹെമിയായ്ക്കു കഴിഞ്ഞു. എന്നാല്‍ നെഹെമിയാ ജോലിഭാരമുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടി തന്ത്രപൂര്‍വ്വമാണ് കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. നാലുവട്ടം ക്ഷണവും മറുപടിയും ആവര്‍ത്തിച്ചെങ്കിലും (വാ. 4) നെഹെമിയാ കൂടിക്കാഴ്ച്ചയ്ക്കു തയ്യാറായില്ല. അഞ്ചാംവട്ടം അയച്ച അഭ്യര്‍ത്ഥനയില്‍ നെഹെമിയായ്ക്കെതിരേ രാജ്യദ്രോഹക്കുറ്റവും സ്വയം രാജാവാകാന്‍ പരിശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ശത്രുക്കള്‍ ഉന്നയിച്ചു (വാ.6). എന്നാല്‍ ചക്രവര്‍ത്തിയുടെ അംഗീകാരത്തോടെ ആരംഭിച്ച മതില്‍നിര്‍മ്മാണം (2:8) രാജ്യദ്രോഹമാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമായിരുന്നു.
മറ്റൊരു ഗുരുതരമായ ആരോപണം നെഹെമിയായെ രാജാവായി പ്രഖ്യാപിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചു എന്നതാണ് (വാ.7). ജറുസലേമിലെ രാജാക്കന്മാരെ വാഴിക്കുന്നതില്‍ പ്രവാചകന്മാര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു എന്നത് സത്യമാണ്. പ്രവാസത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ ഈ പ്രവണത സാധാരണമായിരുന്നു. സാവൂളിനെയും (1 സാമു 9-16) ദാവീദിനെയും (1 സാമൂ 16) വാഴിക്കുന്നതില്‍ സാമുവേലും സോളമനെ വാഴിക്കുന്നതില്‍ നാഥാനും (2 സാമു 7) ജറോബോവാം ഒന്നാമനെ വാഴിക്കുന്നതില്‍ അഹിയാപ്രവാചകനും (1 രാജാ 11) യേഹുവിന്‍റെ സ്ഥാനാരോഹണത്തില്‍ ഏലിഷായും (2 രാജാ 9:1-13) നിര്‍ണ്ണായകമായി ഇടപെട്ടിട്ടുണ്ട്. എന്നാല്‍ പ്രവാസാനന്തരകാലഘട്ടത്തിലെ സാഹചര്യം വ്യത്യസ്തമായിരുന്നു. ഹഗ്ഗായി(2:21-23), സഖറിയ(3:8; 4: 6-10; 6: 10-14) പ്രവാചകന്മാര്‍ വരാനിരിക്കുന്ന രാജാവായ മിശിഹായെക്കുറിച്ച് നടത്തുന്ന പ്രവചനങ്ങളെ ശത്രുക്കള്‍ തെറ്റിദ്ധരിച്ചതാകാനും ഇടയുണ്ട്. നെഹെമിയാ ദാവീദിന്‍റെ വംശത്തില്‍പ്പെട്ടവനാണ് എന്ന വസ്തുതയും നെഹെമിയായ്ക്കെതിരായുള്ള ആരോപണത്തിനുപിന്നിലുണ്ട്. തന്‍റെ പൂര്‍വ്വികരുടെ പാപത്തെക്കുറിച്ചുള്ള പശ്ചാത്താപവും (1:6), നഗരമധ്യത്തിലുള്ള പൂര്‍വികന്മാരുടെ കല്ലറയും(2:3) നെഹെമിയായുടെ രാജകീയപാരമ്പര്യം വെളിപ്പെടുത്തുന്നുണ്ട്. നെഹെമിയായ്ക്കെതിരേയുള്ള ആരോപണങ്ങള്‍ പേര്‍ഷ്യന്‍രാജാവിന്‍റെ പക്കല്‍ എത്തിക്കും എന്ന ഭീഷണിയും എഴുത്തിലുണ്ട്. എന്നാല്‍ നെഹെമിയാ ഈ ആരോപണങ്ങളെ നിഷ്കരുണം തള്ളിക്കളയുകയും കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം നിഷേധിക്കുകയും ചെയ്തു.
തോബിയായും സാന്‍ബല്ലാത്തും ചേര്‍ന്ന് ഷെമായാ എന്ന വ്യാജപ്രവാചകനെ ഉപയോഗിച്ച് നെഹെമിയായെ ചതിക്കാന്‍ ശ്രമിക്കുന്നതാണ് നെഹെമിയാ നേരിട്ട രണ്ടാമത്തെ പരീക്ഷണം (വാ. 10-14). ഷെമായാപ്രവാചകന്‍ ദെലാലിയായുടെ പുത്രനാണ് എന്നതില്‍ക്കവിഞ്ഞൊരു അറിവൊന്നും നമുക്ക് ബൈബിളില്‍ നിന്നും ലഭ്യമല്ല. ഷെമായാ വീട്ടുതടങ്കലിലാകുവാനുള്ള കാരണവും വ്യക്തമല്ല (വാ.10). നെഹെമിയാ എന്തുകൊണ്ട് ഷെമായായെ സന്ദര്‍ശിച്ചു എന്നതും അജ്ഞാതമാണ്. ഒരു പക്ഷേ നെഹെമിയായ്ക്കുള്ള ദൈവസന്ദേശം തനിക്കു ലഭിച്ചു എന്ന് അറിയിച്ചതിനാല്‍ നെഹെമിയാ ഷെമായായെ സന്ദര്‍ശിച്ചതാകാം. ഷെമായാ വിളിച്ചാല്‍ നെഹെമിയാ വരും എന്ന് ഉറപ്പള്ളതിനാലാണ് ശത്രുക്കള്‍ ഷെമായായുടെ സഹായം പ്രയോജനപ്പെടുത്തുന്നത് എന്നും അനുമാനിക്കാം. എന്നാല്‍ ഷെമായായുടെ സന്ദേശം ദൈവികമല്ലെന്നു ഗ്രഹിക്കാന്‍ നെഹെമിയായ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വധിക്കാന്‍ വരുന്നവരില്‍ നിന്നു രക്ഷനേടാന്‍ ദേവാലയത്തില്‍ ഒളിച്ചിരിക്കാനാണ് ഷെമായാ ഉപദേശിച്ചത്. എന്നാല്‍ ശത്രുക്കളുടെ കൈയ്യില്‍ തന്നെ കൃത്യമായി എത്തിക്കാനുള്ള ചതിയാണ് ഈ ഉപദേശമെന്ന് മനസ്സിലാക്കിയ നെഹെമിയാ ഈ പ്രതിസന്ധിയെയും അതിജീവിച്ചു.
നെഹെമിയായെ സാധൂകരിക്കുന്ന ചില വസ്തുതകള്‍ ശ്രദ്ധേയമാണ്:
6:14 ല്‍ പരാമര്‍ശിക്കുന്ന നൊവാദിയ പ്രവാചികയെക്കുറിച്ചോ അവള്‍ നെഹെമിയ്ക്കെതിരേ നടത്തിയ കരുനീക്കങ്ങളെക്കുറിച്ചോ നമുക്ക് യാതൊരുവിധ അറിവും ബൈബിള്‍ നല്‍കുന്നില്ല. നെഹെമിയായ്ക്കെതിരേയുള്ള കരുനീക്കങ്ങള്‍ ഒറ്റപ്പെട്ടതായിരുന്നില്ല എന്ന് ഈ പരാമര്‍ശം വ്യക്തമാക്കുന്നുണ്ട്.
യൂദാപ്രഭുക്കന്മാരുടെ വഞ്ചന (6:15-19)
നെഹെമിയാ നേരിടേണ്ടിവരുന്ന മൂന്നാമത്തെ ബാഹ്യസമ്മര്‍ദ്ദം യൂദാപ്രഭുക്കളില്‍ നിന്നായിരുന്നു. അമ്പത്തിരണ്ടുദിവസങ്ങള്‍ നീണ്ട മതില്‍നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണ് ഈ എതിര്‍പ്പ് രൂപംകൊള്ളുന്നത് (6:16). മതില്‍ നിര്‍മ്മാണത്തിന് 28 മാസങ്ങള്‍ വേണ്ടിവന്നു എന്ന് ചരിത്രകാരനായ ജോസേഫൂസ് (Ant 11.5.8) സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജോസേഫൂസിന്‍റെ കാലഗണനയ്ക്ക് പ്രത്യേകമായ അടിസ്ഥാനങ്ങളൊന്നുമില്ലാത്തതിനാല്‍ നെഹെമിയായുടെ 52 ദിവസം എന്ന സമയഗണനയെ അവിശ്വസിക്കേണ്ടതില്ല. നെഹെമിയായെ രാജാവ് അധികാരച്ചുമതല ഭരമേല്പിച്ചതിന്‍റെ ആറാം മാസം തന്നെ (ഏലൂള്‍ മാസം 25-ാം തീയതിയാണ് മതില്‍നിര്‍മ്മാണം പൂര്‍ത്തിയായത്) മതില്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്നത് നെഹെമിയായുടെ കാലഗണനയെ ജൊസേഫൂസിന്‍റേതിനേക്കാള്‍ വിശ്വാസ്യതയുള്ളതാക്കുന്നു.
മതില്‍നിര്‍മ്മാണം പൂര്‍ത്തിയായി എന്ന വാര്‍ത്ത ശത്രുക്കളെ ഭയചകിതരാക്കി (വാ.16). ദൈവം യഹൂദരോടൊത്തുണ്ട് എന്ന തിരിച്ചറിവാണ് അവരെ ഭയപ്പെടുത്തിയത്. ദൈവം കൂടെയുള്ളപ്പോള്‍ ഇസ്രായേല്‍ക്കാര്‍ അജയ്യരാണെന്ന് അവരുടെ ശത്രുക്കള്‍ അറിഞ്ഞിരുന്നു. തോബിയായ്ക്ക് ജറുസലേമില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ടായിരുന്നതായി ഇതിനോടകം നമുക്ക് മനസ്സിലായിട്ടുള്ള വസ്തുതയാണ്. ജറുസലേമിലെ പ്രഭുക്കന്മാര്‍ തോബിയായുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുന്നതാണ് നെഹെമിയായെ അസ്വസ്ഥനാക്കുന്നത്. തോബിയായുടെ പക്ഷത്തുള്ള ഷെമായിയാ നെഹെമിയായുടെ കൂടെ മതില്‍നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് (3:29). തന്മൂലം യൂദാപ്രഭുക്കന്മാര്‍ മതില്‍ നിര്‍മ്മാണത്തിന് എതിരായിരുന്നില്ല. എന്നാല്‍, അയല്‍നാടുകളിലെ അധികാരികളുമായി സാമ്പത്തികമോ സാമൂഹികമോ വാണിജ്യപരമോ ആയി നല്ല ബന്ധം തുടരാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു എന്നുമാത്രം കരുതാനേ തരമുള്ളൂ (13:4).
നഗരത്തിന്‍റെ സുരക്ഷാക്രമീകരണങ്ങള്‍ (7:1-5)
നഗരമതിലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ നഗരം സുരക്ഷിതമായി. നഗരമതിലിന്‍റെ കവാടങ്ങള്‍ക്ക് കാവലേര്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് 7:1-4ല്‍ പ്രതിപാദിക്കുന്നത്. ശത്രുക്കളില്‍നിന്ന് നഗരത്തെ സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം "ഗായകരെയും ലേവ്യരെയും" ഏല്‍പിച്ചു (വാ. 1) എന്ന പ്രസ്താവന വിചിത്രമാണ്. കാരണം ലേവ്യരും ഗായകരുമടങ്ങുന്ന പുരോഹിതവംശം ദേവാലയത്തിനുള്ളിലെ കാവല്‍ക്കാരാണ് (വാ. 45). ആരാധനക്രമസംബന്ധമായ അശുദ്ധിസംഭവിക്കാതെ കാവല്‍ നില്‍ക്കുകയാണ് ഇവരുടെ ധര്‍മ്മം. ദേവാലയത്തിനുള്ളിലെ കാവല്‍ക്കാരെയും നഗരമതിലിനുവെളിയിലുള്ള കാവല്‍ക്കാരെയും തമ്മില്‍ ഗ്രന്ഥത്തിന്‍റെ പില്‍ക്കാല പകര്‍പ്പെഴുത്തുകാരന്‍ തെറ്റിദ്ധരിച്ചതിനാലാകാം "കാവല്‍ക്കാര്‍" (ഹീബ്രുവില്‍ "ഷോ എറിം") എന്ന പദത്തോടൊപ്പം ഗായകര്‍, ലേവ്യര്‍ (ഹീബ്രുവില്‍, "മെഷ്റീം, ലേവീം") എന്നീ പദങ്ങള്‍ക്കൂടി കാണപ്പെടുന്നത്. തന്മൂലം പല ആധുനികവിവര്‍ത്തനങ്ങളും "ലേവ്യരെയും ഗായകരെയും" എന്ന ഭാഗം ബ്രായ്ക്കറ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (ഉദാ.NJB ).
നെഹെമിയായുടെ സഹോദരന്‍ ഹനാനി (1:2)യാണ് നഗരത്തിന്‍റെ സൈന്യാധികാരിയായി നിയമിക്കപ്പെട്ടത്. ശത്രുക്കളുടെ ഭീഷണിയും ചതിപ്രയോഗങ്ങളും ശക്തമായിരുന്ന സാഹചര്യത്തില്‍ നഗരത്തിന്‍റെ സംരക്ഷണ ച്ചുമതല ഏറ്റവും വിശ്വസ്തനായ വ്യക്തിയെ ഏല്‍പ്പിക്കണം എന്ന് നെഹെമിയായ്ക്കു നിര്‍ബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹം ഹനാനിയെ പ്രസ്തുത ദൗത്യം ഭരമേല്പിച്ചത്. ഹനാനി, ഹനാനിയാ എന്നീ പേരുകള്‍ ഒന്നുതന്നെയാണ.് "ദൈവം കരുണയുള്ളവനാണ്" എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. നെഹെമിയായോടുള്ള വിശ്വസ്തതയെക്കാളുപരി ഹനാനി ദൈവത്തോടും വിശ്വസ്തനായിരുന്നു (വാ. 2) എന്ന പദപ്രയോഗം ശ്രദ്ധേയമാണ്. ദൈവത്തോടുള്ള വിശ്വസ്തയില്‍ നിന്നാണ് സഹജീവികളോടുള്ള വിശ്വസ്തതയും രൂപംകൊള്ളുന്നത്. വെയില്‍ ഉറയ്ക്കുന്നതുവരെ നഗരകവാടങ്ങള്‍ അടച്ചിടണം എന്ന നിര്‍ദ്ദേശത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായും വ്യക്തമല്ല. കാവല്‍ക്കാര്‍ മയക്കംവിട്ട് ഉണര്‍ന്ന് പൂര്‍ണ്ണ സജ്ജരാകുംവരെ കവാടങ്ങള്‍ അടച്ചിടുന്നതാണ് സുരക്ഷിതം എന്ന ചിന്തയാകാം ഇതിനുപിന്നില്‍. നഗരവാസികളെ തങ്ങളുടെ വീടിന് എതിര്‍വശത്തുള്ള മതില്‍ ഭാഗത്തിന്‍റെ സംരക്ഷണച്ചുമതല ഏല്‍പിക്കുന്നതും തികച്ചും തന്ത്രപരമായ നീക്കമാണ് (വാ.4). നഗരസംരക്ഷണച്ചുമതല കാവല്‍ക്കാരുടേതുമാത്രമല്ല മുഴുവന്‍ നഗരവാസികളുടേതുമാണെന്ന ചിന്തയുണര്‍ത്താന്‍ ഈ നീക്കം സഹായകമാകും.
നഗരം വിശാലമായിരുന്നതിനാല്‍ നഗരത്തില്‍ അധിവസിക്കാന്‍ ആവശ്യമായിരുന്നത്ര ജനമോ ഭവനങ്ങളോ ഇല്ല എന്നതാണ് നെഹെമിയാ കണ്ടെത്തിയ അടുത്ത പ്രശ്നം. തിരിച്ചെത്തിയ പ്രവാസികളില്‍ നല്ലൊരു പങ്കിനെയും ജറുസലേമിലേക്കു മാറ്റിപാര്‍പ്പിക്കുക എന്നതാണ് നെഹെമിയ കണ്ടെത്തിയ പരിഹാരം. അതിനായി വംശമുറയനുസരിച്ച് ജനങ്ങളുടെ കണക്കെടുക്കാന്‍ നെഹെമിയാ തീരുമാനിച്ചു. ഈ കണക്കെടുപ്പ് ദൈവപ്രേരണയുടെ ഫലമായിട്ടാണ് എന്ന് നെഹെമിയാ പ്രത്യേകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. (വാ.5). ദാവീദിന്‍റെ കാലത്ത് ദൈവഹിതത്തിനു വിരുദ്ധമായി നടന്ന കണക്കെടുപ്പുകളെക്കുറിച്ചും അതിനുലഭിച്ച ശിക്ഷയെക്കുറിച്ചും ഉള്ള ഓര്‍മ്മയാകാം (2 സാമു 24:1) ഈ സന്ദര്‍ഭത്തില്‍ "കണക്കെടുപ്പ് ദൈവഹിതാനുസൃതമാണ്" എന്ന് നെഹെമിയാ പ്രത്യേകം അനുസ്മരിപ്പിക്കാന്‍ കാരണം.
വിചിന്തനങ്ങള്‍
(7:6-73 ലെ പ്രവാസികളുടെ പട്ടിക എസ്രാ 2:1-70 ലെ പട്ടികയുടെ ആവര്‍ത്തനമാണ്. തന്മൂലം ഈ വചനഭാഗത്തിന്‍റെ വ്യാഖ്യാനത്തിന്
എസ്രാ 2:1-70 ന്‍റെ വ്യാഖ്യാനം കാണുക. )
the return of Nehemiah and Construction of city wall: Nehemiah 1: 1-7: 73 catholic malayalam bible study Rev. Dr. Joseph Pamplany Dr. Michael Karimattam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206