x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, ആരും സഹിക്കാതിരിക്കാന്‍ ഞാന്‍ സഹിക്കാം (ലൂക്കാ 22:63-23:12)

Authored by : Rev. Dr. Joseph Pamplany On 06-Feb-2021

റെക്കാലം വഴിതെറ്റിനടന്നശേഷം മാനസാന്തരപ്പെട്ട് ദൈവിക മാര്‍ഗ്ഗം തേടിയ ഒരു മനുഷ്യനെക്കുറിച്ച് വിഖ്യാതമായ ഒരു ഇംഗ്ലീഷ് കഥയുണ്ട്.          കഥയ്ക്ക്  നോബല്‍ സമ്മാനം കിട്ടിയിട്ടുള്ളതാണ്. നന്മയുടെ പക്ഷംചേര്‍ന്നുള്ള ആ മനുഷ്യന്‍റെ നടപ്പില്‍ പലര്‍ക്കും വിശിഷ്യാ പിശാചിന് അസൂയതോന്നി. അയാളെ പ്രലോഭനത്തിലൂടെ വീഴ്ത്താന്‍ ഒരു കുട്ടിപ്പിശാച് നിയോഗിക്കപ്പെട്ടു. പ്രായോഗികജ്ഞാനം കുറവായിരുന്ന കുട്ടിപ്പിശാച് തന്‍റെ അമ്മാവനായ വലിയ പിശാചിനോട് പ്രലോഭനമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്തു. ചര്‍ച്ചയ്ക്കിടയില്‍ വലിയ പിശാചു പറഞ്ഞു: നാളിതുവരെ എനിക്കു മനസ്സിലാകാത്ത ഒരേ ഒരു സത്യമേയുള്ളൂ, നികൃഷ്ടജീവികളായ ഈ മനുഷ്യരെ ദൈവം എന്തിനാണ് ഇത്രമേല്‍ സ്നേഹിക്കുന്നത്, ഏറെനാളത്തെ അധ്വാനംകൊണ്ട് നാം പടുത്തുയര്‍ത്തിയ തിന്മയുടെ കോട്ടകളെ ദൈവം തന്‍റെ സ്നേഹത്താല്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കുന്നു. നെറികെട്ടവരും തരം കിട്ടിയാല്‍ ദൈവത്തെ ദ്രോഹിക്കുന്നവരുമായിട്ടും ദൈവം മനുഷ്യനെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കലും ആര്‍ക്കും ചുരുളഴിക്കാനാവാത്ത രഹസ്യം ദൈവം മനുഷ്യനെ സ്നേഹിക്കുന്നു എന്നതാണ്.

                                (സി. എസ്. ലൂയിസ്, സ്ക്രൂടേപ്പ് ലെറ്റേഴ്സ്)

കഥാകാരന്‍റെ ഭാവന തികച്ചും സത്യമാണെന്നതിന്‍റെ സാക്ഷ്യമാണ് ദുഃഖവെള്ളിയാഴ്ചകളില്‍ നാം കേള്‍ക്കുന്ന പീഢാനുഭവ വിവരണം. നന്മയുടെ മനുഷ്യാവതാരമായ ദൈവപുത്രനെ കുരിശിലേറ്റി വധിക്കാന്‍മാത്രം ദൈവം മനുഷ്യനെ സ്നേഹിക്കുന്നു എന്ന രഹസ്യത്തിന്‍റെ ചുരുളഴിക്കാന്‍ ആര്‍ക്കാണു കഴിയുക. ഉത്തരം കിട്ടാത്ത ഈ ചോദ്യത്തെക്കുറിച്ചുള്ള ധ്യാനമാണ് ഈ വചന ഭാഗത്തിന്‍റെ പൊരുള്‍.

മരണരംഗത്തിലാണ് ഒരു വ്യക്തിയുടെ തനിമ പ്രകടമാകുന്നത് എന്ന പഴമൊഴിയില്‍ കഴമ്പുണ്ട്. ചിലരുടെ മരണരംഗം നാളിതുവരെ അവരെ ഭരിച്ച ദ്രവ്യാഗ്രഹവും ലൗകിക മോഹങ്ങളുംകൊണ്ടു നിരാശാ നിര്‍ഭരമാണെങ്കില്‍ മറ്റുചിലരുടെ മരണം ഇളംതെന്നല്‍ പോലെ ശാന്തസുന്ദരമാണ്. പല വിശുദ്ധരുടെയും മരണം കണ്ടുനിന്നവര്‍ ദൈവാനുഭവം നേടുന്നതും ആദിമസഭയിലെ ധീരരക്തസാക്ഷികളുടെ നിര്‍ഭയത്വവും വിശ്വാസസ്ഥൈര്യവും കണ്ട അവരുടെ ആരാച്ചാര്‍മാര്‍ ക്രിസ്ത്യാനികളായതിന്‍റെയും കഥകള്‍ സുവിദിതമാണല്ലോ. നീതിമാന്‍റെ മരണം ശാന്തനിര്‍ഭരമായിരിക്കും. പലപ്പോഴും ജഡമോഹങ്ങള്‍ മരിക്കാതെ നില്‍ക്കുന്നതുകൊണ്ടാണ് മരണഭീതി വിട്ടൊഴിയാത്തത്. സ്വന്തം ജഡമോഹങ്ങളെ ജയിച്ചവന് മരണം ഒരു വാതായനം മാത്രമാണ്.

യേശുവിന്‍റെ മരണം കണ്ടുനിന്ന ശതാധിപന്‍ വിളിച്ചുപറഞ്ഞു ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനാണെന്ന്. ക്രൂശിതരുടെ പതിവ് തെറിവിളികളോ വേദനയുടെ അട്ടഹാസങ്ങളോ നിരാശയുടെ നിലവിളികളോ ഇല്ലാതെ ഒരുവന്‍ ദൈവപിതാവിനെ വിളിച്ച് സകലതും പൂര്‍ത്തിയാക്കുന്ന മരണത്തെ വരിക്കുന്നത് ശതാധിപന്‍ ആദ്യമായി കാണുകയായിരുന്നു. എന്തിനുവേണ്ടി സഹിക്കുന്നു എന്നറിയാവുന്നവന് എങ്ങനെ സഹിക്കണമെന്നറിയാം (He Who knows the how of suffering knows  the why of suffering) എന്ന നീഷേയുടെ ചിന്ത ഇതിനോട് ചേര്‍ത്തു വായിക്കാം. മരണനിമിഷത്തില്‍ മാത്രമല്ല ശാന്തത അവിടുത്തെ മുഖമുദ്രയായിരുന്നത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളിലൊന്നിനുപോലും ന്യായീകരണം പറയാന്‍ യേശു വായ തുറന്നില്ല. വിചാരണവേളയില്‍ അപൂര്‍വ്വമായി, അതും ദൈവപിതാവുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ചു പറയാന്‍ മാത്രമേ അവിടുന്നു വായ തുറക്കുന്നുള്ളൂ. വിചാരണവേളയിലും കുരിശിലും ഉയര്‍ന്ന വെല്ലുവിളികളോട് അവിടുന്ന് പ്രതികരിക്കുന്നില്ല. തന്നെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന പടയാളികള്‍ക്കും അധികാരികള്‍ക്കുംമുന്നില്‍ അവിടുന്ന് അണുപോലും പ്രകോപിതനാകുന്നില്ല. കവിവാക്യംപോലെ, "ചൂട്ടെരിച്ചു പിടിച്ചാല്‍ കടല്‍വെള്ളം തിളച്ചീടുമോ"? കടലിന്‍റെ അനന്തനീലിമയെ തിളപ്പിക്കാന്‍ കേവലം ചൂട്ടുകറ്റകള്‍ക്കു കഴിയാറില്ല. നാമൊക്കെ പെട്ടെന്ന് തിളച്ചുപോകാന്‍ കാരണം പലപ്പോഴും ഒരു ചിരട്ടയുടെ ആഴംമാത്രം ഉള്ളതുകൊണ്ടായിരിക്കാം.

ശതാധിപനും കയ്യാഫാസും

യേശുവിന്‍റെ കുരിശുവധം കണ്ടുനിന്നവരില്‍ രണ്ടുതരം മനോഭാവങ്ങള്‍ ഉളവാക്കി. ഒന്ന് കയ്യാഫാസിന്‍റെ മനോഭാവമാണ്. തന്‍റെ ചെയ്തികളെ വിമര്‍ശിക്കാന്‍ ഇനി ഒരു ദൈവമില്ല. ഇനിമേല്‍ താന്‍തന്നെയാണ് സര്‍വ്വാധികാരിയും ദൈവവും എന്നു ചിന്തിക്കുന്ന ധാര്‍ഷ്ട്യഭാവമാണിത്. ദൈവം മരിച്ചു. ദൈവത്തിന്‍റെ ശവപ്പെട്ടിക്ക് അവസാന ആണിയുമടിച്ചു; ഇനിമേല്‍ മനുഷ്യനാണ് സര്‍വ്വാധികാരി എന്ന് വീമ്പു പറയുന്ന നീഷേ, സാര്‍ത്ര്, മാര്‍ക്സ് തുടങ്ങിയവരുടെ ദൈവനിഷേധ മനോഭാവവുമായി അതിനു സാമ്യമുണ്ട്. താല്‍ക്കാലിക നേട്ടങ്ങളെയും സമ്പത്തിനെയും അധികാരത്തെയും മറയാക്കി ദൈവത്തെയും ദൈവിക വ്യക്തിത്വങ്ങളെയും നന്മയായ സകലതിനെയും പുച്ഛിക്കുന്ന മനോഭാവമാണ് കുരിശിന്‍ ചുവട്ടിലെ കയ്യാഫാസിന്‍റേത്.

കയ്യാഫാസിനെപ്പോലെ അധികാര പക്ഷത്തുള്ളവനാണെങ്കിലും സഹനത്തില്‍ ദൈവസാന്നിധ്യം വായിച്ചെടുക്കാനുള്ള അനിതര സാധാരണമായ വ്യുല്‍പ്പത്തി കാട്ടുന്ന ശതാധിപനാണ് രണ്ടാമത്തെ മനോഭാവത്തെ പ്രതിനിധീകരിക്കുന്നത്. സഹനം പരാജയമല്ല യഥാര്‍ത്ഥ വിജയത്തിന്‍റെ നാന്ദിയാണെന്ന തിരിച്ചറിവാണ് ഈ മനോഭാവം.

സഹനത്തോടുള്ള ഒരുവന്‍റെ സമീപനം ദൈവികതയുടെ വെളിപാടാണെന്ന് ശതാധിപന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമ്പത്തും പ്രൗഢിയും സ്ഥാനമാനങ്ങളും ഉള്ളവനെ ദൈവികതയുടെയും ദൈവാനുഗ്രഹത്തിന്‍റെയും സാക്ഷ്യമായി കരുതുക പലപ്പോഴും പതിവാണ്. എന്നാല്‍ വേദനയുടെ കുരിശിലെ പരാജിതന്‍റെ തലചായ്ക്കലില്‍ ദൈവികത വായിച്ചെടുക്കുന്ന ശതാധിപന്‍ പുതിയ നിയമത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. സകല വ്യക്തികളിലും  സഹനത്തിന്‍റെ പൂര്‍ണ്ണതയിലാണ് ദൈവികതയുടെ വെളിപാട് സഫലമാവുന്നത് എന്ന പുതിയനിയമ മര്‍മ്മം വെളിപ്പെടുത്തുന്ന കഥാപാത്രമാണ് ശതാധിപന്‍.

സ്നേഹവും സഹനവും ഗത്സമനിയും 

മംഗലാപുരത്ത് വിമാനാപകടമുണ്ടായി എന്ന വാര്‍ത്തകേട്ടപ്പോള്‍, തേക്കടിയില്‍ ബോട്ട് മറിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍,  തൃശ്ശൂർ  വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ കേവലം ഒരു സഹതാപത്തിനപ്പുറം നമ്മില്‍ പലര്‍ക്കും ഒന്നും തോന്നിയിട്ടുണ്ടാവാനിടയില്ല. എന്നാല്‍ പിന്നാലെ അറിഞ്ഞു, പ്രസ്തുത അപകടത്തില്‍ ഒന്നില്‍ നമുക്ക് പ്രിയപ്പെട്ടവരിലൊരാള്‍ മരണമടഞ്ഞു എന്ന്. ആ നിമിഷം മുതല്‍ വാര്‍ത്തയുടെ കൗതുകലോകത്തില്‍നിന്ന് സഹനത്തിന്‍റെ കരളുരുകുന്ന സങ്കടലോകത്തേക്ക് നാം എടുത്തെറിയപ്പെടുന്നു. പത്രത്താളിലോ ടി.വി ദൃശ്യത്തിലോ മാത്രം ഒതുങ്ങിയിരുന്ന ദുരന്തം സ്വന്തം നെഞ്ചിലെ ഭാരമായി മാറിത്തുടങ്ങുന്നു. ലോകത്തെ മുഴുവന്‍ സ്വന്തം കുടുംബമായി കരുതുന്നവന് ലോകത്തെ എല്ലാ സങ്കടവും കണ്ണീരണിയിക്കുന്നു. എന്നാല്‍ സ്വാര്‍ത്ഥനെ സ്വന്തം തൊലിപ്പുറത്തെ വേദന മാത്രമേ സങ്കടപ്പെടുത്താറുള്ളൂ.

അപരനെക്കുറിച്ച് കേട്ട അപകീര്‍ത്തിയില്‍ മനസ്സ് സന്തോഷിക്കുകയും നാം അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്നെങ്കിലും സ്വന്തം പേരിലോ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ പേരിലോ അപകീര്‍ത്തി പരക്കുന്നതുവരെ പരദൂഷണത്തിന്‍റെ നൊമ്പരം ആര്‍ക്കും മനസ്സിലാകുന്നില്ല. സഹനം എന്ന യാഥാര്‍ത്ഥ്യത്തിന് സ്നേഹവുമായി അഭേദ്യബന്ധമുണ്ടെന്നതിന് ആമുഖമായിട്ടാണ് ഇത്രയും പറഞ്ഞത്. സഹനത്തെ അതിജീവിക്കാനുള്ള വഴിയും സ്നേഹംതന്നെയാണ്. സ്നേഹമുള്ളവരുടെ നടുവിലാകുമ്പോള്‍ സഹനത്തിന്‍റെ തീവ്രത ബാഷ്പീകരിക്കപ്പെടുന്നു. എന്നാല്‍ സഹനത്തെ ഏകനായി നേരിടേണ്ടിവരുന്നവന്‍റെ ദു:ഖം വലുതാണ്. പ്രതീക്ഷയര്‍പ്പിച്ചവരുടെ പിന്മാറ്റവും കരുതലാകുമെന്ന് കരുതിയവരുടെ കാലുവാരലും തീര്‍ക്കുന്ന കണ്ണീര് കണ്ണില്‍ നിന്നല്ല ഹൃദയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. ഗത്സെമനിയിലെ യേശുവിന്‍റെ ഏകാന്ത ദു:ഖം അവന്‍റെ ഹൃദയധമനികളില്‍പ്പോലും വിള്ളല്‍ വീഴ്ത്തുന്നതിന്‍റെ കാരണമതാണ്. എന്നാല്‍ ഗത്സെമനി നല്കുന്ന പാഠവും ഹൃദയഭേദകമാണ്. ഒരുപാട് സഹനങ്ങളില്‍ നാം ഒറ്റയ്ക്കു നിന്നേ പറ്റൂ. കുഴിമാടംവരെയേ  സഹയാത്രികരുള്ളൂ.കുഴിമാടത്തില്‍ നാം തനിച്ചിറങ്ങണം. ഓപ്പറേഷന്‍ തിയേറ്റര്‍വരെയേ കൂട്ടുള്ളൂ. തിയേറ്ററിലെ മേശപ്പുറത്ത് ഏകനായി കിടക്കണം. ഭര്‍ത്താവിന്‍റെ  ചിതയില്‍ ഭാര്യയെ ജീവനോടെ എടുത്തെറിഞ്ഞ് ചുട്ടുകൊന്ന് സഹനത്തില്‍ സഹയാത്രികരാക്കുന്ന ക്രൂരത പണ്ട് ഇന്നാട്ടിലുണ്ടായിരുന്നു. അത് ക്രൂരതയാണ്. ആരെയും പ്രതീക്ഷിക്കാനാവാത്ത ചില ഒറ്റപ്പെടലുകളും ആരും മനസ്സിലാക്കാത്ത ചില കുറ്റപ്പെടുത്തലുകളും ആരും അറിയാത്ത തേങ്ങലുകളും ആരും കാണാത്ത ചില മുറിപ്പാടുകളും ജീവിതത്തിന്‍റെ അനിവാര്യതയാണെന്ന് ഗത്സെമനി പഠിപ്പിക്കുന്നു. സങ്കടതീവ്രതയില്‍ ചോര വാര്‍ത്ത ക്രിസ്തുവിനെ ശിഷ്യര്‍ക്ക് കാണാന്‍ കഴിയാത്തതുപോലെ ജീവിതപങ്കാളിയും മക്കളുമൊക്കെ നമ്മുടെ സഹനം കാണാതെ പോകാം.

സ്നേഹത്തിന്‍റെ ഈ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ ക്രൂരരെന്നു കരുതി മനസ്സിന്‍റെ പടികടത്തിവിട്ട പലരെയും നാം തിരിച്ചു വിളിക്കേണ്ടിവരും. ഒരുപാടുപേരോട് ക്ഷമിക്കേണ്ടിവരും. പൂന്തോട്ടം നശിപ്പിച്ച് വടിവീശുന്നവനെ തല്ലിയോടിക്കാന്‍ ചെന്നപ്പോള്‍ അവന്‍ അന്ധനാണെന്ന് അറിയുമ്പോള്‍,ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാത്തവന്‍റെ അഹന്തയില്‍ നീരസപ്പെട്ടതിനുശേഷം   അവന്‍ ബധിരനും ഊമനുമാണെന്നറിയുമ്പോള്‍,അറിയാതെ നമ്മുടെ ശിരസ്സ് കുനിയും. മനോരോഗിയും അവികസിത ബുദ്ധിയിൽ  ചെയ്ത തെറ്റിനെ നിയമംപോലും സഹതാപത്തോടെ വീക്ഷിക്കില്ലേ. പലരുടെയും ക്രൂരതകള്‍ക്കും പിന്നില്‍ അന്ധതയും ബധിരതയും മൂകതയും അവിവേകവും അജ്ഞതയും കുടിയിരുപ്പുണ്ട്. അതുകൊണ്ടാണ് ക്രൂശിതന്‍ പറഞ്ഞത് "ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമേ" എന്ന്. സ്നേഹത്തിന്‍റെ നറുനിലാവില്‍ സഹനംതന്ന സകലരോടുമുള്ള പകയും വെറുപ്പും അലിഞ്ഞില്ലാതാകുന്നു. കുരിശിലെ ചോര ഒരു ഓര്‍മ്മപ്പെടുത്തലാണ്. എല്ലാ ക്രൂരതയ്ക്കു പിന്നിലും അന്ധതയും അജ്ഞതയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്ഷമിക്കാന്‍ നമുക്ക് കടമയുമുണ്ട്.

ആരും സഹിക്കാതിരിക്കാന്‍ ഞാന്‍ സഹിക്കാം

ചിലപ്പോള്‍ സകല സഹനത്തിനും സ്നേഹം കാരണമാകുന്നു. മക്കള്‍ക്കുവേണ്ടി സഹിക്കുന്ന മാതാപിതാക്കളും ജീവിതപങ്കാളിക്കായി സഹിക്കുന്ന ദമ്പതികളും ഇതിന് ഉദാഹരണങ്ങള്‍ത്തന്നെ. സ്നേഹത്തിന്‍റെ ദിവ്യമായ ബന്ധമാണ് പരാതിപ്പെടാതെ സഹിക്കാന്‍ പ്രേരണ തരുന്നത്. സ്നേഹബന്ധത്തില്‍ വിള്ളല്‍ വീണാല്‍ പിന്നീടുണ്ടാകുന്ന ചെറിയ സഹനംപോലും അസഹ്യമാകും. പരാതിയും കുറ്റപ്പെടുത്തലും ഏറ്റുമുട്ടലും പിന്തുടര്‍ന്നെത്താന്‍ പിന്നെ താമസമില്ല.

സ്നേഹത്തില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ചു എന്നതാണ് ക്രിസ്തുവിന്‍റെ ഏറ്റവും വലിയ സവിശേഷത. തന്‍റെ സര്‍വ്വനാശം കൊതിക്കുന്നവരുടെപോലും നന്മയാഗ്രഹിച്ച് അവരുടെ അഭിമാനത്തിനോ സല്‍പ്പേരിനോ കളങ്കമേല്പ്പിക്കാതെ അവിടുന്ന് വിചാരണയെ നേരിട്ടു. കരണത്തടിക്കുകയും തുപ്പുകയും ചെയ്ത പടയാളികളെ തന്‍റെ അത്ഭുതശക്തിയാല്‍ അസ്തപ്രജ്ഞരാക്കാനോ പീലാത്തോസിനെ ഉത്തരംമുട്ടിക്കാനോ കയ്യാഫാസിനെ സമൂഹമധ്യത്തില്‍ തൊലിയുരിഞ്ഞു കാട്ടാനോ സകല ജനക്കൂട്ടത്തെയും തന്‍റെ പക്ഷത്തേയ്ക്ക് അനായാസം തിരിക്കാനോ യേശു മുതിര്‍ന്നില്ല. തന്‍റെ മുന്നില്‍ ആരും ചെറുതാകരുത്. മറ്റുള്ളവര്‍ സഹിക്കാതിരിക്കാന്‍ സ്വയം സഹിക്കാന്‍ യേശു തയ്യാറായി. കുഞ്ഞിന്‍റെ കൈ പൊള്ളാതിരിക്കാന്‍ അമ്മ കുഞ്ഞിന് വേണ്ടത് പാചകം ചെയ്തു കൊടുക്കുന്നതുപോലെ; വരുംതലമുറകള്‍ സുഖമായിരിക്കാന്‍ കഴിഞ്ഞ തലമുറ ചോര നീരാക്കി പണിതതുപോലെ അപരന്‍റെ സഹനം ഒഴിവാക്കാന്‍ സ്വയം സഹിച്ചോളാം എന്ന നിലപാടാണ് ക്രിസ്തീയതയുടെ തനിമ. ലോകംമുഴുവന്‍ സന്തോഷിക്കാന്‍, ലോകത്തിലേക്കുവന്ന ദൈവകുമാരന്‍ സഹിച്ചതുപോലെ.

അനുബന്ധ ചിന്തകള്‍

  1. യേശുവിന്‍റെ മരണം നമ്മുടെ മരണത്തെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിനെപ്പോലെ "എല്ലാം പൂര്‍ത്തിയാക്കി" മരിക്കുന്നത് അസുലഭമായ ഭാഗ്യവരമാണ്. ദൈവം ഭരമേല്പ്പിച്ച ജോലി അത്രയും ഉത്തരവാദിത്വത്തോടെ നിറവേറ്റി നല്ല ഓട്ടം ഓടി, ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ ഭാഗ്യശാലികള്‍. നമ്മിലെ എത്ര മാതാപിതാക്കള്‍ക്ക് ഇപ്രകാരം പറയാനാകും.                                                                                                                                    
  2. പീലാത്തോസ് പീഡാനുഭവ വിവരണത്തിലെ വില്ലന്‍തന്നെയാണ്. വിചാരണ നീട്ടിക്കൊണ്ടുപോയതും യേശുവില്‍ നിഷ്കളങ്കത കണ്ടെത്തിയതും ആത്മാര്‍ത്ഥതയോടെയാണെന്ന് പറയാനാകില്ല. യഹൂദര്‍ നാളിതുവരെ പുലര്‍ത്തിയ സത്യവിശ്വാസം 'ദൈവമല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു രാജാവില്ല' എന്നത് തള്ളിക്കളഞ്ഞ് അവരെക്കൊണ്ട് 'സീസറല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു രാജാവില്ല' എന്ന് പറയിപ്പിക്കാനുള്ള ശ്രമമാണ് പീലാത്തോസ് നടത്തിയത്. യഹൂദര്‍ അത് പറഞ്ഞതോടെ അവന്‍ കൈകഴുകി യേശുവിനെ വധശിക്ഷക്ക് വിധിച്ചു. അധികാരികള്‍ പലപ്പോഴും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കുന്നു. സത്യവും നീതിയും അവന് വിഷയമേ അല്ല. ആരെ കുരുതികൊടുത്തും അവര്‍ അധികാരക്കസേരയില്‍ കടിച്ചുതൂങ്ങും.                                                                                                                                                                    
  3. കുരിശിലെ യേശുവിന്‍റെ ദാഹം ചിന്തോദ്ദീപകമാണ്. ബൈബിളില്‍ ദാഹിക്കുന്നവര്‍ക്കെല്ലാം ദൈവം ദാഹജലം നല്കിയിട്ടുണ്ട്. ഹാഗാറിനും കുഞ്ഞിനും (ഉല്‍പ 16) മരുഭൂമിയില്‍ ദാഹിച്ചുവലഞ്ഞ ദൈവജനത്തിന് പാറതുറന്നും ദൈവം ജീവജലം കൊടുത്തു. ഏലിയായുടെ കാലത്തെ വരള്‍ച്ചാകാലത്തും ദൈവം പ്രവാചകര്‍ക്ക് ദാഹജലം കൊടുത്തു. എന്നാല്‍ തന്‍റെ പ്രിയപുത്രന്‍ ഒരുതുള്ളി വെള്ളത്തിനായി കരഞ്ഞപ്പോള്‍ പിതാവായ ദൈവം പ്രതികരിച്ചില്ല. താന്‍ ഏറ്റവും സ്നേഹിക്കുന്നവരുടെ പല ആവശ്യങ്ങള്‍ക്കും അവിടുന്ന് കാലതാമസം വരുത്തുകയോ നിഷേധിക്കുകയോ ചെയ്യും. ഇത് സ്നേഹമില്ലാഞ്ഞിട്ടല്ല; സഹനത്തിലൂടെ സമ്പൂര്‍ണ്ണമാകുന്ന സ്നേഹത്തിന്‍റെ ആഴം വെളിപ്പെടുത്താനാണ്.             
  4. കുരിശിന്‍റെ വഴി മനുഷ്യജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. കുരിശിന്‍റെ വഴിയില്‍ സങ്കടക്കാഴ്ചകള്‍ മാത്രമല്ല; സഹായിക്കാനും ആശ്വസിപ്പിക്കാനുമണയുന്ന മുഖങ്ങളും കരങ്ങളുമുണ്ട്. ഓടിയെത്തുന്ന പ്രിയമാതാവ്, വേറോനിക്കാ, ശിമയോന്‍, ഭക്തസ്ത്രീകള്‍... ജീവിതത്തിന്‍റെ സഹനങ്ങള്‍ക്കു നടുവിലും ദൈവം ആശ്വാസത്തിന്‍റെ തുരുത്തുകള്‍ ഒരുക്കുന്നുണ്ട്. സമ്പൂര്‍ണ്ണമായും സങ്കടക്കടലിലലയാന്‍ ദൈവം ആരെയും കൈവിടുന്നില്ല.                                                                                                                                                             
  5. ബറാബ്ബാസിനുവേണ്ടി ആര്‍ത്തുവിളിച്ചവര്‍ ക്രിസ്തുവിനെ ബലികൊടുക്കുകയായിരുന്നു. അധികാരമുള്ളവരുടെ നിക്ഷിപ്ത കരുനീക്കങ്ങളില്‍ അപരാധികള്‍ ആരാധ്യരും നിരപരാധികള്‍ അപമാനിതരുമാകുന്നു. അനീതിയുടെ ഓരോ വിജയത്തിനു പിന്നിലും ക്രിസ്തുവിന്‍റെ ചോരയും ജീവനും മനുഷ്യന്‍ വിലകൊടുക്കുന്നുണ്ട് എന്നത് ഓര്‍ത്തുവയ്ക്കാം.

 

 

              

-the-gospel-of-luke-i-suffer-so-that-no-one-else-suffers gospel of luke luke catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message