We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 08-Feb-2021
പുതിയനിയമത്തിലെ 27 പുസ്തകങ്ങളില്‍ 13 എണ്ണവും വി. പൗലോസ് ശ്ലീഹായുടെ രചനകളായാണ് അറിയപ്പെടുന്നത്. പുതിയനിയമത്തില്‍ ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളും ഈ രചനകളാണ്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥത്തിന്‍റെയും ഭൂരിഭാഗം വി.പൗലോസിന്‍റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമാണ് വിവരിക്കുന്നത്.
പൗലോസ് എന്ന മഹാപ്രേഷിതന്‍
ക്രിസ്തുവിന്‍റെ അപ്പസ്തോലനും ആദിമസഭയിലെ ഏറ്റവും ശക്തനായ പ്രേഷിതനും സഭലെ ആദ്യത്തെ ദൈവശാസ്ത്രജ്ഞനും സഭൈക്യത്തിന്‍റെ പ്രണേതാവുമാണ് പൗലോസ് ശ്ലീഹാ. ക്രൈസ്തവസഭയുടെ രണ്ടാമത്തെ സ്ഥാപകനെന്നും ചിലപ്പോള്‍ അദ്ദേഹം അറിയപ്പെടാറുണ്ട്. അദ്ദേഹത്തിന്‍റെ മാനസാന്തരത്തിനുമുമ്പ് അരമായ ഭാഷയില്‍ 'സാവൂള്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍, മാനസാന്തരത്തിനുശേഷം അരമായ വാക്കിന്‍റെ റോമന്‍ രൂപമായ 'പൗലോസ്' എന്ന് അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. പുതിയ നിയമപുസ്തകങ്ങളില്‍ പകുതിയോളം പൗലോസ് ശ്ലീഹായുടെ പേരിലാണ് അറിയപ്പെടുന്നത്.
പൗലോസിന്‍റെ ജീവിതത്തെയും ചിന്തയെയും കുറിച്ചുള്ള അറിവു നമുക്ക് പ്രധാനമായും ലഭിക്കുന്നത് അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍നിന്നാണ്. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍നിന്നും അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രപരമായ അറിവു ലഭിക്കുന്നുണ്ട്. പതിമൂന്നു ലേഖനങ്ങളാണ് പരമ്പരാഗതമായി അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നത്.
അപ്പ 21:39; 22:3-ല്‍ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പൗലോസ് കീലിക്യായിലെ പ്രധാനപട്ടണമായ താര്‍സോസില്‍ ജനിച്ച ഒരു യഹൂദ പൗരനാണ്. ജനിച്ചത് എ.ഡി. 10-ലാണെന്നാണ് പൊതുവായ അഭിപ്രായം. ബി.സി. 63-ല്‍ പലസ്തീനായും പ്രാന്തപ്രദേശങ്ങളും റോമന്‍ ഭരണത്തിലായതിനാല്‍ റോമന്‍ ആധിപത്യത്തിലായിരുന്നു തര്‍സോസ്. അപ്പ 22:28-ല്‍ പൗലോസ് അവകാശപ്പെടുന്നതനുസരിച്ച് അദ്ദേഹം ജന്മനാ ഒരു റോമന്‍ പൗരനാണ്. പൗലോസ് യവനസംസ്ക്കാരത്തില്‍ (Hellennistic) വളര്‍ത്തപ്പെട്ട ഒരു ഡയാസ്പൊറ (പലസ്തീനായ്ക്കു പുറത്ത് താമസിച്ചിരുന്ന) യഹൂദനായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഗ്രീക്കുഭാഷയിലുള്ള പാണ്ഡിത്യംതന്നെ സൂചിപ്പിക്കുന്നു. അതായത് യവനറോമാസാമ്രാജ്യത്തിന്‍റെ സാംസ്കാരിക പശ്ചാത്തലത്തിലാണ് അദ്ദേഹം വളര്‍ത്തപ്പെട്ടത്.
അപ്പ 13-14 അധ്യായങ്ങളില്‍ വിവരിക്കുന്ന ഒന്നാംപ്രേഷിതയാത്രയില്‍ (എ.ഡി. 47-49) പൗലോസ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ (സഹയാത്രികന്‍ - ബാര്‍ണബാസ്)
Image 1
അദ്ദേഹത്തിന്‍റെ ആദ്യകാല വിദ്യാഭ്യാസം സ്വഭവനത്തില്‍വെച്ചുതന്നെയായിരുന്നിരിക്കണം. പൗലോസ് തന്നെ അഭിമാനത്തോടുകൂടി തന്‍റെ കുടുംബത്തിലെ നിഷ്ഠയുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ട ബഞ്ചമിന്‍ ഗോത്രത്തില്‍ പിറന്ന യഹൂദനാണദ്ദേഹം (ഫിലി 3:5). താര്‍സോസ് ബുദ്ധിജീവികളുടെ കേന്ദ്രമായിരുന്നു. സ്റ്റോയിക്ക് തത്വശാസ്ത്രത്തിന്‍റെയും ചിന്തയുടെയും പശ്ചാത്തലമാണ് താര്‍സോസിലുണ്ടായിരുന്നത്. എങ്കിലും ഈ ചിന്തയുടെ സ്വാധീനമൊന്നും പൗലോസില്‍ കാണുന്നില്ല. അപ്പ 22:3 അനുസരിച്ച് ജറുസലേമില്‍ ഗമാലിയേലിന്‍റെ അടുത്താണ് പഠനം നടത്തിയത്. തന്‍മൂലം ബൈബിള്‍ വ്യാഖ്യാനങ്ങളില്‍ പൗലോസ് യഹൂദറബ്ബിമാരുടെ ശൈലി സ്വീകരിച്ചിട്ടുണ്ട്. ഫിലി 3:5 അനുസരിച്ച്, റബ്ബിമാരെപ്പോലെ പൗലോസും ഒരു ഫരിസേയനാണ്. അപ്പ 26:10; ഫിലി 3:5-6 ഉം അനുസരിച്ച് പൗലോസ് സാന്‍ഹെദ്രിന്‍ സംഘത്തില്‍ അംഗമായിരുന്നിരിക്കണം. പൗലോസ് ജറുസലേമിലുണ്ടായിരുന്ന ഒരു യുവവിദ്യാര്‍ത്ഥിയെന്നനിലയില്‍ ഈശോയെ കണ്ടിരിക്കാനിടയുണ്ട്. പക്ഷേ, അത്തരം സംഭവങ്ങളെക്കുറിച്ചോ, ഈശോയുടെ ജീവിതത്തെക്കുറിച്ചോ പഠനങ്ങളെക്കുറിച്ചോ പൗലോസ് യാതൊന്നും സൂചിപ്പിക്കുന്നില്ല. തുകല്‍പണിയും കൂടാരമുണ്ടാക്കുന്ന വിദ്യയും അദ്ദേഹം പഠിച്ചിരുന്നു (അപ്പ 18:3). ഇത് അദ്ദേഹത്തിന് പിന്നീടുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹായകമായിരുന്നു. (1 കോറി 9:6; 1 തെസ 2:9).
മാനസാന്തരത്തിനുമുമ്പ് ഒരു മതമര്‍ദ്ദകനായി വര്‍ത്തിച്ചിരുന്ന അദ്ദേഹം (അപ്പ 8:3; 26:11) ജറുസലേമിനു പുറത്തുള്ള ക്രൈസ്തവരെയും ജറുസലേമിലേക്കു കൊണ്ടുവന്നു ശിക്ഷിക്കാന്‍ അധികാരം സിദ്ധിച്ച വ്യക്തിയായിരുന്നു (അപ്പ 9:1-2; 22:5; 1 കോറി 15:9; ഗലാ 1:13,23). അപ്പസതോല പ്രവര്‍ത്തനത്തില്‍ പൗലോസിന്‍റെ പേര് ആദ്യമായി സൂചിപ്പിക്കുന്നത് സ്തേഫാനോസിന്‍റെ വധത്തോടനുബന്ധിച്ചാണ്: കൊലയാളികളുടെ വസ്ത്രസൂക്ഷിപ്പുകാരനായിട്ട് (അപ്പ 7:58). വിജയശ്രീലാളിതനായ ഒരു മിശിഹായെ പ്രതീക്ഷിച്ചിരുന്ന പൗലോസിന് ക്രൂശിതനായ കര്‍ത്താവിനെ ആദ്യം അംഗീകരിക്കാനായില്ല (ഗലാ 3:13).
പൗലോസിന്‍റെ ശാരീരിക സാന്നിധ്യം അശക്തവും ഭാഷണം മനസ്സിലേശാത്തതുമാണെന്ന് കോറിന്തോസുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു (2 കോറി 10:10). ഈ ശാരീരികാശക്തിയെ ദൈവം തനിക്കുനല്‍കിയ മുള്ള് (2 കോറി 12:7) എന്നാണ് പൗലോസ് വിശേഷിപ്പിക്കുന്നന്നത്. ഈ മുള്ള് എന്താണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നില്ലെങ്കിലും വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. മലേറിയ, കണ്ണിന്‍റെ അസുഖം അല്ലെങ്കില്‍ തലവേദന ഇതിലേതെങ്കിലുമായിരിക്കാമെന്ന് പറയപ്പെടുന്നു. ഏതുരോഗമായിരുന്നാലും ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ പോരുന്ന മനോധൈര്യം അദ്ദേഹത്തിനു കൈമുതലായുണ്ടായിരുന്നു (2 കോറി 11:24-28).
മാനസാന്തരം
ദമാസ്ക്കസിലേക്കുള്ള യാത്രയിലാണ് പൗലോസിന് മാനസാന്തരം സംഭവിക്കുന്നത് (അപ്പ 9:1-9). ഈ മാനസാന്തരം ഒരു അപ്രതീക്ഷിത സംഭവമല്ല. കാരണം പൗലോസും മിശിഹായെ പ്രതീക്ഷിച്ചുകഴിയുകയായിരുന്നു. അദ്ദേഹം യഹൂദനിയമത്തിന്‍റെ മുന്നില്‍ നീതിമാനായിരുന്നു (ഫിലി 3:6). മാനസാന്തരകഥ (അപ്പ 9:1-20) ദൈവം പ്രവാചകന്മാരെ വിളിക്കുന്നതുപോലെ ചിത്രീകരിക്കപ്പെട്ടിരിക്കുകയാണ് (cfr. ജറെ 1:4-10). പൗലോസിന്‍റെ വിളിയുടെ വ്യക്തമായ വിവരണം ഗലാ 1:11-17ല്‍ കാണാന്‍ സാധിക്കും. ക്രിസ്തു ദൈവപുത്രനാണെന്നും വിജാതിയരോട് സുവിശേഷം പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് താനെന്നും പൗലോസിന് ബോധ്യമായത് ദമാസ്ക്കസ് അനുഭവത്തിലൂടെയാണ്. അപ്പ.പ്രവര്‍ത്തനങ്ങളില്‍തന്നെ പൗലോസിന്‍റെ മാനസാന്തരകഥ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. (അപ്പ 9:1-20; 22:6-16; 26:9-18). ഈ വിവരണങ്ങളില്‍ മാനസാന്തരസംഭവത്തിലുണ്ടായിരുന്ന അതിസ്വാഭാവിക വസ്തുതകള്‍ ഊന്നിപറയപ്പെട്ടിരിക്കുകയാണ് (ഉദാ. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ശബ്ദവും വെളിച്ചവും പൗലോസിന്‍റെ അന്ധതയും സൗഖ്യമാകലും). പൗലോസിന്‍റെ ഈ മാനസാന്തരം കര്‍ത്താവിന്‍റെ ശിഷ്യനായ അനനിയാസ് മുഖേനയാണ് സംഭവിക്കുന്നത് (അപ്പ 9:16-18; 22:12-16). അതുപോലെതന്നെ പൗലോസിന് മാമ്മോദീസാ നല്‍കുന്നതും അദ്ദേഹമാണ് (9:18; 22:16). ഇതൊന്നും ലേഖനങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ല. എങ്കിലും 1 കോറി 9:1; 15:8 എന്നിവയുടെ വെളിച്ചത്തില്‍ ദമാഡ്കഡ് സംഭവത്തെ തനിക്കു ലഭിച്ച ഉത്ഥിതന്‍റെ ദര്‍ശനമായിട്ടാണ് പൗലോസ് മനസ്സിലാക്കിയത് എന്നു വ്യക്തമാണ്. അങ്ങനെ ക്രൂശിതനായ ഈശോ, മിശിഹാതന്നെയാണെന്ന് അദ്ദേഹത്തിന് ബോധ്യമായി.
പ്രേഷിത പ്രവര്‍ത്തനം: മാനസാന്തരത്തിനുശേഷമുള്ള കാലഘട്ടം പൗലോസ് തന്‍റെ ജീവിതം പൂര്‍ണ്ണമായും ദൈവീക ആഹ്വാനത്തിനുവിട്ടുകൊടുത്തു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ കാലനിര്‍ണ്ണയം നടത്തുവാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, വിശുദ്ധഗ്രന്ഥത്തിലെ വിവിധ പുസ്തകങ്ങള്‍ തന്നെ ഒരേ കാര്യത്തെക്കുറിച്ച് വ്യത്യസ്തമായ അറിവാണ് നല്‍കുന്നത്. ഉദാഹരണമായി, പൗലോസ്, ജറുസലേമിലേക്ക് അഞ്ചുപ്രാവശ്യം യാത്രനടത്തിയതായി അപ്പ. പ്രവര്‍ത്തനങ്ങള്‍ പറയുമ്പോള്‍ (അപ്പ 9:26; 11:30) കേവലം മൂന്നു പ്രാവശ്യം മാത്രമേ യാത്രനടത്തിയിട്ടുള്ളൂവെന്ന് ലേഖനങ്ങള്‍ സാക്ഷിക്കുന്നു (ഗലാ 2:1; 12:18; റോമ 15:25) അതുപോലെതന്നെ ജെറുസലേം കൗണ്‍സിലിന്‍റെ കാര്യത്തിലും വ്യത്യസ്തസൂചനകളാണ് ലഭിക്കുന്നത്. അപ്പ 15:6-21 അനുസരിച്ച് ഇത് നടക്കുന്നത് പൗലോസിന്‍റെപ്രേഷിത പ്രവര്‍ത്തനങ്ങളുടെ കാലഘട്ടത്തിലാണ്. എന്നാല്‍ ഗലാ 2:1-10 അനുസരിച്ച് ജറുസലേം കൗണ്‍സില്‍ നടക്കുന്നത്. പൗലോസിന്‍റെ മാനസാന്തരത്തിനുശേഷം പതിനഞ്ച് - പതിനാറ് വര്‍ഷം കഴിഞ്ഞാണ്. ഈ കൗണ്‍സിലില്‍വച്ച് പൗലോസ് നടത്താമെന്നേറ്റിരുന്ന ധനശേഖരണത്തെക്കുറിച്ച് അപ്പ. പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സൂചനയില്ല. എന്നാല്‍ ലേഖനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട് (1 കോറി 16:1-4; 2 കോറി 8 -9; റോമ 15:25-28). പൗലോസിന്‍റെ പ്രേഷിത പ്രവര്‍ത്തനം തുടങ്ങുന്നത് ജറുസലേമില്‍നിന്നാണ്. അതുപോലെ അദ്ദേഹം പലപ്രാവശ്യം ജറുസലേമില്‍ വരുകയും തിരികെ പോകുകയും ചെയ്യുന്നുണ്ട് (അപ്പ 13:46; 18:6). ഇത് യഹൂദരില്‍നിന്നും ദൈവവചനം വിജാതീയരിലേക്ക് തിരിയുന്നതിന്‍റെ പ്രതീകമാണ്. എന്നാല്‍ പൗലോസ് മൂന്നു പ്രാവശ്യംമാത്രമേ പ്രേഷിത യാത്ര നടത്തിയിട്ടുള്ളുവെന്നാണ് പണ്ഡിതമതം. ജറുസലേം കൗണ്‍സിലിനു മുമ്പുതന്നെ അദ്ദേഹം മക്കദോനിയായിലും അക്കായിയായിലും സുവിശേഷം പ്രസംഗിച്ചു എന്നുകരുതപ്പെടുന്നു. നീണ്ട പതിനാലുവര്‍ഷത്തെ നിശബ്ദജീവിതം (ഗലാ 1:21; 2:1) ഇതാണ് സൂചിപ്പിക്കുന്നത്.
ലേഖനങ്ങളില്‍നിന്നും കിട്ടുന്ന അറിവിന്‍റെ വെളിച്ചത്തില്‍ മാനസാന്തരത്തിന് (34-35 എ.ഡി.) ശേഷം അദ്ദേഹം മൂന്ന് വര്‍ഷം അറേബ്യായില്‍ ചെലവഴിച്ചു (ഗലാ 1:17). കുറേ നാളത്തെ വിചിന്തനങ്ങള്‍ക്കുശേഷം ദമാസ്കസിലും മറ്റും സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയിരിക്കണം. തന്‍മൂലം ഏറെ താമസിയാതെ അവിടെനിന്നും പോരേണ്ടിവന്നു (2 കോറി 11:32-33; അപ്പ 9:23-25). മാനസാന്തരത്തിനുശേഷമുള്ള ആദ്യത്തെ ജറുസലേം യാത്ര എ.ഡി. 37-ല്‍ ആയിരിക്കാനാണു സാധ്യത.
ജറുസലേമില്‍ 15 ദിവസത്തെ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം സിറിയായിലും കിലിക്യായിലും പ്രേഷിത പ്രവര്‍ത്തനത്തിനായി തിരിച്ചു (ഗലാ 1:21). അപ്പ 13,14 അദ്ധ്യായങ്ങളില്‍ സൈപ്രസിലേക്കും മദ്ധ്യ ഏഷ്യാമൈനറിലേക്കുമുള്ള പ്രേഷിത യാത്രയെപറ്റി വിവരിക്കുന്നു (പിസീദിയിയായിലെ അന്ത്യോക്യാ, ഇക്കോണിയം, ദര്‍ബെ, ലിസ്ത്രാ). ലിസ്ത്രായില്‍വച്ച് അദ്ദേഹം കല്ലെറിയപ്പെട്ടു (അപ്പ 14:19; 2 കോറി 11:25). ഈ പതിനാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വടക്കേഗലാത്തിയായില്‍ സഭകള്‍ സ്ഥാപിച്ചിരിക്കണം (മക്കദോനിയ, ഫിലിപ്പി, തെസലോണിക്ക, അക്കായിയാ (cfr. 1 തെസ 1:2-3:10). അപ്പ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജറുസലേം സൂനഹദോസിന് ശേഷമാണ് പൗലോസ് പ്രേഷിത പ്രവര്‍ത്തനം നടത്തിയത് (അപ്പ 16:11-18:21). ഈ സ്ഥലങ്ങളിലെല്ലാം പൗലോസിനോടൊപ്പം സില്‍വാനോസും (സീലാസ്) തിമോത്തേയോസും ഉണ്ടായിരുന്നു. (1 തെസ 1:1; 2കോറി 1:19). ഫിലിപ്പിയില്‍ വച്ചാണ് അദ്ദേഹത്തിനു വടികൊണ്ട് അടിയേറ്റത് (അപ്പ 16:22). കോറിന്തോസില്‍ അദ്ദേഹം ഒന്നരവര്‍ഷം തടവുകാരനായി കഴിഞ്ഞു (അപ്പ 18:11). ഇവിടെ വച്ചായിരിക്കണം ആദ്യലേഖനമായ തെസലോനിക്കര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്. ഇവിടെവച്ചുതന്നെയാണ് അദ്ദേഹം ഗാല്ലിയോയുടെ മുന്നില്‍ വിചാരണ ചെയ്യപ്പെടുന്നത്. ഗാല്ലിയോ ഗവര്‍ണ്ണറാകുന്നത് 50-51ല്‍ ആണ്
ജറുസലേം സൂനഹാദോസ് മിക്കവാറും 50-ലോ 51-ലോ ആയിരിക്കാനാണ് സാധ്യത (രളൃ. ഗലാ 2:1-10; അപ്പ 15:1-21). വിശ്വാസം സ്വീകരിച്ച വിജാതിയര്‍ പരിഛേദനം സ്വീകരിക്കണമോ വേണ്ടയോ എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. പരിഛേദനം ആവശ്യമില്ല എന്നു തന്നെ തീരുമാനിക്കപ്പെട്ടു. ജറുസലേമിലെ സഭയുടെ നേതാക്കള്‍ ആയിരുന്ന പത്രോസും യാക്കോബും യോഹന്നാനും പൗലോസിന്‍റെ പ്രവര്‍ത്തനങ്ങളെഅംഗീകരിച്ചു. കൂടാതെ ജറുസലേമിലേക്കുള്ള പാവപ്പെട്ടവര്‍ക്കുവേണ്ടി പണം പിരിക്കാനും പൗലോസ് ചുമതലയേറ്റു (റോമ 15:26; 1 കോറി 16:1-4; 2കോറി 8-9). ജറുസലേം സുനഹദോസിനു ശേഷം പൗലോസ് അന്ത്യോക്യായിലേക്കു യാത്രതിരിച്ചു (അപ്പ 15:30). അധികം താമസിയാതെ കേപ്പായും അന്ത്യോക്യായില്‍ വന്നു (ഗലാ 2:11). ഇവിടെ വച്ചാണ് പൗലോസ് പത്രോസിനെ കുറ്റപ്പെടുത്തുന്നത് (ഗലാ 2:11-14).
അപ്പ 15:36 മുതല്‍ 18:22 വരെ വിവരിക്കുന്ന പൗലോസിന്‍റെ രണ്ടാംപ്രേഷിതയാത്രയില്‍ (എ.ഡി. 50-53) സന്ദര്‍ശിച്ച സ്ഥലങ്ങള്‍
(സഹയാത്രികന്‍ - സീലാസ്)
Image2
ഇതിനുശേഷം പൗലോസ് എഫേസോസിലേക്ക് ഒരു പ്രേഷിതയാത്ര നടത്തി (എ.ഡി. 52-54). ഇവിടെ വച്ചാണ് കൊറിന്തോസു കാര്‍ക്കുള്ള ലേഖനമയക്കുന്നത്. ഇവിടെ നിന്നു കൊറിന്തോസിലേക്ക് ഒരു സന്ദര്‍ശനം നടത്താന്‍ പൗലോസ് ശ്ലീഹാ ആഗ്രഹിച്ചെങ്കിലും ദു:ഖമുളവാക്കുമായിരുന്ന ആ സന്ദര്‍ശനം മാറ്റിവച്ച് കണ്ണീരോടുകൂടിയ ഒരു കത്ത് അയയ്ക്കുകയാണ് അദ്ദേഹം ചെയ്തത് (2 കോറി 2:1-4:7:8). 2 കോറി 10-13 അദ്ധ്യായങ്ങള്‍ ഈ എഴുത്തിന്‍റെ ഭാഗമാണെന്നു കരുതപ്പെടുന്നു. ഗലാത്തിയര്‍ക്കുള്ള ലേഖനവും ഈ കാലഘട്ടത്തിലാണ് എഴുതപ്പെടുന്നത്. കാരണം, അവിടെയും കൊറിന്തോസിലെ പോലെ മറ്റൊരു ക്രിസ്തുവോ (2 കോറി 11:4) മറ്റൊരു സുവിശേഷം പ്രസംഗിക്കുന്ന ആളോ ഉണ്ടായിരുന്നു (ഗലാ 1:6)
എഫോസോസിലെ പ്രേഷിതപ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടിരിക്കണം (2 കോറി 1:8-11). അപ്പ. പ്രവര്‍ത്തനങ്ങളില്‍ ഈ ജയില്‍വാസത്തെകുറിച്ചു സൂചനയൊന്നുമില്ലെങ്കിലും (അപ്പ 19-ാം അദ്ധ്യായം) 2 കോറി 11:23-ല്‍ താന്‍ വളരെ കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു എന്ന് പൗലോസുതന്നെ പറയുന്നുണ്ട്. എന്നാല്‍ അപ്പ. പ്രവര്‍ത്തനത്തില്‍ (16:23-39) ഫിലിപ്പിയിലെ കാരാഗൃഹവാസത്തെക്കുറിച്ചു മാത്രമേ സൂചനയുള്ളു. എഫേസോസിലെ കാരാഗൃഹവാസത്തിനിടയിലായിരിക്കണം എപ്പഫ്രോദിത്തോസിനെക്കുറിച്ചുള്ള വിവരണം നല്‍കുന്നത് (ഫിലി 2:25-30). തന്മൂലം ഫിലിപ്പിയര്‍ക്കും ഫിലെമോനുമുള്ള ലേഖനങ്ങള്‍ എഴുതിയതും ഈ ജയില്‍വാസകാലത്തായിരിക്കണം.
എഫേസോസില്‍നിന്ന് അദ്ദേഹം ത്രോവാസിലേക്കും തുടര്‍ന്ന് മക്കദോനിയായിലേക്കും പോയി (2 കോറി 2:12-13). അവിടെവച്ച് അദ്ദേഹം തീത്തോസിനെ കണ്ടുമുട്ടുന്നു. തീത്തോസ് കോറിന്തോസില്‍നിന്നു നല്ലവാര്‍ത്തകള്‍ പൗലോസിനെ അറിയിച്ചു (2 കോറി 7:5-7). ഇതിനു മറുപടിയായി പൗലോസ് ഒരു അനുരജ്ഞനകത്ത് അയക്കുന്നു 2 കോറി 1-9 അദ്ധ്യായങ്ങള്‍ ഈ കത്ത് ആയിരിക്കണം. പിന്നീട് അദ്ദേഹം കോറിന്തോസിലേക്ക് പോയി (55-56) മൂന്നു മാസം അവിടെ ചെലവഴിച്ചു. അവിടെവച്ച് റോമക്കാര്‍ക്കുള്ള ലേഖനമെഴുതി. അവിടെനിന്നു തനിക്ക്ലഭിച്ച പിരിവ് കൊണ്ട്, യൂദന്മാരില്‍നിന്ന് എതിര്‍പ്പ് പ്രതീക്ഷിച്ചുകൊണ്ടുതന്നെ ജറുസലേമിലേക്ക് യാത്രതിരിച്ചു (റോമ 15:31). അപ്പ 20:3-21:16-ല്‍ പൗലോസിന്‍റെ ജറുസലേമിലേക്കുള്ള അവസാനയാത്രയെപറ്റി വിവരിക്കുന്നുണ്ട് (21:27-30). ജയില്‍വാസത്തെക്കുറിച്ചും (23:31-26:32) കേസറിയായിലേക്കുള്ള മടക്കത്തെക്കുറിച്ചും (27:1-28) റോമായിലേക്കുള്ള കപ്പല്‍ യാത്രയെക്കുറിച്ചും പ്രതിപാദിക്കുന്നു. അജപാലനലേഖനങ്ങളായ തിമോത്തേയോസിനും തീത്തോസിനുമുള്ള ലേഖനങ്ങളും പൗലോസിന്‍റെതുതന്നെ എന്നു വിശ്വസിക്കപ്പെടുന്നു. റോമായിലെ ആദ്യത്തെ ജയില്‍വാസത്തില്‍നിന്നു രണ്ടുവര്‍ഷത്തിനുശേഷം പൗലോസ് മോചിക്കപ്പെട്ടിരുന്നു എന്ന് കരുതാം (2 തിമോ 4:16-17). അതേ തുടര്‍ന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ സ്പെയിനിലേക്ക് യാത്ര നടത്തി (റോമ 15:24, 28) എന്നു കരുതുന്നവരുണ്ട്. അവിടെനിന്നു ക്രേത്തേ (തീത്തോ1:5), എഫേസോസ്, മക്കദോനിയ (1 തിമോ 1:3) മിലേത്തൂസ്, കോറിന്തോസ് (2 തിമോ 4:20) ത്രോവാസ് (1 തിമോ 4:13) നിക്കോപോളിസ് (തീത്തോ 3:12) മുതലായ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തു റോമിലേക്കു തിരിച്ചുപോന്നു. എ.ഡി. 64-ല്‍ നീറോയുടെ മതമര്‍ദ്ദന കാലത്ത് അദ്ദേഹം വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. തിമോത്തേ യോസിനുള്ള രണ്ടാം ലേഖനം ഈ കാലഘട്ടത്തിലാണ് എഴുതപ്പെട്ടല്‍. എ.ഡി. 65-നും 67-നും ഇടയ്ക്ക് അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു.
അപ്പ 18:23-28:31 ല്‍ വിവരിക്കുന്നതും റോമില്‍ അവസാനിക്കുന്നതുമായ പൗലോസിന്‍റെ മൂന്നാംപ്രേഷിതയാത്രയില്‍ (എ.ഡി. 53-58) സന്ദര്‍ശിച്ച സ്ഥലങ്ങള്‍ (സഹയാത്രികന്‍ - തിമോത്തിയോസ്)
Image 3
വി. പൗലോസിന്‍റെ 13 ലേഖനങ്ങള്‍
പൗലോസിന്‍റെ 13 ലേഖനങ്ങളെ സാധാരണഗതിയില്‍ രണ്ടായി തരംതിരിക്കാറുണ്ട്: (1) പൊതുലേഖനങ്ങള്‍ ഏതെങ്കിലും പ്രാദേശികസഭകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലേഖനങ്ങളാണിവ. റോമാ, കോറിന്തോസ് (2 ലേഖനങ്ങള്‍), എഫേസൂസ്, ഫിലിപ്പി, കൊളോസൂസ് തെസലോനിക്ക (2 ലേഖനങ്ങള്‍) എന്നീ 9 ലേഖനങ്ങളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. (2) സ്വകാര്യലേഖനങ്ങള്‍ പൗലോസ്ശ്ലീഹാ സഭയിലെ വ്യക്തികളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ലേഖനങ്ങളാണിവ. തിമോത്തെയോസ് ( രണ്ടു ലേഖനങ്ങള്‍), തീത്തോസ്, ഫിലെമോന്‍ എന്നീ നാലു ലേഖനങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഈ ലേഖനങ്ങളുടെ കാനോനികക്രമം അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പൊതുലേഖനങ്ങളെ അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലും തുടര്‍ന്ന് സ്വകാര്യലേഖനങ്ങളെ അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലും തുടര്‍ന്ന് സ്വകാര്യലേഖനങ്ങളെ അവയുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലും ക്രമീകരിച്ചിരിക്കുന്നു. ചുവടെ ചേര്‍ക്കുന്ന പട്ടികയിലെ ഓരോ ലേഖനത്തിലെയും വാക്കുകളുടെ എണ്ണം ഈ നിഗമനത്തെ സാധൂകരിക്കുന്നു:
റോമാ 1 കോറി 2 കോറി ഗലാ എഫേ ഫിലി കൊളോ 1 തെസ്സ 2 തെസ്സ 1 തിമോ 2 തിമോ തീത്തോ ഫിലെ |
7,114 6,841 4,488 2,232 2,423 1,631 1,582 1,482 823 1,591 1,239 659 335 |
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളെ അവയുടെ കര്‍തൃത്വത്തിന്‍റെ ആധികാരികതയെ ആധാരമാക്കി മൂന്നായി തരംതിരിക്കാറുണ്ട്: (1) പൗലോസിന്‍റെ രചനകളെന്ന് പണ്ഡിത ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ലേഖനങ്ങള്‍ റോമാ, 1,2 കോറിന്തോസ്, ഗലാത്തിയാ ഫിലിപ്പി, 1 തെസ്സലോണിക്ക, ഫിലെമോന്‍ എന്നീ ഏഴുലേഖനങ്ങള്‍ ഈ ഗണത്തില്‍ (Pro - Pauline letters ) പെടുന്നു.
(2) പൗലോസ് ശ്ലീഹാ രചിച്ചതാണോ എന്നതിനെക്കുറിച്ച് ചില പണ്ഡിതരെങ്കിലും സംശയം ഉന്നയിക്കുന്ന ലേഖനങ്ങള്‍ (Deutero - Pauline letters): 2 തെസ്സലോണിക്കാ, എഫേസൂസ്, കൊളോസൂസ് എന്നീ മൂന്നു ലേഖനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. പൗലോസിന്‍റെ ശിഷ്യഗണങ്ങളിലാരെങ്കിലും പൗലോസിന്‍റെ പ്രഭാഷണങ്ങളെ ആധാരമാക്കി രചിച്ചവയാണ് ഈ ലേഖനങ്ങള്‍ എന്നു കരുതപ്പെടുന്നു.
(3) പൗലോസിന്‍റെ രചനകളല്ലെന്ന് പണ്ഡിതരില്‍ ഭൂരിഭാഗവും വാദിക്കുന്ന ലേഖനങ്ങള്‍ (Trito - Pauline letters): 1,2 തിമോത്തി, തീത്തോസ് എന്നീ ലേഖനങ്ങളാണിവ. എന്നാല്‍ ഇപ്രകാരമൊരു വിഭജനം ചില നിക്ഷിപ്ത താല്പര്യങ്ങളോടെയുള്ളവയാണെന്നു വ്യക്തമാണ്. സഭയുടെ ഘടനയെക്കുറിച്ചും പൗരോഹിത്യം, മെത്രാന്‍ പദവി തുടങ്ങിയവയെക്കുറിച്ചും പരാമര്‍ശിക്കുന്ന അജപാലക ലേഖനങ്ങളൊന്നും പൗലോസിന്‍റെ ലേഖനങ്ങളല്ല എന്നു വാദിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാണല്ലോ. 13 ലേഖനങ്ങളും വി. പൗലോസിന്‍റെ രചനകളാണെന്ന നിഗമനമാണ് ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഓരോ ലേഖനത്തോടുമൊപ്പമുള്ള ആമുഖ പഠനങ്ങളില്‍ ലഭ്യമാണ്.
പൗലോസിന്‍റെ ലേഖനങ്ങളുടെ ഇതര വിഭജനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
വിഭജനം/മാനദണ്ഡം
പ്രധാന ലേഖനങ്ങള്‍ - (ദൈവശാസ്ത്രം, ഉള്ളടക്കം എന്നിവയെ ആധാരമാക്കിയുള്ള നിഗമനം) തടവുകാല ലേഖനങ്ങള്‍ - (പൗലോസ് തടവിലായിരുന്ന കാലത്ത് എഴുതപ്പെട്ട ലേഖനങ്ങള്‍) അജപാലന ലേഖനങ്ങള്‍ - (താന്‍ സ്ഥാപിച്ച സഭകളിലെ അജപാലകര്‍ക്ക് പൗലോസ് എഴുതിയ ലേഖനങ്ങള്‍) ആദ്യകാല ലേഖനങ്ങള്‍ - (രചനാകാലത്തെ ആധാരമാക്കിയുള്ള വിഭജനം) |
ലേഖനങ്ങള്‍
റോമാ 1,2 കോറിന്തോസ്, ഗലാത്തിയ
ഫിലിപ്പി, എഫേസോസ്, കൊളോസോസ്, ഫിലമോന്‍
1,2 തിമോത്തെയോസ്, തീത്തോസ്
1 തെസ്സലോണിക്കാ, കോറിന്തോസുകാര്‍ക്കുള്ള ലേഖനങ്ങള്‍ |
പൗലോസ് ശ്ലീഹായുടെ 13 ലേഖനങ്ങളെ ആധികാരികഗ്രന്ഥങ്ങളായി എ.ഡി. 367 ല്‍ വി. അത്തനാഗോറസ് പ്രഖ്യാപിച്ചിരുന്നു. എ.ഡി. 397 ല്‍ കാര്‍ത്തേജില്‍ ചേര്‍ന്ന സൂനഹദോസ് ഈ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അനിവാര്യഭാഗമായി പ്രഖ്യാപിച്ചത്. 1 പത്രോസ് 3:16 ല്‍ പൗലോസിന്‍റെ ലേഖനങ്ങളെ തിരുവചനങ്ങളായി പരാമര്‍ശിക്കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധാര്‍ഹമാണ്.
ഉറവിടങ്ങള്‍
പൗലോസിന്‍റെ ലേഖനങ്ങളുടെ ഉറവിടങ്ങള്‍ പലതാണെന്ന് പൊതുവില്‍ അനുമാനിക്കപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയെ ചുവടെചേര്‍ക്കുന്ന പട്ടികയില്‍നിന്നു മനസ്സിലാക്കാം:
- ഈശോയുടെ ഉത്ഥാനവിവരണങ്ങള്‍ (1 കോറി 15:1-8)
- ഈശോയുടെ പ്രബോധനങ്ങള്‍ (1 കോറി 7:10; 1 കോറി 9:14;1 തെസ്സ 4:15)
- കര്‍ത്താവിന്‍റെ അത്താഴം (1 കോറി 11:23-25)چ
- മാമ്മോദീസ (ഗലാ 3:27-29; റോമാ 6:4-5; 1 കോറി 6:11)
- ക്രിസ്തു വിജ്ഞാനീയ ഗീതങ്ങള്‍ (ഫിലി 2:6-11; കൊളോ 1:12-20; 1 തിമോ 3:16; എഫേ 5:14)
- വിശ്വാസ പ്രഖ്യാപനങ്ങള്‍ (റോമാ 1:3-4; 3:30; 10:9; 1 കോറി 12:3; ഗലാ 2:20)
- ആമ്മേന്‍ പ്രാര്‍ത്ഥനകള്‍ (ഗലാ 6:18;1 കോറി 14:16)
- മാറാനാത്ത പ്രാര്‍ത്ഥന (1 കോറി 16:22)
- ആബ്ബാ പ്രാര്‍ത്ഥന (ഗലാ 4:6; റോമാ 8:15)
- സ്തുതിപ്പുകളും ആശീര്‍വ്വാദങ്ങളും (റോമാ 1:25; 11:36; 16:25-27; 2 കോറി 11:31)
- വിജ്ഞാന സൂക്തങ്ങള്‍ (ഗലാ 6:3; 2 കോറി 9:6; 1 കോറി 15:33)
- നന്മ-തിന്മകളുടെ പട്ടിക (1 കോറി 5-6; ഗലാ 5)
- ഗാര്‍ഹിക മര്യാദകള്‍ (1 തിമോത്തി)
പൗലോസിന്‍റെ ലേഖനങ്ങളുടെ പ്രാധാന്യം
പൗലോസിന്‍റെ ലേഖനങ്ങള്‍ ആരംഭകാലത്ത് ഏറെയൊന്നും ശ്രദ്ധാര്‍ഹങ്ങളായിരുന്നില്ല എന്നതാണു സത്യം. എന്നാല്‍ യഹൂദരും ക്രൈസ്തവരും തമ്മിലുള്ള പിളര്‍പ്പ് പൂര്‍ണ്ണമാകുകയും സഭയുടെ വളര്‍ച്ച വിജാതീയരുടെയിടയില്‍ ത്വരിതപ്പെടുകയും ചെയ്തപ്പോള്‍ വിജാതീയരുടെ അപ്പസ്തോലനും അദ്ദേഹത്തിന്‍റെ നിഗമനങ്ങളും ഏറെ പ്രസക്തമാകുകയായിരുന്നു. പൗലോസിന്‍റെ ലേഖനങ്ങളില്‍ ഇതള്‍വിടര്‍ത്തുന്ന ദൈവശാസ്ത്ര വീക്ഷണം സഭാചരിത്രത്തെ എപ്രകാരം രൂപപ്പെടുത്തി എന്ന് സംക്ഷിപ്തമായ ചില സൂചനകള്‍ നല്‍കാന്‍ മാത്രമേ ഈ പഠനത്തിന്‍റെ പരിമിതിയില്‍ സാധിക്കുകയുള്ളൂ.
പൗലോസിന്‍റെ ലേഖനങ്ങളിലെ ദൈവശാസ്ത്ര പ്രമേയങ്ങള്‍
പുതിയനിയമദൈവശാസ്ത്രത്തിന്‍റെ ഉപജ്ഞോതാവായി അറിയപ്പെടുന്ന വി. പൗലോസിന്‍റെ ലേഖനങ്ങളില്‍ ഇതള്‍വിടര്‍ത്തുന്ന ദൈവശാസ്ത്രപ്രമേയങ്ങളെ സംക്ഷിപ്തമായി വിവരിക്കാനേ ഈ പഠനത്തിന്‍റെ പരിമിതമായ പരിപ്രേക്ഷ്യത്തില്‍ സാധിക്കുകയുള്ളു.
വിശ്വാസംവഴിയുള്ള നീതീകരണം
ഹീബ്രുഭാഷയിലെ സാദക്, സദ്ദിക്, സെദെക്, സെദാക്കാ (sadaq, saddiq, sedaqa) എന്നീ പദങ്ങള്‍ക്കു സമാനമായി ഗ്രീക്കുഭാഷയിലുള്ള ദികായിയോസ് (dikaios), ദികായി യോസ്യുനേ (dikaiosyne), ദികായിയോമ (dikaioma) എന്നീ പദങ്ങളാണ് ഈ ആശയത്തെ സൂചിപ്പിക്കാനായി പൗലോസ് ഉപയോഗിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മേല്‍പ്പറഞ്ഞ മൂലഭാഷകളിലെ ആന്തരികാര്‍ത്ഥം തൃപ്തികരമാം വിധം ഉള്‍കൊണ്ട് പ്രകടിപ്പിക്കാന്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന Justification, righteousness മുതലായ വാക്കുകള്‍ക്കോ മലയാളത്തിലെ നീതീകരണം എന്ന വാക്കിനോ ആവില്ല. കാരണം, ഇവയൊക്കെ നിയമത്തെ സംബന്ധിക്കുന്ന പദങ്ങളാണ്. എന്നാല്‍, റോമ 5:16 ല്‍ സൂചിപ്പിക്കുംപോലെ, ദൈവികദാനമായ രക്ഷയെ ദ്യോതിപ്പിക്കാനാണ് ഈ പദം പൗലോസ് ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന പദമാണിത്. ആദിമാതാപിതാക്കളുടെ (ദൈവത്തെപ്പോലെയാകാനുള്ള) ദുരാഗ്രഹത്തിന്‍റെ ഫലമായുണ്ടായ വിധി മനുഷ്യവര്‍ഗ്ഗത്തിന് ശിക്ഷയ്ക്കു കാരണമായി. എന്നാല്‍, യേശുക്രിസ്തുവിലൂടെ അനുഭവവേദ്യമായ കൃപാദാനം എല്ലാ മനുഷ്യരുടെയും നീതീകരണത്തിനു വഴിതെളിച്ചു (റോമാ 5:15-16). അങ്ങനെ ദൈവവവും മനുഷ്യനും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം പുന:സ്ഥാപിക്കപ്പെട്ടു. ഇപ്രകാരം സാധിതമായ അനുരഞ്ജനം - നീതികരണം ദൈവത്തിന്‍റെ കൃപാദാനം മാത്രമാണ്.
നീതീകരണം പഴയനിയത്തില്‍ ഒരു അമൂര്‍ത്തസങ്കല്‍പ്പമല്ല, മറിച്ച്, ദൈവ - മനുഷ്യ ഉടമ്പടിബന്ധത്തിന്‍റെ വിവിധ മാനങ്ങളെ ഉള്‍കൊള്ളുന്നതാണ്. ഈ ബന്ധത്തെ ഹനിക്കുന്നതെന്തും നീതിക്കെതിരാണ്. അതിനാല്‍, അളവിലും തൂക്കത്തിലും (ലേവ്യ 19:36) സംസാരത്തിലും (സുഭ 8:8) സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളിലും (ഉല്‍പ 38:26) നീതിപൂര്‍വ്വകമായ സമീപനം നിഷ്കര്‍ഷിച്ചിരുന്നു. നീതിപാലനം രാജാക്കന്മാരുടെയും ന്യായാധിപന്മാരുടെയും ധര്‍മ്മമായിരുന്നു (നിയ 16:18-19; 1 രാജാ 10:9).
ഉടമ്പടിയില്‍ വിശ്വസ്തനായ ദൈവമാണ് യഥാര്‍ത്ഥ നീതിമാന്‍ (ഏശ 24:16). കാരണം, അവിടുന്നു തന്‍റെ രക്ഷാകര പ്രവൃത്തികളിലൂടെ (മിക്കാ 6) ഉടമ്പടി ബന്ധം മുന്നോട്ടുനയിക്കുന്നു; അടിച്ചമര്‍ത്തപ്പെടുന്നവനും (സങ്കീ 9:7-12; 103:6; സുഭാ 22:22-23). നീതിനിഷേധിക്കപ്പെടുന്ന നിഷ്കളങ്കനും (1 രാജ 8:32) ദൈവം നീതി നടത്തിക്കൊടുക്കുന്നു. ദൈവം ഇസ്രായേലിനെ ന്യായം വിധിക്കുകയും (ഏശ 3:13-15; ജറെ 2:9; ഹോസി 4:1) സൃഷ്ടികളെയെല്ലാം അതിനുസാക്ഷികളാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. (സങ്കീ 50:6; 98:7-9; മിക്കാ 6:1-2) നിയമം അനുസരിച്ചുകൊണ്ട് തന്നോട് നീതിപൂര്‍വ്വം പ്രത്യുത്തരിക്കാന്‍ നീതിമാനായ ദൈവം തന്‍റെ ജനത്തോടാവശ്യപ്പെടുന്നുണ്ട്. (നിയ 6:25; 24:10-13; ജോബ് 29:14-17). നീതി പ്രവര്‍ത്തിക്കുന്നതിലൂടെ ഒരുവന്‍ ജീവിക്കുമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു (എസെ 18:5-9; ഹബ 2:4).
പൗലോസിന്‍റെ ദൈവശാസ്ത്ര വീക്ഷണത്തില്‍ യേശുക്രിസ്തുവാണ് മനുഷ്യകുലത്തിന്‍റെ നീതിയും വിശുദ്ധീകരണവും (1 കോറി 1:30). ദൈവത്തിന്‍റെ നീതിയും മനുഷ്യന്‍റെ നീതിയും വ്യത്യസ്തമാണ് (റോമ 10:3). ദൈവനീതിയെക്കുറിച്ച് പ്രധാനമായും അഞ്ച് ആശയങ്ങളാണ് പൗലോസ് അവതരിപ്പിക്കുന്നത്.
പൗലോസ് ശ്ലീഹാ റോമക്കാര്‍ക്കും ഗലാത്തിയാക്കാര്‍ ക്കും എഴുതിയ ലേഖനങ്ങളുടെ അന്തസ്സത്ത വിശ്വാസം വഴിയുള്ള നീതീകരണമാണ്.പൗലോസിന്‍റെ വീക്ഷണമനുസരിച്ച് യേശുക്രിസ്തു മനുഷ്യന്‍റെ നീതീകരണമാണ്. നിയമം അനുശാസിക്കുന്ന പ്രവൃത്തികള്‍ അനുഷ്ഠിക്കുന്നതിലൂടെയോ സ്വന്തം കഴിവിലൂടെയോ ആരും നീതീകരിക്കപ്പെടുന്നില്ല (ഗലാ 2:6-9) നീതീകരണം ദൈവത്തിന്‍റെ ദാനമാണെങ്കിലും ഇതിനു തടസ്സമായി നില്‍ക്കുന്നത് മനുഷ്യന്‍റെ പാപാവസ്ഥയാണ്. ഈ പാപാവസ്ഥയ്ക്കുള്ള പരിഹാരം യേശുക്രിസ്തുവാണ്. യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യനു സൗജന്യമായി നല്‍കുന്ന നീതീകരണത്തെ മനുഷ്യന്‍ അംഗീകരിക്കുന്നതാണ് വിശ്വാസം. തന്മൂലം 'ദൈവത്തിന്‍റെ നീതി' (റോമ 10:3) എന്നത് ദൈവത്തിന്‍റെ ഒരു ഗുണത്തെയല്ല ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയെ മുഴുവനുമാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യനുമായുള്ള ബന്ധം പുനസ്ഥാപിക്കുക എന്നത് ഈ രക്ഷാകര പദ്ധതിയുടെ അന്തസത്ത തന്നെയാണ്. ഈ ബന്ധം നിയമാനുഷ്ഠാനത്തിലൂടെ നേടാനാവുകയില്ല (ഗലാ 3:15-25). വിശ്വാസം വെളിപ്പെടുന്നതുവരെ മാത്രമേ നിയമത്തിനു പ്രാധാന്യമുണ്ടായിരുന്നുള്ളു (3:23). പഴയ നിയമകാലത്ത് നിയമത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവനീതി ഇപ്പോള്‍ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു (റോമ 3:21-26). ഈ വെളിപാടിനെ അംഗീകരിക്കുന്നതാണ് വിശ്വാസം. ഈ വിശ്വാസം വഴിയാണ് നാം നീതീകരിക്കപ്പെടുന്നത്, അല്ലാതെ നിയമാനുഷ്ഠാനത്തിലൂടെയല്ല.
പാപാവസ്ഥയിലുള്ള മനുഷ്യന്‍റെ നീതീകരണം ദൈവത്തിന്‍റെ കൃപാവരത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ഈ കൃപാവരമാണ് യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ടത്. തന്മൂലം, യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് രക്ഷയുടെ ആധാരം (റോമാ 3:22; 5:1). വിശ്വാസം എന്നതിലൂടെ പൗലോസ് അര്‍ത്ഥമാക്കുന്നത, യേശുക്രിസ്തു തന്‍റെ രക്ഷാകര പദ്ധതിയിലൂടെ മനുഷ്യകുലത്തെ വീണ്ടെടുത്തു എന്ന അവബോധത്താല്‍ പ്രേരിതനായി ഒരുവന്‍ തന്നെതന്നെ യേശുവിനോടും അവിടത്തെ വചനത്തോടും അനുരൂപപ്പെടുത്താനും ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നതാണ്. ദൈവവുമായി തനിക്കുള്ള ബന്ധം തന്‍റെ കഴിവുകളുടെയോ പുണ്യപ്രവൃത്തികളുടെയോ ഫലമായി ഉളവായതല്ല; മറിച്ച്, ദൈവത്തിന്‍റെ കൃപകൊണ്ടുമാത്രമാണ് എന്നതാണ് നീതീകരിക്കപ്പെട്ട മനുഷ്യന്‍റെ ചിന്ത.
വിശ്വാസംവഴിയുള്ള നീതീകരണത്തെ പഴയനിയമത്തിലെ ഉദാഹരണങ്ങളിലൂടെയാണ് പൗലോസ് സമര്‍ത്ഥിക്കുന്നത്. അബ്രാഹം നീതീകരിക്കപ്പെട്ടതു വിശ്വാസം വഴിയാണ് (റോമ 4: ഗലാ 3:6-9 രളൃ. ഉല്‍പ 15:6). ഹബ 2:4 നെ ആധാരമാക്കിയാണ് വിശ്വാസം വഴിയുള്ള നീതികരണം എന്ന ആശയം പൗലോസ് അവതരിപ്പിക്കുന്നത് (റോമ 1:17; ഗലാ 3: 11). സങ്കീര്‍ത്തനങ്ങളും പൗലോസിന്‍റെ ചിന്തയ്ക്കു പിന്‍ബലമേകുന്നുണ്ട് (രളൃ. സങ്കീ 9:4; 7-8; 17:1-15; 18:20; 35:22-25; 143:2; റോമാ 3:20; ഗലാ 2:16). അവസാനകാലങ്ങളില്‍ ദൈവം എല്ലാവരെയും നീതീകരിക്കും എന്ന പ്രവാചകദര്‍ശനവും പൗലോസിന്‍റെ ചിന്തയെ സ്വാധീനിച്ചിട്ടുണ്ട് (രളൃ. ഏശ 46:12-13 ജറെ 31: 31-34).
എന്നാല്‍ പൗലോസിന്‍റെ ഈ ദൈവശാസ്ത്ര വിചിന്തനം യാക്കോ 2:18-26 ന് വിരുദ്ധമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണെന്നും വിശ്വാസം വഴിയല്ല പ്രവൃത്തികള്‍ മുഖേനയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നും യാക്കോബ് വ്യക്തമാക്കുന്നു. (2:17,26). എന്നാല്‍ സൂക്ഷ്മാപഗ്രഥനത്തില്‍ ഇവ രണ്ടും വിരുദ്ധാശയങ്ങളല്ലെന്ന് വ്യക്തമാകും; വിശ്വാസം പ്രവൃത്തിയിലൂടെയാണ് പൂര്‍ണ്ണമാകുന്നത് എന്നാണ് യാക്കോബ് അര്‍ത്ഥമാക്കുന്നത്. നീതീകരണത്തിന്‍റെ അനന്തരഫലം സുകൃതജീവിതമാണെന്ന പൗലോസിന്‍റെ ആശയവുമായി ഇത് ഒത്തുപോകുന്നുണ്ട്.വിശ്വാസം വഴിയുള്ള നീതീകരണം എന്ന ആശയം 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ലൂഥറും കത്തോലിക്കാസഭയും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസത്തിനു കാരണമായി.
കൃപാവരം
മനുഷ്യന്‍റെമേല്‍ ദൈവം ചൊരിയുന്ന അതുല്യമായ അനുഗ്രഹത്തെയാണ് പൗലോ സ് കൃപാവരം എന്നതിലൂടെ വിവക്ഷിക്കുന്നത്. പഴയനിയമത്തില്‍ കൃപാവരത്തിന്‍റെ മാധ്യമംഉടമ്പടിയായിരുന്നെങ്കില്‍ പുതിയ നിയമത്തില്‍ അത് യേശുക്രിസ്തുവാണ്.
മൂന്ന് ഹീബ്രുപദങ്ങളാണ് പഴയനിയമത്തില്‍ ഈ ആശയം സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്: 1. ഹെന്‍ (Hen): രാജാക്കന്മാരും മറ്റും തങ്ങളുടെ അധീനതയിലുള്ളവരോട് കാണിക്കുന്ന ഔദാര്യപൂര്‍ണ്ണമായ അനുഭാവം (cfr. 1 സാമു 27:5; എസ്തേ 5:8). ദൈവകൃപയെ സൂചിപ്പിക്കാനും (ഉല്‍പ 6:8; പുറ 33:12ളള; ജറെ 31:2) ദൈവാനുഗ്രഹം നേടിത്തരുന്ന വൈയക്തികഗുണങ്ങളെ സൂചിപ്പിക്കാനും (സുഭാ 3:4; 3:34; 13:15) ഈ പദം ഉപയോഗിച്ചിട്ടുണ്ട്. 2. ഹനാന്‍ (Hanan): ആവശ്യനേരത്ത് ഒരുവനു നല്‍കുന്ന അനര്‍ഹമായ കാരുണ്യത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇതിന് പ്രേരകമായിട്ടുള്ളത് സ്നേഹമാണ് (നിയ 7:7-8). എന്നാല്‍, ഇത് അവകാശമല്ല (പുറ 33:19). ഏകാന്തതയിലും (സങ്കീ 25:16) വിശപ്പിലും (111:4-5) പാപത്തിലും (51:1) തങ്ങളോട് കരുണ കാട്ടണമെന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പശ്ചാത്തപിക്കുന്നവരോടും (ആമോ 5:15) തന്നെ കാത്തിരിക്കുന്നവരോടും (ഏശ 30:18) ദൈവം കാരുണ്യം കാണിക്കും. പ്രത്യാശിക്കുന്നവര്‍ക്കും (ഉല്‍പ 43:29; സംഖ്യ 6:25) ദൈവത്തെ സ്തുതിക്കുന്നവര്‍ക്കുമാണ് (സങ്കീ 67) അവിടുത്തെ കാരുണ്യം ലഭിക്കുന്നത്. 3. ഹെസെദ് (Hesed): അനുകമ്പ എന്നാണ് ഈ പദത്തിന്‍റെ സാമാന്യാര്‍ത്ഥം. ആദ്യ രണ്ടു പദങ്ങള്‍ ചില പ്രത്യേക അവസരങ്ങളില്‍ ദൈവം നല്‍കുന്ന കാരുണ്യത്തെ സൂചിപ്പിക്കുന്നതാണെങ്കില്‍ ഹെസദ് ദൈവത്തിന്‍റെ മാറ്റമില്ലാത്ത കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്.
കാരിസ് (charis) എന്ന ഗ്രീക്കുപദമാണ് കൃപയെ സൂചിപ്പിക്കാന്‍ പുതിയനിയമം ഉപയോഗിക്കുന്നത്. കാരിത്തൂന്‍ (charitun) എന്ന ക്രിയാരൂപം, കൃപ നല്‍കുന്നതിനെയാണ് സൂചിപ്പിക്കുന്നത് (എഫേ 1:6). കെക്കരിത്തോമെനേ (Kecharitomene) എന്ന പ്രത്യയരൂപമാകട്ടെ, സംബോധനാ രൂപത്തിലാണ് ഉപയോഗിച്ചിട്ടുള്ളത് (ലൂക്കാ 1:28). കരിസ്മ (charisma), കാരിസ് (charis) എന്നീപദങ്ങള്‍ സമാനാര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. കരിസ്മ എന്നത്, ഒരുവനോട് കാണിക്കുന്ന കാരുണ്യത്തെ സൂചിപ്പിക്കുമ്പോള്‍ (റോമാ 1:11; 1 കോറി 1:7) കാരുണ്യം കാണിക്കുന്നതിനു കാരണമായ മനോഭാവത്തെയാണ് കാരിസ് എന്ന പദം സൂചിപ്പിക്കുന്നത് (റോമാ 1:7; 16:20; 1 പത്രോ 1:2; 2 പത്രോ 1:2; 2 യോഹ 3; വെളി 1:4; 22:21).
പൗലോസിന്‍റെ വിചിന്തനങ്ങളുടെ കേന്ദ്രാശയം ദൈവകൃപയാണ്. യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം തന്നെയാണ് കൃപ (റോമാ 1:7; 1 കോറി 1:3). യേശുവിന്‍റെ രക്ഷാകരപ്രവൃത്തികളെ ദൈവകൃപയുടെ ആവിഷ്കരണങ്ങളായാണ് പൗലോസ് അവതരിപ്പിക്കുന്നത്. ഉദാ: സമ്പന്നനായിരുന്നിട്ടും അവിടുന്ന് ദരിദ്രനായി (2 കോറി 8:9); ദാസന്‍റെ രൂപം സ്വീകരിച്ചു (ഫിലി 2:7); നാം പാപികളായിരിക്കെ (റോമാ 5:8) ദൈവം നമ്മെ യേശുക്രിസ്തുവില്‍ അനുരഞ്ജിപ്പിച്ചു (2 കോറി 5:18-21).
യേശുക്രിസ്തുവിന്‍റെ കൃപ നമുക്ക് ലഭിക്കുന്നത് കുരിശിലൂടെയാണ് (റോമാ 5:9; ഗലാ 2:20; എഫേ 1:20). വിശ്വാസം വഴി കൃപയാലാണ് നാം നീതികരിക്കപ്പെടുന്നത് (റോമാ 3:24-25; 5:1). കൃപ നിയമത്തിനും (ഗലാ 5:2-6) മാനുഷിക വിജ്ഞാനത്തിനും (2 കോറി 1:12) പാപത്തിനും (റോമാ 6:1) അതീതമാണ്. പാപത്തില്‍ മൃതരായ നമ്മെ കൃപാസമ്പന്നനായ ദൈവം യേശുക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു (എഫേ 2:4-5).
വിശ്വാസം വഴിയാണ് കൃപ ലഭിക്കുന്നത് (എഫേ 2:8). കൃപയുടെ സമൃദ്ധി പ്രകടമാകുന്നതും വിശ്വാസത്തിലാണ് (റോമാ 5:17; എഫേ 1:7; 2:7). കൃപയെ അവഗണിക്കുന്നതും (1 കോറി 15:2; 2 കോറി 6:1) നിയമാനുഷ്ഠാനത്തില്‍ വ്യഗ്രതകാണിക്കുന്നതും (ഗലാ 2:21; 5:4) കൃപയെ നിഷ്ഫലമാക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിച്ച് ജീവിക്കുന്നവന്‍റെ ഏതു പാപവും ദൈവം തന്‍റെ കൃപയാല്‍ ക്ഷമിക്കും (1 തിമോ 1:15-16).
ദൈവകൃപ ലോകംമുഴുവന്‍ വ്യാപിക്കുന്നത് കൃപ സ്വീകരിച്ച ജനങ്ങളിലൂടെയാണ് (2 കോറി 4:15). വിജാതീയരോട് സുവിശേഷം പ്രസംഗിക്കാനുള്ള കൃപ (charisma) പൗലോസിന് നല്‍കിയത് ദൈവമാണ് (റോമാ 15:15; എഫേ 3:8). സഭയിലെ ദാനങ്ങളും സ്ഥാനങ്ങളും ദൈവകൃപയാല്‍ ലഭിക്കുന്നതാണ് (റോമാ 12:3-8; എഫേ 4:7,11-12). തന്‍റെ ലേഖനങ്ങളില്‍ അഭിവാദനങ്ങളും ആശംസകളും അര്‍പ്പിക്കാന്‍ പൗലോസ് കൃപ എന്ന പദം ഉപയോഗിക്കുന്നുണ്ട് (റോമാ 16:20; ഗലാ 6:18; 1 കോറി 1:3; 16:23; 2 കോറി 1:2; 13:13; എഫേ 1:2; 6:24; ഫിലി 1:2; 4:23; കൊളോ 1:2; 4:18; 1 തെസ 1:1; 5:8).
വിശുദ്ധീകരണം
നന്മയില്‍ വളര്‍ന്നുകൊണ്ട് ദൈവവുമായി താദാത്മ്യം പ്രാപിക്കുന്ന പ്രക്രിയയെയാണ് പൗലോസ് വിശുദ്ധീകരണം എന്ന് വിവക്ഷിക്കുന്നത്. ഇത് കൃപാവരത്താല്‍ സംജാതമാകുന്ന അവസ്ഥയോ മനുഷ്യന്‍ ലക്ഷ്യംവയ്ക്കേണ്ട പൂര്‍ണ്ണതയുടെ അവസ്ഥയോ ആകാം.
ദൈവവുമായുള്ള മനുഷ്യ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് പഴയനിയമം വിശുദ്ധിയെക്കുറിച്ച് പഠിപ്പിക്കുന്നത്. വിശുദ്ധിയെക്കുറിച്ചുള്ള വീക്ഷണത്തില്‍ പ്രധാമായും രണ്ടു ചിന്താധാരകള്‍ പഴയനിയമത്തില്‍ കാണാം. ഒന്നാമതായി, വിശുദ്ധി ദൈവമായ കര്‍ത്താവിന് ഏറ്റവും അനുയോജ്യമായ വിശേഷണമാണ്; വിശുദ്ധിയുടെ ഉറവിടം ദൈവമാണ് (ജോബ് 6:10; ഏശ 6:1-5; 11:9). ദൈവം വിശുദ്ധിയുടെ പൂര്‍ണ്ണതയാകയാല്‍ ദൈവിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന പുരോഹിതരും, ദൈവസാന്നിധ്യമുള്ള ദേവാലയവും വിശുദ്ധമാണ് (പുറ 19:6; 29:42-44; ലേവ്യ 19:2; 1 രാജാ 9:3; ജറെ 1:5). "ഇസ്രായേലിന്‍റെ പരിശുദ്ധന്‍" എന്നാണ് യാഹ്വെ അറിയപ്പെട്ടിരുന്നത്. ദൈവത്തിന്‍റെ പരിശുദ്ധിയെക്കുറിച്ച് ഏശയ്യായും (5:16; 40:25) എസെക്കിയേലും (20:41; 28:22,25; 36:23; 38:16; 38:27) പ്രതിപാദിക്കുന്നുണ്ട്. രണ്ടാമതായി, ദൈവത്തിന്‍റെ പരിശുദ്ധിക്ക് മനുഷ്യന്‍ സാക്ഷ്യം വഹിക്കുന്നത് ധാര്‍മ്മികമായ ജീവിതം നയിച്ചുകൊണ്ടാണ് എന്ന ചിന്ത പ്രവാസാനന്തര കാലഘട്ടത്തില്‍ ശക്തി പ്രാപിച്ചു. അതായത്, ധാര്‍മ്മികജീവിതവും വിശുദ്ധിയും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്നതാണ് ഈ ചിന്തയുടെ ഉള്ളടക്കം (ഏശ 5; ജറെ 5-7; ആമോ 4-5; ഹോസി 11; എസെ 18).
"വിശുദ്ധീകരണം" എന്ന പദത്തിന് ദൈവശാസ്ത്രപരമായ മാനം നല്‍കുന്നത് പൗലോസ്ശ്ലീഹായാണ്.ക്രിസ്ത്യാനികളെ 'വിശുദ്ധര്‍' എന്നാണ് പൗലോസ് അഭിസംബോധന ചെയ്തിരുന്നത് (റോമാ 1:7; 12:13; 1 കോറി 6:1; 16:1). ധാര്‍മ്മികമായി പൂര്‍ണ്ണത പ്രാപിച്ചവര്‍ എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ ഈ പദം ഉപയോഗിക്കുന്നത്. മറിച്ച്, ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളില്‍ ഭാഗഭാക്കുകളായവര്‍ എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍, കാലക്രമത്തില്‍ വിശുദ്ധിയുടെ മാനദണ്ഡം ധാര്‍മ്മികതയാണെന്ന ചിന്ത ആദിമസഭയില്‍ വളര്‍ന്നുവന്നു (എഫേ 1:4; 5:26). വിശുദ്ധീകരണത്തെക്കുറിച്ച് രണ്ടുതരം ചിന്താഗതികള്‍ ആദിമസഭയില്‍ നിലനിന്നിരുന്നു. ഒന്നാമതായി, സഭ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനവും വിശുദ്ധിയുടെ ഉറവിടമായ കര്‍ത്താവിന്‍റെ ശരീരവുമാകയാല്‍, സഭയില്‍ അംഗങ്ങളാകുന്നതിലൂടെയാണ് ഒരുവന്‍ വിശുദ്ധീകരിക്കപ്പെടുന്നത്. രണ്ടാമതായി, സഭയെ നിയന്ത്രിക്കുന്നത് ദൈവമാകയാല്‍ വിശുദ്ധീകരണം തികച്ചും ദൈവികമായ കര്‍മ്മമാണ്.
പാപത്തിന്‍റെ ബന്ധത്തിലാണ്ടുപോയ മനുഷ്യരെ ദൈവം തന്‍റെ കൃപയാല്‍ വിശുദ്ധീകരിച്ചു. കാരണം, ദൈവകൃപ, പാപത്തേക്കാള്‍ ശക്തമായിരുന്നു (റോമാ 5:20). ദൈവകൃപയാല്‍ മനുഷ്യന്‍ നീതികരിക്കപ്പെടുമ്പോഴാണ് വിശുദ്ധീകരണം സാധ്യമാകുന്നത്. ഗതകാലതിന്മകളെ വിട്ടുപേക്ഷിച്ച് നന്മയുടെ വഴിയിലൂടെ ചരിക്കുന്നതാണ് വിശുദ്ധീകരണം (റോമാ 6:4,12-19). ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്‍റെ ലക്ഷണമായ വിശുദ്ധീകരണം നന്മയിലും ധാര്‍മ്മികതയിലുമുള്ള വളര്‍ച്ചയെയാണ് ലക്ഷ്യം വയ്ക്കുന്നത് (1 തെസ 4:3,7).
വിശുദ്ധീകരണം, അടിസ്ഥാനപരമായി പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ് (റോമാ 7:6; 8:2-4,11-13; ഗലാ 5:16-25). നീതിമത്കരണത്തിനു സമാനമായ അര്‍ത്ഥത്തിലും "വിശുദ്ധീകരണം" എന്ന പദം പൗലോസ് ഉപയോഗിക്കുന്നുണ്ട്. 1 കോറി 1:2-ല്‍, ക്രിസ്തുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരെയാണ് വിശുദ്ധര്‍ എന്ന് പൗലോസ് അഭിസംബോധന ചെയ്യുന്നത്. നമ്മുടെ വിശുദ്ധീകരണമായ ക്രിസ്തുവാണ് (1 കോറി 1:30) നമ്മുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം മാനദണ്ഡമായി വര്‍ത്തിക്കേണ്ടത് (cfr. 1 കോറി 10:14-21; 2 കോറി 6:14-7:1; എഫേ 1:4-5). ഈ വാചകങ്ങളിലെല്ലാം വിശുദ്ധീകരിക്കപ്പെട്ടവന്‍ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കപ്പെട്ടവനാണ് എന്ന പഴയനിയമചിന്തയുടെ അനുരണനങ്ങള്‍ ദര്‍ശിക്കാനാവും.
ക്രിസ്തീയ ജീവിതത്തിന്‍റെ ആരംഭത്തെ മാത്രമല്ല, ക്രിസ്തീയ ജീവിതത്തെ മുഴുവന്‍ നിരന്തരമായ ഒരു വിശുദ്ധീകരണ പ്രക്രിയയായിട്ടാണ് പൗലോസ് വിലയിരുത്തുന്നത് (റോമാ 12:1; 15:16; 2 കോറി 7:1; എഫേ 2:19-22). ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തോടെയാണ് ഈ വിശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാകുന്നത് (1 തെസ 5:23-24). ഈ വിശുദ്ധീകരണ പ്രക്രിയ അഭംഗുരം മുമ്പോട്ടു നയിക്കുന്നത് ക്രിസ്തുവാണ് (എഫേ 5:25-30). ക്രിസ്ത്യാനിയാകുന്നതോടെ ഒരുവന്‍റെ വിശുദ്ധീകരണം പൂര്‍ണ്ണമാകുന്നില്ല, ആരംഭിക്കുന്നതേയുള്ളൂ, എന്ന ആശയം പൗലോസ് ആവര്‍ത്തിച്ചു പറയുന്നുണ്ട് (എഫേ 4:12-13; 22-5:2; ഫിലി 1:9-11; 2:12-16).
വീണ്ടെടുപ്പ്
ഒരു പ്രത്യേക മോചനദ്രവ്യം കൊടുത്തു വീണ്ടെടുക്കുക എന്ന നൈയാമിക പ്രവൃത്തി വി. ഗ്രന്ഥത്തില്‍ ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. നിയമാവര്‍ത്തനം, സങ്കീര്‍ത്തനങ്ങള്‍, രണ്ടാം ഏശയ്യാ എന്നിവിടങ്ങളിലാണ് ഈ ആശയം വളരെ കൂടുതലായി കാണുന്നത്.
പാദാ, ഗാല്‍, കോപെര്‍ എന്നീ ഹീബ്രുപദങ്ങളാണ് വീണ്ടെടുപ്പ് (മോചനം) എന്ന അര്‍ത്ഥത്തില്‍ പഴയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മൂന്നു പദങ്ങള്‍ സാധാരണ വ്യവഹാരഭാഷയില്‍ ഉപയോഗിച്ചിരുന്ന പദങ്ങളാണ്. അവകാശം നഷ്ടപ്പെട്ടുപോയ വസ്തുവിനെ അല്ലെങ്കില്‍ വ്യക്തിയെ അല്ലെങ്കില്‍ അവസ്ഥയെ പ്രത്യേക തുകകൊടുത്ത് വീണ്ടെടുത്ത് പുന:സ്ഥാപിക്കുക എന്നതാണ് ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
പാദാ (Pada): വീണ്ടെടുപ്പിനെ സൂചിപ്പിക്കാന്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ചിരിക്കുന്ന ഈ പദം വ്യക്തികളെ അല്ലെങ്കില്‍ മൃഗങ്ങളെ വീണ്ടെടുക്കുക എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. അടിമയായി വില്‍ക്കപ്പെട്ട സ്ത്രീ (പുറ 21:8), കാളയും അതിന്‍റെ ഉടമസ്ഥനും (21:30) മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലുകള്‍, (സംഖ്യ 18:15-16) എന്നിവയെ നിശ്ചിത മോചനദ്രവ്യം നല്‍കി വീണ്ടെടുക്കാം. ലേവ്യരെ മോചനദ്രവ്യമായി പരിഗണിച്ചിട്ടുണ്ട് (3:46-51). പാദാ എന്നപദം ആരാണ്, ആര്‍ക്കാണ്, എന്തിനാണ് മോചനദ്രവ്യം കൊടുക്കുന്നത് എന്ന കാര്യം പരിഗണിക്കാതെ മോചനം എന്ന പ്രവൃത്തിയില്‍ ഒതുങ്ങി നില്‍ക്കുന്നു.
ഗാല്‍ (Gaal): ഒരുവന്‍ ദരിദ്രനായിത്തീര്‍ന്ന് തന്‍റെ അവകാശത്തിന്‍റെ ഒരു ഭാഗം വിറ്റാല്‍ അടുത്ത ചാര്‍ച്ചക്കാരന്‍ അതു വീണ്ടെടുക്കുന്നതിന് 'ഗാല്‍' എന്ന പദം ഉപയോഗിക്കുന്നു (ലേവ്യ 25:25). റൂത്ത് 4:4-6, ജറെ 32:6-12 എന്നിവിടങ്ങളിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ദരിദ്രനായിത്തീര്‍ന്നു സ്വയം അന്യര്‍ക്കായി വില്‍ക്കപ്പെട്ട ഒരുവനെ അവന്‍റെ ബന്ധുക്കള്‍ക്ക് വീണ്ടെടുക്കാമെന്നും ഇവിടെ പറയുന്നുണ്ട് (ലേവ്യ 25:47-49). അതിനാല്‍ ഇവിടെ വീണ്ടെടുക്കുന്നവന്‍ ഒരു ബന്ധുവാണ്. വസ്തുവകകളുടെ വീണ്ടെടുപ്പിനെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കുന്നുണ്ട് (ലേവ്യ 27:15മ, 19-20).
കോപെര്‍ (Kopher): ഈ മൂലക്രിയാധാതുവിന് മതപരമായ അര്‍ത്ഥമാണുള്ളതെങ്കിലും കോപെര്‍ എന്ന നാമപദം മോചനദ്രവ്യം (പുറ 21:30; സങ്കീ 49:7-8) കോഴ (ആമോ 5:12) എന്നീ അര്‍ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്.
വീണ്ടെടുപ്പ്, മോചനം, മോചനദ്രവ്യം എന്നീ പദങ്ങള്‍ മേല്‍വിവരിച്ചതിനു പുറമേ പ്രതീകാത്മകമായും വി. ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേല്‍ മുഴുവന്‍റെയും, വ്യക്തികള്‍ ഓരോരുത്തരുടെയും മോചനം എന്നീ അര്‍ത്ഥങ്ങളില്‍ ഈ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ദൈവമാണ് ഇവിടെ വീണ്ടെടുപ്പു നടത്തുന്നത്.
ദൈവത്തിന്‍റെ രക്ഷാകര പ്രവൃത്തികളെ വീണ്ടെടുപ്പ് (മോചനം) എന്നു വിളിക്കാം. ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നു ഇസ്രായേല്‍ ജനതയെ മോചിപ്പിച്ചതിനെ സൂചിപ്പിക്കാനാണ് ഈ ആദ്യത്തെ രണ്ടുപദങ്ങളും കൂടുതലായി ഉപയോഗിച്ചിരുന്നത്. ദൈവം ഇതു സാധിച്ചതു തന്‍റെ സ്വന്തം ശക്തിയാലാണ്, എന്തെങ്കിലും മോചനദ്രവ്യം നല്‍കിയില്ല (പുറ 6:6; 15:13; നിയ 7:8; 9:26; 13:6; 15:15; 24:18; ഹോസി 13:14; മിക്ക 6:4). ദുരിതത്തില്‍നിന്നും പ്രവാസത്തില്‍നിന്നും കര്‍ത്താവ് ഇസ്രായേലിനെ മോചിച്ചു (2 സാമു 4:8; 1 രാജാ 1:29; സങ്കീ 29:22; 78:42; ജറെ 31:11).
രണ്ടാം ഏശയ്യായുടെ ഒരു സുപ്രധാന വിഷയം മോചനമാണ് (ഏശ 43:1; 44:22-23; 52:9). ദൈവത്തെ ഏശയ്യാ പ്രവാചകന്‍ രക്ഷകന്‍ എന്നു വിളിക്കുന്നുണ്ട് (44:24; 47:4). തന്‍റെ സ്വന്തം ജനമായതുകൊണ്ടാണ് അവിടുന്ന് അവരെ രക്ഷിച്ചത്.
'വീണ്ടെടുപ്പിനെ' സൂചിപ്പിക്കാന്‍ പൗലോ സ് ഉപയോഗിക്കുന്നത് ഗ്രീക്കിലെ മൂലപദമായ ലിത്രോ (Lytro) യും അതിന്‍റെ മറ്റു രൂപങ്ങളുമാണ്. ഗ്രീക്കിലെ സാമൂഹിക സംവിധാനത്തില്‍ ഈ വാക്ക് അടിമകളുടെയും തടവുകാരുടെയും സ്വാതന്ത്ര്യത്തിനായി ദേവാലയത്തില്‍ അര്‍പ്പിക്കുന്ന മോചനദ്രവ്യത്തെ സൂചിപ്പിക്കുന്നു. മോചനം, മോചനദ്രവ്യം തുടങ്ങിയപദങ്ങള്‍ വളരെ കുറച്ചുമാത്രമേ പുതിയനിയമത്തില്‍ ഉപയോഗിക്കുന്നുള്ളൂ. തന്‍റെ പീഡാസഹനത്തെയും മരണത്തെയും മോചനദ്രവ്യമായി യേശു അവതരിപ്പിക്കുന്നുണ്ട് (മത്താ 20:28; മര്‍ക്കോ 10:45). ഈ പ്രസ്താവനയ്ക്ക് ഏശയ്യായിലെ കര്‍ത്തൃദാസനുമായി ബന്ധമുണ്ട് (ഏശ 53:5-6, 10). ദൈവഹിതത്തിന് സ്വയം വഴങ്ങിയ യേശു അവിടുത്തേക്ക് സ്വയം സമര്‍പ്പിച്ചു. എല്ലാവര്‍ക്കുമുള്ള പാപമോചനത്തിനാണ് യേശു തന്‍റെ ജീവനെ മോചനദ്രവ്യമായി നല്‍കിയത് (1 തിമോ 2:6; തീത്തോ 2:14). യേശു കുരിശുമരണംവഴി തന്‍റെ ജീവനെ മോചനദ്രവ്യമായി നല്‍കി അനേകരുടെ രക്ഷ സാധിച്ചു (1 തിമോ 2:6). ഇവിടെ വീണ്ടെടുപ്പിന്‍റെ ഗുണം ലഭിക്കുന്നത് വീണ്ടെടുക്കപ്പെടുന്നവനാണ്. കര്‍ത്താവിന്‍റെ സഹനദാസനെക്കുറിച്ചുള്ള ഗീതത്തില്‍ ഈ ആശയം കാണാം (ഏശ 53:6, 12). യേശു തന്‍റെ ജീവന്‍ മോചനദ്രവ്യമായി നല്‍കിയത് ആര്‍ക്ക് എന്ന ചോദ്യം പ്രസക്തമാണ്. പിതാവിന്‍റെ ഹിതത്തിന് സ്വയം സമര്‍പ്പിച്ച പുത്രന്‍, പിതാവിനു തന്നെയാണോ മോചനദ്രവ്യമായി തന്‍റെ ജീവിതം നല്‍കിയത്. അഗസ്റ്റിനെപ്പോലെ ചില സഭാപിതാക്കന്മാര്‍ പിശാചിനാണ് യേശു മോചനദ്രവ്യം നല്‍കിയതെന്നു പറഞ്ഞു. ആര്‍ക്ക് മോചനദ്രവ്യം നല്‍കി എന്നതിനേക്കാളും പ്രസക്തം, മനുഷ്യനു രക്ഷ ലഭിച്ചു എന്നതാണ്.
വീണ്ടെടുപ്പിന് ശരീരത്തിന്‍റെ ഉയിര്‍പ്പ് എന്നയര്‍ത്ഥത്തില്‍ യുഗാന്ത്യോന്മുഖമായ ഒരുതലം വി. പൗലോസില്‍ കാണാം (റോമാ 8:23). ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം മനുഷ്യനെ സ്വന്തമാക്കലാണ് (എഫേ 1:14). യേശു തന്‍റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴിയാണ് വീണ്ടെടുപ്പ് നടത്തിയതെന്ന് പൗലോസ് ശ്ലീഹാ തന്‍റെ ലേഖനങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. അവന്‍ തിന്മയില്‍നിന്നു നമ്മെ മോചിച്ചു (തീത്തോ 2:14). സ്വന്തം രക്തത്താല്‍ ആവിടുന്നു നമ്മെ ദൈവസന്നിധിയിലെത്തിച്ചു. യേശുക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിലൂടെ നമ്മള്‍ നീതീകരിക്കപ്പെടുന്നു (റോമാ 3:24). നമ്മുടെ വീണ്ടെടുപ്പിനു വേണ്ടിയാണ് അവിടുന്ന് മരിച്ചത് (1 കൊളോ 1:30; എഫേ 1:7).
വീണ്ടെടുപ്പിനെ സൂചിപ്പിക്കാന്‍ വിലയ്ക്കു വാങ്ങപ്പെടുക എന്ന വാക്കും പൗലോസ് ഉപയോഗിച്ചിട്ടുണ്ട് (1 കോറി 6:20; 7:23). നമ്മുടെ രക്ഷയ്ക്കായി യേശു കൊടുത്തവില അവിടുത്തെ ജീവനാണ്. നിയമത്തിന്‍റെ ശാപത്തില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ ശപിക്കപ്പെട്ട കുരിശുതന്നെ അവിടുന്ന് തിരഞ്ഞെടുത്തു (ഗലാ 3:3). പുതിയനിയമത്തില്‍ രക്ഷാകര പ്രവര്‍ത്തനത്തെ കുറിക്കാന്‍ വീണ്ടെടുപ്പ് എന്ന വാക്ക് വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാല്‍, ക്രമേണ ആ വാക്ക് ദൈവശാസ്ത്രത്തില്‍ രക്ഷാകര പ്രവര്‍ത്തനങ്ങളെയെല്ലാം സൂചിപ്പിക്കാന്‍ ഉപയോഗിച്ചുതുടങ്ങി.
പൗലോസിന്‍റെ സഭാദര്‍ശനം
വിളിച്ചുകൂട്ടപ്പെട്ടവര്‍ എന്നര്‍ത്ഥമുള്ള എക്ളേസിയ എന്ന ഗ്രീക്കുപദമാണു സഭയെ സൂചിപ്പിക്കാനായി പൗലോസ് ഉപയോഗിക്കുന്നത്. ഈ പദത്തിന് പല അര്‍ത്ഥതലങ്ങളുണ്ട്. (1) യേശുവില്‍ വിശ്വസിക്കുന്നവരുടെ പ്രാദേശിക സമൂഹം. (2) യേശുവില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരെയും പൊതുവായി വിളിക്കുന്ന സംജ്ഞ. (3) സംഘടിതമായ ഏതാനും വിശ്വാസികളുടെ കൂട്ടായ്മ. പൗലോസിന്‍റെ സഭാദര്‍ശനത്തിലെ സുപ്രധാനമായ കാഴ്ചപ്പാടുകള്‍ താഴെപ്പറയുന്നവയാണ്:
വിശുദ്ധജനം: യേശുവിന്‍റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെടുകയും നീതീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്തവരുടെ സമൂഹമാണ് സഭ (1 കോറി 1:2). പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലാണ് ദൈവജനം വിശുദ്ധീകരിക്കപ്പെടുന്നത് (റോമാ 15:16; 1 കോറി 14:33; 2 കോറി 1:1; എഫേ 2:19; 5:26). വിശുദ്ധമാകുന്നതിലൂടെ സഭാംഗങ്ങള്‍ ക്രിസ്തുവിന്‍റെ വിശുദ്ധിയില്‍ പങ്കുകാരാകുന്നു (1 കോറി 1:30). സഭ പിതാവിന്‍റെയും (1 തെസ 4:7) പുത്രന്‍റെയും (1 കോറി 1:2; 6:11; എഫേ 5:26) പരിശുദ്ധാത്മാവിന്‍റെയും (റോമാ 8) പ്രവര്‍ത്തനഫലമായി രൂപം കൊണ്ടതാണ് എന്ന ആശയമാണ് വിശുദ്ധ ജനം എന്ന സങ്കല്‍പത്തിനു പിന്നിലുള്ളത്. സംഭാംഗങ്ങള്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവരാണ്.
വിശ്വാസികളുടെ സമൂഹം: തങ്ങളെ വിശുദ്ധ ജനമായി വിളിച്ചുചേര്‍ത്ത ദൈവത്തോടുള്ള ജനത്തിന്‍റെ പ്രത്യുത്തരമാണ് വിശ്വാസം. ഇപ്രകാരം വിശ്വസിക്കുന്ന സമൂഹത്തോടു ദൈവം വിശ്വസ്തനായിരിക്കും (1 കോറി 1:9; 10:13; 2 കോറി 1:18; 1 തെസ 5:24; ഹെബ്രാ 2:17; 3:2; 1 യോഹ 1:9). ഈ വിശ്വാസം വഴിയാണ് ദൈവജനം നീതീകരിക്കപ്പെടുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും.
ദാസന്‍മാരുടെ സമൂഹം: തന്നെത്തന്നെ ദാസനാക്കിയ ക്രിസ്തുവിനെ (ഫിലി 2:7) പ്രതി വിശ്വാസികള്‍ അന്യോന്യം ദാസന്മാരാണ് (2 കോറി 4:5; ഗലാ 5:13). എല്ലാവരെയും നേടേണ്ടതിനു വിശ്വാസി എല്ലാവരുടെയും ദാസനാകണം (1 കോറി 9:19). യേശുവിന്‍റെ പ്രബോധനങ്ങളുടെയും മാതൃകയുടെയും വെളിച്ചത്തിലാണ് ഈ സങ്കല്പം ആദിമസഭയില്‍ രൂപപ്പെട്ടുവന്നത് (മത്താ 6:24; 10:24; 20:27; മര്‍ക്കോ 10:44; ലൂക്കാ 17:10; യോഹ 13:16). തങ്ങളെത്തന്നെ ദൈവത്തിന്‍റെ ദാസന്മാരായി ചിത്രീകരിക്കുക എന്നത് ആദിമ സഭയിലെ പാരമ്പര്യമായിരുന്നു (റോമാ 1:1; ഫിലി 1:1; യാക്കോ 1:1; 2 പത്രോ 1:1; യൂദാ 1:1; വെളി 1:1). ഈ മനോഭാവമാണു സഭയിലെ കൂട്ടായ്മയുടെ അടിസ്ഥാനം. എന്നാല്‍ ഈ ദാസ്യം ഭയമോ പാരതന്ത്ര്യമോ ആയിരുന്നില്ല. മറിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രകടനമായിട്ടാണ് പൗലോസ് വിലയിരുത്തുന്നത് (റോമാ 6:18; 8:12-15; ഗലാ 4:3; 5:1). സഭയിലെ അധികാരികളെ ശുശ്രൂഷകരായി പരിഗണിച്ചിരുന്നതിന്‍റെ കാരണവും ഇതുതന്നെയായിരുന്നു (അപ്പ 6:1; 2 കോറി 8:9; 1 കോറി 12:5).
ദൈവജനം: സഭയെക്കുറിച്ച് പുതിയനിയമത്തിലുള്ള വിവിധ സങ്കല്‍പ്പങ്ങളില്‍ ഏററവും സുന്ദരമായത് സഭ ദൈവജനമാണ് എന്ന പൗലോസിന്‍റെ ആശയമാണ്. പഴയ നിയമത്തിലെ ദൈവജനത്തിന്‍റെ എല്ലാ പ്രത്യേകതകളും പുതിയ ദൈവജനമായ സഭയുടെ പേരിലും ആരോപിക്കുന്നുണ്ട്. ഉദാ. പുതിയ ഇസ്രായേലായ സഭ (ഗലാ 6:16) ദൈവവുമായി പുതിയ ഉടമ്പടിയിലേര്‍പ്പെട്ടവളാണ്. പുതിയ പരിച്ഛേദനവും (റോമാ 2:29), അബ്രാഹത്തിന്‍റെ സന്താനപരമ്പരയിലെ ഭാഗഭാഗിത്വവുംവഴി (റോമാ 4; ഗലാ 3:29) സഭ പഴയനിയമത്തിലെ ദൈവജനത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയാണ്. സഭ ദൈവജനമാണ് എന്ന പ്രസ്താവനയ്ക്ക് പൗലോസ് നല്‍കുന്ന വിവിധ അര്‍ത്ഥതലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: (i) ദൈവം തന്‍റെ സ്വന്തമായി തിരഞ്ഞെടുത്ത ജനമാണ് സഭ (2 കോറി 6:16). (ii) ഹൃദയത്തില്‍ എഴുതപ്പെട്ട ഉടമ്പടിയിലൂടെ സഭ ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നു. തന്മൂലം കുടുംബ ബന്ധത്തിനു തുല്യമായ ബന്ധമാണു സഭാംഗങ്ങള്‍ക്കു ദൈവത്തോടുള്ളത് (2 കോറി 6:18; ഗലാ 4:24). (iii) എല്ലാ അംഗങ്ങളും ദൈവജനമാകയാല്‍ ആര്‍ക്കും ആരുടെമേലും അധികാരമില്ല (ഗലാ 3:28). (iv) സഭ ദൈവമക്കളുടെ സമൂഹമാണ് (റോമാ 9:26; 2 കോറി 6:16-18). (v) അതിനാല്‍ അംഗങ്ങള്‍ അന്യോന്യം സഹോദരരുമാണ് (1 കോറി 6:5).
പാപവും രക്ഷയും പൗലോസിന്‍റെ വീക്ഷണത്തില്‍
മനുഷ്യന്‍റെ പരമ ലക്ഷ്യമായ രക്ഷയെ വിശദീകരിക്കുക എന്നത് ദൈവശാസ്ത്രത്തിലെ വിഷമ പ്രശ്നം തന്നെയാണ്. ഒരു മനുഷ്യന്‍റെ പാപം മൂലം മനുഷ്യകുലമൊന്നാകെ പാപികളാകുകയും മറ്റൊരു മനുഷ്യന്‍റെ നന്മവഴി സകലരും നീതീകരിക്കപ്പെടുകയും ചെയ്ത വിശ്വാസ രഹസ്യമാണ് രക്ഷ എന്ന പദത്തിന്‍റെ പരിപ്രേക്ഷ്യത്തില്‍ വിവക്ഷിക്കപ്പെടുന്നത്. പാപത്തിന്‍റെ സാര്‍വ്വത്രികതപോലെ രക്ഷയുടെ സാര്‍വ്വത്രികതയും യുക്തിപരമായി ഗ്രഹിക്കുക ദുഷ്കരമാണ്. ക്രിസ്തുവിലൂടെ കൈവന്ന രക്ഷയുടെ ദൈവിക രഹസ്യങ്ങളെ വിശ്വാസത്തിന്‍റെയും യുക്തിയുടെയും സമഗ്രതയില്‍ ആദ്യമായി അവതരിപ്പിച്ചത് വി. പൗലോസാണ്.
പാപം പൗലോസിന്‍റെ വീക്ഷണത്തില്‍
പൗലോസിന്‍റെ രക്ഷാശാസ്ത്രം പാപത്തേക്കുറിച്ചുള്ള വീക്ഷണവുമായി ബന്ധപ്പെട്ടതാണ്. പാപം എന്നത് പൗലോസിന്‍റെ കാഴ്ചപ്പാടില്‍ ഒന്നാമതായി ദൈവനിഷേധമാണ് (asebeia). ദൈവത്തെ ദൈവമായി അംഗീകരിച്ച് ആരാധിക്കാത്ത അവസ്ഥയാണിത്. എല്ലാത്തരം തിന്മകളും (adikia) ഉത്ഭവിക്കുന്നത് ദൈവനിഷേധത്തില്‍ നിന്നാണ്. ദൈവനിഷേധവും തിന്മയും മാനുഷികതയുടെ ലംബ-തിരശ്ചീനമാനങ്ങളായാണ് പൗലോസ് കരുതുന്നത് (റോമ 1:18-27). ദൈവത്തെ അംഗീകരിക്കുന്നതിലുള്ള വിമുഖതയാണ് പാപപ്രവര്‍ത്തികള്‍ക്കുള്ള അടിസ്ഥാന കാരണം. വിജാതിയരുടെ പാപത്തിന്‍റെ മൂലകാരണം ദൈവനിഷേധമാണ്. അനുഷ്ഠാനപരതയിലൂടെ രക്ഷ ഉറപ്പാക്കുന്ന നിയമം സ്വന്തമായുണ്ടെന്ന അഹന്ത യഹൂദരെ താന്‍പോരിമയിലേക്കും അതുവഴി അവിശ്വാസത്തിലേക്കും നയിച്ചു. യഹൂദരും വിജാതിയരും പാപികളായത് പാപകരമായ പ്രവര്‍ത്തികളിലൂടെയല്ല മറിച്ച് തലതിരിഞ്ഞതും നിഷേധാത്മകവുമായ മനോഭാവത്തിലൂടെയാണ്.
രണ്ടാമതായി മനുഷ്യനിലെ ദൈവികതയുടെ അടയാളം നഷ്ടപ്പെടുന്ന അവസ്ഥയാണ് പാപം (hamartia). പാപംമൂലം ആദം വരപ്രസാദം നഷ്ടമാക്കിയപ്പോഴാണ് പാപം ലോകത്ത് രംഗപ്രവേശനം ചെയ്തത് (റോമ 5:12). സകലേരേയും അധീനമാക്കിയ ഈ പാപത്തിന്‍റെ അവസാനം മരണമാണ് (റോമ 6:23). ക്രിസ്തുവിന്‍റെ ആഗമനംവരെ പാപം അജയ്യശക്തിയായി ലോകത്തില്‍ ഭരണം നടത്തി (റോമ 5:21).
മൂന്നാമതായി പാപത്തെ മനുഷ്യനില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ തിന്മയുടെ ശക്തി എന്ന നിലയില്‍ മനസ്സിലാക്കുന്നു. മനുഷ്യനുമേല്‍ പിടിമുറുക്കുകയും (റോമ 7:8); വഞ്ചിക്കുകയും കൊല്ലുകയും ചെയ്യുന്ന (7:21) ദുഷ്ടശക്തിയാണ് പാപം. അതിനാല്‍ മനുഷ്യന്‍റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം പാപത്തിനാണെന്നും വ്യക്തിപരമല്ലെന്നും പൗലോസ് വാദിക്കുന്നുണ്ട് (റോമ 7:11). എന്നാല്‍ പാപത്തിലൂടെ ദൈവമഹത്വം നഷ്ടമാകുന്നതിന് മനുഷ്യന് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്ന് പൗലോസ് കരുതുന്നു (റോമ 3:23).
പാപത്തെ സൂചിപ്പിക്കാന്‍ നിയമലംഘനം (parabasis - റോമ 2:23; 5:14), നിയമരാഹിത്യം (anomia - റോമ 6:19), അതിക്രമം (ജമൃമുീാമേ റോമ 4:25; 5:13), അനുസരണക്കേട് (Parakoe റോമ 5:19; 2 കോറി 10:6) തുടങ്ങിയ പദങ്ങളും പൗലോസിന്‍റെ രചനകളില്‍ കാണാം. പാപകരമായ പ്രവര്‍ത്തികളുടെ പട്ടികകളും പൗലോസിന്‍റെ രചനകളിലുടനീളം കണാം (റോമ 1:29-32; 1 കോറി 5:11; 6:9; 2 കോറി 12:20; ഗലാ 5:19-21; എഫേ 4:31; 5:3-4; കൊളോ 3:5-9). പാപകൃത്യങ്ങളെ അഞ്ചുവിഭാഗങ്ങളിലാണ് പൗലോസ് കാണുന്നത്.
തിന്മയുടെ പട്ടിക യവന-വിജാതീയ കൃതികളിലും സര്‍വ്വസാധാരണമായിരുന്നെങ്കിലും അവ പൗലോസിന്‍റെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായിരുന്നു. മാന്യനായ മനുഷ്യന്‍ ഒഴിവാക്കേണ്ട കൃത്യങ്ങളുടെ പട്ടികയായിട്ടാണ് വിജാതീയ ഗ്രീക്കുഗ്രന്ഥങ്ങള്‍ തിന്മയുടെ പട്ടിക നല്‍കിയിരുന്നത്. എന്നാല്‍ യേശുവില്‍ നവജീവിതമാരംഭിച്ചവരുടെ ജീവിതത്തിന്‍റെ വൈരുധ്യമായിട്ടാണ് (antithesis) പൗലോസ് തിന്മയുടെ പട്ടിക നല്‍കുന്നത്.
പാപത്തിലൂടെ അന്യവത്കരിക്കപ്പെട്ട മനുഷ്യകുലം ദൈവത്തിന്‍റെ ശത്രുപക്ഷത്താകുന്നു (റോമ 5:10; കൊളോ 1:21; എഫേ 2:12; 4:18). ദൈവത്തിന്‍റെ "ശത്രു" (Echthros) എന്ന പദത്തിന് പാപംമൂലം "ദൈവകോപത്തിന് അര്‍ഹനായവന്" (റോമ 5:19; എഫേ 2:3) എന്നും പാപംമൂലം ദൈവത്തെ ശത്രുവായി കരുതുന്നവര്" (കൊളോ 1:21) എന്നുമുള്ള അര്‍ത്ഥവ്യതിയാനങ്ങള്‍ പൗലോസ് നിരൂപിക്കുന്നുണ്ട്. പാപം മനുഷ്യനെ മരണത്തിനും (എഫേ 2:1) നിത്യനാശത്തിനും (ഫിലി 3:19; റോമ 2:12) അര്‍ഹരാക്കുന്നു.
നിയമം രക്ഷാകരമല്ല
നിയമത്തെ സംബന്ധിച്ചുള്ള പൗലോസിന്‍റെ കാഴ്ച്ചപ്പാടില്‍ പ്രത്യക്ഷ വൈരുധ്യം ദൃശ്യമാണ്. നിയമം ദൈവദത്തവും നല്ലതുമാണെന്ന് (റോമ 7:12,14) കരുതുമ്പോള്‍ തന്നെ മാനുഷിക ബലഹീനതയാല്‍ നിയമം ശിക്ഷാവിധിക്കും (റോമ 5:13), കോപത്തിനും (റോമ 4:15) മരണത്തിനും (റോമ 7:19) കാരണമായി. നിയമാനുഷ്ഠാനം മരണത്തിലേക്കും ലൗകികദാസ്യത്തിലേക്കും നയിക്കുമെന്നതിനാല്‍ നിയമാധിഷ്ഠിത ജീവിതമെന്നത് മനുഷ്യന്‍ രക്ഷപെടേണ്ട അടിമത്തമാണെന്നും പൗലോ സ് വാദിക്കുന്നു.
നിയമത്തേക്കുറിച്ചുള്ള പൗലോസിന്‍റെ വിരുദ്ധ വീക്ഷണം പ്രത്യക്ഷത്തില്‍ സങ്കീര്‍ണ്ണമായി അനുഭവപ്പെടുമെങ്കിലും പ്രായോഗികതയില്‍ സത്യമാണ്. നിയമം അനുസരിക്കുന്നതുകൊണ്ട് രക്ഷപെടുന്നില്ല, എന്ന കാഴ്ചപ്പാട് ശരിയാണ് എന്ന് പ്രായോഗിക ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ഉദാഹരണമായി, നിയമംഘനം നടത്തുന്നവര്‍ക്ക് ശിക്ഷാവിധിയുള്ളപ്പോള്‍ നിയമം അനുസരിക്കുന്നവര്‍ക്ക് പ്രത്യേക രക്ഷയൊന്നുമില്ലല്ലോ. കൊല്ലരുത് എന്ന നിയമം ലംഘിക്കുന്നവന് ശിക്ഷാവിധിയുണ്ടാകും എന്നാല്‍ ആരെയും കൊല്ലാതെ ജീവിക്കുന്നവന് അതിന്‍റെ പേരില്‍ പ്രത്യക പാരിതോഷികമൊന്നും ആരും നല്‍കാറില്ല. നിയമം അതിരുകളുടെ പട്ടിക നല്‍കാനും അരുതാത്തവയുളവാക്കുന്ന ശിക്ഷാവിധിയുടെ ഓര്‍മ്മയുണര്‍ത്താനും മാത്രമേ സഹായകമാകുന്നുള്ളു. തിന്മയെ ഓര്‍മ്മിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്ന നിയമം രക്ഷാകരമല്ല എന്ന കാഴ്ചപ്പാട് തികച്ചും യുക്തിസഹമാണ്. രക്ഷയ്ക്ക് ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം സാധിതമാകുന്ന ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് പൗലോസ് വാദിക്കുന്നു. നിയമാനുഷ്ഠാനം വ്രതമാക്കിയിട്ടും യഹൂദര്‍ രക്ഷപ്രാപിക്കാത്തതിന്‍റെ കാരണമെന്തെന്നും ക്രിസ്തു സംഭവം എന്തുകൊണ്ട് അനിവാര്യമായിത്തീര്‍ന്നു എന്നുമാണ് നിയമത്തേക്കുറിച്ചും പാപത്തെക്കുറിച്ചുമുള്ള വീക്ഷണത്തിലൂടെ പൗലോസ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്തുസംഭവത്തിന്‍റെ രക്ഷാകരമാനത്തെ അവതരിപ്പിക്കാനായി വി. പൗലോസ് ഉപയോഗിക്കുന്ന ദൈവശാസ്ത്ര സങ്കേതങ്ങളായ അനുരഞ്ജനം, നീതീകരണം, പാപപരിഹാരം, വിമോചനം തുടങ്ങിയവയെ യഥോചിതം ഗ്രഹിച്ചെങ്കില്‍ മാത്രമേ പൗലോസിന്‍റെ രക്ഷാശാസ്ത്രം മനസ്സിലാക്കാനാകൂ.
അനുരഞ്ജനം
രക്ഷയെ ദൈവമനുഷ്യ അനുരഞ്ജനമായിട്ടാണ് വി. പൗലോസ് അവതരിപ്പിക്കുന്നത് (റോമ 5:1-15; 2 കോറി 5:11-21). ദൈവം മനുഷ്യരോട് അനുരജ്ഞനപ്പെടുകയല്ല മറിച്ച് മനുഷ്യന്‍ ദൈവത്തോടാണ് അനുരഞ്ജനപ്പെടുന്നത്. ഈ അനുരഞ്ജനമാകട്ടെ മനുഷ്യന്‍റെ പ്രാര്‍ത്ഥനയോ പരിത്യാഗമോ, നന്മപ്രവര്‍ത്തികളോ വഴിയല്ല മറിച്ച് ദൈവത്തിന്‍റെ കൃപാപൂര്‍ണ്ണമായ സൗജന്യ ദാനമാണ് എന്നും പൗലോസ് സ്ഥാപിക്കുന്നു.
രക്ഷയെ ദ്യോതിപ്പിക്കാന്‍ അനുരഞ്ജനം എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് വി. പൗലോസാണ്. യവന കൃതികളില്‍ അനുരഞ്ജനം (കത്തലാഗെ) എന്ന പദം രാഷ്ട്രീയമോ, സൈനികമോ ആയ ഉടമ്പടിയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. നയതന്ത്രതലത്തിലെ സമാധാന ഉടമ്പടിയുടെ അര്‍ത്ഥതലത്തിലാണ് പൗലോസ് ഈ പദം ഉപയോഗിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ അനുരഞ്ജനം (കത്തലാഗെ) എന്ന പദം ദൈവമനുഷ്യ ബന്ധത്തിലെ പുനക്രമീകരണത്തെ സൂചിപ്പിക്കാന്‍ മക്കബായരുടെ ഗ്രന്ഥത്തില്‍ ഉപയോഗിക്കുന്നുണ്ട് (2 മക്ക 8:29; cf. 5:20; 7:32-33). "അനുരഞ്ജനപ്പെടുക" (കത്തലാഗെയ്ന്‍) എന്ന ക്രിയാരൂപം ഫിലോ (on the life of Moses; 2:166; on Joseph 11-8), ജോസേഫൂസ് (JW 5:415; AJ 7:153) എന്നിവരുടെ രചനകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ദൈവം തന്‍റെ ജനവുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ ക്രിയാരൂപം ഉപയോഗിച്ചിരുന്നത്.
രക്ഷയെ സൂചിപ്പിക്കാന്‍ "അനുരഞ്ജനം" എന്ന അധികാരസംജ്ഞയെ അവതരിപ്പിച്ചത് വി. പൗലോസാണെങ്കിലും നിയമാന്തര കാലഘട്ടത്തിലെ (intertamental period) വിവിധ രചനകളില്‍ ദൈവമനുഷ്യ ബന്ധത്തിന്‍റെ പുനക്രമീകരണം എന്ന നിലയില്‍ "അനുരജ്ഞനപ്പെടുക" (Katallasein ) എന്ന ക്രിയാരൂപം ഉപയോഗിച്ചിട്ടുണ്ട് (on the life Moses; 2:166; on Joseph 11-8; Jewish Antiquities 7:153). പഴയനിയമത്തിലെന്നപോലെ മനുഷ്യനുമായുള്ള ദൈവത്തിന്‍റെ അനുരഞ്ജനം എന്ന അര്‍ത്ഥത്തിലാണ് പൗലോസും ഈ പദം ഉപയോഗിക്കുന്നത്. നീതീകരണം (justification) ലഭിച്ച മനുഷ്യവ്യക്തി ദൈവവുമായുള്ള ഐക്യത്തിലേക്കു പ്രവേശിക്കുന്നതിനേയാണ് അനുരഞ്ജനം എന്നു പൗലോസ് വിശേഷിപ്പിക്കുന്നത്. നീതീകരണവും അനുരഞ്ജനവും പരസ്പരബന്ധിയായ പദങ്ങളാണ്. പാപത്തിലൂടെ ദൈവത്തില്‍ നിന്ന് അന്യവത്കരിക്കപ്പെട്ട മനുഷ്യന്‍ ക്രിസ്തുസംഭവത്തിലൂടെ അനുരഞ്ജിതനാകുന്നു എന്നതാണ് വിവക്ഷ. എന്നാല്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കുന്നു. പാപംചെയ്ത് അകന്നു പോയ മനുഷ്യനില്‍നിന്ന് ദൈവം അകന്നുപോയിട്ടുണ്ടോ? അനുരജ്ഞനപ്പെടേണ്ടത് ദൈവമാണോ മനുഷ്യനാണോ അതോ രണ്ടുപേരും ആണോ? അനുരജ്ഞനം എന്ന സത്യം മനുഷ്യന്‍റെ വൈയക്തികമായ അനുഭവതലത്തിനധീന (subjective) മാണോ അതോ അതീത (objective) മാണോ ?
പൗലോസിന്‍റെ വീക്ഷണത്തില്‍ അനുരഞ്ജിപ്പിക്കുക എന്ന ക്രിയയുടെ കര്‍ത്താവ് എപ്പോഴും ദൈവവും കര്‍മ്മം മനുഷ്യനോ ലോകമോ ആണ് (2 കോറി 5:19; റോമ 5:10; കൊളോ 1:21-22; എഫേ 2:15-16). തന്നില്‍നിന്ന് അകന്ന മനുഷ്യനെ തന്നോട് അനുരഞ്ജനപ്പെടുത്താനുള്ള ദൈവത്തിന്‍റെ രക്ഷാപദ്ധതി പൂര്‍ത്തിയായത് യേശുക്രിസ്തുവിലാണ്. മനുഷ്യര്‍ പാപികളായിരുന്നപ്പോഴും മനുഷ്യരോടുള്ള തന്‍റെ സ്നേഹം അഭംഗം തുടരുന്നു എന്നു ദൈവം സ്പഷ്ടമാക്കിയത് യേശുവിന്‍റെ കുരിശു മരണത്തിലൂടെയാണ് (റോമ 5:8). ദൈവത്തോടുള്ള ശത്രുതയില്‍ മനുഷ്യന്‍ തുടരുമ്പോഴാണ് ക്രിസ്തു കുരിശില്‍ മരിക്കുന്നത്. തന്മൂലം അനുരഞ്ജനം എന്നത് നിയതമായ അര്‍ത്ഥത്തില്‍ മനുഷ്യന്‍റെ വൈയക്തികമായ അനുഭവമല്ല. ദൈവത്തേക്കുറിച്ചുള്ള മനുഷ്യന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തി മനുഷ്യന്‍ യേശു ക്രിസ്തുവില്‍ വിശ്വസിച്ചു തുടങ്ങുമ്പോള്‍ സംഭവിക്കുന്ന വൈയക്തികമായ അനുഭവമായിട്ടല്ല പൗലോസ് അനുരഞ്ജനത്തേ അവതരിപ്പിക്കുന്നതെന്നു വ്യക്തമാണ്. മനുഷ്യന്‍റെ രക്ഷയ്ക്കുവേണ്ടി യേശുക്രിസതുവില്‍ ദൈവമൊരുക്കിയ രക്ഷയുടെ അവസ്ഥയും സാധ്യതയുമാണ് അനുരഞ്ജനം. അതിനാല്‍ മനുഷ്യപ്രവര്‍ത്തികള്‍ മൂലമല്ല ദൈവദാനമായാണ് മനുഷ്യന്‍ അനുരഞ്ജിതരാകുന്നത്. ക്രിസ്തുവില്‍ ദൈവം സാധിതമാക്കിയ അനുരഞ്ജനത്തേക്കുറിച്ചു പ്രഘോഷിക്കാനാണ് ദൈവം അപ്പസ്തോലന്മാരെ നിയോഗിച്ചത്. തന്മൂലം സുവിശേഷം കേള്‍ക്കുന്നതിനു മുമ്പേ ദൈവം മനുഷ്യനുവേണ്ടി ഒരുക്കിയ രക്ഷാസാധ്യതയാണ് അനുരഞ്ജനം എന്നു സമ്മതിക്കേണ്ടതുണ്ട്. ദൈവം മനുഷ്യന്‍റെ പാപത്തെ പരിഗണിക്കുന്ന കാലത്തോളം മനുഷ്യര്‍ പാപികളും ശത്രുക്കളുമാണ്. എന്നാല്‍ ക്രിസ്തുവിന്‍റെ മരണം വഴിയായി ദൈവം മനുഷ്യന്‍റെ പാപങ്ങള്‍ പരിഗണിക്കാത്ത അവസ്ഥയാണ് (2 കോറി 5:19) അനുരജ്ഞനം.
എന്നാല്‍, അനുരജ്ഞനത്തിന് വൈയക്തികമായ ഒരു തലം ശേഷിക്കുന്നുണ്ട്. ദൈവം സൗജന്യമായി ഒരുക്കിയതും അപ്പസ്തോലന്മാരിലൂടെ പ്രഘോഷിക്കപ്പെട്ടതുമായ അനുരജ്ഞനത്തെ മനുഷ്യന്‍ സ്വന്തമാക്കേണ്ടതുണ്ട് (2 കോറി 5:20). ദൈവത്തോടുള്ള ശത്രുത വെടിയാതെ അനുരജ്ഞനത്തിന്‍റെ രക്ഷാകരഫലമനുഭവിക്കാന്‍ മനുഷ്യനു കഴിയില്ല (റോമ 8:7; കൊളോ 1:21).
പാപത്തില്‍നിന്നുള്ള നീതീകരണം
ക്രിസ്തുവിലൂടെ കൈവന്ന രക്ഷാനുഭവത്തെ വിശദീകരിക്കാന്‍ പൗലോസ് പ്രധാനമായും ഉപയോഗിക്കുന്നത് "നീതീകരണം" (dikaiosis) എന്ന പദമാണ്. മുന്‍പ് സൂചിപ്പിച്ചതുപോലെ യഹൂദപശ്ചാത്തലത്തില്‍ നിന്നാണ് പൗലോസ് ഈ പദം കടമെടുക്കുന്നത് എന്ന് അനുമാനിക്കാം. യഹൂദവീക്ഷണത്തില്‍ ഒരു വ്യക്തി നീതിമാന്‍ (dikaios) ആകുന്നത്, ദൈവപ്രമാണങ്ങളനുസരിച്ച് ജീവിക്കുന്നതിനാല്‍ ദൈവത്തിന്‍റെ സംപ്രീതിക്ക് അര്‍ഹമാണെന്ന് മതപരമായ കോടതിയുടെ വിധിനേടുമ്പോഴാണ് (ഉദാ. പുറ 23:7; 1 രാജാ 8:32). സ്വന്തം പാപത്തെയോര്‍ത്ത് അനുതപിക്കുന്നവന്‍റെ ഹൃദയത്തില്‍ ദൈവം നല്‍കുന്ന ആശ്വാസമാണ് നീതീകരണം എന്ന് ഖുംറാന്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു (1 QS 11:9-12). നീതീകരണം എന്ന ആശയത്തിന് പൗലോസ് നല്‍കുന്ന അര്‍ത്ഥതലങ്ങളെ സംക്ഷിപ്തീകരിക്കാം:
നീതീകരണം എന്ന ആശയത്തെ ഒരു ദൃഷ്ടാന്ത സഹായത്താല്‍ സ്പഷ്ടമാക്കാം. തന്‍റെ വീടും പറമ്പും സകല ആസ്തികളും വിറ്റാലും കടം വീട്ടാന്‍ കഴിയാത്ത ഒരു മനുഷ്യന്‍റെ ഗതികേട് സങ്കല്‍പ്പിക്കുക. സകലതും നഷ്ടമാക്കിയാലും കടം ശേഷിക്കുകയേയുള്ളു എന്ന സങ്കടകരമായ വിഷമവൃത്തത്തിലാണയാള്‍. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കടം വീട്ടല്‍ എന്നത് അയാളുടെ കഴിവിന് അതീതമായ സത്യമാണ്. എന്നാല്‍ സര്‍ക്കാര്‍ സകല കടങ്ങളും എഴുതിത്തള്ളാന്‍ തീരുമാനിച്ചപ്പോള്‍ അയാളുടെ കടവും പരിഹരിക്കപ്പെട്ടു. അയാളുടെ നിസ്സാഹായതയില്‍ അലിവു തോന്നിയ സര്‍ക്കാര്‍ അയാള്‍ക്കുവേണ്ടി കടംവീട്ടിയതിനാല്‍ അയാള്‍ കടബാദ്ധ്യതയില്ലാത്തവനായി. പാപത്തിന്‍റെ ബാധ്യത (കടബാധ്യത) യില്‍ നിന്നുള്ള മോചനം മാനുഷിക കഴിവിനാല്‍ അസാധ്യമാണെന്നു കണ്ട് കരുണതോന്നിയ ദൈവം ക്രിസ്തുവില്‍ മനുഷ്യകുലത്തിന്‍റെ പാപം ഇല്ലാതാക്കി. വീട്ടാനാകാത്ത കടംവീട്ടിയ ക്രിസ്തുവിന്‍റെ ബലി പാപപരിഹാരാര്‍ത്ഥമായിരുന്നു.
പാപപരിഹാരം (Expiation)
പാപപരിഹാരം (Hilasterion) ക്രിസ്തു സംഭവത്തിന്‍റെ വെളിച്ചമായിരുന്നു. പാപപരിഹാരത്തെ സൂചിപ്പിക്കുന്ന ഗ്രീക്കുപദം (Hilasterion) "കപ്പോറെത്" (Kaporeth) എന്ന ഗ്രീക്കുപദത്തിന്‍റെ ഭാഷാന്തരമാണ്. വാഗ്ദാനപേടകത്തിനു മൂടിയായി നിര്‍മ്മിച്ചിരുന്ന സ്വര്‍ണ്ണ നിര്‍മ്മിതമായ കൃപാസനത്തേയാണ് ഹീബ്രുവില്‍ "കപ്പോറെത്" എന്നു വിളിച്ചിരുന്നത് (പുറ 25:17). ആണ്ടിലൊരിക്കല്‍ പാപപരിഹാരത്തിരുനാളില്‍ വിശുദ്ധിയുടെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്ന പ്രധാനപുരോഹിതന്‍ പരിഹാരബലിയുടെ രക്തം തളിച്ചിരുന്നത് ഇതിന്മേലായിരുന്നു (ലേവ്യ 16:14-20). ക്രിസ്തുവിന്‍റെ ബലിയിലൂടെ, പാപപരിഹാരദിനത്തില്‍ (yom ha k) യഹൂദര്‍ പ്രതീകാത്മമായി നേടിയിരുന്ന വാര്‍ഷിക പാപമോചനം ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ നിത്യമായും സത്യമായും നേടുന്നതായി പൗലോസ് സ്ഥാപിക്കുന്നു (റോമ 3:25). അപ്രകാരം പുതിയ കൃപാസനമായി ക്രിസ്തു മാറുന്നു.
മനുഷ്യപാപം മൂലം കോപിഷ്ഠനായിരുന്ന പിതാവായ ദൈവത്തെ പ്രസാദിപ്പിക്കുക (placate or propitate = hilaskethal) എന്ന അര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ പരിഹാരക്രിയയെ കാണാനാവില്ല. ദൈവകോപം എന്നത് തിന്മയോടുള്ള ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ വൈപരീത്യത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ്. പാപികളായവരോട് ദൈവത്തിനുള്ള വൈയക്തികവും വൈകാരികവുമായ രോഷമോ പ്രതികാരമോ ആയിട്ടല്ല ദൈവകോപത്തെ മനസ്സിലാക്കേണ്ടത്. ക്രിസ്തുവിന്‍റെ മരണം മാറ്റമുണ്ടാക്കുന്നത് ദൈവത്തിന്‍റെ മനോഭാവത്തിലും വൈകാരികതയിലുമല്ല മറിച്ച് മനുഷ്യന്‍റെ പാപാഭിമുഖ്യത്തിലാണ്. ക്രിസ്തുസംഭവത്തിലൂടെ മനുഷ്യന്‍റെ പാപം സമ്പൂര്‍ണ്ണമായി കഴുകി ഇല്ലാതാക്കപ്പെടുന്നു എന്ന അര്‍ത്ഥത്തിലാണ് പലോസ് ക്രിസ്തുവിന്‍റെ ബലിയെ പാപപരിഹാരബലിയായി വിവരിക്കുന്നത് (1 തെസ 1:10; റോമ 5:9). രക്തം ചിന്താതെ പാപമോചനമില്ല എന്ന ചിന്ത യഹൂദര്‍ക്കുണ്ടായിരുന്നു (ഹെബ്ര 9:21). മൃഗബലികളില്‍ മനുഷ്യന്‍റെ പാപത്തില്‍ കോപിഷ്ഠനായ ദൈവ ത്തെ മൃഗരക്തംകൊണ്ടു പ്രസാദിപ്പിക്കാനുള്ള ശ്രമമല്ല നടത്തുന്നത്; മറിച്ച് രക്തം ജീവന്‍റെ ഇരിപ്പിടമാകയാലും വിശുദ്ധീകരണ ശക്തിയുള്ളതായതിനാലും പ്രതീകാത്മകമായി രക്തബലി പാപമോചനം നല്‍കുന്നു. കൂടാതെ പാപിയായ മനുഷ്യനെ ദൈവത്തിനു സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിന്‍റെ അടയാളമായി മൃഗത്തെ ദൈവത്തിനു സമര്‍പ്പിക്കുന്നു. പാപപരിഹാര ബലികളൊന്നും ദൈവത്തിന്‍റെ കോപം അണയ്ക്കാനുള്ള വഴികളായിരുന്നില്ല എന്നു സ്പഷ്ടം.
പാപവിമോചനം
രക്ഷയെ സൂചിപ്പിക്കാന്‍ വിമോചനം (മുീഹ്യൃീശേെെ) എന്ന പദം പൗലോസ് ഉപയോഗിക്കുന്നുണ്ട്. അടിമകളെ മോചനദ്രവ്യം നല്‍കി വീണ്ടെടുക്കുന്ന പ്രക്രിയയെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംജ്ഞ (apolytrosis 4:34). ദൈവം ഇസ്രായേലിന്‍റെ വിമോചകന്‍ -ഗോയേല്‍- (goel) ആണ് എന്ന പഴയനിയമ സങ്കല്‍പ്പവും ഈ ആശയത്തിനു പിന്നിലുണ്ട്. സ്വന്തം കുടുംബാംഗങ്ങളിലോ ചാര്‍ച്ചക്കാരിലോ ഉള്‍പ്പെടുന്ന ആരെങ്കിലും അടിമകളായിതീര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ മോചനദ്രവ്യം നല്‍കി വീണ്ടെടുത്തു രക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ വ്യക്തിയെയാണ്ഗോ "യേല്" (goel) എന്നു വിളിച്ചിരുന്നത്. (ഏശ 41:14). അടിമകളായിത്തീര്‍ന്ന ഇസ്രായേലിന്‍റെ വിമോചകന്‍ (goel) ദൈവമാണ്. ഈ ദൈവിക വിമോചന പ്രക്രിയ മാനവകുലത്തിനാകെ പ്രദാനം ചെയ്ത ദൈവപുത്രനാണ് ക്രിസ്തു എന്നാണ് വി. പൗലോസ് വിവക്ഷിക്കുന്നത്. പൗലോസ് ക്രിസ്തുവിനെ വിമോചകനെന്നോ (lytrotes) മോചനദ്രവ്യമെന്നോ (lytron) വിളിക്കുന്നില്ല; മറിച്ച് ക്രിസ്തു നമ്മുടെ മോചനമാണെന്ന് (apolytrosis) പ്രഖ്യാപിക്കുന്നു (1 കോറി 1:30). ക്രിസ്തുവിലൂടെ കൈവന്ന വിമോചനത്തിലൂടെ മനുഷ്യകുലം സ്വതന്ത്രരും നീതീകരിക്കപ്പെട്ടവരുമായി. മനുഷ്യകുലത്തിന്‍റെ അടിമത്തം നീക്കാന്‍ നല്‍കപ്പെട്ട വിലയാണ് ക്രിസ്തുവിന്‍റെ കുരിശുമരണം.
വിമോചനത്തിന് യുഗാന്ത്യമാനമുണ്ടെന്നും ശരീരത്തിന്‍റെ വീണ്ടെടുപ്പ് യുഗാന്ത്യത്തിലാണെന്നും പൗലോസ് വിശ്വസിക്കുന്നു (റോമ 8:23). സൃഷ്ടപ്രപഞ്ചത്തിന്‍റെ സമ്പൂര്‍ണ്ണ വിമോചനം യുഗാന്ത്യസംഭവമാണ് (റോമ 8:19-22). ക്രിസ്തുസംഭവത്തിലൂടെ സാധിതമായ വിമോചനം സമ്പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നത് യുഗാന്ത്യത്തിലാണെന്നും അതിനുള്ള മാര്‍ഗ്ഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്നും പൗലോസ് സ്ഥാപിക്കുന്നു.
രക്ഷയുടെ യുഗാന്ത്യമാനം
ക്രിസ്തുവിന്‍റെ മരണോത്ഥാനങ്ങളിലൂടെ സമാരംഭിച്ച രക്ഷ സമ്പൂര്‍ണ്ണമാകുന്നത് യുഗാന്ത്യത്തില്‍ സംഭവിക്കുന്ന അവന്‍റെ രണ്ടാമത്തെ ആഗമനത്തിലാണ്. 2 കോറി 5:1-10 ന്‍റെ വെളിച്ചത്തില്‍ മരണത്തിനും ഉയര്‍പ്പിനുമിടയില്‍ നിശ്ചിത കാലത്തിന്‍റെ ഇടവേള പലോസ് നിരൂപിക്കുന്നതായി അഭിപ്രായപ്പെടുന്നവരുണ്ട്. "ഇന്നു നീ എന്നോടുകൂടി പറുദീസായിലായിരിക്കും" (ലൂക്കാ 23:46) എന്ന് നല്ല കള്ളനോടു ക്രിസ്തു പറയുന്ന വചനം മരണത്തിനും ഉയര്‍പ്പിനുമിടയിലുള്ള ഇടവേളയെ നിഷേധിക്കുന്നതിനാല്‍ പൗലോസിന്‍റെ രക്ഷാവീക്ഷണവും സുവിശേഷങ്ങളിലെ രക്ഷാവീക്ഷണവും സുവിശേഷങ്ങളിലെ രക്ഷാദര്‍ശനവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മരണത്തോടെ ദൈവത്തോട് ചേരാന്‍ ഭാഗ്യം ലഭിക്കുന്ന മനുഷ്യാത്മാവിനേക്കുറിച്ച് പൗലോസ് പരാമര്‍ശിക്കുന്നുണ്ട്. മരണത്തിലും അഭേദ്യമായ ബന്ധമാണ് ക്രിസ്തുവും സഭയും തമ്മിലുള്ളതെന്ന് പൗലോസ് സമര്‍ത്ഥിക്കുന്നു (റോമ 8:38). തന്മൂലം പൗലോസിന്‍റെ രക്ഷാശാസ്ത്രം തികച്ചും യുഗാന്ത്യപരമാണെന്ന വാദത്തില്‍ കഴമ്പില്ല. മരണത്തിലൂടെ ആത്മാവ് ദൈവസന്നിധിയിലെത്തുമ്പോള്‍ ശരീരം യുഗാന്ത്യം വരെ മഹത്വീകരണത്തിനായി കാത്തിരിക്കുന്നു എന്നതാണ് പൗലോസ് വിവക്ഷിക്കുന്നത്. മരിച്ചവര്‍ നിദ്ര ചെയ്യുന്നു എന്ന പദപ്രയോഗമാണ് (1 തെസ്സ 4:13; 1 കോറി 15:16) ഇടവേളയേക്കുറിച്ചുള്ള ചിന്തയ്ക്ക് ആധാരം. പക്ഷെ മരണത്തെ നിദ്രയായി കരുതുന്നു എന്നത് ഭാഷാപരമായ ഒരു ശൈലി എന്നതിനപ്പുറം അതിനു ദൈവശാസ്ത്രപരമായ അര്‍ത്ഥസാന്ദ്രത കല്‍പ്പിക്കേണ്ടതില്ല. യുഗാന്ത്യത്തില്‍ ക്രിസ്തു "തന്‍റെ വിശുദ്ധരോടൊത്തു വരും" (1 തെസ്സ 3:13) എന്ന വിശ്വാസവും മരണമടഞ്ഞ നീതിമാന്മാരുടെ ആത്മാവ് ദൈവത്തോടൊത്താണെന്ന വസ്തുതയാണ് സ്പഷ്ടമാക്കുന്നത്.
സര്‍വ്വം ക്രിസ്തുകേന്ദ്രീകൃതം
രക്ഷയുടെ പൂര്‍ണത സര്‍വ്വതും ക്രിസ്തുവില്‍ കേന്ദ്രീകരിക്കപ്പെടുന്ന യുഗാന്ത്യത്തിലാണ്. സൃഷ്ടിക്കപ്പെട്ട സര്‍വ്വതും ക്രിസ്തുവിലൂടെ പിതാവുമായി അനുരഞ്ജനപ്പെടുന്ന അവസ്ഥയയാണിത് (കൊളോ 1:20). എല്ലാം ക്രിസ്തുവിലൂടെയും ക്രിസ്തുവിനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത് (കൊളോ 1:16). കുരിശിലെ രക്തത്തിലൂടെ സൃഷ്ടപ്രപഞ്ചം ദൈവവുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സൃഷ്ടാവുമായി സമാധാനത്തിലും ഐക്യത്തിലുമാകുന്നു (1:20). എല്ലാത്തരം ദുഷ്ടശക്തികള്‍ക്കും തിന്മയുടെ ആധിപത്യങ്ങള്‍ക്കും മേലുള്ള വിജയമാണ് ക്രിസ്തുവിന്‍റെ കുരിശുമരണം (2:14-15). ക്രിസ്തുവിനു കീഴടങ്ങുന്ന അവസാനശത്രു മരണമാണെന്നും (1 കോറി 15:25) അതിനുശേഷം അവിടുന്ന് രാജ്യം പിതാവിനു സമര്‍പ്പിക്കുമെന്നും പിതാവിന്‍റെ വലതുഭാഗത്തിരുന്നു ഭരണം നടത്തുമെന്നും (എഫേ 1:20-23; ഫിലി 2:9) അപ്പസ്തോലന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിലുള്ള അന്തിമ കേന്ദ്രീകരണം കേവലം ആത്മീയമല്ലെന്ന് പൗലോസ് സമര്‍ത്ഥിക്കുന്നു. പാപനാശങ്ങളില്‍നിന്ന് മുക്തമായി പ്രപഞ്ചമാകെ ദൈവമക്കളുടെ സ്വാതന്ത്യമനുഭവിച്ചു തുടങ്ങുന്നു (റോമ 8:19-23).
ഡോ. ജോസഫ് പാംപ്ലാനി
Paul's Epistles St. Paul: The Person and the Vision Rev. Dr. Joseph Pamplany catholic malayalam st. paul Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206